കർത്താവായ ക്രസ്തുവിൻ്റെ യഥാർത്ഥ നാമം എന്താണ്❓

നമ്മുടെ കർത്താവിൻ്റെ പേരെന്ത്?

നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിനു് ദൈവകല്പനയനുസരിച്ച് അവൻ്റെ അമ്മയപ്പന്മാർ ഇട്ട പേര്, “യെഹോശൂവാ (Yehoshua, യോശുവ (Yoshua), യേശുവ (Yeshua)” എന്നീ എബ്രായ മൂലഭാഷയിലുള്ള നാമങ്ങളിൽ ഒന്നായിരിക്കും എന്ന് പലരും കരുതുന്നു. കൂടാതെ, എബ്രായ മൂലഭാഷയിൽ നേരിട്ട് പറഞ്ഞിട്ടില്ലാത്ത, യാഹ്ശുവ (Yahshua), യാഹുഷ (Yah-usha)” എന്നീ പേരുകൾകൂടി പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ പുതിയനിയമത്തിൻ്റെ മൂലഭാഷയായ “കൊയ്നേ ഗ്രീക്കിൽ” (Koine Greek) നമ്മുടെ കർത്താവിൻ്റെ പേര്, “യേസൂസ്” (Ἰησοῦς – Iēsous) എന്നാണ് കാണുന്നത്. യേസൂസ് എന്ന “സംജ്ഞാനാമം” (Proper noun) മൂന്നു വിഭക്തി രൂപങ്ങളിലായി (യേസൂസ് Iēsous Ἰησοῦς, യേസൂൺ Iēsoun Ἰησοῦν, യേസൗ Iēsou Ἰησοῦ) 972 പ്രാവശ്യം പുതിയനിയമത്തിൽ കാണാം: [കാണുക: മത്താ, 1:21 മത്താ, 1:16 മത്താ, 1:1]. എബ്രായനായ നമ്മുടെ കർത്താവിനു് യേസൂസ് (Ἰησοῦς) എന്ന ഗ്രീക്കുപേർ ഉണ്ടാകാൻ സാദ്ധ്യതയില്ല എന്ന ചിന്തയിൽ നിന്നാണ്, പഴയനിയമത്തിൽ ഉള്ളതും ഇല്ലാത്തതുമായ പുതിയപുതിയ എബ്രായ നാമങ്ങൾ ഉടലെടുക്കുന്നത്. അടിസ്ഥാനപരമായി ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ, കർത്താവിൻ്റെ യഥാർത്ഥ നാമം എന്താണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം:

1️⃣ പുതിയനിയമത്തിൻ്റെ മൂലഭാഷ കൊയ്നേ ഗ്രീക്കാണ്. മറ്റൊരു ഭാഷയിലും പുതിയനിയമത്തിലെ ഒരു പുസ്തകവും രചിക്കപ്പെട്ടില്ല. എന്നാൽ ആധുനിക പണ്ഡിതന്മാരിൽ ചിലർ പ്രഥമ സുവിശേഷകനായ മത്തായി തൻ്റെ സുവിശേഷം രചിച്ചത് എബ്രായയിലാണെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ അതിന് വിശ്വാസയോഗ്യമായ യാതൊരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല. പുതിയനിയമത്തിൻ്റെ ആദ്യത്തെ എബ്രായ പരിഭാഷ ജർമ്മൻ യഹൂദ പണ്ഡിതനായ “എലിയാസ് ഹ്യൂട്ടർ” (Elias Hutter) 1599-ൽ പ്രസിദ്ധീകരിച്ചതാണ്. ഇത് സിറിയാക്, ഹിബ്രു, ഗ്രീക്ക്, ലാറ്റിൻ, ജർമ്മൻ, ബോഹീമിയൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ് എന്നീ പലഭാഷകളിലുള്ള (Polyglot) പരിഭാഷയാണ്. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തുള്ള “നൂറെംബർഗ്” (Nuremberg) എന്ന ഒരു ചരിത്രപ്രസിദ്ധമായ ഒരു നഗരത്തിൽനിന്നാണ് ഇത് പ്രസിദ്ധീകരിച്ചത്. [കാണുക: Hutter’s Hebrew New Testament]. ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ എബ്രായ ഭാഷയിലുള്ള മത്തായി സുവിശേഷം പതിനാലാം നൂറ്റാണ്ടിൽ (1380) ഉള്ളതാണ്. “ഷെം-ടോബ് ബെൻ-ഐസക് ബെൻ-ഷാപ്രൂട്ട് ഇബ്നു ഷാപ്രൂട്ട്” (Shem-Tob ben-Isaac ben-Shaprut Ibn Shaprut) എന്ന സ്പാനിഷ് യെഹൂദാ റബ്ബി ക്രിസ്തുമത വിമർശനത്തിനായി രചിച്ച “Eben Boḥan” (The Touchstone) എന്ന പുസ്തകത്തിലാണ് അതുള്ളത്. ഈ പുസ്തകത്തിൽനിന്നാണ്, അമേരിക്കൻ ബൈബിൾ പണ്ഡിതനും ഹീബ്രു ഭാഷാ വിദഗ്ദ്ധനുമായ “ജോർജ് ഹൗവാർഡ്” (George Howard) “മത്തായിയുടെ ഹീബ്രു സുവിശേഷം” (Hebrew Gospel of Matthew) ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഷെം-ടോബിൻ്റെ മത്തായി സുവിശേഷം മത്തായിയുടെ ഗ്രീക്കു പരിഭാഷയിൽനിന്ന് കുറേയേറെ വ്യത്യസ്തമായിരുന്നു. എന്നാൽ ജോർജ് ഹൗവാർഡ് അതിനെ മത്തായിയിയുടെ യഥാർത്ഥ ഗ്രീക്കു സുവിശേഷവുമായി താരതമ്യംചെയ്ത് പരിഷ്കരിച്ചു. എബ്രായ അല്ലെങ്കിൽ, അരമായയിലാണ് മത്തായി സുവിശേഷം രചിച്ചതെന്നാണ് ജോർജ് ഹൗവാർഡ് വാദിക്കുന്നത്. എന്നാൽ അതിന് തെളിവൊന്നുമില്ല. പുതിയനിയമ ഗ്രീക്കിൻ്റെ അയ്യായിരത്തിലധികം കയ്യെഴുത്തുപ്രതികൾ ലഭ്യമായിട്ടുണ്ട്. മത്തായി എബ്രായയിൽ എഴുതിയെന്ന് പറയുന്ന പുസ്തകത്തിൻ്റെ ഒരു കയ്യെഴുത്തുപ്രതിപോലും (manuscript) ഇന്നുവരെ ലഭിച്ചിട്ടില്ല. പുതിയനിയമത്തിലെ എട്ടു എഴുത്തുകർ എഴുതിയ 27 പുസ്തകങ്ങളിലും നമ്മുടെ കർത്താവിൻ്റെ പേര് “യേസൂസ്” എന്നാണ്. മറ്റൊരു പേരിൻ്റെ സൂചനപോലും കാണാൻ കഴിയില്ല. അതായത്, യേസൂസ് അല്ലാത്ത മറ്റൊരു പേരിനെക്കുറിച്ച് എഴുത്തുകാർക്കാർക്കും അറിയില്ലായിരുന്നു. [കാണുക: Manuscript evidence). 

2️⃣ നമ്മുടെ കർത്താവിനു് എന്ത് പേരിടണമെന്ന് മനുഷ്യരാരും തീരുമാനിച്ചതല്ല; ദൈവമാണ് തീരുമാനിച്ചത്. ആ പേരിനെ മാറ്റാൻ ഒരു മനുഷ്യർക്കും സാദ്ധ്യമല്ല; എഴുത്തുകർ അത് ചെയ്യുകയുമില്ല. അപ്പനായ യോസേഫിനോടുള്ള ദൈവകല്പന നോക്കുക: “മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” [മത്താ, 1:21). ഈ വേദഭാഗത്ത്, “യേസൂസ്” (Ἰησοῦς) എന്ന പേരിൻ്റെ പ്രതിഗ്രാഹിക വിഭക്തിയിലുള്ള (Accusative Case) “യേസൂൺ” (Ἰησοῦν – Iēsoun) എന്ന രൂപമാണ് കാണാൻ സാധിക്കുക. [കാണുക: Interlinear Bible]. നമ്മുടെ കർത്താവിൻ്റെ പേരിനു് മൂന്നു വിഭക്തി രൂപങ്ങൾ ഉണ്ടെന്ന് തുടക്കത്തിൽത്തന്നെ പറഞ്ഞതാണ്. യേസൂസ് എന്ന പേരിന്റെ വ്യത്യാസമല്ല; വിഭക്തിയിലുള്ള വ്യത്യാസം മാത്രമാണ്. [കാണുക: ഗ്രീക്ക് ഗ്രാമർ, വിഭക്തികൾ]. യോസേഫിനോട് മാത്രമല്ല; അവൻ്റെ അമ്മയോടും ദൈവം ദൂതൻ മുഖാന്തരം കല്പന കൊടുത്തു: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.” (ലൂക്കോ, 1:31). ഇവിടെയും പ്രതിഗ്രാഹിക വിഭക്തിയിലുള്ള, യേസൂൺ (Ἰησοῦν – Iēsoun) എന്ന രൂപമാണ് കാണാൻ കഴിയുക: [കാണുക: Interlinear Bible]. “യേശുവിനെ അഥവാ, യേസൂസിനെ” എന്നാണ് അതിനർത്ഥം: (കാണുക: മത്താ, 17:8). ദൈവകല്പന ശിരസ്സാവഹിച്ച അവൻ്റെ അമ്മയപ്പന്മാർ എട്ടാം ദിവസം അവനു് യേശു എന്നു പേർ വിളിച്ചു: “പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21 മത്താ, 1:25). ഈ വേദഭാഗത്ത്, നിർദ്ദേശിക വിഭക്തിയിലുള്ള (Nominative Case) പേരിൻ്റെ യഥാർത്ഥ രൂപമായ യേസൂസ് (Ἰησοῦς – Iēsous) എന്ന് കാണാൻ കഴിയും. [കാണുക: Interlinear Bible]. മൂന്നാം സുവിശേഷത്തിൻ്റെ എഴുത്തുകാരനായ ലൂക്കൊസ് (Luke) വിശേഷാൽ ഒരു ചരിത്രകാരനാണെന്നും ഓർക്കുക. താൻ യേശുവിൻ്റെ സുവിശേഷചരിത്രം ചമച്ചത് സൂക്ഷ്മമായി പഠിച്ചശേഷമാണെന്ന് ആമുഖത്തിൽത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്: (ലൂക്കൊ, 1:1;4). ഒരു ചരിത്രകാരൻ ഒരിക്കലും ഏത് കാരണംചൊല്ലിയും പേര് തെറ്റായി രേഖപ്പെടുത്തില്ലെന്നും ഓർക്കുക. ചിലർ കരുതുന്നപോലെ, “യെഹോശൂവാ, യോശുവ, യേശുവ, യാഹ്ശുവ, യാഹുഷ” എന്നിവയിൽ ഏതെങ്കിലുമൊന്നാണ് കർത്താവിൻ്റെ പേരെങ്കിൽ, മേല്പറഞ്ഞ വചനത്തെളിവുകളുടെ അർത്ഥമെന്താണ്? തിരുവെഴുത്തുകൾ എഴുത്തുകാരുടെ സ്വന്തയിഷ്ടത്താൽ ഉണ്ടായതല്ല; ദൈവശ്വാസീയമായി രചിക്കപ്പെട്ടതാണ്: (2തിമൊ, 3:16). ദൈവശ്വാസീയം (given by inspiration of God) എന്നതിന്, “തെയോപ്ന്യൂസ്തോസ്” (θεόπνευστος – theópneustos) എന്ന പദമാണ്. ദൈവത്താൽ ഊതപ്പെട്ടത് അല്ലെങ്കിൽ, ദൈവത്തിൻ്റെ ശ്വാസത്താൽ രചിക്കപ്പെട്ടത് എന്നാണ്. പുസ്തകരചനയിലുള്ള ദൈവാത്മാവിന്റെ സജീവമായ പങ്കാളിത്തത്തെയാണ് അത് സൂചിപ്പിക്കുന്നത്. നമ്മുടെ കർത്താവിനു് മറ്റൊരു പേരായിരുന്നെങ്കിൽ, “യേസൂസ് – Iēsous” എന്ന് പേർ വിളിക്കണം എന്ന് ദൂതൻ മുഖാന്തരം ദൈവം രണ്ടുവട്ടം കല്പിച്ചതും എട്ടാം ദിവസം കല്പനപോലെ, അമ്മയപ്പന്മാർ അവനെ യേസൂസ് എന്ന് പേർവിളിച്ചതും വെറും നാടകമായിരുന്നു എന്നു പറയേണ്ടിവരില്ലേ? അങ്ങനെവന്നാൽ, ദൈവവചനത്തിനു് എന്ത് വിശ്വാസ്യതയാണുള്ളത്? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് പറയുന്നതിൽ എന്തർത്ഥമാണ്? അന്ത്യകാലത്തോട് അടുക്കുമ്പോൾ പേരുകൾ പലതുവരും; പക്ഷെ, ദൈവാത്മാവിനാൽ ആലേഖനംചെയ്ത് കിട്ടിയിരിക്കുന്ന “യേസൂസ് അഥവാ, യേശു” എന്ന പേരല്ലാതെ, മറ്റൊരു പേരിനെക്കുറിച്ച് ചിന്തിക്കപോലുമരുത്.

3️⃣ യോഹന്നാൻ സുവിശേഷത്തിൽ കർത്താവു് തൻ്റെ പേരുച്ചരിക്കുന്ന ഒരു വേദഭാഗമുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിനു് മറ്റൊരു പ്രത്യേകതയുണ്ട്. “യേശു” എന്ന സംജ്ഞാനാമത്തോടൊപ്പം (Proper noun) “ക്രിസ്തു” എന്ന പദവിനാമവും (Title) ചേർത്ത്, “യേശുക്രിസ്തു” എന്ന പൂർണ്ണനാമം ആദ്യം പ്രസ്താവിച്ചത് നമ്മുടെ കർത്താവു് തന്നെയാണ്. ഈ വേദഭാഗത്ത്, “യേസൂൺ ഖ്രിസ്റ്റോൺ” (Ἰησοῦν Χριστόν – Iēsoun Christón) എന്ന പ്രതിഗ്രാഹിക വിഭക്തിയാണ് (Accusative Case) കാണാൻ കഴിയുക.  [കാണുക: Interlinear Bible]. അതിനർത്ഥം: “യേശുക്രിസ്തുവിനെ അഥവാ, യേസൂസ് ഖ്രിസ്റ്റോസിനെ” എന്നാണ്. യേശുവും അപ്പൊസ്തലന്മാരും സംസാരിച്ച ഭാഷ അരാമ്യ ഭാഷയായിരുന്നു. “മാമോൻ” (മത്താ, 6:24), “തലീഥാ കൂമീ” (മർക്കൊ, 5:41), “എഫഥാ” (മർക്കൊ, 7:34), “അബ്ബാ” (മർക്കൊ, 14:36), “എലോഹീ എലോഹീ ലമ്മാ ശബക്താനീ” (മർക്കൊ, 15:34)
എന്നീ അരാമ്യപദങ്ങളും “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്ന എബ്രായ വാക്യവും (മത്താ, 27:46 സങ്കീ, 22:1) കർത്താവിൻ്റെ അധരങ്ങളിൽനിന്ന് അടർന്നുവീണവയാണ്. ഇത്രയധികം ആരാമ്യഎബ്രായ പദങ്ങൾ സ്വന്തവായ്കൊണ്ട് ഉച്ചരിച്ച കർത്താവു് തൻ്റെ സ്വന്തപേര് ആരാമ്യയിലോ, എബ്രായയിലോ ആയിരുന്നെങ്കിൽ അതുച്ചരിക്കാതെ, “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേസൂസ് ഖ്രിസ്റ്റോസിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്നു പറയുമായിരുന്നോ? കർത്താവു് എന്താണോ പറഞ്ഞത്, അതാണ് യോഹന്നാൻ എഴുതിവെച്ചിരിക്കുന്നത്. സ്വന്തം പേര് മറച്ചുവെക്കാൻ അവനു് ആവശ്യമെന്തായിരുന്നു? വായിൽ വഞ്ചനയില്ലാത്തവൻ വഞ്ചന കാണിക്കുമോ? (1പത്രൊ, 2:22). ദൈവപുത്രനായ ക്രിസ്തുവിനു് “യേസൂസ് അഥവാ, യേശു” എന്ന സംജ്ഞാനാമമല്ലാതെ, മറ്റൊരു പേരില്ലായിരുന്നു എന്ന് കർത്താവിൻ്റെ വാക്കിനാൽ അസന്ദിഗ്ദ്ധമായി തെളിയുന്നു. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36).

4️⃣ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് നിറഞ്ഞവനായി കർത്താവിൻ്റെ പേർ വിളിച്ചുപറയുന്നുണ്ട്: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ.” (പ്രവൃ, 2:38). ഈ വേദഭാഗത്ത്, “യേസൗ ഖ്രിസ്റ്റൗ” (Ἰησοῦ Χριστοῦ – Iēsou Christoú) എന്ന സംബന്ധിക വിഭക്തിയിലുള്ള (Genitive Case) രൂപമാണ് കാണാൻ കഴിയുക. അതിനർത്ഥം: “യേശുക്രിസ്തുവിൻ്റെ അഥവാ, യേസൂസ് ഖ്രിസ്റ്റോസിൻ്റെ” (of Jesus Christ) എന്നാണ്. [കാണുക: Interlinear Bible]. നമ്മുടെ കർത്താവിനു് ഏതോ എബ്രായ പേരായിരുന്നെങ്കിൽ, എബ്രായനും വിശേഷാൽ അപ്പൊസ്തലന്മാരിൽ പ്രഥമനുമായ പത്രൊസിനു് അതറിയില്ലായിരുന്നോ? പത്രൊസിൻ്റെകാര്യം പോട്ടെ; അവൻ മനഷ്യനല്ലേ? പത്രൊസിൻ്റെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്ന പരിശുദ്ധാത്മാവിനും അതറിയില്ലായിരുന്നോ? കർത്താവിനു് മറ്റൊരു പേരായിരുന്നുവെങ്കിൽ, “യേശുക്രിസ്തു” എന്ന നാമം ഉപയോഗിക്കാൻ പരിശുദ്ധാത്മാവ് സമ്മതിക്കില്ലായിരുന്നു. യെഹൂദന്മാരുടെ പരമോന്നത കോടതിയായ ന്യായാധിപസംഘത്തിൻ്റെ (Synedrion) മുമ്പിൽനിന്നുകൊണ്ട് പത്രോസ് വിളിച്ചുപറഞ്ഞത് ശദ്ധിക്കുക: “ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:10-12). നസറായനായ യേസൂസ് ഖ്രിസ്റ്റോസിലൂടെയല്ലാതെ, മറ്റൊരുത്തനിലും രക്ഷയില്ലെന്നും യേസൂസ് ഖ്രിസ്റ്റോസ് എന്ന നാമമല്ലാതെ, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ലെന്നാണ് സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയ പത്രൊസ് പരിശുദ്ധാത്മാവിൽ വിളിച്ചുപറഞ്ഞത്. മറ്റൊരു നാമം അന്വേഷിക്കുന്നവർ, നമ്മുടെ കർത്താവും രക്ഷിതാവുമയവൻ്റെ “യേസൂസ് ഖ്രിസ്റ്റോസ് അഥവാ, യേശുക്രിസ്തു” എന്ന നാമത്തിൽ എന്ത് കുറവാണ് കാണുന്നത്? സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞ നാമം: “യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). യേസൂസ് എന്ന നാമംമൂലം പാപമോചനം ലഭിക്കുമെന്നാണ് സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞത്. കർത്താവിനു് മറ്റൊരു നാമമാണെന്ന് കരുതുവർ എന്തു വിചാരിക്കുന്നു: സകലപ്രവചാകന്മാരും ഭോഷ്ക്കിൻ്റെ സാക്ഷ്യമാണോ പറഞ്ഞത്? പൗലൊസ് പറയുന്നത് നോക്കുക: “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). പുതിയനിയമത്തിൽ വാക്കും പ്രവൃത്തിയും കൊണ്ട് ഏതുകാര്യം ചെയ്താലും യേസൂസിൻ്റെ നാമത്തിൽ ചെയ്യാനും യേസൂസ് മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറയാനുമാണ് പൗലൊസ് കല്പിക്കുന്നത്. നമ്മുടെ കർത്താവിൻ്റെ പേര് മറ്റൊന്നായിരുന്നെങ്കിൽ, എബ്രായപണ്ഡിതനായ പൗലൊസ് അതറിയാതിരിക്കുമോ? അറിഞ്ഞാൽ പറയാതിരിക്കുമോ? രണ്ടായിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ നമ്മുടെ കർത്താവിൻ്റെ സംജ്ഞാനാമമായ യേസൂസ് അഥവാ, യേശു എന്ന പേര് പോരെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ, നിങ്ങൾ ഇപ്പോഴും വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

5️⃣ ബൈബിളിൻ്റെ സാരാംശം എന്താണെന്ന് ചോദിച്ചാൽ: ദൈവം തൻ്റെ ക്രിസ്തുവിലൂടെ മാനവജാതിക്ക് ഒരുക്കിയിരിക്കുന്ന രക്ഷയുടെ സുവിശേഷമാണ് ബൈബിൾ. 
1. സുവിശേഷത്തിൻ്റെ അടിസ്ഥാനം യേശുവാണ്:
➨ “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3-4).
2. സുവിശേഷം യേശുവാണ്:
➨ “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു സുവിശേഷം.” (1തിമൊ, 2:8).
3. സുവിശേഷം യേശുക്രിസ്തുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: 
➨ “ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം.” (പ്രവൃ, 8:12 പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27).
4. സുവിശേഷം അറിയിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലും പരിശുദ്ധാത്മാവിനാലുമാണ്:
➨ “പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.” (പ്രവൃ, 9:28) ➨ “സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.” (1പത്രൊ, 1:12 1തെസ്സ, 1:5). 
5. സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം:
➨ “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44പ്രവൃ, 10:38-44). പ്രവൃത്തികൾ 10:44-നെ പ്രവൃത്തികൾ 11:15-16-മായി ഒത്തുനോക്കുക. ആത്മസ്നാനത്താലാണ് ജീവപ്രാപ്തിക്കുള്ള മാനസാന്തരവും രക്ഷയും ഉണ്ടാകുന്നത്: (പ്രവൃ, 11:14-18). ➨ കാരാഗൃഹപ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: “യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം?” (പ്രവൃ, 16:30). ➨ അതിൻ്റെ ഉത്തരമാണ്: “കർത്താവായ യേശുവിൽ (യേസൂസിൽ) വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” (പ്രവൃ, 16:31). നമ്മുടെ കർത്താവിൻ്റെ പേര് മറ്റൊന്നാണെങ്കിൽ, സുവിശേഷത്തിൻ്റെ അടിസ്ഥാനവും സുവിശേഷവും സുവിശേഷം അറിയിക്കുന്ന നാമവും രക്ഷയ്ക്കുള്ള നാമവും തെറ്റാണെന്നല്ലേ വരൂ? ദൈവശ്വാസീയമായ വചനത്തിൽ യേസൂസ് എന്ന പേര് 972 പ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ട്, അതല്ല മറ്റൊന്നാണ് പേരെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? യെഹൂദന്മാർക്കും (പ്രവൃ, 2:38) ശമര്യർക്കും (പ്രവൃ, 8:12) ജാതികൾക്കും (പ്രവൃ, 10:43) രക്ഷവന്ന ഏകനാമമാണ്, യേസൂസ് അഥവാ, യേശു. “യേസൂസ് അഥവാ, യേശു” എന്നല്ല നമ്മുടെ കർത്താവിൻ്റെ പേരെന്ന് പറയുന്നവർ, ക്രിസ്തുവിൻ്റെ തേജസ്സുള്ള സുവിശേഷത്തെ മറിച്ചുകളായാൻ നോക്കുന്നവരാണ്: “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.” (2കൊരി, 4:4). 

6️⃣ പുതിയനിയമത്തിൽ ഒന്നൊഴിയാതെ എല്ലാക്കാര്യങ്ങളും യേസൂസിൻ്റെ നാമത്തിലാണ്: പ്രവചനം: (മത്താ, 7:22), ജാതികളുടെ പ്രത്യാശ: (മത്താ, 12:20), കൂടിവരുന്ന നാമം: (മത്താ, 18:20), ഭൂതോച്ചാടനം: (മർക്കൊ, 9:38), വീര്യപ്രവൃത്തികൾ: (മർക്കൊ, 9:39), മാനസാന്തരവും, പാപമോചനവും പ്രസംഗിക്കേണ്ടത്: (ലൂക്കൊ, 24:47), പിതാവിനോട് അപേക്ഷിക്കുന്നത്: (യോഹ, 14:13), പരിശുദ്ധാത്മാവ് വന്നത്: (യോഹ, 14:26), പ്രാർത്ഥനയ്ക്കു മറുപടി ലഭിക്കുന്നത്: (യോഹ, 16:23), നിത്യജീവൻ ലഭിക്കുന്നത്: (യോഹ, 20:31; 1യോഹ, 5:13), സ്നാനം ഏല്ക്കുന്നത്: (പ്രവൃ, 2:38), രോഗസൗഖ്യം: (പ്രവൃ, 4:10), രക്ഷിക്കപ്പെടുന്നത്: (പ്രവൃ, 4:12), അടയാളങ്ങൾ, അത്ഭുതങ്ങൾ നടക്കുന്നത്: (പ്രവൃ, 4:30), സുവിശേഷം: (പ്രവൃ, 8:12 പ്രവൃ, 4:17; പ്രവൃ, 4:18; പ്രവൃ, 5:40; പ്രവൃ, 9:27; പ്രവൃ, 9:28), പാപമോചനം ലഭിക്കുന്നത്: (പ്രവൃ, 10:43), ശുദ്ധീകരണവും നീതീകരണവും പ്രാപിക്കുന്നത്: (1കൊരി, 6:11), ദൈവവും പിതാവുമായവന്നു എല്ലായ്പോഴും സ്തോത്രം ചെയ്യുന്നത്: (എഫെ, 5:20), രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കേണ്ടത്: (യാക്കോ, 5:14), സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ മടങ്ങുന്നത്: (ഫിലി, 2:10). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ (യേസൂസിൻ്റെ) നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). നമ്മുടെ കർത്താവിൻ്റെ യഥാർത്ഥനാമം മറ്റൊന്നായിരുന്നെങ്കിൽ, അപ്പൊസ്തലന്മാരും എഴുത്തുകാരും നമ്മെ വഞ്ചിക്കുകയായിരുന്നു എന്നു വരില്ലേ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്ന് വിശ്വസിക്കുന്നവർ മറ്റൊരു പേരിനെക്കുറിച്ച് ചിന്തിക്കപോലുമില്ല. 

7️⃣ പേരിനെക്കുറിച്ചുള്ള വസ്തുത: നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ “യേസൂസ്” എന്ന പേരു ദൈവം നേരിട്ട് നല്കിയതാണ്: (മത്താ, 1:21; ലൂക്കൊ, 1:31). നമ്മുടെ കർത്താവിനു് നല്കുവാൻ യേസൂസ് (Ἰησοῦς) എന്ന നാമം LXX എന്ന ചുരക്കപ്പേരിൽ അറിയപ്പെടുന്ന എബ്രായ ബൈബിളിൻ്റെ ഗ്രീക്കു പരിഭാഷയായ “സെപ്റ്റ്വജിൻ്റിലൂടെ” (Septuagint) ദൈവം മുന്നമേ ഒരുക്കിവെച്ചിരുന്നു. പഴയനിയമത്തിൻ്റെ മൂലകൃതിയിൽ നിന്ന് കൊയ്നേ ഗ്രീക്കിലേക്ക് പരിഭാഷ ചെയ്ത ആദ്യത്തെ ആധികാരികമായ പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ക്രിസ്തുവിനും 250 വർഷങ്ങൾക്ക് മുമ്പാണ് ഇതിൻ്റെ പരിഭാഷ ആരംഭിച്ചത്. ആദ്യം മോശെയുടെ അഞ്ചു പുസ്തകങ്ങൾ പൂർത്തിയാക്കി. പിന്നീട് ഒരു ഇടവേളയ്ക്കുശേഷം 70/72 യഹൂദ പണ്ഡിതന്മാർ അലക്സാണ്ട്രിയയിൽ വെച്ച്, പരിഭാഷ പൂർത്തിയാക്കി. ക്രിസ്തുവിനു 100 വർഷങ്ങൾക്ക് മുമ്പുതന്നെ സെപ്റ്റ്വജിൻ്റ് പരിഭാഷ പൂർത്തിയാകുകയും ക്രോഡീകരിക്കുകയും ചെയ്തിരുന്നു. ഈ പരിഭാഷയുടെ പ്രത്യേകത എന്താണെന്നു ചോദിച്ചാൽ, നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നതും പുതിയനിയമത്തിലേക്ക് ഉദ്ധരണികൾ എടുത്തിരിക്കുന്നതും സെപ്റ്റ്വജിൻ്റിൽ നിന്നാണ്. കൂടാതെ, ക്രിസ്ത്യാനികൾ ആദ്യം ഉപയോഗിച്ച ബൈബിൾ പരിഭാഷ ഇതാണ്. യഹൂദ-ഗ്രീക്ക് സംസ്കാരങ്ങളുടെ സംയോജനത്തിൻ്റെ ശക്തമായ ഉദാഹരണമാണ് സെപ്റ്റ്വജിൻ്റ് ബൈബിൾ. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് ബൈബിളിൻ്റെ മറ്റൊരു പ്രധാന പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, എബ്രായ ബൈബിളിലെ Yehoshua, Yoshua, Yeshua എന്നീ നാമ വ്യത്യാസങ്ങളിലില്ലാതെ എല്ലായിടത്തും “യേസൂസ്” (Ἰησοῦς – iēsous) എന്ന ഏകനാമമാണ് കാണുന്നത്. യേസൂസ് എന്ന നാമം 248 പ്രാവശ്യം അതിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (പുറ, 17:10; പുറ, 17:13; പുറ, 24:13). ക്രിസ്തുവിൻ്റെ യഥാർത്ഥ നാമം “യഹോവ രക്ഷയാകുന്നു” (Yehovah is Salvation) എന്നർത്ഥമുള്ള പഴയനിയമത്തിലുള്ള ഏതോ എബ്രായ പേരായിരിക്കും എന്ന് കരുതുന്നവർക്ക്, ആ പേര് യെഹോശൂവാ എന്നാണോ, യോശുവ എന്നാണോ, അല്ലെങ്കിൽ യേശുവ എന്നാണോ എന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടാണ്, പല പേരുകൾ നിർദ്ദേശിക്കപ്പെടുന്നത്. എന്നാൽ സെപ്റ്റ്വജിൻ്റിൽ അങ്ങനെയൊരു കൺഫ്യൂഷൻ്റെ ആവശ്യമില്ല. “യഹോവ രക്ഷയാകുന്നു” എന്നർത്ഥമുള്ള എല്ലാ പേരിനുംകൂടി “യേസൂസ്” (Ἰησοῦς) എന്ന ഒറ്റ നാമമേയുള്ളു. അതായത്, Yehoshua, Yoshua, Yeshua എന്നീ എബ്രായപേരുകളുടെ ഗ്രീക്കു രൂപമാണ് സ്പ്റ്റ്വജിൻ്റിൽ കാണുന്ന “യേസൂസ്” (Ἰησοῦς – Iēsous) എന്ന നാമം. The New Messianic Version-ൽ കർത്താവിൻ്റെ പേര്, “യേശുവ” (Yeshua) എന്നാണ് കാണുന്നത്. തന്മൂലം, സെപ്റ്റ്വജിൻ്റിൽ കാണുന്ന യേശൂസ് (Iēsous) എന്ന നാമം “യേശുവ” (Yeshua) എന്ന പേരിൻ്റെ ലിപ്യന്തരണം (Transliteration) ആകാനും സാദ്ധ്യതയുണ്ട്. “യേസൂസ്” എന്ന പേരിൻ്റെ അർത്ഥവും Jehovah is salvation എന്നാണ്. [കാണുക: BlueLetterBible]. അതായത്, യെഹുശുവാ (Yehoshua) എന്ന എബ്രായ പേരിൻ്റെ അതേ അർത്ഥം തന്നെയാണ് “യേസൂസ്” (Iēsous) എന്ന ഗ്രീക്കു പേരിനുമുള്ളത്: (കാണുക: പുറ, 17:10മത്താ, 1:21). ആ നാമമാണ് ദൈവം തൻ്റെ ക്രിസ്തുവിനു് കൊടുത്തതും. സകല ജാതികൾക്കും രക്ഷാകാരണമായതും. യേസൂസ് എന്ന ഗ്രീക്കു നാമത്തിൻ്റെ മലയാള ലിപ്യന്തരണമാണ് (Transliteration) യേശു. യേസൂസ് ഖ്രിസ്റ്റോസ് എന്ന നാമമല്ലാതെ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ നല്കപ്പെട്ട മറ്റൊരു നാമമില്ല. [കാണുക: സെപ്റ്റ്വജിൻ്റിലെ പുതിയനിയമ ഉദ്ധരണികൾക്ക് തെളിവ്]
 
ഫിലോയും ജോസീഫസും സെപ്റ്റ്വജിൻ്റിനെ എബ്രായ ബൈബിളിന് തുല്യമായ ഒരു വിവർത്തനമായി കണക്കാക്കി. “മാന്യരേ, നിങ്ങളുടെ കൈവശം ഒരു സെപ്‌റ്റുവജിന്റ് ഉണ്ടോ? ഇല്ലെങ്കിൽ, നിങ്ങളുടെ കൈവശമുള്ളതെല്ലാം വിറ്റ് ഒരു സെപ്‌റ്റുവജിന്റ് വാങ്ങുക” എന്നാണ് 19-ാം നൂറ്റാണ്ടിലെ “Ferdinand Hitzig” എന്ന ജർമ്മൻ ദൈവശാസ്ത്രജ്ഞൻ പറഞ്ഞത്. [കാണുക: What Is the Septuagint?]

8️⃣ ഇനി ആന്തരികവും ബാഹ്യവും ചരിത്രപരമായ തെളിവു തരാം. ആന്തരിക തെളിവ്: നൂൻ്റെ മകനായ യോശുവയുടെ പേര് പുതിയനിമത്തിൽ രണ്ടുപ്രാവശ്യമുണ്ട്. എന്നാൽ രണ്ടിടത്തും നമ്മുടെ കർത്താവിൻ്റെ നാമമായ “യേസൂസ് – Iēsous” എന്നുതന്നെയാണ് യോശുവയ്ക്കും (Yehoshua) കാണുന്നത്: [കാണുക: പ്രവൃ, 7:45; എബ്രാ, 4:8യോശു, 1:1). അതിനാനാൽ, “Yehoshua” എന്ന എബ്രായപേരിൻ്റെ ഗ്രീക്കു രൂപമാണ് സെപ്റ്റ്വജിൻ്റിൽ കാണുന്ന “യേസൂസ്” (iēsous) എന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അടുത്തവാക്യം: “യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീർന്നു.” (കൊലൊ, 4:11). വേദഭാഗം ശ്രദ്ധിക്കുക: “യുസ്തൊസ് എന്നു പറയുന്ന യേശു” (Jesus, which is called Justus). പൗലൊസിൻ്റെ സഹപ്രവർത്തകനും വിശേഷാൽ യേഹൂദനുമായ ഇവൻ്റെ പേര് “യേസൂസ്” എന്നായിരുന്നു; “യുസ്തൊസ്” എന്ന് വിളിപ്പേര് സ്വീകരിക്കുകയായിരുന്നു. (ഒരുപക്ഷെ, തൻ്റെ രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ പേരിൽ വിളിക്കപ്പെടുവാനോ, അറിയപ്പെടുവാനോ താൻ യോഗ്യനല്ല എന്ന ചിന്തയിൽനിന്നാവാം, “യുസ്തൊസ്” എന്ന പേർ സ്വീകരിച്ചിരിക്കുക). ഈ വസ്തുത തെളിയിക്കുന്നത്: യെഹൂദന്മാർക്ക് ഗ്രീക്കുപേര് അക്കാലത്ത് സർവ്വസാധാരണമായിരുന്നു എന്നതാണ്. മത്തായി 27:16-ൻ്റെ codex vaticanus-ലും ചുരുക്കം ചില ഗ്രീക്ക്, ഇംഗ്ളീഷ് പരിഭാഷകളിലും ബറാബ്ബാസിനെ “യേസൂൺ ബറാബ്ബാൻ” ( Ἰησοῦν Βαραββᾶν – Iēsoun Barabban) അഥവാ, “യേശു ബറാബ്ബാസ്” എന്നാണ് കാണുന്നത്. [കാണുക: SBLGNTWH(NA27), GNT, NIV, CEV, GNT, NET, NRSVNAB]. ബറാബ്ബാസ് ഒരു യെഹൂദനായിരുന്നു. ബറാബ്ബാസ് എന്ന പേരിൻ്റെ അർത്ഥം “ബർ” (בַּר – Bar) “അബ്ബാ” (אַבָּא – Abba) = “പിതാവിൻ്റെ മകൻ” (Son of Father) എന്നാണ്. ബി.സി. 323–31 കാലഘട്ടം “ഹെല്ലനിസ്റ്റിക് യുഗം” (Hellenistic Period) ആയിരുന്നു എന്നതും മനസ്സിലാക്കണം. അക്കാലത്ത്, ഗ്രീക്ക് സംസ്കാരം, മതം, ഭാഷ, ഐഡന്റിറ്റി എന്നിവ ഗ്രീക്കുകാർ അല്ലാത്തവരും സ്വീകരിച്ചിരുന്നു. അതിനെയാണ്,  ഹെല്ലനൈസേഷൻ (Ἑλληνισμός – Hellenization) എന്ന് പറയുന്നത്. തന്നെയുമല്ല, പുരാതന കാലത്ത് ഭാഷാമാറ്റത്തോടൊപ്പം പേരുകളുടെ ഉച്ചാരണം പൊരുത്തപ്പെടുത്തുന്നതിന് അല്പം മാറ്റി എഴുതുന്നത് സ്വാഭാവികമായിരുന്നു. അതായത്, ഈ നാമപരിണാമം ഭാഷാപരമായ ഒരു സ്വാഭാവിക പ്രക്രിയയാണ്. “യേസൂസ്” (Ἰησοῦς Iēsous) എന്ന നാമത്തിൻ്റെ മൂലപദം (Root Word) അല്ലെങ്കിൽ പദോല്പത്തി (Etymology) “യെഹോശൂവാ” (יְהוֹשׁוּעַ – Yehoshua) എന്ന എബ്രായ നാമത്തിൽ നിന്നാണെന്ന് Strong’s Concordance-ൽ കാണാം. [കാണുക: BlueLetterBible, BibleHub, Greek-English Dictionary].

ബാഹ്യമായ തെളിവ്: യെഹൂദാ ചരിത്രകാരനായ ജോസീഫസ് {Flavius Josephus, AD 37-100) Antiquities of the Jews എന്ന തൻ്റെ പുസ്തകത്തിൻ്റെ 18.3.3-ൽ നമ്മുടെ കർത്താവിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗത്ത്, “യേസൂസ് എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ഉണ്ടായിരുന്നു” (Ἰησοῦς σοφὸς ἀνήρ – Iēsous sophos anēr) എന്നുകാണാം. [കാണുക: Ant, Book 18.3.318:3.3]. ഇതേ പുസ്തകത്തിൽ കർത്താവിൻ്റെ സഹോദരൻ യാക്കോബിൻ്റെ മരണത്തെക്കുറിച്ച് പറയുന്ന മറ്റൊരു ഭാഗത്തും പേർ പറയുന്നുണ്ട്: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിന്റെ സഹോദരൻ, യാക്കോബ് എന്നു പേർ” (τὸν ἀδελφὸν Ἰησοῦ τοῦ λεγομένου Χριστοῦ, Ἰάκωβος ὄνομα αὐτῷ – tón adelfón Iisoú toú legoménou Christoú, Iákovos ónoma aftó) എന്നുകാണാം. [കാണുക: Ant. Book 20:1]. യേശുവിൻ്റെ മരണപുത്ഥാനങ്ങൾക്കും നാലു വർഷങ്ങൾക്കുശേഷം ജനിച്ച യെഹൂദാ ചരിത്രകാരനാണ് ജോസീഫസ്. ക്രിസ്തുവിനു് ഒരു എബ്രായപേര് ഉണ്ടായിരുന്നെങ്കിൽ, ജോസീഫസ് അവൻ്റെ പേര് “യേസൂസ്” എന്ന് ഒരിക്കലും തെറ്റായി രേഖപ്പെടുത്തുമായിരുന്നില്ല. ഈ ആന്തരികവും ബാഹ്യവും ആത്മീയവും ചരിത്രപരവുമായ തെളിവുകളെല്ലാം ഒരേയൊരു സത്യത്തെയാണ് വിളിച്ചുപറയുന്നത്: “നമ്മുടെ രക്ഷിതാവും കർത്താവുമായ ക്രിസ്തുൻ്റെ യഥാർത്ഥ “സംജ്ഞാനാമം” (Proper noun) “യേസൂസ് – Ἰησοῦς – Iēsous” എന്നാണ്.” ബൈബിൾ തെറ്റാണെന്നും ചരിത്രം തെറ്റാണെന്നും സ്ഥാപിക്കാതെ മറ്റൊരു പേര് കണ്ടെത്താൻ ആർക്കും കഴിയില്ല. ദൈവശ്വാസീയമായ തിരുവെഴൂത്തുകളിൽ ദൈവം കല്പിച്ചതും ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്തവായ്കൊണ്ട് അരുളിച്ചെയ്തതും ദൈവാത്മാവിനാൽ എട്ടെഴുത്തുകാർ 971/962 പ്രാവശ്യം അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്നതുമായ “യേസൂസ് അഥവാ, യേശു” എന്ന നമ്മുടെ കർത്താവിൻ്റെ പേര് തെറ്റാണെന്ന് പറയുന്നവർ, ദൈവവും ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞത് അല്ലെങ്കിൽ, തിരുവെഴുത്തുകൾ തെറ്റാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ, വേറൊരു ഗുണവും അതിനില്ല.  

“തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവർന്നുകളായതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യ പാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.”
(കൊലൊസ്സ്യർ 2:8)

അനുബന്ധം:
“യെഹോശൂവാ (Yehoshua, യോശുവ (Yoshua), യേശുവ (Yeshua)” എന്നീ പേരുകൾ എബ്രായ മൂലഭാഷയിൾ നേരിട്ട് ഉദ്ധരിച്ചിട്ടുള്ളതാണെന്ന് നാം മുകളിൽ കണ്ടതാണ്. എന്നാൽ “യാഹ്ശുവ” (Yahshua), “യാഹുഷ” (Yah-usha) എന്നീ നാമങ്ങൾ “യാഹ്” എന്ന ദൈവനാമവും ചേർത്ത് ആധുനിക പണ്ഡിതന്മാർ കൃത്രിമമായി നിർമ്മിച്ചതാണ്. ഈ പദങ്ങൾക്കൊന്നും യാതൊരു ആധികാരികതയുമില്ല. [കാണുക: Yahshua, Yah-usha]

യഹോവ യേശുക്രിസ്തു എന്നീ നാമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ പോകുക:
ദൈവനാമം: യഹോവ ➼ യേശുക്രിസ്തു

One thought on “കർത്താവായ ക്രസ്തുവിൻ്റെ യഥാർത്ഥ നാമം എന്താണ്❓”

  1. യേശുവിനെ പറ്റിയുള്ള പഠനം ഭൂമിയിൽ മാത്രമെയുള്ളു ആയതിനാൽ അതിന് വലിയ പ്രസക്തി ഒന്നും ഇല്ല എന്നാൽ സ്വർഗ്ഗത്തിലേക്ക് കടന്നാൽ അവിടുന്നു അഗ്നിയാണ്.🎸

Leave a Reply to Joshy N D Cancel reply

Your email address will not be published. Required fields are marked *