മോവാബ്യശില

മോവാബ്യശില (Moabite Stone)

മേശ ശിലാലിഖിതം: ദൈവത്തിന്റെ ‘യഹോവ’ എന്ന വിശുദ്ധനാമം അടങ്ങുന്ന ഏറ്റവും പുരാതനലിഖിതവും, പുരാതന യിസ്രായേലിനെ പരാമർശിക്കുന്ന ശിലാലിഖിതങ്ങളിൽ ഏറ്റവും വിശദമായതും ഇതാണ്.

മോവാബിൽ നിന്നു കണ്ടെടുത്ത ഒരു ശില. മോവാബ്യരാജാവായ മേശാ യിസ്രായേലിൻ്റെ മേൽക്കോയ്മയിൽ നിന്നും സ്വതന്ത്രനായതും തന്റെ രാജ്യത്തിൽ പല പട്ടണങ്ങൾ പണിതതും ഈ ശിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജർമ്മൻ മിഷണറിയായ എഫ് എ ക്ലൈൻ 1868 ആഗസ്റ്റ് 19-ാം തീയതി ഈ ശില കണ്ടെടുത്തു. ചാവുകടലിനു കിഴക്കുകൂടി അദ്ദേഹം സഞ്ചരിക്കുമ്പോൾ ദീബോനിൽ എഴുത്തോടുകൂടിയ ഒരു ശില കിടക്കുന്നതായി ഒരു ഷെയ്ക്ക് അറിയിച്ചു. കറുത്ത മാർബിൾ കല്ലിലായിരുന്നു ഈ രേഖ എഴുതിയിരുന്നത്. ഈ വിവരം മിഷണറി ബർലിൻ മ്യൂസിയത്തിലെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിനിടയ്ക്കു യെരൂശലേമിലെ ഫഞ്ചു പ്രതിനിധി കാര്യാലയത്തിലെ ദൂതന്മാർ ശിലയിൽ നിന്നും ഒരു പകർപ്പു ഒപ്പിയെടുത്തു. ഫ്രഞ്ചുകാരും ജർമ്മൻകാരും ശിലയ്ക്കുവേണ്ടി തുർക്കികളോടു വിലപേശി. ശിലയ്ക്ക് ഇത്രയും വിലയുണ്ടെങ്കിൽ അതിനെ തുണ്ടുകളാക്കിയാൽ കൂടുതൽ വിലകിട്ടുമെന്നു അവർ കരുതി. അവർ അതിനെ തീയിൽ ചൂടുപിടിപ്പിച്ചു പല കഷണങ്ങളാക്കി വീതിച്ചെടുത്തു. ശിലാഖണ്ഡങ്ങൾ വിലയ്ക്ക് വാങ്ങി ഒരുമിച്ചു ചേർത്തു പാരീസിൽ സൂക്ഷിക്കുന്നു. മോവാബ്യഭാഷയിൽ എഴുതിയിട്ടുള്ള ഈ രേഖയ്ക്ക് 34 വരികൾ ഉണ്ട്. എബ്രായഭാഷയുടെ ദേശ്യഭേദമായ മോവാബ്യഭാഷയിലാണ് എഴുത്ത്. 2രാജാക്കന്മാർ 3-ൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിനു മേശാ നല്കുന്ന ഭാഷ്യമാണ് ശിലയിലെ പ്രതിപാദ്യം: “യിസ്രായേലിൽ നിന്നുള്ള മോചനത്തിന്റെ ഓർമ്മയ്ക്കായി ഈ സ്മാരകം മോവാബ് രാജാവായ മേശാ എന്ന ഞാൻ കെമോശിനുവേണ്ടി നിർമ്മിച്ചു. മുപ്പതുവർഷം എന്റെ പിതാവു മോവാബിനെ ഭരിച്ചു; പിതാവിനുശേഷം ഞാനും. യിസ്രായേൽ രാജാവായ ഒമ്രി അനേകം നാളുകൾ മോവാബിനെ പീഡിപ്പിച്ചു; അവനുശേഷം അവന്റെ പുത്രനും. യിസ്രായേൽ രാജാവിനോടു ഞാൻ പൊരുതി അവനെ പുറത്താക്കി അവന്റെ പട്ടണങ്ങളായ മെദബ, അതാരോത്ത്, നെബോ, യഹസ് എന്നിവ പിടിച്ചെടുത്തു. എനിക്കെതിരെ യുദ്ധം ചെയ്ത കാലത്തു അവൻ പണിത പട്ടണങ്ങളാണിവ. അവന്റെ പട്ടണങ്ങൾ നശിപ്പിച്ചു കൊള്ള കെമോശിനു ശപഥാർപ്പിതമാക്കി; സ്ത്രീകളെയും പെൺകുട്ടികളെയും അഷ്താരിനും. യിസായേലിൽ നിന്നു പിടിച്ച ബദ്ധന്മാരെ കൊണ്ടു ഞാൻ കാർഹാഹ് പണിതു.” 

വളരെ മുമ്പു മരിച്ചുപോയ ഒമ്രിയുടെ പേർ മേശാ പറയുന്നുണ്ട്. എന്നാൽ തന്റെ കയ്യിൽ നിന്നും ഭാരിച്ച കപ്പം വാങ്ങിയ ആഹാബിന്റെ പേർ മേശാ മിണ്ടുന്നതേയില്ല. (2രാജാ, 3:4). ആഹാബിന്റെ പുത്രന്മാരായ അഹസ്യാവു, യെഹോരാം എന്നിവരുടെയും പേരു പറയുന്നില്ല. അവരോടും മേശാ യുദ്ധം ചെയ്തു എന്നതു സത്യമാണ്. എബ്രായ ഭാഷയിലാണ് ലിഖിതം. പൗരാണിക വട്ടെഴുത്തിലാണ് എഴുതിയിട്ടുള്ളത്. ഇന്നു എബ്രായയിൽ ഉപയോഗിക്കുന്നത് ചതുരലിപികളാണ്. പ്രാചീന എബ്രായഭാഷ സ്വരചിഹ്നങ്ങൾ കൂടാതെയാണു എഴുതിയിരുന്നത്. എന്നാൽ മോവാബ്യശിലയിൽ ആലേഫ്, വൗ, യോദ്, എന്നീ അക്ഷരങ്ങളെ വ്യഞ്ജനമായും സ്വരമായും ഉപയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.