ബെൻ-ഹദദ്

ബെൻ-ഹദദ് (Ben-hadad)

പേരിനർത്ഥം – ഹദദിന്റെ പുത്രൻ

ദമ്മേശെക് ആസ്ഥാനമാക്കി ഭരിച്ചിരുന്ന അരാമ്യ രാജാക്കന്മാരുടെ പദവിനാമമാണ് ബെൻ-ഹദദ്. ഈ പേരിൽ രണ്ടു രാജാക്കന്മാർ ബൈബിളിൽ പരാമൃഷ്ടരായിട്ടുണ്ട്; ചിലരുടെ അഭിപ്രായത്തിൽ മുന്നും. ഒരു നൂറ്റാണ്ടുകാലം പ്രസ്തുത രാജാക്കന്മാർ യിസ്രായേലിന്റെ പ്രതിയോഗികളായിരുന്നു. എ.ഡി. 1940-ൽ ഉത്തര സിറിയയിൽ നിന്നു കണ്ടെടുത്ത ബെൻ-ഹദദ് ഒന്നാമന്റെ ലിഖിതം ബൈബിൾ രേഖകൾ ശരിയാണെന്നു തെളിയിച്ചു.

ബെൻ-ഹദദ് ഒന്നാമൻ: ബെൻഹദദ് ഒന്നാമൻ ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകനാണ്. (1രാജാ, 15:18). ഈ രാജാവിന്റെ മെൽക്കാത്ത് ശിലാസ്തംഭ ലിഖിതത്തിൽ രാജാവിനെക്കുറിച്ചു ഇതേ വിവരണം തന്നെ നല്കിയിരിക്കുന്നു. ബി.സി. 890-നടുപ്പിച്ചാണ് ഇയാൾ അരാം രാജാവായത്. അക്കാലത്ത് പശ്ചിമേഷ്യയിലെ ശക്തമായ രാജ്യമായിരുന്നു അരാം. യിസ്രായേൽ രാജാവായ ബയെശാ യെഹൂദയെ ആക്രമിച്ചപ്പോൾ യെഹൂദാ രാജാവായ ആസാ ബെൻ-ഹദദിന്റെ സഹായം തേടി. ബയെശാ യെരുശലേമിനു 8 കി.മീ. അകലെവരെ എത്തി, രാമായെ പണിതുറപ്പിച്ചു. രാജധാനിയിലെ ഭണ്ഡാരത്തിലും ദൈവാലയത്തിലും ശേഷിച്ചിരുന്നതെല്ലാം ആസാ എടുത്തു ബെൻ-ഹദദിനു നല്കി അദ്ദേഹത്തിന്റെ സഹായം ഉറപ്പാക്കി. ബെൻ-ഹദദ് യിസ്രായേലിന്റെ ഉത്തരഭാഗം ആക്രമിക്കുകയും ബയെശാ രാമായിൽ നിന്നു പിന്മാറുകയും ചെയ്തു. (1രാജാ, 15:20-22). ഈ പ്രവൃത്തിയിലൂടെ യിസ്രായേലിന്റെയും യെഹൂദയുടെയും ഒരു പൊതു ശത്രുവിനെ വളർത്തി എടുക്കുകയാണ് ആസാ ചെയ്തത്. ആസായുടെയും ബയെശയുടെയും സമകാലികനായ ബെൻ-ഹദദ് ഒന്നാമനും ഏലീയാവിന്റെയും എലീശയുടെയും സമകാലികനായ ബെൻ-ഹദദും ഭിന്ന വ്യക്തികളാണെന്നു പൊതുവെ കരുതപ്പെട്ടിരുന്നു. ബെൻ-ഹദദ് ഒന്നാമൻ ഒമ്രിയുടെയോ ആഹാബിന്റെയോ കാലത്തിന്റെ തുടക്കത്തിൽ (ഏകദേശം 865 ബി.സി.) മരിച്ചു എന്നും തുടർന്നു ബെൻ-ഹദദ് രണ്ടാമൻ രാജാവായി എന്നും അധികം പണ്ഡിതന്മാരും കരുതിയിരുന്നു. എന്നാൽ ബെൻ-ഹദദിന്റെ ശിലാസ്തംഭം കണ്ടെടുത്തതോടുകൂടി ഇരുവരും ഒരാളാണെന്നു അസന്നിഗ്ദ്ധമായി തെളിഞ്ഞു. ബെൻ-ഹദദ് ഒന്നാമനും രണ്ടാമനും ഭിന്നരാണെന്നു കാണിക്കുവാൻ ആഹാബിനോടു ബെൻ-ഹദദ് പറയുന്ന വാക്കുകളെ പ്രധാനമായി എടുക്കാറുണ്ട്. തോറ്റ അരാം രാജാവ് യിസ്രായേൽ രാജാവായ ആഹാബിനോടു പറഞ്ഞു “എന്റെ അപ്പൻ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊൾക എന്നു പറഞ്ഞു. അതിനു ആഹാബ്: ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയയ്ക്കാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.” (1രാജാ, 20:34). ഇവിടത്തെ സൂചന ആഹാബിന്റെ പിതാവായ ഒമ്രിയെക്കുറിച്ചാകാനിടയില്ല. ഉത്തരരാജ്യത്തിന്റെ തലസ്ഥാനമായ ശമര്യ പണിതത് ഒമ്രിയാണ്. സിറിയയോടുള്ള യുദ്ധത്തിൽ ഒമ്രി പരാജയപ്പെട്ടതിനെക്കുറിച്ചു ഒരു രേഖയുമില്ല. ഇവിടെ പിതാവിനു മുൻഗാമി എന്ന അർത്ഥം നല്കിയാൽ മതി. ബെൻ-ഹദദ് ഒന്നാമൻ ആഹാബിനോടു യുദ്ധം ചെയ്തു. (1രാജാ, 20:1-21). ആ യുദ്ധത്തിൽ ആഹാബു ജയിച്ചു എന്നു മാത്രമല്ല പിറ്റേവർഷം അഫേക്കിൽ വച്ചു നടന്ന യുദ്ധത്തിലും ജയിച്ചു. (1രാജാ, 20:26-43). പിറ്റേവർഷം പ്രബലമായ അശ്ശൂർ സൈന്യം സുറിയ-പലസ്തീനിൽ ആക്രമണത്തിനു വന്നു. അതിനെ ചെറുക്കാനായി ആഹാബും ബെൻ-ഹദദും ഒരു പൊതുധാരണയിലെത്തി. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിക്കുന്ന ശിലാലിഖിതത്തിൽ ശല്മനേസർ മൂന്നാമന്റെ ആക്രമണത്തെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അരാമിലെ ബെൻ-ഹദദിന്റെ നേതൃത്വത്തിലുളള അരാമ്യസൈന്യത്തോടു താൻ യുദ്ധം ചെയ്തതിനെയും രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി. 853-ൽ ഓറന്റീസ് താഴ്വരയിലെ ഹമാത്തിനു വടക്കുളള കാർക്കാറിൽ വച്ചായിരുന്നു യുദ്ധം. ലിഖിതത്തിൽ ആഹാബിനെ ബെൻ-ഹദദിനോടൊപ്പം പരാമർശിച്ചിട്ടുണ്ട്. ബെൻ-ഹദദിന്റെ 1,200 രഥങ്ങളും 20,000 പടയാളികളും ആഹാബിന്റെ 2,000 രഥങ്ങളും 10,000 പടയാളികളുമാണ് യുദ്ധത്തിനിറങ്ങിയത്. ഈ യുദ്ധം ശല്മനേസറിനു വിജയമായിരുന്നില്ല. വീണ്ടും ബി.സി. 848-ൽ ശല്മനേസർ മൂന്നാമൻ അരാമിലേക്കു കടന്നു. ബെൻ-ഹദദ് ഒന്നാമന്റെ കീഴിൽ പന്ത്രണ്ടു രാജാക്കന്മാരുടെ സഖ്യമാണ് അദ്ദേഹത്തെ എതിരിട്ടത്. ബി.സി. 843-നടുപ്പിച്ച് ബെൻ-ഹദദ് ഒന്നാമന്റെ വാഴ്ച അവസാനിച്ചു. ബി.സി. 841-ൽ ഹസായേൽ രാജാവായി.

ബെൻ-ഹദദ് രണ്ടാമൻ: ഹസായേലിന്റെ പുത്രനാണു ബെൻ-ഹദദ് രണ്ടാമൻ. ഇയാൾ ദുർബ്ബലനായിരുന്നു. (2രാജാ, 13:3, 24). പിതാവു നേടിയ രാജ്യത്തെ സംരക്ഷിക്കുന്നതിനു അയാൾക്കു കഴിഞ്ഞില്ല. പിതാവിനെപ്പോലെ ഇയാളും യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു. യോവാശ് രാജാവ് ബെൻ-ഹദദിന്റെ ആക്രമണങ്ങൾ ചെറുത്ത് നഷ്ടപ്പെട്ട പട്ടണങ്ങൾ വീണ്ടെടുത്തു. (2രാജാ, 13;14-19, 25) ഹസായേലിനും ബെൻ-ഹദദിനും വിരോധമായി ആമോസ് പ്രവാചകൻ പ്രവചിച്ചു. (1:4). ബെൻ-ഹദദിന്റെ നാശത്തെക്കുറിച്ചു യിരെമ്യാ പ്രവാചകൻ പരാമർശിച്ചിട്ടുണ്ട്. (49:27). ബെൻ-ഹദദ് രണ്ടാമൻ ഹമാത്ത് രാജാവിനെതിരെ അരാമ്യ രാജാക്കന്മാരുടെ കൂട്ടുകെട്ടുണ്ടാക്കി. ഹമാത്ത് രാജാവിന്റെ ശക്തി കേന്ദ്രമായ ഹദ്രാക്കിനെ (സെഖ, 9:1) നിരോധിച്ചുവെങ്കിലും ഹമാത്ത് രാജാവായ സക്കീർ ശ്രതുക്കളെ അതിജീവിച്ചു. ബി.സി. 773-ൽ ശല്മനേസർ നാലാമൻ ദമ്മേശെക് നിരോധിച്ചപ്പോൾ ബെൻ-ഹദദ് മരിച്ചുവെന്നു കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *