സ്വപ്നദൈവാലയം

ദാവീദിൻ്റെ സ്വപ്നദൈവാലയം

പലസ്തീനിലെ പുൽപ്പുറങ്ങളിൽ ആടുകളെ മേയിച്ചു നടന്നിരുന്ന തന്നെ യിസ്രായേലിന്റെ സിംഹാസനത്തിലേക്ക് ഉയർത്തിയ തന്റെ സർവ്വസ്വമായ സർവ്വശക്തനായ ദൈവത്തിന് ഒരു ആലയം പണിയണമെന്നുള്ളത് ദാവീദിന്റെ ജീവിതത്തിലെ അദമ്യമായ ആഗ്രഹമായിരുന്നു. ദൈവം അവന്റെ ആഗ്രഹത്തിൽ സംപ്രീതനായെങ്കിലും, അതു പണിയുവാനുള്ള അനുവാദം അവന്റെ മകനായ ശലോമോനാണ് ദൈവം നൽകിയത്. എന്നാൽ തന്റെ ദൈവത്തിന് സുസ്ഥിരവും അതിമനോഹരവുമായ ഒരു ആലയം ഉണ്ടാകണമെന്നു മാത്രം അഭിലഷിച്ച ദാവീദ്, നിരാശനാകാതെ ദൈവാലയത്തിന്റെ പണിക്കാവശ്യമായ ധനവും സാധനസാമഗ്രികളും സംഭരിച്ചുതുടങ്ങി. അങ്ങനെ യഹോവയുടെ ആലയത്തിനായി ഒരുലക്ഷം താലിന്ത് സ്വർണ്ണവും പത്തുലക്ഷം താലന്ത് വെള്ളിയും തുക്കിത്തിട്ടപ്പെടുത്തുവാൻ കഴിയാത്തത്ര താമ്രവും ഇരുമ്പും അവൻ സ്വരൂപിച്ചു. കൂടാതെ, ദൈവാലയനിർമ്മാണത്തിന് ആവശ്യമായ കല്ലും മരവും അവൻ തയ്യാറാക്കിവച്ചു. (1ദിന, 22:14). ദൈവാലയം നിർമ്മിക്കണമെന്ന ആശയം ദാവീദിൽ ഉടലെടുത്തത്, അവൻ തന്റെ രാജത്വത്തിന്റെ പ്രബലതയിൽ യിസ്രായേൽമക്കളുടെ ജനസംഖ്യ കണക്കാക്കുവാൻ സൈന്യാധിപനായ യോവാബിനോടു കല്പിച്ചതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ നിന്നാണ്. ജനസംഖ്യാ നിർണ്ണയത്തിനു താൽപര്യമില്ലാതിരുന്ന യോവാബ് ലേവ്യരെയും ബെന്യാമീന്യരെയും മനഃപൂർവ്വം എണ്ണിയില്ല. ജനസംഖ്യാനിർണ്ണയം ദൈവഹിതമല്ലാത്തതിനാൽ യഹോവ തന്റെ കോപത്തിൽ യിസ്രായേലിലെ 70,000 പേരെ പകർച്ചവ്യാധിയാൽ സംഹരിച്ചു. യഹോവ അയച്ച സംഹാരദൂതൻ യെരുശലേമിനുനേരേ കൈ നീട്ടുന്നതിനുമുമ്പ് യഹോവ മനസ്സലിഞ്ഞ് കൈ പിൻവലിക്കുവാൻ ദൂതനോടു കല്പ്പിച്ചു. അപ്പോൾ ആകാശത്തിനും ഭൂമിക്കും മദ്ധ്യ വാളൂരിപ്പിടിച്ചുകൊണ്ടു നിന്ന് ദൂതൻ യെബൂസ്യനായ ഒർന്നാന്റെ കളത്തിൽ യഹോവയ്ക്ക് യാഗപീഠം പണിയണമെന്ന് ദാവീദിനെ അറിയിക്കുവാൻ ഗാദ് പ്രവാചകനോടു കല്പിച്ചു. ഒർന്നാൻ അതു സൗജന്യമായി നൽകുവാൻ തയ്യാറായെങ്കിലും ദാവീദ് അതിന്റെ മുഴുവൻ വിലയായി 600 ശേക്കെൽ സ്വർണ്ണം കൊടുത്ത് മോരിയാ പർവ്വതത്തിലുള്ള ഒർന്നാന്റെ കളം വിലയ്ക്കു വാങ്ങി. അവിടെ യാഗപീഠം പണിത് യാഗമർപ്പിച്ച് യഹോവയോടു പ്രാർത്ഥിച്ചപ്പോൾ യഹോവ ഉയരത്തിൽനിന്ന് തീയിറക്കി ഉത്തരമരുളി. “ഇത് യഹോവയായ ദൈവത്തിന്റെ ആലയമാകുന്നു; ഇത് യിസായേലിന് ഹോമയാഗത്തിനുള്ള യാഗപീഠം ആകുന്നു” (1ദിന, 22:1) എന്നു പ്രഖ്യാപിച്ച് ദാവീദ് അന്നുമുതൽ ദൈവത്തിനുവേണ്ടി ഒരു ആലയം നിർമ്മിക്കണമെന്ന ആഗ്രഹവുമായി മുമ്പോട്ടുപോയി. എന്നാൽ ദൈവം തനിക്കുവേണ്ടി ഒരു ആലയം പണിയുവാൻ ദാവീദിന് അനുവാദം നൽകിയില്ല. പക്ഷേ തനിക്കുവേണ്ടി ഒരു ആലയം പണിയുവാനുള്ള ദാവീദിന്റെ അഭിവാഞ്ഛ മാനിച്ച് ദൈവം അതിനുള്ള അനുവാദം അവന്റെ മകനായ ശലോമോനു നൽകി.

Leave a Reply

Your email address will not be published. Required fields are marked *