ഇടയൻ

ഇടയൻ (shepherd)

ഇടയനെക്കുറിക്കാൻ ‘റാഎഹ്’ (ra-ah) എന്ന എബ്രായപദം പഴയനിയമത്തിൽ അറുപത്തിമൂന്ന് സ്ഥാനങ്ങളിലുണ്ട്. ദൈവത്തെ ഇടയനായി ചിത്രീകരിച്ചിട്ടുള്ള സ്ഥാനങ്ങളും കുറവല്ല. ‘യിസ്രായേലിന്റെ പാറയായ ഇടയൻ’ (ഉല്പ, 49:24) എന്നു യാക്കോബ് ദൈവത്തെ പരാമർശിച്ചു. ഇതാണ് ദൈവത്തെ ഇടയനായി പറയുന്ന ആദ്യവാക്യം. പുതിയനിയമത്തിൽ ഇടയനെക്കുറിക്കുന്ന ‘പൊയ്മിൻ’ (poimen) എന്നപദം പതിനെട്ട് പ്രാവശ്യമുണ്ട്. അദ്ധ്യക്ഷന്മാരെയും (മത്താ, 9:36; മർക്കൊ, 6:34), ക്രിസ്തുവിനെയും (മത്താ, 26:31; മർക്കൊ, 14:27; യോഹ, 10:2; 10:11; 10:14; 10:16; എബ്രാ, 13:20; 1പത്രൊ, 2:25), സാക്ഷാൽ ഇടയന്മാരെയും (മത്താ, 25:32; ലൂക്കൊ,2:8; 2:15; 2:18; 2:20), വ്യാജ ഇടയനെയും (യോഹ, 10:12), ദൈവസഭയുടെ ശുശ്രൂഷകന്മാരായ ഇടയന്മാരെയും (എഫെ, 4:11) വിവക്ഷിക്കുകയാണ് ‘ഇടയൻ’ പുതിയനിയമത്തിൽ.

ഇടയവൃത്തി യെഹൂദന്മാരുടെ ഇടയിൽ വളരെ മാന്യമായി കരുതപ്പെട്ടിരുന്നു. ഹാബെൽ ഇടയനായിരുന്നു. ഗോത്രപിതാക്കന്മാരെല്ലാം ഇടയന്മാരായിരുന്നു: (ഉല്പ, 13:7; 26:20). പ്രഭാതത്തിൽ ഇടയൻ ആടുകളെ പേർചൊല്ലി വിളിച്ച് ആലയിൽനിന്നും പുറത്തുകൊണ്ടുവന്ന് മേച്ചിൽപ്പുറങ്ങളിലേക്ക് നയിക്കും: (യോഹ, 10:4). അവിടെ ഇടയൻ നായ്ക്കളുടെ സഹായത്തോടെ അവയെ പരിപാലിക്കുന്നു: (ഇയ്യോ, 30:1). ആടുകളിൽ ഒരെണ്ണം തെറ്റിപ്പോയാൽ അതിനെ കണ്ടുകിട്ടുന്നതുവരെ ഇടയൻ അന്വേഷിക്കും: (യെഹെ, 34:12; ലൂക്കൊ, 15:4). നീരുറവകളിൽ നിന്നോ കിണറുകളോടൊന്നിച്ചുള്ള തൊട്ടികളിൽ നിന്നോ ആടുകളെ കുടിപ്പിക്കുന്നു: (ഉല്പ, 29:7; 30:38; പുറ, 2:16; സങ്കീ, 23:2). വൈകുന്നേരം ആടുകളെ ആലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. കൂട്ടത്തിൽ ഒരെണ്ണവും നഷ്ടപ്പെട്ടില്ല എന്ന് ഉറപ്പുവരുത്തി കോലിൻകീഴിൽ കൂടി ആലയിലേക്കു കടത്തിവിടുന്നു: (ലേവ്യ, 27:32; യെഹ, 20:37). രാത്രിയിൽ ഇടയന്മാർ ആട്ടിൻകൂട്ടത്തെ വളരെ ശ്രദ്ധയോടെ കാവൽ കാക്കുന്നു: (ലൂക്കൊ, 2:8). ആടുകളെ മേച്ചിൽപുറങ്ങളിലേക്ക് നയിക്കുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ഇളയവയെയും ദുർബ്ബലമായവയെയും പ്രത്യേകം ശ്രദ്ധിക്കുന്നു: (യെശ, 40:11; ഉല്പ, 33:13). വലിയ കൂട്ടങ്ങളിൽ ഇടയന്മാർക്ക് ചില പ്രത്യേക പദവികൾ നല്കപ്പെട്ടിട്ടുണ്ട്. അവയിലേറ്റവും വലുത് ‘ആടുകളുടെ മേൽവിചാരകൻ’ (ഉല്പ, 47:6) അഥവാ ‘ഇടയശ്രേഷ്ഠൻ’ എന്നതാണ്: (1പത്രൊ, 5:4). പുതിയ മേച്ചിൽപ്പുറങ്ങളും നീരുറവകളും അന്വേഷിച്ചു അലഞ്ഞു നടക്കുന്നവർ, ഏതെങ്കിലും പട്ടണങ്ങളിൽ താമസിച്ചുകൊണ്ട് സമീപത്തുള്ള പുൽത്തകിടികളിൽ ആടുകളെ മേയ്ക്കുന്നവർ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ഇടയന്മാരുണ്ട്.

ഇടയന്മാരുടെ ജീവിതം കഷ്ടവും പ്രയാസവും നിറഞ്ഞതാണ്. പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഇടയൻ ക്ഷയിക്കും: (ഉല്പ, 31:40). പ്രകൃതിയിൽനിന്നു കിട്ടുന്ന ദുർല്ലഭമായ വസ്തുക്കളായിരുന്നു അവരുടെ ആഹാരം: കാട്ടത്തിപ്പഴം (ആമോ, 7:14 ), വാളവര (ലൂക്കാ, 15:16), വെട്ടുക്കിളി കാട്ടുതേൻ തുടങ്ങിയവ. യോഹന്നാൻ സ്നാപകന്റെ ഭക്ഷണം വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു. ഇടയന്മാർക്ക് മിക്കപ്പോഴും വന്യമൃഗങ്ങളെ നേരിടേണ്ടിവന്നിരുന്നു: (1ശമൂ, 17:34; യെശ, 31;4; യിരെ, 5:6; ആമോ, 3:12). രാത്രികാലങ്ങളിൽ കള്ളന്മാരുടെ ശല്യവും പേടിക്കേണ്ടിയിരുന്നു: (ഉല്പ, 31:39). ആട്ടിൻ തോൽകൊണ്ടു നിർമ്മിച്ച പുറങ്കുപ്പായമാണവർ ധരിക്കുന്നത്. ഭക്ഷണവും മറ്റും കരുതിയിട്ടുള്ള ഒരു പൊക്കണം ഉണ്ടായിരിക്കും. കവിണ (1ശമൂ, 17:40), വടി, കോൽ മുതലായവയാണ് പ്രതിയോഗികളെ നേരിടാൻ ഇടയന്മാർ ഉപയോഗിക്കുന്ന ആയുധങ്ങൾ: (1ശമൂ, 17:40; സങ്കീ, 23:4; സെഖ, 11:7). വീട്ടിൽനിന്ന് അകലെയായിരിക്കുമ്പോൾ ഇടയന് ഒരു ചെറിയകൂടാരം നിർമ്മിക്കും: (യിരെ, 35:7). ചില സ്ഥലങ്ങളിൽ ഉയർന്നുനിൽക്കുന്ന ഗോപുരങ്ങൾ നിർമ്മിക്കും അകലെനിന്നും ശത്രുക്കളെ കാണുന്നതിനും ആടുകളെ അവയിൽനിന്നും സംരക്ഷിക്കുന്നതിനും ഇത്തരം ഗോപുരങ്ങൾ പ്രയോജനപ്പെടും. ഉസ്സീയാവിന്റെയും യോഥാമിന്റെയും കാലത്ത് ഇത്തരം ഗോപുരങ്ങൾ നിർമിക്കപ്പെട്ടിരുന്നു: (2ദിന, 16:10; 17:4). ഇമ്മാതിരി ഗോപുരങ്ങൾ വളരെ പ്രാചീനകാലത്തുതന്നെ ഉണ്ടായിരുന്നു എന്നതിനു തെളിവാണ് ‘മിഗ്ദൽ ഏദെർ’ അഥവാ, ഏദെർ ഗോപുരം എന്ന പേര്: (ഉല്പ, 35:21; മീഖാ, 4:8 ) ഇടയന്മാർ ഗുഹകളിലാണ് പലപ്പോഴും അഭയം തേടിയിരുന്നത്. ഇതുപോലൊരു ഗുഹയിൽനിന്നാണ് ചാവുകടൽ ചുരുളുകൾ കണ്ടെടുത്തത്. ഇടയന്മാർ പ്രായേണ തുറസ്സായ സ്ഥലത്താണ് ഉറങ്ങുക; ചിലപ്പോൾ കൂടാരങ്ങളിലും: (ഉത്ത, 1:8). മിസ്രയീമ്യർക്കു ഇടയന്മാരോടു വെറുപ്പായിരുന്നു: (ഉല്പ, 46:34).

യഹോവയും യിസ്രായേലും തമ്മിലുള്ള ബന്ധം ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തിനു സദൃശമാണ്. യഹോവ എന്റെ ഇടയനാകുന്നു എന്നു ദാവീദ് പറയുന്നു: (സങ്കീ, 23:1). ആസാഫിന്റെ സങ്കീർത്തനത്തിൽ യഹോവയായ ദൈവത്തെ സംബോധന ചെയ്യുന്നത് “ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയ നായുള്ളാവേ” എന്നാണ്: (സങ്കീ, 80:1). “യഹോവ ഒരു ഇടയനെപ്പോലെ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും” എന്നു യെശയ്യാപ്രവാചകൻ പ്രസ്താവിച്ചു: (40:11).

പുതിയനിയമത്തിൽ ക്രിസ്തുവിനും സഭയ്ക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കാൻ കർത്താവ് ഉപയോഗിച്ച സാദൃശ്യങ്ങളിലൊന്നാണ് ഇടയനും ആടുകളും. സഭാപരിപാലനത്തെ കുറിക്കുന്ന പ്രയോഗമാണ് ഇടയപരിപാലനം: (എഫെ, 4:11). യേശുക്രിസ്തു നല്ല ഇടയനാണ്: (യോഹ, 10:11). ഈ നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നു. ആടുകൾ അവന്റെ ശബ്ദം കേൾക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുന്നു. “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ട്; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും:” (യോഹ, 10:16). യെഹൂദന്മാരിൽനിന്നും ജാതികളിൽനിന്നും വിളിച്ചുവേർതിരിക്കപ്പെട്ട സഭയാണ് ആട്ടിൻകൂട്ടം. ഇടയൻ എന്ന നിലയിൽ ക്രിസ്തുവിനു മൂന്നു പ്രത്യേക വിശേഷണങ്ങൾ നൽകപ്പെട്ടിട്ടുണ്ട്: ‘നല്ല ഇടയൻ’ (യോഹ, 10:14,15), ‘വലിയ ഇടയൻ’ (എബ്രാ, 13:20), ‘ഇടയ ശ്രഷ്ഠൻ’ (1പത്രൊ, 5:4).

Leave a Reply

Your email address will not be published. Required fields are marked *