നാം നമ്മുടെ സ്വരൂപത്തിൽ

നാം നമ്മുടെ സ്വരൂപത്തിൽ

അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; ……. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പത്തി 1:26-27). ‘നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക’ എന്ന് ദൈവം ആരോടാണ് പറയുന്നത്? അതറിയാൻ ദൈവത്തിൻ്റെ സ്വരൂപമറിയണം? ദൈവത്തിൻ്റെ രൂപമെന്താണെന്നു ചോദിച്ചാൽ; ഓരോ മനുഷ്യനും വിശേഷാൽ, ഓരോ ദൈവപൈതലിനും പറയാൻ കഴിയും; “എൻ്റെ രൂപമാണ് എന്നെ സൃഷ്ടിച്ച എൻ്റെ അപ്പനുള്ളത്.” എന്നാൽ, ഭൂമിയിലെ മനുഷ്യർ കറുത്തതും വെളുത്തതും, മെലിഞ്ഞതും തടിച്ചതും, കുറിയതും ഉയരമുള്ളതും, വിരൂപരും സൗന്ദര്യമുള്ളവരും, അംഗവൈകല്യമുള്ളവരും വൈകല്യമില്ലാത്തവരായും കാണപ്പെടുന്നല്ലോ, ഇതിൽ ആരുടെ രൂപമായിരിക്കും ദൈവത്തിനെന്ന് ചിന്തിക്കുമായിരിക്കും. അങ്ങനെയല്ല, നമ്മുടെ പുറമേയുള്ള മനുഷ്യനാണ് പലവിധത്തിൽ കാണപ്പെടുന്നത്; അകമേയുള്ള മനുഷ്യനെക്കുറിച്ചും നിത്യതയെക്കുറിച്ചുമാണ് ബൈബിൾ പറയുന്നത്. (2കൊരി, 4:16; 5:1; എഫെ, 3:16). ക്ഷയവും മാലിന്യവും വാട്ടവുമില്ലാത്ത ഒരു മനുഷ്യൻ നമ്മുടെ ഉള്ളിലുണ്ട്. (1പത്രൊ, 1:5) എല്ലാ മനുഷ്യരുടേയും ഉള്ളിലുള്ള മനുഷ്യൻ ഒരുപോലെയാണ്. അതായത്, ആദാമിൻ്റെ പാപപൂർവ്വ രൂപത്തിലുള്ളതാണ്. നിലത്തെ പൊടികൊണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെങ്കിലും, തൻ്റെ സ്വരൂപത്തിലും സാദൃശ്യപ്രകാരവുമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (ഉല്പ, 1:26; 1:27; 1:27; 9:6).

ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപം ബൈബിളിൽ വ്യക്തമായിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്: “ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു:” (യിരെ, 23:23,24. ഒ.നോ: 1രാജാ, 8:27; 2ദിന, 2:6; 6:18; സങ്കീ, 139:7-10; യോഹ, 1:18; 1തിമൊ, 1:17; 6:15,16; 1യോഹ, 4:12). ഒന്നുകൂടി പറഞ്ഞാൽ; നിത്യരാജാവും അക്ഷയനും അദൃശ്യനും ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവനുമാണ് ദൈവം: (1തിമൊ, 1:17; 6:15,16). “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” (യോഹ, 1:18; 1യോഹ, 4:12). ‘അദൃശ്യനായ ദൈവം’ എന്നു പൗലൊസ് ദൈവത്തെ വിളിക്കുന്നു. (റോമ, 1:20; കൊലൊ, 1:15; 1തിമൊ, 1:17; 6:16; എബ്രാ, 11:7). എന്തുകൊണ്ടാണ് ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതി ആർക്കും കാണാൻ കഴിയാത്തത്? കാരണം, ദൈവം പ്രപഞ്ചംമുഴുവൻ നിറഞ്ഞു നില്ക്കുന്നവനാണ്. അഥവാ, ആകാശവും ഭൂമിയും സർവ്വചരാചരങ്ങളും ദൈവത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” (പ്രവൃ, 17:28). ദൈവത്തിൻ്റെ ഉള്ളിലാണ് നാം വസിക്കുന്നത്. തന്മൂലം, ദൈവത്തിൻ്റെ കൈവേലയിലൂടെയും സാമീപ്യത്തിലടെയും അവനെ അനുഭവിക്കാനും അറിയാനും കഴിയുമെന്നല്ലാതെ, കാണാൻ കഴിയില്ല. “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു:” (സങ്കീ, 19:1. ഒ.നോ: റോമ, 1:19,20). ദൈവത്തെ തപ്പിനോക്കിയാൽ കണ്ടെത്താൻ കഴിയില്ല; എന്നാൽ, അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവൻ അല്ലതാനും: (പ്രവൃ, 17:27).

എന്തുകൊണ്ടാണ് ദൈവത്തെ ആർക്കും ഒരുനാളും കാണാൻ കഴിയാത്തത്? ഉത്തരം: ദൈവം പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നവനാണ്. സകലതും ദൈവത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ആർക്കും ദൈവത്തെ കാണാൻ കഴിയില്ല. ആന്തരികവും ബാഹ്യവുമായ രണ്ടു തെളിവുകൾ തരാം: മഹാമത്സ്യത്തിൻ്റെ ഉള്ളിൽ കഴിഞ്ഞ യോനയ്ക്ക് മത്സ്യത്തെ കാണാൻ കഴിഞ്ഞിരുന്നില്ല: (യോനാ, 1:17). യോന മത്സ്യത്തിൻ്റെ ഉള്ളിൽ കിടന്നുകൊണ്ട് പ്രാർത്ഥിക്കുന്നത്; ‘ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു, നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു’ (2:2-3) എന്നിങ്ങനെയാണ്. താൻ എവിടെയോ പെട്ടിരിക്കയാണ് എന്നല്ലാതെ, മത്സ്യത്തിൻ്റെ ഉള്ളിലാണെന്ന് അറിഞ്ഞിരുന്നില്ല. യോനാ തന്നെയാണല്ലോ പുസ്തകം എഴുതിയത്. പിന്നെങ്ങനെയാണ് താൻ മത്സ്യത്തിൻ്റെ ഉള്ളിലായിരുന്നെന്ന് യോനാ മനസ്സിലാക്കിയത്. യോനാ മത്സ്യത്തിനുള്ള ഭക്ഷണമായിരുന്നില്ല; ദൈവം യോനയെ വിഴുങ്ങാനും മൂന്നാം ദിവസം കരയ്ക്കു ഛർദ്ദിച്ചുകളയാനുമാണ് കല്പിച്ചിരുന്നത്: (യോനാ, 2:10). മത്സ്യത്തിൻ്റെ വയറ്റിൽ ഇരുളിൽ കഴിഞ്ഞിരുന്ന യോനാ മൂന്നാംദിവസം പെട്ടെന്ന് കരയിൽ സൂര്യവെളിച്ചത്തിലേക്ക് വന്നപ്പോൾ, താൻ എവിടെ നിന്നാണ് വന്നതെന്നറിയാൻ തിരിഞ്ഞുനോക്കിയിരിക്കും. അപ്പോഴാണ് മത്സ്യത്തെ കണ്ടിരിക്കുക. അടുത്തത്: ചാന്ദ്രപര്യവേക്ഷണ പേടകമായ അപ്പോളോ 17-ൽ നിന്നെടുത്ത ഭൂമിയുടെ പ്രശസ്തമായ ചിത്രം ‘ബ്ലൂ മാർബിൾ’ എല്ലാവരും കണ്ടിട്ടുണ്ടാകും. എങ്ങനെയാണ് ആ പേടകത്തിലുള്ളവർ ഭുമിയുടെ ചിത്രമെടുത്തത്. ഭൂമിയുടെ ഉള്ളിൽ നിന്നുകൊണ്ട് ഒരിക്കലും ഭുമിയുടെ രൂപം ചിത്രമാക്കാൻ കഴിയില്ല. ഭൂമിയുടെ പുറത്തുനിന്ന് അഥവാ, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ നിന്നാണ് ചിത്രമെടുത്തത്? അതുപോലെ, സർവ്വപ്രപഞ്ചവും നിറഞ്ഞു നില്ക്കുന്ന ദൈവത്തിൻ്റെ ഉള്ളിൽ വസിച്ചുകൊണ്ട് ദൈവത്തെ കാണാൻ ആർക്കും കഴിയില്ല. പ്രപഞ്ചത്തിൻ്റെ വെളിയിൽ ചെന്നു ദൈവത്തെ നോക്കിക്കാണാനും ആർക്കും കഴിയില്ല. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന ഏകാത്മാവായ ഏകസത്യദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ല.

ദൈവത്തിൻ്റെ രൂപം ഉണ്ടാക്കുന്നതിൽ നിന്നും മനുഷ്യനെ വിലക്കിയ രണ്ടാം കല്പനയ്ക്കു കാരണം ആവർത്തനത്തിലുണ്ട്: “നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ. അതു കൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു. നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.” (4:15-19). പുതിയനിയമത്തിലും അദൃശ്യദൈവം എന്ന പ്രയോഗം ആവർത്തിച്ചുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ദൈവം അദൃശ്യൻ ആയതുകൊണ്ടാണ് ദൈവത്തിൻ്റെ രൂപം ഉണ്ടാക്കുന്നതിൽ നിന്ന് യിസ്രായേൽ ജനത്തെ വിലക്കിയത്.

സർവ്വപ്രപഞ്ചവും നിറഞ്ഞു നില്ക്കുന്ന ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപം ദൂതന്മാർക്കോ, മനഷ്യർക്കോ, മറ്റു യാതൊരു സൃഷ്ടിക്കും കാണാൻ കഴിയാത്തതാണ്. ഈ സ്വരൂപത്തിലാണോ മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നത്??? അല്ല. അപ്പോൾ, ദൈവത്തിനു മറ്റൊരു രൂപം ഉണ്ടെന്ന് നിശ്ചയം. ദൈവം അദൃശ്യനാണ്; ആരും ഒരുനാളും കണ്ടിട്ടില്ലെന്ന് പറയുമ്പോൾത്തന്നെ അനേകംപേർ ദൈവത്തെ കണ്ടിട്ടുണ്ടെന്നും ബൈബിൾ പറയുന്നു: അബ്രാഹാം: (ഉല്പ, 12:7; 17:1; 18:1), യിസ്ഹാക്ക്: (26:2; 26:24), യാക്കോബ്: (28:12,13–35:7; 35:9–48:3). മോശെ: (പുറ, 3:2; 3:16; 4:5; 5:3), യിസ്രായേൽ ജനത്തിനു: (അഗ്നിസ്തംഭം, മേഘസ്തംഭം, (പുറ, 13:22-23), തേജസ്സ്, (ലേവ്യ, 9:23; സംഖ്യാ, 14:10; 16:19; 16:42), മോശെയ്ക്കും അഹരോനും: (സംഖ്യാ, 20:6), ബിലെയാം: (23:4; 23:16), മോശെയ്ക്കും യോശുവയ്ക്കും: (ആവ, 31:15), ഗിദെയോൻ: (ന്യായാ, 6:12-16), മനോഹ: (ന്യായാ, 13:3, 10, 22), ശമൂവേൽ: (1ശമൂ, 3:21), ശലോമോൻ: (1രാജാ, 3:5–2ദിന, 1:7; 9:2–2ദിന, 7:12), ദാവീദ്: (2ദിന, 3:1), യിരെമ്യാവ്: (31:3) തുടങ്ങിയ അനേകംപേർ ദൈവത്തെ കണ്ടിട്ടുണ്ട്. അതെങ്ങനെ സാദ്ധ്യമാകും??? ഉത്തരം: ദൈവം അഗോചരൻ ആയിരിക്കുമ്പോൾത്തന്നെ മനുഷ്യർക്കു ഗോചരമായ വിധത്തിൽ (ദൂതനായും, മനുഷ്യനായും, അഗ്നിയായും, മേഘമായും, തേജസ്സായും, ശബ്ദമായും) തന്നെത്തന്നെ വെളിപ്പെടുത്തുവാൻ ദൈവത്തിനു കഴിയും. കാരണം, അവൻ സർവ്വശക്തനായ ദൈവമാണ്. (ഉല്പ, 17:1).

പഴയനിയമ ഭക്തന്മാർക്ക് പലരൂപത്തിലും ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതിനെ കുറിച്ചും നാം കണ്ടുകഴിഞ്ഞു. ഇതിലേതെങ്കിലും രൂപത്തിലാണോ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്??? അല്ല. പിന്നെ ഏതു സ്വരൂപത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്? ദൈവത്തിനു സ്ഥിരമായ മറ്റൊരു രൂപവും കൂടിയുണ്ട്. സ്വർഗ്ഗസിംഹാനത്തിൽ ദൂതന്മാർക്ക് മദ്ധ്യേ പ്രത്യക്ഷമായിരിക്കുന്ന രൂപം. പഴയനിയമത്തിലേയും പുതിയനിയമത്തിലേയും പല ഭക്തന്മാരും ആ രൂപം കണ്ടിട്ടുണ്ട്: മീഖായാവ്: (1രാജാ, 22:19–2ദിന, 18:18), യെശയ്യാവ്: (6:1-3),
യെഹെസ്ക്കേൽ: (1:28), സ്തെഫാനോസ് (പ്രവൃ, 7:55-56), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ. മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന,18:18). യെശയ്യാവ്: “ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകൾ അവന്നു ചുറ്റും നിന്നു;” (യെശ, 6:1-2). യെഹെസ്ക്കേൽ: “അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന്നു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു…….. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:26-28). സ്തെഫാനോസ്: “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:” (7:55,56). യോഹന്നാൻ: “ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:1-4).

അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, മോശെ, ദാവീദ്, ശലോമോൻ തുടങ്ങിയവർക്ക് ദൈവം പലരൂപത്തിൽ ഭൂമിയിൽ പ്രത്യക്ഷനാകുകയായിരുന്നു. എന്നാൽ, മുകളിൽ പറഞ്ഞിരിക്കുന്നവരെല്ലാം സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന ദൈവത്തെയാണ് കണ്ടത്. ‘യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു’ (1:28) എന്നാണ് യെഹെസ്ക്കേൽ പറയുന്നത്. മീഖായാവും യെശയ്യാവും യെഹെസ്ക്കേലും യോഹന്നാനും ദൂതന്മാരുടെ മദ്ധ്യേയാണ് ദൈവത്തെ കണ്ടത്. അതിൽത്തന്നെ, യെശയ്യാവും യോഹന്നാനും ദൂതന്മാരുടെ മദ്ധ്യേ ആരാധന സ്വീകരിക്കുന്ന ദൈവത്തെയാണ് കണ്ടത്. യോഹന്നാനാകട്ടെ, ‘സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നു’ (വെളി, 4:8) എന്നാണ് പറയുന്നത്. യെഹെസ്ക്കേലും (1:26; 8:2), ദാനീയേലും (10:16; 10:18), യോഹന്നാനും (വെളി, 1:3; 14:14) കണ്ട ദൈവത്തിൻ്റെ രൂപം മനുഷ്യനോടും മനുഷ്യപുത്രനോടും സദൃശ്യമാണ്. മനുഷ്യസാദൃശ്യമുള്ള ഈ രൂപം കണ്ടവരൊക്കെ ബലഹീനരായി നിലത്തുവീഴുകയും ചെയ്തതു കുറിക്കൊള്ളുക. (യെഹ, 1:28; ദാനീ, 10:16, 18; വെളി, 1:17). കൂടാതെ, യെഹെസ്ക്കേൽ സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം കണ്ട ജീവികളുടെ (ദൂതന്മാർ) രൂപവും മനുഷ്യസാദൃശ്യത്തിൽ ആയിരുന്നു. (1:5).

മേല്പറഞ്ഞ വിവരണങ്ങൾ എല്ലാം ചേർത്ത് പരിശോധിക്കുമ്പോൾ ഇങ്ങനെ സംഗ്രഹിക്കാം: ആകാശവും ഭൂമിയും അഥവാ, സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. എങ്കിലും, താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ ദൈവം പലരൂപത്തിലും ഭൂമിയിൽ മനുഷ്യർക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേ പ്രത്യക്ഷനായിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന ദൈവത്തിന് ഒരു സ്ഥിരമായ രൂപവുമുണ്ട്. ദൂതന്മാർ നിത്യം കാണുന്നതും മനുഷ്യരിൽ പലരും കണ്ടിട്ടുള്ളതുമായ ആ രൂപം മനുഷ്യനോട് സദൃശ്യമായതാണ്. ”സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു” (മത്താ, 18:11) എന്നു യേശുവും പറഞ്ഞിട്ടുണ്ട്. സൃഷ്ടി നടത്തുവാനും, സൃഷ്ടികൾക്ക് തന്നെ വെളിപ്പെടുത്തുവാനുമായി അദൃശ്യനായ ദൈവം എടുത്തിരിക്കുന്ന സ്ഥിരമായ ഒരു രൂപമാണ് മനുഷ്യനോട് സദൃശമായ രൂപം. അഥവാ, സ്വർഗ്ഗീയ ജീവികളായ ദൂതന്മാരുടെ രൂപം. സങ്കീർത്തനക്കാരൻ പറയുന്നു: “ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.” (82:1). ഇവിടെ ദൂതന്മാരുട മദ്ധ്യേ സിംഹാസത്തിൽ ഇരിക്കുന്ന ദൈവത്തെക്കുറിച്ചാണ് പറയുന്നത്. പി.ഒ.സി.യിൽ നിന്നു ഈ വാക്യം: “ദൈവം സ്വര്‍ഗീയ സഭയില്‍ ഉപവിഷ്‌ടനായിരിക്കുന്നു;
അവിടുന്നു സ്വര്‍ഗ്ഗവാസികളുടെ ഇടയില്‍ ഇരുന്നു ന്യായം വിധിക്കുന്നു.” ഇവിടെ ദൈവത്തെയും ദൂതന്മാരെയും ‘എലോഹീം’ എന്നാണ് വിളിക്കുന്നത്. ദൂതന്മാരെ ‘എലോഹീം’ എന്നു വിളിക്കുന്ന വേദഭാഗങ്ങൾ വേറെയുമുണ്ട്. (സങ്കീ,8:5; 97:7; 138:1). ദൂതന്മാരെ ദൈവപുത്രന്മാരെന്നും (ഇയ്യോ, 1:6; 2:1; 38:6) വിളിച്ചിട്ടുണ്ട്.

ദൈവത്തിന് ‘യഹോവ’ എന്ന ഒരു സംജ്ഞാനാമം 6500-ലേറെ പ്രാവശ്യം പഴയനിയമത്തിൽ ഉള്ളപ്പോൾത്തന്നെ ആകാശഭുമികളുടെ സൃഷ്ടിയോടുള്ള ബന്ധത്തിൽ ദൈവത്തെ ‘എലോഹീം’ എന്നാണ് വിളിക്കുന്നത്. അതായത്, അദൃശ്യനായ ദൈവത്തിനു ഒരു രൂപമില്ലാത്തതിനാൽ എലോഹീമായി (മനുഷ്യസദൃശ്യം) പ്രത്യക്ഷനായി നിന്നുകൊണ്ടാണ് ദൂതന്മാർ ഉൾപ്പെടെയുള്ള അദൃശ്യലോകത്തിൻ്റെ സൃഷ്ടി നടത്തുന്നത്. (നെഹെ, 9:6; കൊലൊ, 1:16). മനഷ്യൻ ഉൾപ്പെടെയുള്ള ദൃശ്യലോകത്തിൻ്റെ സൃഷ്ടി ദൈവം നടത്തുമ്പോൾ (ഉല്പ, 1:1-31) ദൈവദൂതന്മാരും ഉണ്ടായിരുന്നതായി ഇയ്യോബിൻ്റെ പുസ്തകത്തിൽ പറഞ്ഞിട്ടുമുണ്ട്. (38:4-7). സ്വർഗ്ഗീയജീവികൾ തങ്ങളുടെ ശുശ്രൂകളോടുള്ള ബന്ധത്തിൽ കെരൂബുകൾ, സാറാഫുകൾ, ദൂതന്മാൻ എന്നിങ്ങനെ തരംതിരിച്ചു പറയുന്നുണ്ടെങ്കിലും, അവരുടെ രൂപം ഒന്നുതന്നെ ആയിരിക്കും. ‘ദൈവം ദേവസഭയിൽ നില്ക്കുന്നു’ അഥവാ, എലോഹീം എലോഹീമുകളുടെ മദ്ധ്യേ നില്ക്കുന്നു എന്നു പറഞ്ഞിരിക്കയാൽ, എലോഹീമായ ദൈവത്തിൻ്റെ രൂപത്തിൽ തന്നെയാണ് സ്വർഗ്ഗീയ ജീവികളെയും സൃഷ്ടിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാം. പഴയനിയമത്തിൽ ദൈവത്തെക്കണ്ടു എന്നു പറയുന്ന പല സ്ഥാനങ്ങളിലും യഹോവയെന്നും ദൂതന്മാരെന്നും മാറിമാറി പറഞ്ഞിരിക്കുന്നതും രണ്ടുരൂപവും ഒരുപോലെയാണ് എന്നതിനൊരു തെളിവാണ്: (ഉല്പ, 16:7-13; 22:11-18; 31:11-13; പുറ, 3;2-6; 14:15-19; സംഖ്യാ, 22:22-35; യോശു, 5:13-15; ന്യായാ, 6:11-23; 13:3-22). ‘നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാകുന്നു’ (ഫിലി, 3:20) എന്നു പറഞ്ഞിരിക്കയാൽ, മനുഷ്യരുടെ ശരിയായ രൂപം അഥവാ, നമ്മുടെ അകത്തെ മനുഷ്യൻ്റെ രൂപവും സ്വർഗ്ഗീയജീവികളോട് സമാനമാണ്. യേശുക്രിസ്തു അതു വ്യക്തമാക്കിയിട്ടുമുണ്ട്: “അവൻ പുനരുത്ഥാന പുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (മത്താ, 18:11). സ്വർഗ്ഗീയരുടെ പൊതുവായ രൂപത്തിൽനിന്ന് ദൈവത്തെ വേർതിരിക്കുന്നത് തേജസ്സിൻ്റെ വ്യത്യാസം കൊണ്ടാണ്. ദൈവം ‘അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവൻ’ (1തിമൊ, 6:16) എന്നാണ് പൗലൊസ് പറയുന്നത്. ‘നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ’ (പുറ, 33:18) എന്ന മോശെയുടെ അപേക്ഷയ്ക്കു മറുപടിയായി; ‘നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല’ (33:20) എന്നാണ് ദൈവം കല്പിച്ചത്. എങ്കിലും, മോശെയുടെ ആഗ്രഹം മാനിച്ച ദൈവം അവനെ പാറയുടെ ഒരു പിളർപ്പിൽ ആക്കി തൻ്റെ കൈകൊണ്ട് മറച്ചശേഷം പിൻഭാഗം അഥവാ, തേജസ്സിൻ്റെ കുറച്ചുഭാഗം മോശെയെ കാണിക്കുകയായിരുന്നു. (33:22,23; 34:5). യോഹന്നാനു വെളിപ്പെട്ട മനുഷ്യപുത്രനോടു സദൃശനായവൻ്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെയായിരുന്നു. അതുകണ്ടിട്ടാണ് യോഹന്നാൻ മരിച്ചവനെപ്പോലെ അവൻ്റെ കാല്ക്കൽ വീണത്. (1:16,17).

സങ്കീർത്തനക്കാരൻ പറയുന്നു: “നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.” (8:5). ഇവിടെയും എലോഹീമിനേക്കാൾ അല്പംമാത്രം താഴ്ത്തിയെന്നാണ് കാണുന്നത്. എബ്രായരിൽ അതേസ്ഥാനത്ത്, ‘നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി’ (2:7) എന്നാണ് കാണുന്നത്. ദൈവത്തിൻ്റെ സ്വന്തരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് നാലുപ്രാവശ്യം പറഞ്ഞിട്ടുണ്ട്. (ഉല്പ, 1:26; 1:27; 1:27; 9:6). ആദിമനുഷ്യരായ ആദാമിൻ്റെയും ഹവ്വായുടെയും പാപപൂർവ്വ അവസ്ഥയാണിത്. പിന്നെയെപ്പോഴാണ് മനഷ്യന് ദൂതന്മാരേക്കാൾ താഴ്ച വന്നത്? പാപം ചെയ്തപ്പോൾ അവരുടെ തേജസ്സ് നഷ്ടപ്പെടുകയും (ഉല്പ, 2:7), താഴ്ചയുള്ള ശരീരത്തിലാകുകയും (ഫിലി, 3:21) ചെയ്തു. മനുഷ്യൻ്റെ ഈ താഴ്ചയുള്ള ശരീരത്തെ തൻ്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമാക്കാനാണ് ദൈവം ജഡത്തിൽ വെളിപ്പെട്ട് മരണം വരിച്ചത്. (ഫിലി, 3:21). ദൈവത്തിൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിട്ടും, സ്വന്തമോഹത്താൽ വശീകരിക്കപ്പെട്ട് പാപം ചെയ്യുകവഴി, ദൂതന്മാരേക്കാൾ മനുഷ്യൻ താഴ്ചവന്നവനായി. അതുകൊണ്ട്, മനുഷ്യനെ ആദാമ്യ പാപപൂർവ്വ അവസ്ഥയിലേക്ക് തിരികെ വരുത്താനാണ് ദൈവം യേശു എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) ദൂതന്മാരേക്കാൾ താഴ്ചയുള്ള മനുഷ്യനായി മരണം അനുഭവിച്ചത്: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9).

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. (യോഹ, 1:18; 1യോഹ, 4:12). ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാണ്. (കൊലൊ, 1:5). ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് ക്രിസ്തുവിലാണ്. (കൊലൊ, 2:9). ദൈവപ്രതിമയാണ് ക്രിസ്തു. (2കൊരി, 4:4; കൊലൊ, 3:10). ദൈവത്തിൻ്റെ സ്വരൂപത്തിലാണ് ആദാം സൃഷ്ടിക്കപ്പെട്ടത്. ആദാം വരുവാനുള്ളവൻ അഥവാ ക്രിസ്തുവിൻ്റെ പ്രതിരൂപമായിരുന്നു. (റോമ, 5:14). ക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുവാനാണ് നമ്മെ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെയാണ് നാം ധരിക്കേണ്ടത്. (എഫെ, 4:24). നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. (2കൊരി, 18). ക്രിസ്തു സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും. (ഫിലി, 3:21). നാം പുനരുത്ഥാനത്തിൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു. (ലൂക്കൊ, 20:36). അതായത്, സൃഷ്ടിതാവായ ദൈവത്തിൻ്റെയും, സൃഷ്ടിയായ ആദാമിൻ്റെയും (പാപപൂർവ്വ ആവസ്ഥ), വരുവാനുള്ളവനും വന്നവനുമായ മശീഹായുടെയും, ദൂതന്മാരുടെയും, ദൈവമക്കളായ നമ്മുടെ ഭാവിസ്വരൂപവും ഒന്നുതന്നെയാണെന്ന് തെളിയുന്നു.

‘നാം നമ്മുടെ സ്വരുപത്തിൽ മനുഷ്യനെ ഉണ്ടാക്കുക’ അതാണ് നമ്മുടെ വിഷയം. ദൈവത്തിൻ്റെ സ്വരൂപം എന്താണെന്നും, മനുഷ്യരെ ഉണ്ടാക്കിയിരിക്കുന്നത് ദൈവത്തിൻ്റെ സ്വരൂപത്തിലാണെന്നും നാം കണ്ടുകഴിഞ്ഞു. ഇനി അറിയാനുള്ളത്; ‘നാം നമ്മുടെ’ എന്ന് ദൈവം പറയുന്നത് ആരോടാണ്? അനാദിയിലാണ് അദൃശ്യ ലോകത്തെയും ദൂതന്മാരെയും സൃഷ്ടിക്കുന്നത്. (നെഹെ, 9:6; കൊലൊ, 1:16). അതെപ്പോഴാണെന്ന് ബൈബിൾ പറഞ്ഞിട്ടില്ല. മനുഷ്യൻ ഉൾപ്പെടെയുള്ള ദൃശ്യലോകം ദൈവം സൃഷ്ടിക്കുമ്പോൾ ദൂതന്മാർ ഒപ്പമുണ്ടായിരുന്നു. (ഇയ്യോ, 38:4-7). സൃഷ്ടിക്കുന്ന ദൈവത്തിനും കൂടെയുണ്ടായിരുന്ന ദൂതന്മാരുടേയും രൂപം ഒന്നുതന്നെയായിരുന്നു. (സങ്കീ, 82:1). അങ്ങനെയെങ്കിൽ ദൈവം ഇതു പറയുന്നത് ദൂതന്മാരോടാണെന്ന് വ്യക്തം. ബാബേലിലെ ഭാഷ കലക്കുന്നതിനോടുള്ള ബന്ധത്തിലും ഇങ്ങനെയൊരു പ്രയോഗം കാണാം: “വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.” (ഉല്പ, 11:7).

‘നാം നമ്മുടെ’ എന്നു ദൈവം ദൂതന്മാരോടാണ് പറയുന്നതെന്നതിന് ശക്തമായ ഒരു തെളിവുകൂടിയുണ്ട്. യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16) അധിവസിക്കുന്നവനും, കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവനുമാണ്. (2ശമൂ, 22:11; സങ്കീ, 18:10). മീഖായാവും, യെശയ്യാവും, യോഹന്നാനും യഹോവയെ കാണുന്നത് കെരൂബുകൾക്ക് മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നതും കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). ഉല്പത്തിയിൽ ആദവും ഹവ്വയും പാപം ചെയ്തശേഷം യഹോവയായ ദൈവം പറയുന്നത്; “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.” (ഉല്പ, 3:22). ഈ വാക്യത്തിൻ്റെ ആദ്യഭാഗത്തു ദൈവത്തിൻ്റെ പ്രസ്താവനയും രണ്ടാംഭാഗത്ത് കല്പനയുമാണ് കാണുന്നത്. ‘അമർ’ (amar) എന്ന പദത്തെ ‘കല്പന’ (command – പുറ, 8:27; 1ശമൂ, 16:16; commandment – 1ദിന, 14:12; 2ദിന, 24:8) എന്നു 30 പ്രാവശ്യം ബൈബിളിൽ പരിഭാഷ ചെയ്തിട്ടുണ്ട്. അവിടെ ‘നമ്മിൽ ഒരുത്തനെപ്പോലെ’ എന്നു യഹോവ പറയുന്നത് തൻ്റെയൊപ്പമുള്ള കെരൂബുകളോടാണെന്നും, അവരോട് തന്നെയാണ് കല്പന എന്നതിനും തെളിവാണ് തുടർന്ന് കെരൂബുകളെ തോട്ടം കാവൽ ചെയ്യാൻ ദൈവം നിർത്തിയത്: “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24). തോട്ടം കാവൽ ചെയ്യാൻ പുത്രനെയും പരിശുദ്ധാത്മാവിനെയുമാണ് യഹോവ നിർത്തിയതെന്ന് ത്രിത്വം സമ്മതിക്കുമോ? ദൂതന്മാരാണ് യഹോവയോടൊപ്പം ഉണ്ടായിരുന്നത് എന്നതിനു ഇനിയും തെളിവുകളുണ്ട്: അബ്രാഹാമിനു മമ്രേയുടെ തോപ്പിൽവെച്ചു യഹോവ പ്രത്യക്ഷനായപ്പോഴും രണ്ടു ദൂതന്മാർ കൂടെയുണ്ടായിരുന്നു. (18:1,2). യഹോവ അബ്രാഹാമിൻ്റെ സന്നിധിൽ നില്ക്കുമ്പോൾ രണ്ടു ദൂതന്മാർ സോദോമിലേക്ക് പോകുന്നതായി 18:22-ലും, 19:1-ലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. യെശയ്യാപ്രവചനം 6:1-8-വരെ നോക്കുക: സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയാണ് യഹോവയെ യെശയ്യാവ് കണ്ടത്. ആറാറു ചിറകുകളുള്ള സാറാഫുകൾ രണ്ടുകൊണ്ടു മുഖംമൂടിയും രണ്ടുകൊണ്ടു പാദം മൂടിയും രണ്ടുകൊണ്ട് പറന്നുനിന്നും പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് നിത്യം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്. (വെളി, 4:1-8). അനന്തരം 8-ാം വാക്യത്തിൽ ആർ നമുക്കുവേണ്ടി പോകുമെന്ന് യഹോവ യെശയ്യാവിനോടു ചോദിക്കുന്നതു ‘നമുക്കുവേണ്ടി’ എന്ന ബഹുവചനത്തിലാണ്. അവിടെയും നമുക്കുവേണ്ടിയെന്ന ബഹുവചനം യഹോവ ഉപയോഗിക്കുന്നത് ദൂതന്മാരെയും ചേർത്താണ്. അടുത്തത്: മോശെയ്ക്ക് ദൈവം ന്യായപ്രമാണം കൊടുത്തത് നേരിട്ടല്ല; ദൂതന്മാർ മുഖാന്തരമാണ്. (പ്രവൃ, 7:53; ഗലാ, 3:19; എബ്രാ, 2:2). അതായത് സ്വർഗ്ഗത്തിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്ന ദൈവം ഭൂമിയിൽ പ്രത്യക്ഷനായി മനുഷ്യരോട് ഇടപെടുമ്പോഴും ഒരു ദൂതസാന്നിദ്ധ്യം ദൃശ്യമാണ്. അപ്പോൾ ദൈവം ”നാം, നമ്മുടെ, നമ്മിൽ, നമുക്കുവേണ്ടി” എന്നൊക്കെ ബഹുവചനത്തിൽ പറയുന്നതു ദൂതന്മാരെയും ചേർത്താണെന്ന് വ്യക്തമല്ലേ? എത്ര കൃത്യമായിട്ടാണ് ബൈബിളിൽ എഴുതിവെച്ചിരിക്കുന്നത്.

യെഹെസ്ക്കേൽ സിംഹാസനത്തിൽ ഇരിക്കുന്നനെ കാണുന്നത് മനുഷ്യസാദൃശ്യത്തിലാണ്. (1:26). ദാനീയേലും (10:16; 10:18) യോഹന്നാനും (വെളി, 1:13; 14:14) ദൈവത്തെ കാണുന്നതും മനുഷ്യപുത്രനോടു സാദൃശ്യമുള്ള രൂപത്തിലാണ്. ആ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് ദൂതന്മാരെയും (യെഹെ, 1:5) മനുഷ്യനെയും (ഉല്പ, 1:26) ദൈവം സൃഷ്ടിച്ചത്. ആദ്യം ദൈവം ദൂതന്മാർ ഉൾപ്പെടുന്ന അദൃശ്യലോകത്തിൻ്റെ സൃഷ്ടിയാണ് നടത്തിയത്. രണ്ടാമത് മനുഷ്യൻ ഉൾപ്പെടുന്ന ദൃശ്യലോകത്തിൻ്റെ സൃഷ്ടി നടത്തുമ്പോൾ ദൂതന്മാരും ദൈവത്തോടൊപ്പം ഉണ്ടായിരുന്നു. (ഇയ്യോ, 38:4-7). തന്മൂലം ‘നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക’ എന്നു ദൈവം പറയുന്നത് ദൂതന്മാരോടാണെന്നത് അവിതർക്കമാണ്. ഒന്നുകൂടി പറഞ്ഞാൽ: “ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അക്ഷയനും അദൃശ്യനുമായ ഏകദൈവമേ നമുക്കുള്ളു. ആ ദൈവമാണ് പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരുന്നുകൊണ്ട്. ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിച്ചതും പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടതും. അതേ ദൈവമാണ് മോശെ മുതലുള്ളവർക്ക് യഹോവ എന്ന നാമത്തിൽ വെളിപ്പെട്ടതും കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി യേശുവെന്ന സംജ്ഞാനാമത്തിലും പുത്രൻ, ക്രിസ്തു, വചനം, ഏകജാതൻ, ആദ്യജാതൻ വഴി, വാതിൽ, പാറ, മുന്തിരിവള്ളി, മൂലക്കല്ല് തുടങ്ങിയ അനേകം സ്ഥാനനാമങ്ങളിൽ മനുഷ്യനായി വെളിപ്പെട്ടതും. അതേ ദൈവം തന്നെയാണ് വ്യക്തികളെ വീണ്ടുംജനിപ്പിച്ചുകൊണ്ട് സകലസത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവായി ലോകാവസാനത്തോളം ദൈവമക്കളുടെ കൂടെ ഇരിക്കുന്നതും.” ഇതറിയാത്തതു കൊണ്ടാണ് ദൈവത്തിനു ബഹുത്വമുണ്ടെന്ന് പലരും ചിന്തിക്കുന്നത്. എല്ലാവരും ഏകസത്യദൈവമായ യേശുവിനെ അറിയാൻ ഇടയാകട്ടെയെന്നു പ്രാർത്ഥിക്കുന്നു!

5 thoughts on “നാം നമ്മുടെ സ്വരൂപത്തിൽ”

  1. What a beautiful explanation.
    ഇത്രയും സുവ്യക്തമായി എഴുതിയിട്ടും ക്രിസ്ത്രിയ ലോകം എന്തേ ഇങ്ങനെ ആയി പോയി ….

  2. ദൈവത്തിനോടൊപ്പമുണ്ടായിരുന്ന 24 ശ്രേഷ്ഠാത്മാക്കളോടല്ലേ നമുക്ക് നമ്മുടെ സാദൃശ്യത്തിൽ മനുഷ്യെനെ ഉണ്ടാക്കാമെന്ന് പറഞ്ഞത്. അവ ആദി മുതൽ ദൈവത്തിൽ തന്നെയായിരുന്നല്ലോ.

Leave a Reply

Your email address will not be published. Required fields are marked *