പണംകൊണ്ടു പ്രാപിക്കാൻ പറ്റാത്ത പരിശുദ്ധാത്മാവ്

പണംകൊണ്ടു പ്രാപിക്കാൻ പറ്റാത്ത പരിശുദ്ധാത്മാവ്

ആധുനിക ക്രൈസ്തവ സമൂഹത്തിൽ പണംകൊണ്ട് പേരും പെരുമയും സ്ഥാനമാനങ്ങളും നേടിയെടുക്കുന്നവർ അനേകരാണ്. അത്യുന്നതനായ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നതിനായി ഇങ്ങനെ നേടിയെടുക്കുന്ന അധികാരങ്ങൾകൊണ്ടു ലോകത്തിൽ അല്പകാലം പേരും പ്രശസ്തിയും നിലനിർത്താമെങ്കിലും, ഈ ലോകത്തോടു യാത്ര പറയുമ്പോൾ അവർ വിസ്മൃതകോടിയിലേക്കു തള്ളപ്പെടുന്നു. എന്തെന്നാൽ ദൈവത്തിനുവേണ്ടി ദൈവഹിതപ്രകാരം പ്രവർത്തിക്കുവാൻ കഴിയുന്നത് പരിശുദ്ധാത്മശക്തിയാൽ മാത്രമാണ്. പണം കൊടുത്ത് ആത്മീയ മണ്ഡലങ്ങളിലെ ഔന്നത്യങ്ങൾ വിലയ്ക്കു വാങ്ങാമെങ്കിലും പരിശുദ്ധാത്മാവിനെ മാത്രം വിലയ്ക്ക് വാങ്ങുവാൻ കഴിയുകയില്ലെന്ന് ശമര്യയിൽ ജീവിച്ച് സ്നാനമേറ്റ്, ഫിലിപ്പോസിനോടൊപ്പം പ്രവർത്തിച്ച ശിമോന്റെ അനുഭവം വിളിച്ചറിയിക്കുന്നു. ശമര്യയിലെ വിശ്വാസികൾ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്ഥാനമേറ്റിരുന്നുവെങ്കിലും പരിശുദ്ധാത്മാവ് പ്രാപിച്ചിട്ടില്ലായിരുന്നു. യെരുശലേമിൽനിന്ന് പത്രൊസും യോഹന്നാനും ശമര്യയിലെത്തി അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിനായി പ്രാർത്ഥിച്ച് അവരുടെമേൽ കൈ വച്ചപ്പോൾ അവർ പരിശുദ്ധാത്മാവിൽ നിറഞ്ഞു. അപ്പോൾ ശിമോൻ, പത്രൊസിന്റെയും യോഹന്നാന്റെയും അടുത്തു പണവുമായി സമീപിച്ച്, “ഞാൻ ഒരുവന്റെമേൽ കൈ വച്ചാൽ അവനു പരിശുദ്ധാത്മാവ് ലഭിക്കുവാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരണം” (പ്രവൃ, 8:19) എന്ന് ആവശ്യപ്പെട്ടു. അപ്പോൾ പത്രൊസ്, ദൈവത്തിന്റെ ദാനം പണംകൊണ്ടു വാങ്ങാമെന്ന് അവൻ നിരൂപിച്ചതുകൊണ്ട് അവന്റെ പണം അവനോടുകൂടെ നശിച്ചുപോകട്ടെ എന്നാണ് മറുപടി നൽകിയത്. മാത്രമല്ല, അവന്റെ ഹ്യദയം ദൈവസന്നിധിയിൽ നേരുള്ളതല്ലാത്തതിനാൽ അവന് ഈ കാര്യത്തിൽ പങ്കും ഓഹരിയുമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. എന്തെന്നാൽ പരിശുദ്ധാത്മാവിനെ ദാനം ചെയ്യുന്നത് സർവ്വശക്തനായ ദൈവമാണ്. തന്റെ ആത്മാവിനെ മനുഷ്യന്റെമേൽ പകരുവാൻ അവനിൽനിന്ന് ദൈവം ആവശ്യപ്പെടുന്നത് അവന്റെ പണമോ പ്രതാപമോ അല്ല, പിന്നെയോ പരിശുദ്ധവും പരമാർത്ഥത നിറഞ്ഞതുമായ ഹൃദയമാണ്. ധനമാഹാത്മ്യം കൊണ്ടോ, സ്ഥാനമാനങ്ങൾകൊണ്ടോ, സ്വാധീനങ്ങൾകൊണ്ടോ, അത്യുന്നതനായ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പിടിച്ചെടുക്കുവാൻ കഴിയുകയില്ലെന്നും, പരിശുദ്ധാത്മനിറവില്ലാതെയുള്ള പ്രവർത്തനങ്ങൾ ദൈവസന്നിധിയിൽ ‘വട്ടപ്പൂജ്യം’ ആണെന്നും, ശിമോന്റെ അനുഭവമുൾപ്പെടെയുള്ള അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ വ്യക്തമായി തെളിയിക്കുന്നു.

Leave a Reply

Your email address will not be published.