ഹെരോദാ അന്തിപ്പാസ് (Herod Antipas)
ഭരണകാലം ബി.സി. 4–എ.ഡി. 39. അർക്കെലയൊസിന്റെ അനുജൻ. ബൈബിളിൽ ഇടപ്രഭുവായ ഹെരോദാവു എന്നറിയപ്പെടുന്നു. രാജ്യത്തിന്റെ നാലിലൊന്നു ഭാഗത്തിന്റെ ഭരണകർത്താവാണു ടെട്രാർഖ് (ഇടപ്രഭു). (ലൂക്കൊ, 3:19). ‘ആ കുറുക്കൻ’ എന്നു യേശു പറഞ്ഞതു ഹെരോദാ അന്തിപ്പാസിനെക്കുറിച്ചാണ്. (ലൂക്കൊ, 13:32). ഇയാളെ രാജാവാക്കുവാൻ പിതാവു ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീടു തന്റെ മരണപ്പത്രം മാറ്റി അയാളെ ഗലീലിയ, പെരേയ പ്രദേശങ്ങളുടെ ഇടപഭുവാക്കി. അനന്തരം കൈസർ മരണപ്പത്രം സ്ഥിരീകരിച്ചു അന്തിപ്പാസിനെ ഇടപ്രഭു വാക്കി. ഇതിനെ സ്ഥിരീകരിക്കുന്ന നാണയം ലഭിച്ചിട്ടുണ്ട്. അറേബ്യ പെട്രായിലെ അരേതാ രാജാവിന്റെ മകളെയാണു അന്തിപ്പാസ് ആദ്യം വിവാഹം കഴിച്ചത്. തുടർന്നു തന്റെ അർദ്ധസഹോദരനായ ഫിലിപ്പോസ് ഒന്നാമന്റെ ഭാര്യ ഹെരോദ്യയെ വിവാഹം കഴിച്ചു. അങ്ങനെ ഹെരോദാവിന്റെ ചെറുമകളും അഗ്രിപ്പാ ഒന്നാമന്റെ സഹോദരിയും ഫിലിപ്പോസ് ഒന്നാമന്റെ ഭാര്യയും മരുമകളും ആയി ഹെരോദ്യ മാറി. ഈ ബന്ധത്തെ എതിർത്തതുകൊണ്ട് ഹെരോദാ അന്തിപ്പാസ് യോഹന്നാൻ സ്നാപകനെ കാരാഗൃഹത്തിൽ അടച്ചു. “എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യ നിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.” (ലൂക്കൊ, 3:19,20). ഇയാളുടെ ജന്മദിനത്തിനു ഹെരോദ്യയുടെ മകൾ സലോമി പ്രഭുക്കന്മാരുടെ മുമ്പിൽ നൃത്തം ചെയ്തു. സന്തുഷ്ടനായ അന്തിപ്പാസ് അവൾക്കു എന്തു വേണമെങ്കിലും കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. ഈ അവസരം പ്രയോജനപ്പെടുത്തി ഹെരോദ്യ യോഹന്നാൻ സ്നാപകന്റെ തല ആവശ്യപ്പെട്ടു. അന്തിപ്പാസ് ഉടൻ ആളയച്ചു യോഹന്നാൻ സ്നാപകനെ വധിച്ചു തല സലോമിക്കു എത്തിച്ചുകൊടുത്തു. (മത്താ, 14:1-12; മർക്കൊ, 6:17-29; ലൂക്കൊ, 9:7-9).
റോമാചക്രവർത്തിയായ കാളിഗുള അന്തിപ്പാസിന്റെ ഗൂഢാലോചനകളെക്കുറിച്ചു മനസ്സിലാക്കി അവനെ റോമിലേക്കു വിളിപ്പിച്ചു. ഒരു റോമൻ സൈനികോദ്യോഗസ്ഥനുമായി ഗൂഢാലോചന നടത്തിയതും പാർത്ഥ്യയിലെ രാജാവുമായി റോമിനെതിരെ കൂട്ടുകെട്ടുണ്ടാക്കിയതും 7000 പടയാളികൾക്കു ആയുധങ്ങൾ സൂക്ഷിച്ചു വച്ചതും കാളിഗുള അറിഞ്ഞു. ഇവയുടെയെല്ലാം വിവരങ്ങൾ ഹെരോദാ അഗ്രിപ്പാ ഒന്നാമൻ ചക്രവർത്തിയെ അറിയിച്ചിരുന്നു. രാജത്വത്തിനു വേണ്ടിയുള്ള അപേക്ഷയുമായിട്ടാണു അന്തിപ്പാസ് റോമിലെത്തിയതു. എന്നാൽ തനിക്കെതിരെയുള്ള തെളിവുകൾ ചകവർത്തിയുടെ മുമ്പിൽ നിഷേധിക്കുവാൻ അന്തിപ്പാസിനു കഴിഞ്ഞില്ല. അയാളെ ഇടപ്രഭു സ്ഥാനത്തു നിന്നു മാറ്റുകയും അവിടെ നിന്നു നാടുകടത്തുകയും ചെയ്തു. അന്തിപ്പാസ് സ്പെയിനിൽ വച്ചു മരിച്ചു. അയാളുടെ പ്രദേശം കൂടി അഗ്രിപ്പാവിനു നല്കി. ഹെരോദാ അന്തിപ്പാസിനെ സ്ഥാനഭ്രഷ്ടനാക്കി നാടുകടത്തുന്നതിനു ആറുവർഷം മുമ്പായിരുന്നു യേശുക്രിസ്തുവിന്റെ ക്രൂശീകരണം. യോഹന്നാൻ സ്നാപകനെ വധിച്ചതിനുശേഷം കുറ്റബോധം അയാളുടെ മനസ്സാക്ഷിയെ ഉമിത്തീയിലിട്ടു നീറ്റുകയായിരുന്നു. യേശുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടപ്പോൾ താൻ ശിരശ്ചേദം ചെയ്യിച്ച യോഹന്നാൻ ഉയിർത്തെഴുന്നേറ്റതാണോ എന്നയാൾ സംശയിച്ചു. (ലൂക്കൊ, 9:7; മത്താ, 14:2). പീലാത്തോസ് യേശുവിനെ വിസ്തരിക്കുമ്പോൾ ഹെരോദാ അന്തിപ്പാസ് യെരൂശലേമിൽ ഉണ്ടായിരുന്നു. ഗലീല അന്തിപ്പാസിന്റെ അധികാരപരിധിയിൽപ്പെട്ട പ്രദേശമായിരുന്നു. അതുകൊണ്ട് യേശു ഗലീല്യൻ എന്നറിഞ്ഞപ്പോൾ പീലാത്തോസ് യേശുവിനെ അയാളുടെ അടുക്കലേക്കയച്ചു. യേശുവിനെ കണ്ടപ്പോൾ അന്തിപ്പാസിനു സന്തോഷമായി. ദീർഘകാലമായി യേശുവിനെ കാണാൻ കാത്തിരിക്കുകയായിരുന്നു. യേശു വല്ല അത്ഭുതവും പ്രവർത്തിക്കുന്നതു കാണാൻ അയാൾ ആഗ്രഹിച്ചു. അയാളുടെ ചോദ്യങ്ങൾക്കു ഉത്തരം പറയുവാൻ ക്രിസ്തു വിസ്സമ്മതിച്ചതുകൊണ്ടു യേശുവിനെ പരിഹസിച്ചു മടക്കി പീലാത്തോസിന്റെ അടുക്കലേക്കയച്ചു. അന്നു ഹെരോദാവും പീലാത്തോസും തമ്മിൽ സ്നേഹിതന്മാരായി. (ലുക്കൊ, 23:5-12; പ്രവൃ, 4:27).