ഷണ്ഡൻ്റെ മാനസാന്തരം

ഷണ്ഡൻ്റെ മാനസാന്തരം

ഐത്യോപ്യ രാജ്ഞിയുടെ ഭണ്ഡാര വിചാരകനായ ഒരു ഷണ്ഡനോട് ഫിലിപ്പോസ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുകയും, സ്നാനപ്പെടുത്തുകയും ചെയ്തതായി പ്രവൃത്തികളിൽ വായിക്കുന്നു. (പ്രവൃ, 8:26-39). എത്യോപ്യദേശത്തു നിന്നുള്ളവനായിരുന്നു ഈ ഷണ്ഡൻ. പഴയനിയമത്തിൽ കൂശ് എന്നു വിളിക്കുന്നത് എത്യോപ്യയെയാണ്. ഈജിപ്റ്റിനു തെക്ക് ആഫ്രിക്കയുടെ വടക്കെ അറ്റത്താണ് എത്യോപ്യ സ്ഥിതിചെയ്യുന്നത്. ഹാമിന്റെ പുത്രനായ കൂശിന്റെ സന്തതികളാണ് ഇവിടെ പാർപ്പുറപ്പിച്ചത്. (ഉല്പ, 10:6). ഐത്യോപ്സ് എന്ന ഗ്രീക്കു പദത്തിനാ കരിമുഖം എന്നർത്ഥം. കൂശ്യരുടെ കറുപ്പിനെ അതു വിവക്ഷിക്കുന്നു. “കൂശ്യനു തൻറ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ?” എന്ന പ്രവാചകവാക്യം നോക്കുക. (യിരെ, 13:23). ഐത്യോപ്യ രാജ്ഞിയുടെ ഭണ്ഡാരകാര്യവിചാരകനായ ഈ ഷണ്ഡൻ കന്ദക്ക രാജ്ഞിയുടെ കൊട്ടാരത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. പ്രാചീനകാലത്ത് അന്തഃപുര പാലകരായിരുന്ന ഷണ്ഡന്മാർ ഉന്നതസ്ഥാനങ്ങളിലെത്തുക സ്വാഭാവികമായിരുന്നു. ഫിലിപ്പോസിൽ നിന്നും സുവിശേഷം കേട്ട് ഷണ്ഡൻ ഒരു ക്രിസ്ത്യാനിയായി. യെഹൂദാ മതത്തോടുള്ള അടുപ്പവും പഴയനിയമ തിരുവെഴുത്തുകളിലുള്ള അറിവും യെഹൂദന്മാരുമായുള്ള സമ്പർക്കത്തിൽ നിന്നും ഈ ഷണ്ഡനു കിട്ടിയതാണ്. തേരിലിരുന്നു ഷണ്ഡൻ വായിച്ചുകൊണ്ടിരുന്നത് യെശയ്യാ പ്രവചനം 53-ാം അദ്ധ്യായമായിരുന്നു. ദക്ഷിണ ഈജിപറിൽ ധാരാളം യെഹൂദന്മാർ അക്കാലത്തു പാർപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. അവരുടെ ജീവിതരീതികളും ചിന്തയും എത്യോപ്യരിൽ ഗണ്യമായ സ്വാധീനം ചെലുത്തി. തിരുവെഴുത്തുകൾ വായിക്കുവാനുള്ള തീക്ഷ്ണത, സുവിശേഷം പെട്ടെന്നു സ്വീകരിക്കുവാനുള്ള സന്നദ്ധത, ഉടനെയുള്ള സ്നാനം ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഷണ്ഡനിൽ ഉണ്ടായിരുന്ന സത്യദൈവത്തെക്കുറിച്ചുള്ള എരിവാണ്. എത്യോപ്യയിലെ പാരമ്പര്യം അനുസരിച്ചു അവിടത്തെ ആദ്യത്തെ സുവിശേഷകൻ ഷണ്ഡനാണ്. ഷണ്ഡന്റെ മാനസാന്തരം സങ്കീർത്തനം 68:31-ന്റെ ഭാഗികമായ നിറവേറലായി വ്യാഖ്യാനിക്കപ്പെടുന്നു. “മിസ്രയീമിൽ നിന്നു മഹത്തുക്കൾ വരും, കുശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.” ഷണ്ഡന്റെ മാനസാന്തരത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. പ്രവൃത്തി 8,9,10 എന്നീ മൂന്നു അദ്ധ്യായങ്ങളിൽ മൂന്നുപേരുടെ മാനസാന്തരം (ഷണ്ഡൻ, ശൗൽ , കൊർണേല്യാസ്) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൂന്നുപേരും നോഹയുടെ മൂന്നു പുത്രന്മാരിൽ നിന്ന് ഉണ്ടായ മൂന്നു വർഗ്ഗങ്ങളുടെ പ്രതിനിധികളാണ്. ഷണ്ഡൻ ഹാമ്യനാണ്, ശൗൽ ശേമ്യനാണ്, കൊർന്നേല്യൊസ് യാഫെത്യനും. ക്രിസ്തുമതത്തിന്റെ തുടക്കത്തിൽതന്നെ എല്ലാ വംശങ്ങളും ക്രിസ്തുവിൽ ഒന്നായിതീരുന്ന മഹത്വപൂർണ്ണമായ ദൈവികവ്യവസ്ഥയെ ഇതു വെളിപ്പെടുന്നു.

One thought on “ഷണ്ഡൻ്റെ മാനസാന്തരം”

Leave a Reply

Your email address will not be published. Required fields are marked *