ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ
“നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (സങ്കീ, 16:10).
പതിനാറാം സങ്കീർത്തനത്തിലെ ഈ വാക്യം ദാവീദിൻ്റെ ഒരു പ്രവചനമാണ്. ഈ പ്രവചനം ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ പുതിയനിയമത്തിൽ ഉദ്ധരിച്ചിരിക്കയാൽ, “ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ” അക്ഷരാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് അനേകരും വിശ്വസിക്കുന്നു. എന്നാൽ, എന്താണതിലെ യഥാർത്ഥ വസ്തുതയെന്നാണ് നാം പരിശോധിക്കുന്നത്.
പ്രവചനത്തിൻ്റെ ആദ്യഭാഗം: “ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്ന് ഒരുത്തൻ തന്നെക്കുറിച്ച് തന്നെയോ, മറ്റൊരുത്തനെക്കുറിച്ചോ പ്രവചിക്കണമെങ്കിൽ, അവനാരായാലും പാതാളത്തിൽ ഒടുങ്ങിത്തീരാൻ യോഗ്യനായ ഒരുവനാണ്. എന്നാൽ, ദൈവം തൻ്റെ കൃപനിമിത്തം പാതാളത്തിലേക്ക് പോകാതെവണ്ണം അവനെ രക്ഷിക്കുമെന്നാണ് പ്രവചനം. പാതാളത്തിലേക്ക് അഥവാ മരണത്തിലേക്ക് ഒരിക്കലും പോകാൻ ആവശ്യമില്ലാത്തവൻ അഥവാ മരണമില്ലാത്ത ഒരുവനാണെങ്കിൽ, അവൻ്റെ പ്രാണനെ ദൈവം പാതാളത്തിൽ വിടുകയില്ലെന്നു പ്രവചിക്കേണ്ട ആവശ്യമെന്താണ്? അടുത്തഭാഗം: “ദൈവത്തിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കണമെങ്കിൽ, അവൻ നൂറു ശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. എന്നാൽ, ദൈവം തൻ്റെ കരുണനിമിത്തം അവനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ലെന്നാണ് പ്രവചനം. ദ്രവത്വമുണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കേണ്ട ആവശ്യമില്ലല്ലോ? ഒരിക്കലും പാതാളത്തിൽപ്പോയി ദ്രവത്വം അനുഭവിക്കാൻ ഇടയില്ലാത്ത ഒരുവനെക്കുറിച്ചാണ് ദാവീദിൻ്റെ ഈ പ്രവചനമെങ്കിൽ, ദാവീദൊരു കോമാളിയും പ്രവചനമൊരു കോമഡിയുമായി മാറും. അപ്പോൾ സംഗതി സീരിയസാണ്!
ദൈവം “എൻ്റെ” പ്രാണനെ പാതാളത്തിൽ അഥവാ മരണത്തിന് ഏല്പിക്കുകയില്ല, ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. അതിനാൽ, ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ ദാവീദാണെന്നു തോന്നാം. എന്നാൽ, മരണമില്ലാത്തതും ദ്രവത്വം കാണാത്തതുമായ പരിശുദ്ധൻ ദാവീദല്ല. അവൻ മരിക്കയും അവൻ്റെ ശരീരം ദ്രവത്വം കണ്ടതായും പത്രൊസും പൗലൊസും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നു: “ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.” (പ്രവൃ, 13:36; 2:29). അപ്പോൾ, ദാവിദല്ല ദ്രവത്വം കാണാത്ത പരിശുദ്ധൻ.
ദാവീദിൻ്റെ ഈ പ്രവചനം പുതിയനിയമത്തിൽ രണ്ടുവട്ടം ഉദ്ധരിക്കുകയും (പ്രവൃ, 2:27; 13:35) രണ്ടുവട്ടവും അത് ക്രിസ്തുവിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട്: (പ്രവൃ, 2:31; 13:37). അപ്പോൾ, മരണവും ദ്രവത്വവും ഉണ്ടാകേണ്ടിയിരുന്ന യഥാർത്ഥ പരിശുദ്ധൻ ക്രിസ്തുവാണെന്നും അവനെ ദൈവം മരണത്തിൽനിന്നും ദ്രവത്വത്തിൽനിന്നും വിടുവിച്ചെടുത്തു എന്നാണോ അതിനർത്ഥം? ഒരിക്കലുമല്ല. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം; മരണത്തിൻ്റെ ഫലമാണ് ദ്രവത്വം: (റോമ, 6:23). എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: പാപമറിയാത്തവൻ: (2കൊരി, 5:21). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22). അവനിൽ പാപമില്ല: (1യോഹ, 3:5). പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നൊക്കെയാണ്: (എബ്രാ, 7:26).
പാപമറിയാത്ത പരമപരിശുദ്ധനായ ക്രിസ്തുവിൻ്റെ മേൽ മരണത്തിന് ഒരധികാരവും ഇല്ലാതിരിക്കെ, ദൈവം അവൻ്റെ പ്രാണനെ എന്തിനു പാതാളത്തിൽ വിടുകയില്ലെന്നും ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ലെന്നും പറയണം? മാത്രമല്ല, ക്രിസ്തുവെന്ന പാപമറിയാത്ത മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനാണ്: “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവൻ.” (1കൊരി, 15:47. ഒ.നോ: യോഹ, 1:15,31; 3;31; 6:38; 8:23; ഫിലി, 2:6-8; 1തിമൊ, 3:16; 1യോഹ, 4:2). മരണമോ, ദ്രവത്വമോ ഇല്ലാത്ത സ്വർഗ്ഗീയൻ ഭൂമിയിൽവന്ന് മരിച്ചുയിർത്തത് തൻ്റെ ദ്രവത്വം മാറ്റാനായിരുന്നോ? മരണവും ദ്രവത്വവുമില്ലാത്ത സ്വർഗ്ഗീയന് അതിൻ്റെ യാതൊരാവശ്യവുമില്ല. ദൂതന്മാർക്കുപോലും മരണമോ, ദ്രവത്വമോ ഇല്ലാതിരിക്കെ യഥാർത്ഥത്തിൽ മരണവും ദ്രവത്വവുമുള്ള പരിശുദ്ധൻ ക്രിസ്തുവാകുന്നതെങ്ങനെ? അങ്ങനെവരുമ്പോൾ, ആത്മീയമായി ക്രിസ്തുവിലൂടെ ആ പ്രവചനം നിവൃത്തിയായെങ്കിലും അതിൻ്റെ യഥാർത്ഥ അവകാശി അഥവാ മരണംമൂലം ദ്രവത്വം ഉണ്ടാകേണ്ടിയിരുന്നതും ദൈവം തൻ്റെ ക്രിസ്തുവിലൂടെ മരണവും ദ്രവത്വവും നീക്കിക്കളഞ്ഞവനായ പരിശുദ്ധൻ മറ്റൊരാളാണെന്നു വരുന്നു.
മദ്ധ്യസ്ഥനും മറുവിലയും: ക്രിസ്തു പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനും (1തിമൊ, 2:5; എബ്രാ, 8:6; 9:15; 12:24) മറുവിലയുമാണെന്നു ദൈവവചനം പറയുന്നു: (മത്താ, 20:28; മർക്കൊ, 10:45; 1തിമൊ, 2:6). മദ്ധ്യസ്ഥനെന്നാൽ: “രണ്ട് വ്യക്തികളോ കക്ഷികളോ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും, ആ ബന്ധം അവർക്കു പുനഃസ്ഥാപിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ, മദ്ധ്യവർത്തിയായി നിന്നു അവരെത്തമ്മിൽ നിരപ്പിക്കുന്ന വ്യക്തിയാണ് മദ്ധ്യസ്ഥൻ.” മറുവിലയെന്നാൽ: “തടവിലുള്ളവരെ മോചിപ്പിക്കാൻ കൊടുക്കുന്ന മോചനദ്രവ്യമാണ്.” ബൈബിൾ ഭാഷയിൽ പറഞ്ഞാൽ; “പാപത്തിൻ്റെ അടിമയായി മരണംകാത്തു കിടന്നവൻ്റെ ജീവൻ്റെ വീണ്ടെടുപ്പിനായി ചുമത്തിയ ഉദ്ധാരണ ദ്രവ്യമാണ് മറുവില.” അതായത്, പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യനും തമ്മിലായിരുന്നു വിഷയം. അവരെത്തമ്മിൽ സമരസപ്പെടുത്താൻ ദൈവത്തിൻ്റെയും മനുഷ്യരുടെയും മദ്ധ്യേ മദ്ധ്യസ്ഥനായി നിന്നതും പാപികളായ മനുഷ്യരുടെ വീണ്ടെടുപ്പുവില ദൈവത്തിനു കൊടുക്കാൻ തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ വിലയേറിയ രക്തം മറുവിലയായി നല്കി മനുഷ്യരെ വീണ്ടെടുത്തതും ക്രിസ്തുവാണ്: (1തിമൊ, 2:5,6; 1പത്രൊ, 1:18,19). വീണ്ടെടുപ്പുകാരനെങ്ങനെ യഥാർത്ഥത്തിൽ ദ്രവത്വമില്ലാത്ത പരിശുദ്ധനാകും? മരണമോ, ദ്രവത്വമോ ഉണ്ടാകാനിടയുണ്ടായിരുന്നവനും ദൈവത്താൽ മരണവും ദ്രവത്വവും നീങ്ങിപ്പോയ ഒരുവന് മറ്റൊരാളെ എങ്ങനെ വീണ്ടെടുക്കാനാകും? വീണ്ടെടുപ്പുകാരൻ്റെ പ്രധാന യോഗ്യത, അവൻ വീണ്ടെടുപ്പ് ആവശ്യമില്ലാത്തവനായിരിക്കണം. ഒരു അടമയ്ക്ക് അടിമയെയോ, പാപിക്ക് പാപയെയോ, മരണമുള്ളവന് മരണത്തിൽനിന്നോ ആരെയെയും വീണ്ടെടുക്കാൻ കഴിയില്ല. അപ്പോൾ, വീണ്ടെടുപ്പുകാരനായ ക്രിസ്തുവല്ല ദ്രവത്വം കണേണ്ടിയന്നവൻ; മറ്റൊരാളാണ്.
ആരുടെ മരണവും ദ്രവത്വവുമാണോ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനും ദൈവകുഞ്ഞാടുമായ ക്രിസ്തുവിലൂടെ നീങ്ങിപ്പോയത്, അവനാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ. അതായത്, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ആരുടെ മരണവും ദ്രവത്വവുമാണോ ഇല്ലായ്മ ചെയ്തത്, അവനാണ് ദാവീദ് പ്രവചിക്കുന്ന ദൈവത്തിൻ്റെ യഥാർത്ഥ പരിശുദ്ധൻ. അപ്പോൾ ഒരു ചോദ്യംവരും; ക്രിസ്തുവിനെ കൂടാതെ മറ്റൊരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? അഥവാ ക്രിസ്തു മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയ ഒരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? ഉണ്ടെങ്കിൽ ആരാണവൻ?
ദൈവത്തിൻ്റെ പരിശുദ്ധനെക്കുറിച്ച് സൂചന നല്കാൻ കഴിയുന്ന ചില കാര്യങ്ങൾ നാം ചിന്തിക്കുന്ന വാക്യത്തിൽത്തന്നെയുണ്ട്: അവിടെ പരിശുദ്ധനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം ദൈവത്തിൻ്റെ പരിശുദ്ധിയെയും മനുഷ്യൻ്റെ വിശുദ്ധിയെയും ഒരുപോലെ കുറിക്കുന്ന ഖദോഷ് (qadosh – 6918) അല്ല; മനുഷ്യൻ്റെ വിശുദ്ധിയെ മാത്രം കൂറിക്കുന്ന ഹസീദ് (hasid – 2623) ആണ്. അതായത്, ദാവീദ് പ്രവചിച്ച ദ്രവത്വമില്ലാത്ത പരിശുദ്ധൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്നു തെളിയുന്നു. മലയാളത്തിലെ രണ്ടു പരിഭാഷകൾ നോക്കാം: “അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല. അവിടുത്തെ ഭക്തനെ മരണഗര്‍ത്തത്തിലേക്ക് അയയ്‍ക്കുകയില്ല.” (സത്യവേദപുസ്തകം സമകാലിക പരിഭാഷ). അടുത്തത്: “എന്തുകൊണ്ടെന്നാൽ, യഹോവേ, എൻ്റെ ആത്മാവിനെ നീയൊരിക്കലും പാതാളത്തിലേക്ക് അയക്കുകയില്ല. നിൻ്റെ വിശ്വസ്തനെ ശവക്കുഴിയാൽ ചീഞ്ഞളിയാൻ നീയനുവദിക്കില്ല.” (ഇ.ആർ.വി. മലയാളം; ഒ.നോ: പുതിയലോക ഭാഷാന്തരം). അപ്പോൾ, ദൈവത്തിൻ്റെ ഒരു ഭൗമിക പരിശുദ്ധൻ അഥവാ ഭക്തനെക്കുറിച്ചാണ് ദാവീദിൻ്റെ പ്രവചനമെന്ന് വ്യക്തം.
മറ്റൊരു സൂചന: ദൈവത്തിൻ്റെ പരിശുദ്ധത്മാർ എന്ന് ബഹുവചനത്തിലല്ല, “പരിശുദ്ധൻ” എന്ന് ഏകവചനത്തിലാണ് ദാവീദ് പ്രവചിക്കുന്നത്. ഹിബ്രു, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള എല്ലാ പരിഭാഷകളിലും “hasid–hebrew, belived one, faithful one, faithful servant, favored one, godly one, Holy man Holy One, loved one, Merciful One, merciful ones, pious servant, Pure One, sacred one, saintly one, special one, പരിശുദ്ധൻ, ഭക്തൻ, വിശ്വസ്തൻ” എന്നിങ്ങനെ ഏകവചനത്തിലാണ് കാണുന്നത്.
പരിശുദ്ധൻ ക്രിസ്തുവല്ലെന്നു നാം കണ്ടു; അവൻ സ്വർഗ്ഗീയനല്ല, ഭൗമികനാണെന്നു കണ്ടു; “പരിശുദ്ധൻ” എന്നു ഏകവചനത്തിലാണ് പ്രവചിച്ചിരിക്കുന്നതെന്നു കണ്ടു; അതിലൊക്കെ ഉപരിയായി, ക്രിസ്തുവിൻ്റെ ക്രൂശുമരണവും പുനരുത്ഥാനവും മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയവനാണെന്നും നാം കണ്ടു. അങ്ങനെയൊരു പരിശുദ്ധനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.
ഭൗമികസന്തതി: ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങശുടെയും അവകാശിയായ ഒരു ഭൗമികസന്തതിയുണ്ട്. അബ്രാഹാമിൻ്റെയും (ഉല്, 22:17,18) യിസ്ഹാക്കിൻ്റെയും (ഉല്പ, 26:5) യാക്കോബിൻ്റെയും (ഉല്പ, 28:14) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34) വിശേഷാൽ ദൈവത്തിൻ്റെ പുത്രനും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1) പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ (സങ്കീ, 2:2; 4:26) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ആ സന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്: ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും (പുറ, 4:22,23) സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും (പുറ, 19:5) ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവീൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ജാതികൾ പ്രത്യാശവെക്കുന്ന ദാസനും (യെശ, 11:10; 42:1-4) ജാതികളെ ന്യായംവിധിക്കുന്നവനും (യെശ, 42:1-4,7) ജാതികളുടെ പ്രകാശവും (യെശ, 42:7; 49:6) ദൈവം പേർചൊല്ലി വിളിച്ചവനും (യെശ, 43:1) ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും (യെശ, 49:1-3) ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും (യെശ, 49:6) ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്നു അരുളപ്പാട് ലഭിച്ചവനും (യെശ, 49:15) ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചുവെച്ചിരിക്കുന്നവനും (യെശ, 49:16) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും (യെശ, 55:4) ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശ്യനും (ദാനീ, 7:13) സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ഭൂമിയിലെ നിത്യരാജാവും (ദാനീ, 7:13,27) ദൈവം മിസ്രയീമിൽനിന്നു വിളിച്ചുവരുത്തിയവനുമായ (ഹോശേ, 11:1) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ദൈവപുത്രനും മനുഷ്യപുത്രനും പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ ആ ഭൗമികസന്തതിയുടെ പേരാണ് യിസ്രായേൽ.
യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ അഥവാ വിശുദ്ധൻ. ദൈവത്തിൻ്റെ വിശുദ്ധസന്തതി ജാതികളുമായി ഇടകലർന്ന് അശുദ്ധരായതായി എസ്രാ പറഞ്ഞിരിക്കുന്നു: “അവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലർന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.” (എസ്രാ, 9:2). വിശുദ്ധസന്തതി ദൈവത്തെത്തള്ളി നാശത്തിനു വിധേയമായാലും ഒരു കുറ്റിയായി ശേഷിക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു: “അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.” (യെശ, 6:13). യഹോവ വിശുദ്ധനെ അഥവാ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്ന് ദാവീദു പറയുന്നു: “യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.” (സങ്കീ, 4:3; 16:10. ഒ.നോ: പുറ, 19:6; സംഖ്യാ, 16:3; ആവ, 7:6; 14:2,21;26:19; സങ്കീ, 37:28; 50:5; യെശ, 4:4). സങ്കീർത്തനം 16:10-ൽ “പരിശുദ്ധനെ” കുറിച്ചിരിക്കുന്ന ഹസീദ് (hasid – 2623) എന്ന പദത്തെ തന്നെയാണ് ഈ വാക്യത്തിൽ “ഭക്തൻ” എന്നു പരിഭാഷ ചെയ്തിരിക്കുന്നത്. ഗ്രീക്ക് സെപ്റ്റ്വജിൻ്റിൻ്റെ ഇംഗ്ലീഷ് പരിഭായിൽ holy one എന്നാണ്: (LXXuk. ഒ.നോ: BST. ഒ.നോ: AB, CPDV, DRC, Logos). ദൈവം സകലജാതികളിൽ നിന്നും തനിക്കായി വേർതിരിച്ച പരിശുദ്ധനാണ് യിസ്രായേൽ: “കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.” (1രാജാ, 8:53. ഒ.നോ: ലേവ്യ, 20:26).
ദൈവം “എൻ്റെ പുത്രൻ” (My Son) എന്നു വിളിച്ചിരിക്കുന്നത് രണ്ടുപേരെ മാത്രമാണ്: ഒന്നാമത്, ഭൗമികസന്തതിയായ യിസ്രായേലിനെയും രണ്ടാമത്, യിസ്രയേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ച് കൊടുക്കാൻ വന്ന ആത്മികസന്തതിയായ ക്രിസ്തുവിനെയും: (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1; – മത്താ, 1:17; 17:5). സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം അബ്രാഹാം മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. ദൈവത്തിൻ്റെ രക്ഷ ഭൂമിമുഴുവൻ എത്തിക്കേണ്ടതിന് സകലജാതികൾക്കും പ്രകാശമാക്കി വെച്ചിരുന്നത് ഭൗമികസന്തതിയായ യിസ്രായേലിനെയാണ്: (യെശ, 49:6; 42:7. ഒ.നോ: പ്രവൃ, 1’8; 13:7). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു ക്രിസ്തു പറഞ്ഞതോർക്കുക: (യോഹ, 4:22). എന്നാൽ, ഭൗമികസന്തതി പാപംമൂലം മരണത്തിന് ഏല്പിക്കപ്പെട്ടവനായിരുന്നു: “പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.” (സങ്കീ, 18:5). അവൻ ജീവനായി അപേക്ഷിക്കുന്നത് നോക്കുക: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). “നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?” (സങ്കീ, 85:6.ഒ.നോ: 80:18; 119:25,37,40,88,107,149,154,158; 138:7; 143:11; ഹോശേ, 6:2). ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം ലോകസ്ഥാപനത്തിൽത്തന്നെ വാഗ്ദത്തം ചെയ്തിരുന്ന ആത്മികസന്തതിയാണ് ക്രിസ്തു: (ഉല്പ, 3:15; യെശ, 7:14; 9:6; മത്താ, 1:21). “യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.” (സങ്കീ, 33:18,19. ഒ.നോ: 22:15; 56:13; 68:20; 79:11; 102:21; 116:8). ആത്മികസന്തതിയായ ക്രിസ്തുവിലൂടെയാണ് ഭൗമികസന്തതിയുടെ മരണവും ദ്രവത്വവും നീങ്ങിപ്പോകുന്നത്. അതിനാൽ, ദൈവം പാതാളത്തിൽ വിട്ടുകളയാത്തതും ദ്രവത്വം കാണ്മാൻ സമ്മതിക്കാത്തതുമായ യഥാർത്ഥ പരിശുദ്ധൻ യിസ്രായേലാണ്.
പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലായിരുന്നെങ്കിൽ ഒരു പുതിയനിയമം ഉണ്ടാകില്ലായിരുന്നു; അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ലായിരുന്നു. പഴയനിയമത്തെ നിവൃത്തിക്കാനാണ് ആത്മികസന്തതിയായ ക്രിസ്തു വെളിപ്പെട്ടത്: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17,18). ന്യായപ്രമാണത്തിൻ്റെ സന്തതിയും വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിന് അവൻ്റെ വാഗ്ദത്തങ്ങൾ വാഗ്ദങ്ങൾ സാക്ഷാത്കരികരിച്ചുകൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ഭൗമികസന്തതിയുടെ അഭിധാനങ്ങളിലും (ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു, അബ്രാഹാമാൻ്റെ പുത്രൻ, ദാവീദുപുത്രൻ തുടങ്ങിയവ….) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് അവൻ്റെ പാപത്തിന് പാപപരിഹാരം വരുത്തിയിട്ട്, അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കുകയായായിരുന്നു: (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). അതാണ്, പഴയനിയമത്തിൻ്റെ നിവൃത്തിയായ, നിവൃത്തിയായിക്കൊണ്ടിരിക്കുന്ന, നിവൃത്തിയാകാനിരിക്കുന്ന പുതിയനിയമം. [കാണുക: യിസ്രായേലിന്റെ പദവികൾ]
ഭൗമികസന്തതിയായ യിസ്രായേലിനു വേണ്ടിയാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നതെന്നതിന് പുതിയനിയമത്തിൽ അനേകം തെളിവുകളുണ്ട്. ഒന്ന്: പുതിയനിയമത്തിൻ്റെ ആരംഭത്തിൽത്തന്നെ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. മറിയയോടുള്ള ദൂതൻ്റെ പ്രവചനം ഇങ്ങനെയാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും” യഹോവയായ ദൈവത്തിൻ്റെ ജനമാണ് യിസ്രായേൽ: (ആവ, 27:9; 2ശമൂ, 6:21; 2രാജാ, 9’6). ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു: (1തിമൊ, 3:14-16). അതായത്, തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനാകുകയായിരുന്നു. രണ്ട്: സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കോ, 1:54,55). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: (ഉല്പ, 22:17,18; പ്രവൃ, 3:25). യേശു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു.” (യോഹ, 8:37). “യിസ്രായേൽ ജനത്തെ അബ്രാഹാമാൻ്റെ സന്തതി” എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക: (8:33; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). മൂന്ന്: സെഖര്യാപുരോഹിതൻ്റെ അടുത്ത പ്രവചനം: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ അഥവാ യിസ്രായേലിനെ സന്ദർശിച്ച് (visit) അഥവാ വന്നുകണ്ടു രക്ഷിക്കും. “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന ഇയ്യോബിൻ്റെ പ്രവചനത്തിൻ്റെ നിവൃത്തികൂടിയാണത്: (ഇയ്യോ, 19:25). നാല്: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14-16). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു” ദൈവത്തിൻ്റെ പുത്രനും അഥവാ മക്കളും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയുമാണ് യിസ്രായേൽ: (ഉല്പ, 22:17,18; പ്രവൃ, 3:25. ഒ.നോ: യോഹ, 8:33; 8:37; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 16-ാം വാക്യം: “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയായ യിസ്രായേലിനെ മരണത്തിൽനിന്നും ദ്രവത്വത്തിൽ നിന്നും രക്ഷിക്കാൻ അവൻ്റെ ദൈവമായ യഹോവ മനുഷ്യനായി വന്ന് അവൻ്റെ പാപവും വഹിച്ചുകൊണ്ട് ക്രൂശിൽ മരിക്കുകയും മരണത്തെ അധികാരിയായ പിശാചിൻ്റെ തലതകർത്തുകൊണ്ട് വാഗ്ദത്തസന്തതിയെ മരണത്തിൽനിന്നും ദ്രവത്വത്തിൽനിന്നും വീണ്ടെടുക്കുകയായിരുന്നു.
ക്രിസ്തു ഒലീവ് മലയരികെ ബേത്ത്ഫാഗയിൽനിന്നു യെരൂശലേം ദൈവാലയത്തിലേക്കു രാജകീയ പ്രവേശം ചെയ്യുമ്പോൾ, മുമ്പും പിമ്പും നടക്കുന്ന ജനസമൂഹം വിളിച്ചുപറയുന്നത്: “ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ: വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.” (മർക്കൊ, 11:9). “നമ്മുടെ പിതാവായ ദാവീദിൻ്റെ രാജ്യം,” ദാവീദ് യെഹൂദാ ഗ്രോത്രജരുടെ പൂർവ്വീകനെന്ന നിലയിൽ യഥാർത്ഥത്തിൽ ആ ഗ്രോത്രക്കാരുടെ മാത്രം പിതാവാണ് ദാവീദ്. എന്നാൽ, അവിടെ കൂടിവന്ന പന്ത്രണ്ട് ഗോത്രക്കാരും ഒരുപോലെ പറയുന്നത്: “നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ” എന്നാണ്. അതായത്, തങ്ങൾ ദാവീദിൻ്റെ വാഗ്ദത്തസന്തതിയാണെന്ന് അവർ സമ്മതിക്കുകയാണ്. ക്രൈസ്തവസഭ സ്ഥാപിതമായശേഷമുള്ള പ്രഥമപ്രസംഗത്തിൽ പത്രൊസും അത് പറയുന്നുണ്ട്: “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.” (പ്രവൃ, 2:29). “ഗോത്രപിതാവായ ദാവീദിനെക്കുറിച്ചു,” യഥാർത്ഥത്തിൽ ദാവീദ് ഒരു ഗോത്രത്തിൻ്റെയും പിതാവല്ല. പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ദാവീദുമായി ഏകദേശം ആയിരം വർഷത്തെ അന്തരമുണ്ട്. അതിനാൽ ഏതെങ്കിലുമൊരു ഗോത്രത്തിൻ്റെ പിതാവെന്ന നിലയിലല്ല, യിസ്രായേലിലെ എല്ലാ ഗോത്രങ്ങളുടെയും പിതാവെന്ന നിലയിലാണ് ദാവീദിനെ ഗോത്രപിതാവെന്ന് പറഞ്ഞിരിക്കുന്നതെന്നു മനസ്സിലാക്കാം. എന്തെന്നാൽ, പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാർക്കു ചുറ്റും കൂടിവന്ന സകലജാതികളിൽ നിന്നുമുള്ള പന്ത്രണ്ടും ഒന്നും പതിമൂന്നു ഗോത്രങ്ങളിലുമുള്ള ബഹുപുരുഷാരത്തോടാണ് പത്രൊസ് ഇത് പറയുന്നത്. അബ്രാഹാമിനെയും ഗോത്രപിതാവെന്നു വിശേഷിപ്പിച്ചിട്ടുണ്ട്: “ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.” (എബ്രാ, 7:4). അബ്രാഹാം മുഴുവൻ യെഹൂദന്മാരുടെയും പിതാവാണല്ലോ; എപ്രകാരം അബ്രാഹാമിനെ ഗ്രോത്രപിതാവെന്ന് വിശേഷിപ്പിച്ചിരിക്കുന്നുവോ, അപ്രകാരമാണ് ദാവീദിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ യഥാർത്ഥത്തിലുള്ള പന്ത്രണ്ട് ഗോത്രപിതാക്കന്മാർ ഒഴികെ (പ്രവൃ, 7:8,9) ദാവീനെയും അബ്രാഹാമിനെയും മാത്രമാണ് ഗോത്രപിതാവെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. എന്തെന്നാൽ, യിസ്രായേൽ അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) ദാവീദിൻ്റെയും (2ശമൂ, 7:5-16) വാഗ്ദത്തസന്തതിയാണ്. ദൈവത്തിൻ്റെ പുത്രനും വാഗ്ദത്തസന്തതിയുമായ യിസ്രായേലിനു വേണ്ടിയാണ് അവൻ്റെ ദൈവം മനുഷ്യനായത്: (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-16).
ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവും മൂലമാണ് യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയാകുന്നത്. അതിനാലാണ് വാഗ്ദത്തസന്തതിയുടെ രക്ഷിതാവും മറുവിലയുമായ ക്രിസ്തുവിൽ ആ പ്രവചനം ആരോപിച്ചിരിക്കുന്നത്: (പ്രവൃ, 2:31; 13:37). ക്രിസ്തുവിലൂടെയുള്ളത് പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ്; ക്രിസ്തുവിൻ്റെ രക്ഷാകര പ്രവൃത്തിയുടെ പൂർണ്ണഫലം അഥവാ പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തി യിസ്രായേലിന് ലഭിക്കാനിരിക്കുന്നതേയുള്ളു: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശ, 25:8). “തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും” ഇത് ഭാവീകമാണ്. ക്രിസ്തു മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയെങ്കിലും വാഗ്ദത്തസന്തതിക്ക് അതിൻ്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ദാവീദിൻ്റെ പ്രവചനം കാണുക: “യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.” (സങ്കീ, 30:3). മറ്റൊന്ന്; “എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:15). വേറൊന്ന്; “എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു.” (സങ്കീ, 86:13). അടുത്തൊരണ്ണം: “ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.” (സങ്കീ, 118:17 ഒ.നോ: 71:20; യെശ, 26:19; 60:1; യെഹെ, 37:12). യഹോവയായ കർത്താവ്, യിസ്രായേലെന്ന വാഗ്ദത്തസന്തതിയുടെ ശത്രുക്കളെയെല്ലാം അവൻ്റെ കാൽക്കീഴാക്കിയിട്ട് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുമ്പോഴാണ് പ്രവചനത്തിന് പൂർണ്ണനിവൃത്തി വരുന്നത്: (സങ്കീ, 8:5:6–1കൊരി, 15:27,28; 110:1; പ്രവൃ, 1:6). ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയ നിവൃത്തിയും പൂർണ്ണനിവൃത്തിയുമുണ്ട്. [കാണുക: പ്രവചനങ്ങൾ, എട്ടാം സങ്കീർത്തനം, പതിനാറാം സങ്കീർത്തനം, നൂറ്റിപ്പത്താം സങ്കീർത്തനം]
ചരിത്രത്തിലേക്കു നോക്കിയാലും യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധനെന്നു കാണാൻ കഴിയും. യിസ്രായേൽ ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്ത സന്തതിയുമെങ്കിലും, മനുഷ്യരെന്ന നിലയിൽ തെറ്റിപ്പോകുന്ന ഹൃദയമുള്ളവരാകയാൽ പീഡകളും യുദ്ധങ്ങളും ഒരിക്കലും അവരെ വിട്ടുമാറിയിരുന്നില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതി ഉണ്ടായ കാലംമുതൽ അവർ പ്രവാസികളും അടിമകളുമായിരുന്നു. അബ്രാഹാമിനോടുള്ള വാഗദത്തംപോലെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അവർ പെരുകിയത് മിസ്രയീമ്യ ദാസ്യകാലത്താണ്: (പുറ, 1:7). യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായതുവരെ അവിടെ അവരുടെ ജീവിതം സമാധാനപരമായിരുന്നു; അതിനുശേഷം അവരുടെ ജീവിതം ദുരിതപൂർണ്ണമായി: (പുറ,1:8-13). അവിടെനിന്നും മോശെ മുഖാന്തരം വീണ്ടെടുക്കപ്പെട്ടജനം ദൈവത്തോടും മോശെയോടും മത്സരിക്കുകവഴി, മിസ്രയീമിൽനിന്നു പുറപ്പെട്ട ജനം മുഴുവൻ (രണ്ടു കുടുബമൊഴികെ) മരുഭൂമിയിൽ ഒടുങ്ങുംവരെ നാല്പതുവർഷം മരുഭുമിയിലഞ്ഞു: (സംഖ്യാ, 14:33,34). അനന്തരം അടുത്തതലമുറ യേശുവയുടെ നേതൃത്വത്തിൽ വാഗ്ദത്തകനാൻ കൈവശമാക്കിയെങ്കിലും അവർക്കു യുദ്ധമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല: (യോശ, 10:1–12:24). ഇരുപത്തഞ്ചുവർഷം കഴിഞ്ഞ് യോശുവയുടെ കാലശേഷം 8 വർഷം മെസോപൊത്താമ്യ അടിമത്വം (ന്യായാ, 3:8), 18 വർഷം മോവാബിൻ്റെ അടിമത്വം (ന്യായാ, 3:14), 20 വർഷം ഹാസോരിലെ കാനന്യരാജാവായ യാബീന്റെ കീഴിൽ ഞെരുക്കം (ന്യായാ, 4:3), 7 വർഷം മിദ്യാന്യ അടിമത്വം (ന്യായാ, 6:1), 3 വർഷം അബീമേലെക്കിൻ്റെ ഭരണം (ന്യായാ, 9:22), 18 വർഷം അമ്മോന്യരുടെ കീഴിൽ ഞെരുക്കം (ന്യായാ, 10:8), 40 വർഷം ഫെലിസ്ത്യരുടെ കീഴിലെ അടിമത്വം (ന്യായാ, 13:1). എല്ലാ അടിമത്വത്തിൽ നിന്നും ന്യായാധിപന്മാരാൽ വിടുവിക്കപ്പെട്ട ജനം ഒടുവിൽ ശമൂവേലിൻ്റെ ന്യായപാലനകാലത്ത് ജാതികൾക്കുള്ളതുപോലെ രാജാവിനെ ചോദിക്കുകയും ദൈവത്തിൻ്റെ കല്പനപോലെ ശമൂവേൽ ബെന്യാമീൻ ഗോത്രത്തിലെ ശൗലിനെ അവരുടെ ആദ്യത്തെ രാജാവായി (ബി.സി. 1050–1010) വാഴിക്കുകയും ചെയ്തു: (1ശമൂ, 11:15).
ദാവീദിൻ്റെയും ശലോമോൻ്റെയും കാലത്തൊക്കെ അവർ കുറച്ചൊക്കെ സമാധാനം അവർ അനുഭവച്ചുവെങ്കിലും അവരുടെ പാപം സ്വഭാവം നിമിത്തം ശാശ്വതമായ സമാധാനം അനുഭവിച്ചിട്ടുള്ള ഒരു ജാതിയല്ല യിസ്രായേൽ. ബാബേൽരാജാവായ നെബൂഖദ്നേസർ ഭരണം കയ്യാളിയ ബി.സി. 607-മുതൽ സ്വന്തമായി അവർക്ക് രാജ്യമുണ്ടാകുന്ന 1948-വരെ അവരനുഭവിച്ച അവർണ്ണനീയമായ കഷ്ടം സഹിക്കാൻ ഭൂമിയിലെ ഒരു ജാതിക്കും കഴിയില്ല. ബി.സി. 607–537-വരെ ബാബേലിൻ്റെ അടിമത്വം (ദാനീ, 1:1–എസ്രാ, 1:1; 2ദിന, 36:22). ബി.സി. 537–331-വരെ പേർഷ്യൻ അടിമത്വം (യിരെ, 25:12–ദാനീ, 5:30,31). ബി.സി. 331–63-വരെ ഗ്രീസിൻ്റെ അടിമത്വം (ദാനീ, 11:3,4). ബി.സി. 63-എ.ഡി. 138-വരെ റോമൻ അടിമത്വം. റോമൻ ചക്രവർത്തി ഹദ്രിയൻ്റെ (Hadrian) കാലത്തെ (എ.ഡി. 117–138) ബാർ-കൊഖ്ബ കലഹത്തിലൂടെ (Bar-Kokhba Revolt) വാഗ്ദത്തസന്തതി വാഗ്ദത്ത ദേശത്തുനിന്ന് തുടച്ചുനീക്കപ്പെടുകയും സകല ജാതികളിലേക്കും അടിമയായി പോകുകയും ചെയ്തു. റോമൻ ചക്രവർത്തി ഹദ്രിയാൻ്റെ കാലത്തുനടന്ന കലാപത്തിൽ പതിനൊന്നു ലക്ഷംപേർ കൊല്ലപ്പെട്ടതായും തെണ്ണൂറ്റേഴായിരം പേർ പിടിക്കപ്പെട്ടതായും യെഹൂദാ ചരിത്രകാരനായ ജോസീഫസ് പറഞ്ഞിട്ടുണ്ട്. എ.ഡി. 250–1948-വരെയുള്ള യെഹൂദാ പീഡനത്തിൻ്റെ ചരിത്രം JUDAISM ONLINE എന്നൊരു സൈറ്റിൽ അവർതന്നെ പട്ടികയായി കൊടുത്തിരിക്കുന്നത് കാണാം: [https://www.simpletoremember.com/articles/a/HistoryJewishPersecution/]. 1933-1945-വരെ യെഹൂദന്മാർക്കെതിരെ ജർമ്മനിയിൽ ഹിറ്റ്ലർ അഴിച്ചുവിട്ട നാശത്തിൻ്റെ കൊടുങ്കാറ്റ് 60 ലക്ഷം യെഹൂദന്മാരെയാണ് കൊന്നൊടുക്കിയത്. ഇന്ത്യപോലുള്ള ചുരുക്കം ചില രാജ്യങ്ങളൊഴികെ, അവർ പ്രവാസികളായിപ്പോയ എല്ലാ രാജ്യങ്ങളിലും അലർ കൊടിയ പീഡകൾ അനുഭവിച്ചു. ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം ഇനിയുമവർക്ക് ഉണ്ടാകും: (മത്താ, 24:21).
അതായത്, ഒരു ജാതി ഭൂമുഖത്തുനിന്നു നൂറുവട്ടും മുടിഞ്ഞുപോകേണ്ട അത്രയും കഷ്ടം സഹിച്ചിട്ടും അവർ മുടിഞ്ഞുപോകാതെ അഥവാ പാതാളത്തിൽ ഇറങ്ങിപ്പോകാതെയും ദ്രവത്വം കാണാതെയും അജയ്യരായി ഇന്നും നിലനില്ക്കുന്നത് ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. യേശുക്രിസ്തുവല്ല, യിസ്രായേലാണ് ഇരിമ്പുകോൽകൊണ്ട് ഈ ഭൂമിയെ മരിക്കേണ്ട നിത്യരാജാവെന്നുകൂടി അറിയുമ്പോഴാണ്, അവൻ്റെ മേലുള്ള ദൈവത്തിൻ്റെ വാഗ്ദത്തം എത്ര വലുതാണെന്ന് നാം തിരിച്ചറിയുന്നത്: (യോഹ, 18:36; സങ്കീ, 2:8,9; 8:5-7; 45:6,7; 110:1; ദാനീ, 7:13,14–18,21,27. ഒ.നോ: യോഹ, 5:22).
യഹോവയും യേശുക്രിസ്തുവും: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമത്തിൽ വെളിപ്പെട്ടിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് യഹോവയായ ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന തൻ്റെ പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; യോഹ, 17:11,12; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവെന്ന (യോഹ, 14:26) ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളുടെയും നാമം യേശുക്രിസ്തു എന്നായി. (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 14:26; 17:6; 17:11,12; 14:26; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 14:23; 16:32; 17:11; 17:23). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ദൈവപുത്രനെന്ന പദവിയല്ലാതെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം പിന്നെയുണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). ആരാണോ മനുഷ്യനായി പ്രത്യക്ഷനായത് അവനാണ്, ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു: (യോഹ, 20:28; തീത്തൊ, 2:12: എബ്രാ, 13:8). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ: (പുറ, 3:15; ആവ, 10:17). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക: (യെശ, 45:5,6,22; യോവേ, 2:32). [മനുഷ്യനായ ക്രിസ്തുയേശു, ദൈവപുത്രനും മനുഷ്യപുത്രനും]
ദൈവഭക്തിയുടെ മർമ്മം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ 1611-മുതലുള്ള KJV പരിഭാഷകളിൽ “God was manifest in the flesh” എന്നും 1717-ലെ പരിശുദ്ധ വേദാഗമത്തിൽ (തമിഴ്) “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നും 1876-ലെ ബെഞ്ചമിൻ ബെയ്ലി പരിഭാഷയിൽ “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നും കാണാവുന്നതാണ്. എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16).
യഹോവ ഗർഭംമുതൽ വിളിച്ച, അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽത്തന്നെ പേർ പ്രസ്താവിച്ച, യഹോവ ജനിപ്പിച്ച തൻ്റെ സാക്ഷാൽ പുത്രനും ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയായ ഭൗമികസന്തതി യിസ്രായേലാണെന്ന് അനേകർക്കും ഇന്നുമറിയില്ല. നവീകരണനായകനായ മാർട്ടിൻ ലൂഥറിനും അതറിയില്ലായിരുന്നു. യെഹൂദന്മാർക്കെതിരെയുള്ള മാർട്ടിൻ ലൂഥറിൻ്റെ വിദ്വേഷപ്രസംഗമാണ് ഹിറ്റ്ലറുടെ ക്രൂരപീഡനത്തിന് ഒരു പരിധിവരെ വഴിതെളിച്ചതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യെഹൂദരുടെമേൽ ലൂഥർ ആരോപിച്ചത് ദൈവപുത്രനായ യേശുവിനെ കൊന്ന കുറ്റമാണ്. അവസാനകാലത്ത് ലൂഥർ യഹൂതരെക്കുറിച്ചെഴുതിയ കാര്യങ്ങൾ വിവാദപരമായിരുന്നു. യഹൂതന്മാരുടെ ഭവനങ്ങൾ നശിപ്പിക്കണമെന്നും സിനഗോഗുകൾ കത്തിച്ച്‌കളയണമെന്നും സമ്പാദ്യം കണ്ടുകെട്ടണമെന്നും സ്വാതന്ത്ര്യം പരിമിതമാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. “അവരെ കൊല്ലാത്തതിൽ നമ്മൾ തെറ്റുകാരാണ്.” എന്നദ്ദേഹം എഴുതിയിട്ടുണ്ട്: ഈ പ്രസ്താവനകൾ നാസികൾ 1933–45 കാലയളവിൽ അവരുടെ യഹൂദവിരുദ്ധ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു. യെഹൂദന്മാർ അവരുടെ രക്ഷകനായി ലോകത്തിൽ വെളിപ്പെട്ട ക്രിസ്തുവിനെ കൊന്നെങ്കിൽ അതിൻ്റെ ഫലം ലോകത്തിനു മുഴുവൻ ലഭിക്കുകയും അതിൻ്റെ ശിക്ഷ അവർ ഒന്നാം നൂറ്റാണ്ടിൽത്തന്നെ അനുഭവിക്കുകയും ചെയ്തതാണ്. (എഫെ, 2:16; കൊലൊ, 1:20-22). മാത്രമല്ല, ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അവരെ കാത്തിരുക്കുകയും ചെയ്യുന്നു: (മത്താ, 24:21). അന്നവർ തങ്ങൾ കുത്തിയവങ്കലേക്കു നോക്കി വിലപിക്കുമ്പോൾ, ദൈവം അവരെ യഥാസ്ഥാനപ്പെടുത്തുകയും അവരുടെ പാപം പരിഹരിക്കുകയും ചെയ്യും: (സെഖ, 12:10; 13:1; യോഹ, 19:17; വെളി, 7:1). എന്നാൽ, യിസ്രായേലെന്ന സാക്ഷാൽ ദൈവപുത്രനെ കൊല്ലാൻ കൂട്ടുനിന്ന മാർട്ടിൻ ലൂഥറിൻ്റെ പാപം (അവൻ്റെ അനുയായികളായ നമ്മളും ആ പാപത്തിന് ഓഹരിക്കാരാണ്) എങ്ങനെ കഴുകിക്കളയും?
പുതിയനിയമത്തിൽ നിവൃത്തിയായിരിക്കുന്ന എല്ലാ പഴയനിയമ പ്രവചനങ്ങളുടെയും യഥാർത്ഥ അവകാശി യേശുക്രിസ്തുവല്ല യിസ്രായേലാണ്. അവനാണ് ദൈവത്തിൻ്റെ നിത്യപുത്രനും (ആരംഭമുള്ളവനും അവസാനമില്ലാത്തവനും) സകല വാഗ്ദത്തങ്ങളുടെയും അവകാശി. ദൈവത്തിൻ്റെ നിത്യപുത്രനായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ യഹോയുടെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിലൂടെ നിവൃത്തിയാകുകയാണ് ചെയ്തത്. നമ്മൾ ബൈബിൾ തലതിരിച്ചു പഠിക്കുന്നവരാണ്. ദൈവപുത്രനായ യേശുവിനെക്കുറിച്ച് പഠിക്കേണ്ടതിനു മുമ്പേ, ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ യിസ്രായേലിനെക്കുറിച്ചാണ് നാം പഠിക്കേണ്ടിയിരുന്നത്. എന്നിട്ട്, ആ പുത്രൻ്റെ വാഗ്ദത്തങ്ങൾ പുതിയനിയമത്തിൽ എങ്ങനെ നിവൃത്തിയായി എന്നാണ് മനസ്സിലാക്കേണ്ടത്. എന്തെന്നാൽ, പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. നമ്മളാകട്ടെ, പുതിയനിയമം പഠിച്ചശേഷം ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശി ക്രിസ്തുവാണെന്നു മനസ്സിലാക്കുകയും പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന യഥാർത്ഥ വാഗ്ദത്തസന്തതിയുടെ വചനങ്ങൾ യേശുക്രിസ്തുവിനോടു ബന്ധിപ്പിക്കുകയും ചെയ്തു. അതിൻ്റെ ഫലമാകട്ടെ; ഏകസദൈവം (monos theos) പാപപരിഹാരാർത്ഥം പൂർണ്ണമനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടപ്പോൾ, സാക്ഷാൽ നിത്യപുത്രനെ അറിയാത്ത നമ്മൾ യേശുവിനെപ്പിടിച്ചു ദൈവത്തിൻ്റെ നിത്യപുത്രനും മറ്റൊരു ദൈവവുമാക്കി. അങ്ങനെ, ഏകസത്യദൈവം ബഹുദൈവമായിമാറി. [ഭൗമികസന്തതിയും ആത്മികസന്തതയും]
സങ്കീർത്തനം 16:10-പോലെ ക്രിസ്തുവിലൂടെ നിറവേറിയതും നിറവേറാനിരിക്കുന്നതുമായ യിസ്രായേലിന്റെ വാഗ്ദത്തങ്ങൾ കാണുക:
1. “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു. (പ്രവൃ, 2:35–സങ്കീ, 110:1). ക്രിസ്തുവിൽ ഇത് അംശമായും (ശത്രുക്കൾ ഇതുവരെയും പാദപീഠം ആയിട്ടില്ല) ആത്മീയമായും നിറവേറി; ഭാവിയിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പൂർണ്ണമായി നിറവേറാനുള്ളതാണ്. [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം]
2. “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:33–സങ്കീ, 2:7). ആത്മീയമായി ഇത് ക്രിസ്തുവിൽ നിറവേറി; അശമായി, യിസ്രായേൽ രാജ്യസ്ഥാപനത്തോടുള്ള ബന്ധത്തിൽ 1,948 മെയ് 14-ന് നിറവേറി; ഇനി, കർത്താവ് യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ പ്രവചനത്തിന് പൂർണ്ണനിവൃത്തി വരും: (പ്രവൃ, 1:6). [കാണുക: രണ്ടാം സങ്കീർത്തനം]
3. “സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.” (1കൊരി, 15:27,28; എബ്രാ, 2:6-8–സങ്കീ, 8:5-7). ഇത് ക്രിസ്തുവിലൂടെ ആത്മീയമായി നിറവേറി: (എബ്രാ, 2:9). യിസ്രായേലിന് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുമ്പോൾ പൂർണ്ണമായി നിവൃത്തിയാകും: (പ്രവൃ, 1:6). ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് ഭൂമിയെ ഭരിക്കേണ്ട രാജാവാണ് യിസ്രായേൽ: (1കൊരി, 15:28). [കാണുക: എട്ടാം സങ്കീർത്തനം]
4. “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6; ആവ, 32:43). ഇത് മോശെയുടെ പാട്ടിൻ്റെ അവസാന വാക്യമാണത്. സത്യവേദപുസ്തകത്തിലെ പരിഭാഷ കൃത്യമല്ല; ഗ്രീക്കു സെപ്റ്റ്വജിൻ്റിലെ വാക്യം ചേർക്കുന്നു: “ആകാശമേ, അവനോടുകൂടെ സന്തോഷിക്കുവിൻ, ദൈവത്തിന്റെ എല്ലാ ദൂതന്മാരും അവനെ നമസ്കരിക്കട്ടെ; ജാതികളേ, അവന്റെ ജനത്തോടൊപ്പം സന്തോഷിപ്പിൻ, ദൈവപുത്രന്മാരെല്ലാം അവനിൽ തങ്ങളെത്തന്നെ ഉറപ്പിക്കട്ടെ; അവൻ രക്തത്തിന് പ്രതികാരം ചെയ്യും. അവന്റെ പുത്രന്മാരുടെ കാര്യത്തിൽ, അവൻ പ്രതികാരം ചെയ്യും, തന്റെ ശത്രുക്കൾക്കു നീതി നൽകും, തന്നെ വെറുക്കുന്നവർക്ക് പ്രതിഫലം നൽകും; യഹോവ തന്റെ ജനത്തിന്റെ ദേശത്തെ ശുദ്ധീകരിക്കും.” (ആവ, 32:43). ദൈവത്തിൻ്റെ ആദ്യജാതനും യിസ്രായേലാണ്: (പുറ, 4:22). ദൈവം തേജസ്സും ബഹുമാനവും അണിയിച്ച മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:4,5). ദൈവം അവന് രാജ്യം സ്ഥാപിച്ചുകൊടുത്തു കഴിയുമ്പോൾ ആദ്യജാതനായ യിസ്രായേൽ മഹത്വത്തോടെ രാജാവാകുന്നതാണ് വിഷയം. ദൂതന്മാർ അവനെ ആരാധിക്കുകയല്ല; ആചാരപരമായി നമസ്കരിക്കുകയാണ് ചെയ്യുന്നത്.
5. “പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.” (എബ്രാ, 1:8; സങ്കീ, 45:6). ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുക്രിസ്തുല്ല (യോഹ, 18:36); യിസ്രായേലെന്ന വാഗ്ദത്ത സന്തതിയാണ്: (ദാനീ, 7:13,14,18,21,27). ഈ വാക്യത്തിലെ “ദൈവമേ” (എലോഹീം) എന്ന പ്രയോഗം സത്യദൈവത്തെ കുറിക്കുന്നതല്ല; യിസ്രായേലെന്ന ഭൗമിക രാജാവിനെ കുറിക്കുന്നതാണ്. യിസ്രായേലിനെ “എലോഹീം” വേറെയും വിളിച്ചിട്ടുണ്ട്: (സങ്കീ, 82:6. ഒ.നോ: യോഹ, 10:35; പുറ, പുറ, 4:16; 7:1). [കാണുക: രണ്ടാം സങ്കീർത്തനം, ദാനീയേലിലെ മനുഷ്യപുത്രൻ]
6. “നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7–എബ്രാ, 1:7). പഴയപുതിയനിയമങ്ങളിൽ പ്രതിപാതിച്ചിരിക്കുന്ന ഏകക്രിസ്തുവാണ് യിസ്രായേൽ: (സങ്കീ, 2:7; 45:7; യെശ, 61:1; പ്രവൃ, 4:26; വെളി, 11:15; 12:10; 20:4; 20:6). ആത്മീയമായി യേശുക്രിസ്തുവിലൂടെ പ്രവചനം നിവൃത്തിയായി: (ലൂക്കൊ, 4:18,19; പ്രവൃ, 10:38). ദൈവത്തിൻ്റെ അഭിഷിക്ത രാജാവായ യിസ്രായേലിലൂടെ പ്രവചനത്തിനു പൂർണ്ണനിവൃത്തിവരും: (ദാനീ, 7:13,14,18,21,27). [കാണുക: രണ്ടാം സങ്കീർത്തനം, ദാനീയേലിലെ മനുഷ്യപുത്രൻ]
7. “നീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.” (സങ്കീ, 110:4; എബ്രാ, 1:6). ക്രിസ്തുവിലൂടെ ആത്മീകമായി പ്രവചനം നിവൃത്തിച്ചു: (എബ്രാ, 7:21,22). ദൈവത്തിൻ്റെ നിത്യപുരോഹിതനായ യിസ്രയേലിലൂടെയാണ് പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തി: (യെശ, 61:6; സെഖ, 6:13). [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം]
ഇതും കാണുക: “ഞാൻ ആകുന്നു; മുനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.” (മർക്കൊ, 14:62; മത്താ, 26:64; വെളി, 1:13–ദാനീ, 7:13,14). ദാനീയേൽ പ്രവചനത്തിൽ ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശ്യനായവൻ അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:1314. ഒ.നോ: 7:18; 7:21; 7:27). വെളിപ്പാട് പുസ്തകത്തിൽ രാജത്വം പ്രാപിക്കുന്ന ക്രിസ്തു യിസ്രായേലാണ്: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15; 12:10; 20:4; 20:6). പഴയനിയമത്തിലെ ദൈവപുത്രനും (പുറ, 4:22; 4:23; സങ്കീ, 2:7; ഹോശേ, 11:1) മനുഷ്യപുത്രനും (സങ്കീ, 8:4; 80:17; 144:3) പഴയപുതിയനിയമങ്ങളിൽ പേർപറഞ്ഞിരിക്കുന്ന ഏകക്രിസ്തുവും യിസ്രായേലാണ്: (1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2 – 1ശമൂ, 2:10; 2:35; 2ശമൂ, 22:51; 1ദിന, 16:22; 2ദിന, 6:42; സങ്കീ, 2:2). യേശുക്രിസ്തുവിലൂടെയാണ് യിസ്രായേലെന്ന വാഗ്ദത്തസന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്ത നിത്യരാജത്വം ലഭിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യപുത്രനോടു സദൃശ്യനായി ക്രിസ്തുവിനെ കാണുന്നത്: “തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:13). [ദാനീയേലിലെ മനുഷ്യപുത്രൻ, യിസ്രായേലിന്റെ പദവികൾ, ദൈവത്തിൻ്റെ ക്രിസ്തു]
യേശുക്രിസ്തുവിൻ്റെ ഭൗമിക ശുശ്രൂഷ എന്താണെന്ന് അറിയണമെങ്കിൽ, ദൈവത്തിൻ്റെ പുത്രനും വാഗ്ദത്തസന്തതിയുമായ യിസ്രായേക്കുറിച്ചാണ് നാം ആദ്യം പഠിക്കേണ്ടത്. ആ സന്തതിയെക്കുറിച്ച് പഠിക്കാഞ്ഞതുകൊണ്ടാണ്, അവൻ്റെ വാഗ്ദത്തങ്ങൾ അവന് സാക്ഷാത്കരിച്ചു കൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ മനുഷ്യനായി പ്രത്യക്ഷനായപ്പോൾ, ആ മനുഷ്യനെയും പടിച്ച് നാം ദൈവമാക്കിയത്. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്ന യേശുവിൻ്റെ വാക്കുകളിൽ ദൈവത്തിൻ്റെ വാഗ്ദത്ത പുത്രനെക്കുറിച്ചുള്ള സൂചനയാണുള്ളത്. പരിഗ്രഹിക്കാൻ മനസ്സുള്ളവൻ പരിഗ്രഹിക്കട്ടെ!
Acts 2 applies this verse specifically to Jesus Christ. How can you then say this is not about Christ?
29 “Brothers, I may say to you with confidence about the patriarch David that he both died and was buried, and his tomb is with us to this day. 30 Being therefore a prophet, and knowing that God had sworn with an oath to him that he would set one of his descendants on his throne, 31 he foresaw and spoke about the resurrection of the Christ, that he was not abandoned to Hades, nor did his flesh see corruption. 32 This Jesus God raised up, and of that we all are witnesses.
അങ്ങയുടെ കമൻ്റിനു നന്ദി! ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ ദാവീദല്ല. അങ്ങ്, ലേഖനം വായിച്ചുനോക്കാതെയാണ് കമൻ്റിട്ടിരിക്കുന്നത്. ദയവായി ലേഖനം മുഴുവൻ വായിച്ചുനോക്കുക; എന്നിട്ട് കമൻ്റിടുക.