ശൗൽ

ശൗൽ (Saul)

പേരിനർത്ഥം — ദൈവത്തോടു ചോദിച്ചു

യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ബെന്യാമീൻ ഗോത്രത്തിൽ കീശ് എന്ന ധനികന്റെ മകനും കോമളനും എല്ലാവരെക്കാളും തോൾ മുതൽ പൊക്കമേറിയവനും ആയിരുന്നു. (1ശമൂ, 9:1-2). ശൗൽ എപ്പോൾ എവിടെ ജനിച്ചു എന്നതിനെക്കുറിച്ചു വ്യക്തമായ തെളിവുകളൊന്നും ഇല്ല. (1ശമൂവേൽ 9-31 അദ്ധ്യായങ്ങൾ ശൗലിന്റെ ചരിത്രമാണ്. രാജവാഴ്ച സ്ഥാപിക്കുവാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തിയായിരുന്നു ശൗൽ. യഹോവയ്ക്കുവേണ്ടി ജനത്തെ ഭരിക്കുകയായിരുന്നു അവന്റെ കർത്തവ്യം. എന്നാൽ നിയോഗിക്കപ്പെട്ട കർത്തവ്യത്തിനു ശൗൽ അയോഗ്യനെന്നു മൂന്നു പ്രാവശ്യം പ്രഖ്യാപിക്കപ്പെട്ടു. 

ഫെലിസ്ത്യർ പ്രാബല്യം പ്രാപിച്ചതോടുകൂടി ഒരു വീരനായ രാജാവിനു മാത്രമേ തങ്ങളെ മോചിപ്പിക്കാൻ കഴിയു എന്ന ചിന്ത യിസ്രായേൽ മക്കളിൽ രൂഢമൂലമായി. ശമുവേൽ പ്രവാചകനിലൂടെ നിലവിലിരുന്ന യഹോവയുടെ ആത്മീയനേതൃത്വത്തെ ജനം തിരസ്കരിച്ചു. മറ്റു ജാതികൾക്കുള്ളതുപോലെ തങ്ങൾക്കും ഒരു രാജാവിനെ വേണമെന്നു ജനം ആവശ്യപ്പെട്ടു. രാജവാഴ്ചയുടെ ദോഷഫലങ്ങൾ എന്താണെന്നു ശമുവേൽ ജനത്തിനു വ്യക്തമാക്കിക്കൊടുത്തു. യഹോവയുടെ നിർദ്ദേശാനുസരണം ശൗലിനെ രാജാവായി വാഴിച്ചു. 

പിതാവിന്റെ കാണാതെപോയ കഴുതകളെ അന്വേഷിച്ചു ശൌലും ഭൃത്യനും ദർശകനായ ശമൂവേലിന്റെ അടുക്കലെത്തി. അദ്ദേഹം ശൗലിനെ സ്വീകരിക്കുകയും ‘യഹോവ തന്റെ അവകാശത്തിനു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞു ശൗലിനെ അഭിഷേകം ചെയ്യുകയും ചെയ്തു. (1ശമൂ, 10:1). ശൗലിനെ രാജാവായി അഭിഷേകം ചെയ്തതിനു അംഗീകാരം വേണം. അതിനായി ശമൂവേൽ ജനത്തെ മിസ്പയിൽ വിളിച്ചു കൂട്ടി അവരിൽ നിന്നും ആർ രാജാവായിരിക്കണം എന്നറിയുവാൻ ചീട്ടിട്ടു. ചീട്ടു ശൗലിനു വീണു; ജനം ശൗലിന്റെ തിരഞ്ഞെടുപ്പ് അംഗീകരിച്ചു. (1ശമൂ, 10:17-25). അമ്മോന്യനായ നാഹാശ് ഗിലെയാദിലെ യാബേശിനെതിരെ പാളയമിറങ്ങി. കീഴടങ്ങലിനു ക്രൂരമായ നിബന്ധനകൾ നിവാസികളുടെ മേൽ അടിച്ചേല്പിച്ചു. അവർ ശൗലിന്റെ സഹായം ആവശ്യപ്പെട്ടു. ശൗലിന്റെ മേൽ ദൈവത്തിന്റെ ആത്മാവു വരുകയും അവൻ ജനത്തെക്കൂട്ടി അമ്മോന്യരെ നിശ്ശേഷം നിഗ്രഹിക്കുകയും ചെയ്തു. (11:1-11). ഇതു ശൗലിന്റെ രാജത്വത്തിന്റെ തെളിവായി. ജനമെല്ലാം ഗില്ഗാലിൽകൂടി ശൗലിനെ രാജാവായി വാഴിച്ചു. (1ശമൂ, 11:12-15). ഒരു വിടവാങ്ങൽ പ്രസംഗത്തോടു കൂടി ശമുവേൽ രാജ്യത്തിന്റെ ഭരണം ശൗലിനെ ഏല്പിച്ചു പിൻവാങ്ങി. പിന്നീടു വെറും മൂന്നു പ്രാവശ്യം മാത്രമായിരുന്നു വൃദ്ധനായ പ്രവാചകൻ രംഗത്തു വന്നത്. അതിൽ ഒരു പ്രാവശ്യം മരണ ശേഷമാണ്. 

രാജ്യം ശക്തമായി നിലനിർത്തുവാനും ശത്രുക്കളെ ആക്രമിക്കുവാനുമായി ശൗൽ സ്ഥിരമായ ഒരു സൈന്യം ശേഖരിച്ചു. മൂവായിരം പേരിൽ രണ്ടായിരം പേർ ശൗലിനോടു കൂടിയും ആയിരം പേർ ശൗലിന്റെ പുത്രനായ യോനാഥാനോടുകൂടിയും ആയിരുന്നു. അവർ യുദ്ധത്തിൽ ഫെലിസ്ത്യരെ ജയിച്ചു. എന്നാൽ ഫെലിസ്ത്യർ ഒരു വലിയ സൈന്യവുമായി പിന്നെയും വന്നു. ജനം ശൗലിന്റെ അടുക്കൽ കൂടി വന്നു. ശമുവേലിനു വേണ്ടി ഏഴു ദിവസം കാത്തിരുന്നിട്ടും കാണാതിരുന്നതു കൊണ്ട് ശൗൽ യഹോവയുടെ പ്രസാദത്തിനായി ഹോമയാഗം കഴിച്ചു. അപ്പോൾ തന്നെ ശമൂവേൽ വന്നു ശൗലിനെ ശാസിച്ചു. ശൗലിന്റെ രാജത്വം നിലനിൽക്കുകയില്ല എന്നു ശമുവേൽ പ്രവചിച്ചു. (1ശമൂ, 13:1-14). തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ തന്റെ ജനത്തിനു പ്രഭുവായി നിയമിച്ചിരിക്കുന്നു എന്ന ആദ്യ സൂചന ശൗലിനു ലഭിച്ചു. 

ജനം ശൗലിനെ വിട്ടുപോയി. അറുന്നൂറു പേർ മാത്രമാണു ശൗലിനോടൊപ്പം ശേഷിച്ചത്. വലിയ ഞെരുക്കത്തിന്റെ ചുറ്റുപാടായിരുന്നു. ഫെലിസ്ത്യ സൈന്യം എബ്രായരുടേതിനെക്കാൾ അധികമായിരുന്നു. (1ശമൂ, 13:5). ഉപ്രദവിക്കപ്പെട്ട യിസ്രായേല്യർ ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും പോയി ഒളിച്ചു, 1ശമൂ, 13:6,7). ആയുധ സജ്ജീകരണത്തിലും ഫെലിസ്ത്യർ മുൻപന്തിയിലായിരുന്നു. ഇരുമ്പിന്റെ കുത്തക അവർക്കായിരുന്നു. ആയുധങ്ങൾക്കു മുർച്ച കൂട്ടുന്നതിനു യിസ്രായേല്യർക്കു ഫെലിസ്ത്യരെ ആശ്രയിക്കേണ്ടി വന്നു. യുദ്ധസമയത്തു ശൗലിനും യോനാഥാനും മാത്രമേ വാളും കുന്തവും ഉണ്ടായിരുന്നുള്ളു. ജനത്തിൽ മറ്റാർക്കും വാളും കുന്തവും ഉണ്ടായിരുന്നില്ല. (1ശമൂ, 13:13-23). ഫെലിസ്ത്യരെ ശക്തമായി എതിർക്കുവാനുള്ള കഴിവ് യിസ്രായേല്യർക്കു ഉണ്ടായിരുന്നില്ല. എന്നാൽ യോനാഥാൻ ചില വിശ്വസ്തരുമായി ചെന്നു ഫെലിസ്ത്യരെ ആക്രമിച്ചു പരാജയപ്പെടുത്തി. (1ശമൂ, 14:1:46). ശൗൽ രാജത്വം ഏറ്റശേഷം മോവാബ്യർ, അമ്മോയിന്യർ, ഏദോമ്യർ, സോബാ രാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധം ചെയ്തു ജയിച്ചു. (1ശമൂ, 14:47,48). 

ശൗൽ ഒരു ധീരനായകനായിരുന്നു. എന്നാൽ ഒരു പടയാളിക്കുണ്ടായിരിക്കേണ്ട അനുസരണം ശൗലിനു ഉണ്ടായിരുന്നില്ല. അമാലേക്യരോടുള്ള യുദ്ധം ഒരു സൈനിക വിജയമായിരുന്നു എങ്കിലും ആത്മിക പരാജയമായിരുന്നു. അമാലേക്യരെ തോല്പിച്ചു അവരെ പൂർണ്ണമായി നശിപ്പിക്കണമെന്നായിരുന്നു യഹോവയുടെ കല്പന. എന്നാൽ ശൗൽ ആഗാഗ് രാജാവിനെയും നല്ല മൃഗങ്ങളെയും ജീവനോടെ സൂക്ഷിച്ചു. വ്യാജവും മതപരവുമായ ഒഴികഴിവുകൾ പറഞ്ഞ് ശൗൽ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കുവാനാണ് ശ്രമിച്ചത്. യഹോവയുടെ കല്പനയനുസരിച്ചു ശമൂവേൽ വീണ്ടും ശൗലിന്റെ അടുക്കൽ വന്നു അവനെ ശാസിച്ചു. ‘അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു’ എന്നു ശൗലിനെ ഓർപ്പിക്കുകയും (1ശമൂ, 15:22) യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ ശൗലിനെ രാജസ്ഥാനത്തു നിന്നു തള്ളിക്കളഞ്ഞിരിക്കുന്നു എന്നു വീണ്ടും അറിയിക്കുകയും ചെയ്തു. ശമൂവേൽ രാമയിലേയ്ക്കു പോയി; പിന്നീടു ശൗലിനെ കണ്ടിട്ടില്ല. (1ശമൂ, 15:35). 

ശമുവേൽ പ്രവാചകൻ ദാവീദിനെ ഭാവി രാജാവായി അഭിഷേകം ചെയ്തു. യഹോവയുടെ ആത്മാവു ദാവീദിന്റെ മേൽ വന്നു. ദൈവത്തിന്റെ ആത്മാവു ശൗലിനെ വിട്ടു പോകുകയും ദുരാത്മാവു അവനെ ബാധിക്കുകയും ചെയ്തു. ദുരാത്മാവു മാറുവാനായി കിന്നരം വായിക്കുന്നതിനു ദാവീദിനെ ശൗൽ അടുക്കൽ താമസിപ്പിച്ചു. (1ശമൂ, 16:12-23). ദാവീദ് ഗൊല്യാത്തിനെ വധിച്ചു. ശൗലിനെക്കാൾ വലിയ വീരനായി യിസ്രായേല്യ സ്ത്രീകൾ ദാവീദിനെ പുകഴ്ത്തി. ശൗലിന്റെ മകനായ യോനാഥാൻ ദാവീദിനെ ഹൃദയപൂർവ്വം സ്നേഹിച്ചു. അസൂയയും വിദ്വേഷവും ഭയവും നിറഞ്ഞ ശൗൽ ദാവീദിനെ വധിക്കുവാൻ പ്രത്യക്ഷവും പരോക്ഷവുമായ ശ്രമങ്ങൾ നടത്തി. (1ശമൂ, 18:10,11,21; 19:10). ദാവീദ് കൊട്ടാരത്തിൽ നിന്നു ഒളിച്ചോടി രണ്ടു പ്രാവശ്യം ഫെലിസ്ത്യ ദേശത്തു അഭയം പ്രാപിച്ചു. (21:10; 27:1). നോബിലെ പുരോഹിതന്മാർ ദാവീദിനെ സഹായിച്ചതു കൊണ്ട് ശൗൽ പുരോഹിതന്മാരെ കൂട്ടക്കൊല ചെയ്യുകയും പട്ടണം നിർമ്മലമാക്കുകയും ചെയ്തു. (1ശമൂ, 22:17-19). രണ്ടു സന്ദർഭങ്ങളിൽ ദാവീദ് ശൗലിന്റെ ജീവനെ നശിപ്പിക്കാതെ ശേഷിപ്പിച്ചു. ഏൻ-ഗെദിയിൽ വച്ചും ((1ശമൂ, 24:1-7),, സീഫ് മരുഭൂമിയിൽ വച്ചും (1ശമൂ, 26:6-12) യഹോവയുടെ അഭിഷിക്തന്റെ മേൽ കൈവയ്ക്കുവാൻ ദാവീദ് ഒരുമ്പട്ടതേയില്ല. 

ഒന്നായി ഫെലിസ്ത്യർ യുദ്ധത്തിനു വന്നപ്പോൾ ശൗൽ ഏൻ-ദോരിലെ വെളിച്ചപ്പാടത്തി മുഖാന്തരം ശമൂവേലിനോടു ബന്ധപ്പെട്ടു. കല്ലറയിൽ നിന്നു പ്രത്യക്ഷപ്പെട്ട ശമുവേൽ മൂന്നാമതും ഒടുവിലും ആയി ശൗലിനെ ശാസിച്ചു, ശൗലിന്റെയും കുടുംബത്തിന്റെയും ആസന്നനാശം പ്രവചിച്ചു. ഫെലിസ്ത്യ സൈന്യവും യിസ്രായേൽ സൈന്യവും യിസ്രെയേൽ (Jezreel) സമതലത്തിൽ അണിനിരന്നു. (1ശമൂ, 29:1). പരാജയം ബോദ്ധ്യപ്പെട്ട യിസ്രായേൽ മക്കൾ ഗിൽബോവാ പർവ്വതത്തിലേക്കു ഓടി. ഫെലിസ്ത്യർ അവരെ പിൻതുടർന്നു നിഗ്രഹിച്ചു. (1ശമൂ, 31:1). ശൗലിന്റെ മുന്നു പുത്രന്മാർ യോനാഥാനും അബീനാദാബും മെല്ക്കീശുവയും കൊല്ലപ്പെട്ടു. ശൗലിനു മാരകമായ മുറിവേറ്റു. അഗ്രചർമ്മിയുടെ കയ്യിൽ വീഴാതിരിക്കുവാൻ വേണ്ടി ആയുധവാഹകനോടു തന്നെ കൊല്ലുവാൻ ശൗൽ ആവശ്യപ്പെട്ടു. അവൻ അതു നിരസിച്ചപ്പോൾ ശൗൽ സ്വന്തം വാളിന്മേൽ വീണു മരിച്ചു. പിറ്റേദിവസം ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിയുവാൻ വന്നപ്പോൾ ശൗൽ വീണു കിടക്കുന്നതു കണ്ട് അവർ ശൗലിന്റെ തല വെട്ടിക്കൊണ്ടു പോയി. അവന്റെ ശരീരത്തെ ബേത്ത്-ശാന്റെ ചുവരിൽ തൂക്കി. യാബേശ് നിവാസികൾ ശൗലിന്റെയും പുത്രന്മാരുടെയും ശവങ്ങൾ ബേത്ത്-ശാന്റെ ചുവരിൽ നിന്നും എടുത്തു ദഹിപ്പിച്ചു. അവരുടെ അസ്ഥികളെ യാബേശിലെ പിചുല വൃക്ഷച്ചുവട്ടിൽ കുഴിച്ചിട്ടു. ദാവീദ് അത്യന്തം വിലപിച്ചു. ശൗലിനെ കൊന്നവൻ എന്നവകാശപ്പെട്ടു കൊണ്ട് ഈ വൃത്താന്തവുമായി ദാവീദിന്റെ അടുക്കൽ വന്ന അമാലേക്യനെ ദാവീദ് കൊന്നു. (2ശമൂ, 1). 

രാജകീയഗോത്രം യെഹൂദാ ആണെങ്കിലും യിസ്രായേലിലെ ഒന്നാമത്തെ രാജാവു ബെന്യാമീൻ ഗോത്രത്തിൽ നിന്നായിരുന്നു. സമ്പന്നനും സുന്ദരനും ദീർഘകായനും ആയ ശൗൽ ശൂരനും പരാക്രമിയും ആയിരുന്നു. രാജാധിപത്യ സ്ഥാപനത്തിനു വേണ്ടി ദൈവം ശൗലിനെ തിരഞ്ഞെടുത്തു. രാജാവായിരിക്കുവാൻ താൻ അയോഗ്യനെന്നു തെളിയിച്ചതായി ദൈവം മൂന്നുപ്രാവശ്യം പ്രവാചകനിലുടെ ശൗലിനെ അറിയിച്ചു. ചപല വികാരങ്ങൾക്കു അടിമയായിരുന്നു ശൗൽ. വിവേകവും, ശുദ്ധമനസ്സാക്ഷിയും, തത്വദീക്ഷയും, കർത്തവ്യബോധവും രാജാവിനന്യമായി പോയി. അത്യാഗവും, അസൂയയും, സ്പർദ്ധയും, വൈരനിര്യാതന ബുദ്ധിയും ശൗലിനെ കീഴടക്കി. ദൈവത്തെ നിരുപാധികമായി ആശ്രയിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല. ഒരിക്കൽ പ്രവാചകനോടു ദൈവഹിതം അറിയിക്കാൻ ആവശ്യപ്പെടുന്ന ശൗൽ പിന്നീടൊരിക്കൽ ദൈവകല്പനയെ അവഗണിക്കുന്നതായി കാണാം. വെളിച്ചപ്പാടത്തികളെയും പ്രാശ്നികന്മാരെയും ദേശത്തുനിന്നു ഉച്ചാടനം ചെയ്ത ശൗൽ ഒടുവിൽ ഏൻ-ദോരിലെ വെളിച്ചപ്പാടത്തിയോടു ചോദിക്കുവാൻ പോയി. ദുരാത്മ ബാധയാൽ വിഷാദരോഗത്തിന് അടിമയായിരുന്ന ശൗൽ ഒടുവിൽ ഭ്രാന്തനെപ്പോലെ പെരുമാറി. അനുസരണമില്ലായയും ദുശ്ശാഠ്യവും ശൗലിന്റെ സ്വഭാവത്തിലെ പ്രധാന ഘടകങ്ങളായിരുന്നു. ശൗൽ എന്ന പേർ അനുസരണക്കേടിന്റെയും അസൂയയുടെയും ദുരന്തത്തിന്റെയും പ്രതീകമായി മാറി. ശൗലിൻ്റെ ഭരണകാലം നാല്പതു വർഷമായിരുന്നു. (പ്രവൃ, 13:21).

8 thoughts on “ശൗൽ”

 1. കല്പറയിൽ നിന്നും ശമുവേൽ അല്ല വന്നത്,
  ശമുവേലിന്റെ വേഷം ധരിച്ച പിശാചാണ്

  1. കല്ലറയിൽനിന്ന് ശമൂവേലിൻ്റെ വേഷം ധരിച്ച പിശാചാണ് വന്നതെന്ന് അവിടെ പറഞ്ഞിട്ടുണ്ടോ? നമ്മൾ എഴുതാപ്പുറം എന്തിനാണ് വായിക്കുന്നത്? ആ വേദഭാഗത്തുനിന്ന് ചില വാക്യങ്ങൾ കാണിക്കാം:

   1 ശമൂവേൽ 28:15 – 19
   15. ശമൂവേൽ ശൌലിനോടു: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാൻ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാൻ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.
   16. അതിന്നു ശമൂവേൽ പറഞ്ഞതു: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീർന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?
   17. യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.
   18. നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ ഈ കാര്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.
   19. യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും.
   20. പെട്ടെന്നു ശൌൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.

 2. 1ശമൂവേൽ 15:35
  ശമൂവേൽ ജീവപര്യന്തം ശൗലിനെ പിന്നെ കണ്ടില്ല

  1. ജീവിച്ചിരുന്ന ശൗലിനെ അല്ലല്ലോ കണ്ടത്.

 3. ബൈബിൾ വിഞാനീയത്തിന്റെ കോപ്പിയാണ് നിങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്

  1. ബൈബിൾ വിജ്ഞാനീയം ഏതാണെന്ന് എനിക്ക് അറിയില്ല. ബൈബിൾ വിജ്ഞാനം എന്നത് ഈ സൈറ്റിൻ്റെ പേരാണ്. ഞാൻ പല നിഘണ്ടുവിൽ നിന്നാണ് ഇത് എടുത്തിരിക്കുന്നത്.

 4. വെളിച്ചപ്പാടത്തി സ്ത്രീ വിളിച്ചാൽ വരുന്നതാണോ ഭക്തൻ?

  1. വെളിച്ചപ്പാടത്തി വിളിച്ചാൽ ശൗൽ വരുമോ എന്ന് സത്യം പറഞ്ഞാൽ എനിക്കറിയില്ല. ബൈബിൾ പറഞ്ഞകാര്യമാണ് തെളിവോടെ ഞാൻ അങ്ങയോട് പറഞ്ഞത്. മറിച്ച് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അങ്ങയ്ക്കുണ്ട്. മറ്റൊരിടത്തും അതിന് തെളിവില്ലാത്തതിനാൽ ഞാൻ ബൈബിൾ പറയുന്നത് വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *