അഥേന (Athens)
പേരിനർത്ഥം – അനിശ്ചിതത്വം
ഗ്രീസിന്റെ തലസ്ഥാനനഗരം. ഗ്രീസിന്റെ തെക്കുകിഴക്കു ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ ഒരു നിരപ്പല്ലാത്ത ഭാഗത്ത് സ്ഥിതിചെയ്യുന്നു. പട്ടണത്തിന്റെ കാവൽ ദേവതയായ അഥേനയിൽ (ഹീഅഥീനി) നിന്നാണ് പട്ടണത്തിനു അഥേനയെന്ന പേർ ലഭിച്ചത്. ഗ്രീസിലെ പ്രധാന പ്രവിശ്യയായ ആററിക്കയുടെ (Attica) തലസ്ഥാനമായിരുന്നു. ബി.സി. 5-4 നൂറ്റാണ്ടുകളിൽ സംസ്കാരത്തിന് പ്രസിദ്ധിയാർജ്ജിച്ച പട്ടണമായിരുന്നു. നാടകകൃത്തുക്കളും പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ വലിയ ദാർശനികന്മാരും ഇവിടെ ജീവിച്ചിരുന്നു. രണ്ടു പ്രധാന നിയമകർത്താക്കളായ ഡ്രേക്കോയും സോളനും അഥേനയുടെ സന്താനങ്ങളാണ്. ബി.സി. 490-ൽ മാരത്തോണിൽ വെച്ചും 480-ൽ സലാമിസിൽവെച്ചും പേർഷ്യക്കാരെ പരാജയപ്പെടുത്തിയ ശേഷം അവർ ഒരു ചെറിയ സാമ്രാജ്യം കെട്ടിപ്പടുക്കുകയും അതിന്റെ തലസ്ഥാനമായി അഥേന ശോഭിക്കുകയും ചെയ്തു. പെരിക്ലീസിന്റെ ഭരണകാലം അഥേനയുടെ സുവർണ്ണയുഗമായിരുന്നു. പേർഷ്യൻ യുദ്ധത്തെ തുടർന്നു അരനൂറ്റാണ്ടുകാലം അഥേന അതിന്റെ സമസ്ത സർഗ്ഗശക്തികൾക്കും ബഹിസ്ഫുരണം നല്കി. അഥേനയുടെ നാമം അനശ്വരമാക്കിയത് ഈ അരനൂറ്റാണ്ടാണ്. ഈ കാലഘട്ടത്തിന്റെ സന്താനങ്ങളായിരുന്നു ഈസ്കിലസ്, സോഫൊക്ലിസ്, യൂറിപ്പിഡീസ്, അരിസ്റ്റോഫനീസ്, സോക്രട്ടീസ് തുടങ്ങിയ മഹാപ്രതിഭകൾ. പെരിക്ലീസിന്റെ മരണത്തിനു മുമ്പ് പെലപ്പണേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുകയും (ബി.സി. 431) ഒടുവിൽ ബി.സി. 404-ൽ സ്പാർട്ടയ്ക്കു കീഴടങ്ങുകയും ചെയ്തു. അലക്സാണ്ടർ ചക്രവർത്തിയുടെ അധീനതയിലായിരുന്ന കാലത്ത് (336-323) തങ്ങളുടെ സ്വയംഭരണാവകാശം ഏറെക്കുറെ നിലനിർത്താൻ അഥേനയ്ക്കു കഴിഞ്ഞു. ബി.സി. 146-ൽ ഗ്രീക്കുനഗരങ്ങൾ റോമൻ ഗവർണ്ണറുടെ കീഴിലായി. അക്കാലത്തും അഥേനയുടെ സ്വാതന്ത്യത്തിനു വലിയ കോട്ടം സംഭവിച്ചില്ല. ബി.സി. 86-ൽ റോമൻ ജനറലായ സുള്ളാ (Sulla) പട്ടണം പിടിച്ചടക്കി. പൗലൊസ് അഥേന സന്ദർശിക്കുമ്പോൾ പട്ടണം റോമിന്റെ കീഴിലായിരുന്നു. (പ്രവൃ, 17:15). ദേവന്മാരെ ആരാധിക്കുന്നതിൽ മറ്റേതു ദേശത്തെക്കാളും മുന്നിലായിരുന്ന അഥേന ബിംബങ്ങൾ (പ്രവൃ, 17:16) നിറഞ്ഞ പട്ടണമായിരുന്നു. ഇവിടെ അരയോപഗക്കുന്നിൽ പൗലൊസ് സുവിശേഷം പ്രസംഗിച്ചു. അഥേനയിൽ ചിലർ വിശ്വസിച്ചു; എന്നാൽ ഇവിടെ ഒരു സഭ സ്ഥാപിക്കുവാൻ സാധിച്ചില്ല.
ബൈസന്റൈൻ സാമ്രാജ്യത്തിന്റെ വളർച്ചയോടുകൂടി ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ അഥേന അധഃപതിക്കാൻ തുടങ്ങി. തുർക്കികളുടെ ഭരണകാലത്തു് 1458-1821) ഏകദേശം 5000 ജനസംഖ്യയുള്ള ഒരു ദരിദ്ര ഗ്രാമമായിത്തീർന്നു. ഗ്രീക്കു സ്വാതന്ത്ര്യ സമരകാലത്തു് (1821-1829) പട്ടണത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചു. ഗ്രീസിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 1834-ൽ അഥേന പുതിയ രാഷ്ട്രത്തിന്റെ തലസ്ഥാനമായി. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ അഥേന 1941 മുതൽ 1944 വരെ ജർമ്മൻ പട്ടാളത്തിന്റെ അധീനതയിലായിരുന്നു. യുദ്ധാനന്തരം വിദേശസഹായംകൊണ്ട് അഥേന വളർന്നുതുടങ്ങി. ഇന്ന് ഗ്രീസിന്റെ രാഷ്ട്രീയ സാമ്പത്തിക കേന്ദ്രമാണ് അഥേന.