ഉല്പത്തി

ഉല്പത്തിപുസ്തകം (Genesis)

ബൈബിളിലെ ആദ്യപുസ്തകം. ആരംഭങ്ങളുടെ പുസ്തകം എന്നറിയപ്പെടുന്നു. പഴയനിയമത്തിന്റെ ഗ്രീക്കു തർജ്ജമയായ സെപ്റ്റ്വജിന്റിൽ നിന്നാണ് ഉത്പത്തി എന്ന പേർ ലഭിച്ചത്. ഈ പേരിന്റെ അടിസ്ഥാനം ഉല്പത്തി 2:4-ലെ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തി വിവരം എന്ന പ്രസ്താവനയാണ്. ഉല്പത്തി ഗ്രീക്കിൽ ‘ഗെനെസെയോസ്’ ആണ്. ഈ ഗ്രീക്കുപദത്തിൽ നിന്നാണ് ലത്തീനിലെയും ഇംഗ്ലീഷിലെയും genesis വന്നത്. എബ്രായയിൽ മോശെയുടെ അഞ്ചു പുസ്തകങ്ങൾക്കും പേര് പുസ്തകത്തിന്റെ ആദ്യവാക്കോ പ്രയോഗമോ ആണ്. അതനുസരിച്ച് എബ്രായ ബൈബിളിൽ ഉല്പത്തി ബെറേയ്ഷീത് (ആദിയിൽ) ആണ്. തല്മൂദുകളുടെ കാലത്ത് ഉത്പത്തിക്കു നല്കിയിരുന്നപേര് ‘പ്രപഞ്ചസൃഷ്ടി യുടെ ഗ്രന്ഥം’ എന്നായിരുന്നു.

ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ, 24:44; യോഹ, 5:46-47; 7:19).

ഫറവോന്റെ കൊട്ടാരത്തിൽ വളർന്ന മോശയ്ക്ക് അക്കാലത്തെ ഏറ്റവും മെച്ചമായ വിദ്യാഭ്യാസം ലഭിച്ചു. മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു (അപ്പൊ7:22) എന്നാണ് സ്തെഫാനൊസ് മോശെയെക്കുറിച്ചു പറഞ്ഞത്. തനിക്കു ലഭിച്ച വിവരങ്ങളും രേഖകളും ദൈവിക വെളിപ്പാടുകളും രേഖപ്പെടുത്തി സൂക്ഷിക്കുവാൻ പ്രത്യേക താല്പര്യം മോശയ്ക്കുണ്ടായിരുന്നു. (പുറ, 24:4; ആവ, 31:9). കുടുംബസംബന്ധമായ രേഖകളെ വായ്മഴിയിലുടെയോ ലിഖിതരൂപത്തിലോ സംപ്രേഷണം ചെയ്തുവന്നു. ഇവയെ മോശെ സമാഹരിച്ചു സംശോധനം ചെയ്ത് ഗ്രന്ഥരചനയ്ക്ക് ഉപയുക്തമാക്കി. ഉല്പത്തി ഒന്നാമദ്ധ്യായത്തിൽ കാണുന്ന സൃഷ്ടിയുടെ വൃത്താന്തം ദൈവം നേരിട്ടു വെളിപ്പെടുത്തി കൊടുത്തതായി കാണാം. ഒരു വ്യക്തി സ്നേഹിതനോടു സംസാരിക്കുന്നതു പോലെയാണു ദൈവം മോശെയോടു അഭിമുഖമായി സംസാരിച്ചത്. (പുറ, 33:11; ആവ, 34:12). “ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല” എന്നു പുറപ്പാട് 6:3-ൽ കാണുന്നു. ഉല്പത്തിയിൽ ചില സ്ഥാനങ്ങളിൽ യഹോവയുടെ നാമം പ്രയോഗിച്ചിട്ടുള്ളതിനെ ഈ വാക്യം നിരാകരിക്കുന്നില്ല. പിതാക്കന്മാരുടെ കാലത്ത് ഉടമ്പടിനാമമായി വെളിപ്പെട്ടത് ഏൽ-ഷദ്ദായി (സർവ്വശക്തനായ ദൈവം) ആണ് പ്രസ്തുത നാമത്തിന്റെ സ്ഥാനത്ത് തന്റെ കാലത്തെ ഉടമ്പടി നാമമായ യഹോവ എന്ന പേർ മോശെ ഉപയോഗിച്ചു എന്നു മനസ്സിലാക്കിയാൽ മതി. സീനായിലെ ദൈവവും (യഹോവ) പിതാക്കന്മാരുടെ ദൈവവും (ഏൽ-ഷദ്ദായി) ഏകനാണെന്നു തെളിയിക്കുവാൻ ഇതു സഹായമാണ്. ഉല്പത്തി പുസ്തകത്തിന്റെ കർത്താവ് മോശെയാണെന്ന് ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്. എട്ടാംനാളിൽ പരിച്ഛേദന ഏല്ക്കണം എന്ന കല്പന ഉല്പത്തി 17:12-ലാണ് നല്കിയിട്ടുള്ളത്. പ്രസ്തുത കല്പനയെ ന്യായപ്രമാണത്തിന്റെ ഭാഗമായി ക്രിസ്തു പ്രസ്താവിച്ചു. (യോഹ, 7:23). 

എഴുതിയ കാലം: ബൈബിൾ കാലഗണനപ്രകാരം മോശെയുടെ ജനനം ബി.സി. 1652-ലും (പുറ, 2:1-10), മിദ്യാന്യവാസാരംഭം 1612-ലും (പുറ, 2:11-15), ഫറവോൻ്റെ മുമ്പിൽ നില്ക്കുന്നത് 1572-ലുമാണ്. 1572-ൽ മിസ്രയീമിൽനിന്ന് പുറപ്പെട്ട യിസ്രായേൽ ജനം മൂന്നാം മാസത്തിൽ അതേ ദിവസം അവർ സീനായിമരുഭൂമിയിൽ എത്തി. (പുറ, 19:1). അവിടെവെച്ചാണ് യഹോവ മോശെ മുഖാന്തരം ന്യായപ്രമാണം നല്കിയത്. “അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.” (പുറ, 31:18). മോശെ നാല്പതു പകലും നാല്പതു രാവും പർവ്വതത്തിനു മുകളിൽ മേഘത്തിനു നടുവിൽ യഹോവയ്ക്ക് ഒപ്പമായിരുന്നു. (പുറ, 24:18). ആ സമയത്താണ് ഉല്പത്തി വിവരങ്ങളെക്കുറിച്ചുള്ള വെളിപ്പാടും ഒപ്പം ന്യായപ്രമാണവും നൽകിയതെന്ന് മനസ്സിലാക്കാം. മോശെയുടെ മരണം 1532-ലാണ്. തന്മൂലം ബി.സി. 1572 മൂതൽ 1532 വരെയുള്ള കാലത്താണ് ഉല്പത്തി മുതൽ പുറപ്പാടു വരെയുള്ള പുസ്തകങ്ങൾ എഴുതിയതെന്ന് മനസ്സിലാക്കാം.

പുസ്തകത്തിന്റെ ഉദ്ദേശ്യം: ബൈബിൾ ദൈവികമായ വീണ്ടെടുപ്പിന്റെ നാടകമായി പരിഗണിക്കപ്പെടുന്നു. ഈ നിലയിൽ അനന്തര വെളിപ്പാടുകളുടെയെല്ലാം ബീജനിലവും അധിഷ്ഠാനവും ഉല്പത്തി പുസ്തകമാണ്. ആരംഭങ്ങളുടെ പുസ്തകമായ ഉല്പത്തി ദൈവമൊഴികെ എല്ലാറ്റിന്റെയും ആരംഭം വിവരിക്കുന്നു. ആദ്യത്തെ പതിനൊന്ന് അദ്ധ്യായങ്ങൾ വീണ്ടടുപ്പു നാടകത്തിന്റെ നാന്ദി അഥവാ മുഖവുരയാണ്. ഈ നാടകത്തിന്റെ ഒന്നാമങ്കം ആരംഭിക്കുന്നത് അബ്രാഹാമിന്റെ വിളിയോടു (ഉല്പ, 12) കൂടിയാണ്; നാടകം അവസാനിക്കുന്നത് എല്ലാറ്റിന്റെയും പരിസമാപ്തിയെ പ്രദർശിപ്പിക്കുന്ന വെളിപ്പാടിലും. ഉല്പത്തി ആദിയിൽ, എന്നു കാലത്തെ നിർദ്ദേശിച്ചുകൊണ്ട് ആരംഭിക്കുന്നു. വെളിപ്പാടിൽ ‘ഇനി കാലം ഉണ്ടാകുകരയില്ല’ (10:6) എന്നും പറഞ്ഞിരിക്കുന്നു. സൃഷ്ടലോകത്തിന്റെ ഗതി സഷ്ടാവായ ദൈവത്തിന്റെ ഹിതത്തിനും വിധിക്കും അധീനമാണ്. 

സകലത്തിന്റെയും സഷ്ടാവ് ദൈവമാണ്. (അ, 1). ആദ്യത്തെ മൂന്നു ദിവസങ്ങളിലെ സൃഷ്ടി പശ്ചാത്തല സജ്ജീകരണമാണ്. വെളിച്ചം, വിതാനം, സമുദ്രം, കര എന്നിവ ഒരുക്കിയത് ജീവജാലങ്ങളുടെ നിലനില്പിനു വേണ്ടിയാണ്. ആകാശം പക്ഷികൾക്കും സമുദ്രം മത്സ്യങ്ങൾക്കും ഭൂമി മൃഗങ്ങൾക്കും മനുഷ്യനുംവേണ്ടി സൃഷ്ടിക്കപ്പെട്ടു. സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. എന്നാൽ മനുഷ്യൻ അനുസരണക്കേടു കാട്ടി പാപത്തിൽ വീണു. (അ, 2,3). പാപം സാർവ്വത്രികമാണ് പാപത്തിനു ദൈവികമായ ശിക്ഷാവിധി ഉണ്ടെന്ന സത്യമാണു പ്രളയവിവരണം വ്യക്തമാക്കുന്നത്. (അ, 6-9). വീണ്ടും മനുഷ്യന്റെ അനുസരണക്കേട് ബാബേൽ ഗോപുര നിർമ്മാണത്തിലൂടെ പ്രകടമായി. (അ, 11). എന്നിട്ടും ദൈവത്തിന്റെ കൃപയും കരുണയും വെളിപ്പെട്ടു. ദൈവകല്പന ലംഘിച്ച ആദാമിനെയും ഹവ്വയെയും ദൈവം തോട്ടത്തിൽ നിന്നു പുറത്താക്കി; എന്നാൽ അവരെ നശിപ്പിച്ചില്ല. സഹോദരനെ കൊന്ന കയീനെ ദൈവസന്നിധിയിൽ നിന്നു ആട്ടിക്കളഞ്ഞു; എന്നാൽ അവനൊരടയാളം നല്കി. പ്രളയം മനുഷ്യവർഗ്ഗത്തെ മുഴുവൻ ഗ്രസിച്ചു; എങ്കിലും സർവ്വമനുഷ്യരെയും തുടച്ചു മാറ്റിയില്ല. എട്ടുപേരെ ശേഷിപ്പിച്ചു; ഒപ്പം മൃഗങ്ങളിലും പക്ഷികളിലും തിരഞ്ഞെടുക്കപ്പെട്ടവയെയും. ബാബേൽ ഗോപുരം നിർമ്മിച്ച് ഒരിടത്ത് അടിഞ്ഞുകൂടാൻ ശ്രമിച്ച മനുഷ്യരെ ഭൂതലമെങ്ങും ചിതറിച്ചു; എങ്കിലും അവരെ ജീവിക്കാൻ അനുവദിച്ചു. 

മനുഷ്യന്റെ സാർവത്രികമായ വഷളത്തത്തോടുള്ള ദൈവത്തിന്റെ പ്രതികരണം പന്ത്രണ്ടാമദ്ധ്യായം മുതൽ വ്യക്തമാകുന്നു. വീണ്ടെടുപ്പു നാടകത്തിന്റെ ഒന്നാമങ്കം അവിടെ ആരംഭിക്കുകയാണ്. മനുഷ്യസാമാന്യത്തിൽ നിന്ന് അബ്രാഹാമിനെ വിളിച്ചു വേർതിരിച്ച് പ്രത്യേകം നിയമം ചെയ്ത് വാഗ്ദത്തം നല്കി. അതോടുകൂടി അതുവരെ ഒന്നായിരുന്ന മനുഷ്യവർഗ്ഗം രണ്ടായി തിരിഞ്ഞു; ജാതികളും തിരഞ്ഞെടുക്കപ്പെട്ടവരും. ഒരു ജാതിയെ ദൈവം തന്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ചു. അവരിൽനിന്ന് കാലസമ്പൂർണ്ണതയിൽ ഒരു രക്ഷകൻ വരുമെന്ന് ഉറപ്പു നല്കി. തിരഞ്ഞെടുക്കപ്പെട്ട ജനം മിസ്രയീമിൽ പോകുന്നതോടുകൂടി ഉല്പത്തി പുസ്തകം അവസാനിക്കുന്നു. മിസ്രയീമിലെ അടിമത്തത്തിൽ നിന്നും വീണ്ടെടുക്കുന്നതാണു പുറപ്പാടിലെ പ്രമേയം. 

പ്രധാന വാക്യങ്ങൾ: 1. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പത്തി 1:1).

2. “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15).

3. “നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 12:3, ഗലാത്യർ 3:8,16).

4. “നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.” (ഉല്പത്തി 50:20).

വിഷയവിഭജനം: ഉല്പത്തി പുസ്തകത്തിന്റെ സ്ഥാഭാവികമായ വിഭജനം പത്തു വംശപാരമ്പര്യങ്ങളായാണ്. വംശാവലിക്ക് എബ്രായയിൽ കൊടുത്തിരിക്കുന്ന പ്രയോഗം ‘തോൽദോത്ത്’ ആണ്. ഈ പ്രയോഗം ആദ്യം കാണുന്നതു് ഉല്പത്തി 2:4-ലാണ്. 

1. പ്രപഞ്ചത്തിന്റെ ഉല്പത്തി: 1:1-2:4. 

2. ആദാമിന്റെ വംശപാരമ്പര്യം: 5:1-6-8. 

3. നോഹയുടെ വംശപാരമ്പര്യം: 6:9-9:29. 

4. നോഹയുടെ പുത്രന്മാരുടെ വംശപാരമ്പര്യം: 10:1-11:39.

5. ശേമിന്റെ വംശപാരമ്പര്യം: 11:10-26.

6. തേരഹിന്റെ വംശപാരമ്പര്യം: 11:27-25:11.

7. യിശ്മായേലിന്റെ വംശപാരമ്പര്യം: 25:12-18.

8. യിസ്ഹാക്കിന്റെ വംശപാരമ്പര്യം: 25:19-35:29.

9. ഏശാവിന്റെ വംശപാരമ്പര്യം: 36:1-37:1.

10. യാക്കോബിന്റെ വംശപാരമ്പര്യം: 37:2-50:26.

ഉല്പത്തി പുസ്തകത്തിലെ പ്രതിപാദ്യം എട്ടുവാക്കുകളിൽ ഉൾക്കൊള്ളിക്കാവുന്നതാണ്: സൃഷ്ടി, വീഴ്ച, പ്രളയം, ബാബേൽ, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, യോസേഫ്. 

1. സൃഷ്ടി വിവരണം:  1:1-2:3.

2. മനുഷ്യന്റെ ചരിത്രം: 2:4-11:26. 

മനുഷ്യന്റെ സൃഷ്ടിയും വീഴ്ചയും: 2:4-3:24; ജനവർദ്ധനവ്: 4:1-6:8; പ്രളയം: 6:9-9:29; ജാതികളുടെ ഉദയം: 10:1-11:26.

3. അബ്രാഹാമിന്റെ ചരിത്രം: 11:27-23:20.

അബ്രാഹാം വാഗ്ദത്ത നാട്ടിൽ പ്രവേശിക്കുന്നു: 11:27-14:24; നിയമവും വാഗ്ദത്തവും: 15:1-18:15; സൊദോമും ഗോമോരയും: 18:16-19:38; സാറാ, യിസഹാക്ക്, യിശ്മായേൽ: 20:1-23:20,  

4. യിസ്ഹാക്കിന്റെ ചരിത്രം: 24:1-26:35.

റിബൈക്കയുമായുള്ള വിവാഹം: 24;1-67; പിതാവിന്റെ മരണവും പുത്രന്മാരുടെ ജനനവും: 25;1-34; ഗെരാരിൽവച്ച് ദൈവം തന്റെ വാഗ്ദത്തം പുതുക്കുന്നു: 26:1-35.

5. യാക്കോബിന്റെ ചരിത്രം: 27:1-36:43.

വഞ്ചനയിലൂടെ അനുഗ്രഹം നേടുന്നു: 27:1-46; ഹാരാനിലേക്കു ഓടിപ്പോകുന്നു, ബേഥേലിൽ വച്ച് വാഗ്ദത്തം പുതുക്കുന്നു, നേർച്ച നേരുന്നു: 28:1-22; ഹാരാനിലെ ജീവിതവും, വിവാഹങ്ങളും: 29:1-31:16; വാഗ്ദത്ത നാട്ടിലേക്കുള്ള മടങ്ങിവരവും ബേഥേലിൽ വച്ചു നേർന്ന നേർച്ച നിറവേറ്റലും: 31:17-35:29; ഏശാവിന്റെ വംശപാരമ്പര്യം: 36:1-43.

6. യോസേഫിന്റെ ചരിത്രം: 37:1-50;26.

യോസേഫിനെ മിസയീമ്യർക്കു വില്ക്കുന്നു: 37:1-36; യെഹൂദയും മരുമകളും: 38:1-30; യോസേഫ് മിസ്രയീമിൽ: 39:1-45:28; യോസേഫിന്റെ അപ്പനും സഹോദരന്മാരും മിസ്രയീമിൽ: 46:1-47:31.

7.യാക്കോബ് മക്കളെ അനുഗ്രഹിക്കുന്നു: 48:1-49:28. 

8. യാക്കോബിന്റെയും യോസേഫിന്റെയും മരണം: 49:29-50:26. 

ഉല്പത്തിയിലെ പൂർണ്ണവിഷയം

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി വിവരണം 1:1-31
സൃഷ്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 2:1-25
മനുഷ്യന്റെ പാപത്തിലേക്കുള്ള വീഴ്ചയും അനന്തരഫലങ്ങളും 3:1-24
കയീനും ഹാബെലും 4:1-18
കയീന്റെ പിൻതുടര്‍ച്ചക്കാരുടെ സ്വഭാവ വിശേഷങ്ങൾ 4:19-24
ആദാമിന്റെ വംശപാരമ്പര്യം 5:1-32
നോഹയും പെട്ടകവും വലിയ ജലപ്രളയവും 6:1—8:22
നോഹയോടുള്ള ദൈവിക നിയമം 9:1-17
വംശങ്ങളുടെയും ജാതികളുടെയും ആരംഭം 9:18—10:32
ബാബേൽ ഗോപുരം 11:1-9
വംശാവലിയുടെ കൂടുതൽ വിവരങ്ങൾ 11:10-32
അബ്രാം ദൈവവിളി അനുസരിക്കുന്നു 12:1-9
അബ്രാം ഈജിപ്ത്തിൽ 12:10-20
അബ്രാമും ലോത്തും വേര്‍പിരിയുന്നു 13:1-18
അബ്രാം ലോത്തിനെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്നു 14:1-17
അബ്രാമും ശാലോം രാജാവായ മൽക്കീസേദെക്കും 14:18-20
അബ്രാമിനോടുള്ള ദൈവിക വാഗ്ദത്തങ്ങൾ 15:1-19
യിശ്മായേലിന്റെ ജനനം 16:1-15
അബ്രാം ബഹുജാതികൾക്ക് പിതാവായ അബ്രാഹാം 17:1-6
പരിച്ഛേദന നിയമം 17:7-14
യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം 17:15-19
സ്വര്‍ഗ്ഗത്തിൽ നിന്നുള്ള മൂന്നു സന്ദര്‍ശകര്‍ അബ്രാഹാമിന്റെ കൂടാര വാതിൽക്കൽ 18:1-15
അബ്രാഹാം സൊദോമിനു വേണ്ടി അപേക്ഷിക്കുന്നു 18:16-33
സൊദോം നഗരത്തിന്റെ നാശം 19:1-29
ലോത്തും അവന്റെ പെൺമക്കളും 19:30-38
അബ്രാഹാമും അബീമേലെക്കും 20:1-18
യിസ്ഹാക്കിന്റെ ജനനം, യിശ്മായേൽ വേർപിരിയുന്നു 21:1-21
യിസ്ഹാക്കിന്റെ കാര്യത്തിൽ ദൈവം അബ്രാഹാമിനെ പരീക്ഷിക്കുന്നു. 22:1-19
സാറായുടെ മരണവും ശവസംസ്ക്കാരവും 23:1-20
യിസ്ഹാക്കിനു വേണ്ടി മണവാട്ടി 24:1-67
അബ്രാഹാമിന്റെ മരണം 25:1-11
യിശ്മായേലിന്റെ പിൻതുടര്‍ച്ചക്കാര്‍ 25:12-18
യാക്കോബിന്റെയും ഏശാവിന്റെയും ജനനം 25:19-26
ഏശാവ് അവന്റെ ജന്മാവകാശം യാക്കോബിനു വില്കുന്നു 25:27-34
യിസ്ഹാക്കും അബീമേലെക്കും 26:1-33
യാക്കോബ് യിസ്ഹാക്കിനെ വഞ്ചിച്ച് ഏശാവിനുള്ള അനുഗ്രഹം തട്ടി എടുക്കുന്നു 27:1-29
ഏശാവിന്റെ നഷ്ടവും യാക്കോബിനോടുള്ള കോപവും 27:30-45
യാക്കോബ് ലാബാന്റെ നാട്ടിലേക്കു ഓടിപ്പോകുന്നു 28:1-22
യാക്കോബിന്റെ സ്വപ്നം, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി,
അതിന്റെ തല സ്വര്‍ഗ്ഗത്തോളം എത്തിയിരുന്നു 28:10-22
യാക്കോബിന്റെ ഭാര്യമാരും മക്കളും 29:1—30:24
യാക്കോബും ലാബാനും -രണ്ടു ചതിയന്മാര്‍ 30:25-43
യാക്കോബ് ഓടിപ്പോകുന്നു, ലാബാൻ പിന്തുടരുന്നു 31:1-55
ഏശാവിനെ കണ്ടുമുട്ടുവാനുള്ള യാക്കോബിന്റെ തയ്യാറെടുപ്പ് 32:1-21
ദൈവദൂതനുമായുള്ള യാക്കോബിന്റെ മല്ലയുദ്ധം 32:22-32
യാക്കോബ് ഏശാവിനെ കണ്ടുമുട്ടുന്നു 33:1-17
യാക്കോബ് ശെഖേമിൽ 34:1-31
യാക്കോബ് ബേഥേലിൽ 35:1-15
റാഹേലിന്റെയും യിസ്ഹാക്കിന്റെയും മരണം 35:16-29
ഏശാവിന്റെ വംശാവലി 36:1-43
യോസേഫിന്റെ സ്വപ്നങ്ങൾ 37:1-11
യോസേഫിന്റെ സഹോദരന്മാര്‍ അവനെ യിശ്മായേല്യര്‍ക്കു വിൽക്കുന്നു 37:12-36
യെഹൂദയും താമാറും 38:1-30
യോസേഫ് ഈജിപ്ത്തിൽ 39:1—50:26
യോസേഫ് പോത്തിഫരിന്റെ ഭവനത്തിൽ 39:1-19
യോസേഫ് തടവറയിൽ, സ്വപ്നങ്ങളുടെ വ്യാഖ്യാനം നല്കുന്നു 39:20—40:23
യോസേഫിനെ ഈജിപ്ത്തിലെ പ്രധാന മന്ത്രിയായി നിയമിക്കപ്പെടുന്നു 41:39-57
യോസേഫും അവന്റെ സഹോദരന്മാരും 42:1—44:34
യോസേഫ് അവന്റെ സഹോദരന്മാർക്ക് സ്വയം വെളിപ്പെടുത്തുന്നു 45:1-15
യോസേഫിന്റെ സഹോദരന്മാര്‍ അവരുടെ പിതാവായ 45:16—46:34
യാക്കോബിനെ ഈജിപ്തിൽ കൊണ്ടുവരുന്നു45:16—46:34
യാക്കോബ് ഫറവോനെ കാണുന്നു 47:1-12
യോസേഫ് ഈജിപ്ത്തിലെ പ്രധാന മന്ത്രിയായി പ്രവര്‍ത്തിക്കുന്നു 47:13-31
യാക്കോബ് യോസേഫിന്റെ മക്കളെ അനുഗ്രഹിക്കുന്നു 48:1-22
യാക്കോബ് തന്റെ സ്വന്തമക്കളെ അനുഗ്രഹിക്കുന്നു 49:1-28
യാക്കോബിന്റെ മരണം 49:29-33
യോസേഫിന്റെ ഈജിപ്ത്തിലെ ശേഷിച്ചനാളുകൾ 50:1-26

മനുഷ്യജീവിതത്തിലെ മർമ്മപ്രധാനമായ മൂന്നു ചോദ്യങ്ങൾക്ക് ഉല്പത്തി പുസ്തകം ഉത്തരം പറയുന്നു:

1. ഞാൻ എവിടെനിന്നു വന്നു? ഉത്തരം: ദൈവമെന്നെ സൃഷ്ടിച്ചു, 1:26.

2. ഞാൻ ഭൂമിയിൽ ആയിരിക്കുന്നത് എന്തിന്? ഉത്തരം: ദൈവവുമായി കൂട്ടായ്മ ആചരിക്കുവാൻ, 15:6.

3. ഞാൻ എവിടേക്ക് പോകുന്നു? ഉത്തരം: എനിക്കൊരു ശാശ്വത സങ്കേതമുണ്ട്. 25:8.

ചരിത യാഥാർത്ഥ്യം: ഉല്പത്തി പുസ്തകത്തിലെ ചരിത്ര വസ്തുതകൾക്കു വസ്തുനിഷ്ഠമായ തെളിവുകൾ കണ്ടെത്തുക ദുഷ്ക്കരമാണ്. താരതമ്യ പഠനത്തിനു സഹായകമായ ബാഹ്യരേഖകൾ ഇല്ലെന്നുതന്നെ പറയാം. വിശ്വാസത്തെ സ്പർശിക്കുന്ന ഈ ഭാഗങ്ങൾ ശാസ്ത്രീയ നിരീക്ഷണങ്ങൾക്ക് അതീതമാണ്. ബൈബിളിലെ സൃഷ്ടിവിവരണം ദൈവിക വെളിപ്പാടിൽ അധിഷ്ഠിതമാണെന്നും അതു ഗ്രഹിക്കേണ്ടതു വിശ്വാസത്താലാണെന്നും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. സൃഷ്ടിയെ സംബന്ധിച്ചുള്ള ഉപദേശത്തിന്റെ അടിസ്ഥാനം എബായ ലേഖനകാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. “ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.” (എബ്രാ, 11:3). 

മനുഷ്യന്റെ ഉത്ഭവത്തെ സംബന്ധിച്ചും മേല്പറഞ്ഞതു സത്യമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് ബൈബിൾ ദൃഢമായി പ്രസ്താവിക്കുന്നു. പരിണാമ സിദ്ധാന്തം മുതലായ യുക്തിചിന്തകളെയെല്ലാം ബൈബിൾ അപ്പാടെ നിഷേധിക്കുന്നു. മനുഷ്യന്റെ ഉത്ഭവം എപ്പോഴായിരുന്നുവെന്നോ എവിടെയായിരുന്നുവെന്നോ ഏതു ദ്രവ്യങ്ങൾ കൊണ്ടായിരുന്നുവെന്നോ തെളിയിക്കുന്നതിന് നരവംശ ശാസ്ത്രത്തിനോ പുരാവസ്തു ശാസ്ത്രത്തിനോ കഴിയുന്നില്ല. മനുഷ്യന്റെ സൃഷ്ടി ബി.സി. 10000-7000-നും ഇടയ്ക്കു സംഭവിച്ചിരിക്കാമെന്നാണു പല പണ്ഡിതന്മാരും കരുതുന്നത്. ഉല്പത്തി 5,11 എന്നീ അദ്ധ്യായങ്ങളിലെ വംശാവലികളിൽ നിന്ന് മനുഷ്യന്റെ ഉത്ഭകാലം കണക്കാകുക പ്രയാസമാണ്. ബൈബിളിലെ വംശാവലിയിലുള്ള ആളുകളുടെ പ്രായം ക്രിസ്തു മുതൽ പുറകോട്ട് കണക്കുകൂട്ടി, ആദാമിനെ ദൈവം സൃഷ്ടിച്ചത് ബി.സി. 4004-ൽ ആയിരുന്നു എന്ന് ബിഷപ്പ് ജെയിംസ് അഷർ (James Ussher, 1581-1656) കണക്കാക്കിയിട്ടുണ്ട്. അതും വിശ്വാസയോഗ്യമല്ല. നിഷ്പാപയുഗം എത്ര വർഷമാണെന്ന് കണ്ടെത്താതെ, മനുഷ്യൻ്റെ സൃഷ്ടി എങ്ങനെ കണക്കാക്കും എന്നത് ഒരു പ്രശ്നമാണ്? നിഷ്പാപയുഗം പന്ത്രണ്ട് മണിക്കൂറാണെന്ന തല്മൂദിൻ്റെ കണ്ടെത്തലും ചോദ്യം ചെയ്യാതെ തള്ളിക്കളയാവുന്നതാണ്; ബൈബിൾ അതിനെ അംഗീകരിക്കുന്നില്ല. സൃഷ്ടിപ്പിൻ്റെ കാലം കണ്ടെത്തുക ഏന്നത് മനുഷ്യരാൽ അസാദ്ധ്യമാണ്. ബൈബിൾ ‘ആദിയിൽ’ എന്ന് പറഞ്ഞിരിക്കുന്നതിനെ അങ്ങനെ തന്നെ മനസ്സിലാക്കുന്നതാണ് ഉചിതം. ഇനി കണ്ടെത്താൻ കഴിയുന്നത് ആദാമിൻ്റെ വീഴ്ചയുടെ കാലമാണ്. അത് ബൈബിളിൽ തന്നെ തെളിവുള്ള കൃത്യമായൊരു കണക്കുണ്ട്. എന്നാൽ അവിടെയും ഒരു പ്രശ്നമുള്ളത്. എബ്രായ ബൈബിളിലും, സെപ്റ്റ്വജിൻ്റിലും, ശമര്യൻ പഞ്ചഗ്രന്ഥത്തിലും വ്യത്യസ്ത കണക്കുകളാണ്. ആദാം പാപത്തിൽ വീണത്; എബ്രായ ബൈബിൾ പ്രകാരം 4275-ലും, സെപ്റ്റ്വജിൻ്റു പ്രകാരം 5706-ലും, ശമര്യൻ പഞ്ചഗ്രന്ഥപ്രകാരം 4776-ലുമാണ്. ഇതിൽ, യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചതും, പുതിയനിയമത്തിൽ ഉദ്ധരണികൾ ചേർത്തിട്ടുളതും ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ നിന്നായതുകൊണ്ടും, മറ്റു പലകാരണങ്ങൾ കൊണ്ടും സെപ്റ്റ്വജിൻ്റിൻ്റെ കണക്കാണ് വിശ്വാസയോഗ്യമായിട്ടുള്ളത്. അങ്ങനെ വരുമ്പോൾ ആദാമിനെ ദൈവം ഏദെനിൽനിന്ന് പുറത്താക്കുനത് ബി.സി. 5706-ലാണെന്ന് മനസ്സിലാക്കാം. (കൂടുതൽ അറിയാൻ ലേഖകൻ്റെ ‘ബൈബിൾ കാലഗണനം’ കാണുക).

ദൈവശാസ്ത്രം: ദൈവത്തിന്റെ വെളിപ്പാട് ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. ആദ്യമായി വെളിപ്പെടുത്തിയ ദൈവികനാമമാണ്. ‘ഏൽ.’ സംയുക്തനാമങ്ങളായി ഏൽ ഉല്പത്തിയിൽ പലേടത്തും കാണപ്പെടുന്നു: ഏൽ-എലിയോൻ =  അത്യന്നതദൈവം: (14:18-24), ഏൽ-ഒലാം = നിത്യനായ ദൈവം: (21:33). ഏൽ-റോയ് = കാണുന്ന ദൈവം: (16:13). ഏൽ-ഷദ്ദായി =  സർവ്വശക്തനായ ദൈവം: (17:1; 35:11; 43:14; 48:3; 49:25), ഏൽ-ബേഥേൽ = ബേഥേലിലെ ദൈവം: (31:13). മനുഷ്യന്റെ ഓരോ ആവശ്യവുമായി ബന്ധപ്പെട്ടാണ് ദൈവം സ്വയം വെളിപ്പെടുത്തിട്ടുള്ളത്. അബ്രാഹാമിന് സന്തതിയെ വാഗ്ദാനം ചെയ്യുമ്പോഴാണ് ദൈവം സർവ്വശക്തൻ (ഏൽഷദ്ദായി) എന്നു വെളിപ്പെടുത്തിയത്. (17:1). പുതിയനിയമത്തിലും ദൈവം സർവ്വശക്തനാണെന്ന പ്രഥമ പ്രസ്താവന സന്തതികളോടുള്ള ബന്ധത്തിലാണ് കാണുന്നത് (2കൊരി, 6:16,17). മനുഷ്യൻ മനുഷ്യനായി തീരുന്നതും സ്വതന്തനായി പ്രവർത്തിക്കുന്നതും പൂർത്തീകരണമടയുന്നതും ദൈവവുമായുള്ള ബന്ധത്തിൽ മാത്രമാണ്. ഒരു സവിശേഷമായ പങ്കാളിത്തം ദൈവവും മനുഷ്യനും തമ്മിലുണ്ട്. ചരിത്രത്തെ മുഴുവൻ ഉൾക്കൊള്ളുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഉടമ്പടികൾ ദൈവം മനുഷ്യനോട് ആളത്തപരമായ ബന്ധത്തിൽ ചെയ്തതായി കാണാം. ആദാമിനോടു ചെയ്ത സൃഷ്ടി സംബന്ധമായ നിയമം, നോഹയോടു ചെയ്ത മാനുഷിക ഭരണസംബന്ധമായ നിയമം, അബ്രാഹാമിനോടു ചെയ്ത വാഗ്ദത്ത നിയമം തുടങ്ങിയവ ഉല്പത്തിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പാപം ന്യായവിധി, വീണ്ടെടുപ്പ് ഈ വിഷയങ്ങൾ പ്രളയവൃത്താന്തത്തിൽ സ്പഷ്ടമായി കാണാം. മശീഹയെക്കുറിച്ചുള്ള വാഗ്ദത്തം ആദാമിനു നല്കി. വാഗ്ദത്ത സന്തതിയായി ‘മശീഹയെ’ അബ്രാഹാമിനു യഹോവ വെളിപ്പെടുത്തിക്കൊടുത്തു.

2 thoughts on “ഉല്പത്തി”

  1. ഉല്പത്തി.2.9
    എന്തിനായിരുന്നു ദൈവം ഇത് ചെയ്തത്???
    ഇവർ അനുസരണക്കേട് ചെയ്യുമെന്ന് ദൈവത്തിനു അറിയാമല്ലോ

    1. ഇതര ജീവജാലങ്ങളില്‍നിന്ന് വ്യത്യസ്തമായി തനിക്ക് നല്‍കപ്പെട്ട സ്വതന്ത്ര ചിന്തയില്‍ നിന്ന് കൊണ്ടുതന്നെ ദൈവത്തെ അനുസരിക്കണം എന്നതായിരുന്നു ദൈവഹിതം. എന്നാല്‍ മുന്നറിയിപ്പ് ദൈവം കൊടുത്തിരുന്നു. ഇന്നും അങ്ങനെ മാത്രമേ ഉള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *