സംഖ്യാ

സംഖ്യാപുസ്തകം (Numbers)

മോശെയുടെ ഗ്രന്ഥപഞ്ചകത്തിലെ നാലാം പുസ്തകം. യിസായേലിന്റെ യോദ്ധാക്കന്മാരുടെ എണ്ണം രണ്ടു പ്രാവശ്യം (സംഖ്യ, 1:2-46; 26:2-51) രേഖപ്പെടുത്തിയിട്ടുള്ളതു കൊണ്ടാണ് സംഖ്യാപുസ്തകം എന്നു പേർ ലഭിച്ചത്. ഗ്രീക്കു സെപ്റ്റജിന്റിൽ ‘അരിത്മൊയി’ എന്നാണ് പേര്. അതിനെ ലത്തീൻ വുൾഗാത്തയിൽ Liber Numeri എന്നു പരിഭാഷപ്പെടുത്തി. Liber Numeri-യുടെ മലയാള രൂപമാണ് സംഖ്യാപുസ്തകം. ഇതിന്റെ എബ്രായ പേർ ‘മരുഭൂമിയിൽ’ എന്നർത്ഥമുള്ള ‘ബ്മിദ്ബാർ’ ആണാ. ഒന്നാം വാക്യത്തിലെ പ്രധാന പദമാണത്. മരുഭൂമിയിൽ എന്ന പ്രയോഗം 45 പ്രാവശ്യം സംഖ്യാപുസ്തകത്തിലുണ്ട്. സീനായിൽ എത്തിയശേഷം യിസ്രായേൽ ജനം മരുഭൂമിയിൽ 38 വർഷം അലഞ്ഞതിന്റെ ചരിത്രമാണ് സംഖ്യാപുസ്തകത്തിൽ. 

ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; ലേവ്യ, 27:34; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). എല്ലാ രാജ്യങ്ങളിലെയും, എല്ലാ വിഭാഗങ്ങളിലെയും, എല്ലാ പ്രായത്തിലുമള്ള യഹൂദന്മാരുടെ ഏകീകൃതവും നിരന്തരവുമായ സാക്ഷ്യം ഇതാണ്: (യോശു, 8:31-32; 1രാജാ, 2:4; എസ്രാ, 6:18; നെഹെ 8:1; യിരെ, 7:23; മലാ. 4:4; മത്താ, 22:24; പ്രവൃ, 15:21). മോശെയുടെ കർത്തൃത്വം നമ്മുടെ കർത്താവും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 5:17-18; 19:8; 22:31-32; 23:2 ; മർക്കോ, 10:3-4; 12:26; ലൂക്കോ, 16:31; 20:37; 24:26-27,44; യോഹ, 3:14; 5:45-47; 6:32,49; 7:19,22). 

എഴതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്. 

ഉദ്ദേശ്യം: യിസ്രായേൽജനത്തിന്റെ യാത്രയുടെ വിവരണം പുറപ്പാടു പുസ്തകം അവസാനിപ്പിച്ചിടത്തു നിന്നും സംഖ്യാപുസ്തകം ആരംഭിക്കുന്നു. രണ്ടാം വർഷം രണ്ടാം മാസം മുതൽ (10:11) 40-ാം വർഷം 11-ാം മാസം വരെയുള്ള (ആവ, 1:3) 38 വർഷത്തെ ചരിത്രം സംഖ്യാപുസ്തകത്തിലുണ്ട്. അനുസരണക്കേടിനാലും അവിശ്വാസത്താലും പാപം ചെയ്ത ജനത്തെ കരുതുകയും പരിപാലിക്കുകയും ചെയ്തതിലൂടെ പ്രകടമായ ദൈവത്തിന്റെ വിശ്വസ്തത വെളിപ്പെടുത്തുകയാണ് ഗ്രന്ഥത്തിന്റെ പ്രധാന ഉദ്ദേശ്യം. യിസ്രായേൽ ദൈവത്തോടു മത്സരിച്ചെങ്കിലും ദൈവം തന്റെ ഉടമ്പടി ലംഘിക്കാതെ യിസ്രായേൽ മക്കളെ തങ്ങളുടെ പിതാക്കന്മാർക്കു വാഗ്ദത്തം ചെയ്തു കനാൻ ദേശത്തു എത്തിച്ചു. എന്നാൽ വിശുദ്ധനായ ദൈവം പാപത്തെ ശിക്ഷിക്കാതെ വിടുന്നില്ല. (11:1-3,33; 12,14 അ) . അനുസരണക്കേടുനിമിത്തം മോശയ്ക്കു പോലും കനാനിൽ പ്രവേശിക്കുവാൻ സാധിച്ചില്ല. (20:12). വ്യക്തികളിലും സംഭവങ്ങളിലും, പ്രത്യക്ഷതകളിലും വരുവാനുള്ള ക്രിസ്തുവിന്റെ നിഴൽ സംഖ്യാപുസ്തകത്തിൽ കാണാം. (യോഹ, 3:14; 1കൊരി, 10:1, എബാ, 3:7-11; 9:13). 

പ്രധാന വാക്യങ്ങൾ: 1. “യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.” സംഖ്യാ, 6:24.

2. “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?” സംഖ്യാ, 12:7,8.

3. “എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല….. നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും….. ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ചു എന്റെ അകല്ച അറിയും.” സംഖ്യാ, 14:30-34.

ഉള്ളടക്കം:

l. സീനായിൽ നിന്നുള്ള യാത്രയുടെ ഒരുക്കം: 1:1-10:10.

1. ജനത്തെ എണ്ണി പാളയക്രമീകരണം നടത്തുന്നു: 1:1-2:34.

2. പുരോഹിതന്മാർക്കും ലേവ്യർക്കും ഉള്ള പ്രമാണങ്ങൾ: 3:1-4:49.

3. അശുദ്ധിയിൽ നിന്നുള്ള വിടുതൽ: 5:1-31.

4. നാസീർ വതം: 6:1-27.

5. യിസ്രായേൽ പ്രഭുക്കന്മാരുടെ വഴിപാടുകൾ: 7:1-89.

6. നിലവിളക്കുകത്തിക്കൽ, ലേവ്യശുദ്ധീകരണം: 8:1-26.

7. പെസഹാചരണം: 9:1-14.

8. പാളയ ക്രമീകരണം: 9:15-23 

9. സഭയെ വിളിച്ചു കൂട്ടുന്നതിനും പാളയം പുറപ്പെടുവിക്കുന്നതിനും ഉള്ള അടയാളങ്ങൾ: 10:1-10 

ll. സീനായി മുതൽ മോവാബു വരെയുള്ള യാത്ര: 10:11-21-35 

1. സീനായി മുതൽ കാദേശ് ബർന്നയ വരെ: 10:11-14:45.

2. മരുഭൂമി പ്രയാണം: 15:1-19:22.

3.  കാദേശ് ബർന്നയ മുതൽ മോവാബ് വരെ: 20:1-22:1.

lll. മോവാബ് സമഭൂമിയിൽ: 22:1-36:13.

1. ബിലെയാമിന്റെ പ്രവചനം: 22:1-25:18.

2. നിർദ്ദേശങ്ങൾ: 26:1-31:54.

3. പൂർവ്വ യോർദ്ദാനിലെ ദേശവിഭജനം: 32:1-42.

4. മിസ്രയീമിൽ നിന്നുള്ള പ്രയാണവിവരണം: 33:1-56.

5. കനാനിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള നിർദ്ദേശം: 34:1-36:13.

സംഖ്യാപുസ്തകത്തിലെ പൂർണ്ണവിഷയം

ജനത്തിന്റെ എണ്ണം എടുക്കുന്നു 1:1-54
യാത്രകൾക്ക് വേണ്ടിയുള്ള ഗോത്രങ്ങളുടെ ക്രമീകരണം 2:1-34
ലേവിഗോത്രം 3:1-51
ലേവ്യരിലെ മൂന്ന് കുടുംബങ്ങളുടെ കടമകൾ 4:1-33
ലേവ്യരിലെ മൂന്ന് കുടുംബങ്ങളുടെ എണ്ണമെടുക്കുന്നു 4:34-49
പാളയത്തിലെ ജീവിതത്തെക്കുറിച്ചുള്ള വിവിധ നിര്‍ദ്ദേശങ്ങൾ 5:1-31
നാസീര്‍വ്രതം അനുഷ്ഠിക്കുന്നവര്‍ 6:1-21
പുരോഹിതന്മാര്‍ എങ്ങനെ ജനങ്ങളെ അനുഗ്രഹിക്കണം 6:22-27
ഗോത്രപ്രഭുക്കന്മാരുടെ വഴിപാട് 7:1-89
ലേവിഗോത്രത്തെ ശുദ്ധീകരിക്കുന്നു 8:1-26
മിസ്രയീമിനു ശേഷമുള്ള ആദ്യത്തെ പെസഹ 9:1-14
ദൈവത്തിന്റെ മേഘം 9:15-23
കാഹളത്തിന്റെ അടയാളങ്ങൾ 10:1-10
യിസ്രായേൽ സീനായി വിട്ടുപോകുന്നു 10:11-36
പിറുപിറുത്തവരെ ദൈവം തീയിറക്കി ശിക്ഷിക്കുന്നു 11:1-3
ദൈവം കാടയും മന്നയും നൽകുന്നതോടൊപ്പം മത്സരികൾക്ക് ശിക്ഷയും നൽകുന്നു 11:4-35
അഹരോനും, മിര്യാമും മോശെയ്ക്ക് എതിരായി എഴുന്നേല്ക്കുന്നു 12:1-16
ഒറ്റുകാര്‍ കനാനിലേക്ക് പോകുന്നു 13:1-25
ഒറ്റുകാരുടെ ദുഃഖകരമായ വാര്‍ത്ത 13:26-33
കാദേശ്ബര്‍ന്നേയിൽ വച്ചുള്ള യിസ്രായേലിന്റെ എതിര്‍പ്പ് 14:1-10
ദൈവത്തിന്റെ കോപവും മോശെയുടെ പ്രാര്‍ത്ഥനയും 14:11-19
ദൈവം ശിക്ഷ കുറയ്ക്കുന്നു 14:20-38
യിസ്രായേൽ വീണ്ടും അനുസരണക്കേട് കാണിക്കുന്നു 14:39-45
വിവിധ വഴിപാടുകൾ അര്‍പ്പിക്കുന്നതിനുള്ള നിയമങ്ങൾ 15:1-29
കരുതിക്കൂട്ടി മനപ്പൂര്‍വ്വമായി ചെയ്യുന്ന പാപത്തിന്റെ ശിക്ഷ 15:30-36
വസ്ത്രത്തിലെ പൊടിപ്പ് 15:37-41
കോരഹിന്റെയും സുഹൃത്തുക്കളുടേയും എതിർപ്പ് 16:1-22
കോരഹിന്റെയും സുഹൃത്തുക്കളുടേയും ശിക്ഷ 16:25-35
യിസ്രായേൽ വീണ്ടും പിറുപിറുക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു 16:41-50
അഹരോന്റെ വടി തളിര്‍ക്കുന്നു 17:1-12
പുരോഹിതന്മാരുടേയും ലേവ്യരുടേയും ശുശ്രൂഷകൾ 18:1-7
പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഉള്ള അവകാശം 18:9-32
അശുദ്ധി മാറ്റുന്ന ശുദ്ധീകരണ ജലം 19:1-22
കോപത്താൽ മോശെ അനുസരണക്കേട് കാണിക്കുകയും പാറയെ
അടിക്കുകയും ചെയ്യുന്നു 20:2-11
മോശെയുടെ അനുസരണക്കേടിന്റെ ശിക്ഷ 20:12
ഏദോം യിസ്രായേൽ ജനത്തിന് കടന്നുപോകുവാൻ വഴി നിഷേധിക്കുന്നു 20:12-21
അഹരോന്റെ മരണം 20:22-29
താമ്രസര്‍പ്പം 21:4-9
മോവാബിലെക്കുള്ള യാത്ര 21:10-20
സീഹോനെയും ഓഗിനെയും തോല്പിക്കുന്നു 21:21-35
യിസ്രായേലിനെ ശപിക്കുവാൻ ബിലെയാമിനെ
ബാലാക്ക് ആളയച്ചു വരുത്തുന്നു 22:1-41
ബിലെയാമിന്റെ വിസമ്മതം 22:8-13
ബിലെയാമിന്റെ സമ്മതം 22:14-20
ബിലെയാമിന്റെ കഴുത 22:21-31
ബിലെയാമിന്റെ സന്ദേശങ്ങൾ 23:1—24:25
യിസ്രായേൽ ബാൽപെയോരിൽ പാപം ചെയ്യുന്നു 25:1-18
രണ്ടാം ജനസംഖ്യാ കണക്കെടുപ്പ് 26:1-65
സെലോഫഹാദിന്റെ പുത്രിമാര്‍ക്കുള്ള അവകാശം 27:1-11
മോശെയുടെ പിൻഗാമി 27:12-23
വഴിപാടുകളും യാഗങ്ങളും വിരുന്നുകളും സംബന്ധിച്ച നിയമങ്ങൾ 28:1—29:40
നേര്‍ച്ചകൾ 30:1-16
മിദ്യാന്യര്‍ക്കെതിരെ ഉള്ള യുദ്ധം 31:1-54
യോര്‍ദ്ദാന് കിഴക്കുള്ള അവകാശം 32:1-42
മിസ്രയീമിൽ നിന്നും മോവാബിലേക്കുള്ള യാത്രയുടെ സംക്ഷിപ്ത രൂപം 33:1-56
യിസ്രായേലിന്റെ കനാൻ ദേശത്തിലെ അവകാശത്തിന്റെ അതിരുകൾ 34:1-29
ലേവ്യര്‍ക്കുള്ള പട്ടണങ്ങൾ 35:1-5
സങ്കേത നഗരങ്ങൾ 35:6-34
പുത്രിമാര്‍ക്കുള്ള അവകാശങ്ങൾ 36:1-13

പ്രതിപാദ്യം: സംഖ്യാപുസ്തകത്തിന്റെ മിക്ക സംഭവങ്ങളും നടക്കുന്നത് മരുഭൂമിയിലാണ്. പ്രധാനമായും യിസ്രായേല്യരുടെ അലച്ചിലിന്റെ രണ്ടാം വർഷം മുപൽ നാൽപതാം വർഷത്തിനിടയിലുള്ള സംഭവങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. ആദ്യ 25 അധ്യായങ്ങൾ. മരുഭൂമിയിലെ യിസ്രായേലിന്റെ ആദ്യ തലമുറയുടെ അനുഭവങ്ങൾ വിവരിക്കുന്നു. ബാക്കി പുസ്തകം രണ്ടാം തലമുറയുടെ അനുഭവങ്ങൾ വിവരിക്കുന്നു. അനുസരണവും, മത്സരവും, മാനസാന്തരവും, അനുഗ്രഹവും പുസ്തകത്തിലുടനീളം കാണാൻ കഴിയും. ദൈവത്തിന്റെ വിശുദ്ധിയുടെ പ്രമേയം ലേവ്യപുസ്തകം മുതൽ സംഖ്യാപുസ്തകം വരെ തുടരുന്നു. ഇത് ദൈവത്തിൻ്റെ പ്രബോധനവും വാഗ്ദത്ത കനാൻ ദേശത്തേക്ക് പ്രവേശിക്കാനുള്ള തന്റെ ജനത്തെ ഒരുക്കുന്നതും വെളിപ്പെടുത്തുന്നു. സംഖ്യാപുസ്‌തകത്തിന്റെ പ്രാധാന്യം പുതിയനിയമത്തിൽ പലതവണ പരാമർശിച്ചതിലൂടെ സൂചിപ്പിക്കുന്നു. 1കൊരിന്ത്യർ 10: 1-12-ൽ സംഖ്യാപുസ്തകം ഉദ്ധരിച്ചുകൊണ്ട്; ‘ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു’ (10:6) എന്ന് പൗലൊസ് രേഖപ്പെടുത്തിയിരിക്കുന്നു. “ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.” (റോമ, 11:22). ഇവിടെയും സംഖ്യാപുസ്തകമാണ് വിഷയം.

ഈ പുസ്തകം വിരസമായ ഒരു യഹൂദചരിത്ര പുസ്തകമാണെന്ന് നാം ചിന്തിക്കരുത്. ആധുനിക ക്രിസ്തീയ അനുഭവങ്ങളോടുള്ള ബന്ധത്തിൽ പ്രായോഗികമായിട്ടുള്ള കാര്യങ്ങളാണ് അതിൽ അടങ്ങിയിട്ടുള്ളത്. രക്ഷയിൽനിന്നും ദൈവത്തിന്റെ വിജയകരമായ വാഗ്ദത്തങ്ങളിലേക്കുളള ഒരു പൂർണ്ണ പ്രവേശനം എല്ലാ ക്രിസ്ത്യാനികളും  നേടിയെടുക്കുന്നത് എത്രവേഗമാണെന്ന കാര്യം ചിന്തിക്കുന്നതു വളരെ സന്തോഷകരമായിരിക്കും. എന്നാൽ, പിറുപിറുപ്പ്, പിന്മാറ്റം, അവിശ്വാസം എന്നിവകൊണ്ട് നാം എത്രമാത്രം പണ്ടത്തെ യിസ്രായേലിനോടു അനുരൂപമായിരിക്കുന്നു എന്ന് സൂക്ഷ്മമായ നിരീക്ഷണങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു. യിസ്രായേലിന്റെ അലച്ചിൽ നമ്മുടെ ആത്മീയ യാത്രയിൽ നാം ആവർത്തിക്കേണ്ടതില്ല എന്നുള്ളത് ഒരു സുവാർത്തയാണ്. വിശ്വാസത്താൽ ആത്മീയ വിജയം നേടിയെടുക്കുവാനുള്ള എല്ലാ മാർഗ്ഗങ്ങളും ദൈവം നല്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.