എസ്രാ

എസ്രായുടെ പുസ്തകം (Book of Ezra)

പഴയ നിയമത്തിലെ പതിനഞ്ചാമത്തെ പുസ്തകം. എബ്രായ ബൈബിളിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽപ്പെടുന്നു. എബായബൈബിളിൽ എസ്രായും നെഹെമ്യാവും ‘എസ്രായുടെ പുസ്തകം’ എന്ന ഏകനാമത്തിൽ അറിയപ്പെട്ടിരുന്നു. ജൊസീഫസും സർദ്ദീസിലെ മെലിത്തായും, വിശുദ്ധ ജെറോമും, ബാബിലോണിയൻ തല്മൂദിലെ ബാബാബത്രയും ഈ രണ്ടു പുസ്തകങ്ങളെയും ഒന്നായി കണക്കാക്കി. ലത്തീൻ വുൾഗാത്താ നെഹെമ്യാവിനെ ‘എസായുടെ രണ്ടാം പുസ്തകം’ എന്നു വിളിച്ചു. പഴയനിയമ പുസ്തകങ്ങളുടെ എണ്ണം എബ്രായ അക്ഷരമാലയുടെ എണ്ണത്തിനു തുല്യം 22 ആക്കുവാൻ വേണ്ടിയാണ് പല എഴുത്തുകാരും എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങളെ ഒന്നായി കണക്കാക്കിയത്. എ.ഡി. 1448-ൽ ആണ് എബ്രായ ബൈബിളിൽ എസ്രാ, നെഹെമ്യാവ് എന്നിങ്ങനെ രണ്ടു പുസ്തകമായി വേർതിരിച്ചു ക്രമീകരിച്ചത്. സെപ്റ്റ്വജിന്റിൽ ദിനവൃത്താന്തങ്ങൾക്കു ശേഷമാണു എസ്രായും നെഹെമ്യാവും. ദിനവൃത്താന്തങ്ങൾ അവസാനിക്കുന്നിടത്തു നിന്നാണ് എസ്രായും നെഹെമ്യാവും ആരംഭിക്കുന്നത്. തന്മൂലം സെപ്റ്റ്വജിന്റിലെ പുസ്തകക്രമം തികച്ചും യുക്ത്യധിഷ്ഠിതമാണ്. വിമർശകരിൽ അധികവും ദിനവൃത്താന്തങ്ങൾ, എസ്രാ, നെഹെമ്യാവ് എന്നീ പുസ്തകങ്ങളെ ഒന്നായി കണക്കാക്കുന്നു. ഈ മൂന്നു പുസ്തകങ്ങളും ചരിത്രത്തിന്റെ അനുക്രമമായ ആഖ്യാനമാണ്. 

കർത്താവും കാലവും: പരമ്പരാഗതമായ വിശ്വാസം അനുസരിച്ചു എസ്രായാണ് ഗ്രന്ഥകാരൻ. പുസ്തകത്തിലെ 7-9 അദ്ധ്യായങ്ങളിലെ ഉത്തമ പുരുഷാഖ്യാനം എസ്രായുടെ കർത്തൃത്വത്തിനു തെളിവാണ്. രാജകല്പനകൾ (1:2-4; 6:3-12), വംശാവലികളും നാമാവലികളും (അ.2), എഴുത്തുകൾ (4:7-22; 5:6-17) എന്നിങ്ങനെ വിവിധ രേഖകളിൽനിന്നു സമാഹരിച്ചതാണു ആദ്യത്തെ ആറു അദ്ധ്യായങ്ങൾ. അരാമ്യയിൽ എഴുതിയ രണ്ടു ഭാഗങ്ങൾ എസ്രായിൽ ഉണ്ട്. (4:8-6:18; 7:12-26). അക്കാലത്തെ നയതന്ത്ര ഭാഷ അരാമ്യ ആയിരുന്നു. എസ്രായുടെ പുസ്തകത്തിൽ ചേർത്തിട്ടുള്ള രേഖകൾക്കു തമ്മിലും സമകാലീന ചരിത്രരേഖകളോടും പറയാവുന്ന പൊരുത്തക്കേടുകൾ ഒന്നുമില്ല. വിമർശകർ ചൂണ്ടിക്കാണിക്കുന്ന ചില വൈരുദ്ധ്യങ്ങൾക്കു വലിയ കഴമ്പൊന്നും ഇല്ല. കോരെശ് രാജാവിന്റെ കല്പനയിൽ യഹോവയുടെ നാമം പരാമർശിച്ചിട്ടുള്ളത് (1:1-3) ചിലർ പൂർവ്വപക്ഷമായി ചൂണ്ടിക്കാണിക്കുന്നു. ഇതേ കാലത്തുള്ള മറ്റു രേഖകളിൽ കോരെശ് രാജാവു ബാബിലോന്യദേവന്മാരെ പരാമർശിച്ചിട്ടുണ്ട്. അതു പാർസിരാജാക്കന്മാരുടെ ഒരു പ്രത്യേക നയമായിരുന്നു. യെഹൂദന്മാരെ പ്രീതിപ്പെടുത്താൻ ഉള്ളതാകയാൽ ഈ വിളംബരത്തിൽ യഹോവയുടെ നാമം ചേർത്തു എന്നേയുള്ളൂ. ഹഗ്ഗായി 2:18-ൻ പ്രകാരം ദൈവാലയത്തിനു അടിസ്ഥാനമിട്ടതു ബി.സി. 520-ൽ ആണ്; എസ്രാ 3:10 അനുസരിച്ച് ബി.സി. 536-ലും. ഈ ഇടക്കാലത്തു അതായതു് ബി.സി. 536-നും 520-നും മദ്ധ്യ പണികൾ കാര്യമായി നടന്നില്ല. അതിനാൽ വേല വീണ്ടും തുടങ്ങിയപ്പോൾ ഒരു പുതിയ പ്രതിഷ്ഠാത്സവത്തോടെ ആരംഭിച്ചു എന്നു മാത്രം. പല പ്രധാന മന്ദിരങ്ങൾക്കും ഒന്നിലധികം അടിസ്ഥാനശിലകൾ സ്വാഭാവികമാണ്. എസ്രായുടെ പ്രവർത്തനം അർത്ഥഹ്ശഷ്ടാവ് ഒന്നാമന്റെ വാഴ്ചക്കാലത്തായിരുന്നു.  ബി.സി. 465-426). എലിഫന്റൈൻ പാപ്പിറസ് ഇതിനു അസന്നിഗ്ദ്ധമായ തെളിവു നല്കുന്നു. ഈ രേഖയിൽ മഹാപുരോഹിതനായ യോഹാനാനെയും ശമര്യയുടെ ദേശാധിപതിയായ സൻബല്ലത്തിനെയും കുറിച്ചു പറഞ്ഞിട്ടുണ്ട്. ഈ യോഹാനാൻ എല്യാശീബിന്റെ പൗത്രനാണ്. (നെഹെ, 3:1,20). നെഹെമ്യാവ് എല്യാശീബിന്റെ സമകാലികനായിരുന്നു. നെഹെമ്യാവ് യെരൂശലേമിലേക്കു ആദ്യം വന്നതു അർത്ഥഹ്ശഷ്ടാവിന്റെ 20-ാം ആണ്ടിലും (ബി.സി. 445; നെഹെ, 1:1; 2:1), രണ്ടാമതു വന്നതു 32-ാം ആണ്ടിലും (നെഹെ, 13:6) ആയിരുന്നു. ഇതു അർത്ഥഹ്ശഷ്ടാവ് ഒന്നാമനാണ്. എസ്രാ യെരുശലേമിലേക്കു വന്നതു നെഹെമ്യാവിനു മുമ്പാണ്. അർത്ഥംഹ്ശഷ്ടാവിന്റെ വാഴ്ചയുടെ 7-ാം വർഷത്തിൽ അതായതു ബി.സി. 458-ൽ.

ഉദ്ദേശ്യം: ബാബിലോണ്യ പ്രവാസത്തിനൊടുവിൽ യെരുശലേമിലേക്കുള്ള യഹൂദരുടെ മടക്കമാണ് ഈ പുസ്തകത്തിൻ്റെ പ്രമേയം. പുസ്തകത്തിൻ്റെ ആഖ്യാനത്തിൽ രണ്ടു ഘട്ടങ്ങൾ ഉണ്ട്. പേർഷ്യൻ രാജാവായ കോരെശിൻ്റെ വാഴ്ചയുടെ ആദ്യവർഷമായ ബി.സി. 537-ൽ പ്രവാസികളുടെ ആദ്യഗണത്തിന്റെ യെരുശലേമിലേക്കുള്ള മടക്കവും, ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ ആറാം വർഷമായ ബി.സി. 516-ൽ യഹൂദരുടെ പുതിയ ദേവാലയത്തിന്റെ പൂർത്തീകരണവും പ്രതിഷ്ഠയുമാണ് അദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടത്തിന്റെ വിഷയം: എസ്രായുടെ നേതൃത്വത്തിൽ പ്രവാസികളിൽ രണ്ടാം ഗണത്തിൻ്റെ മടങ്ങിവരവും, യഹൂദരുടെ യഹൂദേതരരുമായുള്ള വിവാഹബന്ധങ്ങൾ മൂലമുണ്ടായ പാപത്തിൽ നിന്ന് മോചിപ്പിച്ച് വിശുദ്ധീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവുമാണ്.

പ്രധാന വാക്യങ്ങൾ: 1. “അവർ യഹോവയെ: അവൻ നല്ലവൻ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുഘോഷിച്ചു.” എസ്രാ 3:11.

2. “ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.” എസ്രാ 7:6.

3. “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.” എസ്രാ 7:10.

ഉള്ളടക്കം: I. പ്രവാസികൾ സെരുബ്ബാബേലിനോടുകൂടെ മടങ്ങിവ ന്നു: 1:1-6:22.

1. കോരെശ് രാജാവു യെഹൂദപ്രവാസികളെ മടങ്ങിപ്പോകാൻ അനുവദിച്ചു: 1:1-11. (ബി.സി. 537).

2. മടങ്ങിവന്നവരുടെ പട്ടിക: 2:1-70.

3.  യാഗപീഠം പണിതു ദൈവാലയത്തിന് അടിസ്ഥാനമിട്ടു: 3:1-13. (ബി.സി. 536). 

4. ദാര്യാവേശിന്റെ കാലം വരെ ശത്രുക്കൾ പണി സ്തംഭിപ്പിച്ചു: 4:1-24.

5. ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും പ്രേരണയിൽ പണി വീണ്ടും തുടങ്ങി: 5:1-6:22. (ബി.സി. 520). 

6. ദൈവാലയ പ്രതിഷ്ഠ: 6:1-22. (ബി.സി. 516) 

II . എസായോടൊപ്പം പ്രവാസികളിൽ രണ്ടാം ഗണത്തിന്റെ മടങ്ങിവരവും എസ്രായുടെ നേതൃത്വത്തിലുള്ള പരിഷ്ക്കരണവും: 7:1-10:44.

1. ന്യായപ്രമാണം നടപ്പിലാക്കുവാൻ എസ്രായെ അയച്ചു: 7:1-28. (ബി.സി. 458).

2. പ്രവാസികളോടൊപ്പം എസ്രാ സുരക്ഷിതനായി എത്തിച്ചേർന്നു: 8:1-36.

3. മിശ്രവിവാഹങ്ങളെ റദ്ദാക്കുന്നു: 9:1-10:44.

പൂർണ്ണവിഷയം

കോരെശ് രാജാവിന്റെ കല്പന 1:1-4
പ്രവാസികളുടെ ഒന്നാമത്തെ മടങ്ങിവരവും, അവര്‍ കൊണ്ടുവന്ന വസ്തുക്കളും 1:5—2:70
സത്യദൈവത്തിനുള്ള യാഗപീഠത്തിന്റെ നിര്‍മ്മാണം 3:1-6
ദേവാലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നു 3:6-13
ദേവാലയത്തിന്റെ നിര്‍മ്മാണത്തിനുള്ള എതിര്‍പ്പുകൾ 4:1-24
പ്രവാചകന്മാരായ ഹഗ്ഗായിയും, സെഖര്യാവും, നിര്‍മ്മാണം വീണ്ടും ആരംഭിക്കുന്നു 5:1-2
തുടര്‍ന്നുള്ള എതിര്‍പ്പ് 5:3-17
ദേവാലയം നിര്‍മ്മിക്കുവാനുള്ള ദാര്യവേശ് രാജാവിന്റെ കല്പനകൾ 6:1-12
പൂര്‍ത്തിയായ ദൈവാലയത്തിന്റെ സമര്‍പ്പണം 6:13-18
പ്രവാസത്തിനു ശേഷം യെരുശലേമിൽ വച്ചുള്ള ആദ്യത്തെ പെസഹ 6:19-22
എസ്രാ യെരുശലേമിലേക്കു വരുന്നു 7:1-10
എസ്രായ്ക്കുള്ള അർത്ഥഹ്ശഷ്ടാരാജാവിന്റെ കത്ത് 7:11-26
എസ്രാ ദൈവത്തെ സ്തുതിക്കുന്നു 7:27-28
എസ്രായോടൊപ്പം തിരിച്ചുവന്നവരെക്കുറിച്ചുള്ള വിവരങ്ങൾ 8:1-14
ലേവ്യരെ ആരേയും കാണുന്നില്ല 8:15-20
സുരക്ഷിതമായ യാത്രയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന 8:21-23
അപകടം നിറഞ്ഞ ഒരു യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ യെരുശലേമിൽ എത്തിച്ചേരുന്നു 8:24-36
എസ്രായുടെ സടപ്പിലാക്കിയ പരിഷ്കാരങ്ങൾ 9:1—10:17
മിശ്രവിവാഹങ്ങൾ 9:1-4
എസ്രായുടെ അനുതാപ പ്രാര്‍ത്ഥന 9:5-15
ജനങ്ങൾ അവരുടെ പാപങ്ങൾ ഏറ്റുപറഞ്ഞു എസ്രായെ അനുസരിക്കുന്നു 10:1-17
അകൃത്യങ്ങൾ ചെയ്തവര്‍ 10:18-43

Leave a Reply

Your email address will not be published. Required fields are marked *