ആരാധന

ആരാധന (worship)

ദൈവത്തിന് ദൈവികമായ മഹത്വവും ബഹുമാനവും അർപ്പിക്കുന്നതാണ് ആരാധന. (ഉല്പ, 4:26; 21:33; 22:5; 2ശമൂ, 15:8; 2ദിന, 29:35; യെശ, 19:23; ലൂക്കൊ, 2:37; റോമ, 9:4; 12:1; എബ്രാ, 9:1, 21). എബ്രായയിൽ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത് ഷാഹാഹ് ആണ്. ‘നമസ്കരിക്കുക’ എന്നാണിതിനർത്ഥം. ഈ പദം നൂറ്റിയെഴുപതോളം പ്രാവശ്യം പഴയനിയമത്തിലുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 18:2ലാണ്. “അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാര വാതില്ക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലം വരെ കുനിഞ്ഞു.” ആദരവും ബഹുമാനവും കാണിക്കാൻവേണ്ടി മറ്റൊരാളുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുന്നതിനെ ഈ പദം സൂചിപ്പിക്കുന്നു. (ഉല്പ, 2:25). മുട്ടിന്മേൽ വീണ് നെറ്റി തറയിൽ തൊടണം. (ഉല്പ, 19:11). ദാനീയേൽ പ്രവചനത്തിലെ അരാമ്യ ഖണ്ഡത്തിൽ കാണുന്ന പദം സാഗദ് ആണ്. അതിനും കുനിഞ്ഞു നമസ്കരിക്കുക എന്നു തന്നെയാണർത്ഥം. (ദാനീ, 3:5,6,7, 10,11, 15, 18, 28). ആരാധനയെ കുറിക്കുവാൻ ഗ്രീക്കിൽ ഏറ്റവും അധികം പ്രയോഗിച്ചിട്ടുള്ള പദം ‘പ്രൊസ്കുനെയോ’ ആണ്. ‘ചുംബിക്കുക’ എന്നർത്ഥം. ദൈവത്തെയും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 5:14; 7:11), ക്രിസ്തുവിനെയും (മത്താ, 2:2, 8, 11; 8:2; 9:18; 14:33; 15:25; 20:20; 28:9, 17; യോഹ, 9:38; എബ്രാ,1:6) ആരാധിക്കുന്നതിനെ ഈ പദം പുതിയനിയമത്തിൽ ഉപയോഗിച്ചിടുണ്ട്. സെബോമായ് എന്നൊരു പദവും ദൈവത്തെ ആരാധിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. (മത്താ, 15:9; മർക്കൊ, 7:7; അപ്പൊ, 18:13). മതപരമായി ശുശ്രൂഷയെയും ഉപാസനയെയും വ്യക്തമാക്കുവാൻ വിരളമായി പ്രയോഗിച്ചിട്ടുള്ള ഗ്രീക്കു പദമാണ് ‘ലാട്രുവോ.’ (ഫിലി, 3:3; അപ്പൊ,’7:42; 24:14; എബ്രാ, 10:2). യാതൊരു പ്രേരണയും കൂടാതെ സ്വമേധയാ ആരാധിക്കുന്നതിനെ കുറിക്കുകയാണ് ‘എതെലൊത്രീസ്ക്കെയാ.’ (കൊലൊ, 2:23).

മനുഷ്യവർഗ്ഗത്തോളം പഴക്കമുള്ളതാണ് ആരാധന. ആദിമാതാപിതാക്കളായ ആദാമും ഹവ്വയും എങ്ങനെ ആരാധിച്ചുവെന്നു നമുക്കറിയില്ല. എന്നാൽ അവരുടെ മക്കൾ തങ്ങളുടെ ഉത്പന്നങ്ങളിൽ നിന്നൊരംശം ദൈവത്തിനർപ്പിച്ചു. ആദാമിന്റെ ചെറുമകനായ എനോശിന്റെ കാലം മുതൽ യഹോവയുടെ നാമത്തിൽ ആരാധന തുടങ്ങി. (ഉല്പ, 4:26). എനോശ് തുടങ്ങിവച്ച ആരാധന തുടർന്നു; ഹാനോക്കു ദൈവത്തോടു കൂടെ നടന്നു എന്നും (ഉല്പ, 5:24), നോഹ ദൈവത്തിന്റെ മുമ്പാകെ നീതിമാനായിരുന്നു എന്നും ഹോമയാഗങ്ങൾ അർപ്പിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. (ഉല്പ, 6:9; 8:20).

അനന്തരകാലത്ത് വിശ്വസ്തദാസനായ അബ്രാഹാമിനെ ദൈവം തിരഞ്ഞെടുത്തു തന്നെക്കറിച്ചുള്ള വെളിപ്പാടുകൾ നൽകി. കർത്താവായ യേശുക്രിസ്തു വെളിപ്പെട്ടതുവരെ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ സംരക്ഷകരും ആരാധകരുമായി വിളിക്കപ്പെട്ട എബായജനത്തിന്റെ സ്ഥാപകനും പൂർവ്വപിതാവുമായിത്തീർന്നു അബ്രാഹാം. ചുറ്റുമുള്ള ജാതികൾ ദേവന്മാരുടെയും വിഗ്രഹങ്ങളുടെയും എണ്ണവും ആരാധനാരീതികളും പൗരോഹിത മുറകളും പെരുക്കിക്കൊണ്ടിരുന്നപ്പോൾ അബ്രാഹാമും സന്തതികളും ഒരു ലളിതമായ ആരാധനാരീതിയാണ് കൈക്കൊണ്ടത്. അബ്രാഹാമും സന്തതികളും ഇടയന്മാരായിരുന്നു. അവർ കൂടാരമടിച്ച ഇടങ്ങളിലെല്ലാം യാഗപീഠം നിർമ്മിക്കയും യഹോവയുടെ നാമത്തിൽ ആരാധിക്കയും ചെയ്തു. (ഉല്പ, 12:7; 13:4, 18). യാഗപീഠങ്ങൾ വളരെ ലഘുവായിരുന്നു. കല്ലും മണ്ണും ആയിരുന്നു നിർമ്മാണ വസ്തുക്കൾ. ഈ യാഗപീഠങ്ങളിൽ അർപ്പിച്ച മൃഗങ്ങൾ വളർത്തു മൃഗങ്ങളിലുൾപ്പെട്ടവയും ശുദ്ധിയുള്ളവയും ആയിരുന്നു.

യാഗത്തോടൊപ്പം അവർ ചെയ്ത അനുഷ്ഠാനങ്ങളെക്കുറിച്ച് വ്യക്തമായ വിവരണമില്ല. പൗരോഹിത്യ ധർമ്മം നിറവേറ്റിയിരുന്നതു ഗോത്ര പിതാക്കന്മാരായിരുന്നു. അവർ പ്രാർത്ഥനകൾ നടത്തിയിരിക്കണം. അർപ്പണങ്ങളെല്ലാം ഹോമയാഗങ്ങളായിരുന്നു. യാഗപീഠത്തിൽ വച്ചുതന്നെ അവ പൂർണ്ണമായി ദഹിക്കും. എന്നാൽ ചിലപ്പോൾ യാഗഭോജനത്തിനായി ഒരംശം ശേഷിപ്പിച്ചിരുന്നു. യാഗത്തിനുള്ള മൃഗങ്ങളുടെ തിരഞ്ഞെടുപ്പ് അബ്രാഹാമിനു കിട്ടിയ നിർദ്ദേശമനുസരിച്ച് ആയിരുന്നിരിക്കണം. (ഉല്പ, 15:9). അബ്രാഹാം യിസഹാക്കിനെ യാഗം കഴിക്കാൻ കൊണ്ടുപോയി; എന്നാൽ ദൈവം ഇടപെട്ട് ആ യാഗം തടഞ്ഞു. (ഉല്പ, 22:12,13). യാഗം അർപ്പിക്കുന്ന മനുഷ്യഹൃദയത്തിലെ ഭക്തിയാണ് പ്രധാനമെന്നും യാഗമൃഗം വെറും പ്രതീകം മാത്രമാണെന്നും അതു വ്യക്തമാക്കി. യാഗപീഠങ്ങളെ കൂടാതെ സ്മാരകശിലകളെയും നാം കാണുന്നു. പിതാക്കന്മാർക്ക് ദൈവം പ്രത്യേകദർശനവും വെളിപ്പാടും നല്കിയ സ്ഥാനത്തു അവർ സ്മാരകമായി കല്ലുകൾ നാട്ടി; പാനീയയാഗം അവയ്ക്ക് മേൽ പകർന്നു. (ഉല്പ, 28:18; 35:14). യാക്കോബ് ഒരു നേർച്ച നേർന്നതു ഇപ്രകാരമാണ്. “ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും. ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.” (ഉല്പ, 28:20-22). ഈ നേർച്ചയനുസരിച്ച് യാക്കോബ് തന്റെ വീട്ടിൽനിന്ന് അന്യദേവന്മാരെ മാറ്റിയ ശേഷം ബേഥേലിൽ ഒരു യാഗപീഠം പണിതു. ദൈവകല്പനയനുസരിച്ചു യെഹൂദന്മാരിലെ പുരുഷ പ്രജയൊക്കെയും പരിച്ഛേദനം കഴിച്ചു. അബാഹാമിനോടു ദൈവം ചെയ്ത നിയമത്തിന്റെ അടയാളമായിരുന്നു പരിച്ഛേദനം. (ഉല്പ, 17:10).

യിസ്രായേൽ ഒരു രാഷ്ടമായി കഴിഞ്ഞപ്പോൾ മതപരമായ കാര്യങ്ങളിലും പ്രത്യേക ക്രമീകരണം ആവശ്യമായി വന്നു. ആരാധനയുടെ സ്വഭാവവും രീതിയും ദൈവിക കല്പനകളാൽ നിയന്ത്രിക്കപ്പെട്ടു. മോശെയുടെ ന്യായപ്രമാണത്തിൽ ആവശ്യമായ ചട്ടങ്ങളും വിധികളും നല്കി. മോശെ ഏർപ്പെടുത്തിയ ആരാധന പിതാക്കന്മാരുടെ ആരാധനയുടെ തുടർച്ചയും യിസ്രായേല്യരുടെ എല്ലാ സാഹചര്യങ്ങൾക്കും അനുസൃതവും ആയിരുന്നു. ആരാധനയുടെ ഒരു പരിപൂർണ്ണ വ്യവസ്ഥയായിരുന്നു മോശെ നല്കിയത്. ആരാധനയുടെ സ്ഥലം, മററു ക്രമീകരണങ്ങൾ, ആചരണങ്ങൾ, ഉത്സവങ്ങൾ, അവ അനുഷ്ഠിക്കേണ്ട രീതികൾ ഇവയെല്ലാം മോശെ വ്യക്തമായി നല്കി. ആരാധന ഏറിയകൂറും ബാഹ്യവും രൂപപരവും ആചാരപരവും ആയിരുന്നു. മതപരമായ ചിന്തയും വികാരവും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വെളിപ്പെടുന്നു. തന്മൂലം ആരാധനയിൽ രൂപപരത ആവശ്യമാണ് ഇവയ്ക്കു രൂപകാത്മവും പ്രതീകാത്മകവുമായ സ്വഭാവമുണ്ട്.

യിസായേല്യരുടെ ആരാധനയിലെ ഒരു പ്രധാന അംശമാണ് ആനന്ദം. ആരാധകർ ആരാധ്യനായ ദൈവത്തെ വിളിക്കുന്നത് പരമാനന്ദം എന്നാണ്. (സങ്കീ, 43:4). ആരാധനയെ വെറും ഒരനുഷ്ഠാനമായല്ല, മറിച്ചു ദൈവത്തോടുള്ള ബന്ധത്തിൽ ആനന്ദം നല്കുന്ന ഒരു ശ്രേഷ്ഠകർമ്മമായി യിസ്രായേല്യർ കണ്ടു. “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.” (സങ്കീ, 122:1). ‘ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും’ എന്നത്രേ യഹോവയുടെ വാഗ്ദാനം. (യെശ, 56:7). യെരുശലേം ദൈവാലയത്തിലായാലും മറ്റു വിശുദ്ധ മന്ദിരങ്ങളിലായാലും ദൈവസന്നിധിയിൽ ആനന്ദിക്കുന്നതിനാണ് ആരാധകർ എത്തുന്നത്. ദശാംശം, ആദ്യഫലം, യാഗാർപ്പണം എന്നിവയോടൊപ്പമാണ് അവർ ദൈവസന്നിധിയിൽ ഏത്തുന്നത്. ദൈവത്തെയും ദൈവകൃപകളെയും അവന്റെ ആർദ്ര സ്നേഹത്തെയും ഉടമ്പടിയെയും വീര്യപ്രവൃത്തികളെയും ആരാധകർ സ്മരിക്കും. ദാവീദ് ദൈവത്തോടു ഒരു കാര്യം അപേക്ഷിച്ചു. “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നെ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.” (സങ്കീ, 27:4).

ആരാധനയുടെ പൂർത്തീകരണം ദൈവത്തോടുള്ള അനുസരണത്തിൽ അധിഷ്ഠിതമാണ്. അരാധകന്റെ നൈതികാസ്വഭാവം എന്തായിരിക്കണമെന്ന് പ്രവാചകന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. “എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതനായ ദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു – വയസ്സുപ്രായമുള്ള കാളക്കിടാങ്ങളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടു കൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? മനുഷ്യാ നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതത്പരനായിരിക്കാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:6-8). യിസ്രായേല്യരുടെ ആരാധന ദൈവത്തിൽ സമ്മുഖമാണ്. യാഗം ഏർപ്പെടുത്തിയതും അതിന്നായി രക്തത്തെ പ്രദാനം ചെയ്യുന്നതും ആരാധനയുടെ വ്യവസ്ഥ ഏർപ്പെടുത്തിയതും എല്ലാം ദൈവം തന്നെയാണ്. ദൈവം കൃപയും മഹത്വവും നല്കുകയും ആരാധനയും മഹത്വവും സ്വീകരിക്കുകയും ചെയ്യുന്നു. ആരാധിക്കുന്നതിലൂടെ ദൈവത്തിൽ നിന്ന് ഐശ്വര്യവും അനുഗ്രഹവും പ്രാപിക്കാൻ വേണ്ടിയല്ല, മറിച്ചു ദൈവത്തെ മഹത്വപ്പെടുത്താൻ വേണ്ടിയാണ് ദൈവത്തെ ആരാധിക്കുന്നത്. ആരാധനയുടെ അധിഷ്ഠാനം ‘ഞാൻ യഹോവ ആകുന്നു’ എന്ന വെളിപ്പാടത്രേ. യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയും അവന്റെ നാമം വാഴ്ത്തുകയും ചെയ്യുകയാണ് പരമമായ ആരാധന.

ക്രിസ്തീയ ആരാധന: ക്രിസ്തുസഭ ക്രിസ്തുവിന്റെ ഭൂമിയിലെ ശരീരം മാത്രമല്ല, ദൈവികശുശ്രൂഷയുടെ മന്ദിരവുമാണ്. ദൈവത്തിന് വഴിപാട് അർപ്പിക്കുകയും അവനിൽ നിന്നു അനുഗ്രഹങ്ങൾ പ്രാപിക്കുന്നതുമാണ് ഈ ശുശ്രൂഷ. ഇവയിൽ ആദ്യത്തേത് ആരാധനയും; രണ്ടാമത്തേതു കൃപയുടെ മാധ്യമങ്ങൾ, പൊതു പ്രാർത്ഥന, വചനം, അനുഷ്ഠാനങ്ങൾ എന്നിവയെയും ഉൾക്കൊള്ളുന്നു. ഇവ രണ്ടും അഭിന്നവും അഭാജ്യവുമാണ്; രണ്ടിനും സുവിശേഷത്തിന്റെ ശുശൂഷ ആവശ്യമാണ്. ക്രിസ്തു സഭയുടെ ആരാധന അതിന്റെ ദൈവികസത്യങ്ങളിലും മാനുഷിക ക്രമീകരണങ്ങളിലും മനസ്സിലാക്കേണ്ടതാണ്. ദൈവികതത്വമനുസരിച്ച് ആരാധനയുടെ വിഷയം വെളിപ്പെടുത്തപ്പെട്ട ദൈവമാണ്. അതിന്റെ രൂപം മാദ്ധ്യസ്ഥപരമാണ്. ജഡത്തിൽ വെളിപ്പെട്ട പുത്രനിലൂടെ പരിശുദ്ധാത്മാവിനാൽ, അതിന്റെ സവിശേഷതകൾ ആത്മീയതയും ലാളിത്യവും വിശുദ്ധിയും വിനയവും ആണ്. അതിന്റെ കാലം ;പത്യേകിച്ച് കർത്തൃദിവസവും വിശുദ്ധസഭായോഗത്തിന്റെ എല്ലാ സമയങ്ങളുമാണ്. മാനുഷികമായ ക്രമീകരണങ്ങളെ സംബന്ധിച്ചിടത്തോളം (സ്ഥലം, സമയം, രീതി, തുടങ്ങിയവ) അതതു സഭകൾ തിരുവെഴുത്തുകളിൽ കാണിച്ചിരിക്കുന്ന മാതൃകയനുസരിച്ചു തീരുമാനിക്കണം.

Leave a Reply

Your email address will not be published. Required fields are marked *