രാജാക്കന്മാരുടെ ഒന്നാം പുസ്തകം (Book of 1 Kings)
പഴയനിയമത്തിലെ പതിനൊന്നാമത്തെ പുസ്തകമാണ് 1രാജാക്കന്മാർ. എബ്രായ കാനോനിൽ മുൻപ്രവാചകന്മാരുടെ ഗണത്തിൽപ്പെട്ട പുസ്തകമാണ് രാജാക്കന്മാർ ഒന്നും രണ്ടും. രാജാക്കന്മാരുടെ രണ്ടു പുസ്തകങ്ങളും ചേർന്നു ഒറ്റപ്പുസ്തകമാണ് എബായയിൽ. എബായ പാഠത്തിലെ ആദ്യപദമായ വ്ഹമ്മെലക് (രാജാവും)-ൽ നിന്നുമാണ് പുസ്തകത്തിനു ഈ പേർ ലഭിച്ചത്. സെപ്റ്റ്വജിന്റാണ് രണ്ടു പുസ്തകങ്ങളായി ഇതിനെ തിരിച്ചത്. എബ്രായയിൽ ഒരു വലിയ ചുരുളിൽ പുസ്തകം മുഴുവൻ എഴുതാവുന്നതാണ്; എന്നാൽ ഗ്രീക്കിൽ രണ്ടു ചുരുളുകൾ വേണ്ടി വന്നു. അതിനാലാണ് സെപ്റ്റജിന്റ് രാജാക്കന്മാരുടെ പുസ്തകത്തെ രണ്ടായി തിരിച്ചത്. ശമുവേൽ ഒന്നും രണ്ടും, രാജാക്കന്മാർ ഒന്നും രണ്ടും എന്നീ നാലു പുസ്തകങ്ങളെയും ഒരു തുടർച്ചയായ ചരിത്രമായി പരിഗണിച്ചാണ് ഗ്രീക്ക്, ലത്തീൻ ബൈബിളുകൾ രാജാക്കന്മാർ ഒന്നും, രണ്ടും, മൂന്നും, നാലും എന്നിങ്ങനെ നാമകരണം ചെയ്തത്. രാജാക്കന്മാരുടെ പുസ്തകത്തിന്റെ വിഭജനം കൃത്രിമമായി തോന്നുന്നു. യിസ്രായേൽ രാജാവായ അഹസ്യാവിന്റെ വാഴ്ചയുടെ വർണ്ണനയുടെ തുടക്കത്തോടു കൂടിയാണ് ഒന്നു രാജാക്കന്മാർ അവസാനിക്കുന്നത്. ഈ വർണ്ണന അവസാനിക്കുന്നതു രണ്ടു രാജാക്കന്മാർ ഒന്നാം അദ്ധ്യായത്തിലും. ഏലീയാപ്രവാചകന്റെ ശുശ്രൂഷയുടെ സിംഹഭാഗവും, എലീശയുടെ അഭിഷേകവും 1രാജാക്കന്മാർ ഉൾക്കൊള്ളുന്നു. എന്നാൽ ഏലീയാ പ്രവാചകന്റെ ശുശ്രൂഷയുടെ ഉജ്ജ്വലമായ അന്ത്യവും എലീശയുടെ ശുശ്രൂഷയുടെ പൂർണ്ണമായ വിവരണവും II രാജാക്കന്മാരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഗ്രന്ഥകർത്താവും കാലവും: രാജാക്കന്മാർ എഴുതിയത് യിരെമ്യാ പ്രവാചകനാണെന്നു ബാബാബത്രയിൽ (Baba Batra) പറഞ്ഞിട്ടുണ്ട്. ഇത് ശരിയായിരിക്കണമെന്ന് നിർബന്ധമില്ല. ഇതിന്റെ അജ്ഞാത കർത്താവ് യിരെമ്യാവിന്റെ സമകാലികനും, യിരെമ്യാവിനെപ്പോലെ ഒരു പ്രവാചകനും ആയിരുന്നു എന്നതിൽ സംശയമില്ല. എബായ കാനോനിൽ രണ്ടാം വിഭാഗമായ പ്രവാചകന്മാരിൽ (നെവീം) ആണ് രാജാക്കന്മാരുടെ പുസ്തകം ഉൾപ്പെടുത്തിയിട്ടുള്ളത്. യിസ്രായേല്യ ചരിത്രകാരന്മാരിലധികം പേരും പ്രവാചക പദവി ഉളളവരായിരുന്നു. രാജാക്കന്മാരുടെ പുസ്തകത്തിൽ ഒടുവിൽ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രസംഭവം ബാബിലോണിലെ കാരാഗൃഹത്തിൽ നിന്നുള്ള യെഹോയാഖീന്റെ വിടുതലാണ്. (2രാജാ, 25:27-30). അത് അദ്ദേഹത്തിന്റെ ബന്ധനത്തിന്റെ മുപ്പത്തേഴാം വർഷവും യെരുശലേം പിടിക്കപ്പെട്ടതിനു 25 വർഷ ശേഷവും – അതായതു ബി.സി. 562-ൽ ആണ്. യെഹോയാഖീന്റെ മരണം വരെയുള്ള കാര്യങ്ങൾ പറഞ്ഞിട്ടുള്ളതു കൊണ്ട്, അതിനു ശേഷമാകണം പുസ്തകം പൂർത്തിയായത്. ഈ വസ്തുതകൾ കണക്കിലെടുത്തുകൊണ്ട് ബി.സി. 550-നോടടുപ്പിച്ചു രാജാക്കന്മാർ ഇന്നത്തെ രൂപത്തിൽ എഴുതപ്പെട്ടു എന്നു പറയാം.
മൂലരേഖകൾ: തന്റെ കാലത്തുണ്ടായ സംഭവങ്ങൾ നേരിട്ടു മനസ്സിലാക്കിയും, പൂർവ്വചരിത്രം മറ്റു രേഖകളെ അധിഷ്ഠാനമാക്കിയും ആണ് അജ്ഞാത്ര ഗ്രന്ഥകാരൻ രാജാക്കന്മാർ രചിച്ചത്. മൂന്നു പൂർവ്വരേഖകളെക്കുറിച്ചു എഴുത്തുകാരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശലോമോൻ രാജാവിന്റെ ഭരണത്തിന്റെ വിശദമായ ആഖ്യാനത്തിനു സഹായകമായിരുന്നത് ‘ശലോമോന്റെ വൃത്താന്തപുസ്തകം’ ആണ്. (1രാജാ, 11:41). ഈ പുസ്തകത്തിന്റെ വ്യാപ്തിയും സ്വഭാവവും നിശ്ചയിക്കുവാൻ സാദ്ധ്യമല്ല. എന്നാൽ ശലോമോന്റെ ഭരണത്തിന്റെ വെറും അപഗ്രഥനാത്മക ഔദ്യോഗിക രേഖയല്ല, മറിച്ച് അവയിൽ അധിഷ്ഠിതമായ ഒരു ചരിത്രമാണ് രാജാക്കന്മാരുടെ പുസ്തകം. വിഭക്ത സാമാജ്യത്തിന്റെ അനന്തര ചരിത്രത്തിന് മറ്റു രണ്ടു രേഖകൾ ലഭ്യമാണ്. അവ ‘യിസായേൽ രാജാക്കന്മാരുടെ വൃത്താന്ത പുസ്തകവും’ (1രാജാ, 14:19), ‘യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകവും’ (1രാജാ, 14:29 ) ആണ്. ഇവയിൽ ആദ്യത്തേത് 17 പ്രാവശ്യവും രണ്ടാമത്തേത് 15 പ്രാവശ്യവും പരാമർശിക്കപ്പെടുന്നു. ഈ രണ്ടു പുസ്തകങ്ങളും വെറും ഔദ്യോഗിക വൃത്താന്തങ്ങളല്ല; മറിച്ച് അവയെ അധിഷ്ഠാനമാക്കി എഴുതിയ ജനകീയ ചരിത്രങ്ങൾ ആണ്. യേഹൂവിന്റെ കീഴിൽ നടന്ന വിപ്ലവം (2രാജാ, 9-10), യെഹൂദയിലെ അഥല്യാരാജ്ഞിയുടെ പതനം (2രാജാ, 11) എന്നിവപോലുള്ള അനേകം ആഖ്യാനങ്ങൾ അവയിലുണ്ട്. ഈ മൂന്നുരേഖകൾ കൂടാതെ മറ്റു രേഖകളും തീർച്ചയായും ഉണ്ടായിരുന്നിരിക്കണം.
പ്രതിപാദനരീതി: ആധുനിക ചരിത്രകാരൻ ലഭ്യമായ ആധാരരേഖകളെ നല്ലവണ്ണം പരിശോധിച്ചശേഷം സ്വതന്ത്രമായും മൗലികമായും ചരിത്രം രചിക്കുന്നു. എന്നാൽ രാജാക്കന്മാരുടെ എഴുത്തുകാരനാകട്ടെ ലിഖിതരേഖകളിലെ ഭാഗങ്ങളെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്താണ് ചരിത്രത്തിനു രൂപം നല്കിയത്. എന്നിരിക്കിലും ഇത് വെറുമൊരു സമ്പാദനം മാതമല്ല. ആനുകാലിക ചരിത്രം അദ്ദേഹം തന്നെയാണു എഴുതിയത്. വിഭക്ത സാമ്രാജ്യത്തിന്റെ കാലഘട്ടം വിവരിക്കുന്നതിൽ എഴുത്തുകാരൻ പ്രത്യേക വൈദഗ്ദ്ധ്യം കാണിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങളുടെയും സമാന്തരചരിത്രം വ്യക്തമാക്കുന്നു. യെഹൂദയിലെ സമകാലീന ചരിത്രത്തിലേക്കു തിരിയുന്നതിനു മുമ്പു യിസ്രായേലിലെ യൊരോബെയാമിന്റെ മരണം വരെയുള്ള സംഭവങ്ങൾ രേഖപ്പെടുത്തുന്നു. തുടർന്നു യെഹൂദയുടെ ചരിത്രം ആസയുടെ മരണംവരെ വിവരിക്കുന്നു. യൊരോബെയാമിന്റെ വാഴ്ച അവസാനിക്കുന്നതിനു മുമ്പാണ് ആസ രാജ്യഭാരം ഏറ്റത്. ഇതേ മാതൃകയിൽ തന്നെയാണ് യിസ്രായേലിന്റെയും യെഹൂദയുടെയും ചരിത്രവിവരണം പുരോഗമിക്കുന്നത്. എലീശാ പ്രവാചകനെക്കുറിച്ചുള്ള കഥകൾ, അസാധാരണമായ താൽപര്യത്തോടെയാണു വർണ്ണിക്കുന്നത്. (2രാജാ, 3:1-8-15)
മതപരമായ വീക്ഷണം: രാജാക്കന്മാരുടെ വാഴ്ചയുടെ പ്രാധാന്യം കണക്കാക്കുന്നത് അവരുടെ രാഷ്ട്രീയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ചു അവരുടെ മതപരമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. നെബാത്തിന്റെ മകനായ യൊരോബെയാമിനെ പിന്തുടർന്നതിനാൽ വടക്കെ രാജ്യത്തിലെ രാജാക്കന്മാരെല്ലാം നിന്ദാപാത്രമായി. (1രാജാ, 12:25-33). യൊരോബെയാം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു. വടക്കെ രാജ്യത്തിന്റെ ചരിത്രം ഉപസംഹരിക്കുമ്പോൾ അതിന്റെ പതനത്തിനുള്ള ധാർമ്മികമായ കാരണങ്ങളാണു് അവതരിപ്പിക്കുന്നത്. (2രാജാ, 17:7-23). മതപരമായ നിലപാടനുസരിച്ച് യെഹൂദാരാജാക്കന്മാരെ രണ്ടായി തിരിക്കുന്നു. യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നതിനാലും യഹോവയുടെ മുമ്പിൽ ദുഷ്ടത പ്രവർത്തിച്ചതിനാലും പല രാജാക്കന്മാരും നിന്ദാപാത്രങ്ങളായി. (യെഹോരാമും, അഹസ്യാവും: 2രാജാ, 8:16-27; ആഹാസ്, രാജാ, 16:1-20; മനശ്ശെയും ആമോനും: 2രാജ, 21:1-26). മറ്റു രാജാക്കന്മാർ യഹോവയുടെ പ്രസാദം ലളിച്ചവരാണ്. നിരുപാധികമായ പുകഴ്ച അർഹിക്കുന്ന രണ്ടു രാജാക്കന്മാരാണ് ഹിസ്കീയാവും യോശീയാവും. ഇവർ പൂജാഗിരികളെ നീക്കി, ആരാധന യെരുശലേം ദൈവാലയത്തിൽ മാത്രമായി ഒതുക്കി. (2രാജാ, 18:3,4; 22:2; 23:5-8).
ഉദ്ദേശ്യം: സമഗ്രമായ ഒരു ചരിത്രം നൽകുക എന്നതല്ല തന്റെ ഉദ്ദേശ്യമെന്നു എഴുത്തുകാരൻ വ്യക്തമാക്കുന്നു. തന്റെ ജനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണെന്നു വ്യക്തമാക്കുകയാണ് ഈ ഗ്രന്ഥത്തിൽ. യിസ്രായേൽ ഒരു ദൈവാധിപത്യ രാഷ്ട്രമാണ്. ഈ പരമമായ ലക്ഷ്യത്തിനു വിധേയമാണ് മറ്റുള്ളതെല്ലാം. ക്രമപ്രവൃദ്ധമായ ദൈവികനിർണ്ണയത്തിനു പ്രകാശനം നൽകാത്ത സംഭവങ്ങളുടെ നേർക്കു എഴുത്തുകാരൻ മൗനമവലംബിക്കുന്നു. ഒരു മതേതര ചരിത്രകാരന്റെ ദൃഷ്ടിയിൽ ഉത്തരരാജ്യത്തിലെ രാജാക്കന്മാരിൽ പ്രമുഖനാണ് ഒമ്രി. എന്നാൽ ഒമ്രിയുടെ ചരിത്രം ബൈബിളിൽ വെറും ആറുവാക്യങ്ങളിൽ ഒതുക്കിയിരിക്കുകയാണ്. (1രാജാ, 16:23-28). ശമര്യയിൽ തലസ്ഥാനം സ്ഥാപിക്കാതിരുന്നെങ്കിൽ ഒമ്രി അവഗണിക്കപ്പെട്ടു പോയേനേ. യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ ചരിത്രത്തിനു പൂർണ്ണമായ മൂന്നദ്ധ്യായങ്ങളാണ് വിനിയോഗിച്ചിട്ടുള്ളത്. (2രാജാ, 18-20). എന്നാൽ ഉത്തരരാജ്യമായ യിസ്രായേലിന്റെ സുവർണ്ണ കാലമായി കണക്കാക്കപ്പെടുന്ന യൊരോബെയാം രണ്ടോമന്റെ ചരിത്രം വെറും ഏഴു വാക്യങ്ങളിൽ സംഗ്രഹിച്ചു. (2രാജാ, 14:23-29). ഏലീയാവിന്റെയും എലീശയുടെയും ചുരുങ്ങിയ ശുശ്രൂഷാകാലം വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ ഏതാണ്ട് മൂന്നിലൊന്നു ഭാഗം അതു നിറഞ്ഞു നില്ക്കുന്നു.
പ്രധാന വാക്യങ്ങൾ: 1. “നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.” 1രാജാക്കന്മാർ 1:30.
2. “ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ടു ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല. ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.” 1രാജാക്കന്മാർ 3:11-13.
3. “യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.” 1രാജാക്കന്മാർ 9:3.
4. “എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.” 1രാജാക്കന്മാർ 17:1.
5. “എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.” 1രാജാക്കന്മാർ 19:18.
ഉള്ളടക്കം: A. ദാവീദിന്റെ അന്ത്യനാളുകൾ: 1:1-11.
I. സിംഹാസനം പിടിച്ചെടുക്കാനുള്ള അദോനിയാവിന്റെ ശ്രമം: 1:1-38.
II. ഗീഹോനിൽ വെച്ചുള്ള ശലോമോന്റെ അഭിഷേകം: 1:39-53.
Ill. ശലോമോനോടുള്ള ദാവീദിന്റെ അന്ത്യനിർദ്ദേശം: 2:1-11.
B. ശലോമോൻ രാജാവിന്റെ സുവർണ്ണ ഭരണം: 2:12-11:43.
I. ശലോമോൻ വൈരികളെ നിർമ്മാർജ്ജനം ചെയ്യുന്നു: 2:12:46.
II. ശലോമോന്റെ ജ്ഞാനം: അ.3.
III. ശലോമോന്റെ ഭരണാധികാരികൾ: 4:1-19.
IV. ശലോമോൻ തന്റെ സകലവിധ പ്രതാപത്തിലും: 4:20-34.
V. ശലോമോന്റെ ആലയം: അ.5-7.
1. ഹീരാം രാജാവുമായുള്ള ശലോമോന്റെ കരാർ: അ.5.
2. ആലയത്തെ സംബന്ധിച്ചുള്ള വിസ്തൃത വിവരണവും, അതിന്റെ നിർമ്മാണവും: അ.6.
3. മറ്റു സൗധങ്ങളുടെ നിർമ്മാണം: 7:1-12.
4. ആലയത്തിന്റെ സജ്ജീകരണങ്ങൾ: 7:13-51.
VI. ആലയത്തിലെ പ്രതിഷ്ഠ: അ.8.
VII. ശലോമോന്റെ പ്രശസ്തി: അ.9-10.
1. ദൈവീക ഉടമ്പടി: 9:1-9.
2. ഹീരാം രാജാവിനുള്ള സമ്മാനങ്ങൾ: 9:10-14.
3. ശലോമോന്റെ വിധേയത്വവും ത്യാഗങ്ങളും: 9:15-25.
4. ശലോമോന്റെ കപ്പൽപട: 9:26-28.
5. ശേബാരാജ്ഞിയുടെ സന്ദർശനം: 10:1-13.
6. അവന്റെ സമ്പത്ത്: 10:14-29.
VIII. ശലോമോന്റെ മതഭ്രംശവും മരണവും: അ.11.
C. രാജ്യ വിഭജനം: അ.12-22.
I. യഹൂദാരാജാവായ രെഹബെയാം 12:1-24.
II. യിസ്രായേൽ രാജാവായ യൊരൊബയാം: 12:25-14:20.
1. യൊരൊബെയാമിന്റെ തെറ്റായ ഭക്തികേന്ദ്രങ്ങൾ: 12:25-33.
2. യൊരൊബെയാമും ദൈവപുരുഷനും: 13:1-32.
3. യൊരൊബെയാമിന്റെ കപട പൗരോഹിത്യം: 13:33,34.
4. യൊരൊബയാമിന്റെ മകന്റെ മരണം: 14:1-20.
III. യഹൂദാരാജാവായ രെഹബെയാം: തുടർച്ച; 14:21-31.
IV. യഹൂദാരാജാവായ അബീയാം: 15:1-8.
V. യഹൂദാരാജാവായ ആസാ: 15:9-24.
VI. യിസ്രായേൽ രാജാവായ നാദാബ്: 15:25-27.
VII. യിസ്രായേൽ രാജാവായ ബെയെശാ: 15:28-16:7.
VIII. യിസ്രായേൽ രാജാവായ ഏലാ: 16:8-10.
IX. യിസ്രായേൽ രാജാവായ സിമ്രി: 16:11-20.
X. യിസ്രായേൽ രാജാവായ തിബ്നി:16:21,22.
XI. യിസ്രായേൽ രാജാവായ ഒമ്രി: 16:23-28.
XII. യിസ്രായേൽ രാജാവായ ആഹാബും പ്രവാചകനായ ഏലിയാവും: 16:29-22:40.
1. ആഹാബിന്റെ പാപങ്ങൾ: 16:29-34.
2. ഏലിയാവും വരൾച്ചയും: 17:1-7.
3. ഏലിയാവും സാരെഫാത്തിലെ വിധവയും: 17:8-24.
4. ബാലിന്റെ പുരോഹിതന്മാരെ ഏലിയാവു വെല്ലുവിളിക്കുന്നു: 18:1-19.
5. ബാൽ പുരോഹിതന്മാരുടെ മേലുള്ള ഏലിയാവിന്റെ വിജയം: 18:20-40.
6. മഴയ്ക്കുവേണ്ടിയുള്ള ഏലിയാവിന്റെ പ്രാർത്ഥന: 18:41-46.
7. ഏലിയാവിന്റെ ഹോരേബിലേക്കുള്ള ഓടിപ്പോക്ക്: 19:1-18.
8. ഏലിയാവ് എലിശയെ നിയമിക്കുന്നു: 19:19-21.
9. ആരാമ്യരുടെ മേലുള്ള ആഹാബിന്റെ ആദ്യത്ത ജയം: 20:1-22.
10. ആരാമ്യരുടെ മേലുള്ള ആഹാബിന്റെ രണ്ടാമത്തെ ജയം: 20:22-34.
11. ആഹാബിന്റെ അനുസരണക്കേട്: 20:35-43.
12. നാബോത്തിന് വിരോധമായുള്ള ആഹാബിന്റെ കുറ്റ കൃത്യങ്ങൾ: അ.21.
13. ആഹാബിന്റെ അവസാന യുദ്ധം: 22:1-40.
XIII. യഹൂദാരാജാവായ യഹോശാഫാത്ത്: 22:41-50.
XIV. യിസ്രായേൽ രാജാവായ അഹസ്യാവ്: 22:51-53.
പൂർണ്ണവിഷയം
ശലോമോൻ രാജാവ് 1:1—11:43
ദാവീദിന്റെ അന്ത്യദിനങ്ങൾ, അദോനിയാവ് രാജാവാകാൻ ശ്രമിക്കുന്നത് 1:1-10
ദൈവവും, ദാവീദും ശലോമോനെ രാജാവായി തിരഞ്ഞെടുക്കുന്നു 1:11-40
ശലോമോന് ദാവീദ് നൽകുന്ന അവസാന ഉപദേശം 2:1-9
ദാവീദിന്റെ മരണം 2:10-11
ശലോമോന്റെ ഭരണം, ദുഷ്ടന്മാരായ ശത്രുക്കളെ പുറത്താക്കുന്നത്, സംഹരിക്കുന്നത് 2:12-46
ശലോമോൻ, ഫറവോന്റെ പുത്രിയെ വിവാഹം കഴിക്കുന്നു 3:1
ശലോമോന്റെ ദൈവത്തോടുളള സ്നേഹം 3:2
ജ്ഞാനത്തിനായുളള ശലോമോന്റെ പ്രാര്‍ത്ഥന 3:3-9
ദൈവം ശലോമോന് ജ്ഞാനം നല്കുന്നു 3:10-15
ഒരു കുട്ടി, രണ്ട് അമ്മമാര്‍, ശലോമോന്റെ ജ്ഞാനത്തോടുകൂടിയ തീരുമാനം 3:16-28
ശലോമോൻ രാജ്യം ക്രമീകരിക്കുന്നു 4:1-28
ശലോമോന്റെ ജ്ഞാനം 4:29-34
ശലോമോൻ ദേവാലയ നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്നു 5:1-18
ശലോമോൻ ദേവാലയവും കൊട്ടാരവും നിര്‍മ്മിക്കുന്നു 6:1—7:51
ദേവാലയത്തിന്റെ പ്രതിഷ്ഠ 8:1-66
നിയമപ്പെട്ടകവും മേഘവും 8:1-11
ജനത്തോടുളള ശലോമോന്റെ പ്രസംഗം 8:12-21
ശലോമോന്റെ പ്രാര്‍ത്ഥന 8:22-53
ശലോമോന് ദൈവത്തിന്റെ വാഗ്ദാനം 9:1-9
ശലോമോന്റെ ഇതര പ്രവര്‍ത്തനങ്ങൾ 9:10-28
ശേബാ രാജ്ഞിയുടെ സന്ദര്‍ശനം 10:1-13
ശലോമോന്റെ സമ്പത്ത് 10:14-29
ശലോമോന്റെ പതനം, ശലോമോനോടുള്ള ദൈവത്തിന്റെ സന്ദേശം 11:1-13
ശലോമോന്റെ ശത്രുക്കൾ 11:14-40
ശലോമോന്റെ മരണം 11:41-43
രാജ്യം വിഭജിക്കപ്പെടുന്നു 12:1-24
യൊരോബെയാം വിഗ്രഹാരാധന ആരംഭിക്കുന്നു 12:25-33
യൊരോബെയാമിനെതിരായ പ്രവചനങ്ങൾ 13:1—14:20
യെഹൂദയിൽ നിന്നുളള ദൈവമനുഷ്യൻ 13:1-34
അഹീയാവ് യൊരേബെയാമിന്റെ നാശം പ്രവചിക്കുന്നു 14:1-20
യെഹൂദയിലെ ദുഷ്ടരാജാവ് രെഹബെയാം 14:21-31
യെഹൂദയിലെ രാജാവ്: അബീയാം 15:1-8
ആസാ: യെഹൂദയിലെ നല്ല രാജാവ് 15:9-24
യിസ്രായേലിലെ ദുഷ്ടനായ രാജാവ് – നാദാബ് 15:25-32
യിസ്രായേൽ രാജാവ് : ബെയെശ 15:33—16:7
യിസ്രായേലിലെ ദുഷ്ടനായ രാജാവ് : ഏലാ 16:8-14
യിസ്രായേലിലെ ദുഷ്ടനായ രാജാവ് : സിമ്രി 16:15-20
യിസ്രായേലിലെ ദുഷ്ടനായ രാജാവ് : ഒമ്രി 16:21-28
യിസ്രായേലിലെ ദുഷ്ടനായ രാജാവ് ആഹാബ്, ഈസേബെൽ, ഏലിയാവ് 16:29—22:40
ഏലിയാവിന്റെ പെട്ടെന്നുള്ള വരവ് 17:1
കാക്കകൾ ഏലിയാവിന് ഭക്ഷണം നല്കുന്നു 17:2-6
ഏലിയാവും സാരെഫാത്തിലെ വിധവയും 17:7-24
ഓബദ്യാവ് ഏലിയാവിനെ ആഹാബിന്റെ സന്നിധിയിൽ എത്തിക്കുന്നു 18:1-15
ഏലിയാവും ബാലിന്റെ പ്രവാചകന്മാരും കര്‍മ്മേലിൽ 18:16-41
ഏലിയാവിന്റെ പ്രാര്‍ത്ഥന : മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു 18:42-46
ഏലിയാവിന്റെ നിരാശയും, സീനായിലേക്കുള്ള പലായനവും 19:1-9
ഏലിയാവിന് ദൈവം നല്കുന്ന പ്രോത്സാഹനവും നിര്‍ദ്ദേശവും 19:10-18
ഏലിയാവ് ഏലീശായുടെ അടുക്കൽ 19:19-21
ബെൻ-ഹദദ് ശമര്യയിൽ പരാജയപ്പെടുന്നു 20:1-34
ആഹാബിന് ദൈവത്തിന്റെ സന്ദേശം 20:35-43
ആഹാബ് നാബോത്തിന്റെ മുന്തിരിത്തോട്ടം മോഹിക്കുന്നു 21:1-4
ഈസേബെൽ നാബോത്തിന്റെ മുന്തിരിത്തോട്ടം തട്ടിയെടുക്കുന്നു 21:5-16
ഏലിയാവ് ആഹാബിന് ദൈവത്തിന്റെ അരുളപ്പാട് നൽകുന്നു 21:7-29
നല്ലവനായ രാജാവായ യെഹോശാഫാത്തും ദുഷ്ടനായ രാജാവായ ആഹാബും 22:1-28
കളളപ്രവാചകന്മാർ ഒത്തുചേരുന്നു 22:6,10-12
മീഖായാവ്പ്രവാചകൻ സത്യം പറയുന്നു 22:13-28
ആഹാബിന്റെ മരണം: മീഖായാവിന്റെ നിവൃത്തിയായ പ്രവചനം 22:29-40
യെഹൂദയിലെ നല്ലവനായ രാജാവായ യഹോശാഫാത്ത് 22:41-50
യിസ്രായേലിലെ ദുഷ്ടനായ രാജാവായ അഹസ്യാവ് 22:51-53