താബോർ മല

താബോർ മല (Mountain of Tabor)

പേരിനർത്ഥം – ഉന്നതസ്ഥലം 

യിസ്രെയേൽ സമതലത്തിന്റെ വടക്കു കിഴക്കെ മൂലയിലാണ് താബോർ മല. നസറേത്തിനു ഏകദേശം 10 കി.മീ. കിഴക്കു ഭാഗത്തായി കിടക്കുന്നു. താബോർ മലയ്ക്ക് 588 മീറ്റർ ഉയരമുണ്ട്. ഇതിന്റെ ചരിവുകൾ ചെങ്കുത്താണ്. കുന്നിൻ ചരിവിൽ സ്ഥിതി ചെയ്യുന്ന നസറേത്ത് ഗ്രാമത്തിനും താബോർ മലയ്ക്കും മദ്ധ്യേ ഒരു താഴ്വരയുണ്ട്. കനാൻദേശം വിഭജിച്ചപ്പോൾ ഈ പ്രദേശം യിസ്സാഖാർ ഗോത്രത്തിനു ലഭിച്ചു. (യോശു, 19:17, 22). ബാരാക്കും ദെബോരയും സീസെരയോടു യുദ്ധം ചെയ്യാൻ പാളയമിറങ്ങിയതു താബോർ മലയിലായിരുന്നു. (യോശു, 4:6-14). സേബഹും സല്മുന്നയും ഗിദെയോന്റെ സഹോദരന്മാരെ കൊന്നതു് ഇവിടെ വച്ചാണ്. (ന്യായാ, 8:18,19. ഹോശേയാ പ്രവാചകന്റെ കാലത്തു ഇവിടെ ഒരു വിഗ്രഹാരാധനാകേന്ദ്രം ഉണ്ടായിരുന്നു. (ഹോശേ, 5:1). ഇന്നു ഫലസമൃദ്ധങ്ങളായ തോട്ടങ്ങൾ ഇവിടെയുണ്ട്. യേശുക്രിസ്തുവിന്റെ രൂപാന്തരം ഈ മലയിൽ ആയിരുന്നുവെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ അതിനു തെളിവുകളൊന്നുമില്ല. താബോരും ഹെർമ്മോനും യഹോവയുടെ നാമത്തിൽ ആനന്ദിക്കുന്നു. (സങ്കീ, 89:12). യിസ്സാഖാറിനും സെബൂലൂനും നല്കിയ അനുഗ്രഹത്തിൽ ‘അവർ ജാതികളെ പർവ്വതത്തിലേക്കു വിളിക്കും അവിടെ നീതിയാഗങ്ങളെ കഴിക്കും’ എന്നു മോശെ പറഞ്ഞു. ഈ പർവ്വതം താബോർ മലയാണെന്നു കരുതുന്നവരുണ്ട്. (ആവ, 33:19).

Leave a Reply

Your email address will not be published.