സദൂക്യർ

സദൂക്യർ

യേശുക്രിസ്തുവിന്റെ കാലത്ത് യെഹൂദന്മാരുടെ ഇടയിൽ നിലനിന്നിരുന്ന മതവിഭാഗങ്ങളിലൊന്നാണ് സദൂക്യർ. മറ്റു രണ്ടു വിഭാഗങ്ങളാണ് എസ്സീന്യരും പരീശന്മാരും. സോഖോയിലെ ആന്റിഗോണസിന്റെ ശിഷ്യനായ ഒരു സാദോക്കിൽ നിന്നാണ് സദൂക്യരുടെ ഉൽപത്തി എന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. സെദെക് എന്ന എബ്രായപദത്തിനു നീതി എന്നർത്ഥം. സദൂക്യർ കുലീനന്മാരായിരുന്നു. മഹാപുരോഹിത കുടുംബങ്ങൾ സദൂക്യവിഭാഗത്തിലുൾപ്പെടുന്നു. (പ്രവൃ, 5:17). സദൂക്യമതത്തിൽ കുലീന പുരോഹിതന്മാരാണ് ഉണ്ടായിരുന്നത്. 

സദൂക്യർ എഴുതപ്പെട്ട ന്യായപ്രമാണത്തെ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. പരമ്പരാഗത വ്യാഖ്യാനങ്ങളെയും നൂറ്റാണ്ടുകളായി ശാസ്ത്രിമാർ ന്യായപ്രമാണത്തിനു നല്കിയ വിശദീകരണങ്ങളെയും അവർ നിരാകരിച്ചു. പിതാക്കന്മാരുടെ സമ്പ്രദായത്തിൽ നിന്നു വന്നതൊന്നും അനുഷ്ഠിക്കേണ്ടതില്ലെന്നവർ പഠിപ്പിച്ചു. എന്നാലവർ പ്രവാചകന്മാരെ നിഷേധിച്ചില്ല. കുറ്റക്കാരെ വിധിക്കുന്നതിൽ മറ്റുള്ള യെഹൂദന്മാരെ അപേക്ഷിച്ചു സദൂക്യർ കർക്കശരായിരുന്നു. പരീശന്മാരാകട്ടെ വിട്ടുവീഴ്ചയുള്ളവരും കരുണയുള്ളവരും ആയിരുന്നു. വിവാഹം പൂർണ്ണമായില്ലെങ്കിൽ മാത്രമേ ദേവരവിവാഹനിയമം ബാധകമാകൂ എന്നതായിരുന്നു സദൂക്യമതം. വിവാഹം നിശ്ചയിച്ച പുരുഷൻ സ്ത്രീയുമായി സഹവസിക്കാതെ മരണമടഞ്ഞെങ്കിൽ ശേഷിക്കുന്ന സഹോദരനു ദേവരവിവാഹ ക്രമമനുസരിച്ച് പരസംഗദോഷം ബാധിക്കാതെ അവളെ വിവാഹം ചെയ്യാം. അവൾ കന്യക തന്നെയാണല്ലോ. മത്തായി 22:23-31; മർക്കൊസ് 12:18; ലൂക്കൊസ് 20:27 എന്നീ ഭാഗങ്ങളിൽ ആഖ്യാനം ചെയ്തിരിക്കുന്ന സംഭവം ശ്രദ്ധിക്കുക. ഭർത്താവു മരിച്ചു പോയാൽ ഭർത്താവിന്റെ സഹോദരൻ ദേവരധർമ്മം നിർവഹിക്കേണ്ടതാണ്. അവൻ ദേവരധർമ്മം അനുഷ്ഠിക്കാൻ വിസമ്മതിച്ചാൽ വിധവ മൂപ്പന്മാർ കാൺകെ അവന്റെ കാലിൽ നിന്നു ചെരിപ്പഴിച്ചു അവന്റെ മുഖത്തു തുപ്പണമെന്നാണ് ന്യായപ്രമാണം അനുശാസിക്കുന്നത്. (ആവ, 25:9). സദൂക്യർ ഇതിനെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചു. പരീശന്മാരുടെ അഭിപ്രായമനുസരിച്ചു അവന്റെ മുമ്പിൽ തുപ്പിയാൽ മാത്രം മതി; ന്യായപ്രമാണം നിവർത്തിക്കപ്പെടും. കണ്ണിന്നു പകരം കണ്ണ് (പുറ, 21:23) എന്ന പ്രതിക്രിയയ്ക്കു സദൂക്യർ നിർബ്ബന്ധം പിടിച്ചിരുന്നു. ചിലകാര്യങ്ങളിൽ പരീശന്മാർ സദൂക്യരെക്കാളും കർക്കശമായിരുന്നു. 

ശുദ്ധം അശുദ്ധം എന്നിവയെക്കുറിച്ചു പരീശന്മാർ പുറപ്പെടുവിച്ചിട്ടുള്ള വിധികളെ സദൂക്യർ കണക്കിലെടുക്കുന്നില്ല. ലേവ്യ അശുദ്ധിയെ സംബന്ധിക്കുന്ന തത്വങ്ങൾ സദൂക്യർ തള്ളിക്കളയുന്നില്ല. ചുവന്ന പശുക്കിടാവിനെ ദഹിപ്പിക്കുന്ന പുരോഹിതനു കൂടുതൽ ശുദ്ധി ആവശ്യമാണെന്നവർ കരുതുന്നു. പരീശന്മാർ അതാവശ്യപ്പെടുന്നില്ല. ഉത്സവങ്ങളെ സംബന്ധിക്കുന്ന നിയമങ്ങളിലും ഈ വ്യത്യാസം ദൃശ്യമാണ്. പൊതുവെ പരീശന്മാരുടെ സമ്പ്രദായങ്ങളെ സദൂക്യർ നിരാകരിക്കുന്നുവെന്നു കാണാം. പരീശന്മാരുടെ പാരമ്പര്യങ്ങളിൽ പലതിനോടും സിദ്ധാന്തപരമായി സദൂക്യർക്കു യോജിപ്പുണ്ട്. എന്നാൽ അവ അനുസരിക്കാനുള്ള ബാദ്ധ്യതയയാണ് സദൂക്യർ അംഗീകരിക്കാത്തത്.

വ്യക്തിഗതമായ അമർത്യത, ശരീരത്തിന്റെ പുനരുത്ഥാനം, ഭാവിന്യായവിധി (മത്താ, 22:23; മർക്കൊ, 12:18; ലൂക്കൊ, 20:27) എന്നിവയിൽ സദൂക്യർ വിശ്വസിക്കുന്നില്ല. ന്യായപ്രമാണദാതാവായ മോശെ പ്രസ്താവിച്ചിട്ടില്ലെങ്കിൽ ഒരു ഉപദേശവും സ്വീകരിക്കുവാൻ തങ്ങൾക്കു ബാദ്ധ്യത ഇല്ലെന്ന നിലപാടാണ് സദൂക്യരുടേത്. മരിച്ചവരുടെ പുനരാത്ഥാനത്തെക്കുറിച്ചു ഒരു പ്രത്യക്ഷ പ്രസ്താവനയും ലിഖിത ന്യായപ്രമാണത്തിൽ ഇല്ല. ഈ വിഷയത്തെ സംബന്ധിച്ചുള്ള വാദപ്രതിവാദത്തിൽ ക്രിസ്തു ഗ്രന്ഥപഞ്ചകത്തിൽ നിന്നും ഉദ്ധരിച്ച് പ്രസ്തുത ഭാഗത്തിനു നല്കുന്ന വ്യാഖ്യാനം നോക്കേണ്ടതാണ്. (പുറ, 3:6; മർക്കൊ, 12:26,27; മത്താ, 22:31,32; ലൂക്കൊ, 20:37). പുനരുത്ഥാനത്തിന്റെ സൂചന മാത്രമേ ഈ ഭാഗത്തുള്ളൂ എന്നത് അവഗണിക്കാവുന്നതല്ല. പുനരുത്ഥാനത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്ന ചില ഭാഗങ്ങൾ പഴയനിയമത്തിലുണ്ട്. (യെശ, 26:19; ദാനീ, 12:2; ഇയ്യോ, 19:26). എന്നാൽ ഈ ഭാഗങ്ങളുടെ ആധികാരികതയെ സദൂക്യർ അംഗീകരിക്കുന്നില്ല. ഈ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളെ അവർ വിശുദ്ധമായി കരുതുന്നു എങ്കിലും ലിഖിത ന്യായപ്രമാണത്തിനു നല്കുന്ന പവിത്രത ഈ പുസ്തകങ്ങൾക്ക് നല്കുന്നുവോ എന്നത് സംശയമാണ്. 

ദൂതനും ആത്മാവും ഇല്ലെന്നാണ് സദൂക്യർ പഠിപ്പിക്കുന്നത്. (പ്രവൃ, 23:8). ദൈവം ഒഴികെ സ്വതന്ത്രമായ ആത്മീയ സത്തകളുടെ അസ്തിത്വം അവർ നിഷേധിക്കുന്നു. മരിച്ചുപോയവരുടെ ആത്മാക്കൾ നിലനില്ക്കുന്നുവെന്നു അവർ വിശ്വസിക്കുന്നില്ല. ആത്മാവ് അവർക്ക് സംസ്കരിക്കപ്പെട്ട ദ്രവ്യം മാത്രമാണ്. ശരീരത്തോടൊപ്പം അതു നശിക്കുന്നു. പഴയനിയമത്തിലെ ദൂതന്മാർ യഹോവയുടെ ക്ഷണികമായ മിഥ്യാദർശനങ്ങളായി അവർ വ്യാഖ്യാനിക്കുന്നു. മനുഷ്യന്റെ സ്വതന്ത്ര ഇച്ഛയ്ക്ക് സദൂക്യർ ഊന്നൽ നല്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനു അവർ പരമമായ പ്രാധാന്യം നല്കുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങളിൽ ദൈവം സഹായിക്കുന്നു എന്ന ധാരണയെ അവർ നിഷേധിക്കുന്നു. പരീശന്മാർ ദൈവത്തിന്റെ മുൻനിർണ്ണയത്തെയും സദൂക്യർ മനുഷ്യന്റെ സ്വതന്ത്രച്ഛയെയും ഊന്നിപ്പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *