ദൈവത്തിനൊരു നിത്യപുത്രനുണ്ടോ?

ദൈവത്തിനൊരു നിത്യപുത്രനുണ്ടോ?

യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്; അതുപക്ഷെ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശിയാ നിത്യപുത്രൻ യിസ്രായേലാണ്. പഴയനിയമത്തിൽ ദൈവം “എൻ്റെ പുത്രൻ” എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു, മൂക്കിൽ ജീവശ്വാസം ഊതി ജീവനുള്ള ദേഹിയാക്കിയ ആദാമെന്ന മനുഷ്യനെയും ദൈവത്തിൻ്റെ മകനെന്ന് പുതിയനിയമം വശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 1:27,2:7; ലൂക്കൊ, 3:38). എന്നാൽ ആദാം ദൈവത്തിൻ്റെ നിത്യപുത്രനോ വാഗ്ദത്തങ്ങളുടെ അവകാശിയോ അല്ല. അക്ഷരാർത്ഥത്തിൽ യേശുക്രിസ്തു ദൈവത്തിൻ്റെ പുത്രനാണെന്ന് വിശ്വസിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് മിക്ക ക്രൈസ്തവ സംഘടനകളും. ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാവരുടെയും ഉപദേശം ഒന്നുതന്നെയാണ്. ദൈവത്തിന്റെ വാഗ്ദത്തപുത്രനും നിത്യപുത്രനും ഭൗമികരാജാവും ഇരിമ്പുകോൽകൊണ്ട് ജാതികളെ മേയിക്കേണ്ടവനും ദൈവം സകലവും കാൽക്കീഴാക്കി കൊടുത്തിരിക്കുന്ന മനുഷ്യപുത്രനും ദ്രത്വമില്ലാത്ത പരിശുദ്ധനും മനുഷ്യപുത്രന്മാരിൽ അതിസുന്ദരനായ രാജാവും ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തവനും ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവും തുടങ്ങി ദൈവത്തിൻ്റെ സകല വാഗ്ദത്തങ്ങളുടെയും അവകാശി അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. ആ സന്തതിയുടെ വാഗ്ദത്തങ്ങളെല്ലാം അവനു നിവൃത്തിച്ചു കൊടുക്കുന്ന ദൈവത്തിൻ്റെ പ്രത്യക്ഷതയായ പുത്രനാണ് യേശുക്രിസ്തു. (ദൈവപുത്രൻ, പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതി, ദാവീദിൻ്റെ വാഗ്ദത്തസന്തതി)

യേശുക്രിസ്തുവിന് ദൈവപുത്രനെന്ന പദവിയുള്ളത്. പുതിയനിയമത്തിലാണ്. (ലൂക്കൊ, 1:32, 35). സങ്കീർത്തനം 2:7-ലെ “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നത് യേശുക്രിസ്തുവിൻ്റെ ജനനത്തെക്കുറിച്ചുള്ള വേദഭാഗമാണെന്നാണ് ത്രിത്വപണ്ഡിതന്മാർ പഠിപ്പിക്കുന്നത്. അവർ അതിനു നല്കുന്ന വ്യാഖ്യാനം: ‘ഇന്നു ജനിപ്പിച്ചിരിക്കുന്നു’ എന്ന് പറഞ്ഞാൽ; അവിടുത്തെ ‘ഇന്നു’ എന്നത് നിത്യമായ ഇന്നാണ്. അതായത്, നിത്യതയിലേ ക്രിസ്തുവിനെ ജനിപ്പിച്ചതിനെ കുറിച്ചാണത്രെ ദാവീദ് പ്രവചിച്ചത്. (പിതാവ് പുത്രനെ ജനിപ്പിച്ചുവെന്ന് വിശ്വസിക്കുകയും, ജനിപ്പിച്ചവനും ജനിച്ചവനും തമ്മിൽ സമത്വമുണ്ടെന്ന് പറയുകയും ചെയ്താൽ എങ്ങനെയിരിക്കും; അതാണ് ത്രിത്വം) ഏകദേശം ബി.സി. 1,000-നും 900-നും ഇടയ്ക്കാണ് ഈ പ്രവചനം. അത് നിത്യമായ ഇന്നാണെങ്കിൽ  രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പണ്ഡിതന്മാർ തരുമോ? ഒന്ന്; പ്രവചനം ഭാവീകമായതുകൊണ്ട്, മുന്നോട്ട് സഞ്ചരിച്ചിട്ടാണ് അത് ചരിത്രമാകേണ്ടത്. ബൈബിളിലെ ഒരു പ്രവചനവും പിന്നോട്ട് സഞ്ചരിച്ചിട്ടില്ല. പിന്നെങ്ങനെ, ആ പ്രവചനംമാത്രം പിന്നോട്ടുപോയി? രണ്ട്; ഇന്നെന്നത് അനാദിനിത്യതയിലെ ഇന്നാണെങ്കിൽ, ഇന്നലെയെന്നോ, എന്നേക്കുമെന്നോ, എന്നുമെന്നേക്കുമെന്നോ പറയാമെന്നിരിക്കേ, ‘ഇന്നു ജനിപ്പിച്ചിരിക്കുന്നു’ എന്ന് പ്രവചിച്ചതെന്താണ്? ദാവീദ് ആത്മാവിലാണത് പ്രവചിക്കുന്നത്. (പ്രവൃ, 4:26). ഇനിയത്, പ്രവചനമല്ല; വെളിപ്പാടാണെന്ന് പറയാൻ പറ്റുമോ? അനാദിനിത്യതയിലെ കാര്യം ആത്മാവ് ദാവീദിന് വെളിപ്പെടുത്തിയതാണെന്നും രണ്ട് കാരണങ്ങൾകൊണ്ട് പറയാൻ പറ്റില്ല. ഒന്ന്; ആ അദ്ധ്യായത്തിൽ പുത്രൻ്റെ ശത്രുക്കളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ലോകം ഉണ്ടാകുന്നതിനും മുമ്പാണ് പുത്രനെ ജനിപ്പിച്ചത് അഥവാ അനാദിനിത്യതയിൽ പിതാവും പുത്രനും മാത്രമുള്ളപ്പോൾ പുത്രൻ്റെ ശത്രുക്കൾ ആരായിരുന്നു; അന്ന് ആരെയാണ് പുത്രൻ ഇരുമ്പുകോൽകൊണ്ട് മേയിച്ചത്? രണ്ട്; അത് ഭാവിയിൽ നിവൃത്തിയാകേണ്ട ഒരു പ്രവചനമാണ്; അതിൻ്റെ ആത്മീയ നിവൃത്തി ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായതാണ്. അപ്പോൾത്തന്നെ ക്രിസ്തുവിൻ്റെ കന്യകാജനനവുമായി ഈ പ്രവചനത്തിന് യാതൊരു ബന്ധവുമില്ലെന്നോർക്കണം. അതിനാൽ, ത്രിത്വം പഠിപ്പിക്കുന്നതുപോലെ ആ പ്രവചനം ക്രിസ്തുവിൻ്റെ നിത്യതയിലെ ഇല്ലാത്തൊരു ജനനവുമല്ല; കാലസമ്പൂർണ്ണതയിലെ ജനനവുമല്ലെന്ന് മനസ്സിലാക്കാം. 

എന്നാൽ അക്ഷരാർത്ഥത്തിൽ അത് സഹസ്രാബ്ദരാജ്യത്തിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ നിവൃത്തിയാകാൻ ഇരിക്കുന്നതേയുള്ളു. കാരണം, രണ്ടാം സങ്കീർത്തനത്തിലെ പുത്രൻ യിസ്രായേലാണ്. “ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നത്, യിസ്രായേൽ രജ്യസ്ഥാപനത്തിൽ നടക്കേണ്ടതാണ്. (പ്രവൃ, 1:6). പഴയനിയമ ഭക്തന്മാർ ഉയിർത്തെഴുന്നേറ്റു വരുന്നതിനെയാണ് പ്രവചനം സൂചിപ്പിക്കുന്നത്: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീ, 110:3). ‘ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു പുറപ്പെടുന്ന തൂമഞ്ഞുപോലെ നിന്‍റെ യുവാക്കള്‍ നിന്‍റെ അടുക്കല്‍ വരും’ എന്നാണ് മറ്റൊരു പരിഭാഷ. “ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു.” (യെശ, 66:8). ഇതിനെ 1948 മെയ് 14-ലെ യിസ്രായേൽ രഷ്ട്ര രൂപീകരണത്തോടും ബന്ധപ്പെടുത്താറുണ്ട്. എങ്കിലും, അന്ന് ആ പ്രവചനം പൂർണ്ണമായി നിറവേറിയില്ലെന്ന് കാണാൻ കഴിയും. “ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ?” എന്ന പ്രവചനത്തിൻ്റെ ആദ്യഭാഗം അന്ന് നിവൃത്തിയായതായി കാണാം:  എന്നാൽ, അടുത്തഭാഗമായ “ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ?” എന്നത് ആദിവസം നിവൃത്തിയായില്ല. വർഷങ്ങൾ കൊണ്ടാണ് ജനം ആ രാജ്യത്ത് എത്തിപ്പെട്ടത്; ഇപ്പോഴും യെഹൂദന്മാർ പല രാജ്യങ്ങളിലും ഉണ്ടെന്നുള്ള വസ്തുത, പ്രവചനത്തിൻ്റെ രണ്ടാംഭാഗം അക്ഷരാർത്ഥത്തിൽ നിവൃത്തിയായിട്ടില്ലെന്ന് തെളിയിക്കുന്നു. എന്നാൽ, പഴയനിയമ ഭക്തന്മാർ ഉയിർത്തെഴുന്നേറ്റ് വരുന്നത് ഒരുപോലെ ആയിരിക്കുമല്ലോ? പ്രവചനങ്ങൾ രണ്ടുഭാഗമായിട്ട് നിവൃത്തിയാകുന്നതിൻ്റെ പന്ത്രണ്ടോളം തെളിവുകൾ വേറെയുമുണ്ട്. ഉദാ: “യഹോവയുടെ പ്രസാദവർ‍ഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും.” ഈ പ്രവചനത്തിൻ്റെ ആദ്യഭാഗം ക്രിസ്തുവിൻ്റെ വരവോടെ നിവൃത്തിയായി. (ലൂക്കൊ, 4:18-21). ദൈവത്തിൻ്റെ പ്രതികാരദിവസം അഥവാ മഹോപദ്രവകാലം വരുവാനിരിക്കുന്നതേയുള്ളു. അടുത്തത്: “അവൻ (യേശു) നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.” (ലൂക്കോ, 3:16). പെന്തെക്കൊസ്തിലെ പരിശുദ്ധാത്മസ്നാനം കഴിഞ്ഞിട്ട് 1,989 വർഷമാകുന്നു. തീകൊണ്ടുള്ള സ്നാനം പാപിക്കൾക്കുള്ള ശിക്ഷാവിധിയാണ്; അത് വരാനിരിക്കുന്നതേയുള്ളു. അതിനാൽ, യിസ്രായേലിനോടുള്ള ബന്ധത്തിൽ ആ പ്രവചനം ഇനിയും നിവൃത്തിയാകേണ്ട ഒന്നാണെന്ന് വ്യക്തമാണ്.

എങ്കിലും, അതൊരു പ്രവചനമാണെന്നുപോലും മനസ്സിലാക്കാൻ കഴിയാത്തവിധം ത്രിത്വപണ്ഡിതന്മാരുടെ ബുദ്ധിയെ സാത്താൻ കീഴ്പ്പടുത്തിക്കളഞ്ഞു എന്നാണോ മനസ്സിലാക്കേണ്ടത്? യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് പഠിച്ചവരും പഠിപ്പിച്ചവരും ദൈവത്തിൻ്റെ വചനത്തിൽനിന്നല്ല അത് മനസ്സിലാക്കിയത്; നിഖ്യാ വിശ്വാസപ്രമാണത്തിൽ നിന്നും ദൈവശാസ്ത്രത്തിൽ നിന്നുമാണ്. യഹോവയായ ദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് യേശുക്രിസ്തുവെന്ന് മനസ്സിലാക്കാനോ, ദൈവത്തിനൊരു പുത്രനില്ലെന്നോ, ദൈവപുത്രനെന്നത് ക്രിസ്തുവിൻ്റെ അനേക പദവികളിൽ ഒന്നു മാത്രമാണെന്നോ, ആ പദവിപോലും നിത്യമല്ലെന്നോ ഗ്രഹിക്കാൻ ത്രിത്വക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വാസ്തവം. യേശുക്രിസ്തു നിത്യപുത്രനല്ലെന്ന് പലനിലയിൽ ദൈവവചനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ്: 

1. പുതിയനിയമത്തിൻ്റെ പുത്രൻ:  പുതിയനിയമത്തിൽ യേശുക്രിസ്തുവിനെ ആറുപേരുടെ പുത്രനായി പറയുന്നുണ്ട്: അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1); ദാവീദുപുത്രൻ (മത്താ, 1:1); ദൈവപുത്രൻ (മത്താ, 4:3); മനുഷ്യപുത്രൻ (മത്താ, 8:20); മറിയയുടെ പുത്രൻ (മർക്കൊ, 6:3); യോസേഫിൻ്റെ പുത്രൻ (യോഹ, 1:45). സ്ത്രീയുടെ (യിസ്രായേൽ) സന്തതി: (ഗലാ, 4:4. ഒ.നോ: മീഖാ, 5:2,3; ഉല്പ, 3:15). യേശുവെന്ന മനുഷ്യൻ ഇതിൽ ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണോന്ന് ചോദിച്ചാൽ; അല്ല. മറിയയുടെപോലും സാക്ഷാൽ പുത്രനല്ല; എല്ലാം ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണ്. (ലൂക്കൊ, 7:28). (കാണുക: മൂന്നു സ്ത്രീകൾ). യേശു ജനിക്കുന്നത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും മറിയയുടെയും സന്തതിയായ പാപമില്ലാത്ത അഥാവാ പരിശുദ്ധ മനുഷ്യനായിട്ടാണ്. ‘ദൈവപുത്രനെന്ന് വിളിക്കപ്പെടും’ (ലൂക്കൊ, 1:32, 35) എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ സ്നാനസമയത്ത് ദൈവപുത്രനെന്ന് വിളിക്കപ്പെടുകയാണ് ചെയ്തത്. (മത്താ, 3:17). അല്ലാതെ, യേശുവിന് ജനനത്തിൽത്തന്നെ ദൈവപുത്രനെന്ന പദവിയില്ലായിരുന്നു. യഹോവയായ ദൈവം പൂർണ്ണമനുഷ്യൻ മാത്രമായി പ്രത്യക്ഷനാകുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ഒന്നുകൂടി വ്യക്തമാക്കിയാൽ; യേശുവിൻ്റെ ഐഹിക ജീവതത്തിൽ തൻ്റെ ശുശ്രൂഷ ആരംഭിച്ച യോർദ്ദാൻ മുതൽ കാൽവരി ക്രൂശുവരെയുള്ള മൂന്നരവർഷം മാത്രമായിരുന്നു താൻ ദൈവപുത്രനായിരുന്നത്. ഈ വസ്തുത ഏതൊരു വിശ്വാസിയും മനസ്സോടെ അംഗീകരിക്കേണ്ടിവരും. അപ്പോൾ യേശു ദൈവപുത്രൻ ആയതുകൊണ്ടാണോ ദൈവമായിരിക്കുന്നത്? ഒരിക്കലുമല്ല. അവൻ ഏകസത്യദൈവമായ യഹോവ തന്നെയായതുകൊണ്ടാണ്. യേശു യഹോവയായ ദൈവമല്ലെങ്കിൽ അഥവാ യഹോവയുടെ മനഷ്യപ്രത്യക്ഷതയല്ലെങ്കിൽ യേശുവിൻ്റെ വാക്കിനാൽത്തന്നെ താൻ ദൈവമല്ലാതാകും. യേശു പിതാവിനെ ഏകസത്യദൈവം (the only true God) എന്നാണല്ലോ വിളിക്കുന്നത്? (യോഹ, 17:3). അതായത് പിതാവ് മാത്രമാണ് സത്യദൈവമെന്നാണ് യേശു പറയുന്നത്. അപ്പോൾ മറ്റാരും ദൈവമല്ലല്ലോ? ത്രിത്വം പഠിപ്പിക്കുംപോലെ താൻ പിതാവിൽനിന്ന് വ്യത്യസ്തനായ വ്യക്തിയാണെങ്കിൽ താൻ ദൈവമേ അല്ലാതാകും. എന്നാൽ ജഡത്തിൽവന്ന യേശു യഹോവയുടെ പ്രത്യക്ഷതയായ പൂർണ്ണമനുഷ്യൻ മാത്രമാകയാൽ, പിതാവ് മാത്രമാണ് ദൈവമെന്ന് പറഞ്ഞതും ശരിയാണ്; താൻ സത്യേകദൈവമാണെന്നുള്ളതും വാസ്തവമാണ്. (യേശു ജഡത്തിലും പൂർണ്ണദൈവമായിരുന്നു എന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. ആ വഞ്ചനയും യേശുവിൻ്റെ വാക്കിനാൽ തകർന്ന് തരിപ്പണമായി. കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

2. യേശുവിൻ്റെ നിത്യത്വം: യേശുക്രിസ്തുവിനെ പുതിയനിയമത്തിൽ ദൈവപുത്രനെന്ന് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. 125 പ്രാവശ്യം ദൈവപുത്രനെന്നും, അഞ്ചുപ്രാവശ്യം ഏകജാതനെന്നും, അഞ്ചുപ്രാവശ്യം ആദ്യജാതനെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ യേശു പുത്രനല്ലെന്ന് ആർക്കും പറയാൻ കഴിയില്ല. പുത്രനെന്നത് യേശുവിൻ്റെ പദവിയാണ്. യേശുക്രിസ്തു ആദ്യനും അന്ത്യനും (വെളി, 1:17) അനന്യനും (എബ്രാ, 13:8) ആണെന്ന് ബൈബിളിൽ കാണാം. അത്, യേശു പുത്രനായതുകൊണ്ടല്ല; നിത്യദൈവമായതുകൊണ്ടാണ്. യേശുക്രിസ്തു നിത്യനായതുകൊണ്ട് അവൻ്റെ പദവികൾ അഥവാ വിശേഷണങ്ങളൊക്കെ നിത്യമാണെന്ന് വരുമോ? അനവധി പദവികൾ യേശുവിനുണ്ട്: അപ്പൊസ്തലൻ, അബ്രഹാമിൻ്റെ പുത്രൻ, ആദ്യജാതൻ, ഇടർച്ചക്കല്ല്, ഏകജാതൻ, കാര്യസ്ഥൻ, കുഞ്ഞാട്, ക്രിസ്തു/മശീഹ, ഗുരു, തച്ചൻ, തടങ്ങൽപ്പാറ, തല, ദാവീദുപുത്രൻ, ദാസൻ, ദൈവപുത്രൻ, നല്ല ഇടയൻ, പാറ,  പ്രവാചകൻ, മണവാളൻ, മദ്ധ്യസ്ഥൻ, മനുഷ്യൻ, മനുഷ്യപുത്രൻ, മറിയയുടെ പുത്രൻ, മറുവില, മഹാപുരോഹിതൻ, മുന്തിരിവള്ളി, മുള, മൂലക്കല്ല്, യോസേഫിൻ്റെ പുത്രൻ, രണ്ടാം വചനം, വഴി, വാതിൽ വേര് തുടങ്ങിയ അനേകം വിശേഷണങ്ങളുണ്ട്. ഇവയൊക്കെ നിത്യമായാൽ എങ്ങനെയിരിക്കും? ഉദാ: ഏകജാതനും ആദ്യജാതനും നിത്യമായാൽ ആ പ്രയോഗങ്ങൾ അതിൽത്തന്നെ വിരുദ്ധമാകും. ഒരാൾക്ക് ഒരാളുടെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവനായി അഥവാ പപരഹിതമായ ക്രിസ്തുവിൻ്റെ നിസ്തുലജനനത്തെ (കന്യകാജനനം) കുറിക്കുന്ന വിശേഷണമാണ് ഏകജാതനെന്നത്. ഏകജാതൻ ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റപ്പോൾ, അവൻ്റെ രക്തംമൂലം അനേകർ ദൈവത്തിൻ്റെ അനന്തരജാതന്മാരായി. അഥവാ ക്രിസ്തു മുഖാന്തരം ദൈവം അനേകരെ ദത്തെടുത്തപ്പോൾ ഏകജാതനായ ക്രിസ്തു ആദ്യജാതനായി; ദത്തെടുക്കപ്പെട്ടവർ അനന്തരജാതന്മാരുമായി. ക്രിസ്തു ദൈവത്തിൻ്റെ ഏകജാതനായിത്തന്നെ ഇരുന്നാൽ മനുഷ്യർക്ക് രക്ഷ സാദ്ധ്യമല്ല; അവൻ മരിച്ചു മരണത്തിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റപ്പോൾ, ദൈവത്തിന് അനേകം മക്കൾ ലഭിച്ചു; ക്രിസ്തു ആദ്യജാതനുമായി. അടുത്തത്, യേശു വഴിയാണ്: പക്ഷെ നിത്യവഴിയാണോ? അല്ല. ആ വഴി എന്നുമെന്നും ഉണ്ടാകില്ല. കൃപായുഗത്തിനു തിരശ്ശീല വീഴുമ്പോൾ അഥവാ, കാഹളം ധ്വനിച്ചുകഴിഞ്ഞാൽ ഒപ്പം വഴിയും അടയും. അടുത്തത്, തന്നിൽ വിശ്വസിക്കാത്ത യെഹൂദന്മാർക്ക് യേശു ഇടർച്ചക്കല്ലും തടങ്ങൽപ്പാറയുമാണ്. അവൻ നിത്യനായതുകൊണ്ട്, നിത്യ ഇടച്ചക്കല്ലും നിത്യ തടങ്കൽപ്പാറയുമാണെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ ആ പ്രയോഗം എത്ര വികൃതമായിരിക്കും? യേശു നിത്യനായതുകൊണ്ട്, അവൻ്റെ പദവികളൊക്ക നിത്യമാണെന്നു വിചാരിക്കാൻ; ത്രിത്വക്കാരുടെ തലയിൽ ചാണകമാണോ? എല്ലാം വിശദീകരിക്കണ്ടല്ലോ. അടുത്തത്, പുത്രത്വം നോക്കാം: യേശുവിൻ്റെ പുത്രത്വമാണ് സകല മനുഷ്യർക്കും രക്ഷ നല്കുന്നത്. ഇപ്പോൾ ആര് വിശ്വസിക്കുന്നുവോ, അവർക്കൊക്കെയും ദൈവപുത്രനിലൂടെ രക്ഷപ്രാപിക്കാൻ കഴിയും? അതിലൊരു സംശയവുമില്ലല്ലോ? (യോഹ, 1:12; 3:15,16; 20:31). പക്ഷെ, ഇന്ന് വൈകിട്ട് കർത്താവ് വന്നാലോ, സഭ എടുക്കപ്പെട്ടാലോ പിന്നെയാർക്കെങ്കിലും ഈ ദൈവപുത്രനിൽ വിശ്വസിക്കുന്ന കാരണത്തിൽ രക്ഷ കിട്ടുമോ? പിന്നെ ഏത് വകയിൽ, എന്തിനുവേണ്ടി യേശു നിത്യപുത്രനാകണം. യേശു പുത്രനായതുകൊണ്ടാണ് ദൈവമായതെന്ന് പറയുന്നവർ അവൻ ദൈവമാണെന്ന് ഒരിടത്തും വായിച്ചിട്ടില്ലേ? ദൈവം (യോഹ, 20:28), മഹാദൈവം (തീത്തൊ, 2:12), വീരനാം ദൈവം (യെശ, 9:6), സത്യദൈവം (1യോഹ, 5:20), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), സർവ്വശക്തനായ ദൈവം (വെളി, 19:6) ഇതൊക്കെ ആരാണ്? യേശു പുത്രനായതുകൊണ്ടല്ല ദൈവമാകുന്നത്; എന്നേക്കും ദൈവമായതുകൊണ്ടാണ് പുത്രനെന്ന പദവിയിൽ അവൻ വന്നത്. 

3. യഹോയല്ലാതെ ദൈവമില്ല: ഇനി, ത്രിത്വം പഠിപ്പിക്കുന്നപോലെ യഥാർത്ഥത്തിൽ ദൈവത്തിനൊരു പുത്രനുണ്ടെങ്കിൽ ആ പുത്രൻ ദൈവം തന്നെയായിരിക്കും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷെ, യഹോവ പറയുന്നതൊന്നു ശ്രദ്ധിക്കുക: ഞാനല്ലാതെ ദൈവമില്ല. (ആവ, 32:39; 44:6; 44:8; 45:5; 45:21; 45:22; 46:9). ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. (യെശ, 43:11; യെശ, 45:21; ഹോശേ, 13:5). യഹോവയ്ക്ക് സമനും സദൃശനുമില്ലെന്നും പറയുന്നു: “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? … നിനക്കു തുല്യൻ ആർ?” (പുറ, 15:11). യഹോവേ, നിനക്കു തുല്യൻ ആർ? (സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; 49:19; 50:44; മീഖാ, 7:18). നിന്നോടു സദൃശൻ ആരുമില്ല. (സങ്കീ, 40:5; 89:6; യെശ, 40:25; 46:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്നും പറയുന്നു: ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല. (ആവ, 4:39; 4:35; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39). “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). യഹോവയ്ക്ക് മറ്റൊരു ദൈവത്തെ അറിയില്ലെന്നാണ് പറയുന്നത്. യഹോവയ്ക്കോ പഴയനിയമ ഭക്തന്മാർക്കോ അറിയാത്ത ദൈവമായ ഒരു നിത്യപുത്രൻ, യഹോവയ്ക്കുണ്ടെന്ന് പറഞ്ഞാൽ; അത് വിശ്വസിക്കുന്നവർ വീണ്ടുംജനിച്ചവർ തന്നെയോ???…

4. ദൈവമോ ഒരുത്തൻ മാത്രം: ദൈവം ഏകനെന്നു പറഞ്ഞാൽ; ഏകനിൽ ഒരു ബഹുത്വമുണ്ടെന്ന് ത്രിത്വം വ്യാജമായി പഠിപ്പിക്കും. പക്ഷെ, യഹോവ മാത്രം ദൈവമെന്ന് പറഞ്ഞാൽ അതിലെങ്ങനെ ബഹുത്വമുണ്ടാകും? “യഹോവ മാത്രമാണ് ദൈവമെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുന്നു: (1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; സങ്കീ, 72:18; 83:18; 86:10; 148:13; യെശ, 2:11, 17; 26:13; 37:16; 37:20; 44:24; 45:24; മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15, 16; യൂദാ, 1:4; 1:24; വെളി, 15:4). ‘പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും’ പഴയപുതിയനിയമങ്ങൾ പറയുന്നു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 17:1-3; ആവ, 32:6; യെശ, 63:16; 64:8; മലാ, 2:10). ബൈബിളിൽ ഉടനീളം ദൈവം ഒരേയൊരു വ്യക്തിയാണെന്ന് പറയുമ്പോൾ; പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം ഒരുത്തൻ മാത്രമല്ല, ത്രിയേകൻ അഥവാ മൂന്നു വ്യക്തിയാണെങ്കിൽ; യേശു നിത്യപുത്രനായാൽപ്പോലും എങ്ങനെ ദൈവമാകും???… 

അപ്പോൾ ഒരു ചോദ്യം വരും: പുത്രൻ ദൈവമാണെന്ന് പല വാക്യങ്ങളിലും പറഞ്ഞിട്ടുണ്ടല്ലോ. ശരിയാണ്: വീരനാംദൈവം (യെശ, 9:6), ദൈവം (യോഹ, 20:28), സർവ്വത്തിനും മീതെ ദൈവം (റോമ, 9:5), മഹാദൈവം (തീത്തൊ, 2:12), സത്യദൈവം (1യോഹ, 5:20). സർവ്വശക്തനായ ദൈവം (വെളി, 19:6) എന്നൊക്കെ പറഞ്ഞിട്ടുണ്ട്. യഹോവ മാത്രം ദൈവം അഥവാ പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്ന് പറഞ്ഞാൽ; മറ്റാരും ദൈവമല്ലെന്നാണർത്ഥം. ബൈബിൾ പരസ്പരവിരുദ്ധമല്ല; പിതാവായ ഏകദൈവമേയുള്ളു എന്നു പറയുന്നതും പുത്രൻ ദൈവമാണെന്ന് പറഞ്ഞിരിക്കുന്നതും ഒരുപോലെ ശരിയാകണ്ടേ? യഹോവയുടെ മനുഷ്യപ്രത്യക്ഷതയാണ് പരിശുദ്ധമനുഷ്യനായ യേശുക്രിസ്തു എന്നതിനാലാണ്; പിതാവായ ഏകദൈവം അഥവാ യഹോവ മാത്രം ദൈവമാണെന്നു പറയുന്നതും യേശുക്രിസ്തു ദൈവമാണെന്നു പറയുന്നതും ഒരുപോലെ ശരിയാകുന്നത്. അല്ലാതെ, യഹോവയും യേശുവും വ്യത്യസ്ത വ്യക്തികളാണെങ്കിൽ ബൈബിൾ ഒരു അബദ്ധപഞ്ചാംഗമായി മാറില്ലേ???…

5. അഭിഷിക്ത മനുഷ്യൻ: ക്രിസ്തു അഥവാ അഭിഷിക്തനായ പരിശുദ്ധമനുഷ്യൻ ചരിത്രമായിട്ട് 2,027 വർഷം ആകുന്നതേയുള്ളു. അതിനുമുമ്പ് യേശുക്രിസ്തു എന്നൊരു മനുഷ്യനില്ല. അപ്പോൾ ഒരു ചോദ്യം വരും: പഴയനിയമത്തിൽ ക്രിസ്തുവിനെക്കുറിച്ച് എഴുതിയിരിക്കുന്നതായി അവൻതന്നെ അവകാശപ്പെടുന്നുണ്ടല്ലോ, അത് കള്ളമാണോ? അല്ല: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു.” (ലൂക്കോ, 24:44. ഒ.നോ: ലൂക്കൊ, 22:37; യോഹ, 5:46; എബ്രാ, 10:7). അതെല്ലാം വരുവാനുള്ള മശീഹയെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. പ്രവചനം നിവൃത്തിയാകുമ്പോൾ മാത്രമാണ് അതൊരു ചരിത്രമാകുന്നതെന്ന് ഏവരും സമ്മതിക്കുമല്ലോ? എന്നാൽ യേശുക്രിസ്തുവെന്ന മഹാദൈവം നിത്യനാണ്; അവനാണ് അദൃശ്യദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യരൂപം. പഴയനിയമത്തിൽ യഹോവയെന്ന നാമത്തിൽ ഭക്തന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തിയവനും, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടവനും.

6. ദൈവത്തിൻ്റെ പുത്രൻ: പഴയനിയമത്തിൽ ദൈവത്തിൻ്റെ പുത്രനെന്ന് പറഞ്ഞിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്. (പുറ, 4:22,23; സങ്കീ, 2:7, 2:12; ഹോശേ, 11:2). പുതിയനിയമത്തിൽ യേശുക്രിസ്തുവിൽ നിവൃത്തിയായ പ്രധാനപ്പെട്ട എല്ലാ പദവികളും, പഴയനിയമത്തിൽ ദൈവം സ്വജനമായ യിസ്രായേലിനു നല്കിയതായിരുന്നു. ഉദാ: അബ്രഹാമിൻ്റെ സന്തതി (ഉല്പ, 22:17,18), അഭിഷിക്തൻ (2ശമൂ, 2:10, 35; സങ്കീ, 132:10, 17), ആദ്യജാതൻ (പുറ, 4:22), കർത്താവ്/യജമാനൻ (സങ്കീ, 110:1; 80:17), ജാതികളുടെ പ്രകാശം (യെശ, 42:7; 49:6) ദാവീദിൻ്റെ സന്തതി (2ശമൂ, 7:12; 1ദിന, 17:11; സങ്കീ, 89:29, 36), ദാസൻ (സങ്കീ, 136:22; യെശ, 41:8; 42:1), പരിശുദ്ധൻ (പുറ, 19:6; സങ്കീ, 16:10), പുത്രൻ (പുറ, 4:22,23; ഹോശേ, 11:1), പുരുഷൻ (സങ്കീ, 8:4; 80:17), പുരോഹിതൻ (പുറ, 19:6; സങ്കീ, 110:4; യെശ, 61:6; ഹോശേ, 4:6), പ്രവാചകൻ (1ദിന, 16:22; സങ്കീ, 105:15), മനുഷ്യപുത്രൻ (സങ്കീ, 8:4; 80:17; ദാനീ, 7:13), മുന്തിരിവള്ളി (സങ്കീ, 80:8; യിരെ, 2:21; ഹോശേ, 10:1), യാക്കോബിൻ്റെ സന്തതി (28:13,14), യിസ്ഹാക്കിൻ്റെ സന്തതി (ഉല്പ, 26:5), രാജാവ് (സങ്കീ, 2:6; 20:9; 45:1; ദാനീ, 7:18, 21, 27). ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു അഥവാ സ്വജനമായ യിസ്രായേലിന് ആ പദവികളൊന്നും സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. (റോമ, 8:3). അതിനാലാണ്, ദൈവംതന്നെ തൻ്റെ ജനത്തെ രക്ഷിക്കാൻ യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലക്കൊ, 1:32, 35) ജഡത്തിൽ വെളിപ്പെട്ടുകൊണ്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നതും (യോഹ, 4:22), രക്ഷയുടെ സുവിശേഷം യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കുകയും വേണമെന്ന യേശുവിൻ്റെ വാക്കുകളും (ലൂക്കൊ, 24:47; പ്രവൃ, 1:8), പഴയനിയമത്തിൽ യിസ്രായേലിനെയാണ് ജാതികളുടെ പ്രകാശമാക്കി വെച്ചിരിക്കുന്നതെന്നും (യെശ, 42:7; 49:6) ഇതിനൊപ്പം ചിന്തിക്കുക.

7. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: മനുഷ്യരുടെ പാപപരിഹാരാർത്ഥം എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത പരിശുദ്ധമനുഷ്യൻ്റെ പേരും; സർവ്വത്തിൻ്റെയും സ്രഷ്ടാവായ സർവ്വശക്തനായ ദൈവത്തിൻ്റെ പേരും; തൻ്റെ മക്കളെ സകലസത്യത്തിലും വഴിനടത്തുന്ന കാര്യസ്ഥനായ പരിശുദ്ധാത്മാവിൻ്റെ പേരും പുതിയനിയമത്തിൽ യേശുക്രിസ്തു എന്നാണ്. (മത്താ, 28:19. ഒ.നോ: 2:38; 8:16; 10:48; 19:5: 22:16; യോഹ, 17:11, 12; 14:26). ഒന്നുകൂടി പറഞ്ഞാൽ; മനുഷ്യനു മനുഷ്യൻ്റെ പാപംപോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32; 35) മനുഷ്യനായി വെളിപ്പെട്ട് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചു ഉയിർത്തെഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:4-16; എബ്രാ, 2:14,15). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:5). ഏകസത്യദൈവമായ യേശുക്രിസ്തുവിനെ അറിഞ്ഞു വിശ്വസിക്കുവാൻ ദൈവമായ കർത്താവ് എല്ലാവർക്കും കൃപ നല്കട്ടെ!

ഈ സത്യം ആർ വിളിച്ചുപറയും?

യേശുക്രിസ്തു ഏകസത്യദൈവമാണെന്നും, യഹോവ തന്നെയാണ് ക്രിസ്തുവെന്നും സഭയിൽ വിളിച്ചുപറഞ്ഞതിനാലും യേശുക്രിസ്തു നിത്യപുത്രനല്ല; നിത്യപിതാവാണെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കാരണത്താലും കൊച്ചിയിലെ പ്രശസ്തമായൊരു സഭയിൽനിന്നും പുറത്താക്കപ്പെട്ടവനാണ് ഞാൻ. ഇപ്പോഴവർ, ഞാൻ സാത്താനാണ്, അന്തിക്രിസ്തുവാണ്, രക്ഷിക്കപ്പെട്ടവനല്ല എന്നൊക്കെയാണ് പറയുന്നത്. ആകയാൽ, ഈ സത്യം ഞാനല്ലാതെ മറ്റാർ വിളിച്ചുപറയും???… 

“അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം?”

Leave a Reply

Your email address will not be published. Required fields are marked *