ന്യായാധിപന്മാർ

ന്യായാധിപന്മാർ (Judges)

പിതാക്കന്മാരുടെ കാലത്ത് കുലവും ഗോത്രവും കേന്ദ്രമാക്കി എബ്രായ ജീവിതം സംവിധാനം ചെയ്യപ്പെട്ടിരുന്നു. പിതൃഭവനത്തലവന്മാരും ഗോത്രത്തിലെ മൂപ്പന്മാരുമായിരുന്നു ന്യായാധിപന്മാർ. (ഉല്പ, 38:24. കിഴ്വഴക്കം മാത്രമായിരുന്നു അധികാരത്തിന്റെ അടിസ്ഥാനം. പുറപ്പാടിനു ശേഷം യിത്രോയുടെ ഉപദേശമനുസരിച്ച് (പുറ, 18:13-26) യിസ്രായേല്യരെ ഓരോ ഗോതത്തിനും പത്ത്, അമ്പത്, നൂറ്, ആയിരം എന്നിങ്ങനെയുള്ള ഗണങ്ങളായി തിരിച്ചു. ഓരോ ഗണത്തിനും യോഗ്യത ഉള്ളവരെ ന്യായാധിപന്മാരായി നിയമിച്ചു. സങ്കീർണ്ണമായ വ്യവഹാരങ്ങൾ മാത്രം മോശെ കൈകാര്യം ചെയ്തു. (ആവ, 1:12-18, 21:2). കനാനിൽ പ്രവേശിച്ച ശേഷവും ഏതാണ്ട് സമാനമായ ഒരു രീതിയാണ് തുടർന്നത്. (ആവ, 16:18-20, 17:2-13, 19:15-20, യോശു, 8:33, 23:2, 24:1, 1ശമൂ, 8:1).

ഗ്രന്ഥകാരൻ: ശമുവേലാണ് ഈ പുസ്തകം എഴുതിയതെന്ന് യെഹൂദാപാരമ്പര്യം പറയുന്നുവെങ്കിലും, അതിനെ അനുകൂലിച്ചോ, എതിര്‍ത്തോ ഉള്ള തെളിവുകൾ ഒന്നും ലഭ്യമല്ല. ആരെഴുതി എന്നതിനെക്കുറിച്ചുള്ള തെളിവുകൾ ഒന്നും എഴുത്തുകാരൻ ഈ പുസ്തകത്തിൽ നല്കുന്നില്ല. തങ്ങളെത്തന്നെ ഉയര്‍ത്തിക്കാട്ടുന്നതിൽ വേദപുസ്തക എഴുത്തുകാര്‍ തല്പരരായിരുന്നുമില്ല. “ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിനു തന്നെ മഹത്ത്വം വരുത്തേണമേ.” എന്ന് പറഞ്ഞ സങ്കീർത്തനക്കാരനോട് അവർ എല്ലാവരും യോജിക്കുമായിരുന്നു. (സങ്കീ 115:1 ) സത്യദൈവം അവർക്ക് ദൈവാത്മാവിനാൽ പചോദനം നല്കിയതനുസരിച്ച് അവര്‍ക്ക് നൽകിയ വചനം അവര്‍ എഴുതി എന്നുമാത്രം (2 തിമൊ 3:16; 2 പത്രൊ 1:21), ദൈവം അവരെ പ്രചോദിപ്പിച്ച കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ശരിയായ അര്‍ത്ഥത്തിൽ വേദപുസ്തകത്തിന്റെ എഴുത്തുകാരൻ ദൈവം തന്നെയാണ്. ഇതിനായി ദൈവം മനുഷ്യരെ ഉപയോഗിച്ചു എന്ന് മാത്രം. അതുകൊണ്ട് ഇതിന്റെ ഗ്രന്ഥകാരന്മാരെല്ലാം വെറും യന്ത്രമനുഷ്യരെപ്പോലെ പ്രവര്‍ത്തിച്ചു എന്നര്‍ത്ഥമില്ല. ദൈവം എഴുത്തുകാരെ അവർ ആയിരുന്നതുപോലെ തന്നെ അവരുടെ തെറ്റുകളും പരാജയങ്ങളും മാനുഷിക ബുദ്ധിശക്തികളോടും വികാരങ്ങളോടും ഇച്ഛാശക്തിയോടും കൂടെ നയിച്ചു. ദൈവം ആഗ്രഹിച്ചതുപോലെ അവിടുത്തെ വചനം ലോകത്തിലേക്ക് കൊണ്ടുവരാൻ അവരിലും, അവരിലൂടെയും പ്രവർത്തിച്ചു. ദൈവം അത് ചെയ്യാൻ കഴിവുള്ളവനും ജ്ഞാനിയുമാണ്, ദൈവം അത് ചെയ്തു. വേദപുസ്തകം എഴുതിയത് സാധാരണ മനുഷ്യരാണെങ്കിലും അത് ദൈവത്തിന്റെ വായിൽ നിന്നും പുറപ്പെട്ടുവന്ന വചനം തന്നെയാണ് (മത്താ 4:4).

ന്യായാധിപന്മാരുടെ കാലം: യോശുവയുടെ മരണത്തിനും ശൗൽ രാജാവിന്റെ ആരോഹണത്തിനും ഇടയ്ക്ക് ജനത്തെ നയിച്ചിരുന്നവർ ന്യായാധിപന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ന്യായാധിപന്മാരെയും അവരുടെ കാലത്തെയും കുറിച്ചുള്ള വ്യക്തമായ വിവരണം ന്യായാധിപന്മാരിലും 1ശമൂ, 1-7 വരെയുള്ള അദ്ധ്യായങ്ങളിലും ഉണ്ടു. അവർ യിസായേലിന്റെ രക്ഷകരായി, ദൈവാത്മാവിനാൽ എഴുന്നേല്പിക്കപ്പെട്ടവരായിരുന്നു. തങ്ങൾക്ക് എതിരെ അണിനിരന്ന വിദേശ ശക്തികളിൽ നിന്ന് യിസ്രായേൽ ജനത്തെ വീണ്ടെടുക്കുവാൻ എഴുന്നേറ്റ സൈന്യനേതാക്കന്മാരായിരുന്നു അവർ. ന്യായാധിപന്മാരുടെ കാലം വളരെ പ്രക്ഷുബ്ദവും രക്തരൂഷിതവും ആയിരുന്നു. യിസ്രായേല്യഗോത്രങ്ങൾ പല ഗണങ്ങളായി തിരിഞ്ഞ് കനാനിലെ മലമ്പദേശത്തു ചിതറിപ്പാർത്തിരുന്നു. ശീലോവിലെ തിരുനിവാസം അവർക്കു മതപരമായ ഐക്യമെങ്കിലും നല്കേണ്ടിയിരുന്നു. എന്നാൽ അതിനെ അവഗണിച്ച് അവർ ഓരോ പ്രദേശത്തും പൂജാഗിരികൾ പണിതു. ബെന്യാമീന്യയുദ്ധം പോലുള്ള (ന്യായാ, 19:1-20,48) ഒരസാധാരണമായ പ്രതിസന്ധിക്കു മാത്രമേ അവരെ ഏകോപിപ്പിക്കുവാൻ കഴിയു മായിരുന്നുള്ളൂ . തെക്കെ അറ്റത്തുള്ള യെഹൂദാ മറ്റു ഗോത്രങ്ങളിൽ നിന്നും വളരെയധികം ഒറ്റപ്പെട്ടിരുന്നു. ന്യായാധിപന്മാരിൽ ഒന്നാമനായി പറയപ്പെട്ടിരിക്കുന്നതു ഒത്നീയേൽ ആണ്. (ന്യായാ, 3:7-11). യിസ്രായേൽ മക്കളുടെ വിശ്വാസത്യാഗംമൂലം യഹോവയുടെ കോപം അവരുടെ മേൽ വന്നു. യഹോവ അവരെ മെസൊപ്പൊത്താമ്യയിലെ കൂശൻ രിശാഥയീമിന് വിറ്റുകളഞ്ഞു. എട്ടുവർഷത്തെ അടിമത്തത്തിനു ശേഷം യിസ്രായേൽ നിലവിളിച്ചു. യഹോവ ഒതീയേലിനെ അവരുടെ രക്ഷകനായി എഴുന്നേല്പിച്ചു. തുടർന്ന് നാല്പത് വർഷം ദേശത്തിനു സമാധാനം ലഭിച്ചു. 

ഉള്ളടക്കം: കനാനിലെ ബാക്കിയുള്ള സ്ഥലങ്ങൾ കൈവശമാക്കുന്നു 1:1—2:5
ദുഷ്ടവഴികളിലേക്ക് തിരിഞ്ഞ പുതിയ തലമുറ 2:6-20
ചില കനാന്യരെ രക്ഷപ്പെടുവാൻ ദൈവം അനുവദിക്കുന്നു 2:21—3:6
ഒത്നിയേൽ 3:7-11
ഏഹൂദ് 3:12-30
ശംഗര്‍ 3:31
ദെബോരയും ബാരാക്കും 4:1-24
ദെബോരയുടെ ഗീതം 5:1-31
ഗിദെയോൻ 6:1—8:35
ഗിദെയോൻ അടയാളം ചോദിക്കുന്നു 6:11-23
ഗിദെയോൻ വീണ്ടും അടയാളം ചോദിക്കുന്നു 6:36-40
ഗിദെയോൻ മിദ്യാനരെ തോല്പിക്കുന്നു7:1—8:21
ഗിദെയോൻ വിഗ്രഹം ഉണ്ടാക്കുന്നു 8:22-27
ഗിദെയോന്റെ മരണം 8:28-35
അബീമേലേക് എന്ന സ്വേച്ഛാധിപതി 9:1-57
മുൾച്ചെടിയുടെ ഉപമ 9:8-15
ദൈവം അബീമേലേക്കിനെ ശിക്ഷിക്കുന്നു 9:52-57
തോലാ 10:1-2
യായീര്‍ 10:3-5
യിസ്രായേലിന്റെ പാപം, മാനസാന്തരം 10:6-18
യിപ്താഹ് 11:1—12:7
യിപ്താഹിന്റെ പുത്രി; യിപ്താഹിന്റെ പ്രതിജ്ഞ 11:34-36
യിപ്താഹും എഫ്രയീമ്യരും 12:1-7
ഇബ്സാൻ, ഏലോൺ, അബോദാൻ 12:8-15
യിസ്രായേൽ ഫെലിസ്ത്യരാൽ പീഡിപ്പിക്കപ്പെടുന്നു 13:1
ശിംശോൻ 13:2—16:31
ശിംശോന്റെ ജനനം 13:2-25
ശിംശോൻ ഫെലിസ്ത്യ സ്ത്രീയെ വിവാഹം കഴിക്കുന്നു 14:1-20
ശിംശോൻ സിംഹത്തെ കൊല്ലുന്നു. 14:5-6
ശിംശോന്റെ കടങ്കഥ 14:12-20
ഫെലിസ്ത്യരുടെ വയലുകൾ കത്തിക്കുന്നു 15:1-5
കഴുതയുടെ താടിയെല്ലുകൊണ്ട് 1000 പേരെ കൊല്ലുന്നു 15:14-20
ശിംശോനും ദെലീലയും 16:1-21
ദാഗോന്റെ ക്ഷേത്രം തകര്‍ക്കുന്നു 16:23-31
മീഖാവിന്റെ വിഗ്രഹം, പുരോഹിതന്മാര്‍, ദാനിൽ നിന്നുള്ള ആളുകൾ 17:1—18:31
ഗിബയയിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം 19:1-30
ബെന്യാമീന്റെ നാശം 20:1-48
ബെന്യാമീൻ ഗോത്രത്തിലെ മറ്റുള്ളവര്‍ ഭാര്യമാരെ കണ്ടെത്തിയത് 21:1-25

യിസ്രായേൽ ജനം അടിമത്വം/സ്വസ്ഥത അനുഭവിച്ച വർഷവും, കാലഘട്ടവും, ബൈബിൾ പരാമർശവും ചുവടെ ചേർക്കുന്നു:

✓മെസോപൊത്താമ്യ അടിമത്വം (8 വർഷം, 1500 – 1492) — ന്യായാ, 3:8.

1. ഒത്നീയേലിൻ്റെ കീഴിൽ സ്വസ്ഥത (40 വർഷം, 1492 – 1452) — ന്യായാ, 3:11.

✓മോവാബിൻ്റെ അടിമത്വം (18 വർഷം, 1452 – 1434) — ന്യായാ, 3:14.

2. ഏഹൂദിൻ്റെ കീഴിൽ സ്വസ്ഥത (80 വർഷം, 1434 – 1354) — ന്യായാ, 3:30.

✓ഹാസോരിലെ കാനന്യരാജാവായ യാബീന്റെ കീഴിൽ ഞെരുക്കം (20 വർഷം, 1354-1334) — ന്യായാ, 4:3.

3. ദെബോരയുടെ കീഴിൽ സ്വസ്ഥത (40 വർഷം, 1334-1294) — ന്യായാ, 5:31.

✓മിദ്യാന്യ അടിമത്വം (7 വർഷം, 1294-1287) — ന്യായാ, 6:1.

4. ഗിദെയോൻ്റെ കീഴിൽ സ്വസ്ഥത (40 വർഷം, 1287-1247) — ന്യായാ, 8:28.

✓അബീമേലെക്കിൻ്റെ ഭരണം (3 വർഷം, 1247-1244) — ന്യായാ, 9:22.

5. തോലായുടെ ന്യായപാലനം (23 വർഷം, 1244-1221) — ന്യായാ, 10:2.

6. യായീറിൻ്റെ ന്യായപാലനം (22 വർഷം, 1221-1199) — ന്യായാ, 10:3.

✓അമ്മോന്യരുടെ കീഴിൽ ഞെരുക്കം (18 വർഷം, 1199-1181) — ന്യായാ, 10:8.

7. യിഫ്താഹിൻ്റെ ന്യായപാലനം (6 വർഷം, 1181- 1175) — ന്യായാ, 12:7.

8. ഇബ്സാൻ്റെ ന്യായപാലനം (7 വർഷം, 1175-1168) — ന്യായാ, 12:9.

9. ഏലോൻ്റെ ന്യായപാലനം (10 വർഷം, 1168-1158) — ന്യായാ, 12:11.

10. അബ്ദോൻ്റെ ന്യായപാലനം (8 വർഷം, 1158-1150) — ന്യായാ, 12:14.

✓ഫെലിസ്ത്യരുടെ കീഴിലെ അടിമത്വം (40 വർഷം, 1150-1110) — ന്യായാ, 13:1.

11. ശിംശോൻ്റെ ന്യായപാലനം (20 വർഷം, 1110-1090) — ന്യായാ, 15:20, 16:31.

12. ഏലിയുടെ ന്യായപാലനം (20 വർഷം, 1090-1070) — 1ശമൂ, 4:18.

13. ശമൂവേലിൻ്റെ ന്യായപാലനം (20 വർഷം, 1070-1050) — 1ശമൂ, 7:15, 8:1-3.

8+40+18+80+20+40+7+40+3+23+22+18+6+7+10+8+40+20+20+20=450

യോശുവയ്ക്ക് ശേഷം ശമൂവേൽ പ്രവാചകൻ വരെ 450 വർഷമെന്നാണ് കാണുന്നത്. “കനാന്‍ ദേശത്തെ ഏഴ് ജാതികളെ നശിപ്പിച്ച് അവരുടെ ദേശം ഇവര്‍ക്ക് അവകാശമായും കൊടുത്തു. പിന്നെ ശമുവേല്‍ ദീര്‍ഘദര്‍ശിവരെ, നാനൂറ്റി അന്‍പത് വര്‍ഷം അവര്‍ക്ക് ന്യായാധിപന്മാരെയും നല്‍കി. (പ്രവൃ, 13:19-20, വിശുദ്ധഗ്രന്ഥം). അതിൽ ന്യായാധിപന്മാരിൽ 410 വർഷമാണുള്ളത്. ജാതികളുടെ കീഴിൽ 114 വർഷത്തെ ഞെരുക്കവും, ഒത്നീയേൽ മുതൽ ശിംശോൻ വരെയുള്ള പതിനൊന്നു ന്യായാധിപന്മാരുടെ കീഴിൽ 296 വർഷത്തെ സ്വസ്ഥതയും. തുടർന്നു വരുന്ന ശമൂവേലിൻ്റെ ഒന്നാം പുസ്തകത്തിൽ, ഏലി 40 വർഷം ന്യായപാലനം ചെയ്തു എന്ന് എബ്രായ ബൈബിളിലും, 20 വർഷമെന്ന് സെപ്റ്റ്വജിൻ്റിലും (LXX) കാണുന്നു. (1ശമൂ, 4:18). എന്നാൽ ശമൂവേൽ ബാലൻ യഹോവയ്ക്ക് ശുശ്രൂഷ തുടങ്ങുമ്പോൾ (1ശമൂ, 3:1) ഏലി ‘കാണ്മാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു’ (1ശമൂ, 3:2) എന്നാണ് കാണുന്നത്. “ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു” (1ശമൂ, 7:15) എന്നും കാണുന്നുണ്ട്. ഇതിൽനിന്ന് ഒരുകാര്യം വ്യക്തമാണ്; ശമൂവേൽ ഏലിക്കൊപ്പവും ഏലിക്ക് ശേഷവും യിസ്രായേലിന് ന്യായപാലനം ചെയ്തിട്ടുണ്ട്. എന്നാൽ എബ്രായ ബൈബിൾ പ്രകാരം നോക്കിയാൽ ശമൂവേലിൻ്റെ ന്യായപാലനകാലം കണക്കാക്കാൻ കഴിയില്ല. സെപ്റ്റ്വജിൻ്റ് ബൈബിൾ പ്രകാരം ശമൂവേൽ ഏലിക്കൊപ്പം 20 വർഷവും, തനിച്ച് 20 വർഷവും യിസ്രായേലിന് ന്യായപാലനം ചെയ്തതായി മനസ്സിലാക്കാം. അങ്ങനെ ആകെ 450 വർഷമെന്ന കണക്കും കൃത്യമാകും. 

1. ഒത്നീയേൽ

2. ഏഹൂദ്

3. ശംഗർ

4. ദെബോരാ

5. ബാരാക്

6. ഗിദെയോൻ

7. തോലാ

8. യായീർ

9. യിഫ്താഹ്

10. ഇബ്സാൻ

11. ഏലോൻ

12. അബ്ദോൻ

13. ശിംശോൻ

14. ഏലി

15. ശമുവേൽ