പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും

പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്നാണ് പൗലൊസ് അപ്പൊസ്തലൻ പറയുന്നത്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). ഈ വേദഭാഗത്ത്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും ഉണ്ടെന്ന് പറഞ്ഞിരിക്കയാൽ, പിതാവും പുത്രനും ഒരുപോലെ ദൈവമാണെന്ന് ക്രൈസ്തവ സഭയിലെ ഭൂരിപക്ഷംപേരും വിശ്വസിക്കുന്നു. അതിലെ സത്യാവസ്ഥ മനസ്സിലാക്കാൻ ആദ്യം നമുക്ക് പിതാവായ ദൈവത്തെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നുവെന്ന് നോക്കാം:

പഴയപുതിയനിയമങ്ങൾ വെളിപ്പെടുത്തുന്ന ദൈവം ത്രിത്വമല്ല; ഏകനാണ്. ദൈവം ഏകനാണ് എന്നതാണ് കല്പനകളിൽ ഒന്നാമത്തെ കല്പന. “യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.” (പുറ, 20:2-3; ആവ, 5:6-7). കല്പന ശ്രദ്ധിക്കുക: ഞങ്ങൾ നിൻ്റെ ദൈവമാകുന്നു എന്ന് ബഹുവചനത്തിലല്ല; ഞാൻ നിൻ്റെ ദൈവമാകുന്നു എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. യെഹൂദൻ്റെ പ്രസിദ്ധമായ ഷ്മ പ്രഖ്യാപനവും അതുതന്നെയാണ്. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യെഹുദന്മാർക്ക് ദൈവത്തെ അറിയില്ലായിരുന്നു എന്ന് പഠിപ്പിക്കുന്ന പാസ്റ്റർമാരും മൂപ്പന്മാരും പണ്ഡിതന്മാരുമുണ്ട്. യഥാർത്ഥത്തിൽ ഇപ്പറയുന്നവർക്ക് യെഹൂദനെ അറിയില്ല എന്നതാണ് വസ്തുത. യെഹൂദൻ്റെ വിശേഷത എന്താണെന്ന് പഴയപുതിയനിയമങ്ങളിൽ പറഞ്ഞിട്ടുണ്ട്: “അവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവൻ  ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ.” (സങ്കീ, 147:19,20). യെഹൂദൻ്റെ പ്രധാന വിശേഷതയെപ്പറ്റി പൗലൊസും പറഞ്ഞിട്ടുണ്ട്: “സകലവിധത്തിലും വളരെ ഉണ്ട്. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നത് തന്നേ.” (റോമർ 3:2. ഒ.നോ: 9ൻ്റെ4). ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർക്ക് ദൈവത്തെ അറിയില്ലെങ്കിൽ, നമുക്ക് യിസ്രായേലിൻ്റെ ദൈവത്തെയും അവൻ അവർക്കുകൊടുത്ത അവൻ്റെ വചനത്തെയും നമ്മൾ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് സമ്മതിക്കേണ്ടിവരും. യെഹൂദാഗോത്രത്തിൽ കന്യകയിൽനിന്ന് ജനിച്ച പരിശുദ്ധനായ ഒരു യെഹൂദൻ ഉണ്ടായിരുന്നു. അവനാണ് നമ്മുടെ കർത്താവായ ക്രിസ്തു. അവനോട്, ഒരു ശാസ്ത്രി വന്നിട്ട് എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചു. അപ്പോൾ, യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ഏകൻ എന്ന പ്രയോഗത്തിന് ബഹുത്വമുണ്ടെന്നാണ് പലരുടെയും ദൂർവാദം. എന്നാൽ, ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധേയമാണ്: ഏകനേയുള്ളൂ; എന്ന് പറഞ്ഞശേഷം, അവർ അല്ലാതെ എന്ന് ബഹുവചനത്തിലല്ല; അവൻ അല്ലാതെ എന്ന് ഏകവചനത്തിൽ പറഞ്ഞശേഷം, മറ്റൊരുത്തനുമില്ല എന്ന് വീണ്ടും ഏകവചനത്തിൽ പറഞ്ഞുകൊണ്ട് എല്ലാ ദുർവാദങ്ങളെയും ശാസ്ത്രി ഖണ്ഡിച്ചുകളയുകയാണ്. യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: അവൻ  ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). അതായത്, ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നവരല്ല; ഏകനാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവർ.

ദൈവം ഏകനാണെന്നത് കേവലം ഒരരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം, ഏകൻ ആണെന്നതും, അവനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും, നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും, വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും, നമ്മുടെ മക്കൾക്ക്, ഉപദേശിച്ചു കൊടുക്കേണ്ടതും, ഒരു അടയാളമായി നമ്മുടെ കൈയ്യിൽ കെട്ടേണ്ടതും, ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും, വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9). ഇത്, യഹോവയായ ദൈവവും മോശെ മുതൽ മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14).

ഇത്രയ്ക്കും സ്ഫടികസ്ഫുടമായി ദൈവാത്മാവിനാൽ, രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കിലും, ദൈവം ഏകനല്ല; ദൈവത്തിനൊരു ബഹുത്വമുണ്ട്, അല്ലെങ്കിൽ, ദൈവത്തിൽ ഒരു ബഹുത്വമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് അനേകരും. ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ ശക്തമായ ഒരു തെളിവ് തരാം: കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ്, റാഖ്, അഖ് തുടങ്ങിയ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 12:24). എന്നാൽ, അതിൽ ശ്രദ്ധേയമായ ഒരുകാര്യമുണ്ട്. ബാദ്, ബദാദ് തുടങ്ങിയ എബ്രായ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന സ്ഥാനത്ത്, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് പുതിയനിയമത്തിൽ 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ദൈവം ത്രിത്വമാണെന്ന് സ്ഥാപിക്കാൻ ആർക്കും കഴിയില്ല.

ക്രൈസ്തവ സഭയിൽ ദുരുപദേശങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്തതുകൊണ്ട്, മൂന്ന് യഹോവയുണ്ടെന്ന് പഠിപ്പിക്കുന്ന പാസ്റ്റർമാരും മൂപ്പന്മാരും പണ്ഡിതന്മാരുമുണ്ട്. തന്മൂലം, യഹോവ ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ തെളിവുകൾ ആദ്യം നോക്കാം. ബൈബിളിലെ ആദ്യപ്രയോഗം പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെ ഫറവോനോട് പറയുന്നതാണ്: ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല (there is none like unto the LORD our God) എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ; (പുറ, 8:10). മൂന്ന് യഹോയുണ്ടെങ്കിൽ, ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് ഏകവചനത്തിൽ പറയുമോ; യഹോവമാരെപ്പോലെ ആരുമില്ലെന്ന് ബഹുവചനത്തിൽ പറയുമോ? ഭാഷയ്ക്കൊരു വ്യാകരണമുണ്ട്. അതിനെ അതിലംഘിക്കുമ്പോഴാണ് ദുരുപദേശം ജനിക്കുന്നത്. അടുത്തവാക്യം, ഒന്നാം കല്പനയാണ്: യഹോവയായ ഞാൻ നിൻ്റെ ദൈവം ആകുന്നു. ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. (പുറ, 20:2-3; ആവ, :5:6-7). മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതെന്ന് ഏകവചനത്തിൽ, അതിൽ ഒരു യഹോവ പറയുമോ? അതായത്, മൂന്ന് യഹോവയുണ്ടെങ്കിൽ, ഒന്നാം കല്പനപ്രകാരം അതിൽ രണ്ടുപേർ അന്യദൈവങ്ങൾ അഥവാ, വ്യാജദൈവങ്ങളാണെന്നാണ് ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം മനസ്സിലാക്കേണ്ടത്. അടുത്തവാക്യം, യെഹൂദൻ്റെ ഷ്മാ പ്രഖ്യാപനമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). ഇവിടെയും, യഹോവ മൂന്നുപേരെന്നല്ല; യഹോവ ഏകൻ തന്നേ എന്നാണ് പറയുന്നത്. പുതിയനിയമത്തിൽ, നമ്മുടെ കർത്താവായ ക്രിസ്തുവും ശാസ്ത്രിയും അക്കാര്യം സ്ഥിരീകരിച്ചത് തുടക്കത്തിൽ നാം കണ്ടതാണ്. (മർക്കൊ, 12:29,32). അടുത്തവാക്യം, ഹിസ്ക്കിയാ രാജാവിൻ്റെ പ്രാർത്ഥനയാണ്: യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). പ്രാർത്ഥനയുടെ അടുത്തഭാഗത്ത് വീണ്ടും പറയുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം.” (2രാജാ, 19:19. ഒ.നോ: യെശ, 37:16,20). യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഖണ്ഡിതമായിട്ടാണ് പറയുന്നത്. അതായത്, മൂന്ന് യഹോവ ഉണ്ടെന്ന് പറയുന്നവർ, അതിൽ രണ്ട് യഹോവ ദൈവമല്ലാത്ത ഡെമ്മികൾ ആണെന്നാണ് പറയുന്നത്. നെഹെമ്യാവ് പറയുന്നു: “നീ, നീ മാത്രം യഹോവ ആകുന്നു.” (9:6). മൂന്ന് യഹോവയുണ്ടെങ്കിൽ, നീ, നീ മാത്രം യഹോവ ആകുന്നു എന്ന് ഏകവചനത്തിൽ ഖണ്ഡിതമായി പറയുമോ? ബൈബിൾ എഴുത്തുകാരൊക്കെ മണ്ടന്മാരായിരുന്നോ? അതോ, അവരിലൊക്കെ വ്യാപരിച്ചിരുന്നത് ദുരാത്മാവാണോ? ഇയ്യോബ് പറയുന്നു: “അവൻ തനിച്ചു (alone) ആകാശത്തെ വിരിക്കുന്നു.” (ഇയ്യോ, 9:8). മൂന്ന് യഹോവ ഉണ്ടായിട്ട്, അതിൽ ഒരു യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയത്. അക്കാര്യം യെശയ്യാവും പറഞ്ഞിട്ടുണ്ട്. (യെശ, 44:24). ദാവീദ് പറയുന്നു: “താൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി (Who only doeth wondrous things) യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സങ്കീ, 72:18). ഒരുത്തൻ മാത്രമാണ് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന യഹോവയെന്നാണ് ദാവീദ് പറയുന്നത്. ദാവീദിൻ്റെ അടുത്തവാക്യം: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (whose name alone is JEHOVAH) സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). യഹോവയെന്ന നാമം ഒരുത്തനുമാത്രമേ ഉള്ളെന്ന് ഖണ്ഡിതമായാണ് ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് രാജാവ് പറയുന്നത്. (പ്രവൃ, 13:22). ഇനി യഹോവ പറയുന്നത് കേൾക്കുക: ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശ, 42:8). ഞങ്ങൾ യഹോവ എന്നല്ല; ഞാൻ യഹോവ, എൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കില്ല. അടുത്തവാക്യം: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). രക്ഷിതാവായ ഒരു യഹോവ മാത്രമേയുള്ളു. അടുത്തവാക്യം: സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല. (യെശ, 44:6). യഹോവയായ ഏകദൈവം പറയുന്നു: താൻ ഒരുത്തൻ മാത്രമാണ് മഹത്വത്തിന് യോഗ്യൻ, താൻ ഒരുത്തൻ മാത്രമാണ് രക്ഷിതാവ്, താൻ ഒരുത്തൻ മാത്രമാണ് ദൈവം. മൂന്ന് യഹോയുണ്ടെന്ന് പറയുന്നവർക്ക് സന്തോഷമായോ? ത്രിത്വത്തിലെ മൂന്ന് പേരും യഹോവയാണെന്ന് പറയുന്ന നിങ്ങളുടെ ദുർവ്യാഖ്യാനപ്രകാരം, ത്രിത്വത്തിലെ രണ്ടുപേർ, മഹത്വത്തിന് യോഗ്യരല്ലാത്തവരും, രക്ഷിക്കാൻ കഴിയാത്തവരും, ദൈവമല്ലാത്തവരുമാണ്. ഇതുപോലെ അനവധി വാക്യങ്ങളുണ്ട്. (ആവ, 32:39; സങ്കീ, 40:5; 84:10; 89:6; 136:4; യെശ, 2:11; 45:5,18; 21,22; 46:5,9; യിരെ, 50:4; മീഖാ, 7:18). മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ യഥാർത്ഥത്തിൽ ആത്മാവിനെതിരെ ദൂഷണം പറയുകയാണ് ചെയ്യുന്നത്.

അഭിനവ പണ്ഡിതന്മാരുടെ ദുർവ്യാഖ്യാനപ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും യഹോവയാണ്. എന്നാൽ, ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിളിൽ, പിതാവായ ഒരേയൊരു യഹോയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇനി നമുക്ക്, പിതാവായ യഹോവയെക്കുറിച്ച് നോക്കാം. ആദ്യം പഴയനിയമത്തിൽ നോക്കാം: “ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6). ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും മുകളിൽ നാം കണ്ടതാണ്. ആ ഒരുത്തൻ മാത്രമായ ദൈവമായ യഹോവയാണ് പിതാവെന്നാണ് ദൈവപുരുഷനായ മോശെ പറയുന്നത്. അടുത്തവാക്യം: പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. (1ദിന, 29:10). യിസ്രായേലിൻ്റെ ദൈവമായ ഒരേയൊരു യഹോവയാണ് അവരുടെ പിതാവെന്നാണ് ദാവീദ് രാജാവ് പറയുന്നത്. അടുത്തവാക്യം: “നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു;” (യെശ, 63:16). യെശയ്യാവിൻ്റെ അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). ഏകദൈവമായ യഹോവ തന്നെയാണ് പിതാവെന്നാണ് യെശയ്യാവും വ്യക്തമാക്കുന്നത്. അടുത്തവാക്യം: “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ.” (മലാ, 1:6). മലാഖിയുടെ അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). ഒരു ദൈവവും പിതാവുമേയുള്ളു; അവൻ്റെ പേരാണ് യഹോവ. ഇനി, യഹോവയായ ഏകദൈവം പറയുന്ന ഒരു വാക്യമുണ്ട്; “ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.” (യിരെ, 31:9). അതായത്, ഏകദൈവമായ യഹോവ തന്നെയാണ് പിതാവെന്നാണ് മേല്പറഞ്ഞ വേദഭാഗങ്ങൾ വ്യക്തമാകുന്നത്.

ഇനി നമുക്ക് പുതിയനിയമത്തിൽ നോക്കാം: “ഏകസത്യദൈവമായ നിന്നെയും അഥവാ, പിതാവിനെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:1-3). ഇത് മറ്റാരും പറയുന്നതല്ല നമ്മുടെ കർത്താവായ യേശുക്രിസ്തു പറയുന്നതാണ്. ഒന്നുകൂടി ശ്രദ്ധിച്ചാൽ കർത്താവ് നമ്മോട് എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാകും. ഏകസത്യദൈവം പിതാവാണ് (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നാണ് അവൻ പറഞ്ഞത്. യെഹൂദന്മാർ പറയുന്നത് നോക്കുക: “ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.” (യോഹ, 8:41). ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദന്മാർക്ക് ഒരേയൊരു ദൈവമേയുള്ളു; അതാണ് പിതാവായ യഹോവ. പൗലൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). അടുത്തവാക്യം: “എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). പിതാവായ ഏകദൈവമേ നമുക്കുള്ളു; ദൈവവും പിതാവുമായവൻ ഒരുവനേയുള്ളു എന്നാണ് പൗലൊസ് പറയുന്നത്. എബ്രായലേഖകൻ പറയുന്നത് നോക്കുക: “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്.” (എബ്രാ, 2:11). വിശുദ്ധീകരിച്ച യേശുവിൻ്റെയും വിശുദ്ധീകരിക്കപ്പെട്ട നമ്മുടെയും പിതാവ് ഒരുവനാണെന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവും ദൈവമാണെന്ന് പറയുന്നവർ ഇങ്ങനെയും ചില വാക്യങ്ങൾ ബൈബിളിലുണ്ടെന്ന് മനസ്സിലാക്കുക. ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും അവൻ തന്നെയാണ് പിതാവായ ഏകദൈവമെന്നും സ്ഫടികസ്ഫുടമായാണ് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്.

ഇനി, പുതിയനിയമത്തിലെ അതിപ്രധാനമായ ഒരു കാര്യം കാണിക്കാം: പിതാവായ ദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവുമായവൻ എന്നിങ്ങനെ യോഹന്നാൻ 6:27-മുതൽ വെളിപ്പാട് 1:6-വരെ, 42 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മാവായ ദൈവമെന്നോ ഒരു പ്രയോഗം ബൈബിളിൽ കാണാൻ കഴിയില്ല. അടുത്തത്: സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11-13-വരെ ഇരുപത്തഞ്ചുപ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പിതാവെന്നല്ലാതെ, സ്വർഗ്ഗസ്ഥനായ പുത്രനെന്നോ, സ്വർഗ്ഗസ്ഥനായ പരിശുദ്ധാത്മാവെന്ന ഒരു പ്രയോഗം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. എന്തെന്നാൽ, പിതാവായ ഏകദൈവമേ നമുക്കുള്ളു. ഈ വസ്തുത, യഹോവയായ ഏകദൈവവും ദൈവത്തിന്റെ ക്രിസ്തുവും പഴയപുതിയനിയമ ഭക്തന്മാരും ഒരുപോലെ വ്യക്തമാക്കിയിരിക്കുന്നതാണ് മുകളിൽ നാം കണ്ടത്.

ദൈവം ഒരുത്തൻ മാത്രമാണെന്നും യഹോവ ഒരുത്തൻ മാത്രമാണെന്നും യഹോവയായ ഏകദൈവമാണ് പിതാവെന്നും നാം കണ്ടു. അതുകൊണ്ടാണ് പൗലൊസ് എഴുതിയിരിക്കുന്നത്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ  മുഖാന്തരം സകലവും അവൻ  മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:5-6). ഈ വേദഭാഗത്തെ ദേവന്മാർ എന്നത് ഗ്രീക്കിൽ ദൈവങ്ങൾ (theoi – gods) ആണ്. യഥാർത്ഥത്തിൽ, ഈ വാക്യം ശ്രദ്ധയോടെ വായിച്ചാൽത്തന്നെ പിതാവല്ലാതെ മറ്റൊരു ദൈവം ഇല്ലെന്ന് ആർക്കും മനസ്സിലാകും. ദൈവങ്ങളെന്ന പേരിൽ ലോകത്തിൽ പലരുമുണ്ടെങ്കിലും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ഖണ്ഡിതമായിട്ടാണ് പൗലൊസ് പറഞ്ഞിരിക്കുന്നത്. എങ്കിലും, പ്രസ്തുത വാക്യത്തിലെ, പിതാവും പുത്രനും രണ്ടുപേരും ദൈവമാണെന്ന് അനേകർ വിചാരിക്കുന്നു. അതായത്, ഇവിടെപ്പറയുന്ന കർത്താവെന്ന പ്രയോഗത്തിന് ദൈവം എന്നാണ് അർത്ഥമെന്ന് വിചാരിക്കുന്നു. ഈ വേദഭാഗത്ത് കർത്താവെന്ന് പരിഭാഷ ചെയ്തിരിക്കുന്ന Lord എന്ന ഇംഗ്ലിഷ് പദത്തിന്, ദൈവമെന്ന് അർത്ഥമുണ്ട്. എന്നാൽ, ദൈവമെന്ന് മാത്രമല്ല അർത്ഥമുള്ളത്. അധികാരി, അധിപൻ, ഈശ്വരൻ, ഗുരു, ദേവൻ, നാഥൻ, പ്രഭു, ഭരണാധികാരി, ഭർത്താവ്, ഭൂവുടമ, യജമാനൻ, രക്ഷകൻ, രക്ഷിതാവ്, രാജാവ്, സൃഷ്ടികർത്താവ് എന്നൊക്കെ Lord എന്ന വാക്കിന് അർത്ഥമുണ്ട്. പ്രഭു, നാഥൻ, ഇടപ്രഭു, ഉണ്ടാക്കുന്നവൻ, അവകാശി തുടങ്ങിയവ കർത്താവെന്ന മലയാള പദത്തിൻ്റെ പര്യായങ്ങളാണ്. അതായത്, കർത്താവെന്ന പദത്തിന് മലയാളത്തിൽ ദൈവം എന്ന് അർത്ഥമില്ല. കർത്തൃത്വം എന്ന പദത്തിന് അധികാരം എന്നാണ് അർത്ഥം. കർത്തൃത്വം നടത്തുന്നവനാണ് കർത്താവ്. എബ്രായ ബൈബിളിൻ്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിന്റിൽ യഹോവയെന്ന ദൈവനാമത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, കുറിയൊസ് (kyrios) എന്ന പദമാണ്. സെപ്റ്റ്വജിൻ്റിൽ 7,350-തോളം പ്രാവശ്യം കുറിയൊസ് പ്രയോഗിച്ചിട്ടുണ്ട്. അതേ പദം തന്നെയാണ് പുതിയനിയമത്തിലും ഉപയോഗിക്കുന്നത്. കുറിയൊസ് പുതിയനിയമത്തിൽ 750-തോളം പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ ദൈവനാമമായ യഹോവ എന്നർത്ഥത്തിൽ കുറിയൊസ് അഥവാ, കർത്താവ് അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: ഉദാ: (മത്താ, 1:20, 23,24; 4:7,10; ലൂക്കൊ, 1:16,68; പ്രവൃ, 1:24; 2:20,21,25,35). എന്നാൽ, ദൈവം എന്ന അർത്ഥത്തിൽ ഒരിക്കൽപോലും കുറിയൊസ് ഉപയോഗിച്ചതായി കാണുന്നില്ല. ദൈവത്തെ കുറിക്കുന്ന ഗ്രീക്കുപദം തിയൊസ് (theos) ആണ്. (മത്താ, 1:22; 3:9,16; 4:3,4). കുറിയൊസ് എന്ന പദത്തെ ദൈവപുത്രനായ യേശുവിന്, കർത്താവ് (മത്താ, 7:21,22, 8:2,6,21,25), യജമാനൻ (യോഹ, 4:11,15,19; 4:49; 5:7; 20:15). ഗുരു (യോഹ, 13:13,14; 20:18) എന്നൊക്കെ സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിട്ടുണ്ട്. ക്രിസ്തുവിനെ കുറിയൊസ് അഥവാ, കർത്താവെന്ന് വിളിച്ചിരിക്കുന്നത് കർത്തൃത്വം നടത്തുന്നവൻ അഥവാ, അധികാരി എന്ന അർത്ഥത്തിലാണ്. ക്രിസ്തുവാണ് സഭയുടെ തലവൻ അഥവാ, അധികാരി. (എഫെ, 5:23; കൊലോ, 2:10,19).  ഇംഗ്ലീഷിലെ BKJV, BV2000, RNKJV തുടങ്ങിയ ചുരുക്കം ചില പരിഭാഷകളിൽ, പ്രസ്തുത വാക്യത്തിലെ കുറിയൊസിനെ, Master അഥവാ, യജമാനൻ എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. “നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.” (യോഹ, 13:13,14). ഈ വാക്യത്തിലെ കർത്താവ് കുറിയൊസ് ആണ്. ഇവിടെ, താൻ ഗുരുവു ദൈവവും ആണെന്നല്ല; ഗുരുവും യജമാനനും എന്ന ആശയമാണ് ഉള്ളത്. കർത്താവിനെ കുറിക്കുന്ന കുറിയൊസ് ക്രിസ്തുവിന് മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്. ഉപമകളിലെ യജമാനനും (മത്താ, 13:27; 18:25; 24:25), മുന്തിരിത്തോട്ടത്തിൻ്റെ ഉടയവനും (മത്താ, 20:8; 21:40; മർക്കൊ, 12:9) അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, ഉപമയിലെ അപ്പനും (മത്താ, 21:30), അഗ്രിപ്പാ രാജാവും (പ്രവൃ, 25:26), ഫിലിപ്പൊസും (യോഹ, 12:21). പൗലൊസും ശിലാസും (പ്രവൃ, 16:30), അബ്രാഹാമും (1പത്രൊ, 3:6), സ്വർഗ്ഗത്തിലെ മൂപ്പനും (വെളി, 7:14) കുറിയൊസ് ഉപയോഗിച്ചിട്ടുണ്ട്.

ഇനി, നാം അറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പിതാവായ ഏകദൈവവമേ നമുക്കുള്ളു; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട് എന്നാണ് പൗലൊസ് പറയുന്നത്. അതായത്, പിതാവ് ദൈവവും യേശുക്രിസ്തു കർത്താവുമാണ്. ഈ വേദഭാഗത്തെ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, ദൈവം എന്നത് പിതാവിൻ്റെ അഥവാ, യഹോവയുടെ അസ്തിത്വവും, കർത്താവ് എന്നത് യേശുക്രിസ്തുവിൻ്റെ പദവിയുമാണ്. അപ്പോൾ, യേശുക്രിസ്തു ആരാണ്? അവൻ്റെ അസ്തിത്വമെന്താണ്? ഇത് നാം അറിയേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ട്രിനിറ്റിയും യഹോവസാക്ഷികളും ക്രിസ്തുവിനെക്കുറിച്ച് പഠിപ്പിക്കുന്നത് ബൈബിളിൽ നിന്നല്ല; അറിയൂസിൻ്റെ ഉപദേശമാണ്. പിതാവിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രനാണ് ക്രിസ്തുവെന്നാണ് അറിയുസ് പഠിപ്പിച്ചത്. അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ നിഖ്യായിൽ കൂടിയ സുനഹദോസ് അതേ ഉപദേശത്തെ വെള്ളപൂശി പുത്രനെ സർവ്വകാലങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാക്കി. സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവം എന്നാണ് നിഖ്യാ വിശ്വാസപ്രമാണത്തിൽ ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്. ഇതാണ് ത്രിത്വവിശ്വാസത്തിൻ്റെ അടിസ്ഥാനം. ഒരു ജനിച്ച ദൈവവും ഒരു ജനിക്കാത്ത ദൈവവും ട്രിനിറ്റിക്കുണ്ട്. അതായത്, യഹോവസാക്ഷികളുടെ വിശ്വാസപ്രകാരം, ക്രിസ്തു ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം, ദൈവത്തിൽനിന്ന് ജനിച്ച ദൈവമാണ്. ഇതെങ്ങാനും ബൈബിളിലുള്ളതാണോ? എന്നാൽ, ബൈബിൾ എന്ത് പറയുന്നുവെന്ന് നമുക്ക് നോക്കാം:

ദൈവപുത്രനായ യേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16; യിരെ, 10:10). അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ, അവൻ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40,46; 2കൊരി, 5:21). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. അതായത്, നമ്മുടെ ഏകദൈവം ആത്മാവും (യോഹ, 4:24), നമ്മുടെ ഏകകർത്താവ് ദേഹവും ദേഹിയും ആത്മാവുമുള്ള മനുഷ്യനുമാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). ഇനി നമുക്ക് വിശദമായി അറിയാം: കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. (എബ്രാ, 2:9). അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അവൻ ജെൻ്ററില്ലാത്ത ദൈവമോ, ദൂതനോ ആയിരുന്നെങ്കിൽ, എന്തിന് അവനെ പരിച്ഛേദന കഴിക്കണം? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലൂക്കൊ, 2:22-24; ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖാ, 18:5). അനന്തരം, ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും? അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാപ്രവചനം നിവൃത്തിയായത് യോർദ്ദാനിൽ വെച്ചാണെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6). അതിനാൽ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. പ്രവചനംപോലെ, എ,ഡി. 29-ൽ മാത്രം ജനിച്ചവൻ, ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയോ, ആദ്യം ജനിപ്പിച്ചവനോ ആകുന്നത് എങ്ങനെയാണ്?

താൻ ദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുവും അവനോടുകൂടി മൂന്നര വർഷം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണ് (The only God), പിതാവാണ് ഏകസത്യദൈവം (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്നാണ് പുത്രനായ ക്രിസ്തു പറഞ്ഞത്. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; ലൂക്കൊ, 4:8). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് പുത്രൻ പറഞ്ഞു. (യോഹ, 10:29; 14:28; 20:17). താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 6:16; 1തിമൊ, 1:17; യൂദാ, 1:4,24). ദൈവപുത്രനു ഒരു പിതാവും ദൈവവും ഉണ്ടെന്നും (2കൊരി, 1:3; എഫെ, 1:3,17), പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15ൻ്റെ21, 1തിമൊ, 2:6;). താനും തന്നോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്ന അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. യെഹൂദന്മാർ ക്രൂശിച്ചത് ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മനുഷ്യനെയാണ്. (പ്രവൃ, 2:23-24; 2കൊരി, 5:21; 1തിമൊ, 2:6). നിഖ്യാസുനഹദോസ് മുതൽ 1,700 വർഷമായിട്ട് ക്രൈസ്തവർ ക്രൂശിക്കുന്നത് മരണമില്ലാത്ത ദൈവത്തെയാണ്. (1തിമൊ, 6:16)

ഇനി അറിയാനുള്ളത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചവൻ, കേവലം മനുഷ്യൻ ആയിരുന്നോ എന്നാണ്. കന്യകയുടെ ആദ്യജാതനായി ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന മനുഷ്യന്, ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് താൻ പറയുന്നത്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ ശരിയാകും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). ആബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തവന്ന യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷ എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21).

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (മത്താ, 12:28; യോഹ, 3:2; പ്രവൃ, 2:22; 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

ഇനി, നമ്മുടെ ഏകകർത്താവായ യേശുവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നോക്കാം. യേശുക്രിസ്തു എന്ന ഏകകർത്താവ് എന്ന പ്രയോഗത്തിലെ, കർത്താവ് ദൈവമല്ല; കർത്തൃത്വം നടത്തുന്നവൻ അഥവാ, അധികാരി എന്ന അർത്ഥമാണ് ഉള്ളതെന്ന് മുകളിൽ നാം കണ്ടതാണ്. കർത്താവ് അഥവാ, അധികാരി എന്നത് അവൻ്റെ സ്ഥാനപ്പേരാണെന്നും, അവൻ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനായിരുന്നു എന്നും നാം കണ്ടുകഴിഞ്ഞു. ഇനിയും, നമ്മുടെ കർത്താവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി അറിയാം:

1. പിതാവായ ഏകദൈവമെ നമുക്കുള്ളു; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട് എന്നാണ് പൗലൊസ് പറയുന്നത്. ഭാഷാപരമായി ഈ പ്രയോഗം, നമുക്ക് രണ്ട് ദൈവമുണ്ടെന്നോ, രണ്ടുപേരും ദൈവമാണെന്നോ സൂചന നല്കുന്നില്ല. ഉദാഹരണത്തിന്; ഒരു സഭയിൽ വർഗ്ഗീസെന്നും ജോസെഫെന്നും പേരുള്ള രണ്ട് പാസ്റ്ററുമാർ ഉണ്ടെന്നിരിക്കട്ടെ. നമുക്ക് വർഗ്ഗീസെന്ന ഏക പാസ്റ്ററേയുള്ളു, എന്ന് പറഞ്ഞശേഷം, ജോസെഫെന്ന ഏക പാസ്റ്ററും നമുക്കുണ്ടെന്ന് ആരെങ്കിലും പറയുമോ? അറിവില്ലാതെ ആരെങ്കിലും പറയുമായിരിക്കും. എന്നാൽ, ഭാഷാപരമായി ആ പ്രയോഗം തെറ്റാണ്. ഒന്നെങ്കിൽ, നമുക്ക് രണ്ട് പാസ്റ്റർ ഉണ്ടെന്ന് പറയും. അല്ലെങ്കിൽ, നമുക്ക് വർഗ്ഗീസെന്ന ഒരു പാസ്റ്ററും, ജോസേഫെന്ന മറ്റൊരു പാസ്റ്ററും ഉണ്ടെന്ന് പറയും. അതുമല്ലെങ്കിൽ, വർഗ്ഗീസെന്ന സീനിയർ പാസ്റ്ററും ഒരു ജൂനിയർ പാസ്റ്ററും ഉണ്ടെന്ന് പറയും. പ്രത്യുത, വർഗ്ഗീസെന്ന ഏക പാസ്റ്ററേ നമുക്കുള്ളു എന്ന് പറഞ്ഞശേഷം, ജോസെഫെന്ന ഏക സെക്രട്ടറിയും നമുക്കുണ്ടെന്ന് പറഞ്ഞാൽ, രണ്ടുപേരും പാസ്റ്റർമാർ ആണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ടാണ്, പലരും ഉപദേശം ഉണ്ടാക്കുന്നത്. പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പറഞ്ഞാൽ, രണ്ടുപേരും ദൈവം ആണെന്നല്ല അർത്ഥം. അഞ്ചാം വാക്യംകൂടി ചേർത്ത് വായിച്ചാൽ, ഉത്തരം അവിടെത്തന്നെയുണ്ട്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു” എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. (1കൊരി, 8:5-6). അതായത്, ഈ പ്രപഞ്ചത്തിൽ ഒരേയൊരു സത്യദൈവമേയുള്ളു, അവനാണ്, യഹോവ അഥവാ, പിതാവായ ഏകദൈവം. (യോഹ, 17:3). അപ്പോൾ, ഏകകർത്താവായ യേശുക്രിസ്തു ആരാണ്? അവൻ നമ്മുടെ കർത്താവ് അഥവാ, സഭയുടെ അധികാരിയാണ്.

2. പുതിയനിയമത്തിൽ ദൈവനാമമായ യഹോവ എന്നർത്ഥത്തിൽ കുറിയൊസ് അഥവാ, കർത്താവ് അനേകം പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടെന്ന് മുകളിൽ നാം കണ്ടതാണ്: ഉദാ: (ലൂക്കൊ, 1:16,68; പ്രവൃ, 2:20,21). എന്നാൽ, ദൈവം എന്ന അർത്ഥത്തിൽ ഒരിക്കൽപോലും കുറിയൊസ് ഉപയോഗിച്ചതായി കാണുന്നില്ല. തന്നെയുമല്ല, പ്രസ്തുത വാക്യത്തിൽ, പിതാവിനെ തിയൊസ് (theos) അഥവാ, ദൈവം എന്നും, യേശുവിനെ കുറിയൊസ് (kyrios) അഥവാ, കർത്താവ് എന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ, കൃത്യമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. രണ്ടുപേരും ദൈവമാണെങ്കിൽ, പിതാവിനെയും പുത്രനെയും തിയൊസ് എന്ന് വിശേഷിപ്പിക്കുമായിരുന്നു. തന്മൂലം, നമ്മുടെ ഏകർത്താവായ യേശു ദൈവമല്ലെന്ന് വ്യക്തമാണ്.

3. കുറിയൊസ് അഥവാ, കർത്താവ് എന്ന പദത്തിന്, ദൈവമെന്ന അർത്ഥം ഇല്ലെന്നതിന് കൃത്യമായ തെളിവ് പുതിയനിയമത്തിലുണ്ട്. ദൈവമായ കർത്താവ് എന്ന പ്രയോഗം അനേകം പ്രാവശ്യം കാണാൻ കഴിയും. ആദ്യ പ്രയോഗം മത്തായി 4:7-ലാണ്: യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. ഇത് പഴയനിയമത്തിലെ ഉദ്ധരണിയാണ്: “നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു” എന്ന ആവർത്തന പുസ്തകത്തിലെ വാക്യമാണ് യേശു സാത്താനോട് പറഞ്ഞത്. (ആവ, 6:16). അടുത്തവാക്യം നോക്കുക: യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. (മത്താ, 4:10). ഇതും ആവർത്തനത്തിലെ ഉദ്ധരണിയാണ്: “നിൻ്റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കണം.” (ആവ, 6:13; 10:20). ദൈവമായ കർത്താവെന്ന് പറഞ്ഞാൽ, ദൈവമായ ദൈവമെന്നല്ല അർത്ഥം. ദൈവമായ യഹോവ എന്നാണ് അർത്ഥം. അതായത്, പഴയനിയമത്തിലെ ദൈവനാമമായ യഹോവയെ കുറിക്കാൻ, കർത്താവെന്ന അർത്ഥത്തിൽ കുറിയൊസ് പലപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 22:37; മർക്കോ, 12:29,30; ലൂക്കാ, 1:16,68; 4:8;,12; 10:27). തന്മൂലം, കർത്താവെന്ന പദത്തിന് ദൈവമെന്ന് അർത്ഥമില്ലെന്ന്, അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

4. ദൈവം ഒരുത്തൻ മാത്രം (monos theos – The only God) അണെന്നും (യോഹ, 5:44), ഏകസത്യദൈവം പിതാവാണ് (Father, the only true God) അഥവാ, പിതാവ് മാത്രമാണ് സത്യദൈവമെന്നും പുത്രൻ പറഞ്ഞിരിക്കുന്നു. (യോഹ, 17:3). പ്രസ്തുത വാക്യത്തിലെ കർത്താവെന്ന പ്രയോഗത്തിന് ദൈവമെന്ന അർത്ഥമുണ്ടെങ്കിലോ, ദൈവപുത്രൻ തന്നിൽത്തന്നെ ദൈവമാണെങ്കിലോ ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും പുത്രന് എങ്ങനെ പറയാൻ കഴിയും? താൻതന്നെ ഭോഷ്ക്ക് പറയുന്നവനായില്ലേ? ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും പറകവഴി, താൻ ദൈവമല്ലെന്ന് ഖണ്ഡിതമായിട്ടാണ് പുത്രൻ പറഞ്ഞിരിക്കുന്നത്. ദൈവപുത്രനായ യേശുവിൻ്റെ വാക്കുകളെപ്പോലും വിശ്വസിക്കാതെയാണ്, പലരും സ്വന്ത ഉപദേശം സ്ഥാപിക്കാൻ നോക്കുന്നത്. തന്നെയുമല്ല, ദൈവം ഒരുത്തൻ മാത്രം (monos theos) ആണെന്നും (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17) പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും പറഞ്ഞിരിക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പുത്രൻ ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ എങ്ങനെ പറയും? അതായത്, താൻ ദൈവമാണെന്ന് ക്രിസ്തുവിനും, അവൻ ദൈവമാണെന്ന് അവൻ്റെ അപ്പൊസ്തലന്മാർക്കും അറിയില്ലായിരുന്നു. ട്രിനിറ്റി വിശ്വാസം എത്രമാത്രം ബൈബിൾ വിരുദ്ധമാണെന്നതിൻ്റെ തെളിവാണ് ഈ വേദഭാഗങ്ങൾ.

5. വളരെ പ്രധാനപ്പെട്ട ഒരു തെളിവ് തരാം: യേശുവിൻ്റെ ജനനത്തിൽ ഇടയന്മാരോടുള്ള ദൂതൻ്റെ ഒരു സദ്വാർത്തയുണ്ട്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). ഇതൊരു സദ്വാർത്ത എന്നതിനെക്കാളുപരി, ഒരു പ്രവചനമാണ്. ബൈബിളിൽ പ്രവചനങ്ങൾ മൂന്ന് കാലത്തിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമണം ഭൂതവർത്തമാനഭാവി കാലങ്ങളിൽ പറഞ്ഞിട്ടുണ്ട്. (യൂദാ, 1:15; വെളി, 1:7; എബ്രാ, 10:37). ദൂതൻ പറയുന്ന പ്രയോഗം ശ്രദ്ധിക്കണം. “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു.” യേശുവെന്ന പരിശുദ്ധ മനുഷ്യൻ ക്രിസ്തു അഥവാ, അഭിഷിക്തൻ ആയത്, താൻ ജനിച്ച് മുപ്പത് വർഷങ്ങൾക്കുശേഷം യോർദ്ദാനിൽ വെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). താൻ യോർദ്ദാനിൽ വെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുവും പറഞ്ഞിട്ടുണ്ട്. (യെശ, 61:1; ലൂക്കൊ, 4:18-21). തന്മൂലം, ദൂതൻ്റേത് ഒരു പ്രവചനമാണെന്ന് വ്യക്തമാണ്. അതായത്, യേശുവെന്ന മനുഷ്യൻ തൻ്റെ ജനത്തിൽ ക്രിസ്തു ആയിരുന്നില്ല. യോർദ്ദാനിൽവെച്ച് ദൈവത്താൽ അവൻ ക്രിസ്തു ആയെങ്കിലും, അവൻ തൻ്റെ ഐഹിക ജീവകാലത്തൊരിക്കലും മനുഷ്യരെ രക്ഷിക്കുന്ന കർത്താവായ ക്രിസ്തു ആയിരുന്നില്ല. അവൻ്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷമാണ്, അവൻ യഥാർത്ഥത്തിൽ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസതുവും ആയത്. അത് അറിയുന്നതിന് മുമ്പ്, അവൻ എങ്ങനെ മരിച്ചു എന്നറിയണം. ദൈവത്തിന് മരണമില്ലെന്ന് നമുക്കറിയാം. ബൈബിളിൽ അത് പറഞ്ഞിട്ടുമുണ്ട്. (1തിമൊ, 6:16). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, ദൈവത്തിന് ഏത് കാരണംചൊല്ലിയും മനുഷ്യനായി അവതാരമെടുക്കാനോ, മരിക്കാനോ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17; 3:14-16). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനായ ക്രിസ്തുയേശു മനുഷ്യനായ ക്രിസ്തുയേശു നമുക്കുവേണ്ടി മരിച്ചുവെന്നും നാമറിയുന്നു. (1തിമൊ, 2:6). എന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം. (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ, ക്രിസ്തു പാപമറിയാത്തവനും (2കൊരി, 5:21), പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേറുവിട്ടവനും (എബ്രാ, 7:26), പാപം ചെയ്തിട്ടില്ലാത്തവനും, വായിൽ വഞ്ചന ഇല്ലാത്തവനും (1പത്രൊ, 2:22), പാപം ഇല്ലാത്തവനും (1യോഹ, 3:5) ആണ്. “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് വിളിച്ചുചോദിക്കാൻ തക്കവണ്ണം കാർമ്മികമായും, ധാർമ്മികമായും അവൻ വിശുദ്ധിയുള്ളവനായിരുന്നു. (യോഹ. 8:46). അതായത്, പരിശുദ്ധനായ ക്രിസ്തുവിൻ്റെ മേൽ മരണത്തിന് അധികാരമില്ലാതിരിക്കെ അവൻ എങ്ങനെ മരിച്ചു എന്നാണ് ചോദ്യം. അവൻ ദൈവത്മാവിനാലാണ് തന്നെത്തന്നെ മരണത്തിന് ഏല്പിച്ചത്. (എബ്രാ, 9:14; 1തിമൊ, 2:6). അവൻ ജീവിപ്പിക്കപ്പെട്ടതും ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ്. (1പത്രൊ, 3:18; പ്രവൃ, 2:24). അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട്, മനുഷ്യരുടെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശുവിനെ, മൂന്നാം ദിവസം മരണത്തിൽനിന്ന് ഉയിർപ്പിച്ച്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് പിതാവായ ദൈവമാണ്. “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). തൻ്റെ പ്രഥമ പ്രസംഗത്തിൽ, അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനയുമായ പത്രൊസ് പുരുഷാരത്തോട് പറയുന്ന കാര്യമാണിത്. വേദഭാഗം ഒന്നുകൂടി ശ്രദ്ധിക്കുക: “നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു.” ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തെ ആരും ദൈവം ആക്കിയതല്ല; അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2). അതായത്, ദൈവം അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച് അവനെ കർത്താവ് ആക്കിയതാണ്. ഏക കർത്താവ് ദൈവമാണെങ്കിൽ, ആ ദൈവത്തെ ആരെങ്കിലും ദൈവം ആക്കേണ്ടതുണ്ടോ? പ്രസ്തുത വാക്യത്തിലെ, കർത്താവെന്ന പദത്തിന് ദൈവമെന്നാണ് അർത്ഥമെങ്കിൽ, മറ്റൊരു ദൈവത്താൽ അവൻ ദൈവം ആക്കപ്പെട്ടവനാണ്. അഥവാ, ഒരു മനുഷ്യദൈവമാണ് ക്രിസ്തുവെന്ന് സമ്മതിക്കണം. തന്നെയുമല്ല, യേശുവെന്ന പാപമറിയാത്ത മനുഷ്യനെക്കുറിച്ചുള്ള ദൂതൻ്റെ പ്രവചനത്തിൻ്റെ നിവൃത്തിയാണ് പ്രവൃത്തികൾ 2:36-ൽ കാണുന്നത്. (ലൂക്കൊ, 2:11). തന്മൂലം, നമ്മുടെ ഏകകർത്താവ് പാപമറിയാത്ത മനുഷ്യനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണല്ലോ.

6. “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). ഈ വാക്യപ്രകാരം ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവരല്ല; അവൻ, നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ച; മനുഷ്യനായ കർത്താവാണെന്നും, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് രക്ഷിക്കപ്പെടുന്നത്. ദൈവത്തിനു മരണമില്ലെന്നും (1തിമൊ, 6:16) മനുഷ്യനായ ക്രിസ്തുയേശുവാണ് നമുക്കുവേണ്ടി മരിച്ചതെന്നും അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (1തിമൊ, 2:6). മരണമില്ലാത്ത ദൈവം മരിച്ചുവെന്നും, മറ്റൊരു ദൈവം ഉയിർപ്പിച്ചുവെന്നുമുള്ള ദുരുപദേശം വിശ്വസിച്ചാൽ എങ്ങനെ രക്ഷപ്രാപിക്കും? “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ് തൻ്റെ മരണത്താൽ നമുക്ക് രക്ഷ ഒരുക്കിയത്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധ പ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (ലൂക്കൊ, 1:35; 2കൊരി, 5:21). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവന് നമ്മുടെ പാപങ്ങളെ തൻ്റെ ശരിരത്തിൽ ചുമന്നുകൊണ്ട് മരിക്കാൻ കഴിയില്ല. (1തിമൊ, 6:16; 1പത്രൊ, 2:24). അതുകൊണ്ടാണ്, യഹോവയായ ഏകദൈവം പുത്രിയൊരു പ്രത്യക്ഷ ശരീരം എടുത്തത്. (1തിമൊ, 3:14-16; എബ്രാ, 10:5; സങ്കീ, 40:6). പത്രൊസ് പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). അതേ പത്രൊസാണ്, യേശു മനുഷ്യനാണെന്നും ദൈവം അവനെ കർത്താവാക്കിയതാണെന്നും പറഞ്ഞിരിക്കുന്നത്. (മത്താ, 26:72; 26:74; പ്രവൃ, 2:23,36). തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? മനുഷ്യനായ കർത്താവിൻ്റെ കൃപയാലാണ് നാം രക്ഷപ്രാപിക്കുന്നതെന്നാണ് പത്രൊസും പൗലൊസും ഒരുപോലെ പറയുന്നത്. അതായത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ ആത്മിക ചരിത്രവസ്തുതകൾ പലർക്കും ഇന്നയോളം വെളിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്, അവൻ ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണെന്നും ദൂതനാണെന്നുമൊക്കെ പലരും വിശ്വസിക്കുന്നത്.

7. ദൈവത്തിൻ്റെ ഒരു ഇച്ഛ അഥവാ, ആഗ്രഹം പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “അവൻ (ദൈവം) സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി നിയമിക്കപ്പെട്ടിരിക്കുന്നു. (1തിമൊ, 2:4-7). ദൈവം ഒരുവനാണെന്നും ദൈവത്തിനും മനുഷ്യരുടെയും മദ്ധ്യസ്ഥനും മറുവിലയുമായ ദൈവപുത്രൻ മനുഷ്യനാണെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമായി പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. ഏകദൈവത്തിൻ്റെ ആഗ്രഹം, ഈ സത്യം സകല മനുഷ്യരും അറിയണമെന്നാണ്. അതിനാണ് ദൈവം പൗലൊസിനെ പ്രസംഗിയും അപ്പൊസ്തലനും ആക്കിവെച്ചത്. തന്മൂലം, പിതാവ് ഏകദൈവവും യേശുക്രിസ്തു എന്ന നമ്മുടെ കർത്താവ് മനുഷ്യനുമാണെന്നത് അവിതർക്കമായ സംഗതിയാണ്.

8. തനിക്കൊരു പിതാവും ദൈവവുമുണ്ടെന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:33;യോഹ, 2:16; 5:17). ക്രിസ്തുവിന് ഒരു ദൈവംവും പിതാവുമുണ്ടെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: 2കൊരി, 11:31; എഫെ, 1:3,17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, അവനൊരു പിതാവോ ദൈവമോ ഉണ്ടാകില്ലായിരുന്നു. പിതാവ് എന്ന പദത്തിനും ദൈവമെന്ന എന്ന പദത്തിനും ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു മീതെ മറ്റൊരു പിതാവോ, ദൈവമോ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, പ്രസ്തുത വാക്യത്തിലെ കർത്താവ് എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; പാപമറിയാത്ത മനുഷ്യനെ കുറിക്കുന്നതാണെന്ന് കണ്ണുമടച്ച് വിശ്വസിക്കാം.

9. “ദൈവം നിങ്ങൾക്ക് കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24).പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽ പറയുന്നത് നോക്കുക: ദൈവം കാണിച്ചുതന്ന നസറായനായ യേശുവെന്ന മനുഷ്യനെ നിങ്ങൾ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. എന്നാൽ, ദൈവം അവനെ ഉയിർത്തെഴുന്നേല്പിച്ചു. ഈ മനുഷ്യനായ യേശുവിനെയാണ് ദൈവം നമ്മുടെ കർത്താവ് ആക്കിയത്. (പ്രവൃ, 2:36). ഇതെല്ലാം, തൻ്റെ പ്രഥമ പ്രസംഗത്തിൽ പത്രൊസ് പറഞ്ഞതാണ്. തന്മൂലം, നമ്മുടെ കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ.

10. “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ടവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്ന് ബൈബിൾ പറയുന്നു. ഒന്നും രണ്ടും പ്രവാശ്യമല്ല; 36 പ്രാവശ്യം ക്രിസ്തു മനുഷ്യനാണെന്ന് പറഞ്ഞിട്ടുണ്ട്. ഏകമനുഷ്യനും ഏകകർത്താവുമായ യേശുക്രിസ്തുവിൻ്റെ കൃപയാലാണ് മനുഷ്യർ രക്ഷപ്രാപിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 15:11; റോമ, 5:15). തന്മുലം, നമ്മുടെ ഏകകർത്താവ് പരിശുദ്ധനായ മനുഷ്യനാണെന്ന് വ്യക്തമാണല്ലോ.

11. “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). ക്രിസ്തു എന്നാൽ അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. അഭിഷിക്തൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. പ്രവചനംപോലെ യേശുവെന്ന മുനുഷ്യനെ ദൈവം യോർദ്ദാനിൽ വെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 60;1, ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27; 10:38). മനുഷ്യർക്കല്ലാതെ, ദൂതന്മാർക്ക് അഭിഷേകം വേണ്ടെന്ന കാര്യവും ഓർക്കുക. യേശുവിനെ ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനാണെന്ന് വിശ്വസിക്കാതെ, അവൻ ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് കള്ളനും എതിർക്രിസ്തുവും എന്നാണ് അപ്പൊസ്തലൻ പറയുന്നത്. തന്മുലം, നമ്മുടെ കർത്താവ് അഭിഷിക്തനായ മനുഷ്യനാണെന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

12. “യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2യോഹ, 1:7). ദൈവത്തിന് മരണമില്ല. (1തിമൊ, 6:16). അവന് ജനനവുമില്ല. അവൻ അനാദിയായും ശാശ്വതമായും ദൈവമാണ്. (സങ്കീ, 90:2). തന്നെയുമല്ല, ദൈവം മാറ്റമില്ലാത്തവനും (മലാ, 3:6) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ (യാക്കോ, 1:17), ദൈവത്തിന് ജനിക്കാനോ, മരിക്കാനോ, അവതാരമെടുക്കാനോ കഴിയില്ല. ദൈവം ആത്മാവാകയാൽ, പാപപരിഹാരത്തിനായി ചിന്താൻ രക്തവുമില്ല. (യോഹ, 4:24). പിന്നെ, ഏത് പുത്രദൈവം ജനിച്ചുജീവിച്ചു മരിച്ച കാര്യമാണ് ത്രിമൂർത്തികൾ പഠിപ്പിക്കുന്നത്? ദൈവത്തിൻ്റെ കാര്യം പോട്ടെ, ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ; ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചുച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. അവരാണ് അപ്പൊസ്തലൻ പറയുന്ന; യേശുക്രിസ്തു മനുഷ്യനായി വന്നുവെന്ന് വിശ്വസിക്കാത്ത വഞ്ചകന്മാരും എതിർ ക്രിസ്തുക്കളും. തന്മൂലം, പിതാവ് ദൈവവും കർത്താവ് വ്യക്തമാണല്ലോ.

13. “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ക്രിസ്തു കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധ പ്രജ അഥവാ, പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (ലൂക്കൊ, 1:35; 2കൊരി, 5:21). ഉല്പാദിതമാകുക എന്നാൽ, ഉരുവാകുക അഥവാ, രൂപപ്പെടുക എന്നാണ് അർത്ഥം. അതായത്, സ്വർഗ്ഗത്തിൽനിന്ന് ആരും വന്ന് അവതാരം എടുത്തതല്ല; കന്യകയിൽ ഒരു പുതിയ ശിശു രൂപപ്പെട്ടതാണ്. അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. 1തിമൊ, 3:14 16). ഇനി, ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ഒരു പുത്രദൈവം സ്വർഗ്ഗത്തിൽ ഉണ്ടെങ്കിൽത്തന്നെ, ആ പുത്രദൈവത്തിന് അവതാരം എടുക്കാനോ, ജനിക്കാനോ, മരിക്കാനോ കഴിയില്ല. (സങ്കീ, 90:2; മലാ, 3:6; 1തിമൊ, 16:16; യാക്കോ, 1:17). പിന്നെ, അങ്ങനെയൊരു പുത്രദൈവം എന്തിനാണ്? അതുകൊണ്ടാണ്, യഹോവയായ ഏകദൈവം പുത്രിയൊരു പ്രത്യക്ഷ ശരീരം എടുത്തത്. (1തിമൊ, 3:14-16; എബ്രാ, 10:5; സങ്കീ, 40:6 LXX). കന്യകയിൽ, പരിശുദ്ധാത്മാവിനാൽ ഒരു ദൈവം ഉല്പാദിതമായി എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം എന്ന പുത്രദൈവം നിഖ്യാ സുനഹദോസിൻ്റെ സൃഷ്ടിയാണ്. ബൈബിളുമായി ആ ദൈവത്തിന് യാതൊരു ബന്ധവുമില്ല, തന്മൂലം, നമ്മുടെ പിതാവ് ഏകദൈവവും, കർത്താവ് കന്യകയിൽ ജനിച്ച മനുഷ്യനുമാണെന്ന് മനസ്സിലാക്കാം.

14. “വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവു; അതു ഹേതുവായി അവൻ  അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കുന്നില്ല.” (എബ്രാ 2:11). ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ വാക്യം ഇങ്ങനെയാണ്: “പാപങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്‍റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവന്‍തന്നെ. അതുകൊണ്ടാണ് അവരെ തന്‍റെ സഹോദരന്മാര്‍ എന്നു വിളിക്കുവാന്‍ യേശു ലജ്ജിക്കാതിരുന്നത്.” അടുത്തവാക്യം: “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17). ഈ വാക്യങ്ങൾ ശ്രദ്ധിക്കുക: യേശുക്രിസ്തുവിൻ്റെ പിതാവും ദൈവവും ആയവനും, നമ്മുടെ പിതാവും ദൈവവും ആയവനും ഒരാൾ തന്നെയാണ്. എന്നാൽ ഒരുകാര്യം ഓർക്കണം, യേശുവിനു പിതാവായ ദൈവവുമായുള്ള ബന്ധം പോലെയല്ല; നമുക്ക് പിതാവായ ദൈവത്തോടുള്ള ബന്ധം. ക്രിസ്തു, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനും, നമ്മൾ ആദാമ്യ സന്തതികളായ പാപികളായ മനുഷ്യരുമാണ്. ക്രിസ്തു ഒരിക്കലും നമ്മുടെ പിതാവെന്നോ, ദൈവമെന്നോ, ഞങ്ങളുടെ പിതാവെന്നോ, ദൈവമെന്നോ മനുഷ്യരെയും ചേർത്ത് ദൈവത്തെ സംബോധന ചെയ്തിട്ടില്ല. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതിവേ” എന്ന് ക്രിസ്തു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. (മത്താ, 6:9; ലൂക്കൊ, 11:2). അതുപക്ഷെ, മനുഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയാണ്. ക്രിസ്തു എൻ്റെയും നിങ്ങളുടെയും എന്ന് വേർതിരിച്ചാണ് പറഞ്ഞത്. (യോഹ, 20:17). അപ്പൊസ്തലന്മാരും, നമ്മുടെയെന്നോ, ഞങ്ങളുടയെന്നോ ക്രിസ്തുവിനെച്ചേർത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. വേർതിരിച്ചാണ് പറഞ്ഞത്. (എബ്രാ, 2:11). തന്നെയുമല്ല, ക്രിസ്തുവിനെ സാമാന്യ മനുഷ്യരിൽനിന്ന് വേർപെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. (ഗലാ, 1:1). തന്മൂലം, നമ്മുടെ കർത്താവായ ക്രിസ്തു മനുഷ്യരോട് ഒരു വിധത്തിലും തുലനം ചെയ്യാൻ കഴിയാത്ത ഏകകർത്താവാണെന്ന് പ്രത്യേകം മനസ്സിലാക്കണം..

15. നമുക്ക്, പിതാവായ ഏകദൈവവും നമ്മുടെ പാപങ്ങളെപ്രതി ക്രൂശിൽ മരിച്ച ഏകമനുഷ്യനായ ദൈവപുത്രനും എന്ന രണ്ടുപേർ ഉണ്ട്. അത് ആർക്കും നിഷേധിക്കാൻ പറ്റാത്ത വസ്തുതയാണ്. താഴെപ്പറയുന്ന വചനങ്ങൾ നോക്കുക: ഏകസത്യദൈവമായ പിതാവും, പിതാവയച്ച യേശുക്രിസ്തുവും. (യോഹ, 17:3). പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും. (1കൊരി, 8:6). ഏകദൈവവും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മനുഷ്യനുമായ ക്രിസ്തുയേശുവും. (1തിമൊ, 2:5-6). പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. (1യോഹ, 2:22). പുത്രനെ നിഷേധിക്കുന്നവന്നു പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവുണ്ടു. (യോഹ, 2:23). സത്യദൈവവും സത്യദൈവത്തെ അറിയാൻ വിവേകം തന്ന ദൈവപുത്രനും. (1യോഹ, 5:20). ഇതുപോലെ, അനേകം വാക്യങ്ങളുണ്ട്. പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് ക്രിസ്തു  വിശേഷിപ്പിച്ചിട്ടുണ്ട്: (യോഹ, 5:32,37). പിതാവ് അദൃശ്യനായി തൻ്റെകൂടെ ഇരുന്നതുകൊണ്ട് ‘ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല’ എന്ന് ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: (യോഹ, 8:16; 8:29; 16:32. ഒ.നോ: 3:2). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തങ്ങൾ ഐക്യത്തിൽ ഒന്നാണെന്നും പറഞ്ഞു. (യോഹ, 17:11,23). അപ്പോൾ, രണ്ടുപേർ ഉണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നും ഇല്ലല്ലോ? രണ്ടുപേരും ദൈവമാണെങ്കിൽ, രണ്ട് ദൈവമാണുള്ളത്. അതെങ്ങനെ നിഷേധിക്കാൻ പറ്റും? രണ്ടുമൂന്ന് ദൈവമുണ്ടെന്ന് പറയുന്നവർ ബഹുദൈവ വിശ്വാസികൾ അല്ലാതെ ആരാണ്?നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെ ദൈവമാക്കുന്നവർ, ഒന്നാം പ്രമാണം ലംഘിക്കുന്ന ബഹുദൈവവിശ്വാസികൾ ആണ്.

16. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇത് ക്രിസ്തു പറഞ്ഞതാണ്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനാണ്: (യോഹ, 8:40,46). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്.. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും, ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കുകയാണ് ക്രിസ്ത്യാനികൾ ചെയ്തത്. പുതിയനിയമം ഉടനീളം പറയുന്നത്, ഏകദൈവമായ പിതാവിനെക്കുറിച്ചും ജഡത്തിലെ വെളിപ്പാടായ ഏക മനുഷ്യനായ ദൈവപുത്രനെക്കുറിച്ചുമാണ്. അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് അപ്പൊസ്തലൻ പറയുന്നത്. ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാതെ, ഏകസത്യദൈവത്തെയോ, ക്രിസ്തുവിൻ്റെ ശുശ്രൂഷകളെയോ അറിയാൻ കഴിയുമെന്ന് ആരും വിചാരിക്കരുത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *