1കൊരിന്ത്യർ

കൊരിന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം (Book of 1 Corinthians)

റോമാലേഖനം കഴിഞ്ഞാൽ ഏറ്റവും ദീർഘമായ ലേഖനമാണ് 1കൊരിന്ത്യർ. അപ്പൊസ്തലനായ പൌലൊസ് എ.ഡി. 53 മുതൽ മൂന്നു വർഷം എഫെസൊസിൽ താമസിച്ചപ്പോഴാണ് ഈ ലേഖനം എഴുതിയത്. കൊരിന്തിൽ സഭ സ്ഥാപിച്ചത് പൌലൊസ് തന്നെയായിരുന്നു. ഗ്രീസിലെ വലിയ പട്ടണവും, പ്രധാന തുറമുഖവും വാണിജ്യകേന്ദ്രവും ആയിരുന്ന കൊരിന്ത് ദുഷ്ടതയുടെയും ദുർന്നടപ്പിന്റെയും ആവാസ കേന്ദ്രമായിരുന്നു. ഈ ദുഷ്ടത അവിടത്തെ ക്രിസ്ത്യാനികളെയും ബാധിച്ചു. ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതെന്നു ഉപദേശിച്ചുകൊണ്ട് അപ്പൊസ്തലൻ ഒരു ലേഖനം എഴുതി അവർക്കയച്ചു. (1കൊരി, 5:9). ആ ലേഖനം നമുക്കു ലഭിച്ചിട്ടില്ല. സഭയിൽ വിഭാഗീയതയും പിണക്കവും വർദ്ധിക്കുന്നു എന്നു ക്ലോവയുടെ ആളുകളിൽ നിന്നും (1:11) മറ്റും പൗലൊസറിഞ്ഞു. മാത്രവുമല്ല, പൊതു ആരാധനയിലും കർത്തൃമേശയിലും എല്ലാം പ്രശ്നങ്ങൾ തന്നെയായിരുന്നു. കൃപാവരങ്ങളെ സംബന്ധിച്ചിടത്തോളം അന്യഭാഷ സഭകളെ കുഴപ്പത്തിലാക്കി. ഈ ചുറ്റുപാടിൽ വിവാഹം, വിഗ്രഹാർപ്പിതം ഭക്ഷിക്കൽ എന്നീ സംഗതികളെക്കുറിച്ചറിയാൻ വേണ്ടി കൊരിന്തുസഭയിൽ നിന്നയച്ച കത്തിനു മറുപടിയായിട്ടാണു് അപ്പൊസ്തലൻ ഈ ലേഖനം എഴുതിയത്. (1കൊരി, 7:1; 8:1). 

ഗ്രന്ഥകർത്താവ്: ഈ ലേഖനം പൗലൊസ് അപ്പൊസ്തലൻ എഴുതി എന്നതിന് എ.ഡി. ഒന്നാം നൂറ്റാണ്ടു മുതലുളള ബാഹ്യ തെളിവുകളുണ്ട്. റോമിലെ ക്ലെമന്റ്, ഡിഡാഖീ, ഇഗ്നാത്യൊസ്, പോളിക്കാർപ്പ്, ഹെർമ്മാസ്, ജസ്റ്റിൻ മാർട്ടിയർ, അത്തനാഗോറസ് എന്നിവരെല്ലാം വ്യക്തമായ സാക്ഷ്യം നല്കിയിട്ടുണ്ട്. ഇറേന്യൂസിന്റെ എഴുത്തുകളിൽ അറുപതിലധികം ഉദ്ധരണികൾ കൊരിന്ത്യരിൽ നിന്നുമുണ്ട്. അലക്സാണ്ട്രിയയിലെ ക്ലെമൻറ് നൂറ്റിമുപ്പതിലധികം പ്രാവശ്യവും, തെർത്തുല്യൻ നാനൂറോളം പ്രാവശ്യവും ഈ ലേഖനത്തിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട് മുറട്ടോറിയൻ രേഖയിൽ പൌലൊസിന്റെ ലേഖനങ്ങളുടെ മുൻനിരയിൽ 1കൊരിന്ത്യർ സ്ഥാനം പിടിച്ചു. മാർഷ്യനും പൗലൊസിന്റെ ലേഖനങ്ങളുടെ പട്ടികയിൽ പ്രസ്തുത ലേഖനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആന്തരികമായ തെളിവുകളും വേണ്ടുവോളമുണ്ട്. (1:1; 3:4; 6:22). 

രചനാകാലം: കൊരിന്ത്യ ലേഖനങ്ങളുടെ കാലം നിർണ്ണയിക്കുന്നതിനു ആവശ്യമായ സൂചനകൾ അപ്പൊസ്തല പ്രവൃത്തികളിൽ നിന്നും നമുക്കു ലഭിക്കുന്നു. ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൌലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു. (പ്രവൃ, 18:12). എ.ഡി. 52/53-ൽ ഗല്ലിയോൻ അഖായയിൽ ദേശാധിപതി ആയിരുന്നു. മേല്പറഞ്ഞ സംഭവത്തിനുശേഷം ‘കുറേനാൾ’ പൗലൊസ് ഇവിടെ പാർത്തു. (പ്രവൃ, 18:18). പക്ഷേ ആ വർഷം ഒടുവിൽ അവിടം വിട്ടുപോയിരിക്കാം. പൗലൊസിന്റെ തുടർന്നുള്ള പ്രവർത്തനത്തിന്റെ വിവരണം പ്രവൃത്തി 19-ലുണ്ട്. എഫെസൊസിലേക്കു ഒരു ഹ്രസ്വസന്ദർശനം, പിന്നെ യെരുശലേമിലേക്ക്, വീണ്ടും എഫെസൊസിലേക്ക് അവിടെ മൂന്നുവർഷം പാർത്തു. (പ്രവൃ, 20:31). അപ്പോഴാണ് ഈ ലേഖനം എഴുതിയത്. (1കൊരി, 16:8,9). ഇതിൽ നിന്നും എ,ഡി, 53-നും 56-നും ഇടയിൽ 1കൊരിന്ത്യർ എഴുതി എന്നു കരുതാം.  

പശ്ചാത്തലം: പൗലൊസിൻ്റെ രണ്ടാം മിഷണറി യാത്രയിലായിരുന്നു കൊരിന്തിലെ പ്രഥമ സന്ദർശനം. (അ.18). തന്നോടുകൂടെ കൂടാരപ്പണിയിൽ ഏർപ്പെട്ടിരുന്ന അക്വിലാസിനോടും, പ്രിസ്ക്കില്ലയോടും ചേർന്ന് യെഹൂദന്മാരുടെ മദ്ധ്യത്തിലായിരുന്നു താൻ ആദ്യം അദ്ധ്വാനിച്ചത്. ഭൂരിഭാഗം യെഹൂദരും തൻ്റെ സന്ദേശത്തെ നിരസിച്ചപ്പോൾ, താൻ കൊരിന്തിലെ ജാതികളിലേക്ക് തിരിഞ്ഞു. സുവിശേഷം കൈക്കൊണ്ട ജാതികൾ രക്ഷിക്കപ്പെടുകയും, അവിടെ ഒരു സഭ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഏകദേശം മൂന്നു വർഷങ്ങൾക്കു ശേഷം തൻ്റെ മൂന്നാം മിഷണറി യാത്രയിൽ താൻ ഏഫെസൊസിൽ ആയിരിക്കുമ്പോൾ, കൊരിന്ത്യ സഭയിൽ നിന്ന് അവർ നേരിടുന്ന വിഭാഗീയതയും, ഈർഷ്യയും പിണക്കവും, ഉപദേശ ലംഘനങ്ങളെയും സംബന്ധിച്ച ഒരു കത്ത് തനിക്ക് ലഭിക്കുകയുണ്ടായി. ഈ കത്തിൻ്റെ മറുപടിയായിട്ടാണ് പൗലൊസ് കൊരിന്ത്യർക്ക് ഒന്നാമത്തെ ലേഖനം എഴുതുന്നത്.

പ്രധാന വാക്യങ്ങൾ: 1. “നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?” 1കൊരിന്ത്യർ 3:3.

2. “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.” 1കൊരിന്ത്യർ 6:19-20.

3. “ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ.” 1കൊരിന്ത്യർ 10:31.

4. “എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.” 1കൊരിന്ത്യർ 12:7.

5. “എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.” 1കൊരിന്ത്യർ 13:2.

6. “ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” 1കൊരിന്ത്യർ 13:13.

7. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” കൊരിന്ത്യർ 15:3 .

ഉളളടക്കം: I. വന്ദനവും പ്രാർത്ഥനയും: 1:19.

II. ഭിന്നതയെ ഭർത്സിക്കുന്നു: 1:10-4:21.

1. വ്യത്യസ്തനായകന്മാരെ പിന്തുടർന്നുകൊണ്ടു കൊരിന്ത്യർ സഭയുടെ ഐക്യത്തെ ഹനിക്കുന്നു: 1:10-16.

2. ജ്ഞാനവും സുവിശേഷവും: 1:17-2:5. ലോകത്തിന്റെ ജ്ഞാനം ദൈവത്തിനു ഭോഷത്വമാണ്. 

3. യഥാർത്ഥ ജ്ഞാനം: 2:6-13.

4. കൊരിന്ത്യരുടെ സ്ഥിതി: 2:14-3:4.

5. അപ്പൊസ്തലന്മാരും സഭയും: 3:5-4:5. 

6. ഉപസംഹാരം: 4:6-21.

III. കൊരിന്ത്യ സഭയിലെ പ്രശ്നങ്ങൾ: 5:1-6:20.

1.ഒരുവൻ തന്റെ അപ്പന്റെ ഭാര്യയെ വച്ചുകൊണ്ടിരിക്കുന്നു: 5:1-13.

2. വ്യവഹാരങ്ങൾ: 6:1-11.

3. വ്യഭിചാരം: 6:12:20.

IV. ചോദ്യങ്ങൾക്കു മറുപടി: 7:1-14:40. 

1. വിശ്വാസികൾ ബ്രഹ്മചര്യം പാലിക്കണമോ? 7:40.

2. വിഗ്രഹാർപ്പിതങ്ങളുടെ പ്രശ്നം: 8:1-11:1.

a. പൊതുവായ തത്ത്വങ്ങൾ: 8:1-13.

b. ക്രിസ്തീയ സ്വാതന്ത്ര്യവുമായുള്ള പൊരുത്തക്കേട്: 9:1-27.

c. യിസ്രായേൽ ചരിത്രത്തിൽ നിന്നുള്ള ദൃഷ്ടാന്തം: 10:13.

d. ഉപസംഹാരം: 10:14-11:1.

3. സഭായോഗത്തിലെ പെരുമാററം: 11:2-14:40. 

a. വിവാഹത്തിലെ അധീശത്വം: 11:2-16. 

b. കർത്തൃമേശ: 11:17-34. 

c. ആത്മീയ വരങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ: അവ സുവിശേഷത്തിനു വിരുദ്ധമല്ല: 12:1-3.

d. അവ എല്ലാം ഒരുപോലെ പ്രാധാന്യമുള്ളവയാണ്: 12:30.

e. ആത്മീയ വരങ്ങളും സ്നേഹവും: 12:3-13:13.

f. സഭയുടെ വളർച്ചയെ സഹായിക്കണം: 14:1-25.

g. ഉപസംഹാരം: 14:26-40.

V. പുനരുത്ഥാനത്തെക്കുറിച്ചുള്ള ഉപദേശം: 15:58.

1. ക്രിസ്തുവിന്റെ പുനരുത്ഥാനം: 15:1-11.

2. വിശ്വാസികളുടെ പുനരുത്ഥാനം: 15:12-34.

3. ഭൗമവും സ്വർഗ്ഗീയവും ആയവകൾ തമ്മിലുള്ള ബന്ധം: 15:35-50.

4. യുഗാന്ത്യ വിജ്ഞാനീയത്തിന്റെ സാരാംശം: 15:51-58.

VI. വിശുദ്ധന്മാർക്കുവേണ്ടിയുള്ള ധർമ്മശേഖരം: 16:14. 

VII. ഉപസംഹാരവും ആശീർവാദവും: 16:5-24.

സവിശേഷതകൾ: പൗലൊസിനു കൊരിന്തു സഭയോടുള്ള ബന്ധം പ്രത്യേകതയുള്ളതാണ്. അതിനോടുള്ള തന്റെ സ്നേഹം, വികാര തീവ്രത നിറഞ്ഞതാണ്. പരീക്ഷകളാൽ വലയം ചെയ്യപ്പെട്ട, ഉന്നത പ്രതീക്ഷകൾക്കിടം നല്കുന്ന ഒരു പുത്രനോടുള്ള പിതൃസ്നേഹത്തിനു തുല്യമായിരുന്നു ആ സ്നേഹം. മറ്റേതു ലേഖനത്തേക്കാളുപരി പൗലൊസിന്റെ വ്യക്തിപിരമായ സ്വഭാവ സവിശേതകൾ വെളിപ്പെടുത്തുന്ന ഒരു ലേഖനമാണിത്. പാഷണ്ഡികളോടു മാത്രമല്ല, വ്യക്തിഗത ശത്രുക്കളോടുമുള്ള ഉഗ്രപോരാട്ടത്തിൽ ഒരു നല്ല ഉപദേശകൻ, ഒരു പാസ്റ്റർ, ഒരു മനുഷ്യൻ എന്നീ നിലകളിലെല്ലാം പൗലൊസിനെ പരിചയിക്കുന്നതിന് ഈ ലേഖനം സഹായിക്കുന്നു. തന്റെ ജ്ഞാനം, തീക്ഷ്ണത, സഹനശക്തി, ഔദാര്യം, മിത്ഥ്യയിൽ അയവില്ലായ്മ, താഴ്ച, നിസ്തുല ക്ഷമ എന്നിവയെല്ലാം ഈ ലേഖനം അനാവരണം ചെയ്യുന്നു. 

മറ്റൊരു പ്രത്യകത, പുറജാതിമതവും ക്രിസ്ത്യാനിത്വവും തമ്മിലുള്ള ഉഗ്രസംഘട്ടന ഈ ലേഖനം വെളിപ്പെടുത്തുന്നു എന്നതാണ്. ദുഷിച്ച ജനതയുടെ മദ്ധ്യത്തിൽ ഒരു സഭ സ്ഥാപിക്കുന്നതിനു താൻ സ്വീകരിച്ച മാർഗ്ഗം, ചുറ്റുമുള്ള പുറജാതികളോട്, ക്രിസ്ത്യാനികൾക്കുള്ള ബന്ധത്തിൽ നിന്നുയരുന്ന മനസ്സാക്ഷിയുടെ ചോദ്യങ്ങൾക്കു താൻ എങ്ങനെ പ്രതികരിച്ചു ആദിയായവ ഈ ലേഖനത്തിലാണു നാം കാണുന്നത്. താൻ എടുത്ത തീരുമാനങ്ങൾ എല്ലാക്കാലത്തുമുള്ള സഭയ്ക്കു വെളിച്ചം പകരുന്നതാണ്. സഭാശിക്ഷണം, സഭയുടെ സ്വഭാവം, സക്രമെന്തുകൾ ഇവ സംബന്ധിച്ചുള്ള തത്ത്വങ്ങൾ എന്നിവ എല്ലാക്കാലത്തേക്കും പ്രസക്തമാണ്. ക്രൈസ്തവ സഭയുടെ സവിശേഷ പഠനത്തിനു വിഷയമാക്കേണ്ട പല വിഷയങ്ങൾ ഇതിൽ അസാമാന്യ പാടവത്തോടെ പൗലൊസ് കൈകാര്യം ചെയ്തിരിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിനെ കേന്ദ്രമാക്കിയാണ് എല്ലാ വിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നത്, സ്നേഹത്തെക്കുറിച്ചും പുനരുത്ഥാനത്തെ കുറിച്ചുമുള്ള പുതിയ നിയമത്തിലെ അതിപ്രധാനമായ രണ്ടു അദ്ധ്യായങ്ങൾ ഈ ലേഖനത്തിലാണ് (അ.13,15) നാം കാണുന്നത്. കർത്തൃമേശയുടെ ആചരണം, ഉപദേശം ഇവയെ വിവരിക്കുന്ന പുതിയ നിയമഭാഗവും നാം ഇതിൽ കാണുന്നു. സഭായോഗത്തിൽ കൃപാവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഏറ്റവുമധികം നല്കിയിരിക്കുന്നത് ഈ ലേഖനത്തിലാണ്. (അ,12-14).

ലേഖനത്തിന്റെ ഇന്നത്തെ പ്രസക്തി: ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ എഴുതപ്പെട്ട ഈ ലേഖനം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുന്ന നമുക്കു എത്രമാത്രം ശ്രദ്ധേയമാണ്? ഇന്നത്തെ കാലത്തിനാവശ്യമായ ഉൾക്കാഴ്ചകളും വെല്ലുവിളികളും ഈ ലേഖനത്തിലുണ്ടെന്നു പ്രഥമദൃഷ്ട്യാ അനുഭവപ്പെടും. അവയിൽ ചിലതു താഴെ ചേർക്കുന്നു. 1. കൊരിന്തു സഭയിലെ ഭിന്നതയും പൗലൊസ് അതിനു നല്കുന്ന മറുപടിയും ആധുനികസഭ ഗൗരവപൂർവ്വം പരിഗണിക്കേണ്ടതാണ്. സഭ അന്നത്തേക്കാളുപരി കക്ഷിഭിന്നതകളാൽ പിളർന്നു കൊണ്ടിരിക്കുന്ന കാലമാണിത്. ഇതിനു അറുതി വരാതെ സഭയ്ക്കു പുരോഗതി ഉണ്ടാകയില്ല. 2. വ്യവഹാര പ്രവണത: നിസ്സാര കാര്യങ്ങൾക്കു പോലും കോടതി കയറുന്ന പ്രവണത ഇന്നു സാധാരണമാണ്. വ്യവഹാരത്തിനുവേണ്ടി എത്രമാത്രം സമയവും പണവുമാണ് കേരളത്തിലെ സഭകളും വ്യക്തികളും ചെലവഴിക്കുന്നത്? സഭയുടെ ദൗത്യത്തിനു വിഘാതമായിരിക്കുന്ന വ്യവഹാര പ്രവണതയിൽ നിന്നു പിന്മാറാതെ ക്രൈസ്തവ സാക്ഷ്യത്തിനു വിലയും നിലയുമില്ലെന്നോർക്കുക. 3. സഭയിലെ വിവിധ കൃപാവരങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം: വരങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാം ദൈവമുമ്പാകെ തുല്യ പ്രാധാന്യമുള്ളവയാണ്. എനിക്ക് ഒരു കൃപാവരവുമില്ലെന്നു പറഞ്ഞ് നിഷ്ക്രിയരായിരിക്കാൻ പാടില്ല. അവരവർക്കു ദൈവം നല്കിയിരിക്കുന്ന വരങ്ങൾ മനസ്സിലാക്കി സഭയുടെ പൊതു പ്രയോജനത്തിന്നായി ഓരോ വ്യക്തിയും വിനിയോഗിക്കണം. വിശ്വാസികളെ ഇക്കാര്യത്തിൽ ബോധവാന്മാരാക്കാൻ സഭാശുശ്രൂഷകന്മാർ ശ്രദ്ധിക്കേണ്ടതാണ്. 4. മറ്റു മതക്കാരോടും അക്രൈസ്തവ ആചരങ്ങളോടും ക്രിസ്ത്യാനിക്കു എത്രമാത്രം സഹകരിക്കാം എന്ന പ്രശ്നത്തിന് ഈ ലേഖനം മറുപടി നല്കുന്നുണ്ട്. വിഗ്രഹാർപ്പിത ഭോജനം ഉദ്ധരിച്ചു കൊണ്ട് ഈ വിഷയം പൗലൊസ് വ്യക്തമാക്കുന്നു. ഭൂമിയും അതിന്റെ പൂർണ്ണതയും ദൈവത്തിന്റേതാകയാൽ വിഗ്രഹാർപ്പിതം ഭക്ഷിക്കുന്നതു അതിൽതന്നെ തെറ്റല്ല. എന്നാൽ ബലഹീനസഹോദരനു പ്രയാസമോ പരീക്ഷയാ ഉണ്ടാകുവാൻ അതു കാരണമാകരുത്. മറ്റു മതക്കാരിൽ നിന്ന് അകന്നു മാറി ജീവിക്കുകയല്ല, അവരുമായി ഇടപഴകി ജീവിച്ച് ക്രിസ്തീയ സാക്ഷ്യം പുലർത്തുകയാണ് ക്രിസ്ത്യാനിയുടെ ധർമ്മം. 5. സഭയുടെ സുവിശേഷ ദൗത്യം പ്രയോജനപ്രദമായി എങ്ങനെ നിർവ്വഹിക്കാമെന്ന് പൗലൊസ് ഉറക്കെ ചിന്തിക്കുന്നു. ‘ഏതു വിംധനയും ചിലരെ നേടേണ്ടതിനു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു’ (9:22) എന്ന പ്രമാണം സുവിശേഷ വേലയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും അനുകരണയോഗ്യമാണ്. മറ്റുള്ളവരുമായി സഹകരിച്ച് അവരെ സ്നേഹിക്കുന്നതിലൂടെ വേണം സുവിശേഷ ദൗത്യം നിർവഹിക്കാൻ. 6. പരിശുദ്ധാത്മ പ്രവർത്തനത്തിന്റെ പ്രാധാന്യം: പരിശുദ്ധാത്മാവിനെ കുറിച്ച് പൗലൊസ് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഉപദേശം ഗ്രഹിച്ച് തദനുസരണം പ്രവർത്തിക്കുന്നതിലാണ് സഭയുടെ ഇന്നത്തെ വിജയം സ്ഥിതി ചെയ്യുന്നത്. ദൈവാത്മാവിന്റെ പ്രവർത്തനത്തിനു നല്കേണ്ട സ്ഥാനം നല്കുമ്പോഴാണ് സഭ ജീവനുള്ളതായിത്തീരുന്നത്. 7. പതിമൂന്നാം അദ്ധ്യായത്തിലെ സ്നേഹസംഗീതം ഏവരുടേയും മുക്തകണ്ഠമായ ശ്ലാഘ പിടിച്ചു പറ്റിയിട്ടുള്ളതാണ്. മനുഷ്യൻ സഹജീവികളോടു കാണിക്കേണ്ട സ്നേഹം ഇതിൽ കൂടുതൽ ഹൃദയസ്പൃക്കായി ചിത്രീകരിക്കുവാൻ ആർക്കും കഴിയുകയില്ല. ആധുനിക മനുഷ്യൻ ഇതു പ്രാവർത്തികം ആക്കിയിരുന്നെങ്കിൽ ലോകം എത്രമാത്രം വ്യത്യാസപ്പെടുമായിരുന്നു. 8. ‘ദൃശ്യമാണല്ലാം, അതിനപ്പുറത്തൊന്നുമില്ല’ എന്ന ചിന്ത വർദ്ധിച്ചു വരുന്ന ഒരു കാലമാണിത്. എന്നാൽ ഇതിനപ്പുറത്തുള്ള ലോകത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചുമുള്ള അപ്പൊസ്തലന്റെ വാക്കുകൾ ഒരു ക്രിസ്ത്യാനിക്കു വളരെ പ്രത്യാശാജനകമാണ്. ‘മരണമേ, നിന്റെ ജയമെവിടെ’ എന്നു മരണത്തെ വെല്ലുവിളിക്കുവാൻ ഒരു ദൈവപൈതലിനു സാധിക്കും. ‘യേശുക്രിസ്തു മുഖാന്തരം ജയം നല്കുന്ന ദൈവത്തിനു തോത്രം’ എന്നു ഉച്ചൈസ്തരം പ്രഘോഷിക്കുവാൻ ഭാവിയെക്കുറിച്ചു പ്രത്യാശയുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളൂ. ക്രിസ്തീയമായ ഈ പ്രത്യാശ വിളംബരം ചെയ്യുന്ന ഈ ലേഖനം ഒരു ക്രിസ്ത്യാനിക്കു മുൽക്കൂട്ടാണ്, സംശയമില്ല.

Leave a Reply

Your email address will not be published.