ഇമ്മാനൂവേൽ (Emmanuel)
യെഹൂദാ രാജാവായ ആഹാസിന് ദൈവം കൊടുത്ത അടയാളമാണ് ഇമ്മാനുവേൽ. “അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മാനൂവേൽ എന്നു പേർ വിളിക്കും.” (യെശ, 7:14). ഇമ്മാനൂവേലിൻ്റെ അർത്ഥം ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. (മത്താ, 1:22). ഇമ്മാനുവേൽ എന്ന പേർ ബൈബിളിൽ മൂന്നു ഭാഗങ്ങളിലുണ്ട്. (യെശ, 7:14; 8:8; മത്താ, 1:23). ഈ പ്രവചനത്തിൻ്റെ കാലത്ത്, അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു യെഹൂദാരാജ്യത്തെ നിരോധിച്ചിരുന്നു. എന്നാൽ, കർത്താവിലാശ്രയിച്ച് ഉറപ്പോടെ ഇരിക്കണമെന്നും അശ്ശൂരിനോട് സഹായം അപേക്ഷിക്കരുതെന്നും യെശയ്യാപ്രവാചകൻ ആഹാസിനോട് പറഞ്ഞു. ആഹാസിന് അക്കാര്യത്തിൽ വിശ്വാസം വരേണ്ടതിന് താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഉള്ള ഒരടയാളം ചോദിക്കുവാൻ പ്രവാചകൻ ആവശ്യപ്പെട്ടു. എന്നാൽ രാജാവത് നിരസിച്ചു. അവിശ്വാസത്തിന് ആഹാസിനെ കുറ്റപ്പെടുത്തിയശേഷം പ്രവാചകൻതന്നെ രാജാവിന് നല്കിയ അടയാളമാണ് ഇമ്മാനൂവേൽ. (യെശ, 7:1:14). എന്നാൽ ആഹാസ് രാജാവ്, ഇമ്മാനുവേലിൻ്റെ അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കൽ തൻ്റെ ദൂതന്മാരെ അയച്ചിട്ട് സഹായം അഭ്യർത്ഥിച്ചു. പകരം യഹോവയുടെ ആലയത്തിലും രാജധാനിയിലുമുള്ള വെള്ളിയും പൊന്നും എടുത്തു അശ്ശൂർ രാജാവിന്നു സമ്മാനമായി കൊടുത്തയക്കുകയും ചെയ്തു. (2രാജാ, 16:5-8). ദൈവത്താൽ അയക്കപ്പെട്ട പ്രവാചകൻ്റെ വാക്കുകൾ വിശ്വസിച്ച് അശ്ശൂർ രാജാവിനെ ആശ്രയിക്കാതെ ധൈര്യമായി ഇരുന്നുവെങ്കിൽ, ഇമ്മാനുവേലിൻ്റെ അടയാളം ആഹാസിന് നിറവേറുമായിരുന്നു. രാജാവ് ദൈവത്തെ അവിശ്വസിച്ചതിനാൽ ആഹാസിനെ സംബന്ധിച്ച് ആ പ്രവചനം അപ്രസക്തമായി; പ്രവചനത്തിലൂടെയുള്ള രക്ഷ കണ്ടെത്താൻ അവന് കഴിഞ്ഞില്ല. എങ്കിലും, ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനം വെറുതെയായില്ല; അത് ദൈവത്തിൻ്റെ ഇഷ്ടം സാധിപ്പിച്ചു. (യെശ, 55:11). ലോകരക്ഷിതാവായ ക്രിസ്തുവിൽ പ്രവചനം നിവൃത്തിയാകുകയും, യെഹൂദാശേഷിപ്പും വിശ്വസിക്കുന്ന ഏവരും ഇമ്മാനൂവേലിലൂടെ രക്ഷ കണ്ടെത്തുകയും ചെയ്യുന്നു. (മത്താ, 1:21; യോഹ, 19:30: യോഹ, 1:12).