വീണ്ടുംജനനം

വീണ്ടുംജനനം (Born again)

“കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23)

ജനനം ഒരത്ഭുതമാണ്; വീണ്ടുംജനനം അത്ഭുതകരവും. വീണ്ടുംജനനം എന്ന അത്ഭുതത്തിന് സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും ദൈവത്തിന് നന്ദിയും സ്തോത്രവും അർപ്പിക്കുന്നത് സ്വർഗ്ഗം ഒരിക്കലും നിറുത്തിയിട്ടില്ല. ദൈവമക്കളെ കുറിച്ചുള്ള പ്രസ്താവനകൾ തിരുവെഴുത്തുകളിൽ ആവർത്തിച്ചുകാണാം. ദൈവമക്കളാകേണ്ടതിന് ദൈവത്തിന്റെ കുടുംബത്തിൽ ജനിക്കേണ്ടതാവശ്യമാണ്. പുതുജനനം, പുനർജ്ജനനം, ജീവിപ്പിക്കുക, ഉയിർപ്പിക്കുക , ദൈവമക്കൾ, പുതിയ സൃഷ്ടി എന്നീ പ്രയോഗങ്ങൾ വീണ്ടുംജനനത്തിന്റെ അത്ഭുതത്തെക്കുറിച്ചുള്ള ചിന്ത നമ്മിൽ ഉദ്ദീപിപ്പിക്കുന്നു. നിത്യജീവൻ ലഭിച്ച് ദൈവപൈതലായി തീരുവാൻ ആത്മീയമായി മരിച്ച അവസ്ഥയിൽ ഈ ലോകത്തു ജനിക്കുന്ന മനുഷ്യൻ രണ്ടാമതൊരിക്കൽകൂടി ജനിക്കേണ്ടതാണ്. 

ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടത്രേ. സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല ദൈവകുടുംബത്തിൽ ഒരു വ്യക്തി ജനിക്കുന്നത്. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ (agent) ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു. ശരീരത്തെയല്ല, ആത്മാവിനെയത്രേ പരിശുദ്ധാത്മാവ് ജനിപ്പിക്കുന്നത്. വീണ്ടും ജനനത്തിൽ പരിശുദ്ധാത്മാവ് പുതിയ ശരീരം നല്കുന്നില്ല. പുനരുത്ഥാനത്തിൽ മാത്രമേ പുതിയശരീരം ലഭിക്കുകയുള്ളൂ. ക്രിസ്തുവിന്റെ രക്തമാണ് വീണ്ടും ജനനത്തിനടിസ്ഥാനം. അതിന്റെ കരണമാണ് വിശ്വാസം. പരിശുദ്ധാത്മാവാണ് കാരകൻ; ദൈവവചനമാണ് മാദ്ധ്യമം. അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുകയാണ് വീണ്ടും ജനിപ്പിക്കലിന്റെ ലക്ഷ്യം. 

വിശ്വാസത്താലാണ് വീണ്ടുംജനനം നടക്കുന്നത്. “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (ഗലാ, 3:26). ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് ദൈവമക്കൾ ആകുന്നത്. (യോഹ, 1:12). വിശ്വാസത്താലാണ് വീണ്ടുംജനനം സംഭവിക്കുന്നതെന്ന് യിസ്രായേൽ മക്കൾക്ക് മരുഭൂമിപ്രയാണത്തിൽ ഉണ്ടായ അനുഭവം ഉദ്ധരിച്ച് യേശു വിശദമാക്കി. (യോഹ, 3:14,15). ദൈവത്തെ അവിശ്വസിക്കുകയും പിറുപിറുക്കുകയും ചെയ്തതുകൊണ്ട് സർപ്പങ്ങൾ വന്ന് കടിക്കുക നിമിത്തം അനേകർ മരിച്ചു. ദൈവകല്പനയാൽ മോശെ ഉയർത്തിയ പിച്ചളസർപ്പത്തെ നോക്കിയവരെല്ലാം രക്ഷ പ്രാപിച്ചു. അവർക്ക് പ്രവർത്തിക്കുകയോ, പ്രാർത്ഥിക്കുകയോ, അപേക്ഷിക്കുകയോ, വില കൊടുക്കുകയോ ചെയ്യേണ്ടിവന്നില്ല. ഒന്നു നോക്കിയാൽ മാത്രം മതി. നോക്കുക എന്നത് വിശ്വാസത്തിന്റെ പ്രതികരണം മാത്രമാണ്. 

വീണ്ടുംജനനത്തിന്റെ പ്രാധാന്യം: ഒന്നാമതായി, ദൈവകുടുംബത്തിലെ അംഗമായി തീരുന്നു. ജനനത്തിലൂടെയാണ് ഒരുവ്യക്തി ഭൗമികകുടുംബത്തിലെ അംഗമായിതീരുന്നത്. വീണ്ടുംജനനത്തിലൂടെയാണ് ഒരു വ്യക്തിക്ക് ദൈവമകനായിതീർന്ന് ദൈവകുടുംബത്തിലെ അംഗമായിതീരുവാൻ സാധിക്കുന്നത്. “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.” (യോഹ, 1:12, 13). വീണ്ടും ജനനത്തിലൂടെ ഒരു വ്യക്തിക്ക് നിത്യജീവനും ദിവ്യസ്വഭാവവും ലഭിക്കുന്നു. 

രണ്ടാമതായി, ദൈവരാജ്യത്തിനു അവകാശിയായിത്തീരുന്നു. ദൈവരാജ്യത്തിലേക്കുള്ള പ്രവേശനകവാടമാണ് വീണ്ടുംജനനം. ദൈവരാജ്യത്തിൽ ഒരു വ്യക്തി പ്രവേശിക്കുന്നത് വീണ്ടുംജനനത്തിലൂടെ മാത്രമാണ്. നിക്കോദേമൊസിനോട് ക്രിസ്തു വ്യക്തമാക്കി: “ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. നിക്കോദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ലാ.” (യോഹ, 3:3-5).

വീണ്ടുംജനനം എന്തല്ല? സ്നാനമല്ല: സ്നാനത്തോടു കൂടെയോ, സ്നാനത്തിന്റെ ഫലമായോ ഉണ്ടാകുന്നതല്ല വീണ്ടുംജനനം. സുവിശേഷത്താലാണ് ഒരു വ്യക്തി വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്കു വരുന്നത്. “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). അപ്പൊസ്തലനായ പൗലൊസ് സ്പഷ്ടമായി രേഖപ്പെടുത്തുന്നു: “നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചത്.” (1കൊരി, 4:15). “എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേക്രിസ്തു എന്നെ അയച്ചത്” (1കൊരി, 1:14-17) എന്നിങ്ങനെ അപ്പൊസ്തലൻ പറയുന്നതും ശ്രദ്ധിക്കുക. 

സ്നാനത്താലുള്ള വീണ്ടുംജനനം പഠിപ്പിക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ചില വാക്യങ്ങളുണ്ട്: (യോഹ, 3:5; മർക്കൊ, 16:16; തീത്തൊ, 3:6) തുടങ്ങിയവ. ഈ വാക്യങ്ങളൊന്നും സ്നാനത്താലുള്ള വീണ്ടുംജനനത്തെക്കുറിച്ചു പഠിപ്പിക്കുന്നില്ലെന്നു മാത്രമല്ല, അങ്ങനെ വ്യാഖ്യാനിക്കുന്നത് മുകളിലുദ്ധരിച്ച പൗലൊസ് അപ്പൊസ്തലന്റെ എഴുത്തുകൾക്കും ഉപദേശത്തിനും വിരുദ്ധമാവുകയും ചെയ്യും. എഫെസ്യർ 5:26-ൽ പറയുന്നപ്രകാരം വചനം എന്ന ജലസ്നാനം എന്നു മനസ്സിലാക്കുകയാണ് യുക്തം. മർക്കൊസ് 16:16-ൽ “വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പറഞ്ഞശേഷം വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിരിക്കുന്നതും, സ്നാനം ഏല്ക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിട്ടില്ലാത്തതും പ്രത്യേകം ശ്രദ്ധി ക്കേണ്ടതാണ്. ക്രൂശിൽക്കിടന്ന് അനുതപിച്ച കള്ളൻ സ്നാനമേറ്റില്ല; പ്രത്യുത യേശു രാജാവാണെന്നു വിശ്വസിച്ചു രക്ഷപ്രാപിക്കുകയാണ് ചെയ്തത്. (ലൂക്കൊ, 23:42,43). യോഹഹന്നാൻ 3:5-ലെ വെള്ളത്താലും ആത്മാവിനാലും എന്നതു വെള്ളത്തെ ആത്മാവിന്റെ ഉപമാനമായി എടുക്കുന്നത് മൂലഭാഷാപ്രയോഗത്തിനും സന്ദർഭത്തിനും വിരുദ്ധമല്ല. യോഹന്നാൻ 7:38-ൽ “എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു പറഞ്ഞിരിക്കുന്നത് “തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു” (7:39) പറഞ്ഞതെന്നും ഓർക്കുക.

വീണ്ടുംജനനം വെറും മനംമാറ്റമല്ല: മാനസികവൃത്തികളുടെ ഒരു സ്വാഭാവികമായ മാറ്റമല്ല വീണ്ടും ജനനം. നിക്കോദേമൊസിനോടു ക്രിസ്തു പറയുന്ന വാക്കുകൾ ഇതു സ്പഷ്ടമാക്കുന്നു. സാന്മാർഗ്ഗികമോ അനുഷ്ഠാനപരമോ ആയ ഒരു മനം തിരിവല്ല, അതു ജഡത്തിന്റേതാണ്. വീണ്ടുംജനനം ആത്മാവിനാലുള്ളതാണ്. മനംതിരിവ് മാനുഷിക ഹിതത്താൽ സംഭവിക്കുന്നതാണ്. എന്നാൽ വീണ്ടും ജനനം ദൈവത്തിന്റെ ഭാഗത്തുനിന്നുള്ളതും ദൈവഹിതപ്രകാരം സംഭവിക്കുന്നതും അത്രേ. 

വീണ്ടുംജനനം എന്താണ്? ആത്മീയജനനം: ദൈവത്തിൽ നിന്നു ജനിക്കുന്നതത്രേ വീണ്ടുംജനനം. ഭൗതികമണ്ഡലത്തിലായാലും ആത്മീയമണ്ഡലത്തിലായാലും ജീവന്റെ ഉപാധി ജനനമാണ്. അതായത് ജനനത്തിലൂടെ മാത്രമേ ജീവൻ ലഭിക്കുകയുള്ളൂ. ജനനം കൂടാതെ ജീവനില്ല. വീണ്ടുംജനിപ്പിക്കൽ ദൈവത്തിന്റെ പ്രവൃത്തിയാണ്. അതൊരു സ്വാഭാവികമായ പ്രക്രിയയല്ല; മനുഷ്യന്റെ പ്രവൃത്തിയുമല്ല. പരിശുദ്ധാത്മാവിലൂടെ ദൈവിക സ്വഭാവം മനുഷ്യനിൽ ഉളവാകുന്നതാണ് വീണ്ടുംജനനം. വീണ്ടുംജനനം പ്രാപിച്ചവർ ദൈവമക്കളായിത്തീരുന്നു. “തന്റെ മഹത്ത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളെ നൽകിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.” (2പത്രൊ, 1:3,4). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23. ഒ.നോ: യോഹ, 1:13; യാക്കോ, 1:18; 1യോഹ, 3:9; 4:1). 

ആത്മീയപുനരുത്ഥാനം: ജീവൻ നഷ്ടപ്പെട്ടുപോയതിലേക്കു ജീവനെ പുനഃപ്രവേശിപ്പിക്കുന്നതാണ് പുനരുത്ഥാനം അഥവാ ഉയിർപ്പിക്കൽ. പാപം മൂലം ആത്മാവു മരിച്ച അവസ്ഥയിലായി. ദൈവത്തിൽ നിന്നുള്ള വേർപാടാണ് മരണം. ദൈവത്തോടു വീണ്ടും ചേരുന്നതാണ് ജനനം. ആത്മീയമായി മരിച്ച അവസ്ഥയിൽ നിന്നും ആത്മീയമായി ഉയിർത്ത് ദൈവവുമായി കൂട്ടായ്മ പുലർത്തുന്നതാണത്. “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.” (എഫെ, 2:1). “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും, കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു, ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാൽസല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന് ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേൽപ്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.” (എഫെ, 2:4-7).

ആത്മീയമണ്ഡലത്തിലേക്കുള്ള മാറ്റം: വീണ്ടും ജനനത്തിലൂടെ ഒരു മണ്ഡലത്തിൽ നിന്നു മറ്റൊരു മണ്ഡലത്തിലേയ്ക്ക് അഥവാ ഒരധികാരത്തിൻകീഴ് നിന്നു മറ്റൊരധികാരത്തിൻ കീഴിലേയ്ക്ക് മാറ്റപ്പെടുന്നു. സാത്താന്റെ ഭരണത്തിൻ കീഴുള്ള അന്ധകാരസാമ്രാജ്യത്തിൽ നിന്നും സ്നേഹസ്വരൂപനായ ക്രിസ്തുവിന്റെ രാജ്യത്തിലേക്കുള്ള മാറ്റമാണ് വീണ്ടുംജനനം. “നമ്മെ ഇരുട്ടിന്റെ അന്ധകാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെയ്ക്കുകയും ചെയ്തു.” (കൊലൊ, 1:13). 

ആത്മീയസൃഷ്ടി: വീണ്ടും ജനനത്താൽ ഒരു വ്യക്തി പുതിയ സൃഷ്ടിയായി മാറുന്നു. പഴയതെല്ലാം എന്നേക്കുമായി ഒഴിഞ്ഞുപോകുകയാണ്. “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായിത്തീർന്നിരിക്കുന്നു.” (2കൊരി, 5:17). “നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു.” (എഫെ, 2:10). 

വീണ്ടുംജനനത്തിന്റെ വിധം: വീണ്ടുംജനിപ്പിക്കൽ ദൈവത്തിന്റെ പരമാധികാരത്തിലുൾപ്പെട്ടതാണ്. ദൈവം തന്റെ ഹിതത്താലും മുൻനിർണ്ണയത്താലുമാണ് ഒരു വ്യക്തിയെ വീണ്ടും ജനിപ്പിക്കുന്നത്. “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിനു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നന്നെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കൊ, 1:18. ഒ.നോ: യോഹ, 1:13; 3:5; തീത്തൊ, 3:6). വീണ്ടുംജനനത്തിന് ഒരു വ്യക്തിയുടെ പക്ഷത്തു രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അവ: 

കൈക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുക: ദൈവവചനത്തിലൂടെയാണ് പരിശുദ്ധാത്മാവ് വീണ്ടുംജനനത്തിനുവേണ്ടി ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്നത്. ദൈവവചനത്തെ സംശയിക്കുക മൂലമാണ് മനുഷ്യൻ പാപത്തിൽ വീണത്. പാപത്തിൽ നിന്നു മനുഷ്യൻ രക്ഷിക്കപ്പെടുന്നതും തന്മൂലം ദൈവവചനം വിശ്വസിക്കുന്നതിലൂടെയത്രേ. (യാക്കൊ, 1:18; 1കൊരി, 4:15; 1പത്രൊ, 1:23).

ജീവന്റെ വചനമായ ക്രിസ്തുവിനെ സ്വീകരിക്കുക: ക്രിസ്തുവിനെ വിശ്വസിക്കുകയും കൈക്കൊള്ളുകയും ചെയ്യുന്നതുകൊണ്ടു മാത്രമേ വീണ്ടുംജനനം ഉണ്ടാകൂ. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” (യോഹ, 1:1). “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹ, 1:12). 

വീണ്ടുംജനനത്തിന്റെ ഫലങ്ങൾ: ജീവിതത്തിലും അനുഭവത്തിലും സമൂലമായ പരിവർത്തനം: ജീവിതത്തിൽ ഉടൻ തന്നെ ഏർപ്പെടുന്ന വലിയ മാറ്റം ഒരു വ്യക്തിയെ പുതിയ സൃഷ്ടിയാക്കിത്തീർക്കുന്നു. (2കൊരി, 5:17).

ദൈവപുത്രത്വം: സ്വർഗ്ഗീയ ദൈവത്തിന്റെ പുത്രനായിത്തീരുന്നു. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. (യോഹ, 1:12). 

പരിശുദ്ധാത്മാവിന്റെ ഉൾവാസം: പൂതത്വത്തിന്റെ ആത്മാവായി പരിശുദ്ധാത്മാവ് വീണ്ടുംജനന സമയത്ത് വ്യക്തിയുടെ ഉള്ളിൽ വസിക്കാൻ തുടങ്ങുന്നു. ‘നിങ്ങളോ ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മ സ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു. യേശുവിനെ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽ നിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ട് നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.” (റോമ, 8:8-11. ഒ.നൊ: 1കൊരി, 3:16; 6:19). ഒരു ദൈവപൈതലിനെ വഴിനടത്തുന്നതു പരിശുദ്ധാത്മാവാണ്. 

ജഡത്തിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനം: മനുഷ്യന്റെ അധമപ്രകൃതിയെ കുറിക്കുന്ന പ്രയോഗമാണ് ജഡം. വീണ്ടും ജനനം പ്രാപിച്ച ഒരു വ്യക്തി ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ കൂശിച്ചവനാണ്. (ഗലാ, 5:24). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.” (റോമ, 8:3). “നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ.” (റോമ, 8:9). വീണ്ടുംജനിച്ച വ്യക്തി ജഡത്തിൽ വസിക്കുകയാണെങ്കിലും ജഡത്തിന്റെ അധീശത്വത്തിൽ നിന്നും മുക്തനാണ്. ജഡം അവനിൽ കർതൃത്വം നടത്തുന്നില്ല. 

ക്രിസ്തുവിൽ സ്ഥായിയായ വിശ്വാസം: ഒരു ദൈവപൈതൽ ക്രിസ്തുവിന്റെ ദൈവത്വത്തിൽ ദൃഢമായി വിശ്വസിക്കുന്നു. “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.” (1യോഹ, 5:1). 

ലോകത്തെ ജയിക്കുന്നു: ലോകം ദൈവത്തിനെതിരാണ്. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുക നിമിത്തം (1യോഹ, 5:19) വിശ്വാസിയെ ദൈവത്തിൽ നിന്നകറ്റുവാൻ ലോകം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കയാണ്. ദൈവത്തിൽ നിന്നും ജനിച്ചവർക്കുമാത്രമേ ലോകത്തെ ജയിക്കാൻ സാധിക്കൂ. “ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.” (1യോഹ, 5:4). 

പാപാചരണം വിട്ടൊഴിയുന്നു: ദൈവത്തിൽ നിന്നു ജനിച്ച വ്യക്തിക്ക് പാപത്തിൽ തുടരാൻ സാദ്ധ്യമല്ല; കാരണം അവനിൽ ദൈവത്തിന്റെ വിത്തു വസിക്കുന്നു. “ദൈവത്തിൽ നിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല: അവന്റെ വിത്തു അവനിൽ വസിക്കുന്നു. ദൈവത്തിൽ നിന്നു ജനിച്ചതിനാൽ അവനു പാപം ചെയ്യാൻ കഴികയുമില്ല.” (1യോഹ, 3:9).

നീതി പ്രവർത്തിക്കുന്നു: ദൈവവചനത്തിലൂടെ വെളിപ്പെട്ട ദൈവഹിതത്തെക്കുറിക്കുകയാണ് നീതി. ദൈവത്തിൽ നിന്നു ജനിച്ച വ്യക്തി എല്ലായ്പ്പോഴും നീതി പ്രവർത്തിക്കുവാൻ ബദ്ധശ്രദ്ധനാണ്. പ്രായോഗികജീവിതം നീതിയിലധിഷ്ഠിതമാണ്. “അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽ നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.” (1യോഹ, 2:29). 

സഹോദരനെ സ്നേഹിക്കുന്നു: ദൈവികഗുണം മാത്രമല്ല, ദൈവത്തിന്റെ സ്വരൂപം തന്നെ സ്നേഹമാണ്. തന്മൂലം ദൈവത്തിൽനിന്നു ജനിച്ചവരിൽ ദൈവിക സ്നേഹത്തിന്റെ സ്പഷ്ടമായ പ്രവർത്തനവും പ്രകടനവും കാണാം. “നാം മരണംവിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം.” (1യോഹ, 3:14). തുടർന്ന് 15-18 വാക്യങ്ങളിൽ അപ്പൊസ്തലൻ സ്നേഹം എന്നാലെന്താണെന്നു വിശദമാക്കുന്നു. 

ദൈവത്തെ സ്നേഹിക്കുന്നു: “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1യോഹ, 4:19).

ദൈവവചനത്തെ സ്നേഹിക്കയും അതിനായി വാഞ്ഛിക്കുകയും ചെയ്യുന്നു: ഒരു വ്യക്തി വീണ്ടുംജനിക്കുന്നത് ദൈവവചനത്താലാണ്. ഈ വചനം തന്നെയാണ് വിശ്വാസിയെ നടത്തുന്നത്. ദൈവകൃപ പകരപ്പെടുന്ന മാധ്യമമാണത്. തന്മൂലം വീണ്ടും ജനിച്ചവൻ വചനത്തിനായി വാഞ്ഛിക്കയും വചനത്തെ സ്നേഹിക്കുകയും ചെയ്യുന്നു. “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ.” (1പത്രൊ, 2:2. ഒ.നോ: സങ്കീ, 119:97, 113,127, 130). 

ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയിത്തീരുന്നു: “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ?” (റോമ, 8:17).

Leave a Reply

Your email address will not be published. Required fields are marked *