സങ്കേതനഗരങ്ങൾ

സങ്കേതനഗരങ്ങൾ (cities of refuge)

കൊലപാതകികൾക്ക് അഭയം തേടാൻ വേർപിരിക്കപ്പെട്ട പട്ടണങ്ങൾ. ന്യായപ്രമാണം അനുസരിച്ച് ഒരുവൻ കൊല്ലപ്പെട്ടാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ ആ കൊലയ്ക്കു പ്രതികാരം ചെയ്യാൻ ബാദ്ധ്യസ്ഥനാണ്. അയാളെ രക്തപ്രതികാരകൻ എന്നു വിളിക്കുന്നു. അബദ്ധവശാൽ ഒരുവനെ കൊല്ലാനിടയായാൽ ഘാതകനു സങ്കേതനഗരങ്ങളിലൊന്നിൽ അഭയം പ്രാപിക്കാം. സങ്കേത നഗരത്തിൽ പാർക്കുന്ന ഘാതകന്റെ മേൽ കൈവയ്ക്കുവാൻ രക്തപ്രതികാരകനു അവകാശമില്ല. ലേവ്യപട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങളായി വേർതിരിച്ചു. അവയിൽ മൂന്നെണ്ണം യോർദ്ദാനു കിഴക്കും മുന്നെണ്ണം പടിഞ്ഞാറുമാണ്. ഗലീലയിലെ കേദെശ് (1ദിന, 6:76), എഫ്രയീം മലയിലെ ശെഖേം (1ദിന, 6:67; യോശു, 21:21), യെഹൂദയിലെ ഹെബ്രാൻ (യോശു, 21:11; 1ദിന, 6:55) എന്നിവയാണ് യോർദ്ദാനു പടിഞ്ഞാറുള്ള മൂന്നു പട്ടണങ്ങൾ. യോർദ്ദാനു കിഴക്കുള്ളവ: മോവാബ്യ സമഭൂമിയിലെ ബേസെർ (യോശു, 20:8; ആവ, 4:43), ഗാദിലെ രാമോത്ത്-ഗിലെയാദ് (യോശു, 21:38; ആവ, 4:43; 1രാജാ,22:3, മനശ്ശെയുടെ പാതി ഗോത്രത്തിലുള്ള ബാശാനിലെ ഗോലാൻ (യോശു, 21:27; ആവ, 4:43; 1ദിന, 6:71) എന്നിവയാണ്. രക്തപ്രതികാരകൻ ഘാതകനെ കണ്ടെത്തുന്ന സമയം തന്നെ കൊല്ലണം. (സംഖ്യാ, 35:19). ഘാതകനു അഭയം ലഭിക്കുന്നതിനു മുമ്പു വിചാരണയെ അഭിമുഖീകരിച്ചു കൊലപാതകം അബദ്ധവശാൽ ചെയ്തതാണെന്നു തെളിയിക്കണം. (സംഖ്യാ, 35:12, 24). അപ്രകാരം തെളിഞ്ഞാൽ മഹാപുരോഹിതന്റെ മരണംവരെ അവനു സങ്കേത നഗരത്തിൽ പാർക്കാം. ഈ കാലത്ത് പട്ടണത്തിനു വെളിയിൽ വെച്ചു കണ്ടാൽ രക്ത പ്രതികാരകനു അവനെ കൊല്ലാവുന്നതാണ്. (റംഖ്യാ, 35:25). മഹാപുരോഹിതന്റെ മരണശേഷം പ്രതികാരഭയം കൂടാതെ ഘാതകനു സ്വദേശത്തേക്കു മടങ്ങാം. മഹാപുരോഹിതന്റെ മരണംവരെ സങ്കേതനഗരത്തിൽ പാർക്കാൻ കല്പിച്ചതിനു ഒരു പ്രത്യേക വ്യാഖ്യാനം തല്മൂദിൽ കാണുന്നു; ഘാതകന്റെ കുറ്റം മഹാപുരോഹിതൻ ചുമക്കുന്നു എന്നും, മഹാപുരോഹിതന്റെ മരണം അതിനു പ്രായശ്ചിത്തമായിത്തീരുന്നു എന്നും അത്ര അത്. 

ഓടുന്നവനെ സഹായിക്കുവാൻ വേണ്ടി സങ്കേത നഗരങ്ങളിലേക്കുള്ള പാതകൾ അറ്റകുറ്റം കൂടാതെ സൂക്ഷിച്ചിരുന്നു. നദികളിലെല്ലാം പാലം കെട്ടിയിരുന്നു. തെരുവുകളിലെല്ലാം അഭയം എന്ന കൈചുണ്ടികൾ കാണും. ഓടുന്ന മനുഷ്യന്റെ പിന്നാലെ പോകുവാൻ രണ്ട് നിയമ വിദ്യാർത്ഥികളെ ഏർപ്പെടുത്തിയിരുന്നു. ഇവർ രക്തപ്രതികാരകനെ സമാധാനിപ്പിക്കുവാൻ ശ്രമിക്കുയും അതിലൂടെ ഓടുന്നവനു സങ്കേതനഗരത്തിൽ പ്രവേശിക്കുവാൻ സൗകര്യം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും. ആദ്യകാലങ്ങളിൽ ഘാതകനു അഭയമായിരുന്നത് തിരുനിവാസ്ഥമാണ്. കുറ്റക്കാരൻ യാഗപീഠത്തിൽ അഭയം പ്രാപിക്കുന്ന പതിവ് മോശയുടെ കാലത്തുതന്നെ ഉണ്ടായിരുന്നു. (പുറ, 21:12-14; 1രാജാ, 1:50-53; 2:28-34). അക്കാലത്ത് പുരോഹിതന്മാരായിരിക്കണം ഇമ്മാതിരി വ്യവഹാരങ്ങൾ കൈകാര്യം ചെയ്തിരുന്നത്. സങ്കേതനഗരങ്ങൾ ഏർപ്പെടുത്തിയശേഷം ഈ കേസുകളുടെ വിചാരണ പട്ടണമുപ്പന്മാരിൽ നിക്ഷിപ്തമായി. യിസ്രായേലിൽ രാജവാഴ്ച ആരംഭിച്ചതിനുശേഷം സങ്കേത നഗരങ്ങളുടെ പ്രാധാന്യം കുറഞ്ഞു തുടങ്ങി എന്നു കരുതപ്പെടുന്നു. ദൈവമക്കളുടെ സങ്കേതവും, കോട്ടയും, ആശ്രയവും, മറവിടവും, രക്ഷകനും ദൈവമാണ്. (സങ്കീ, 61:3; 62:7,8; 71:7; 90:1; 91:2; 142:5). “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.” (സങ്കീ, 46:1).

Leave a Reply

Your email address will not be published. Required fields are marked *