എഴുപതു ആഴ്ചവട്ടം

എഴുപതു ആഴ്ചവട്ടം (seventy weeks)

എഴുപതു യെരുശലേമുമായി ബന്ധപ്പെട്ട സംഖ്യയാണ്. യിരെമ്യാ പ്രവാചകൻ മുന്നറിയിച്ച യെഹൂദയുടെ എഴുപതു വർഷത്തെ ബാബിലോന്യപ്രവാസം തീരാറായി. “യെരുശലേമിൻ്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാ പ്രവാചകനുണ്ടായപ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽ നിന്നു ഗ്രഹിച്ചു.” (ദാനീ, 9:2; യിരെ, 25:11). അനന്തരം ദാനീയേലിനു “നിന്റെ ജന ത്തിനും (യെഹൂദനും) വിശുദ്ധനഗരത്തിനും (യെരുശലേമിനും) എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു” (ദാനീ, 9:24) എന്ന് വെളിപ്പെടുത്തുകയുണ്ടായി. ആഴ്ചവട്ടം എന്നു വിവർത്തനം ചെയ്തിരിക്കുന്ന ‘ഷബുവ’ എന്ന എബായ പദത്തിന് ഏഴുകൾ എന്ന സാമാന്യാർത്ഥമേ ഉള്ളു. അതനുസരിച്ചു എഴുപതു ആഴ്ചവട്ടം എഴുപതു ഏഴുകളാണ്. എഴുപതു ഏഴുകളെ (ആഴ്ചവട്ടത്തെ) മൂന്നായി വിഭജിച്ചാണ് പ്രവചനം. “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതു മുതൽ അഭിഷിക്തനായോരു പ്രഭു വരെ ഏഴു ആഴ്ചവട്ടം (49 വർഷം) അറുപത്തുരണ്ടു ആഴ്ചവട്ടം (434 വർഷം) കൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നെ വീണ്ടും പണിയും. അറുപത്തിരണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ചേദിക്കപ്പെടും. അവൻ ഒരു ആഴ്ചവട്ടത്തേക്കു (ഏഴു വർഷം) പലരോടും നിയമത്തെ കഠിനമാക്കും.” (ദാനീ, 9:25-27).

എഴുപതു ആഴ്ചവട്ടം ആരംഭിക്കുന്നത് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പ്പന പുറപ്പെടുന്നതു മുതൽ ആണ്. ഇവിടെ സൂചിപ്പിക്കപ്പെടുന്ന കല്പന അർത്ഥഹ്ശഷ്ടാവ് ബി.സി. 445-ൽ പുറപ്പെടുവിച്ചതാണ്. “രാജാവിനു തിരുവുള്ളമുണ്ടായി അടിയനു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിനു ഒന്നു അയക്കേണമേ എന്നുണർത്തിച്ചു. അതിനു രാജാവും രാജ്ഞിയും അരികെ ഇരുന്നിരുന്നു – നിൻ യാത്രയ്ക്ക് എത്രനാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാൻ രാജാവിനു സമ്മതമായി ഞാൻ ഒരു അവധിയും പറഞ്ഞു. രാജാവിനു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന് അവർക്കു എഴുത്തുകളും ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിനും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീടിനും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിനു അവനു ഒരു എഴുത്തു നൽകേണമേ എന്നു ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിൻറ ദയയുളള കൈ എനിക്കു അനുകൂലമായിരുന്നതു കൊണ്ടു രാജാവു അതു എനിക്കു തന്നു. അങ്ങനെ ഞാൻ നദിക്കു അക്കരെയുളള ദേശാധിപതിമാരുടെ അടുക്കൽ വന്നു. രാജാവിന്റെ എഴുത്തു അവർക്കു കൊടുത്തു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടു കൂടെ അയച്ചിരുന്നു.” (നെഹെ, 2:6-9).

എഴുപതു ആഴ്ചവട്ടത്തെ ഏഴ് ആഴ്ചവട്ടം (49 വർഷം) 62 ആഴ്ചവട്ടം (434 വർഷം) ഒരു ആഴ്ചവട്ടം (ഏഴു വർഷം) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. നെഹെമ്യാവ് 2-ാം അദ്ധ്യായത്തിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന കല്പന പുറപ്പെടുവിച്ച ബി.സി. 445 മുതൽ 49 വർഷം മലാഖി പ്രവചനകാലം വരെയാണ്. മലാഖിപ്രവചനം പഴയനിയമത്തിലെ അവസാനപുസ്തകം ആയിരിക്കുന്നതു ഈ പ്രവചനത്തിൻ്റെ വെളിച്ചത്തിൽ തികച്ചും യുക്തം തന്നെ. അറുപത്തിരണ്ടു ആഴ്ചവട്ടം അഥവാ 434 വർഷം ആരംഭിക്കുന്നത് ആദ്യത്തെ 49 വർഷത്തിനു ശേഷമാണ്. സെഖര്യാപവചനം 9:9-ൻ്റെ നിവൃത്തിയായി ക്രിസ്തു യെരൂശലേമിൽ കഴുതക്കുട്ടിയുടെ പുറത്തുകയറിവന്ന (മത്താ, 21:1-11) ദിവസം 434 വർഷം പൂർത്തിയായതായി പ്രവചന പഠിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അവസാനത്തെ ഒരാഴ്ചവട്ടം ഇനിയും ആരംഭിച്ചിട്ടില്ല. 69-ഉം 70-ഉം ആഴ്ചവട്ടങ്ങൾക്കിടയിലാണല്ലോ സഭയുടെ നീണ്ട ഇടവേള കടന്നു കൂടിയത്. പഴയനിയമ പ്രവചനങ്ങളിൽ സഭാകാലം വെളിപ്പെടുത്തിയിട്ടില്ല. (മത്താ, 13:1-17; എഫെ, 3:1-10). സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങൾ ഈ കാലയളവിൽ നിറവേറുന്നു. (മത്താ, 13:50). സഭായുഗം അപ്രതീക്ഷിതമായ സമയത്ത് അവസാനിക്കുകയും എഴുപതാമത്തെ ആഴ്ചവട്ടം ആരംഭിക്കുകയും ചെയ്യും. വരുവാനിരിക്കുന്ന പ്രഭു (എതിർക്രിസ്ത) യെഹൂദന്മാരുമായി ഏഴു വർഷത്തേക്കു ഉടമ്പടി ചെയ്യും. ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഉടമ്പടി ലംഘിക്കും. തുടർന്നു 3½ വർഷം മഹാപീഡനമാണ്. (മത്താ, 24:15-28). ദാനീയേൽ പ്രവചിച്ച കഷ്ടകാലമാണിത്. (12:1).

Leave a Reply

Your email address will not be published. Required fields are marked *