പെന്തെകൊസ്തു പെരുനാൾ

പെന്തെകൊസ്തു പെരുനാൾ

മൂന്നു വാർഷിക മഹോത്സവങ്ങളിൽ രണ്ടാമത്തേതാണ് പെന്തെകൊസ്ത്. (പുറ, 23:16, ലേവ്യ, 23:15-22, സംഖ്യാ, 28:26-31, ആവ, 16:9-12). മറ്റു രണ്ടു മഹോത്സവങ്ങൾ പെസഹയും കൂടാരപ്പെരുനാളും ആണ്. പെന്തെകൊസ്തു പെരുന്നാൾ മൂന്നുപേരുകളിൽ അറിയപ്പെടുന്നു. ഒന്ന്; വാരോത്സവം: (പുറ, 34:22, സംഖ്യാ, 28:26, ആവ, 16:10,16, 2ദിന, 8:13). പെസഹ കഴിഞ്ഞ് അമ്പതാം ദിവസം ആണ് ഈ ഉത്സവം ആഘോഷിക്കുന്നത്. അതിനാലാണ് അമ്പതാം ദിവസം എന്ന അർത്ഥത്തിൽ ഈ പേരു ലഭിച്ചത്. (ലേവ്യ, 23:15-16). രണ്ട്; കൊയ്ത്തു പെരുനാൾ: (പുറ, 23:16). മൂന്ന്; ആദ്യഫല ദിവസം: (സംഖ്യാ, 28:26). പുതിയ ധാന്യം കൊണ്ടുള്ള ആദ്യത്തെ അപ്പങ്ങൾ യാഗപീഠത്തിൽ അർപ്പിച്ചതിനാലാണ് ഈ പേരുണ്ടായത്. സീവാൻ മാസം (മെയ്/ജൂൺ) ആറാം തീയതിയാണ് പെന്തെകൊസ്ത്. പെസഹയ്ക്കു ശേഷം നീരാജനക്കറ്റ അർപ്പിക്കുന്നതിന്റെ ഏഴ് ആഴ്ചയ്ക്കുശേഷമാണിത്. ഉത്സവത്തിന്റെ ദൈർഘ്യം ഒരു ദിവസം മാത്രമാണ്. (ആവ, 16:9-12). ഇതു ഗോതമ്പു കൊയ്ത്ത്തിന്റെ സമാപനത്തെക്കുറിക്കുന്നു.

ഉല്പത്തിയും പ്രാധാന്യവും: ചരിത്രപരമായ എന്തെങ്കിലും പ്രാധാന്യം ഈ ഉത്സവത്തിനുണ്ടോ എന്ന് ബൈബിൾ വ്യക്തമാക്കുന്നില്ല. എന്നാൽ ആ സമയത്തു അവസാനിക്കുന്ന കൊയ്ത്തിനോടു പെന്തെകൊസ്തിന്റെ ഉത്ഭവം ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാം. പ്രാചീനകാലത്തു വിജാതീയർ ധാന്യങ്ങളും മൃഗങ്ങളുടെ കടിഞ്ഞൂലുകളും ദേവന്മാർക്കു അർപ്പിച്ചു ആരാധിച്ചിരുന്നു. എന്നാൽ യെഹൂദന്മാർ യഹോവയ്ക്ക് തങ്ങളുടെ ആദ്യവിളവു നല്കി ആരാധിച്ചു. കുറഞ്ഞ പക്ഷം ക്രിസ്തുവിന്റെ കാലംതൊട്ടെങ്കിലും പെസഹയുമായി ബന്ധപ്പെടുത്തി സീവാൻ 6-ാം തീയതിയെ പത്തുകല്പനകൾ നല്കിയ ദിവസമായി യെഹൂദന്മാർ സ്മരിക്കുന്നു. പുറപ്പാടിനുശേഷം അമ്പതാം ദിവസമാണ് കല്പന നല്കിയതെന്നു പുറപ്പാട് 19-ൽ നിന്നും വ്യക്തമാണ്. കല്പന നല്കിയതും പെന്തെകൊസ്ത് പെരുനാളും തമ്മിൽ ഒരു ബന്ധം ഉണ്ടെന്നു ആവർത്തനം 16:12-ൽ കാണുന്ന ന്യായപ്രമാണചട്ടങ്ങളുടെ ആചരണ കല്പനയിൽ നിന്നും അനുമാനിക്കാവുന്നതാണ്.

ഉത്സവത്തിന്റെ കാലം: പെസഹയുടെ ശബ്ബത്തിന്റെ പിറ്റെന്നാൾ മുതൽ അമ്പതാം ദിവസം ആണ് പെന്തകൊസ്ത് ആചരിക്കേണ്ടതു. (ലേവ്യ, 23:11,15,16). അല്ലെങ്കിൽ വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതു മുതൽ ഏഴു ആഴ്ചവട്ടം എണ്ണി വാരോത്സവം ആചരിക്കണം. (ആവ, 16:9). ഉത്സവം ആഘോഷിക്കുന്നതിനുള്ള തീയതിയുമായി ബന്ധപ്പെട്ട ശബ്ബത്തിന്റെ അർത്ഥം പണ്ടു മുതലക്കെ വിവാദവിഷയമാണ്. സദൂക്യരും ക്രിസ്തുവർഷം എട്ടാം നൂറ്റാണ്ടു മുതലുള്ള കറാത്യരും ശബ്ബത്തിനെ ആഴ്ചയിലെ ഏഴാമത്തെ ദിവസമായി കരുതി. തന്മൂലം പെന്തെകൊസ്ത് എല്ലായ്പ്പോഴും ആഴ്ചയുടെ ഒന്നാം നാൾ വരുന്നതിനു ഇടയായി. ലേവ്യർ 23:15-22-നെ വ്യാഖ്യാനിച്ചു കൊണ്ടു കീലും ഡെലിറ്റ്ഷും എഴുതി: ‘ശബ്ബത്തുക്കൾ’ (വാ.15) ആഴ്ചകളെക്കുറിക്കുന്നു. തൽഫലമായി ഏഴാമത്തെ ശബ്ബത്തിനു ശേഷമല്ല ഏഴാമത്തെ ആഴ്ചയുടെ പിറ്റെദിവസമാണ് ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾ (വാ,16). അതിനാൽ രണ്ടാം ദൈവാലയത്തിന്റെ കാലത്തു യെഹൂദന്മാർ നീസാൻ 16-നു ശേഷമുള്ള അമ്പതാം ദിവസം പെന്തെകൊസ്ത് ആയി ആചരിച്ചു. ലേവ്യർ 23:15-22-ലെ നിർദ്ദേശം അതു തന്നേ. യെഹൂദാനിയമം അനുസരിച്ച് അമ്പതാം ദിവസം സിവാൻ 5,6,7 എന്നീ തീയതികളിൽ ഏതെങ്കിലും ഒന്നിൽ ആയിരിക്കും.

ആചരണം: പെന്തെകൊസ്തു ദിവസം ഒരു വിശുദ്ധസഭായോഗം ഉണ്ടായിരിക്കണമെന്നു ന്യായപ്രമാണം അനുശാസിക്കുന്നു. അന്നു യാതൊരു ജോലിയും ചെയ്യാൻ പാടില്ല. യിസ്രായേൽ സഭയിലെ കഴിവുള്ള എല്ലാവരും വിശുദ്ധസ്ഥലത്തു സന്നിഹിതരാകുകയും ഒരു പ്രത്യേകയാഗം നടത്തുകയും വേണം. (ലേവ്യ, 23:15-22, സംഖ്യാ, 28:26-31). അർപ്പിക്കേണ്ട യാഗങ്ങൾ ഇവയാണ്: ഒന്ന്; ഭോജനയാഗം, പാനീയയാഗം എന്നിവയോടൊപ്പം പ്രഭാതയാഗവും സന്ധ്യായാഗവും. രണ്ട്; ഏഴു ചെമ്മരിയാട്ടിൻകുട്ടികൾ, ഒരു കാളക്കുട്ടി, രണ്ടു മുട്ടാട് എന്നിവയുടെ ഭോജനയാഗത്തോടും പാനീയയാഗത്തോടും കൂടിയ ഒരു ഹോമയാഗം. (ലേവ്യ, 23:18, സംഖ്യ, 28:26). മൂന്ന്; നീരാജനത്തിനു രണ്ടിടങ്ങഴി മാവു കൊണ്ടുള്ള രണ്ടപ്പം കൊണ്ടുവരണം. അതു നേരിയ മാവുകൊണ്ടും പുതിയധാന്യംകൊണ്ടും ഉള്ളതായിരിക്കണം. (ലേവ്യ, 23:17). നാല്; അപ്പത്തോടുകൂടെ ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും രണ്ടു ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കണം. മുമ്പുള്ള ഏഴു ആഴ്ചകളിൽ ശേഖരിച്ച കൊയ്തത്തിന്റെ നന്ദിസൂചകമായി ആദ്യഅപ്പം രണ്ട് ആട്ടിൻകുട്ടിയോടൊപ്പം (സമാധാനയാഗം) നീരാജനത്തോടെ യഹോവയുടെ മുമ്പിൽ അർപ്പിക്കും. “നീരാജനത്തിനായി രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം” (ലേവ്യ, 23:17) എന്നതിന് എല്ലാ ഗൃഹനാഥന്മാരും രണ്ടപ്പം കൊണ്ടുവരണമെന്നല്ല പ്രത്യുത, എല്ലാ ജനത്തിനും വേണ്ടിയാണ് ഈ രണ്ടപ്പം സമർപ്പിക്കുന്നത് എന്നാണു അർത്ഥം. ‘നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നും’ എന്നതിന്റെ അർത്ഥം സ്വന്തം ആവശ്യത്തിനു ഉണ്ടാക്കിയ അപ്പം എന്നാണ്. ഒരു ശുദ്ധ ഉദ്ദേശ്യത്തിനു പ്രത്യേകം നിർമ്മിച്ച അപ്പമായിരിക്കരുത്. ദൈവത്തിൽ നിന്നും ലഭിച്ച അനുഗ്രഹങ്ങളുടെ ആനുപാതികമായി ഓരോ വ്യക്തിയും സ്വമേധാദാനങ്ങൾ അർപ്പിക്കണം. ഇവ ഹോമയാഗമോ, പാനീയയാഗമോ, ഭോജനയാഗമോ ആകാം. (ആവ, 16:10). പുത്രനും പുത്രിയും ദാസനും ദാസിയും ലേവ്യനും പരദേശിയും അനാഥനും വിധവയുംസന്തോഷിക്കുന്ന സമയമാണ് ഈ ഉത്സവകാലം. (ആവ, 16:11). യിസ്രായേൽ ഈജിപ്റ്റിൽ അടിമയായിരുന്നത് ഓർക്കുന്നതിനും ന്യായപ്രമാണം അനുസരിക്കുന്നതിനും ഉള്ള സമയമാണിത്. (ആവ, 16:12).

ബാബേൽ പ്രവാസാനന്തരം പെന്തെകൊസ്ത് ആചരിച്ചത് ഇപ്രകാരമാണ്: മറ്റുത്സവങ്ങളെക്കാളും പെന്തെകൊസ്തിന് ദൂരസ്ഥലങ്ങളിലുള്ള യെഹൂദന്മാർ യെരുശലേമിലേക്കു വന്നിരുന്നു. (അപ്പൊ, 2:9-11). പെന്തെകൊസ്തിനു തലേനാൾ തീർത്ഥാടകർ യെരൂശലേമിൽ പ്രവേശിക്കും. വിശുദ്ധ സഭായോഗത്തിന്റെ സാമീപ്യം വൈകുന്നേരത്ത് കാഹളം ഊതി വിളംബരം ചെയ്യും. ആദ്യയാമത്തിൽ യാഗപീഠം ശുദ്ധീകരിക്കുകയും അർദ്ധരാത്രിക്കുശേഷം ആലയത്തിന്റെ കവാടങ്ങൾ തുറന്നിടുകയും ചെയ്യും. പ്രഭാത യാഗത്തിനുമുമ്പു ജനങ്ങൾ കൊണ്ടുവരുന്ന എല്ലാ ഹോമ സമാധാന യാഗങ്ങളെയും പുരോഹിതൻ പരിശോധിക്കും. യാഗങ്ങളുടെ ക്രമം താഴെപറയുന്നതാണ്: ഒന്ന്; നിരന്തരമായ പ്രഭാതയാഗം. രണ്ട്; നിർദ്ദേശിച്ചിട്ടുള്ള ഉത്സവയാഗങ്ങൾ. (സംഖ്യാ, 28:26-30). ലേവ്യരുടെ ഹല്ലേൽ പാടൽ. ഇതിൽ ജനങ്ങളും പങ്കെടുക്കും. മൂന്ന്; ആദ്യഅപ്പം: ഈ അപ്പം താഴെപ്പറയുന്ന വിധമാണ് തയ്യാറാക്കുന്നത്. മൂന്നു സേയാ പുതിയ ഗോതമ്പ് ആലയത്തിൽ കൊണ്ടുവന്നു പൊടിച്ചു പന്ത്രണ്ടു അരിപ്പയിലൂടെ കടത്തിവിടും. അവശിഷ്ടം വീണ്ടെടുത്ത് ആർക്കും കഴിക്കാം. ഓരോ അപ്പത്തിനും 12 സേയാ മാവു പ്രത്യേകം എടുക്കാൻ ശ്രദ്ധിക്കും. നേരിയ ചൂടുള്ള വെള്ളത്തിൽ പ്രത്യേകം കുഴയ്ക്കുകയും ആലയത്തിൽ വച്ചു തന്നെ പ്രത്യേകമായി ചുടുകയും ചെയ്യും. ഉത്സവത്തിനു മുമ്പുള്ള വൈകുന്നേരത്തോ അതു ശബ്ബത്താണ് എങ്കിൽ രണ്ടു വൈകുന്നേരങ്ങൾക്കു മുമ്പോ അപ്പം ഉണ്ടാക്കണം.രണ്ടു ആട്ടിൻകുട്ടിയോടൊപ്പം ഈ അപ്പം നീരാജനാർപ്പണത്തിന്റെ ഭാഗമായി മാറുന്നു. നാല്; സ്വമേധാദാനങ്ങൾ കുടുംബത്തിന്റെ ഭക്ഷണമാണ്. അതിലേക്കു ലേവ്യൻ, വിധവ, പരദേശി, അനാഥൻ, ദരിദ്രൻ എന്നിവരെ ക്ഷണിക്കുന്നു.

യെഹൂദ്യ ഉത്സവമായ പെന്തെകൊസ്ത് ക്രൈസ്തവമായി തീർന്നതിന്റെ അടിസ്ഥാനം അപ്പൊസ്തല പ്രവൃത്തികൾ 2-ലെ സംഭവങ്ങളാണ്. അതോടുകൂടി ക്രിസ്തുവിന്റെ ശരീരമായ സഭയുടെ രൂപീകരണത്തിനുവേണ്ടി പരിശുദ്ധാത്മാവു അവരോഹണം ചെയ്തതിന്റെ നിഴലായി പെന്തകൊസ്തു പെരുന്നാൾ മാറി. ആദ്യഫലക്കറ്റ ചൂണ്ടിക്കാണിക്കുന്നതു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയാണ്. അതിന്റെ അമ്പതാം ദിവസമാണ് പെന്തെകൊസ്ത്. ആദികാലത്തു പെന്തെകൊസ്തനാളിൽ സ്നാനപ്പെടുന്നവർ ശുഭവസ്ത്രം ധരിച്ചിരുന്നു. അതിനാൽ ഈ ഞായറാഴ്ചയെ ശുഭഞായർ (White Sunday) എന്നു വിളിച്ചു. പെന്തെകൊസ്തിനു രണ്ടിടങ്ങഴി മാവുകൊണ്ടുള്ള രണ്ടപ്പമാണ് നീരാജനം ചെയ്യേണ്ടത്. അവ നേരിയ മാവു കൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതുമാണ്. പെന്തെകൊതിനു പുളിമാവു ദൈവാലയത്തിൽ സ്വീകാര്യമാണു. പുളിമാവു കൊണ്ടുണ്ടാക്കിയ രണ്ടു അപ്പം സഭയുടെ ഇരു ഘടകങ്ങളായ യെഹൂദന്മാരെയും ജാതികളെയും ചൂണ്ടിക്കാണിക്കുന്നു. സഭ തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ദുഷ്ടതയും തിന്മയുമായ പുളിപ്പു സഭയിലുണ്ട്. (മത്താ, 13:33). എന്നാൽ ഈ പുളിപ്പു ചുടപ്പെട്ടതാണ്. വീണ്ടെടുക്കപ്പെട്ടവരിലുള്ള പാപം ക്രിസ്തുവിൽ വിധിക്കപ്പെട്ടു എന്ന സത്യം ഇതു വെളിവാക്കുന്നു.

Leave a Reply

Your email address will not be published.