താഴ്വരകൾ

താഴ്വരകൾ (Valleys)

താഴ്വരയെക്കുറിക്കുന്ന പല പദങ്ങൾ എബ്രായയിലുണ്ട്: 1. ബികാഹ്: താഴ്വര എന്നതിലേറെ സമഭൂമിയാണിത്. എന്നാൽ താഴ്വരയെക്കാൾ വിശാലവും താഴ്വരയെപ്പോലെ മലകളാൽ ചുറ്റപ്പെട്ടതുമാണ്. (ആവ, 8:7; 11:11; യോശു, 11:17; 12:7; 2ദിന, 35:22; സങ്കീ, 104:8). 2. ഏമെക്: ബികാഹിനെക്കാൾ വ്യാപ്തി കുറഞ്ഞതും സമാന്തരമായ മലനിരകൾക്കിടയിലുള്ളതും ആയ വിശാലമായ പ്രദേശമാണ് ഏമെക്. സാക്ഷാൽ താഴ്വരയുടെ ആശയം ദ്യോതിപ്പിക്കുന്ന എബായപദം ഇതത്രേ. (ഉല്പ, 37:14; യോശു, 7:24, 26; 10:12; 15:7; 17:16; ന്യായാ, 6:33). 3. ഗെയ് (പിളർപ്പ്): ആഴമുളള ഇടുങ്ങിയ മലയിടുക്ക്. അടിഭാഗത്തായി തോടു ഒഴുകുന്നുണ്ടായിരിക്കും. (യോശു, 15:8; 18:16; 19:14, 27; 2ദിന, 14:10; നെഹെ, 11:30). 4. നഹല്: ഈ പദത്തെ ബഹുലേന തോടെന്നാണ് വിവർത്തനം ചെയ്തിട്ടുളളത്. മഴക്കാലത്തു ഇവയിൽ വെള്ളം നിറഞ്ഞൊഴുകും, വേനല്ക്കാലത്ത് ഉണങ്ങി വരണ്ടു താഴവര പോലെ കിടക്കും. (ഉല്പ, 10:9; സംഖ്യാ, 32:9; ആവ, 1:24).

കനാനിൽ താഴ്വരകൾ എല്ലായിടത്തുമുണ്ട്. അവ ആകൃതിയിലും വലുപ്പത്തിലും വളരെ വ്യത്യാസമുള്ളവയാണ്. യിസ്രെയേലിന്റെ സമീപത്തുള്ള താഴ്വരകൾ വിശാലമായ സമതലങ്ങളും ഫലപുഷ്ടിയുടെ പര്യായങ്ങളുമാണ്. ഭൂമിശാസ്ത്രപരമായ അതിരുകളെ സൂചിപ്പിക്കുവാൻ താഴ്വരകൾ പറയപ്പെട്ടിട്ടുണ്ട്. (ആവ, 3:16). അവ നീരോട്ടമുള്ളവയാണ്. (ഉല്പ, 13:10). പട്ടണങ്ങളുള്ളവയാണ്. (ഉല്പ, 19:29). പല യുദ്ധങ്ങളുടെയും രംഗഭൂമി താഴ്വരകളായിരുന്നു. (ഉല്പ, 14:8). താഴ്വരകളിൽ മുന്തിരിത്തോട്ടങ്ങളും കൃഷിത്തോട്ടങ്ങളുമുണ്ട്. (സംഖ്യാ, 13:23). കനാന്യർ താഴ്വരയിൽ പാർത്തിരുന്നു. (1രാജാ, 20:28). അവരുടെ ദേവൻ താഴ്വര ദേവനാണ്. ധാന്യങ്ങൾ താഴ്വരകളിൽ വിളയുന്നു. (സങ്കീ, 65:13; 1ശമൂ, 6:13). താഴ്വരകൾ കന്നുകാലികൾക്കു മേച്ചില്പുറങ്ങളാണ്. (1ദിന, 27:29). കാക്കകളും (സദൃ, 30:17), പ്രാവുകളും (യെഹെ, 7:16), താഴ്വരകളിൽ അധികമായുണ്ട്. കൂരിരുൾ താഴ്വര ജീവിതത്തിലെ അപകടങ്ങളുടെ ഉപമാനമാണ്. (സങ്കീ, 23:4). ഹിന്നോം താഴ്വര നിത്യശിക്ഷയുടെ അഥവാ നരകത്തിന്റെ സ്ഥാനമായി മാറി. ആലങ്കാരിക സൂചനയുളള മറ്റു താഴ്വരകളാണ് കൊലത്താഴ്വര, പുരുഷാരത്തിൻറ താഴ്വര, ദർശനത്താഴ്വര, വിധിയുടെ താഴ്വര (യോവേ, 3:14) എന്നിവ. 

പ്രധാന താഴ്വരകൾ 

1. അർന്നോൻ താഴ്വര – രൂബേന്യർക്കും, ഗാദ്യർക്കും: (ആവ, 3.16).

2. അയ്യാലോൻ താഴ്വര – ദാൻ ഗോത്രത്തിൽ: (യോശു, 10:12).

3. ആഖോർ താഴ്വര – യെരീഹോവിനു പടിഞ്ഞാറ്: (യോശു, 7:24; യെശ, 65:10; ഹോശേ, 2:15).

4. ആവെൻ താഴ്വര – ദമ്മേശെക്കിൻ വിഗ്രഹാരാധനാ കേന്ദ്രം: (ആമോ, 1:5).

5. ഉപ്പു താഴ്വര – ഉപ്പുകടലിനു തെക്ക്: (2ശമൂ, 8:13; 2രാജാ, 14:7; 1ദിന, 18:12; 2ദിന, 25:11; സങ്കീ, 60 ശീർഷകം). 

6. എസ്കോൽ താഴ്വര – യെഹൂദ്യയുടെ ദക്ഷിണ ഭാഗത്ത്: (സംഖ്യാ, 32:9; ആവ, 1:24).

7. ഏമെക് കെസീസ് – ബെന്യാമീൻ ഗോത്രത്തിൽ: (യോശു, 18:21).

8. ഏലാ താഴ്വര – യെരുശലേമിനു തെക്കു പടിഞ്ഞാറ്: (1ശമൂ, 17:2).

9. കണ്ണുനീർ താഴ്വര അഥവാ ബാഖാ താഴ്വര: (സങ്കീ, 84:6).

10. കൂരിരുൾ താഴ്വര – മരണനിഴലിൻ താഴ്വര അഥവാ, ഇരുളടഞ്ഞ താഴ്വര: സങ്കീ, 23:4).

11. കൊലത്താഴ്വര – ഹിന്നോം: (യിരെ, 7:32; 19:6).

12. ഗിബെയോൻ താഴ്വര – ബെന്യാമീൻ ഗോത്രത്തിൽ: (യെശ, 28:21).

13. ഗെദോർ താഴ്വര – യെഹൂദ്യ മലനാട്ടിൽ: (1ദിന, 4:39). 

14. ഗേരാർ താഴ്വര – പലസ്തീൻ ദേശത്തിന്റെ തെക്കുപടിഞ്ഞാറ്: (ഉല്പ, 26:17).

15. ഗേ-ഹരാശീമിൻറ താഴ്വര – ശാരോൻ സമതലത്തിൻ്റെ തെക്കേ അതിരിൽ: (1ദിന, 4:14).

16. ദർശനത്താഴ്വര – ആലങ്കാരികം: (യെശ, 22:1, 5). 

17. ബെരാഖാ താഴ്വര (അനുഗ്രഹത്തിന്റെ താഴ്വര) – യെഹൂദയിൽ തെക്കോവയ്ക്ക് പടിഞ്ഞാറ്: (2ദിന, 20:26).

18. ബെൻ-ഹിന്നോം താഴ്വര – ബെന്യാമീൻ യെഹൂദാ ഗോത്രങ്ങൾക്കിടയിൽ: (യിരെ, 7:32; 19:2, 6; 32:35; യോശു, 15:8).

19. മലകളുടെ താഴ്വര – യെരുശലേമിനു സമീപം: (സെഖ, 14:5).

20. മിസ്പെ താഴ്വീതി – ദാൻ ഗോത്രത്തിൽ: (യോശു, 11:8).

21. മെഗിദ്ദോ താഴ്വര – ഗലീലയുടെ തെക്കുഭാഗത്ത്: (2ദിന, 35:22; സെഖ, 12:11).

22. യെഹോശാഫാത്ത് താഴ്വര – യെരുശലേമിനും ഒലിവുമലയ്ക്കും മദ്ധ്യ: (യോവേ, 3:2, 12).

23. യിഫ്താഹ് ഏൽ താഴ്വര – സെബൂലൂൻ ഗോത്രത്തിൽ: (യോശു, 19:14, 27). 

24. യിസ്രയേൽ താഴ്വര – യിസ്സാഖാർ ഗോത്രത്തിൽ: (യോശു, 17:16; ന്യായാ, 6:33). യിസ്രെയേൽ താഴ്വര: (ഹോശേ, 1:5). 

25. യെരീഹോവിന്റെ താഴ്വീതി – ഉപ്പുകടലിനും യെരീഹോ പട്ടണത്തിനും മദ്ധ്യ: (ആവ, 34:3).

26. രാജ താഴ്വര – യെഹോശാഫാത്ത് താഴ്വരയ്ക്ക് തെക്ക്: (ഉല്പ, 14:17; 1ശമൂ, 18:18).

27. രെഫായീം താഴ്വര അഥവാ, മല്ലന്മാരുടെ താഴ്വര – യെരുശലേമിനു തെക്ക്: (യോശു, 15:8; 2ശമൂ 5:18; 23:13; 1ദിന, 11:15; 14:9; യെശ, 17:5).

28. ലെബാനോൻ താഴ്വര – ഹെർമ്മോൻ പർവ്വതത്തിനു പടിഞ്ഞാറ്: (യോശു, 11:16).

29. വഴിപോക്കരുടെ താഴ്വര – ഹാമോൻ ഗോഗ് താഴ്വര: (യെഹെ, 39:11.

30. വിധിയുടെ താഴ്വര – യെഹോശാഫാത്ത് താഴ്വര: (യോവേ, 3:14).

31. ശാവേ താഴ്വര (രാജ താഴ്വര) – സോദോംരാജാവ് അബ്രാഹാമിനെ എതിരേറ്റ താഴ്വര: (ഉല്പ, 14:17). 

32. ശിത്തീം താഴ്വര – യെരുശലേം  മുതൽ ചാവുകടൽ വരെ നീണ്ടു കിടക്കുന്നു: (യോവേ, 3:18).

33. ശില്പികളുടെ താഴ്വര – യെരുശലേമിനു വടക്കു പടിഞ്ഞാറ്: (നെഹെ, 11:35).

34. സാരേദ് താഴ്വര – ചാവു കടലിനു കിഴക്ക്: (സംഖ്യാ, 21:12).

35. സിദ്ദീം താഴ്വര – ഉപ്പു കടലിനു തെക്കുപടിഞ്ഞാറ്: (ഉല്പ, 14:3).

36. സുക്കോത്ത് താഴ്വര – ഗാദ് ഗോത്രത്തിൽ: (യോശു, 13:27; സങ്കീ, 60:6; 108:7).

37. സെഫാഥാ താഴ്വര – ശിമെയോൻ ഗോത്രത്തിൽ: (2ദിന, 14:10).

38. സെബോയീം താഴ്വര – ബെന്യാമീൻ ഗോത്രത്തിൽ: (1ശമൂ, 13:18).

39. സോരേക് താഴ്വര – ദാൻ ഗോത്രത്തിൽ: (ന്യായാ, 16:4).

40. ഹാമോൻ-ഗോഗ് താഴ്വര (വഴിപോക്കരുടെ താഴ്വര) – ചാവുകടലിനു കിഴക്ക്: (യെഹെ, 39:11, 15).

41. ഹിന്നോം താഴ്വര – ബെന്യാമീൻ യെഹൂദാ ഗോത്രങ്ങൾക്കിടയിൽ: (യോശു, 15:8; 18:16; നെഹെ, 11:30). 

42. ഹെബ്രോൻ താഴ്വര – ദക്ഷിണ യെഹൂദയിൽ: (ഉല്പ, 37:14).