പാപപരിഹാര ദിവസം

പാപപരിഹാര ദിവസം

ഏഴാം മാസം തിഷ്റി (സെപ്റ്റംബർ/ഒക്ടോബർ) പത്താം തീയതി ആണ് പാപപരിഹാരദിവസം ആഘോഷിക്കുന്നത്. ഉത്സവം എന്നതിലേറെ ഉപവാസം ആണ് ഈ ദിവസം. (ലേവ്യ, 16:1-34, സംഖ്യാ, 29:7-11). പാപപരിഹാരദിവസം ഒരു മഹാശബ്ബത്താണ്. ആരും ഒരു വേലയും ചെയ്യുവാൻ പാടില്ല. ഒമ്പതാം തീയതി വൈകുന്നേരം മുതൽ പത്താം തീയതി വൈകുന്നേരം വരെ എല്ലാവരും ആത്മതപനം ചെയ്യണം. ആത്മതപനം ചെയ്യാത്തവരെ ചേദിച്ചു കളയണം. (ലേവ്യ, 23 : 27-32). അഹരോന്റെ പുത്രന്മാരുടെ മരണത്തെ പാപപരിഹാര ദിവസത്തോട് ബന്ധപ്പെടുത്തിയിരിക്കുന്നതിൽ നിന്നും യഹോവയുടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതിനു എത്രത്തോളം വിശുദ്ധി ആവശ്യമാണെന്ന് വ്യക്തമാണ്. (ലേവ്യ, 16:1-2). ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ടു ആണ്ടുതോറും ഇടവിടാതെ കഴിച്ചു വരുന്ന അതേ യാഗങ്ങളാൽ അടുത്തു വരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരു നാളും കഴിവുള്ളതല്ല. (എബ്രാ,10:1) എന്നതാണ് ലേവ്യ കർമ്മാനുഷ്ഠാനങ്ങൾ നിരന്തരം ഓർപ്പിക്കുന്നത്. ഓർമ്മയിൽപ്പെടാതെ ഒരു വർഷം മുഴുവൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതു പാപപരിഹാര ദിവസത്തിലാണ്. (ലേവ്യ, 16:33). എത്ര ശ്രദ്ധയോടെ വിധിപ്രകാരം നിർദ്ദിഷ്ട യാഗങ്ങൾ നടത്തിയാലും പല പാപവും അശുദ്ധിയും അവശേഷിക്കും. അവയ്ക്കു പരിഹാരം കാണുന്നത് പാപപരിഹാര ദിവസത്തിലാണ്. സർവ്വജാതികളെയും കൂട്ടിച്ചേർക്കുന്നതിന്റെ മുൻകുറിയായ കൂടാരപ്പെരുന്നാളിനു മുമ്പു യിസ്രായേൽ യഹോവയുമായി നിരപ്പുപ്രാപിക്കേണ്ടത് ആവശ്യമാണ്. പാപപരിഹാര ദിവസത്തിലാണ് യോബേൽ സംവത്സരം വിളംബരം ചെയ്യുന്നത്. (ലേവ്യ, 25:9-10).

യാഗങ്ങൾ: പാപപരിഹാര ദിവസത്തിൽ അർപ്പിക്കേണ്ട യാഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. (ലേവ്യ, 16:5-28, സംഖ്യാ, 29:7-11). ഒന്ന്; നിരന്തരമുള്ള പ്രഭാതയാഗം. രണ്ട്; പൌരോഹിത്യത്തിന്നായുള്ള പാപയാഗം – ഒരു കാളക്കുട്ടി. മൂന്ന്; ജനത്തിനു വേണ്ടിയുള്ള പാപയാഗം – ഒരു കോലാട്ടുകൊറ്റൻ യഹോവയ്ക്കും മറ്റൊന്ന് അസസ്സേലിനും. നാല്; പുരോഹിതന്മാർക്കും ജനത്തിനുമുള്ള ഉത്സവഹോമയാഗങ്ങളും അവയോടൊപ്പം മറ്റൊരു പാപയാഗവും. അഞ്ച്; നിരന്തരമുള്ള സന്ധ്യായാഗം. പാപപരിഹാരദിവസം ശബ്ബത്തിലാണ് വരുന്നതെങ്കിൽ ഇവകൂടാതെ ശബ്ബത്തിലെ സാധാരണ യാഗങ്ങളും അർപ്പിക്കണം.

അനുഷ്ഠാനങ്ങൾ: പാപപരിഹാരദിവസത്തിലെ ശുശ്രൂഷകൾ ചെയ്യുന്നതിനാ പ്രത്യേക ഒരുക്കം ആവശ്യമാണ്. പ്രഭാതയാഗത്തിനു ശേഷം മഹാപുരോഹിതൻ അർപ്പിക്കുന്ന പ്രായശ്ചിത്തയാഗമാണ് ഈ ഉത്സവത്തിന്റെ കേന്ദ്രബിന്ദു. പിൽക്കാലത്ത് ഈ ശുശ്രഷയ്ക്കുവേണ്ടി മഹാപുരോഹിതനെങ്കിലും പ്രത്യേക ഒരുക്കത്തിനു വിധേയനായിരുന്നു. ഏഴുദിവസം മുമ്പു മഹാപുരോഹിതൻ സ്വന്തം ഭവനം വിട്ടു ദൈവാലയത്തിലെ പ്രത്യേക മുറിയിൽ താമസിക്കണം. മഹാപുരോഹിതൻ മരിക്കുകയോ ലേവ്യ നിയമപ്രകാരം അശുദ്ധനാവുകയോ ചെയ്താൽ ശുശ്രൂഷയ്ക്കു വിഘ്നം വരാതിരിക്കുവാൻ മറ്റൊരാളെ കരുതിയിട്ടുണ്ടാവും. രക്തം തളിക്കുക, ധൂപവർഗ്ഗം കത്തിക്കുക, വിളക്കു തെളിക്കുക, ദിനംപതിയുള്ള യാഗം നടത്തുക എന്നീ പൌരോഹിത്യവൃത്തികളെ അദ്ദേഹം ഈ ഒരാഴ്ച ചെയ്യും. പാപപരിഹാരദിനത്തിലെ ശുശ്രൂഷകളെല്ലാം മഹാപുരോഹിതനിൽ സമ്മുഖമാണ്. തന്മൂലം യാതൊരു വിധത്തിലുള്ള അശുദ്ധിയും മഹാപുരോഹിതനെ ബാധിച്ചുകൂടാ. അശുദ്ധിക്കിടയാക്കുന്നതും ഭക്തിക്കു വിഘ്നം വരുത്തുന്നതും ആയ കാര്യങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുനിൽക്കേണ്ടതാണ്. പാപപരിഹാരദിവസം പ്രഭാതത്തിൽ മഹാപുരോഹിതൻ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന (പുരോഹിതന്മാർ സാധാരണ കുളിക്കുന്നിടത്തല്ല) സ്ഥാനത്തു പോയി പൂർണ്ണമായി കുളിക്കണം. പാപത്തിന്റെ അശുദ്ധിയിൽനിന്നും പൂർണ്ണശുദ്ധനായി എന്നതിനും വിശുദ്ധിധരിച്ചു എന്നതിനും അടയാളമായി, സ്ഥാനീയ വസ്തങ്ങൾ ധരിക്കുന്നു.

സർവ്വവും സജ്ജമായിക്കഴിയുമ്പോൾ മഹാപുരോഹിതൻ കാളയെ (തനിക്കും തന്റെ കുടുംബത്തിനുമായുള്ള പാപയാഗം) കൊല്ലും. അനന്തരം ഹോമയാഗപീഠത്തിൽ നിന്നും തീക്കനൽ ഒരു കലശത്തിൽ നിറച്ച് രണ്ടുകെ നിറയെ സൌരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണവുമായി മഹാപുരോഹിതൻ അതിവിശുദ്ധസ്ഥലത്തേക്കു ചെല്ലും. ധുപമേഘം കൃപാസനത്തെ മറയ്ക്കത്തക്കവണ്ണം ധൂപവർഗ്ഗചൂർണ്ണം തീക്കനലിൽ ഇടും. ധൂപംകാട്ടൽ പ്രാർത്ഥനയുടെ പ്രതീകമാണ്. കൃപാസനത്തെ മൂടുന്ന ഈ ധൂപം പരിശുദ്ധനായ ദൈവത്തിന്റെ തേജസ്സു മൂടുന്നതിന്റെ പ്രതീകമാണ്. ഈ പുകയും പ്രാർത്ഥനയും ആരാധകന്റെ സംരക്ഷണമായിത്തീരുന്നു. കാളയുടെ രക്തം കുറെ കൊണ്ടുവരുന്നതിനായി മഹാപുരോഹിതൻ ഹോമയാഗ പീഠത്തിനരികെ മടങ്ങിവരും. ഈ രക്തം വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേലും ഏഴുപ്രാവശ്യം കൃപാസനത്തിന്റെ മുമ്പിലും തളിക്കും. (ലേവ്യ, 16:14). അതിനു ശേഷം പാപയാഗമായി തിരഞ്ഞെടുത്ത കോലാട്ടുകൊറ്റനെ അറുത്തു അതിന്റെയും രക്തം കൃപാസനത്തിലും അതിന്റെ മുമ്പിലും തളിക്കും. അടുത്തതായി ജനത്തിന്റെയും പുരോഹിതന്മാരുടെയും അശുദ്ധി നിമിത്തം വിശുദ്ധ മന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കും. (ലേവ്യ, 16:16). തുടർന്ന് ആടിന്റെയും കാളയുടെയും രക്തം ആദ്യം ഒരു പ്രാവശ്യം സ്വർണ്ണയാഗപീഠത്തിന്റെ കൊമ്പുകളിലും പിന്നീടു ഏഴുപ്രാവശ്യം യാഗപീഠത്തിനു നേരെ തറയിലും തളിച്ച് സമാഗമനകൂടാരത്തിനു പ്രായശ്ചിത്തം കഴിക്കണം. (പുറ, 30:10). മന്ദിരത്തിനു പ്രായശ്ചിത്തം നടത്തിയിതിനു ശേഷം കാളയുടെയും കോലാട്ടുകൊറ്റന്റെയും രക്തം കുറെ എടുത്ത് യാഗപീഠത്തിന്റെ കൊമ്പുകളിലും യാഗപീഠത്തിന്മേൽ ഏഴുപ്രാവശ്യവും തളിച്ചു ഹോമയാഗപീഠത്തിന് മഹാപുരോഹിതൻ പ്രായശ്ചിത്തം കഴിക്കണം. അങ്ങനെ കൂടാരം, പ്രാകാരം, വിശുദ്ധവസ്തുക്കൾ എന്നിവയ്ക്കെല്ലാം പ്രായശ്ചിത്തം നടത്തുകയും അവയെ വിശുദ്ധീകരിക്കുകയും വേണം. പാപരിഹാരദിനത്തിൽ മഹാപുരോഹിതൻ നാലുപ്രാവശ്യം അതിവിശുദ്ധസ്ഥലത്തു പോയിരുന്നു എന്നു ബൈബിൾ വിവരണത്തിൽ നിന്നും അനുമാനിക്കപ്പെടുന്നു. ഒന്ന്; സുഗന്ധധൂപവർഗ്ഗ ചൂർണ്ണവുമായി. ഈ സമയത്ത് കാളയുടെ രക്തം കട്ടിയായിപ്പോകാതിരിക്കുവാൻ വേണ്ടി ഒരു പുരോഹിതൻ ഇളക്കിക്കൊണ്ടിരിക്കും. രണ്ട്; കാളയുടെ രക്തവും കൊണ്ട്. മൂന്ന്; കോലാടിന്റെ രക്തവുമായി. നാല്; ധൂപകലശം കൊണ്ടുവരാനായി. തല്മൂദിലെ നിർദ്ദേശം അനുസരിച്ച് സന്ധ്യായാഗത്തിനു ശേഷമാണ് അതു ചെയ്തിരുന്നത്. അതിനുശേഷം മഹാപുരോഹിതൻ സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിലേക്ക് ചെന്നു അസസ്സേലിനുളള ആടിന്റെ തലയിൽ കൈവച്ചു ജനങ്ങളുടെ പാപവും അകൃത്യവും അതിന്മേൽ ചുമത്തും. പ്രത്യേകം നിയുക്തനായ ഒരാൾ ഈ ആടിനെ മരുഭൂമിയിൽ കൊണ്ടുപോയി സ്വതന്ത്രമായി വിടും. ദൈവം ക്ഷമിച്ച യിസായേലിന്റെ പാപങ്ങളെ ചുമന്നൊഴിക്കുന്നതിനെയാണ് ഇതു വിവക്ഷിക്കുന്നത്.

ഉത്സവാർപ്പണങ്ങൾ: അനന്തരം മഹാപുരോഹിതൻ സമാഗമനകൂടാരത്തിലേക്ക് പോയി തന്റെ ശുഭവസ്ത്രം മാറ്റി പ്രാകാരത്തിലെ തൊട്ടിയിൽ നിന്നും കുളിച്ചതിനു ശേഷം സാധാരണ സ്ഥാനീയ വസ്ത്രം ധരിക്കും. തുടർന്നു പ്രാകാരത്തിൽ വച്ച് തന്റെയും ജനങ്ങളുടെയും ഹോമയാഗങ്ങളെ പൂർത്തിയാക്കുകയും അതേസമയം പാപയാഗത്തിന്റെ മേദസ്സിനെ യാഗപീഠത്തിൽ ദഹിപ്പിക്കുകയും ചെയ്യും. എന്നാൽ രണ്ടു പാപയാഗങ്ങളും പാളയിത്തിനു പുറത്ത് ത്വക്ക്, മാംസം, ചാണകം എന്നിവയോടൊപ്പം ദഹിപ്പിക്കേണ്ടതാണ്. ജീവനുള്ള ആടിനെ മരുഭൂമിയിൽ കൊണ്ടുവിട്ടവനും പാളയത്തിനു പുറത്തുവെച്ചു പാപയാഗത്തെ ദഹിപ്പിച്ചവനും തങ്ങളുടെ വസ്ത്രം കഴുകികുളിച്ചിട്ടു മാത്രമേ പാളയത്തിൽ കടക്കാൻ പാടുള്ളു. (ലേവ്യ, 16:2-29). ജനത്തിനും വിശുദ്ധസ്ഥലങ്ങൾക്കും വേണ്ടിയുള്ള പ്രായശ്ചിത്തം കഴിഞ്ഞതിനു ശേഷം സന്ധ്യായാഗത്തിനു മുമ്പു യെഹൂദാപാരമ്പര്യമനുസരിച്ച് ഈ ദിവസത്തിനു നിർദ്ദേശിച്ചിട്ടുള്ള യാഗങ്ങളായ പാപയാഗമായി ഒരു കോലാട്ടുകൊറ്റൻ, ഹോമയാഗമായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഏഴു കുഞ്ഞാടുകൾ എന്നിവ അവയുടെ ഭോജനയാഗത്തോടും പാനീയയാഗത്തോടും ഒപ്പം അർപ്പിക്കുന്നു. (സംഖ്യാ, 29:7,11). അതോടുകൂടി ഈ ഉത്സവദിവസം അവസാനിക്കുന്നു. റബ്ബിമാർ പറയുന്നതനുസരിച്ച് മഹാപുരോഹിതൻ ഈ ദിവസം ഈ ദിവസം ചെയ്യുന്നത് ഇതൊക്കെയാണ്: ഒന്ന്; ക്രമമനുസരിച്ച് ദിനം പ്രതിയുള്ള എല്ലാ കർമ്മങ്ങളും നടത്തുന്നു. രണ്ട്; എട്ടു പ്രാവശ്യം രക്തം തളിക്കും. മൂന്ന്; അതിവിശുദ്ധസ്ഥലത്തു നിന്നും വിശുദ്ധസ്ഥലത്തേക്കു മുന്നാം പ്രാവശ്യം മടങ്ങിവന്നതിനുശേഷം അദ്ദേഹം ആടിന്റെയും കാളയുടെയും രക്തം തിരശ്ശീലയ്ക്കു നേരെ തളിക്കും. ഇവ രണ്ടിന്റെയും രക്തം ഒരുമിച്ചു കലർത്തി ധൂപപീഠത്തിൽ തളിക്കുകയും ശേഷിച്ച രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കുകയും ചെയ്യും. നാല്; രണ്ടു ആടും കാഴ്ചയിൽ ഒന്നുപോലെ ഇരിക്കും. അവയെ തിരഞ്ഞടുക്കാൻ ഉപയോഗിച്ച ചീട്ടുകൾ ആദ്യം പുന്നമരം (box wood) കൊണ്ടുള്ളതും പിന്നീട് സ്വർണ്ണം കൊണ്ടുള്ളതും ആയിരുന്നു. അഞ്ച്; ആട് മരുഭൂമിയിൽ എത്തിച്ചേർന്നു എന്നതിന് അടയാളം ലഭിച്ചാലുടൻ മഹാപുരോഹിതൻ ന്യായപ്രമാണത്തിൽ നിന്നും ചില ഭാഗങ്ങൾ വായിക്കുകയും പ്രാർത്ഥന കഴിക്കുകയും ചെയ്യും. ആറ്; ജനങ്ങളുടെ ഉപവാസത്തെ സംബന്ധിക്കുന്ന കർശനമായ നിയമങ്ങളാണ് മിഷ്ണ നല്കുന്നത്.

പില്ക്കാലത്ത് കർശനക്കാരായ യെഹൂദന്മാർ പാപപരിഹാര ദിവസത്തിന്റെ തലേനാൾ ഒരു പൂവൻ കോഴിയെ കൊണ്ടുവരും. ഇതിനെ കൊല്ലുന്നത് ഒരു സാധാരണ റബ്ബി ആയിരിക്കും. ഉടമസ്ഥൻ അതിനെ കാലിൽ തൂക്കി എടുത്തു തന്റെയും കൂട്ടുകാരുടെയും തലയ്ക്കു മുകളിൽ ചുഴറ്റും. ഒരു വർഷം തങ്ങൾ ചെയ്ത പാപം മുഴുവൻ ഈ പറവയിൽ പ്രവേശിക്കണമെന്നു ദൈവത്തോടു പ്രാർത്ഥിക്കും. അസസ്സേലിനുള്ള ആടിനു പകരമാണിത്. വൈകുന്നേരം ഒരു വിഭവസമൃദ്ധമായ ഭോജനത്തിനു ശേഷം നല്ല വസ്ത്രങ്ങളണിഞ്ഞ് അവർ പള്ളിയിൽ പോകും. ആശീർവാദത്തിനു ശേഷം ഓരോരുത്തരും സ്വമേധാദാനങ്ങളർപ്പിക്കും . അതിനുശേഷം വൈകുന്നേരത്തെ പ്രാർത്ഥന ആരംഭിക്കും. പാരായണം ചെയ്യുന്നവനും പ്രധാന റബ്ബിയും സഭയിലെ അനേകം പേരും ശവപ്പുതപ്പുകൾ ധരിച്ചു പ്രാർത്ഥനയിലും യാചനകളിലും മുന്നിലധികം മണിക്കുർ ചെലവഴിക്കും. ചിലർ രാത്രി മുഴുവനും അവിടെ കഴിച്ചുകൂട്ടും. വീട്ടിൽ പോകുന്നവർ രാവിലെ 5 മണിക്ക് തിരികെ വരികയും രാത്രിയാകുന്നതു വരെ അവിടെ കഴിയുകയും ചെയ്യും. ആ പകൽ മുഴുവൻ അവർ ഭക്ഷണം വർജ്ജിക്കും. യിസ്രായേല്യരുടെ വർഷംതോറുമുള്ള ശുചീകരണ കർമ്മമായിരുന്നു പാപപരിഹാരദിവസം. ഈ ഉത്സവം യേശു ക്രിസ്തുവിൽ നിറവേറി. മഹാപുരോഹിതനായ ക്രിസ്തു തനിക്കു വേണ്ടി പാപയാഗം കഴിക്കാതെ നമുക്കുവേണ്ടി പാപയാഗമായിത്തീർന്നു. (എബാ, 9:11-14). കാഹളപ്പെരുന്നാളിന്റെയും കുടാരപ്പെരുന്നാളിന്റെയും ഇടയ്ക്കാണു പാപപരിഹാരദിവസം. യിസ്രായേൽ ജാതി മുഴുവനും ക്രിസ്തുവിനെ അംഗീകരിക്കുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ നിഴലാണ് ഈ ഉത്സവം. (റോമ, 11:25). ക്രിസ്തു സഭയുമായി ഒലിവുമലയിലേക്കു ഇറങ്ങിവരുമ്പോഴാണ് ഈ ശുദ്ധീകരണം നടക്കുന്നത്. (സെഖ, 12:9-14, 13:1).

Leave a Reply

Your email address will not be published.