ട്രിനിറ്റി ഒന്നാം കല്പനയുടെ ലംഘനം

ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും നമ്മൾ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്. (ആവ, 6:4-9). എല്ലാറ്റിലും മുഖ്യകല്പന അതാണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും പറഞ്ഞിട്ടുണ്ട്. യിസ്രായേലേ, കേൾക്ക: നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം. (മർക്കോ, 12ൻ്റെ31,32). ബൈബിളിലെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അടിസ്ഥാനമാമാണ് പത്ത് കല്പനകൾ. ദൈവം സീനായി പർവ്വതത്തിൽ വെച്ച് മോശ മുഖാന്തരം യിസ്രായേൽ ജനത്തിനു നല്കിയ ന്യായപ്രമാണമാണ് അവരെ സകല ജാതികളിലും വെച്ച് ശ്രേഷ്ഠരാക്കിയത്. (ആവ, 4:6-8). ന്യായപ്രമാണത്തിൻ്റെ സത്തയും സാരാശവുമാണ് പത്തുകല്പനകൾ. യഹോവയായ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല എന്നതാണ് അതിലെ പ്രഥമവും പ്രധാനവുമായ കല്പന. അഥവാ, ഒന്നാമത്തെ കല്പന. ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്ന ഒന്നാമത്തെ കല്പന ഏകദേശം 130-ഓളം പ്രാവശ്യം ബൈബിളിൽ ആവർത്തിച്ചു കാണാൻ കഴിയും. എങ്കിലും, ദൈവം ഏകനല്ല; ത്രിയേകനാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം വിശ്വാസികളും. അവരുടെ അറിവിലേക്കായി ആദ്യമേ പറയട്ടെ: ത്രിത്വം അഥവാ, ത്രിമൂർത്തി വിശ്വാസം ബൈബിളിൽ എവിടെയും നിങ്ങൾക്ക് കാണാൻ കാണാൻ കഴിയില്ല.

ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം പ്രമാണത്തെ ലംഘിപ്പിച്ചുകൊണ്ട് എല്ലാവനെയും നരകത്തിലേക്ക് ആനയിക്കാനുമായി, നാലാം നൂറ്റാണ്ടിൽ സാത്താൽ സഭയിൽ നുഴയിച്ചുകയറ്റിയതാണ്, ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശം. ഈ വസ്തുത ട്രിനിറ്റിയുടെ ദൈവശാസ്ത്രംതന്നെ സമ്മതിച്ചിട്ടുള്ളതാണ്. സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു. (ദൈവം–ത്രിയേകത്വം, Systematic theology, പേജ്, 147). “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.” രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ/ഉണ്ടാക്കുവാൻ അഥവാ, മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, സ്ഥിരീകരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ? അടുത്തഭാഗം: “പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ, സുനഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു സ്ഫടികസ്ഫുടം തെളിയുന്നു. അതായത്, നിഖ്യാ സുനഹോദോസിൽ വെച്ച് ത്രിത്വവിശ്വസം പൂർണ്ണമായി രൂപപ്പെടുത്താൻ കഴിഞ്ഞില്ല. ത്രിത്വത്തിലെ രണ്ടാമനായ പുത്രൻ “സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം” ആണെന്ന് സുനഹോദോസ് പ്രഖ്യാപിച്ചുകൊണ്ട്, ത്രിത്വത്തിൻ്റെ പകുതി നിഖ്യായിൽ വിശ്വസപ്രമാണത്തിലൂടെ രൂപപ്പെടുത്തി. പിന്നെയും 56 വർഷം കഴിഞ്ഞ് 381-ൽ കോൺസ്റ്റാൻ്റിനോപ്പിളിൽ കൂടിയ സൂനഹദോസിൽ വെച്ചാണ് മൂന്നാമനായ, “പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായി” പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധാവിൻ്റെ ദൈവത്വം അംഗീകരിച്ചത്. പിന്നെയും ഏകദേശം 700 വർഷം പാശ്ചാത്യ പൗരസ്ത്യ സഭകൾ തമ്മിൽ പരിശുദ്ധാത്മാവിൻ്റെ പേരിൽ അടികൂടിയിട്ടാണ്, ത്രിത്വോപദേശം ഒരു പരുവത്തിൽ എത്തിച്ചത്. അതാണ്, ഫിലിയോക്ക് വിവാദം അഥവാ, പരിശുദ്ധാത്മാവിൻ്റെ ഇരട്ടപ്പുറപ്പാട് എന്ന് അറിയപ്പെടുന്നത്. അതുകൊണ്ടാണ്, നാലാം നൂറ്റാണ്ടിലാണ് ഈ ഉപദേശം ഉണ്ടാക്കാൻ തുടങ്ങിയതെന്ന് ചരിത്രം പറയുന്നത്. അതിനുമുമ്പ് ഇങ്ങനെയൊരു ഉപദേശം ഉണ്ടായിരുന്നില്ല. ട്രിനിറ്റിക്ക് സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവമാണ് യേശു. അതായത്, ഒരു ജനിപ്പിച്ച സത്യദൈവം, ഒരു ജനിച്ച സത്യദൈവം, ഒരു പുറപ്പെട്ട സത്യദൈവം ഇതാണ് ത്രിത്വവിശ്വാസം. ഇതെങ്ങാനും ബൈബിളിലുണ്ടോ? ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം, അനാദിയായും ശാശ്വതമായും ഉള്ളവനാണ്. (സങ്കീ, 90:2; യെശ, 57:15). യഹോവയായ ഏകദൈവത്തിനോ, പഴയനിയമ ഭക്തന്മാർക്കോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ, അവൻ്റെ ശിഷ്യന്മാർക്കോ, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യിസ്രായേൽ ജനത്തിനോ ട്രിനിറ്റിയെന്ന ഉപദേശത്തെക്കുറിച്ച് യാതൊരു അറിവുമില്ല. അതിൻ്റെ തെളിവുകളാണ് ഇനി കാണാൻ പോകുന്നത്.

യഹോവയായ ഏകദൈവം തന്നെ ഒന്നാം കല്ലന 15 പ്രാവശ്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്:

1. “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു” എന്നാണ് ഒന്നാമത്തെ കല്പന. (പുറ, 20:2; ആവ, 5:6-7).

2. “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല.” (പുറ, 9:14)

3. “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39).

4. “എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10)

5. “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11)

6. “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6)

7. “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8)

8. “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 45:5)

9. “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.” (യെശ, 45:6)

10. “ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശ, 45:18)

11. “ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.” (യെശ, 45:21)

12. “സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22)

13. “ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.” (യെശ, 46:9)

14. “ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ.” (ഹോശ, 13:5)

15. “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും.” (യോവേ, 2:27).

ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കാൻ, ഒന്നിനെ കുറിക്കുന്ന എഹാദ് എന്ന എബ്രായ പദത്തിനും ഹൈസ് എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്ന് വ്യാജമായി പഠിപ്പിക്കുന്നവരാണ് ത്രിത്വപണ്ഡിതന്മാർ. എന്നാൽ മേല്പറഞ്ഞ വാക്യങ്ങൾ ശ്രദ്ധിക്കണം: യഹോവയായ ഏകദൈവം ഒന്നാം കല്പന 15 പ്രാവശ്യം ആവർത്തിക്കുമ്പോഴും ഒരിക്കപ്പോലും എഹാദ് ഉപയോഗിച്ചിട്ടില്ല. പ്രത്യുത, ഞാനല്ലാതെ മറ്റൊരു ദൈവവും രക്ഷിതാവും ഇല്ലെന്നും എന്നെപ്പോലെ മറ്റൊരുത്തനും ഇല്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത്, എഹാദ് ഉപയോഗിക്കാതെ; “ഞാൻ” എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമം ആണ് ഉപയോഗിച്ചിരിക്കുന്നത്. ട്രിനിറ്റിയുടെ ദൈവം സമനിത്യരായ മൂന്നുപേരാണ്. എന്നാൽ, ഞാനല്ലാതെ മറ്റൊരുത്തനുമില്ല, എന്നെപ്പോലെ ഒരുത്തനുമില്ല, ഞാനൊരുത്തനെയും അറിയുന്നില്ല എന്ന് യഹോവ ഖണ്ഡിതമായിട്ടാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, താനല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും, താനൊരുത്തനെയും അറിയുന്നില്ലെന്നും യഹോവ പറയുമായിരുന്നോ? ത്രിത്വോപദേശം സത്യമാണെങ്കിൽ, യഹോവ ഭോഷ്കിൻ്റെ അപ്പനായി മാറും. അതുതന്നെയാണ്, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ സാത്താൻ ലക്ഷ്യം വെച്ചതും. യഹോവയായ ഏകദൈവത്തിൻ്റെ വാക്കുകളെ വിശ്വസിക്കാത്തവർ എങ്ങനെ ദൈവമക്കളാകും? യഹോവയായ ഏകദൈവം തൻ്റെ സ്വന്തജനമായ യിസ്രായേലിനോട് പറയുന്ന ഒരു കാര്യമുണ്ട്: “ഞാനോ മിസ്രയീം ദേശംമുതൽ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല. (ഹോശേ, 13:4). ഞങ്ങൾ മൂന്നുപേരെ അല്ലാതെ എന്നല്ല; എന്നെയല്ലാതെ മറ്റൊരുത്തനെയും നീ അറിയുന്നില്ല. ദൈവത്തിൻ്റെ വചനം ഭരമേലിപിക്കപ്പെട്ട ജനമാണ് യിസ്രായേൽ. (സങ്കീ, 147:19-20; റോമ, 3:2). ആ യിസ്രായേൽ ജനത്തിനും യഹോവയല്ലാതെ മറ്റൊരു ദൈവത്തെ അറിയില്ല. ഇനി അതിൻ്റെ തെളിവുകൾ നോക്കാം.

പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശയുടെ വാക്കുകൾ നോക്കാം:

1. “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;.” (പുറ, 8:10)

2. “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?” (പുറ, 15:11)

3. “കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?” (ആവ, 3:24)

4. “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35)

5. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39)

6. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4)

7. “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ  ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.” (ആവ, 33:26. ഒ.നോ: പുറ, 22:20; ആവ, 32:12).

ദൈവപുരുഷനായ മോശെയുടെ വാക്കുകൾ ശ്രദ്ധിക്കുക: ഒരു വാക്യത്തിൽ മാത്രമാണ് എഹാദ് എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ബാക്കിയെല്ലായിടത്തും, യഹോവയെല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നും യഹോവയ്ക്ക് സമനായും സദൃശനായും സ്വർഗ്ഗത്തിലും ഭൂമിയിലും ആരുമില്ലെന്നും ഖണ്ഡിതമായിട്ടാണ് അവൻ പറഞ്ഞിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവയല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും മോശെ പറയുമായിരുന്നോ? ദൈവം സമനിത്യരായ മൂന്നുപേരാണെന്ന് വിശ്വസിക്കുന്നവർ ദൈവവുമായി അഭിമുഖമായും സ്പഷ്ടമായും സംസാരിച്ച മോശെയെ കള്ളനും വഞ്ചകനുമാക്കുകയാണ്. ദൈവം മോശെയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു സാക്ഷ്യമുണ്ട്: “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.” (സംഖ്യാ, 12:7). വാക്കിലും പ്രവൃത്തിയിലും സമർത്ഥനായ പ്രവാചകനെന്നാണ് പുതിയനിയമം മോശെക്കുറിച്ച് പറയുന്നത്. (പ്രവൃ, 7:22,37). ദൈവഗൃഹത്തിൽ വിശ്വസ്തനായ മോശെയുടെ വാക്കുകളും ട്രിനിറ്റി വിശ്വസിക്കുന്നില്ല.

പഴയനിയമത്തിലെ മറ്റു ഭക്തന്മാരുടെ വാക്കുകൾ നോക്കാം:

1. ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” (2രാജാ, 19:15)

2. ഹിസ്കീയാവിൻ്റെ അടുത്തവാക്യം: “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (2രാജാ, 19:19). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് ഹിസ്കീയാവ് രാജാവ് ഖണ്ഡിതമായിട്ടാണ് പറയുന്നത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് സകല രാജ്യങ്ങൾക്കും ദൈവമെന്ന് ഹിഹ്കീയാവ് പറയുമായിരുന്നോ?

3. നെഹെമ്യാവ് പറയുന്നത് നോക്കുക: “നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). സകലത്തിൻ്റെയും സൃഷ്ടാവായ ദൈവം യഹോവ മാത്രമാണെന്ന് നെഹെമ്യാവ് പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് നെഹെമ്യാവ് പറയുമായിരുന്നോ?

4. “അവൻ  തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ  നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുമായിരുന്നോ?

5. താൻ  മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സങ്കീ, 72:18)

6. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” (സങ്കീ, 83:18)

7. “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.” (സങ്കീ, 86:10). യഹോവ മാത്രമാണ് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവമെന്നും അവൻ മാത്രമാണ് അത്യുന്നതനെന്നും യഹോവ മാത്രമാണ് ദൈവമെന്നും ദാവീദ് രാജാവ് പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ മാത്രമാണ് ദൈവമെന്ന് ദാവീദ് പറയുമായിരുന്നോ? ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനാണ് ദാവീദ്. (പ്രവൃ, 13:22). ആ ദാവീദ് ദൈവത്തെക്കുറിച്ച് ഭോഷ്ക്ക് പറയുമോ?

8. “യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16)

9. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.” (യെശ, 37:20)

10. “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). യഹോവ ഒരുത്തൻ മാത്രമാണ് സകല രാജ്യങ്ങൾക്കും ദൈവമെന്നും അവൻ ഒറ്റയ്ക്കാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്നും യെശയ്യാ പ്രവാചകൻ പറയുന്നു. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിൽ, യഹോവ മാത്രമാണ് ദൈവമെന്നും അവൻ മാത്രമാണ് സ്രഷ്ടാവെന്നും യെശയ്യാവ് പറയുമായിരുന്നോ?

മേല്പറഞ്ഞ വാക്യങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ് ഈ വേദഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത്, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.

ഇനി, ദൈവം ഒരുത്തൻ മാത്രമാണെന്ന് പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങൾ നോക്കാം:

1. ശാസ്ത്രിമാരും പരീശന്മാരും: “ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ കുറിക്കുന്ന യാഖീദിന് തുല്യമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ദൈവാത്മാവ് സമ്മതിക്കുമായിരുന്നോ?

2. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇത് പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണെന്ന് ഓർക്കണം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ?

3. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം ഗ്രീക്കിൽ, ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (ton monon alithinon theon) ആണ്. ഇതും ക്രിസ്തു പറഞ്ഞതാണ്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, സത്യദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ? ക്രിസ്തുവിനെപ്പോലും; ട്രിനിറ്റി അംഗീകരിക്കുയോ, വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത.

4. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, മോണോ സോഫൊ തിയോ (mono sofo theo) ആണ്.

5. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഈ വാക്യം ഇംഗ്ലീഷിൽ, ഏകജ്ഞാനിയായ ദൈവം എന്നാണ്. അത് ഗ്രീക്കിൾ, മോണോ സോഫൊ തിയോ (mono sofo theo) ആണ്.

6. “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.”  (1തിമൊ, 6:15). ഈ വാക്യത്തിൽ പറയുന്ന ഏകാധിപതി ഗ്രീക്കിൽ, മോണോസ് ഡൈനാസ്റ്റിസ് (monos dynastis) ആണ്.

7. “താൻ  മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” ഈ വാക്യത്തിൽ പറയുന്ന താൻ മാത്രം അമർത്യതയുള്ളവൻ ഗ്രീക്കിൽ, മോണോസ് എകോൻ അത്താനാസിയൻ (monon echon athanasian) ആണ്.

8. ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4). എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭിഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ഈ വാക്യത്തിൽ പറയുന്ന ഏകകർത്താവായ ദൈവം ഗ്രീക്കിൽ, ടൺ മോണോൺ ഡെസ്പോറ്റിൻ തിയോൺ (ton monon despotin theon) എന്നാണ്,

9. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (mono theo) ആണ്.

10. “കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (വെളി, 15:4). ഈ വാക്യത്തിൽ പറയുന്ന ഏകപരിശുദ്ധൻ ഗ്രീക്കിൽ, മോണോസ് ഓസിയൊസ് (monos osios) ആണ്. അതായത്, മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം, ഒന്നിനെ കുറിക്കുന്ന ഹൈസ് എന്ന പദമല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നോ? എന്നുവെച്ചാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഒരു ബഹുത്വമുണ്ടെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. എന്തെന്നാൽ, യഹോവയായ ഏകദൈവമല്ലാതെ; യഹോവയ്ക്ക് സമനായോ, സദൃശനായോ, യഹോവയ്ക്ക് മുമ്പോ, പിമ്പോ മറ്റൊരുത്തനും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. യഹോവയായ ഏകദൈവത്തിനും ദൈവത്തിൻ്റെ ക്രിസ്തുവിനും ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യിസ്രായേൽ ജനത്തിനും പഴയപുതിയനിയമ എഴുത്തുകാർക്കും യഹോവയല്ലാതെ മറ്റൊരു ദൈവമുള്ളതായി അറിയില്ല. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ നാലാം നൂറ്റാണ്ടിൽ മാത്രം ഉണ്ടായ ബൈബിൾ വിരുദ്ധ ഉപദേശമാണ് ട്രിനിറ്റി. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14).

ഒന്നാം കല്പനയെക്കുറിച്ചാണ് നാം ഇതുവരെ ചിന്തിച്ചുകൊണ്ടിരുന്നത്. ഒന്നാം കല്പന ലംഘിച്ചാൽ എന്ത് സംഭവിക്കും എന്ന് വ്യക്തമായി ബൈബിളിൽ പറഞ്ഞിട്ടില്ല. എന്നാൽ, എന്ത് സംഭവിക്കും എന്നറിയാൻ, രണ്ടാം കല്പന ലംഘിച്ചാൽ എന്തു സംഭവിക്കും എന്ന് നോക്കിയാൽ മതി. രണ്ടാം കല്പന ലംഘിക്കുന്നവരെ ദൈവരാജ്യത്തിൽ പ്രവേശിപ്പിക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). രണ്ടാം കല്പന ലംഘിക്കുന്നവരെ ദൈവരാജ്യത്തിൻ്റെ പടി ചവിട്ടിക്കില്ലെങ്കിൽ, ഒന്നാം കല്പന ലംഘിക്കുന്നവരെ ദൈവം തൻ്റെ രാജ്യത്തിൽ താലപ്പൊലിയുമായി സ്വീകരിക്കുമോ? അതായത്, വിഗ്രഹാരധനയെക്കാൾ ഹീനവും പൈശാചികവുമായ പാപമാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം. മാനസാന്തരപ്പെട്ട് ഏകദൈവത്തിങ്കലേക്ക് തിരിഞ്ഞുവരുവാൻ ഇപ്പോഴും ഇട ശേഷിച്ചിട്ടുണ്ടെന്നാണ്, ദൈവത്തിൻ്റെ വചനം പറയുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *