ദൈവപുത്രനും മൽക്കീസേദെക്കും

ദൈവപുത്രനും മൽക്കീസേദെക്കും

“അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.” (എബ്രായർ 7:3)

ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണെന്നും; ത്രിത്വത്തിലെ അംഗങ്ങൾ പിതാവും പുത്രനും മൽക്കീസേദെക്കും ആണെന്നും പറഞ്ഞുകൊണ്ടുള്ള ഒരു സഹോദരൻ്റെ വീഡിയോ കണ്ടിരുന്നു. ത്രിത്വോപദേശം സാത്താൻ സഭയിൽ നുഴയിച്ചു കയറ്റിയിട്ട് നിഖ്യാസുന്നഹദോസ് മുതൽ ഇന്നേക്ക് 1,700 വർഷമായി. ഇന്നുവരെയും ഒരഭിപ്രായൈക്യം ഈ ഉപദേശക്കാർക്ക് ഉണ്ടായിട്ടില്ലെന്നുള്ളത്, ഉപദേശത്തിൻ്റെ ഉടയവൻ സാത്താനാണെന്നതിൻ്റെ സ്ഫടികസ്ഫുടമായ തെളിവാണ്. ആ സഹോദരൻ പറഞ്ഞ ത്രിത്വത്തിലെ അംഗങ്ങൾ: സ്നേഹമായ പിതാവും, സ്നേഹമായ പുത്രനും, പുരോഹിതനായ മൽക്കീസേദെക്കുമാണ്. മൽക്കീസേദെക്കും പരിശുദ്ധാത്മാവും ഒന്നാണത്രേ. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്നും വിഭിന്നനായ വ്യക്തിയല്ലെന്ന് ആരും പറയാതിരിക്കാനുള്ള ത്രിത്വത്തിൻ്റെ പുതിയ തന്ത്രമാണോ ഈ ഉപദേശമെന്നും അറിയില്ല. ഈ നൂതന ഉപദേശത്തിന് ആധാരമായി അദ്ദേഹം പറഞ്ഞത്, ദൈവപുത്രനും മൽക്കീസേദെക്കും തുല്യരാണെന്നാണ്. അതിനാൽ, എന്താണ് ദൈവപുത്രനും മൽക്കീസേദെക്കും തമ്മിലുള്ള തുല്യതയെന്നാണ് നാം പരിശോധിക്കുന്നത്:

മൽക്കീസേദെക് ശാലേം എന്ന രാജ്യത്തെ രാജാവായിരുന്നു. (ഉല്പ, 14:18; എബ്രാ, 7:1). ശാലേം എന്ന വാക്കിനർത്ഥം ‘സമാധാനം’ എന്നാണ്. (സങ്കീ, 33:18). ഇത് യെരൂശലേമിൻ്റെ പുരാതന നാമമാണ്. (സങ്കീ, 76:2). മൽക്കീസേദെക്കെന്ന പേരിന് ‘നീതിയുടെ രാജാവു’ എന്നാണർത്ഥം; ശാലേം രാജ്യത്തെ രാജാവാകയാൽ അഥവാ സമാധാനരാജ്യത്തെ രാജവാകയാൽ ‘സമാധാനത്തിന്റെ രാജാവു’ എന്നും പേരിനർത്ഥം വന്നു. (എബ്രാ, 7:2). മൽക്കീസേദെക്കിൻ്റെ പൗരോഹിത്യപദവിക്ക് സദൃശമായിട്ടാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവിയെ എബ്രായലേഖകൻ അവതരിപ്പിച്ചിരിക്കുന്നത്. (എബ്രാ, 7:14-16. ഒ.നോ: 5:6,10; 6:20; 7:11,16,17). യേശുവെന്ന ദൈവപുത്രനും മൽക്കീസേദെക്കും ലേവ്യപൗരോഹിത്യവുമായി ബന്ധമില്ലാത്ത പുരോഹിതന്മാരാണ്. മൽക്കീസേദെക് അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും (എബ്രാ, 7:1) അബ്രാഹാമിനെക്കാൾ ശ്രേഷ്ഠനുമാണ്. (എബ്രാ, 7:4). യുദ്ധം ജയിച്ചു മടങ്ങിവന്ന അബ്രാഹാം അവന്നു ദശാംശം കൊടുത്തു: (7:1).

അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല: എന്താണതിനർത്ഥം? അവൻ പിതാവോ മാതാവോ വംശാവലിയോ ഇല്ലാതെ ഉത്ഭവിച്ച അത്ഭുതമനുഷ്യൻ ആണെന്നാണോ? അല്ല. അവൻ്റെ പിതാവിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ അവൻ്റെ വംശാവലയെക്കുറിച്ചോ യാതൊന്നും ബൈബിളിലില്ല അഥവാ ദൈവം വെളിപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. ജീവാരംഭവും ജീവാവസാനവുമില്ല: ആരംഭവും അവസാനവും ഇല്ലാത്തത് ദൈവത്തിനാണ്: (സങ്കീ, 90:2). മല്ക്കസേദെക് ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത ദൈവമല്ല; അവൻ്റെ ജീവാരംഭവും ജീവാവസാനവും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നാണർത്ഥം. അഥവാ പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകളിൽ അവൻ്റെ പേരില്ലെന്നാണ്. അല്ലാതെ, അവൻ അപ്പനുമമ്മയും വംശാവലിയും ജീവാരംഭവും അവസാനവുമില്ലാത്തവൻ ആണെന്നല്ല. യിസ്രായേൽ ജാതിയുടെ ചരിത്രവും ലേവ്യാപൗരോഹിത്യവും ആരംഭിക്കുന്നതിനു മുമ്പേയുള്ള പുരോഹിതനാണ് മൽക്കീസേദെക്.

അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു: ഈ ഭാഗം പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എങ്ങനെയാണ് മൽക്കീസേദെക് ദൈവപുത്രന് തുല്യനായത്? പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഉൾക്കൊള്ളുന്ന ലേവ്യപൗരോഹിത്യ വംശാവലി രേഖകകളിൽ മല്ക്കീസേദെക്കിൻ്റെയും ക്രിസ്തുവിൻ്റെയും പേരില്ല; അതാണവരുടെ തുല്യത. ക്രിസ്തു യെഹൂദാ ഗോത്രത്തിലും (എബ്രാ, 7:14) മല്ക്കീസേദെക്ക് ഏതോ ഒരു ഗോത്രത്തിലുമാണ് ജനിച്ചത്. യെഹൂദരുടെ ഇടയിൽ ഒരാൾ പുരോഹിതനാകാനുള്ള പ്രധാന യോഗ്യതയാണ് അഹരോന്യക്രമപ്രകാരമുള്ള പൗരോഹിത്യവംശാവലി. അതില്ലാത്ത രണ്ട് പുരോഹിതന്മാരാണ് മൽക്കീസേദെക്കും യേശുക്രിസ്തുവും; പൗരോഹിത്യരേഖ (വംശാവലി) സംബന്ധിച്ചു മാത്രമാണ് രണ്ടുപേരും തുല്യരായിരിക്കുന്നത്; അല്ലാതെ അസ്തിത്വം സംബന്ധിച്ചല്ല. ദൈവപുത്രനായ ക്രിസ്തു ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും (1തിമൊ, 3:15,16; 1പത്രൊ, 1:20) മെൽക്കീസേദെക്ക് കേവലം മനുഷ്യനുമാണ്: (ഉല്പ, 14:18).

പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്ത അഥവാ ബൈബിളിൽ പറഞ്ഞിട്ടില്ലാത്ത മറ്റൊരാളുകൂടിയുണ്ട്; ഏലീയാവ്. ചുഴലിക്കാറ്റുപോലെ പ്രത്യക്ഷനാകുകയും ചുഴലിക്കാറ്റിൽ എടുക്കപ്പെടുകയും ചെയ്ത പ്രവാചകൻ. (1രാജാ, 17:1; 2രാജാ, 2:11). ലേവ്യപൗരോഹിത്യ വംശാവലിയും യെഹൂദാ വംശാവലിയും രണ്ടും രണ്ടാണ്. യെഹൂദന്മാരുടെ മൊത്തത്തിലുള്ള വംശാവിലിൽനിന്ന് വിഭിന്നമാണ് രാജകീയ വംശാവലിയും പൗരോഹിത്യവംശാവലിയും. യെഹൂദനെന്ന നിലയിൽ ഏലീയാവിന് വംശാവലിയുണ്ടാകും; പക്ഷെ, ബൈബിളിൽ അത് പറഞ്ഞിട്ടില്ലന്നേയുള്ളു. എന്നാൽ മൽക്കീസേദെക്ക് യെഹൂദനല്ലാത്തതിനാൽ ആ നിലയിലുള്ള വംശാവലിപോലുമില്ല. അത്യുന്നതനായ ദൈവത്തിൻ്റെ പുരോഹിതനും ശാലേം രാജ്യത്തിൻ്റെ രാജാവുമായിരുന്നു എന്നല്ലാതെ, ഏത് ജാതിയിലും ഗോത്രത്തിലും പെട്ടവനാണെന്നോ, അവർക്ക് വംശാവലി എഴുതി സൂക്ഷിക്കുന്നോ പതിവുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. ലേവ്യപൗരോഹിത്യ വംശാവിലിയിൽ അവനെക്കുറിച്ച് ഒരു വിവരവുമില്ല; അതാണ് എബ്രായലേഖകൻ ദൈവപുത്രൻ്റെ പൗരോഹിത്യം അവൻ്റെ പൗരോഹിത്യത്തിനു തുല്യമായി പറയാൻ കാരണം. 

ദൈവപുത്രന്നു തുല്യനെന്നു പറഞ്ഞിരിക്കുന്ന മൽക്കീസേദെക്കിന് മാത്രമാണ് പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ബൈബിളിൽ പറയാത്തത്. എന്നാൽ മദ്ധ്യസ്ഥനും (1തിമൊ, 2:5) മറുവിലയും (1തിമൊ, 2:6) മഹാപുരോഹിതനും (എബ്രാ, 3:1), മനുഷ്യനുമായ (1തിമൊ, 2:6) ദൈവപുത്രന്, പിതാവും (മത്താ, 1:25) മാതാവും (മത്താ, 1:16) വംശാവലിയും (മത്താ, 1:1-17; ലൂക്കൊ, 3:23-38) ജീവാരംഭവും (മത്താ, 2:1) ജീവാവസാനവും (മത്താ, 27:50) ബൈബിളിൽ പറഞ്ഞിട്ടുണ്ട്. (ദൈവപുത്രൻ്റെ ജീവാരംഭവും ജീവാവസാനവും എന്ന് പറയുന്നത്, അവൻ്റെ ഐഹിക ജീവിതമാണ്). പിന്നെങ്ങനെ മൽക്കീസേദെക്ക് ദൈവപുത്രനോട് തുല്യനാകും. അവരുടെ തുല്യതയെന്ന് പറയുന്നത്; വംശാവലിയിൽ പേരില്ലാത്ത പൂരോഹിതന്മാരെന്ന നിലയിൽ മാത്രമാണ്. ബാക്കിയെല്ലാറ്റിലും അവർതമ്മിൽ അജഗജാന്തരമുണ്ട്. “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (മത്താ, 24:4).

Leave a Reply

Your email address will not be published. Required fields are marked *