ദൈവശ്വാസീയത

ദൈവശ്വാസീയത (inspiration of God) 

“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” (2തിമൊ, 3:16). തെയൊപ്ന്യൂസ്റ്റോസ് (theopneustos) എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ് ദൈവശ്വാസീയം. ദൈവത്താൽ ശ്വസിക്കപ്പെട്ടതു (God – breathed) എന്നർത്ഥം. ജീവിക്കുന്ന ദൈവമാണ് തിരുവെഴുത്തുകളുടെ കർത്താവെന്നും ദൈവത്തിന്റെ സർഗ്ഗാത്മക ശ്വാസത്തിന്റെ ഉത്പന്നമാണ് തിരുവെഴുത്തുകളെന്നും വ്യക്തമാക്കുകയാണ് ദൈവശ്വാസീയം എന്ന പ്രയോഗം. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട് എന്നു പ്രസ്താവിച്ചശേഷം “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:20-21) എന്നു പത്രാസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. പഴയനിയമ രേഖയെ ദൈവത്തിന്റെ അരുളപ്പാടുകളായി പൗലൊസ് സ്വീകരിച്ചു. തിരുവെഴുത്തുകൾ ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉണ്ടായതല്ല. വിശുദ്ധന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു സംസാരിച്ചതാണ് തിരുവെഴുത്തുകൾ. 

മറ്റുള്ളവർക്കു മനസ്സിലാകുന്ന ഭാഷയിൽ സത്യം സംപ്രേഷണം ചെയ്യുന്നതിന്റെ മേലുളള ദൈവിക പ്രഭാവമാണ് ദൈവശ്വാസീയത. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കു അപ്രമാദിത്വം നല്കി തെറ്റുകൂടാതെ തിരുവെഴുത്തുകൾ രേഖപ്പെടുത്തുവാൻ ദൈവശ്വാസീയത സഹായിച്ചു. സങ്കീർത്തന കർത്താക്കൾ, പ്രവാചകന്മാർ, അപ്പൊസ്തലന്മാർ എന്നിവർക്കു വെളിപ്പാടും ദൈവശ്വാസീയതയും ലഭിച്ചു. എന്നാൽ ചിലർക്കു ദൈവശ്വാസീയത ലഭിച്ചെങ്കിലും വെളിപ്പാടു ലഭിച്ചില്ല. അതിന് ഉദാഹരണമാണ് ചരിത്രപുസ്തക കർത്താക്കൾ. (ലൂക്കൊ, 1:1-4). ദൈവശ്വാസീയത വ്യക്തികളെ അപ്രമാദിതരാക്കുന്നു. എന്നാൽ അതു ആരെയും വിശുദ്ധീകരിക്കുകയോ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. ബിലെയാം, ശൗൽ രാജാവ്, കയ്യഫാവ് എന്നിവർ ഉദാഹരണങ്ങളാണ്. ബിലെയാം ദൈവശ്വാസീയത പ്രാപിച്ചു; ശൗൽ പ്രവാചകഗണത്തിൽ ഉൾപ്പെട്ടിരുന്നു; കയ്യഫാവ് പ്രവചിച്ചു. (യോഹ, 11:51). 

ദൈവശ്വാസീയതയെക്കുറിച്ചു വ്യത്യസ്തധാരണകൾ നിലവിലുണ്ട്. സ്വാഭാവികമനുഷ്യൻ്റെ ഉന്നതമായ അന്തർജ്ഞാനം മാത്രമാണ് ദൈവശ്വാസീയത എന്നു ചിലർ കരുതുന്നു. ഈ വാദം അംഗീകരിച്ചാൽ പല നല്ല ക്രൈസ്തവ ഗാനങ്ങളും തിരുവെഴുത്തുകൾക്കു തുല്യമായി മാറും. ഭാഗികമായി ദൈവശ്വാസീയത അംഗീകരിക്കുന്ന വരും, ബൈബിളിൽ ചിന്തകൾ മാത്രമാണ് ദൈവശ്വാസീയം എന്നു കരുതുന്നവരും ഉണ്ട്. ബൈബിൾ ദൈവവചനം ഉൾക്കൊളളുന്നു എന്ന ധാരണയാണ് മറ്റു ചിലർക്ക്. തിരുവെഴുത്തുകൾ ദൈവം ചൊല്ലിക്കൊടുത്തു എന്നു കരുതുന്നവരും കുറവല്ല. ദൈവശ്വാസീയതയെക്കുറിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ഇപ്രകാരം സംഗ്രഹിക്കാം: 

1. ദൈവശ്വാസീയത അവ്യാഖ്യേയമാണ്. അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് നമുക്കു അറിഞ്ഞുകൂടാ. ഈ ആശയത്തിൽ തിരുവെഴുത്തുകളുടെ എഴുത്തുകാർക്കു മാത്രമേ ദൈവശ്വാസീയത ഉളളു. 

2. ദൈവശ്വാസീയത മാർഗ്ഗദർശനമാണ്. പ്രയോജനപ്പെടുത്തേണ്ട വസ്തുതകളും പദാവലിയും തിരഞ്ഞെടുക്കുന്നതിനു പരിശുദ്ധാത്മാവ് മാർഗ്ഗദർശനം നല്കി. 

3. തെറ്റുകളിൽ നിന്നും ഒഴിവാക്കലുകളിൽ നിന്നും പരിശുദ്ധാത്മാവ് എഴുത്തുകാരെ കാത്തുസൂക്ഷിച്ചു. 

4. ചിന്തകളിലും ധാരണകളിലും മാത്രമല്ല പദാവലിയിലും ദൈവശ്വാസീയത ഉണ്ടായിരുന്നു. ചുരുക്കത്തിൽ തിരുവെഴുത്തുകൾ പൂർണ്ണമായും (2തിമൊ, 3:16) പദാനുപദമായും (1കൊരി, 2:13) ദൈവനിശ്വസ്തമാണ്. 

5. തിരുവെഴുത്തുകളുടെ മൗലികരൂപങ്ങൾ മാത്രമാണ് നിശ്വസ്തം. പരിഭാഷകളോ കൈയ്യെഴുത്തു പ്രതികളോ അല്ല. 

ക്രിസ്തുവിന്റെ സാക്ഷ്യം: ബൈബിളിന്റെ ദൈവശ്വാസീയതയെ കുറിച്ചുളള പരമമായ തെളിവ് ക്രിസ്തുവിൻറ വാക്കുകളാണ്. ‘തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലോ’ എന്നു ക്രിസ്തു പ്രഖ്യാപിച്ചു. (യോഹ, 10:35). “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്നു ഒരു വളളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല.” (മത്താ, 5:17-18. ഒ.നോ: ലൂക്കൊ, 16:17). ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതായി ക്രിസ്തു വ്യക്തമാക്കി. (ലൂക്കൊ, 24:25-27). ഇരുപതോളം പഴയനിയമ വ്യക്തികളെ ക്രിസ്തു പരാമർശിക്കുന്നുണ്ട്. പത്തൊമ്പതു പുസ്തകങ്ങളിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യസൃഷ്ടി, വിവാഹവ്യവസ്ഥാപനം എന്നിവയുടെയും, നോഹ, അബ്രാഹാം, ലോത്ത് എന്നിവരുടെയും, സൊദോം ഗൊമോറയുടെ നാശത്തിൻ്റെയും ചരിത്രം ക്രിസ്തു ഉല്പത്തിയിൽ നിന്നുദ്ധരിച്ചു. മുൾപ്പടർപ്പിൽ മോശയ്ക്കു ദൈവം പ്രത്യക്ഷപ്പെട്ടത്, മന്ന, പത്തുകല്പനകൾ എന്നിവ പുറപ്പാടു പുസ്തകത്തിൽ നിന്നും ക്രിസ്തു എടുത്തുപറഞ്ഞു. നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കേണം എന്ന കല്പനയും, കുഷ്ഠരോഗികളുടെ ശുദ്ധീകരണ നിയമവും ക്രിസ്തു പരാമർശിച്ചതു ലേവ്യപുസ്തകത്തിൽ നിന്നായിരുന്നു. സംഖ്യാപുസ്തകത്തിൽ നിന്നു വ്രതങ്ങളെ സംബന്ധിക്കുന്ന നിയമവും, പിച്ചളസർപ്പത്തെയും ക്രിസ്തു ഉദ്ധരിച്ചു. പരീക്ഷയിൽ യേശു പിശാചിനെ പരാജയപ്പെടുത്തിയതു ആവർത്തന പുസ്തകത്തിൽ (8:3; 6:13,14,16) നിന്നുള്ള മൂന്നുദ്ധരണികൾ കൊണ്ടായിരുന്നു. യെശയ്യാ പ്രവചനത്തിലെ (61:1-2) വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു നസറേത്തിലെ പളളിയിൽ വച്ചു യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ഉദ്ഘാടനം ചെയ്തു. (ലൂക്കൊ, 4:16-21). യോനായുടെ അനുഭവം സത്യമാണെന്നു ക്രിസ്തു സാക്ഷ്യപ്പെടുത്തി. (മത്താ, 12:39). യെശയ്യാ പ്രവചനത്തിന്റെ ഐക്യം ക്രിസ്തു അംഗീകരിച്ചു. (മത്താ, 8:17; ലൂക്കൊ, 4:17). ജഡത്തിൽ വെളിപ്പെട്ട മഹാദൈവമാര യേശുക്രിസ്തുവിന്റെ വാക്കുകൾ തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയെ സംബന്ധിച്ചിടത്തോളം പരമമായ അംഗീകാരവും തെളിവും അത്രേ.

ബൈബിളിന്റെ സാക്ഷ്യം: 

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. യഹോവ അരുളിച്ചെയ്യുന്നു (യെശ, 1:2), യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി (യിരെ, 1:11), യെഹെസ്ക്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാടുണ്ടായി (യെഹ, 1:3) തുടങ്ങിയ സവിശേഷ പ്രയോഗങ്ങൾ പഴയനിയമത്തിൽ 3808 പ്രാവശ്യം ഉണ്ട്. 

2. ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ (1കൊരി, 2:13), കർത്താവിന്റെ കല്പന (1കൊരി, 14:37), സാക്ഷാൽ ആകുന്നതു പോലെ ദൈവവചനമായിട്ടു (1തെസ്സ, 2:13) എന്നിങ്ങനെയുളള പ്രയോഗങ്ങൾ പുതിയ നിയമത്തിലുണ്ട്. 

3. ന്യായപ്രമാണത്തിന്റെയും സാക്ഷ്യങ്ങളുടെയും പൂർണ്ണതയെയും അധികാരത്തെയും എഴുത്തുകാർ ഊന്നിപ്പറഞ്ഞു. (ആവ, 27:26; 2രാജാ, 17:13; സങ്കീ, 19:7; 33:4; 119:89; യെശ, 8:20; ഗലാ, 3:10). 

4. ഒരു പുസ്തകത്തിന്റെ ഉപദേശം പരമവും അന്തിമവും ആണെന്നു അപരഗ്രന്ഥം അംഗീകരിക്കുന്നു. (യോശു, 1:7; 8:31; എസ്രാ, 3:2; നെഹെ, 8:1; ദാനീ, 9:2, 11, 13; സെഖ, 7:12; മലാ, 4:4; പ്രവൃ, 1:16; 28:25; 1പത്രൊ, 1:10).

5. പൗലൊസിന്റെ എഴുത്തുകളെ മറ്റു തിരുവെഴുത്തുകൾക്കു തുല്യമായി മറ്റൊരപ്പൊസ്തലൻ പറയുന്നു. (2പത്രൊ, 3:15). 

6. പഴയനിയമം ദൈവശ്വാസീയമെന്നു പൗലൊസും പത്രൊസും രേഖപ്പെടുത്തുന്നു. (2തിമൊ, 3:16; 2പത്രൊ, 1:20).

Leave a Reply

Your email address will not be published.