യഹോവയും മോശെയും പറഞ്ഞ പ്രവാചകൻ ദൈവമാണോ❓

ക്രിസ്തു ദൈവത്തോടു കൂടെയുള്ള ദൈവമാണെന്ന് കരുതുന്നവരാണ് ക്രൈസ്തവരിൽ അധികവും. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ ആവർത്തനം 15:15-ലും 15:18-ലും: രണ്ടുവട്ടം പറഞ്ഞിട്ടുണ്ട് അഥവാ, പ്രവചിച്ചിട്ടുണ്ട്. ആദ്യപ്രവചനം തൻ്റെ വാക്കുകളിലും അടുത്ത പ്രവചനം യഹോവയുടെ വാക്കുകളിലുമാണ് പറഞ്ഞിരിക്കുന്നത്. പുതിയനിയമത്തിൽ ആ പ്രവചനം ക്രിസ്തുവിൽ നിവൃത്തിയായതായി പ്രവൃത്തികൾ 3:22-23-ലും 7:37-ലും പറഞ്ഞിട്ടുണ്ട്. “ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം. ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ. (പ്രവൃ, 3:22-23). മോശെ തന്നെക്കുറിച്ച് പ്രവചിച്ചിരുന്ന കാര്യം ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.” (യോഹ, 5:46). എന്നാൽ, യോഹന്നാൻ്റെ സുവിശേഷത്തിലെ, “ആ പ്രവാചൻ എന്ന പ്രയോഗം” സന്ദിഗ്ധമാണ്. ഗ്രീക്ക് പരിഭാഷകളിലൊന്നും ആ പ്രയോഗം ഉള്ളതായി കാണുന്നില്ല. (യോഹ, 1:21,25; 7:40). ഇംഗ്ലീഷിലെ ഭൂരിപക്ഷം പരിഭാഷകളിലും ആ പ്രയോഗം കാണാനില്ല. 1526-ൽ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ William Tyndale Bible പരിഭാഷയിലും ആ പ്രയോഗമില്ല. KJV-യിലും ചുരുക്കം ചില ഇംഗ്ലീഷ് പരിഭാഷകളും മലയാളത്തിലെ ചില പരിഭാഷകളിലുമാണ് അതുള്ളത്. തന്നെയുമല്ല, മോശെയുടെ പ്രവചനത്തെക്കുറിച്ചോ, ഒരു പ്രവാചകനെക്കുറിച്ചോ സൂചനപോലും ഇല്ലാതെ “ആ പ്രവാചകൻ” ആണോ എന്ന് ചോദിച്ചാൽ; ഭാഷാപരമായി ആ പ്രയോഗം ശരിയല്ല. അതായത്, “ആ പ്രാചകൻ ആണോ എന്നല്ല; നീ പ്രവാചകൻ ആണോ” എന്നാണ് പുരോഹിതന്മാരും ലേവ്യരും യോഹന്നാനോട് ചോദിക്കുന്നത്. (യോഹ, 1:21,25). ഇനി, മോശെയെക്കുറിച്ച് പറഞ്ഞാൽ; മോശെ എന്ന പുരുഷൻ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നു. (സംഖ്യാ, 12:3). അവൻ ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനും പുരോഹിതനും ആണ്. (ആവ, 34:12; സങ്കീ, 99:6). ദൈവം മറ്റു പ്രവാചകന്മാർക്കു ദർശനത്തിൽ തന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവരോട് അരുളിച്ചെയ്കയും ചെയ്തപ്പോൾ, ദൈവം മോശെയോട് അഭിമുഖമായിട്ടും സ്പഷ്ടമായിട്ടുമാണ് സംസാരിച്ചത്. (സംഖ്യാ, 12:6-8). ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെയാണ് യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചത്. (പുറ, 33:11). “എന്റെ ദാസനായ മോശെ എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനാകുന്നു” എന്നാണ് യഹോവ അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത്. (സംഖ്യാ, 12:7; എബ്രാ, 3:2). ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ മോശെ നാല്പതുനാൾ യഹോവയോട് കൂടെ ആയിരുന്നതിനാൽ, അവൻ്റെ മുഖതേജസ്സ് നിമിത്തം അവൻ മൂടപടം ഇട്ടതായി പറഞ്ഞിട്ടുണ്ട്. (പുറ, 34:28-35; 1കൊരി, 3:7-13). മറുരൂപ മലയിൽവെച്ച് ക്രിസ്തുവിൻ്റെ മുമ്പിൽ മോശെയും ഏലീയാവും പ്രത്യക്ഷപ്പെടുകയുണ്ടായി. (മത്താ, 17:3). ന്യായപ്രമാണം മോശെ മുഖാന്തരമാണ് ലഭിച്ചത്. (യോഹ, 1:17). വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനാണ് മോശെ. (പ്രവൃ, 3:22; 7:22). അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്‍സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. (പ്രവൃ, 7:36). “മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.” എന്നാണ് വചനം പറയുന്നത്. (ആവ, 34:11-12). ബൈബിൾ ദൈവപുരുഷൻ (Man of God) എന്ന് ആദ്യം വിശേഷിപ്പിക്കുന്നത് മോശെയെ ആണ്. (ആവ, 33:1). ഈ മോശെയും യഹോവയായ ഏകദൈവവും പറഞ്ഞ പ്രവാചകൻ ദൈവമാണോ എന്നതാണ് നമ്മുൾ ചിന്തിക്കുന്ന വിഷയം. അവർ പ്രവചിച്ച പ്രവാചകൻ ക്രിസ്തു ആണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. മോശെയുടെ വാക്കുകളിലുള്ള ആദ്യപ്രവചനം ഇപ്രകാരമാണ്: “നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). യഹോവയുടെ വാക്കുകൾ ഇപ്രകാരമാണ്: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). രണ്ട് വേദഭാഗങ്ങളും പരിശോധിച്ചാൽ അഞ്ച് കാര്യങ്ങൾ കാണാം. 1. ദൈവമാണ് പ്രവാചകനെ എഴുന്നേല്പിക്കുന്നത്. 2. അവൻ മോശെയെപ്പോലെ ഒരുവനാണ്. 3. അവൻ യിസ്രായേലിൽ നിന്ന് എഴുന്നേല്ക്കുന്നവനാണ്. 4. ദൈവം കല്പിക്കുന്ന വചനങ്ങളാണ് അവൻ സംസാരിക്കുന്നത്. 5. അവൻ്റെ വചനം കേൾക്കാത്തവർ ശിക്ഷിക്കപ്പെടും. നമുക്ക് ഓരോന്നു പരിശോധിക്കാം:

1. ദൈവമാണ് പ്രവാചകനെ എഴുന്നേല്പിക്കുന്നത്: “നിന്റെ ദൈവമായ യഹോവ നിനക്ക് ഒരു പ്രവാചകനെ എഴുന്നേല്പിച്ചുതരും” എന്നാണ് പ്രവചനം. പൂരോഹിതന്മാരെപ്പോലെ, പ്രവാചകന്മാരുടെ ഒരു ഇടമുറിയാത്ത പരമ്പര ബൈബിളിൽ കാണാൻ കഴിയില്ല. ദൈവത്തിൻ്റെ അരുളപ്പാടുകൾ നിസംങ്കോചം വിളിച്ചുപറയാൻ ദൈവം കാലാകലങ്ങളിൽ തിരഞ്ഞെടുത്ത് നിയമിക്കുന്നവരാണ് പ്രവാചകന്മാർ. ബൈബിളിലെ എല്ലാ പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. “യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.”  (യിരെ, 25:4). അതുപോലെ, ക്രിസ്തുവും ദൈവത്താൽ അയക്കപ്പെട്ടവനാണ്: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 15:24. ഒ.നോ: യോഹ, 3:34; 6:57). ക്രിസ്തു നയീൻ പട്ടണത്തിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്നത് കണ്ട് യെഹൂദന്മാരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: “എല്ലാവർക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വീകരിച്ചു.” (ലൂക്കൊ, 7:16). “പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ” എന്നാണ് യേശുവിനെ വിശേഷിപ്പിക്കുന്നത്. (ലൂക്കൊ, 24:19. ഒ.നോ: യോഹ, 4:19; 7:40; പ്രവൃ, 3:22; 7:37). ചിലർ കരുതുന്നപോലെ, ദൈവപുത്രനായ ക്രിസ്തു ദൈവത്തോട് സമനായ ദൈവം ആയിരുന്നെങ്കിൽ, ഒരു പ്രവാചകനെ ഞാൻ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരുമെന്ന് ദൈവവും, ഒരു പ്രവാചകനെ ദൈവം നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും എന്ന് മോശെയും പറയുമായിരുന്നില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവം എഴുന്നേല്പിച്ചു അല്ലെങ്കിൽ, അയച്ചു എന്ന് പറഞ്ഞാൽ, അത് ബുദ്ധിക്കും യുക്തിക്കും വചനത്തിനും നിരക്കുന്നതല്ല. എഴുന്നേറ്റ പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, മറ്റൊരു ദൈവം അവനെ എഴുന്നെല്പിക്കേണ്ട യാതൊരു ആവശ്യവുമില്ല. ദൈവം നിങ്ങളുടെ മദ്ധ്യേ എഴുന്നേല്ക്കും എന്ന് മാത്രമേ പറയേണ്ടതുള്ളു. ഒരു ദൈവം മറ്റൊരു ദൈവത്തെ എഴുന്നേല്പിക്കും എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, ദൈവം എഴുന്നേല്പിച്ച പ്രവാചകൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2. പ്രവാചകൻ മോശെയെപ്പോലെ ഒരുവനാണ്: ആവർത്തനം 18:15-ൽ എന്നെപ്പോലൊരു പ്രവാചകനെന്ന് മോശെയും 18:18-ൽ നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് യഹോവയും പറയുന്നത് കാണാം. ക്രിസ്തു ദൈവത്തോട് സമനായ നിത്യദൈവമാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. എന്നാൽ, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നാണ് ഒന്നാം കല്പനമുതൽ യഹോവ ആവർത്തിച്ചു പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും യഹോവയായ ഏകദൈവം പറയുന്നു. (യെശ, 40:25; 46:5). സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ദൈവത്തിനു സമനായും സദൃശനായും ആരുമില്ലെന്ന് പഴയനിയമ ഭക്തന്മാരും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (1രാജാ, 8:23; സങ്കീ, 35:10; 40:5; 71:19; 89:6; യെശ, 40:18). താനല്ലാതെ മറ്റൊരു ദൈവമില്ലെന്നും തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും ദൈവംതന്നെ പറഞ്ഞിരിക്കെ, അയക്കപ്പെട്ട പ്രവാചകൻ ദൈവമല്ലെന്ന് ആർക്കും മനസ്സിലാകും. ട്രിനിറ്റി കരുതുന്നപോലെ, ക്രിസ്തു ദൈവത്തോടു തുല്യനായ ദൈവമാണെന്ന് സമ്മതിച്ചാൽത്തന്നെ, ആ ദൈവം എങ്ങനെ മനുഷ്യനായ മോശെയ്ക്ക് തുല്യനാകും? ദൈവമാണങ്കിൽ, മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവം പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. അവൻ്റെ ഒത്തിരി വിശേഷണങ്ങൾ മുകളിൽ നാം കണ്ടതാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനായാലും മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? എഴുന്നേല്പിക്കുന്ന പ്രവാചകൻ ദൈവം ആണെങ്കിൽ അഥവാ, ദൈവം ദൈവത്തെയാണ് എഴുന്നേല്പിക്കുന്നതെങ്കിൽ; എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ ദൈവംതന്നെ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകണെന്ന് പറയുമായിരുന്നോ? ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കുകയും സാദൃശ്യപ്പെടുത്തുകയും ചെയ്യുകവഴി താൻതന്നെ ഭോഷ്ക്ക് പറയുന്നവൻ ആയില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവം എഴുന്നേല്പിച്ച പ്രവാചകൻ ദൈവമാണെന്ന് കരുതാൻ ഒരു ന്യായവുമില്ല.

ഇനി, മോശെയുടെ കാര്യമെടുക്കാം: 1. യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ദൈവം ഒരു സ്നേഹിതനോട് എന്നപോലെ, അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനാണ് മോശെയെന്ന് മുകളിൽ നാം കണ്ടതാണ്. മോശെ പ്രവചിച്ച പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നും യഹോയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും അവൻ ഒരിക്കലും പറയില്ലായിരുന്നു. “എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തൻ” എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ മോശെയ്ക്ക് എങ്ങനെ കള്ളം പറയാൻ കഴിയും? തന്മൂലം, മോശെ പറഞ്ഞ പ്രവാചകൻ ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 2. എന്നെപ്പോലെ ഒരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞത്. (ആവ, 18:15). താൻ പറഞ്ഞ പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നില്ല. മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? ദൈവം ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നത് വെറും വിഡ്ഢിത്തമാണ്. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. തന്മൂലം, തന്നെപ്പോലൊരു പ്രവാചകനെന്ന് മോശെ പറഞ്ഞവൻ ദൈവമല്ലെന്ന് വ്യക്തമാണ്. 3.എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്വുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). ഇനി, ക്രിസ്തു പറയുന്നത് നോക്കൂക: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. തന്മൂലം, മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവം പറയുന്നതും, എന്നെപ്പോലോലൊരു പ്രവാചകനെന്ന് മോശെ പറയുന്നതും ദൈവത്തെക്കുറിച്ചല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. 

3. പ്രവാചകൻ യിസ്രായേലിൽ നിന്ന് എഴുന്നേല്ക്കുന്നവനാണ്: “ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ അഥവാ, യിസ്രായേലിൻ്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും” എന്നാണ് പ്രവചനം. ഇത്, ദൈവവും മോശെയും ഒരുപോലെ പറയുന്ന കാര്യമാണ്. അവരുടെ വാക്കുകൾ ശ്രദ്ധിക്കുക: ഒരു പ്രവാചകനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും എന്നല്ല; യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേ നിന്ന് എഴുന്നേല്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെയും മോശെയുടെയും വാക്കുകൾപോലെ, യിസ്രായേൽ രാജ്യത്ത്, യെഹൂദാ ഗോത്രത്തിലെ മറിയ എന്ന കന്യകയുടെ മൂത്ത മകനായാണ് യേശു ജനിച്ചത്. (മീഖാ, 5:2-3; മത്താ, 1:25; ലൂക്കൊ, 2:5-7,23; റോമ, 9:5; ഗലാ, 4:4). ദൈവവും മോശെയും പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, ദൈവം സ്വർഗ്ഗത്തിൽനിന്ന് വരുമെന്നല്ലാതെ, യിസ്രായേൽ ജനത്തിൻ്റെ മദ്ധ്യേ നിന്ന് എഴുന്നേല്ക്കും എന്ന് പറയുമായിരുന്നോ? ദൈവത്തെ ഒരു മനുഷ്യസ്ത്രീക്ക് പ്രസവിക്കാൻ കഴിയുമായിരുന്നോ? ഒരു മനുഷ്യസ്ത്രീ ദൈവത്തെ പ്രസവിച്ചു എന്ന് പറഞ്ഞാൽ; ആ ദൈവത്തിന് മാതാ അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും എന്ത് വിശേഷതയാണ് ഉണ്ടാകാൻ പോകുന്നത്? പുതിയനിയമത്തിൽ, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞിരിക്കയാൽ, അയക്കപ്പെട്ടവൻ ദൈവത്തോടു കൂടെയായിരുന്ന ദൈവമാണെന്നും ദൈവം ദൈവത്തെയാണ് അയച്ചതെന്നും ട്രിനിറ്റി പണ്ഡിതന്മാൻ പറയുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ അയച്ചു എന്ന് പറയുന്നതുതന്നെ ഭോഷത്വമാണ്. ഇനി, വചനവിരുദ്ധമായി അങ്ങനെ വിശ്വസിച്ചാൽത്തന്നെ, മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്ത ദൈവത്തിന് എങ്ങനെ കന്യകയുടെ ഉദരത്തിൽ ശിശുവായി മാറാൻ കഴിയും? (മലാ, 3:6; യാക്കോ, 1:17). തന്നെയുമല്ല, സ്വർഗ്ഗത്തിൽനിന്നു ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതായോ, രൂപന്തരപ്പെട്ട് ശിശുവായതായോ എവിടെയും പറഞ്ഞിട്ടില്ല. മാറ്റമില്ലാത്ത ദൈവത്തിനു അവതാരം സാദ്ധ്യവുമല്ല. എന്നാൽ, പൈതലിനെ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവ് ഉല്പാദിപ്പിച്ചതാണെന്ന് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (മത്താ, 1:20; 2:21). ഉല്പാദിപ്പിക്കുക എന്നാൽ; ഉരുവാക്കുക അഥവാ, പുതുതായൊന്ന് ഉളവാക്കുക എന്നാണ് അർത്ഥം. അവൻ സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ട ദൈവം ആണെങ്കിൽ, പിരിശുദ്ധാത്മാവ് അവനെ എന്തിന് ഉല്പാദിപ്പിക്കണം? ദൈവത്തെ എങ്ങനെ ഉല്പാദിപ്പിക്കും? ഒരു ദൈവത്തെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചു എന്ന് വിശ്വസിക്കുന്നതിൽപരം ദൈവദൂഷണം എന്താണ്? അപ്പോൾ, ദൈവം തൻ്റെ പുത്രനെ അയച്ചു എന്ന് പറഞ്ഞാൽ; അതിൻ്റെ അർത്ഥം എന്താണ്? അത്, ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ആലങ്കാരിക പ്രയോഗമാണ്. അതിന് വല്ല തെളിവും ബൈബിളിലുണ്ടോ? ഉണ്ട്. ദൈവം യേശുവിനെ മാത്രമല്ല അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15; സെഖ, 2:8; പ്രവൃ, 7:35). അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം: “ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽനിന്ന് ദൈവം എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന പ്രവാചകനെയും ദൈവം യിസ്രായേൽ കന്യകയിൽനിന്ന് എഴുന്നേല്പിച്ചതാണ്. പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന് ആരെങ്കിലും ചോദിച്ചാൽ, അതിൻ്റെ ഉത്തരമാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട യേശുവും ഒരു മനുഷ്യനായിരുന്നു. പക്ഷെ, പാപരഹിതനായ മനുഷ്യനായിരുന്നു. എല്ലാവരും ഭൂമിയിൽനിന്ന് എഴുന്നേറ്റവരുമാണ്. തന്മൂലം, യഹോവയായ ഏകദൈവവും മോശെയും പറഞ്ഞ പ്രവാചകൻ ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4. പ്രവാചകൻ സംസാരിക്കുന്നത് യഹോവ കല്പിക്കുന്ന അവൻ്റ വചനങ്ങളാണ്.
“എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” പുതിയനിയമത്തിൽ, യേശു ഇപ്രകാരം പറയുന്നത് കാണാം: “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (യോഹ, 8:28). അടുത്തവാക്യം: “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, സ്വയമായി സംസാരിക്കാനുള്ള അവകാശം പോലുമില്ലാത്ത ഒരു അടിമ ദൈവം ആണെന്ന് പറയേണ്ടിവരും. അടുത്തവാക്യം: “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). അടുത്തവാക്യം: “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30). ഇത്, ദൈവം എഴുന്നേല്പിച്ച ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം എഴുന്നേല്പിച്ചത് അഥവാ, അയച്ചത് ദൈവത്തെയാണെങ്കിൽ, ആ ദൈവത്തിന് ഒന്നും ചെയ്യാൻ സ്വാന്ത്ര്യമില്ലാത്ത ദൈവമാണെന്ന് പറയേണ്ടിവരും. ക്രിസ്തു, ദൈവമാണെന്ന് പറയുന്നവർക്ക് ദൈവമെന്ന പദത്തിൻ്റെ അർത്ഥംപോലും അറിയില്ലെന്നുവേണം മനസ്സിലാക്കാൻ. പിതാവു എന്നെക്കാൾ വലിയവനാണെന്നും എല്ലാവരിലും വലിയവനാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 14:28; 10:29). പിതാവ് എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, അയക്കപ്പെട്ടവൻ ദൈവത്തോട് സമനായ ദൈവം ആണെങ്കിൽ, ആ ദൈവത്തെക്കാൾ വലിയവനായ ഒരു പിതാവ് ഉണ്ടാകുക സാദ്ധ്യമല്ല. പിതാവ് തൻ്റെ ദൈവമാണെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ദൈവം അഥവാ, തിയോസ് (theos) എന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, പരമോന്നതൻ, സ്രഷ്ടാവ് എന്നിങ്ങനെ ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇനി, ദൈവത്തിനുമീതെ ഒരു ദൈവമുണ്ടാകണമെങ്കിൽ, അവൻ സത്യദൈവം ആയിരിക്കില്ല; വ്യാജദൈവം ആയിരിക്കണം. ക്രിസ്തുവിനെ വ്യാജദൈവം ആക്കാനുള്ള ഉപായിയായ സർപ്പത്തിൻ്റെ തന്ത്രമാണ് നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ അവൻ നുഴയിച്ചുകയറ്റിയ ത്രിമൂർത്തി ബഹുദൈവവിശ്വാസം. തന്മൂലം, യഹോവയായായ ഏകദൈവവും മോശെയും പറഞ്ഞ പ്രവാചകൻ ദൈവം അല്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

5. പ്രവാചകൻ്റെ വചനം കേൾക്കാത്തവൻ ശിക്ഷിക്കപ്പെടും: “അവന്റെ വചനം നിങ്ങൾ കേൾക്കേണം” എന്ന് മോശെയും, “എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും” എന്ന് യഹോവയും പറയുന്നതായാണ് എബ്രായ ബൈബിളിൽ കാണുന്നത്. എന്നാൽ, “ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും” എന്നാണ് പുതിയനിയമത്തിൽ കാണുന്നത്. (പ്രവൃ, 3:23). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ നിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്.  “പ്രവാചകൻ്റെ വാക്ക് ആരെങ്കിലും കേൾക്കാതിരുന്നാൽ ഞാൻ അവനോട് പ്രതികാരം ചെയ്യും (I will take vengeance on him) എന്നാണ് അതിലുള്ളത്.  അതിനെയാണ്, ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും എന്ന് പുതിയനിയമത്തിൽ  പരിഭാഷ ചെയ്തിരിക്കുന്നത്. യോഹന്നാൻ്റെ സുവിശേഷം അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്: “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:36). വാക്യത്തിൻ്റെ ആദ്യഭാഗം: പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടെന്നാണ്. അതായത്, ദൈവപുത്രനായ ക്രിസ്തുവിനെ സമ്പൂർണ്ണമായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും വിശ്വസിക്കുകയും വേണം. എന്തെന്നാൽ, ദൈവം ക്രിസ്തുവിലൂടെയാണ് മാനവരാശിയുടെ രക്ഷ ഒരുക്കിയിരുക്കുന്നത്. അക്കാര്യം അനേകം വേദഭാഗത്ത് പറഞ്ഞിട്ടുണ്ട്. (യോഹ, 3:15-18; 20:31). അടുത്തഭാഗം: പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ. പുത്രൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളും, സമ്പൂർണ്ണമായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും വിശ്വസിക്കുകയും അനുസരിക്കുകയും വേണം. ദൈപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്ന മുഖ്യ കല്പനയാണ്. ഒന്നിനെക്കുറിക്കുന്ന എഹാദ് എന്ന എബ്രായ പദത്തിനും ഹെയ്സ് എന്ന ഗ്രീക്കു പദത്തിനും ബഹുത്വമുണ്ടെന്ന് പഠിപ്പിക്കുന്നവരാണ് ട്രിനിറ്റി പണ്ഡിതന്മാർ, എന്നാൽ, ആ ദുരുപദേശത്തെ ക്രിസ്തുവിൻ്റെ സാന്നിധ്യത്തിൽ ഒരു യെഹൂദാ ശാസ്ത്രി ഖണ്ഡിക്കുന്നതും, ക്രിസ്തു അതിനെ അംഗീകരിക്കുന്നതും കാണാം: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും മൂന്നുനേരം ചൊല്ലുന്ന ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. (സങ്കീ, 55:17). പഴയനിയമത്തിൽ അത് ഇപ്രകാരമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, ഹെയ്സ് ആണെന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് ശാസ്ത്രി പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചനത്തിൽ ഖണ്ഡിതമായിട്ട് പറഞ്ഞത്. അതായത്, യഹോവയായ അവനാണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്; അവൻ അല്ലാതെ മറ്റൊരുത്തനും ദൈവമല്ലെന്ന് എടുത്തുപറയുകയും ചെയ്തു. ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ട്രിനിറ്റി പഠിപ്പിക്കുംപോലെ, എഹാദിനും ഹെയ്സിനും ബഹുത്വം ഉണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ മാത്രമാണെന്നും ക്രിസ്തു അംഗീകരിക്കുകയായിരുന്നോ? യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഏകനാണെന്ന് താൻ പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞ ശാസ്ത്രിയെ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നോ? യഥാർത്ഥത്തിൽ, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്ന് പഠിപ്പിച്ച ക്രിസ്തുനെ ട്രിനിറ്റി അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. പിന്നെങ്ങനെയാണ് നിത്യജീവൻ പ്രാപിക്കുന്നത്? പുത്രനിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ; അവൻ പറയുന്നതെല്ലാം വിശ്വസിക്കണ്ടേ?

ദൈവം ത്രിത്വമല്ല; ഒരുത്തൻ മാത്രം അഥവാ, മോണോസ് തിയോസ് (monos theos) ആണെന്നതിന് നൂറുകണക്കിന് തെളിവുകൾ ബൈബിളിൽ ഉണ്ട്: പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് (monos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശവും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ ഉണ്ടെന്ന് പറയാൻ ആർക്കും കഴിയില്ല. അതായത്, ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറകവഴി ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം (Him only) ആരാധിക്കണം എന്ന് പറകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിന് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും, താൻ മനുഷ്യനാണെന്നും തനിക്കൊരു ദൈവമുണ്ടെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; യോഹ, 8:40; 20:17). ഇതെല്ലാം സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ടാണ് പറഞ്ഞിരിക്കുന്നത്. ദൈവപുത്രനെപ്പോലും വിശ്വസിക്കാത്തവർക്ക് എങ്ങനെ നിത്യജീവൻ കിട്ടും? പുത്രനെ അനുസരിക്കാത്തവന് നിത്യജീവൻ കിട്ടില്ലെന്ന് മാത്രമല്ല; ദൈവക്രോധം അവന്റെമേൽ വരികയും ചെയ്യും എന്നാണ് ബൈബിൾ പറയുന്നത്. (യോഹ, 3:36). ഇതുപോലെ, അനേകം തെളിവുകളുണ്ട് വിസ്തരഭയത്താൽ ചുരുക്കുകയാണ്.

ദൈവപുത്രനായ യേശു ആരാണെന്ന് അറിയാത്തതാണ്, അനേകരുടെയും പ്രശ്നം. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് ദൈവഭക്തിയുടെ മർമ്മം പറയുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). ജീവനുള്ള ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (യിരെ, 10:10). അതായത്, “അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.“ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, പുതിയ നിയമത്തിൽ യഹോവയായ ഏകദൈവം എടുത്ത മനുഷ്യ പ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). യേശുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ, ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).

ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപ പരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:6). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ്, യഥാർത്ഥ വസ്തുത. അതുകൊണ്ടാണ്, മോശെയെപ്പോലൊരു പ്രവാചകനെന്ന് ദൈവവും, എന്നെപ്പോലൊരു പ്രവാചകനെന്ന് മോശേയും പറഞ്ഞത്. ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ഒന്നുമല്ല; അവൻ, പാപം അറിയാത്ത പൂർണ്ണ മനുഷ്യനാണ്,. മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷതയെടുത്തത്. അതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവഭക്തിയുടെ മർമ്മം. യേശുവെന്ന ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനാകയാലാണ്, മോശെയെപ്പോലെ ഒരു പ്രവാചകൻ എന്ന് ദൈവവും മോശെയും പറഞ്ഞിരിക്കുന്നത്. വചന വിരുദ്ധമായി ദൈവപുത്രനായ ക്രിസ്തുവിനെ ദൈവമാക്കിയാൽ, അവൻ സത്യദൈവം ആകില്ല; വ്യാജദൈവമേ ആകയുള്ളു. സത്യേക ദൈവം പിതാവ് മാത്രമാണെന്ന് ദൈവപുത്രൻതന്നെ പറഞ്ഞിട്ടുണ്ടെന്ന് ഓർക്കുക. (യോഹ, 17:3). പിതാവ് മാത്രമാണ് സത്യദൈവം എന്ന് പറഞ്ഞാൽ; പിതാവല്ലാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് അർത്ഥം. ദൈവത്തിൻ്റെ വചനത്തെ മാത്രമല്ല; ഭാഷയുടെ വ്യാകരണ നിയമങ്ങളെയും അതിലംഘിച്ചാൽ മാത്രമേ ക്രിസ്തുവിനെ ദൈവമാക്കാൻ കഴിയുകയുള്ളു. അപ്പോഴും അവൻ, സത്യദൈവം ആകില്ലെന്ന് ഓർക്കണം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *