തേജസ്സും, മഹത്ത്വവും (glory)
പര്യായങ്ങൾ എന്നപോലെ ബൈബിളിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള രണ്ടു പദങ്ങളാണ് തേജസ്സും മഹത്ത്വവും. ഇവയുടെ അർത്ഥവ്യത്യാസങ്ങൾ വ്യക്തമാക്കുക സുകരമല്ല. ഗ്രീക്കിലും എബ്രായയിലും രണ്ടു പദങ്ങളുടെയും സ്ഥാനത്ത് ഒരേ പദമാണ് അധികസ്ഥാനങ്ങളിലും പ്രയോഗിച്ചിട്ടുള്ളത്. ശോഭ, പ്രകാശം, ദീപ്തി, ചൈതന്യം, പ്രഭാവം, മഹത്ത്വം, ശക്തി, ശുക്ലം, ബലം, സൌന്ദര്യം, ശരീരകാന്തി, കീർത്തി, ആത്മീയ ശക്തി എന്നിവയാണ് തേജസ്സിന്റെ പ്രസിദ്ധാർത്ഥങ്ങൾ. വലിപ്പം, മഹിമ, ഉൽക്കർഷം, തേജസ്സ് എന്നീ അർത്ഥങ്ങൾ മഹത്ത്വത്തിനുണ്ട്. മേല്ക്കാണിച്ച അർത്ഥതലങ്ങളിലെല്ലാം തേജസ്സും മഹത്വവും തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്.
തേജസ്സ്, മഹത്വം എന്നിവയ്ക്ക് സമാനമായി എബ്രായയിൽ ‘കാവോദും’ ഗ്രീക്കിൽ ‘ഡോക്സാ’യും ആണ് പ്രയോഗിക്കുന്നത്. ഭാരമുള്ളതായിരിക്കുക എന്നർത്ഥമുള്ള കാവേദ് എന്ന ധാതുവിൽ നിന്നാണ് കാവോദ് എന്ന എബ്രായപദത്തിന്റെ നിഷ്പത്തി. സമ്പത്ത് (ഉല്പ, 31:1), സ്ഥാനം അഥവാ പദവി (ഉല്പ, 45:13), ശക്തി എന്നിവയുള്ള പുരുഷന് മഹത്വം ഉണ്ട്. ദൈവത്തിന്റെ തേജസ്സ് അഥവാ ദീപ്തി കാവോദിൽ സുചിതമാണ്. യഹോവയുടെ പ്രത്യക്ഷതകളിൽ അതു പ്രകടമായിരുന്നു. മഹത്വത്തെക്കുറിക്കുന്ന മറ്റൊരു പദമാണു് തിഫ്-എറെത്. തേജസ്സ്, സൌന്ദര്യം, അലങ്കാരം, അഭിമാനം എന്നീ അർത്ഥംങ്ങൾ അതിനുണ്ട്. പഴയനിയമത്തിൽ 51 സ്ഥാനങ്ങളിൽ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ ആദ്യപ്രയോഗം പുറപ്പാട് 28:2-ലാണ്. അഹരോന്റെ മഹത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധവസ്ത്രം നിർമ്മിക്കുവാൻ യഹോവ കല്പിച്ചു. ഇവിടെ മഹത്വത്തിന് കാവോദും അലങ്കാരത്തിനു തിഫ്എറെതും ആണ് എബ്രായയിൽ. ഒരു വ്യക്തിയുടെ പദവിയെക്കുറിക്കുവാനും ഈ പദം പയോഗിച്ചിട്ടുണ്ട്. ഉദാഹരണം: മഹത്വകിരീടം (സദൃ, 4:9; 16:31). 1 ദിനവൃത്താന്തം 29:11-ൽ ഈ പദത്തിന് തേജസ്സ് എന്നു തർജ്ജമ. കാവോദ് എന്ന എബ്രായപദത്തെ പരിഭാഷപ്പെടുത്തുവാൻ സെപ്റ്റജിന്റിൽ സ്വീകരിച്ച ഗ്രീക്കുപദമാണ് ഡോക്സാ. ഒരു മനുഷ്യനു തന്നെക്കുറിച്ച് സ്വയം തോന്നുന്ന അഭിപ്രായവും (തോന്നുക) മറ്റുള്ളവർ അവനെക്കുറിച്ച് ചിന്തിക്കുന്നതും (ചിന്തിക്കുക) അതായത് കീർത്തിയും ഡൊക്സായിലുണ്ട്. അങ്ങനെ ഈ പദത്തിന് കീർത്തി, പ്രസിദ്ധി തുടങ്ങിയ അർത്ഥങ്ങൾ നിലവിൽ വന്നു.
നിൻ്റെ തേജസ്സ് എനിക്കു കാണിച്ചു തരേണമേ എന്നു . മോശെ അപേക്ഷിച്ചു. (പുറ, 33:18). മേഘത്തിൽ വെളിപ്പെട്ട തേജസ്സല്ല (പുറ, 16:7, 10) ദൈവത്തിന്റെ പ്രത്യേക വെളിപ്പാടാണ് മോശെ അപേക്ഷിച്ചത്. മേഘത്തിൽ വെളിപ്പെട്ട തേജസ്സ് മോശെ കണ്ടുകഴിഞ്ഞതാണ്. ഫിലിപ്പോസ് യേശുവിനോടു ചോദിച്ച ചോദ്യവും ഈ സന്ദർഭത്തിൽ ചിന്താർഹമാണ്. (യോഹ, 14:8). തുടർന്നു യഹോവയുടെ മഹിമയും അവന്റെ നന്മയും വെളിപ്പെടുത്തുന്നതായി കാണാം. (പുറ, 33:19). ദൈവത്തിന്റെ മഹിമ ഇന്ദ്രിയങ്ങളെ പ്രസാദിപ്പിക്കുന്ന ബാഹ്യതേജസ്സു മാത്രമല്ല. അത് നൈതിക മഹത്വത്തെ ഉൾക്കൊളളുന്നു. യെശയ്യാവിനു നല്കിയ ദർശനത്തിൽ നയനഗോചരമായ തേജസ്സിനോടൊപ്പം ദൈവപ്രകൃതിയുടെ സവിശേഷഘടകമായ വിശുദ്ധിയും വെളിപ്പെടുത്തി. (യെശ, 6:3-5; യോഹ, 12:41). ജ്ഞാനത്തിലോ, ബലത്തിലോ, ധനത്തിലോ പ്രശംസിക്കരുതെന്നു കല്പിക്കുവാനുള്ള കാരണം ദൈവത്തിന്റെ അവാച്യമായ മഹിമയും പ്രതാപവുമാണ്. (യിരെ, 9:23,24). ഇവയെല്ലാം പ്രദാനം ചെയ്യുന്ന ദൈവത്തിലാണ് മനുഷ്യൻ പ്രശംസിക്കേണ്ടത്.
ദൈവിക പരിപൂർണ്ണതകളുടെയും പരിച്ഛദങ്ങളുടെയും വെളിപ്പാടാണ് ദൈവതേജസ്സ്. (പുറ, 33:18,19; 16:7,10; യോഹ, 1:14; 2:11; 2പത്രൊ, 1:17). അത് അവന്റെ വിശുദ്ധവും മാററമില്ലാത്തതുമായ നീതിയോടു ബന്ധപ്പെട്ടിരിക്കുന്നു. (യെശ, 3:8). ദൈവം തന്റെ ജനത്തിന്റെ മഹത്വം അഥവാ തേജസ്സാണ്. (യിരെ, 2:11, സെഖ, 2:5). സ്വന്തജനത്തിന്റെ അനുഗ്രഹത്തിലും വിശുദ്ധിയിലും അവർക്കുവേണ്ടി താൻ ചെയ്യുന്ന അത്ഭുതങ്ങളിലുമാണ് മനുഷ്യരുടെ മുന്നിൽ ദൈവത്തിന്റെ തേജസ്സു വെളിപ്പെടുന്നത്. യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു. (പുറ, 40:34,35). ശലോമോൻ്റെ ദൈവാലയത്തിൽ യഹോവയുടെ തേജസ്സു നിറഞ്ഞു. (1രാജാ, 8:11; 2ദിന, 7:13). യെഹെസ്ക്കേൽ പ്രവാചകൻ ദർശനത്തിൽ കണ്ട ദൈവാലയത്തിലും ദൈവത്തിന്റെ തേജസ്സു നിറഞ്ഞു. (യെഹെ, 43:2,3,4). ‘ഭൂമി മുഴുവനും യഹോവയുടെ മഹത്വം കൊണ്ടു നിറയുമാറാകട്ടെ’ എന്നു ശലോമോൻ പ്രാർത്ഥിച്ചു. (സങ്കീ, 72:19). സർവ്വഭൂമിയും യഹോവയുടെ മഹത്വം കൊണ്ടു നിറഞ്ഞിരിക്കുന്നതായി സാറാഫുകൾ ആർത്തു. (യെശ, 6:3). ഭൂമി ദൈവത്തിന്റെ തേജസ്സു കൊണ്ടു പ്രകാശിച്ചത് യെഹെസ്കേൽ പ്രവാചകൻ ദർശിച്ചു. (43:2). തൻ്റെ മഹത്വം സകല ജഡവും കാണും എന്നത് യഹോവയുടെ വാഗ്ദാനമാണ്. (യെശ, 40:5).
പുതിയനിയമത്തിൽ ദൈവത്തെ മഹത്വത്തിൻറ പിതാവെന്നു വിളിക്കുന്നു. (എഫെ, 1:17). ക്രിസ്തുവിൻ്റെ ജനനസമയത്ത് കർത്താവിന്റെ തേജസ്സ് ഇടയന്മാരെ ചുറ്റി മിന്നി. (ലൂക്കൊ, 2:9). പിതാവിന്റെ തേജസ്സ് പുത്രനു നല്കി: “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവൻ തേജസ്സായി കണ്ടു.” (യോഹ, 1:14). ഭൗമിക ശുശ്രൂഷാകാലത്ത് ക്രിസ്തുവിൻ്റെ തേജസ്സു വെളിപ്പെട്ടത് മറുരൂപ മലയിൽവച്ചു മാത്രമാണ്. അനന്തരം ശൗലും (പ്രവൃ, 9:3), യോഹന്നാൻ അപ്പൊസ്തലനും (വെളി, 1:12) ക്രിസ്തുവിൻറ തേജസ്സ് കണ്ടു. ക്രിസ്തു ദൈവതേജസ്സിന്റെ പ്രഭയാണ്. (എബ്രാ, 1:3). ദൈവതേജസ്സ് ലോകത്തിനു വെളിപ്പെട്ടതും ദൈവപ്രകൃതിയുടെ പൂർണ്ണത അറിയായ് വന്നതും ക്രിസ്തുവിലുടെയാണ്. ക്രിസ്തു തേജസ്സിന്റെ കർത്താവാണ്. (യാക്കോ, 2:1; 1കൊരി, 2:8). ജഡധാരണത്തിനു മുമ്പ് ക്രിസ്തു പിതാവിന്റെ അടുക്കൽ മഹത്വത്തിൽ വസിക്കുകയായിരുന്നു. (യോഹ, 17:5). തന്മൂലം പിതാവിന്റെ അടുക്കലേക്കുള്ള ക്രിസ്തുവിന്റെ മടങ്ങിപ്പോക്ക് മഹത്വത്തിലേക്കുള്ള പ്രവേശനമായിരുന്നു. (ലൂക്കൊ, 24:26). ക്രിസ്തു ഭൂമിയിൽ നിന്നു എടുക്കപ്പെട്ടതു തേജസ്സിൽ ആയിരുന്നു. (1തിമൊ, 3:16). ക്രിസ്തുവിന്റെ പുനരാഗമനവും ന്യായവിധിയും എല്ലാം തേജസ്സിലാണ്. (കൊലൊ, 3:4; തീത്തൊ, 2:13; മത്താ, 25:31). ക്രിസ്തു ഇരിക്കുന്നതു തേജസ്സിന്റെ സിംഹാസനത്തിലാണ്.
ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെ തേജസ്സായി പറഞ്ഞിട്ടുണ്ട്. “യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുളള നാഴിക വന്നിരിക്കുന്നു. “യോഹ, 12:23). കഷ്ടങ്ങളെ പിന്തുടർന്നു മഹിമ വരുന്നതായി പത്രൊസ് അപ്പൊസ്തലൻ രേഖപ്പെടുത്തിയിട്ടുണ്ട്. (1പത്രൊ, 1:11). ദൈവപ്രതിമയായ ക്രിസ്തുവിന്റെ സുവിശേഷം തേജസ്സുള്ള സുവിശേഷമാണ്. 2കൊരി, 4:4). പുതിയ നിയമത്തിലെ ആത്മാവിന്റെ ശുശ്രൂഷ തേജസ്സേറിയതാണ്. (2കൊരി, 3:7-11). കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്നവരാണ് ക്രിസ്ത്യാനികൾ. അവർ ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. (2കൊരി, 3:18). ഇന്ന് അവർ ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു. (റോമ, 5:2). മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു അവരിൽ വസിക്കുന്നു. (കൊലൊ, 1:27). ക്ഷണനേരത്തേക്കുളള ലഘുവായ കഷ്ടം തേജസ്സിന്റെ നിത്യഘനപ്രാപ്തിക്കു ഹേതുവാണ്. (2കൊരി, 4:17).
ദൈവം മനുഷ്യനെ തന്നെക്കാൾ അല്പം മാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അവനെ അണിയിച്ചു. (സങ്കീ, 8:5). പാപം ചെയ്തതോടുകൂടി മനുഷ്യനു ദൈവതേജസ്സ് നഷ്ടമായി. (റോമ, 3:23). പുരുഷൻ ദൈവത്തിന്റെ തേജസ്സും സ്ത്രീ പുരുഷന്റെ തേജസ്സും ആണ്. (1കൊരി, 11:7). മനുഷ്യന്റെ തേജസ്സ് അവൻ്റെ വൈശിഷ്ട്യത്തിന്റെയും ഔൽകൃഷ്ട്യത്തിന്റെയും ആവിഷ്കാരമാണ്. ആദരണീയമായ പദവി, വിവേകം, നീതി, ജിതേന്ദ്രിയത്വം എന്നിങ്ങനെയുളള സവിശേഷഭാവങ്ങൾ ഒത്തിണങ്ങിയതാണ് മനുഷ്യന്റെ തേജസ്സ്. ആലങ്കാരികമായി പറഞ്ഞാൽ അതു മനുഷ്യനെ തേജസ്സണിയിക്കുന്നു. സൃഷ്ടിയുടെ പരമമായ ഉദ്ദേശ്യം ദൈവത്തിൻറ മഹത്വമാണ്. പാപികളായ മനുഷ്യരെ ക്രിസ്തു കൈക്കൊണ്ടത് ദൈവത്തിന്റെ മഹത്വത്തിനാണ്. (റോമ, 15:7). അതിനാൽ എല്ലാ മനുഷ്യരും ദൈവത്തെ മഹത്വപ്പെടുത്തേണ്ടതാണ്. (പ്രവൃ, 4:21; 12:23; റോമ, 4:20; വെളി, 16:9). എല്ലാവരും യേശുക്രിസ്തു കർത്താവെന്നു ഏറ്റു പറയുന്നത് പിതാവായ ദൈവത്തിന്റെ മഹത്വത്തിനു വേണ്ടിയാണ്. (ഫിലി, 2:11). ഭക്തന്മാർ ദൈവത്തെ നിരന്തരം മഹത്വപ്പെടുത്തുന്നു. ദാവീദ് രാജാവ് യഹോവയെ സ്തുതിച്ചു പറഞ്ഞു: “യഹോവേ മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളത്.” (1ദിന, 29:11). ദൈവത്തിനു മഹത്വം കൊടുക്കുവാനുള്ള നിർദ്ദേശം തിരുവെഴുത്തുകളിൽ സുലഭമാണ്. (സങ്കീ, 29:1; 96:7,8). ദൈവത്തിന്റെ കൃപാമഹത്വത്തിൻറ പ്രകാശനവും പുകഴ്ചയുമാണു് സഭ. (എഫെ, 1:6,12,14).