ദൈവഭക്തി

ദൈവഭക്തി (Godliness)

ദൈവത്തിനു പ്രസാദകരമായ പ്രവൃത്തികൾ ചെയ്തുകൊണ്ടുള്ള ദൈവോന്മുഖതയാണു ദൈവഭക്തി. (1തിമൊ, 2:10; 4:7, 8; 6:5,6). ആശ്രയിക്കുക, സേവിക്കുക എന്നീ അർത്ഥങ്ങളുള്ള ഭജ് ധാതുവിൽ നിന്നാണു ഭക്തി എന്ന പദത്തിന്റെ ഉൽപത്തി. എല്ലായ്പ്പോഴും ദൈവത്തിങ്കലേക്കു നോക്കുകയും ദൈവത്തിനു പ്രസാദകരമായി ജീവിക്കുകയും ചെയ്യുന്നതാണ് ഭക്തി. ശരിയായ വിശ്വാസവും ശരിയായ പ്രവൃത്തിയും ഭക്തിയുടെ ഘടകങ്ങളാണ്. ഭക്തനെക്കുറിക്കുന്ന ‘ഹാസീദ്’ എന്ന എബ്രായപദം പഴയനിയമത്തിൽ 32 തവണ പ്രയോഗിച്ചിട്ടുണ്ട്. അവയിൽ 25-ഉം സങ്കീർത്തനങ്ങളിലാണ്. ആർദ്രസ്നേഹം (ഹെസെദ്) പ്രായോഗികമാക്കുന്നവനാണ് ഹാസീദ്. ഈ പദത്തിന്റെ ആദ്യപ്രയോഗം ആവർത്തനം 33-8-ലാണ്. ഇവിടെ മനുഷ്യസൂചകമാണു ഹാസീദ്. സങ്കീർതനം 145:17-ൽ ഹാസീദ് (ദയാലു) ദൈവത്തെക്കുറിക്കുന്നു. പുതിയനിയമത്തിൽ രണ്ടു ഗ്രീക്കുപദങ്ങളാണ് പ്രാധാന്യേന പ്രയോഗിച്ചുകാണുന്നത്. അവ ‘യൂസെബെയ, തെയോസെബെയ എന്നിവയാണ്. യൂ (നല്ലവണ്ണം) + സെബൊമായി (ഭജിക്കുക) = യൂസെബെയ. ദൈവത്തോടുളള ഭയം അഥവാ ആദരവ് എന്നതാണ് തെയോസബെയുടെ അർത്ഥം. തെയോ (ദൈവം) + സെബൊമായി (ഭജിക്കുക). ഈ പദത്തെ ദൈവഭക്തിയെന്നു പരിഭാഷ ചെയ്തിരിക്കുന്നു. ഇതിന്റെ നാമവിശേഷണത്തെ (തെയോസെബീസ്) ദൈവഭക്തനെന്നു യോഹന്നാൻ 9-31-ൽ തർജ്ജമ ചെയ്തിട്ടുണ്ട്. ഭയഭക്തി എന്ന അർത്ഥത്തിൽ ‘യൂലബെയാ’ എന്ന മറ്റൊരു ഗ്രീക്കു പദവും പ്രയോഗിച്ചിട്ടുണ്ട്. (എബ്രാ, 5:7; 12:28; 11:7). ദൈവത്തോടുള്ള ഭയഭക്തിയും ആരാധനയും ഗ്രീക്കുപയോഗങ്ങളിൽ വ്യക്തമായിക്കാണാം. യാക്കോബ് ഭക്തിയെ ഇപ്രകാരം വിശദമാക്കുന്നു. “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുളള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുളള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.” (യാക്കോ, 1:27). ഇവിടെ ഭക്തിയെക്കുറിക്കുന്ന ഗ്രീക്കുപദം ‘ത്രീസ്കെയ’ ആണ്. മതത്തിന്റെ ബാഹ്യവശത്തെ പ്രതിനിധാനം ചെയ്യുന്ന പദമാണിത്. ആദരപൂർവ്വമായ ആരാധനയെക്കുറിക്കുന്ന പദമാണ് ‘തെയൊസെബെയ.’ ‘അസെബെയ’ (അഭക്തി, ഭക്തിവിരുദ്ധമായത്) എന്ന ഗ്രീക്കുപദം പുതിയനിയമത്തിൽ ആറുതവണ പ്രയോഗിച്ചിട്ടുണ്ട്. (റോമ, 1:18; 11:26; 2തിമൊ, 2:16; തീത്താ, 2:13; യൂദാ,’15, 18).

പുതിയനിയമത്തിൽ ഇടയലേഖനങ്ങളിലാണ് ഭക്തിയോടു ബന്ധപ്പെട്ട പ്രയോഗങ്ങളധികവും കാണപ്പെടുന്നത്. അപ്പൊസ്തലനായ പത്രോസ് തന്റെ രണ്ടാം ലേഖനത്തിൽ നാലു പ്രാവശ്യം (2പത്രൊ, 1:3, 6,7; 3:11) യുസെബെയ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. 1തിമൊഥെയൊസ് 6:3-ൽ ‘ഭക്തിക്കൊത്ത ഉപദേശം’ എന്നു അപ്പൊസ്തലൻ പറയുന്നുണ്ട്. ഉപദേശം ഭക്തിസംവർദ്ധകം ആയിരിക്കണം. സത്യത്തിന്റെ പരിജ്ഞാനം ഭക്തിക്കനുസാരമാണ്. (തീത്തോ, 1:3). ദൈവഭക്തിയുടെ മർമ്മം എന്താണെന്നു പൗലൊസ് വെളിപ്പെടുത്തുന്നു. “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). ക്രിസ്തുവിനെ സംബന്ധിച്ചുള്ള വിശ്വാസസത്യങ്ങളിൽ മൂർത്തമായിരിക്കുകയാണ് ഭക്തി. ഭക്തിയുടെ ബാഹ്യസ്വരൂപം യാക്കോബിന്റെ ലേഖനത്തിൽ (1:27) കാണാം.

ഇയ്യോബ് ദൈവഭക്തനായിരുന്നു. (1:1). അവൻ ഭക്തി മുറുകെപ്പിടിക്കുന്നുവെന്നു ദൈവം സാക്ഷ്യപ്പെടുത്തി. (2:31). ഭാര്യ ഇയ്യോബിനു നല്കിയ ഉപദേശമാണ് “നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളക.” (2:9). എന്നാൽ ഭക്തിയുടെ ദൃഢനിശ്ചയമാകട്ടെ “അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നെ കാത്തിരിക്കും.” (13:15). അനന്യാസ്, സ്തെഫാനൊസിനെ അടക്കിയവർ എന്നിവർ ഭക്തിയുള്ള പുരുഷന്മാരായിരുന്നു. (പ്രവൃ, 8:2; 22:2). ബിലെയാം ഭക്തന്മാർ മരിക്കുംപോലെ മരിക്കാനാഗ്രഹിച്ചു. (സംഖ്യാ, 23:10).

‘ഭക്തൻ’ എന്ന പ്രയോഗം അധികവും സങ്കീർത്തനങ്ങളിലാണ്. ഭക്തന്മാർ കുറഞ്ഞുപോകുന്നതിൽ ദാവീദ് വ്യാകുലപ്പെടുന്നു. (സങ്കീ, 12:1). ഭക്തന്മാർക്കു ദൈവത്തിൽ നിന്നു കിട്ടുന്ന നന്മകൾ അനവധിയാണ്. യഹോവയുടെ സഖിത്വം (25:14), നന്മ (31:19), സമാധാനം (85:8), രക്ഷ (85:9), ദയ, കരുണ (103:11, 17), ആഹാരം (111:5) എന്നിവ ഭക്തന്മാർക്കു ലഭിക്കുന്നു. ഭക്തന്മാരുടെ ആഗ്രഹം ദൈവം നിവർത്തിച്ചു കൊടുക്കയും അവർ മഹത്വത്തിൽ ആനന്ദിക്കുകയും ചെയ്യും. (45:19; 149:5). അവർക്കൊന്നിനും മുട്ടില്ല. (34:9). ഭക്തൻ കണ്ടെത്താകുന്ന കാലത്ത് ദൈവത്തോട് പ്രാർത്ഥിക്കും. (32:6). യഹോവയുടെ ദൃഷ്ടി അവരുടെ മേലുണ്ട്. (33:18). യഹോവയുടെ ദൂതൻ ഭക്തന്മാർക്കു ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. (34:7). അവരുടെ പ്രാണങ്ങളെ യഹോവ കാക്കുന്നു. (97:10). ഭക്തന്മാർരുടെ മരണം യഹോവയ്ക്ക വിലയേറിയതാണ്. (116:15). ഭക്തന്മാർ സന്തോഷിക്കുകയും ഘോഷിച്ചുല്ലസിക്കുകയും ദൈവത്തെ വാഴ്ത്തുകയും ചെയ്യും. (132:9, 16; 145:10).

Leave a Reply

Your email address will not be published.