ആദ്ധ്യാത്മിക രക്ഷ
ഭൗതികവും ആത്മിയവുമായ വിടുതലിനെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ‘എളിയവരെ കർത്താവ് രക്ഷിക്കുന്നു.’ (സങ്കീ, 34:6). കർത്താവിൽ ‘ആശ്രയിക്കുന്നവരെ ദുഷ്ടരിൽനിന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും.’ (സങ്കീ, 37:40). ‘സമാധാനം നല്‍കിയും പ്രാർത്ഥനയ്ക്ക് ഉത്തരം നല്‍കിയും രക്ഷിക്കുന്നു.’ (സങ്കീ, 51:12; 69:13; 79:9). ‘പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്നു രക്ഷിച്ചു.’ (സങ്കീ, 106:7-10). കർത്താവ് തൻ്റെ ആട്ടിൻപറ്റത്തെ (ജനത്തെ) രക്ഷിക്കും.’ (എസെ, (34:22). ‘എൻ്റെ രക്ഷകനായ ദൈവം’ എന്ന് അവകാശബോധത്തോടെ പ്രവാചകന്മാർ ദൈവത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. (മിക്കാ, 7:7; ഹബ, 3:18). എന്നാൽ പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കുന്നത് “പാപത്തിൻ്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും യേശുക്രിസ്തുവിൻ്റെ ക്രുശുമരണം മുഖാന്തരമുള്ള വിടുതലാണ്.” പഴയനിയമരക്ഷ ഇസ്രായേലിന് മാത്രമുണ്ടായിരുന്നതും താല്ക്കാലികവും ആയിരുന്നു. ക്രിസ്തു മുഖാന്തരമുള്ള രക്ഷ നിസ്തുലവും സാർവ്വത്രികവും ആണ്. പഴയനിയമത്തിൽ കഷ്ടങ്ങളിൽ അവർ ദൈവത്തോട് വിളിച്ചപേക്ഷിക്കുമ്പോൾ, രക്ഷകന്മാരായ മനുഷ്യരെ അയച്ച് ദൈവം അവരെ വിടുവിക്കുകയായിരുന്നു: “ശത്രുക്കളുടെ പീഡനമേറ്റ് അവര്‍ അവിടുത്തെ വിളിച്ചപേക്ഷിച്ചു. സ്വര്‍ഗത്തില്‍ നിന്ന് അവിടുന്ന് അവരുടെ പ്രാര്‍ഥന കേട്ടു. കാരുണ്യാതിരേകത്താല്‍ അവിടുന്ന് രക്ഷകന്മാരെ അയച്ച് അവരെ ശത്രുകരങ്ങളില്‍നിന്നു രക്ഷിച്ചു.” (നെഹ, 9:27). എന്നാൽ പുതിയനിയമത്തിൽ രക്ഷകനും രക്ഷയും രക്ഷയുടെ കർത്താവും ക്രിസ്തു തന്നെയാണ്: യേശുവിൻ്റെ ജനനം ദൂതൻ ആട്ടിടയന്മാരോട് അറിയിച്ചത് ഇപ്രകാരമാണ്: “ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങള്‍ക്കായി ഒരു രക്ഷകൻ, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.” (ലൂക്കാ, 2:10-11). ശിശുവായ യേശുവിനെ കയ്യിൽ വഹിച്ചുകൊണ്ട് ശിമയോൻ പറഞ്ഞു: “കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്ക്കണമേ!എന്തെന്നാൽ, സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എൻ്റെ കണ്ണുകൾ കണ്ടുകഴിഞ്ഞു. അത് വിജാതീയര്‍ക്കു വെളിപാടിൻ്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിൻ്റെ മഹിമയും ആണ്.” (ലൂക്കാ, 2:29-32). ഈ രക്ഷയുടെ കർത്താവും ക്രിസ്തു തന്നെയാണ്: “ആര്‍ക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണനാക്കുക തികച്ചും ഉചിതമായിരുന്നു.” (ഹെബ്രാ, 2:10).
രക്ഷയുടെ ആവശ്യകത എന്താണ്?: മനുഷ്യചരിത്രത്തിൽ ദൈവത്തിൻ്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. എന്നാൽ, എന്തുകൊണ്ടാണ് മനുഷ്യർക്കൊരു രക്ഷ ആവശ്യമായി വന്നത്? ദൈവീക കൂട്ടായ്മയ്ക്കായി സൃഷ്ടിക്കപ്പെട്ട ആദിമനുഷ്യരായ ആദവും ഹവ്വയും പാപം നിമിത്തം അതു നഷ്ടമാക്കി. (റോമ.5:12; 3:23). നമ്മെപ്പോലെ പാപപ്രേരണയുള്ള ശരീരത്തിലായിരുന്നില്ല അവരെ സൃഷ്ടിച്ചത്. ആദമിനെ ദൈവം സൃഷ്ടിച്ചത് തന്റെ സ്വന്തം ഛായയിലും സാദൃശൃത്തിലും ആയിരുന്നു. ദൈവം അവരെ ഏദൻ പറുദീസയിലാക്കുമ്പോള്‍ ലംഘിക്കുവാന്‍ പാടില്ലാത്ത ഒരു കല്പനയും കൊടുത്തിരുന്നു. എന്നാൽ, ദൈവകല്പനയ്ക്ക് വിരോധമായി പാപം ചെയ്യുകയും, അവരെ അണിയിച്ചിരുന്ന ദൈവീകതേജസ്സ് നഷ്ടമാക്കുകയും ചെയ്തു. അതുമൂലം, ഭൂമിയും മനുഷ്യരും സകല ചരാചരങ്ങളും പാപത്തിനും ശാപത്തിനും വിധേയരാകുകയും, ആദിമനുഷ്യർ ഏദൻ തോട്ടത്തിനു വെളിയിലാകുകയും ചെയ്തു. “ഒരു മനുഷ്യന് മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു.” (റോമാ, 5:12). “ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവൻ പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല.” (റോമാ, 3:10-12). “എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി.” (റോമാ, 3:23). പാപത്തിൻ്റെ വേതനം മരണമാണ്. (റോമാ, 6:22). പാപം ചെയ്യുന്നവൻ്റെ ജീവൻ നശിക്കും. (എസെ, 18:4,20). ആ മരണം ശാരീരിക മരണംകൊണ്ട് അവസാനിക്കുന്നില്ല. ആദാമിനോട് ദൈവം പറഞ്ഞത്; “നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.” (ഉല്പ, 2:17). എന്നാൽ, ആദാമും ഹവ്വായും ശാരീരികമായി മരിച്ചില്ല; സംഭവിച്ചത് ആത്മമരണമാണ്. തന്മൂലം അവരെ ചുറ്റിയിരുന്ന ദൈവമഹത്വം അപ്രത്യക്ഷമാകുകയും, തങ്ങൾ നഗ്നരെന്ന് തിരിച്ചറിയുകയും ചെയ്തു. (ഉല്പ, 3:7; റോമാ, 3:23). തുടർന്ന്, ഏദനിൽ ദൈവീക കൂട്ടായ്മയിൽ കഴിഞ്ഞിരുന്ന ആദാം പുറത്താക്കപ്പെടുകയും, ദൈവത്തോട് നിരപ്പ് പ്രാപിക്കാൻ മാർഗ്ഗമൊന്നുമാല്ലാതെ പാപത്തിൽ ജീവിക്കുകയും, 930 വയസ്സായപ്പോൾ ഭൂമിയിൽനിന്ന് മാറ്റപ്പെടുകയും ചെയ്തു. ബൈബിൾ പഠിപ്പിക്കുന്ന മരണം അഥവാ, ആത്മമരണം നിത്യമാണ്. തന്മൂലം, ‘നിത്യശിക്ഷ’ (മത്താ, 25:48), ‘നിത്യമരണം അഥവാ, നിത്യനാശം’ (2തെസ, 1:9), ‘നിത്യാഗ്നിയുടെ ശിക്ഷ’ (യൂദാ, 1:7), ‘രണ്ടാമത്തെ മരണം’ (വെളി, 2:11; 20:6) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. സാധാരണനിലയിൽ ഏതൊരു ശിക്ഷയും മരണം കൊണ്ടവസാനിക്കണം. പിന്നെങ്ങനെ ഒരു മരണം അഥവാ, ശിക്ഷ നിത്യമായ് മാറും. അതിനർത്ഥം, പാപത്തിൻ്റെ പരിണിതഫലമായ ഈ ശിക്ഷ മരണാനന്തരവും തുടർന്നുകൊണ്ടിരിക്കും എന്നാണ്. ഇതിനെ, ‘നരകം’ (മത്താ, 5:29), നരകാഗ്നി (മത്താ, 18:9), ‘നരകവിധി’ (മത്താ, 23:23), ‘തീ കെടാത്തതായ നരകം’ (മർക്കോ, 9:47) എന്നിങ്ങനെയും വ്യവഹരിക്കുന്നു. “ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ” (മത്താ, 10;28; ലൂക്കൊ, 12:4-6. യാക്കോ, 4:12; 1പത്രൊ, 3:14; വെളി, 2:10; യെശ, 8:12,13; 51:7; 51:12; ദാനീ, 3:10-18) ഈ വേദഭാഗങ്ങളും പരിശോധിക്കുക. ആദാമ്യസന്തതികളായി ജനിച്ച മനുഷ്യവർഗ്ഗം മുഴുവനും പാപികളും ദൈവമഹത്വം നഷ്ടപ്പെടുത്തിയവരും ആകകൊണ്ട്, ദൈവസന്നിധിയിൽ പാപത്തിനു പരിഹാരം വരുത്തുവാൻ കഴിയുമായിരുന്നില്ല. (സങ്കീ, 49:7-9). തന്മൂലം, ദൈവം തന്നെ പുത്രൻ എന്ന അഭിധാനത്തിൽ ഭൂമിയിൽ മനുഷ്യനായി ജനിച്ചുകൊണ്ട്, ക്രൂശിൽ മരിച്ച് പാപപരിഹാരം വരുത്തുകയായിരുന്നു. “ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്ഥാനവും ഉണ്ടായി.” (1കോറി, 15:21).
രക്ഷയുടെ കാരണഭൂതൻ: പഴയനിയമത്തിൽ ഭക്തനായ ജോബ് ചോദിച്ച ഒരു ചോദ്യമുണ്ട്: “മരിച്ച മനുഷ്യന് വീണ്ടും ജീവിക്കുമോ?” (ജോബ്, 14:14). ആയിരം വർഷങ്ങൾക്കുശേഷം മനുഷ്യർക്കത് അസാദ്ധ്യമെന്ന് കോറഹിൻ്റെ പത്രന്മാർ അടിവരയിട്ടു പറഞ്ഞു: “തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവൻ്റെ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല. ജീവൻ്റെ വിടുതല്‍വില വളരെ വലുതാണ്; എത്ര ആയാലും അതു തികയുകയുമില്ല. എന്നേക്കും ജീവിക്കാനോ പാതാളം കാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?” (സങ്കീ, 49:7-9). പിന്നെയും ആയിരം വർഷങ്ങൾക്ക് ശേഷം യേശുവിൻ്റെ ശിഷ്യന്മാർ വിസ്മയഭരിതരായി അവനോടു ചോദിച്ചു: “അങ്ങനെയെങ്കിൽ രക്ഷപെടാന്‍ ആര്‍ക്കു സാധിക്കും?” (മത്താ, 19:25; മർക്കൊ, 10:26; ലൂക്കാ, 18;26). യേശു അവരെ നോക്കിപ്പറഞ്ഞു: “മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്; എന്നാൽ, ദൈവത്തിന് എല്ലാം സാധ്യമാണ്.” (മത്താ, 19:26; ലൂക്കാ, 18:26). ലൂക്കായുടെ സുവിശേഷത്തിൽ ഇതു പറഞ്ഞശേഷം, എങ്ങനെയാണ് താനിത് സാദ്ധ്യമാക്കുന്നതെന്നും യേശു പറഞ്ഞിട്ടുണ്ട്: “അവൻ പന്ത്രണ്ടു പേരെയും അടുത്തുവിളിച്ചു പറഞ്ഞു: ഇതാ, നമ്മൾ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രനെപ്പറ്റി പ്രവാചകന്മാര് വഴി എഴുതപ്പെട്ടതെല്ലാം പൂര്‍ത്തിയാകും. അവൻ വിജാതീയര്‍ക്ക് ഏല്പിക്കപ്പെടും. അവര്‍ അവനെ പരിഹസിക്കുകയും അപമാനിക്കുകയും അവൻ്റെമേല്‍ തുപ്പുകയും ചെയ്യും. അവര്‍ അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്നാം ദിവസം അവൻ ഉയിര്ത്തെഴുന്നേല്ക്കും.” (ലൂക്കാ, 18:31-33). തൻ്റെ മരണംകൊണ്ടാണ് ഈ രക്ഷ സാദ്ധ്യമാക്കുന്നതെന്ന് യേശു അസങിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു. ആദാമിൻ്റെ പാപത്താൽ എല്ലാ മനുഷ്യരും ശിക്ഷാവിധിക്ക് യോഗ്യരായതുപോലെ, യേശുവിൻ്റെ ക്രൂശുമരണമെന്ന നീതിയാഗത്താൽ മനുഷ്യർക്ക് പാപമോചനം കൈവന്നു: “അങ്ങനെ, ഒരു മനുഷ്യൻ്റെ പാപം എല്ലാവര്ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യൻ്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി.ഒരു മനുഷ്യൻ്റെ അനുസരണക്കേടിനാൽ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യൻ്റെ അനുസരണത്താൽ അനേകര്‍ നീതിയുള്ളവരാകും.പാപം വര്‍ദ്ധിപ്പിക്കാൻ നിയമം രംഗപ്രവേശം ചെയ്തു; എന്നാൽ, പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ധിച്ചു.അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിത്യജീവനിലേക്ക് നയിക്കാൻ ആധിപത്യം പുലര്‍ത്തും.” (റോമാ, 5:18-21). ആദ്യമനുഷ്യനെ ദൈവം നിത്യജീവനുള്ളവനായി സൃഷ്ടിച്ചുവെങ്കിലും, അവൻ്റെ പാപത്താൽ സകലമനുഷ്യർക്കും മരണം പ്രദാനം ചെയ്തിട്ട് അവൻ കടന്നുപോയി. അവസാനത്തെ ആദാമായ ക്രിസ്തു പാപരഹിതനായി ജനിച്ചിട്ട് മനുഷ്യർക്കു നിത്യജീവൻ നല്കുന്ന ആത്മാവായി: “ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു.” (1കോറി, 15:45). “പാപം ചെയ്യുന്നവൻ്റെ ജീവൻ നശിക്കും” (എസെ, 18:4,20) എന്നും, “രക്തം ചിന്താതെ പാപമോചനമില്ല” (ഹെബ്രാ, 9:22; പൂറ, 29:21; ലേവ്യ, 8:15; 17:11) എന്നുമുള്ള ദൈവത്തിൻ്റെ നിത്യനീതി നിവൃത്തിക്കാനാണ്, ‘മനുഷ്യർക്കസാദ്ധ്യവും ദൈവത്തിനു സാദ്ധ്യവുമായ’ (മത്താ, 19:26) രക്ഷാകരപ്രവൃത്തിയായ ക്രൂശുമരണം ക്രിസ്തു വരിച്ചത്.
രക്ഷയ്ക്കായുള്ള പാപപരിഹാരബലി: 51-ാം സങ്കീർത്തനം ഏവർക്കും സുപരിചിതമാണ്. ദാവീദിൻ്റെ അനുതാപഗീതമാണത്: ഒരു നിലവിളിയോട് കൂടെയാണ് അതാരംഭിക്കുന്നത്: “ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എൻ്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!” (സങ്കീ, 51:1). തുടർന്ന് അഞ്ചാം വാക്യത്തിൽ പറയുന്നത്: “പാപത്തോടെയാണ് ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്.” (51:5). ഭൂമിയിൽ ജനിച്ചുവീഴുന്ന എല്ലാ മനുഷ്യരുടേയും അവസ്ഥ ഇതുതന്നെയാണ്. ആദിമനുഷ്യരാണല്ലോ പാപം ചെയ്തത്; ആ പാപത്തിൻ്റെ ശിക്ഷ ഞങ്ങളെന്തിന് അനുഭവിക്കണം എന്നു ചിന്തിക്കുന്നവരുണ്ടാകാം. ആദാമ്യപാപത്തിൻ്റെ ഫലമായി ആത്മാവ് മരിച്ച അവസ്ഥയിൽ അഥവാ, പാപസ്വഭാവത്തോടെയാണ് എല്ലാ മനുഷ്യരും ജനിക്കുന്നത്. ആ പാപവാസനയാൽ മനുഷ്യൻ അനുദിനംചെയ്യുന്ന പാപംപോലും ദൈവത്തിനെതിരെയാണ്. “അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപചെയ്തു; അങ്ങയുടെ മുൻപില് ഞാൻ തിന്മ പ്രവര്‍ത്തിച്ചു; അതുകൊണ്ട് അങ്ങയുടെ വിധിനിര്‍ണയത്തിൽ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.” (സങ്കീ, 51:4). മനുഷ്യരുടെ ഈ പാപപരിഹാരത്തിനാണ് ദൈവമായ കർത്താവ് പരിശുദ്ധ ശരീരമെടുത്തുകൊണ്ട് ഭൂമിയിൽ ജനിച്ചത്. യേശുവിനു വഴി ഒരുക്കാൻ വന്ന യോഹന്നാൻ സ്നാപകൻ വിളിച്ചുപറഞ്ഞത്: “ഇതാ, ലോകത്തിൻ്റെ പാപം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്.”(യോഹ, 1:29). പാപവും മരണവും തമ്മിലുള്ള ബന്ധം ക്രിസ്തു നേടിയ വീണ്ടെടുപ്പിൽ സ്വന്തം മരണം അനിവിര്യമാക്കിത്തീർത്തു: “വിശുദ്ധ ലിഖിതങ്ങളിൽ പറഞ്ഞിട്ടുളളതുപോലെ,ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു.” (1കോറി, 15 : 3-4; റോമാ, 4:24; 1പത്രോ, 3:18). മരണത്തിനു വിധേയനായിക്കൊണ്ട് ക്രിസ്തു മരണത്തെ ജയിക്കുകയും ജീവനും അമർത്യതയും വെളിപ്പെടുത്തുകയും ചെയ്തു: “ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന് മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.” (2തിമോ,1:10). മരണത്തിൻ്റെ അധികാരിയായ പിശാചിനെ സ്വന്തം മരണത്താൽ നീക്കി മരണഭീതിയിൽനിന്നും മനുഷ്യനെ രക്ഷിച്ചു: “മക്കൾ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതുപോലെ അവനും അവയില്‍ ഭാഗഭാക്കായി. അത് മരണത്തിന്മേൽ അധികാരമുള്ള പിശാചിനെ തൻ്റെ മരണത്താല്‍ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്.” (ഹെബ്രാ, 2:14-15). അവൻ മനുഷ്യനായി കഷ്ടമനുഭവിച്ചതെല്ലാം നമ്മുടെ പാപപരിഹാരത്തിനാണ്: “നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവൻ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവൻ്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്കി; അവൻ്റെ ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു.” (ഏശ, 53:5). അവൻ നമ്മുടെ പാപങ്ങളെ വഹിച്ചുകൊണ്ടാണ് ക്രൂശിൽ മരിച്ചത്: “നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവൻ്റെ മുറിവിനാൽ നിങ്ങളൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.” (1പത്രോ, 2:24). പാപത്താൽ സാത്താൻ്റെ തന്ത്രങ്ങളിലും അടിമനുകത്തിലും കുടുങ്ങിപ്പോയ (ഗലാ, 5:1) മനുഷ്യരെ അവൻ തൻ്റെ മരണം മൂലം വിടുവിച്ചു: “നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവൻ മായിച്ചുകളയുകയും അവയെ കുരിശിൽ തറച്ചു നിഷ്കാസനം ചെയ്യുകയും ചെയ്തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവൻ നിരായുധമാക്കി. അവൻ കുരിശിൽ അവയുടെമേൽ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.” (കൊളോ, 2:14-15). ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തം വഴിയാണ് ലോകത്തിന് മുഴുവൻ പാപപരിഹാരം കൈവന്നത്: “സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവൻ കുരിശിൽ ചിന്തിയ രക്തം വഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു.” (കൊളോ, 1:20). തലമുറകളായി നമുക്കു പകർന്നുകിട്ടിയ പാപജീവിതത്തിനു പരിഹാരം വന്നത് നമ്മുടെ സമ്പത്തോ, സ്ഥാനമാനങ്ങളോ, നേർച്ചകാഴ്ചകളോ അല്ല: ക്രിസ്തുവിൻ്റെ നിർമ്മല രക്തമാണ്: “പിതാക്കന്മാരിൽ നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോകൊണ്ടല്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിൻ്റേതുപോലുള്ള ക്രിസ്തുവിൻ്റെ അമൂല്യരക്തം കൊണ്ടത്ര.” (1പത്രോ, 1:18-19). ‘രക്തം ചിന്താതെ പാപമോചനമില്ല’ എന്ന ദൈവനീതിയുടെ നിവൃത്തിക്കായി ക്രിസ്തു രക്തം ചിന്തുകവഴി നമ്മുടെ പാപപരിഹാരം സാദ്ധ്യമായി: “അവിടുത്തെ പുത്രനായ യേശുവിൻ്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു. (1യോഹ, 1:7). ക്രിസ്തു സർവ്വലോകത്തിൻ്റേയും പാപത്തിനു പരിഹാരമാണ്: “അവന് നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല ലോകം മുഴുവൻ്റെയും പാപങ്ങള്‍ക്ക്. (1യോഹ, 2:2). ക്രിസ്തുവിൻ്റെ പ്രയശ്ചിത്ത മരണത്തിലൂടെ മരണത്തിൻ്റെ വിഷമുള്ളായ പാപം മാറ്റപ്പെട്ടു: “മരണത്തിൻ്റെ ദംശനം പാപവും പാപത്തിൻ്റെ ശക്തി നിയമവുമാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നമുക്കു വിജയം നല്കുന്ന ദൈവത്തിനു നന്ദി.” (1കോറി, 15:56-57). തന്മൂലം ക്രിസ്തുവിലൂടെ രക്ഷ കണ്ടെത്തിയ ഏവർക്കും മരണത്തെ പേടിക്കാതെ പറയാൻ കഴിയും: “മരണമേ, നിൻ്റെ ദംശനം എവിടെ?” (1കോറി, 15:55).
രക്ഷ കൃപയാലുള്ള ദാനം: പാപത്തെ വെറുക്കുന്ന ദൈവം പാപികളായ മനുഷ്യരെ സ്നേഹിച്ചു. “ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്” (ലൂക്കാ, 5:32: മത്താ, 9:13; മർക്കൊ, 2:17) എന്ന് ക്രിസ്തു പ്രഖ്യാപിച്ചു. ചുങ്കക്കാരുടേയും പാപികളുടേയും സ്നേഹിതനെന്നും താൻ വിളിക്കപ്പെട്ടു. (മത്താ, 11:19; ലൂക്കാ, 7:34). ദൈവം ലോകത്തെ സ്നേഹിച്ചതിൻ്റെ ഫലമാണ് ക്രിസ്തുവിലൂടെയുള്ള രക്ഷ: “എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തൻ്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹ, 3:16). ദൈവത്തിൻ്റെ കൃപയാൽ സൗജന്യമായി വിശ്വാസത്താലാണ് മനുഷ്യർ നീതീകരിക്കപ്പെടുന്നത്: “വിശ്വാസംവഴി കൃപയാലാണു നിങ്ങൾ രക്ഷിക്കപ്പെട്ടത്. അതു നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിൻ്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം, ആരും അതിൽ അഹങ്കരിക്കേണ്ടതില്ല.” (എഫേ, 2:8-9). യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ, നേർച്ചകാഴ്ചകളോ, ആചാരാനുഷ്ഠാനങ്ങളോ മൂലം ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല: “എന്നിരിക്കിലും, നിയമത്തിൻ്റെ അനുഷ്ഠാനത്തിലൂടെയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് ഒരുവന് നീതീകരിക്കപ്പെടുന്നതെന്നു നമുക്ക് അറിയാം. നിയമാനുഷ്ഠാനം വഴിയല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ് നാം തന്നെയും യേശുക്രിസ്തുവിൽ വിശ്വസിച്ചത്. എന്തെന്നാൽ, നിയമാനുഷ്ഠാനംവഴി ഒരുവനും നീതീകരിക്കപ്പെടുകയില്ല.” (ഗലാ, 2:16). മനുഷ്യരുടെ പ്രവൃത്തികളാലല്ല; പ്രത്യുത, തന്നിലുള്ള വിശ്വാസത്താലാണ് രക്ഷ പ്രാപിക്കേണ്ടതെന്ന് വ്യക്തമാക്കാൻ, ക്രിസ്തു തൻ്റെ മരണത്തെ മോശ മരുഭൂമിയിൽ ഉയർത്തിയ പിച്ചളസർപ്പത്തോട് ഉപമിക്കുന്നുണ്ട്; “മോശ മരുഭൂമിയിൽ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു.” (യോഹ, 3:14-15). “ഞാൻ ഭൂമിയില്‍നിന്ന് ഉയര്ത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും” (യോഹ, 12:32) എന്ന് മറ്റൊരു വാക്യവും പറയുന്നു. ഇസ്രായേൽ ജനത്തിൻ്റെ കനാനിലേക്കുള്ള മരുഭൂയാത്രയിൽ ഏദോം ചുറ്റിപ്പോകാന്‍ ഹോര് മലയില്‍നിന്നു ചെങ്കടലിലേക്കുള്ള വഴിയേ യാത്ര പുറപ്പെട്ടപ്പോൾ, വഴിദൂരം നിമിത്തം അവർ അക്ഷമരായി ദൈവത്തിനും മോശെയ്ക്കുമെതിരായി സംസാരിച്ചതു നിമിത്തം യഹോവ അയച്ച അഗ്നേയസർപ്പങ്ങളുടെ കടിയേറ്റു വളരെയധികം ജനങ്ങൾ മരിച്ചു. എന്നാൽ ജനം തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിച്ചപ്പോൾ, മോശ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും കർത്താവ് കല്പിച്ചതനുസരിച്ച് പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തുകയും ചെയ്തു. തുടർന്ന് സർപ്പത്തിന്റെ കടിയേറ്റവർ ആ താമസർപ്പത്തെ നോക്കി മരണത്തിൽനിന്നു രക്ഷപ്രാപിച്ചു. (സംഖ്യാ, 21:4-9). രക്ഷകനായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിന് നിഴലും, ഇസ്രായേൽ ജനത്തിൻ്റെ രക്ഷയുമായ ഭവിച്ച പിച്ചളസർപ്പത്തെ വെയ്ക്കേണ്ടത് സമാഗമകൂടാരത്തിലല്ലേ? പിന്നെന്തിനാണ് വടിയിൽ അഥവാ, കൊടിമരത്തിൽ ഉയർത്തിയത്? പറയാം: സമാഗമകൂടാരത്തെ ചുറ്റിയാണ് നാല്പത് ലക്ഷത്തിലധികം വരുന്ന ഇസ്രായേൽജനം കിലോമീറ്ററുകളോളം താവളമടിച്ചിരിക്കുന്നത്. സമാഗമകൂടാരത്തിനുള്ളിൽ പിച്ചളസർപ്പത്തെ വെച്ചാൽ, ആഗ്നേയ സർപ്പത്തിൻ്റെ കടിയേൽക്കുന്നവർ കിലോമീറ്ററുകൾ ദൂരെനിന്ന് സർപ്പത്തെ നോക്കാൻ ഇഴഞ്ഞു വരേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ, അവരുടെ പ്രവൃത്തിമൂലമാണ് രക്ഷ കിട്ടിയതെന്നുവരും. കൊടിമരത്തിൽ സർപ്പത്തെ തൂക്കിയ കാരണത്താൽ, മരുഭൂമിയിൽ എവിടെവെച്ച് ആഗ്നേയ സർപ്പം അവരെ കടിച്ചാലും, അവർ അവിടെ നിന്നുകൊണ്ട് പിച്ചളസർപ്പത്തെ നോക്കിയാൽ മതിയാകും. നോട്ടം ഒരു പ്രവൃത്തിയല്ല; എൻ്റെ രക്ഷ കൊടിമരത്തേൽ തൂങ്ങിക്കിടപ്പുണ്ട് എന്നുള്ള വിശ്വാസത്തിൻ്റെ പ്രതിഫലനമാണ്. അതുപോലെ, യാതൊരു പ്രവൃത്തിയും കൂടാതെ ക്രൂശിൽ മരിച്ച ക്രിസ്തുവിലുള്ള വിശ്വാസത്താൽ മനുഷ്യന് രക്ഷ പ്രാപിക്കാൻ കഴിയും: “അവര്‍ അവിടുത്തെ കൃപയാൽ യേശുക്രിസ്തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു. വിശ്വാസം വഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചുതന്നു. അവിടുന്നു തൻ്റെ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്പോള്‍ തൻ്റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താൻ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്.” (റോമാ, 3:24-26). ഈ യേശുവിനെ ദൈവവും കർത്താവും രക്ഷകനും മദ്ധ്യസ്ഥനുമായി ഹൃദയത്തിൽ അംഗീകരിക്കുകയും, എൻ്റെ പാപങ്ങൾക്കുവേണ്ടി അവൻ ക്രൂശിൽമരിച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നുവെന്നും വിശ്വസിക്കുന്നവരെല്ലാം രക്ഷപ്രാപിക്കും. അങ്ങനെ വിശ്വസിച്ച് രക്ഷപ്രാപിച്ചവരെല്ലാം അവൻ്റെ പുനരാഗമനത്തിൽ അവനോടൊപ്പം ആകാശമേഘത്തിങ്ങളിൽ എടുക്കപ്പെടുകയും, അവനോടൊപ്പം നിത്യകാലം വസിക്കുകയും ചെയ്യും.
രക്ഷയുടെ സാർവ്വത്രികത: ഭൂമിയിലെ സകല മനുഷ്യർക്കും രക്ഷ ആവശ്യമാണ്. കാരണം, ഭൂമിയിൽ ജനിച്ച എല്ലാ മനുഷ്യരും പാപികളാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു: “നീതിമാനായി ആരുമില്ല; ഒരുവൻ പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല.” (റോമാ, 3:10-12). തന്മൂലം, ജാതിമതവർഗ്ഗവർണ്ണലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ദൈവത്തിൻ്റെ രക്ഷ ആവശ്യമാണ്. അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരസ്യമായി നിർത്തിയിരിക്കുകയാണ്: “വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു. ദൈവം തന്റെ ദീർഘക്ഷമയിൽ കഴിഞ്ഞ കാലങ്ങളിലെ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിക്കുവാനാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്റെ നീതിയെ പ്രദർശിപ്പിക്കുവാൻതന്നെ അങ്ങനെ ചെയ്തത്.” (റോമാ, 3:25-26). കർത്തായ ക്രിസ്തുവിൽ വിശ്വസിക്കുന്ന സകല മനുഷ്യർക്കും പാപമോചനവും രക്ഷയും ദൈവമക്കളാകാനുള്ള അധികാരവും ലഭിക്കുമെന്ന് തിരുവെഴുത്തുകൾ ഉടനീളം സാക്ഷ്യം പറയുന്നു: ‘വിശ്വസിക്കുന്ന ഏവരും ദൈവമക്കൾ’ (യോഹ, 1:12), ‘വിശ്വസിക്കുന്ന ഏവനും നിത്യജീവൻ’ (യോഹ, 3:15; 6:40), ‘വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ’ (യോഹ, 3:16), ‘വിശ്വസിക്കുന്ന ഏവനും അവൻ്റെ നാമംവഴി പാപമോചനം’ (പ്രവൃ, 10:43), ‘വിശ്വസിക്കുന്ന ഏവർക്കും അവൻവഴി നീതീകരണം’ (പ്രവൃ, 13:39), ‘വിശ്വസിക്കുന്ന ഏവനും രക്ഷ’ (റോമാ, 1:16), ‘വിശ്വസിക്കുന്ന ഏവനും നീതി’ (റോമാ, 10:4). പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവ് വന്നുകഴിയുമ്പോൾ തന്നെക്കുറിച്ച് സാക്ഷ്യം പറയേണ്ട വിധം ശിഷ്യന്മാരോട് യേശു കല്ലിച്ചിരുന്നു: എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.” (പ്രവൃ, 1:8). കർത്താവ് പൗലൊസിനോട് കല്പിച്ചത്: “ഭൂമിയുടെ അതിര്‍ത്തികള്‍വരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയര്‍ക്ക് ഒരു ദീപമായി നിന്നെ ഞാൻ സ്ഥാപിച്ചിരിക്കുന്നു.” (പ്രവൃ13:47).
രക്ഷ ക്രിസ്തുവിലൂടെ മാത്രം: പഴയനിയമത്തിലെ സുവിശേഷം എന്നറിയപ്പെടുന്നത് ഏശയ്യാ 45:22 ആണ്: “ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല.” ‘സകല ഭൂസീമാവാസികളുമേ’ എന്നാണ് ശരിയായ തർജ്ജമ. പുതിയനിയമത്തിൽ പത്രോസും ഈ സുവിശേഷം ആവർത്തിക്കുന്നു: “വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.” (പ്രവൃ, 4:11-12). യേശുവിൻ്റെ ശുശ്രൂഷ ആരംഭിക്കുന്നതിനോടുള്ള ബന്ധത്തിൽ ഏശയ്യാ പ്രവചനം 9:2 ഉദ്ധരിച്ചുകൊണ്ട് മത്തായി എഴുതിയിട്ടുണ്ട്: അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിൻ്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു.” (4:16). ദൈവവചന സത്യങ്ങളെ അറിയാത്ത കാലത്തോളം മനുഷ്യർ അന്ധകാരത്തിലായിരിക്കും. അതുകൊണ്ടാണ് കർത്താവ് യൂദന്മാരോട് പറഞ്ഞത്: “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ, 8:32). ചില ശിഷ്യന്മാർ തന്നെ വിട്ടുപോയപ്പോൾ, യേശു പന്ത്രണ്ടു ശിഷ്യന്മാരോടായി ചോദിച്ചു: “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?ശിമയോന് പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവൻ്റെ വചനങ്ങള്‍ നിൻ്റെ പക്കലുണ്ട്.” (യോഹ, 6:67-68). യേശുവിൻ്റെ അവകാശ പ്രഖ്യാപനങ്ങളും ഈ വസ്തുത തന്നെയാണ് വെളിവാക്കുന്നത്: “വഴിയും സത്യവും ജീവനും ഞാനാണ്.” (യോഹ, 14:6). “അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കല്‍ വരുവിൻ;ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.” (മത്താ, 11:28). “ഞാനാണ് ജീവൻ്റെ അപ്പം. എൻ്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.” (യോഹ, 6:35). “ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവൻ്റെ പ്രകാശമുണ്ടായിരിക്കും.” (യോഹ, 8:12). “ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷപ്രാപിക്കും.” (യോഹ, 10:9). “ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകള്‍ക്കുവേണ്ടി ജീവൻ അര്‍പ്പിക്കുന്നു.” (യോഹ, 10:11). “ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” (യോഹ, 11:25). “ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എൻ്റെ പിതാവ് കൃഷിക്കാരനുമാണ്. എൻ്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാൽ, ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.” (യോഹ, 15:1-2). ഇത് സധൈര്യം പറയാൻ സാക്ഷാൽ രക്ഷകന് മാത്രമേ കഴിയൂ. കാരണം, അവൻ മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടി മരിച്ചവനും, പാപപരിഹാരം വരുത്തിയശേഷം ഉയിർത്തെഴുന്നേറ്റവനും, എന്നേക്കും ജീവിക്കുന്നവനും, മരണത്തിന്മലും നരകത്തിന്മേലും അധികാരമുള്ളവനുമാണ്: “ഞാൻ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാൻ എന്നേക്കും ജീവിക്കുന്നു; മരണത്തിൻ്റെയും നരകത്തിൻ്റെയും താക്കോലുകൾ എൻ്റെ കൈയിലുണ്ട്.” (വെളി, 1:18). സൃഷ്ടിതാവായ ദൈവവും, നമ്മുടെ രക്ഷയും രക്ഷകനുമായ കർത്താവും, നമ്മുടെ മദ്ധ്യസ്ഥനായ മനുഷ്യനും ക്രിസ്തു തന്നെയാണ്; അവൻ മാത്രമാണ്: “എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്തു.” (1തിമോ, 2:4-5). ഈ കർത്താവായ യേശുക്രിസ്തുവിലൂടെ അല്ലാതെ, മനുഷ്യർക്ക് രക്ഷ സാദ്ധ്യമാകയില്ല.
സൽകർമ്മങ്ങൾകൊണ്ട് രക്ഷ പ്രാപിക്കുമോ?: സൽകർമ്മങ്ങൾ ചെയ്താൽ മോക്ഷം ലഭിക്കും; സ്വർഗ്ഗത്തിൽ പോകാം എന്നൊക്കെ പഠിപ്പിക്കുന്നവരുണ്ട്. എന്നാൽ, സൽകർമ്മങ്ങൾ മാത്രം ചെയ്താൽ രക്ഷപ്രാപിക്കുമെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല. പ്രത്യുത, രക്ഷ പ്രാപിച്ചവർ അഥവാ, ക്രിസ്തുവിൻ്റെ അനുയായികൾ സൽകർമ്മങ്ങളിൽ തികഞ്ഞവരാകണമെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. എന്തെന്നാൽ, ദൈവത്തിൻ്റെ പ്രകൃതിയും (1യോഹ, 4:8), ക്രിസ്തുവിൻ്റെ സ്വരൂപവും (കൊളോ, 1:13), നിയമത്തിൻ്റെ പൂർത്തികരണവും (റോമാ, 10:13) സ്നേഹമായതുകൊണ്ട്, ദൈവമക്കളാകുന്നവർ അഥവാ, ക്രിസ്തുവിൻ്റെ ശിഷ്യന്മാർ സൽപ്രവൃത്തികൾക്കായി നിയമിക്കപ്പെട്ടവരാണ്: “നാം ദൈവത്തിൻ്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സൽപ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.” (എഫേ, 2:10). എന്നുവെച്ചാൽ, അവൻ ബലിയർപ്പിക്കപ്പെട്ടതുതന്നെ സൽപ്രവൃത്തികൾ ചെയ്യുന്നതിൽ തതീക്ഷ്ണതയുള്ള ഒരു ജനതയെ വാർത്തെടുക്കാനാണ്: “സൽപ്രവൃത്തികള്‍ ചെയ്യുന്നതിൾ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു.” (തീത്തോ, 2:14). സൽപ്രവൃത്തികൾ ആരു ചെയ്താലും നല്ലതുതന്നെയാണ്. പക്ഷേ, രക്ഷ പ്രാപിക്കണമെങ്കിൽ അതിനു പിന്നിലെ മനോഭാവത്തിന് വലിയ പ്രസക്തിയുണ്ട്. ഇന്ന് ലോകത്തിൽ സൽപ്രവൃത്തികൾ ചെയ്യുന്ന അനേകരെക്കാണാം. പലരും നിർമ്മല മനസ്സാക്ഷിയോടെയാണോ അത് ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിലർ തങ്ങളുടെ ദുഷ്കർമ്മങ്ങൾ മറച്ചുവെക്കാനും, മറ്റുചിലർ ലോകത്തിൻ്റെ പ്രശംസ പിടിച്ചുപറ്റാനും, ചുരുക്കം ചിലർ ആത്മാർത്ഥമായിട്ടും ചെയ്യുന്നു. ദരിദ്രനായ മനുഷ്യർക്ക് ഭക്ഷണം കൊടുത്തിട്ട് പ്രസിദ്ധമാക്കുന്നവൻ അവരെ ആക്ഷേപിക്കുകയും, ഉടുക്കുവാൻ കൊടുത്തിട്ട് പ്രസിദ്ധമാക്കുന്നവൻ അവർക്കുള്ള അമിമാനം ഉരിഞ്ഞുകളഞ്ഞ് അവരെ വിവസ്ത്രരാക്കുകയുമാണ് ചെയ്യുന്നത്. എന്നിട്ട് മറ്റുള്ളവർക്കും കൂടി പ്രചോദനമാകട്ടെ എന്നു കരുതിയാണ് പ്രസിദ്ധമാക്കുന്നതെന്ന് പറയും. ചിലപ്പോൾ മറ്റുള്ളവർക്ക് പ്രചോദനമാകുന്നത് ദരിദ്രൻ്റെ വേദനയായിരിക്കില്ല; ഇവർക്ക് കിട്ടുന്ന അനുമോദനങ്ങളായിരിക്കും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാൻവേണ്ടി ഭിക്ഷ കൊടുക്കുന്ന യൂദന്മാരെ ക്രിസ്തു അപലപിച്ചിട്ടുണ്ട്. മാത്രമല്ല, അവർക്ക് ലോകത്തിൽ ലഭിക്കുന്ന പ്രശംസ മാത്രമായിരിക്കും അവരുടെ പ്രതിഫലം; ദൈവത്തിൻ്റെ അടുക്കൽ പ്രതിഫലമുണ്ടാകില്ല: “മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാൻ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുമ്പോൾ നിൻ്റെ മുമ്പിൽ കാഹളം മുഴക്കരുത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.” (മത്താ, 6:2). സൽപ്രവൃത്തികളും ദാനധർമ്മങ്ങളും എങ്ങനെ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്: “നീ ധര്‍മ്മദാനം ചെയ്യുമ്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിൻ്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന നിൻ്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.” (മത്തായി 6:3-4). ഇനി ആത്മാർത്ഥമായിട്ടാണ് ഒരുവൻ സൽപ്രവൃത്തികൾ ചെയ്യുന്നതെങ്കിൽ, അവനെ ദൈവം ഏതുവിധേനയും രക്ഷിക്കുമെന്നും ബൈബിളിൽനിന്ന് മനസ്സിലാക്കാം. കേസറിയായില്ലെ ഇത്താലിക്കെ സൈന്യവിഭാഗത്തിലെ കൊര്‍ണേലിയൂസ് എന്ന ശതാധിപൻ അതിനൊരു ഉദാഹരണമാണ്. (പ്രവ, 10:1). അവൻ വളരെ ദാനദർമ്മങ്ങൾ ചെയ്യുന്നവനും പ്രാർത്ഥിക്കുന്നവനും ആയിരുന്നു. അവനെ രക്ഷിക്കുവാൻ ദൈവത്തിനു പ്രസാദമായപ്പോൾ, ഒരു ദൈവദൂതനെ അവൻ്റെ അടുക്കൽ അയച്ചു. ദൂതൻ വന്ന് അവനോട് പറഞ്ഞത്: ‘നിൻ്റെ പ്രാര്‍ത്ഥനകളും ദാനധര്‍മങ്ങളും ദൈവസന്നിധിയിൽ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു” എന്നാണ്. തുടർന്ന്, കല്പണിക്കാരന് ശിമയോൻ്റെ വീട്ടിൽ താമസിക്കുന്ന പത്രോസിനെ വിളിച്ചു സുവിശേഷം കൈക്കൊൾവാൻ ദൂതൻ ആവശ്യപ്പെട്ട പ്രകാരം, കൊര്‍ണേലിയൂസ് പ്രവർത്തിക്കുകയും രക്ഷപ്രാപിക്കുകയും ചെയ്തു. (പ്രവ, 10:1:48). പത്രോസ് പറയുന്ന ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്: “അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു.” (പ്രവ, 10:35). വിശ്വാസികളെല്ലാവരും സൽകർമ്മങ്ങൾ ചെയ്യണമെന്ന് ബൈബിളിൽ ഉടനീളം പറഞ്ഞിട്ടുണ്ട്: ‘സൽപ്രവൃത്തികളും നന്മയും ചെയ്യുന്നവര്‍ക്ക് ലോകത്തിലെ അധികാരികൾ ഭീഷണിയാകില്ലെന്നും’ (റോമാ, 13:3), ‘സൽകൃത്യങ്ങള് ധാരാളമായി ചെയ്യാൻ വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാൻ കഴിവുറ്റവനാണ് ദൈവമെന്നും’ (2കോറി, 9:8), ‘നിങ്ങളുടെ എല്ലാ സൽപ്രവൃത്തികളും ഫലദായകമാകുമെന്നും’ (കൊളോ, 1:10), ‘ദൈവഭയമുള്ള സ്ത്രീകൾ സൽപ്രവൃത്തികള്‍കൊണ്ട് അലംകൃതരാകണമെന്നും’ (1 തിമോ, 2:10), ‘ധനവാന്മാർ സൽപ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്കരും ഉദാരമതികളും ആകണമെന്നും’ (1തിമോ, 6:18), ‘ദൈവഭക്തനായ മനുഷ്യന് പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുമെന്നും’ (2തിമോ, 3:17), ‘നീ എല്ലാവിധത്തിലും സൽപ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുവാനും’ (തീത്തോ, 2:6), ‘ദൈവത്തില്‍ വിശ്വസിച്ചവര്‍ സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ജാഗരൂകരായിരിക്കാനും’ (തീത്തോ, 3:8), ‘സൽപ്രവൃത്തികളില്‍ വ്യാപരിക്കാന്‍ പഠിക്കട്ടെയെന്നും’ (തീത്തോ, 3:14), ‘സൽപ്രവൃത്തികൾ ചെയ്യാൻ പരസ്പരം പ്രാത്സാഹിപ്പിക്കാനും’ (ഹെബ്രാ, 10:24), ‘സൽപ്രവൃത്തികൾ ചെയ്തുകൊണ്ട് നിങ്ങള്‍ മൂഢരായ മനുഷ്യരുടെ അജ്ഞതയെ നിശബ്ദമാക്കണം എന്നതാണ് ദൈവഹിതമെന്നും’ (1പത്രോ, 2;15) പറയുന്നു. സൽപ്രവൃത്തികൾ കൂടാതെ ക്രിസ്തീയജീവിതം ഫലരഹിതമായിരിക്കുമെന്ന് യാക്കോബ് ശ്ളീഹാ ഓർമ്മപ്പെടുത്തുന്നു: മൂഢനായ മനുഷ്യാ, പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചു തരേണ്ടതുണ്ടോ? (യാക്കോ, 2:20).
ഉപസംഹാരം: സൃഷ്ടിതാവായ ദൈവവും, രക്ഷിതാവായ കർത്താവും, മദ്ധ്യസ്ഥനായ മനുഷ്യനും ക്രിസ്തു മാത്രമാണെന്ന് ബൈബിൾ അസങിഗ്ധമായി പ്രഖ്യാപിക്കുന്നു. മാറ്റംവരാൻ പാടില്ലാത്ത ഒന്നാം കല്പന പഴയനിയമത്തിലും പുതിയനിയമത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്: “നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.” (പുറ, 20:2-3; നിയ, 5:6-7; മർക്കോ, 12:29). പുതിയനിയമത്തിൽ ക്രിസ്തു പത്ത് കല്പനകളെ രണ്ട് കല്പനകളായി സംഗ്രഹിച്ചിട്ടുണ്ട്. അതിൻ്റെ ഒന്നാമത്തെ കല്പന: “നീ നിൻ്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ്ണമനസസ്സോടും കൂടെ സ്നേഹിക്കുക.ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന.” (മത്താ, 22:37-38). മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ഒന്നാമത്തെ കല്പനയുടെ സാരം: നീ യാതൊന്നിനുവേണ്ടിയും ദൈവത്തെയല്ലാതെ മറ്റാരെയും ആശ്രയിക്കരുതെന്നാണ്. അപ്പോൾ, പ്രധാനവും പ്രഥമവുമായ പുതിയകല്പനയും ചേർത്ത് ചിന്തിക്കുമ്പോഴോ? മനുഷ്യർ ദൈവത്തോടുള്ള സ്നേഹവും, ആദരവും, ആശ്രയവും, പ്രാർത്ഥനയും, ഭക്തിയും, മഹത്വവും മറ്റൊരുത്തനും പങ്കുവെയ്ക്കാൻ പാടില്ല എന്നാണ്. ദൈവം ഏശയ്യാ പ്രവചനത്തിൽ അത് വ്യക്തമാക്കിയിട്ടുണ്ട്: “ഞാനാണു കര്‍ത്താവ്; അതാണ് എൻ്റെ നാമം. എൻ്റെ മഹത്വം ഞാൻ മറ്റാര്‍ക്കും നല്കുകയില്ല; എൻ്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല.” (ഏശ, 42:8). എന്നാൽ ക്രൈസ്തവർ എന്നവകാശപ്പെടുന്ന ഒരു വലിയ വിഭാഗം പേർ കർത്താവിനേക്കാൾ അധികം പുണ്യവാളന്മാരിലും പുണ്യവതികളിലും അവരുടെ കൊത്തുവിഗ്രഹങ്ങളിലുമാണ് ആശ്രയിക്കുന്നത്. യേശുക്രിസ്തു മാത്രമാണ് ഏകമദ്ധ്യസ്ഥനെന്ന് ബൈബിൾ പ്രഖ്യാപിക്കുമ്പോൾ, ഇവർ നിദ്രപ്രാപിച്ച വിശുദ്ധന്മാരേയും വിശുദ്ധകളേയും മദ്ധ്യസ്ഥന്മാരായി അവരോധിച്ചിരിക്കയാണ്. ഇത് ദൈവകല്പനയുടെ നഗ്നമായ ലംഘനമല്ലെങ്കിൽ പിന്നെന്താണ്? പത്ത് കല്പനകളിൽ വിഗ്രഹാരധനയ്ക്കെതിരായി ശക്തമായ നിർദ്ദേശമുണ്ട്: “നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിൻ്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്. എന്നാല്‍, എന്നെ സ്നേഹിക്കുകയും എൻ്റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും.” (നിയമാ, 5:8-10; പുറ, 20:4-6). ഇവർ കുമ്പിട്ട് നമസ്കരിക്കുകയും, പ്രാർത്ഥന അപേക്ഷിക്കുകയും ചെയ്യുന്ന വിഗ്രഹങ്ങളുടെ നിസ്സഹായാവസ്ഥയും, അതിനെ ആശ്രയിക്കുന്നവരുടെ ഗതികേടും സങ്കീർത്തനക്കാരൻ പറയുന്നു: “ജനതകളുടെ വിഗ്രഹങ്ങൾ സ്വര്‍ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം! അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല. അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല. അവയ്ക്കു കൈയുണ്ട്, എന്നാല്‍ സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്നു സ്വരം ഉയരുന്നില്ല. അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്; അവയില്‍ ആശ്രയിക്കുന്നവരും അതുപോലെതന്നെ. ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും.” (സങ്കീ, 115:4-9; 135:15-18). ‘വിഗ്രഹാരാധകർ ആകരുതെന്നും’ (1കോറി, 10:7), ‘വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിനും’ (1യോഹ, 5:21), ‘വിഗ്രഹാരാധനയില്‍ നിന്ന് ഓടിയകലുവിനെന്നും’ (1കോറി, 10:14), ‘വിഗ്രഹാരാധികളോടു സമ്പർക്കർക്കം അരുതെന്നും’ (1കോറി, 5:9-10), ‘വിഗ്രഹാരാധകർ ദൈവരജ്യം അവകാശമാക്കയില്ലെന്നും’ (1കോറി, 6:9-10), ‘വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കളിൽ (നേർച്ചകൾ) നിന്നും അകന്നിരിക്കാനും’ (പ്രവ, 15:28; 21:25) പുതിയനിയമം അമർച്ചയായി കല്പിക്കുന്നു. സത്യത്തെ സംബന്ധിച്ചു പൂര്‍ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വം നാം പാപം ചെയ്യുന്നെങ്കിൽ, വന്നുഭവിക്കുന്ന ശിക്ഷയെക്കുറിച്ച് ഹെബ്രായലേഖകൻ രേഖപ്പെടുത്തിയിട്ടുണ്ട്. 10:26-30). തുടർന്ന്, “ജീവിക്കുന്ന ദൈവത്തിൻ്റെ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്” (ഹെബ്രാ, 10:31) എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 04/04/2017 ചൊവ്വാഴ്ച സാന്തമാർത്ത വസതിയിൽ ദിവ്യബലി സന്ദേശം നൽകുമ്പോൾ ഫ്രാൻസീസ് മാർപാപ്പ പറഞ്ഞത് ഇപ്രകാരമാണ്: “ക്രൂശിതനായ യേശുവിലൂടെ മാത്രമേ രക്ഷ സാധ്യമാകുകയുള്ളൂ” എന്നാണ്. കർത്താവിൻ്റെ ശ്രേഷ്ഠ അപ്പൊസ്തലനും സഭയുടെ ഒന്നാമത്തെ മാർപ്പാപ്പയെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്ന പത്രോസിൻ്റെ “മറ്റാരിലും രക്ഷയില്ല” എന്ന വാക്കുകൽ വിശ്വസിക്കാത്തവർ, 266-മത്തെ മാർപ്പാപ്പയുടെ വാക്കുകൾ എങ്ങനെ വിശ്വസിക്കും? എന്നാൽ, യേശുക്രിസ്തു പറയുന്നു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കും.” (യോഹ, 11:40). ജീവനുള്ള ദൈവമായ നമ്മുടെ യേശുകർത്താവിൽ മാത്രം ആശ്രയിച്ചുകൊണ്ട്, അവനൊരുക്കിയ രക്ഷ സ്വായത്തമാക്കിക്കൊണ്ടും, ആത്മസന്തോഷത്തോടെ ജീവിപ്പാൻ സർവ്വകൃപാലുവായ ദൈവം എല്ലാവരേയും സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു; ആമേൻ!