ലേവ്യർ

ലേവ്യപുസ്തകം (Leviticus) 

പഴയനിയമത്തിലെ ഒന്നാം വിഭാഗമായ ഗ്രന്ഥപഞ്ചകത്തിലെ മൂന്നാമത്തെ പുസ്തകം. ഈ പുസ്തകത്തിനു ഗ്രീക്കു സെപ്റ്റ്വജിന്റിൽ നല്കിയിട്ടുള്ള പേർ ‘ലെവെറ്റികൊൻ’ (ലേവ്യരെ സംബന്ധിച്ചുള്ളത്) എന്നാണ്. ലത്തീൻ പേരായ Liber Leviticus-ന്റെ തർജ്ജമയാണ് ലേവ്യപുസ്തകം. എബായപേർ ‘വയ്യിഖ്റാ’ (അവൻ വിളിച്ചു) ആണ്. ഇത് ലേവ്യർ 1:1-ലെ ആദ്യപദമാണ്. പുരോഹിതന്മാരുടെ നിയമം, പുരോഹിതന്മാരുടെ പുസ്തകം, വഴിപാടുകളുടെ നിയമം എന്നീ പേരുകളിലാണ് മിഷ്ണയിൽ ലേവ്യപുസ്തകം അറിയപ്പെടുന്നത്. പുസ്തകത്തിലെ പ്രതിപാദ്യത്തെ സൂചിപ്പിക്കുന്ന പേരുകളാണവ. പുറപ്പാടുപുസ്തകം വീണ്ടെടുപ്പിന്റെ പുസ്തകം ആയിരിക്കുന്നതു പോലെ, ലേവ്യ പുസ്തകം വീണ്ടെടുക്കപ്പെട്ടവരുടെ ശുദ്ധീകരണം, ആരാധന, ശുശൂഷ എന്നിവയുടെ പുസ്തകമാണ്. ലേവ്യപുസ്തകത്തിലെ പ്രതിപാദ്യം ഏറിയകൂറും പുരോഹിതന്മാരെ കുറിച്ചാണ്. ലേവ്യരെക്കുറിച്ചു വളരെക്കുറച്ചു മാത്രമേ പറയുന്നുള്ളൂ. ഈ കാരണം ചൂണ്ടിക്കാണിച്ചു പേരിന്റെ സാംഗത്യത്തിൽ സംശയം തോന്നാം. എന്നാൽ പുരോഹിതന്മാർ, ലേവ്യ പുരോഹിതന്മാരാണെന്നതു സംശയനിവൃത്തി വരുത്തും. എബ്രായർ 7-ൽ ലേവ്യ പൗരോഹിത്യത്തെക്കുറിച്ചു പറയുന്നതു ശ്രദ്ധിച്ചാൽ മതിയാകും.

ഗ്രന്ഥകർത്താവ്: പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ മോശെ എഴുതിയെന്നു മോശെയുടെ കാലം മുതൽ തന്നെ യിസ്രായേൽ ജനം വിശ്വസിച്ചിരുന്നു. അതിനുള്ള ശക്തമായ തെളിവുകൾ തിരുവെഴുത്തുകളിൽ നിന്നും ലഭിക്കുന്നുണ്ട് (പുറ 17:14; 24:4; 34:27; സംഖ്യാ 33:2; ആവ 31:19, 24-26; യോശുവ 1:8; 8:31; 1 രാജാ 2:3; 1 കൊരി 9:9). യേശു ക്രിസ്തുവിന്റെ പ്രസ്താവനയിലും അത് വ്യക്തമാണ് (മത്താ 19:8; ലൂക്കൊ 24:44; യോഹ 5:46-47; 7:19). മോശയുടെ കാലത്തു സീനായിൽ വച്ച് ദൈവം നല്കിയ വെളിപ്പാടിനോടു ഈ പുസ്തകത്തിന്റെ ഉള്ളടക്കം ബന്ധപ്പെട്ടിരിക്കുന്നു. (7:37; 26:46; 27:34). എന്നാലതു ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്തത്വത്തിന്റെ പ്രശ്നം പരിഹരിക്കുന്നില്ല. പുറപ്പാടിന്റെ പല ഭാഗങ്ങളിലും മോശെയെ എഴുത്തുകാരനായി പറയുന്നെങ്കിലും (പുറ, 17:14; 24:4; 34:27) ലേവ്യ പുസ്തകത്തിന്റെ ഒരു ഭാഗമെങ്കിലും മോശെ എഴുതിയതായി പറഞ്ഞിട്ടില്ല. ഇന്നു നമ്മുടെ കൈവശം ഉള്ളതുപോലെ മോശെ ഇതിനെ ക്രമമായി ചിട്ടപ്പെടുത്തിയതാകാനും ഇടയുണ്ട്. ലേവ്യ പുസ്തകത്തിലെ 27 അദ്ധ്യായങ്ങളിൽ 56 പ്രാവശ്യമെങ്കിലും ഈ ന്യായപ്രമാണ കല്പനകളെ യഹോവ മോശെയ്ക്ക് നല്കി എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നും മോശെയുടെ ഗ്രന്ഥകർത്തത്വം അംഗീകരിക്കാവുന്നതേയുള്ളു.

എഴുതിയ കാലം: മിസ്രയീമിൽ നിന്നുള്ള പുറപ്പാടിൻ്റെയും മരുഭൂവാസത്തിൻ്റെയും കാലത്താണ് പഞ്ചഗ്രന്ഥങ്ങൾ എഴുതുന്നത്. അത് ബി.സി. 1572-1532-ലാണ്. 

ഉദ്ദേശ്യം: 400 വർഷമായി യിസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്നതിനാൽ, അവരുടെ ദൈവസങ്കല്പം ബഹുദൈവ പുറജാതീയ ഈജിപ്തുകാർ വളച്ചൊടിച്ചിരുന്നു. പാപിയായ, എന്നാൽ വീണ്ടെടുക്കപ്പെട്ട ഒരു മനുഷ്യനെ പരിശുദ്ധ ദൈവവുമായുള്ള ബന്ധത്തിൽ നയിക്കാൻ നിർദ്ദേശങ്ങളും നിയമങ്ങളും നൽകുക എന്നതാണ് ലേവ്യപുസ്തകത്തിന്റെ ലക്ഷ്യം. ഒരു വിശുദ്ധ ദൈവത്തോടുള്ള പ്രതികരണമായി വ്യക്തിപരമായ വിശുദ്ധിയുടെ ആവശ്യകതയെക്കുറിച്ച് ലേവ്യപുസ്തകത്തിൽ ഊന്നൽ ഉണ്ട്. ശരിയായ യാഗങ്ങൾ അർപ്പിക്കുന്നതിലൂടെ പാപത്തിന് പ്രായശ്ചിത്തം ചെയ്യണം. (അ, 8-10). ഭക്ഷണരീതികൾ (ശുദ്ധവും അശുദ്ധവുമായ ഭക്ഷണങ്ങൾ), പ്രസവം, ശ്രദ്ധാപൂർവ്വം നിയന്ത്രിക്കാവുന്ന രോഗങ്ങൾ എന്നിവയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് വിഷയങ്ങൾ (11-15 അ). പാപപരിഹാര ദിനത്തെ 16-ാം അധ്യായം വിവരിക്കുന്നു. കൂടാതെ, അന്നത്തെ വിജാതീയരുടെ നിലവിലെ രീതികൾക്ക് വിരുദ്ധമായി, ദൈവജനം അവരുടെ വ്യക്തിപരവും, ധാർമ്മികവും, സാമൂഹികവുമായ ജീവിതത്തിൽ ശ്രദ്ധാലുക്കൾ ആകുവാനും നിർദ്ദേശിക്കുന്നു. (17-22 അ).

പ്രധാന വാക്യങ്ങൾ: 1. “അവൻ ഹോമയാഗത്തിന്റെ തലയിൽ കൈവെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സുഗ്രാഹ്യമാകും.” ലേവ്യർ 1:4.

2. “മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.” ലേവ്യർ 17:11.

3. “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.” ലേവ്യർ 19:18.

ബാഹ്യരേഖ: I. ദൈവത്തോടടുത്തു വരാനുള്ള മാർഗ്ഗം: 1:1-10:20. 

1. യാഗങ്ങൾ: 1:1-7:38.

a. ഹോമയാഗം: (അ.1)

b. ഭോജനയാഗം: (അ.2)

c. സമാധാനയാഗം: (അ.3)

d. പാപയാഗം: (4:1-5:13)

e. അകൃത്യയാഗം: (5:14-6:7)

2. പുരോഹിതന്മാർ: 8:1-10:20.

a. പുരോഹിതന്മാരുടെ മോശയാലുള്ള അവരോധനം: (അ.8)

b. അഹരോൻ അർപ്പിക്കേണ്ട യാഗങ്ങൾ: (അ.9)

c. നാദാബ്, അബീഹൂ ഏന്നിവരുടെ ദൈവാലയ ധ്വംസനം: (അ.10)

II. ദൈവത്തിന്റെ മുമ്പിൽ വിശുദ്ധജീവിതം നയിക്കാനുള്ള മാർഗ്ഗങ്ങൾ: 11:1-27:34. 

1. ഭക്ഷണം സംബന്ധിച്ച്: 11:1-47. 

2. പ്രസവം സംബന്ധിച്ച്: 12:1-8.

3. കുഷ്ഠരോഗം സംബന്ധിച്ച്: 13:1-14:57.

4. സ്വകാര്യജീവിതം സംബന്ധിച്ച്: 15:1-33.

5. ആരാധനയും പാപപരിഹാര ദിവസവും: 16:1-17:16.

6. മാനുഷിക ബന്ധങ്ങൾ, ജനവും പുരോഹിതനും: 18:1-22:33.

7. ശബ്ബത്തും, ഏഴുത്സവങ്ങളും: 23:1-44.

a. ശബ്ബത്ത്: (23:1-3)

b. പെസഹ: (23:4,5)

c. പുളിപ്പില്ലാത്തപ്പം: (23:6-8)

d. ആദ്യഫലക്കറ്റ: (23:9-14)

e. വാരോത്സവം: (23:15-22)

f. കാഹളധ്വനി: (23:23-25)

g. പാപപരിഹാരം: (23:26-32)

h. കൂടാരപ്പെരുന്നാൾ: (23:33,34)

8. എണ്ണ, കാഴ്ചയപ്പത്തിന്റെ മേശ തുടങ്ങിയവ: 24:1-23. 

9. ശബ്ബത്ത്, യോവേൽ സംവത്സരം തുടങ്ങിയവ: 25:1-55.

10. അനുഗ്രഹങ്ങളും ശാപങ്ങളും: 26:1-47.

a. ദൈവത്തെ അനുസരിക്കുന്നവർകുള്ള അനുഗ്രഹങ്ങൾ: (26:1-13)

b. ദൈവത്തെ ആനുസരിക്കാത്തവർക്കുള്ള ശാപങ്ങൾ: (26:14-39)

c. അനുതാപം, ഏറ്റുപറച്ചിൽ എന്നിവയാലുള്ള പുനരുത്ഥാരണം: 26:40-46)

11. നേർച്ചയും ദശാംശവും: 27:1-34.

ലേവ്യരിലെ പൂർണ്ണവിഷയം

അഞ്ചു പ്രധാനപ്പെട്ട യാഗങ്ങൾ/വഴിപാടുകൾ 1:1—6:7
ദഹനയാഗം 1:1-17
ഭോജനയാഗം 2:1-16
സമാധാനയാഗം 3:1-17
പാപയാഗം 4:1—5:13
അകൃത്യയാഗം 5:14—6:7
തുടര്‍മാനമായ ഹോമയാഗം 6:8-13
വഴിപാടുകളെക്കുറിച്ചുള്ള കൂടുതൽ നിര്‍ദ്ദേശങ്ങൾ 6:14—7:38
പുരോഹിതന്മാർ പ്രതിഷ്ഠിക്കപ്പെടുന്നു 8:1-36
പുരോഹിതന്മാര്‍ പ്രവൃത്തി ആരംഭിക്കുന്നു 9:1-24
നാദാബ് അബീഹു എന്നിവരുടെ മരണം 10:1-7
പുരോഹിതന്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങൾ 10:8-20
ശുദ്ധിയും അശുദ്ധിയും 11:1—15:33
ശുദ്ധവും അശുദ്ധവുമായ ഭക്ഷണം 11:1-47
ജനനത്തിനുശേഷമുള്ള ശുദ്ധീകരണം 12:1-8
കുഷ്ഠരോഗത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 13:1-46
ഭിത്തിമേലുള്ള വടുക്കളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 13:47-59
കുഷ്ടരോഗത്തിന്റെ ശുദ്ധീകരണം 14:1-32
വടുക്കളുടെ ശുദ്ധീകരണം 14:33-57
ശരീര സ്രവങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ 15:1-33
മഹാപാപപരിഹാരദിനം 16:1-34
യാഗത്തിനുള്ള സ്ഥലം 17:1-9
രക്തം ഭക്ഷിക്കുന്നതിനുള്ള വിലക്കു 17:10-14
വിലക്കപ്പെട്ട ലൈംഗിക ബന്ധങ്ങൾ 18:1-30
വിവിധ നിയമങ്ങളും പ്രമാണങ്ങളും 19:1—20:27
വിശുദ്ധിയും പുരോഹിത്മാരുടെ കര്‍ത്തവ്യങ്ങളും 21:1—22:33
ദൈവം നിയമിച്ച ഉത്സവങ്ങളും, സമയങ്ങളും 23:1-44
ശബ്ബത്ത് 23:3
പെസഹ, പുളിപ്പില്ലാത്ത അപ്പം 23:4-8
ആദ്യഫലം 23:9-14
പെന്തക്കോസ്ത്ത് 23:15-22
പാപപരിഹാരം 23:26-32
കൂടാരപെരുന്നാൾ 23:33-44
അപ്പവും എണ്ണയും നിരന്തരമായി ദൈവമുമ്പാകെ 24:1-9
ദൂഷണം പറയുന്നവനുള്ള ശിക്ഷ 24:10-23
ശബ്ബത്ത് സംവത്സരം 25:1-7
യോബേൽ സംവത്സരം 25:8-55
അനുസരണത്തിനുള്ള അനുഗ്രഹങ്ങൾ 26:1-12
അനുസരണക്കേടിനുള്ള ശാപങ്ങൾ 26:13-46
വ്യക്തിനിയമങ്ങൾ 27:1-34

പ്രതിപാദ്യം: ലേവ്യപുസ്തകത്തിന്റെ ചരിത്രപരമായ പശ്ചാത്തലം യിസായേൽ മക്കളുടെ സീനായിയിലെ വാസമാണ്. ആരാധനയുടെ നിയമങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാന പ്രതിപാദ്യം. യിസ്രായേലിനു സീനായിയിൽ ഉണ്ടായ അനുഭവങ്ങളുടെ ആഖ്യാനം തുടരുക എന്ന ലക്ഷ്യം ലേവ്യപുസ്തക രചനയ്ക്കു പിന്നിലുണ്ട്. പുസ്തകത്തിന്റെ ആദ്യവചനങ്ങളിൽ നിന്നും, ആവർത്തിക്കപ്പെടുന്ന ശൈലിയിൽ നിന്നും ഇത് വ്യക്തമാണ്: യഹോവ മോശെയോട് അരുളിചെയ്തത് (1:1; 4:1; 5:14), യഹോവ അഹരോനോട് അരുളിചെയ്തത് (10:8), യഹോവ മോശെയോടും അഹരോനോടും അരുളിചെ യ്തത് (11:1; 13:1) എന്നിവ ശ്രദ്ധിക്കുക.

“നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജവും ആകും” (പുറ 19:6) എന്ന വാഗ്ദത്തത്തിനായി യിസ്രായേല്യർ സീസായി പർവ്വതത്തിൽ ഒരുക്കപ്പെട്ടു കഴിഞ്ഞു. യഹോവയ്ക്ക് അവരുടെ മദ്ധ്യേ വസിക്കുവാനുള്ള സമാഗമനകൂടാരം പാളയത്തിന്റെ മദ്ധ്യേ തയ്യാറായിക്കഴിഞ്ഞു. (പുറ, 40). വഴിപാടുകളെക്കുറിച്ചുളള നിയമങ്ങൾ (ലേവ്യ, 1-7) ഒരു പ്രത്യേക ഘടകമായി മുമ്പു തന്നെ നിലവിലിരുന്നു. (ലേവ്യ, 7:35-38). യാഗാർപ്പണങ്ങളുടെ ചരിത്രം ഉല്പത്തി 4:3-5-ൽ തന്നെ ആരംഭിക്കുന്നു. യാഗങ്ങളെയും വഴിപാടുകളെയും സംബന്ധിക്കുന്ന ഭാഗങ്ങൾ ഗ്രന്ഥപഞ്ചകത്തിൽ ലേവ്യപുസ്തകത്തിനു മുമ്പുതന്നെ ഉണ്ട്. എന്നാൽ ലേവ്യപുസ്തകത്തിൽ യാഗങ്ങളുടെ ക്രമീകരണം മുഴുവൻ യഹോവ നിയന്ത്രിക്കുകയും യിസായേലിന്റെ പാപപരിഹാരത്തിനുള്ള മാർഗ്ഗമായി അതിനെ പ്രത്യേക രീതിയിൽ സ്ഥാപിക്കുകയും ചെയ്യുന്നു. രക്തം ഭക്ഷിക്കരുതെന്ന നിരോധനം 3:17-ലും 7:26-ലും ഉണ്ട്. എന്നാൽ അതിന്റെ കാരണം പറഞ്ഞിരിക്കുന്നത് 17:11-ലാണ്. ഈ വാക്യത്തിന്റെ വെളിച്ചത്തിലായിരിക്കണം ഒന്നു മുതൽ 7 വരെയുള്ള അദ്ധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന രക്തച്ചൊരിച്ചിലിനെയും രക്തം തളിക്കലിനെയും മനസ്സിലാക്കേണ്ടത്. ഇത് ലേവ്യ പുസ്തകത്തിന്റെ ഐക്യത്തെ തെളിയിക്കുന്ന ഒരു സൂചനയാണ്. 

അശുദ്ധിയെ സംബന്ധിക്കുന്ന ചട്ടങ്ങൾ 7:21-ലുണ്ട്. 11-15 വരെയുള്ള അദ്ധ്യായങ്ങളിൽ അശുദ്ധിയെക്കുറിച്ചു വിശദമായി പറഞ്ഞിട്ടുണ്ട്.. ലേവ്യർ 10:10-ൽ ശുദ്ധവും അശുദ്ധവും നിർമ്മലവും മലിനവും തമ്മിലുള്ള വ്യത്യാസം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ 11-ാം അദ്ധ്യായത്തിലാണ് അതിന്റെ വിശദമായ പ്രതിപാദനമുള്ളത്. ശുദ്ധാശുദ്ധങ്ങളെക്കുറിച്ചുള്ള നിയമങ്ങൾ യിസ്രായേല്യർ പാപത്തെ ഒഴിച്ചു നിറുത്തേണ്ടുന്ന ആവശ്യത്തെ ചൂണ്ടിക്കാണിക്കുന്നു. ദൈവത്തെയും തന്റെ ജനത്തെയും തമ്മിൽ അകറ്റി നിർത്തുന്നത് പാപമാണ്. അതിനാൽ യാഗത്തിലൂടെയും (1-7 അ), പൗരോഹിത്യത്തിലുടെയും (8-10 അ) അവർ ദൈവത്തെ സമീപിക്കേണ്ടതാണ്. ശുദ്ധാശുദ്ധമൃഗങ്ങളെ സംബന്ധിച്ചുള്ള 11-ാം അദ്ധ്യായത്തിലെ നിയമങ്ങളിലെ സുചന 20:25-ൽ കാണാം. ഈ വാക്യം 18-20 വരെയുള്ള അദ്ധ്യായങ്ങളും 1-15 വരെയുള്ള അദ്ധ്യായങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്നു. ഇവയെല്ലാം ലേവ്യപുസ്തകത്തിന്റെ ഐക്യം വ്യക്തമാക്കുന്നു. ലേവ്യർ 17:26-ൽ കാണപ്പെടുന്ന പ്രമാണങ്ങൾ ‘വിശുദ്ധിയുടെ നിയമസംഹിത’ എന്ന നിലയിൽ പ്രത്യേകമായി നിലവിലിരുന്നതാണെന്ന ധാരണയ്ക്കു വിരുദ്ധവുമാണിത്. 

‘യഹോവയുടെ വിശുദ്ധിയുടെ പുസ്തകം’ എന്നു ലേവ്യ പുസ്തകത്തെ വിളിക്കുന്നതിൽ അനൗചിത്യമില്ല. ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധരായിരിപ്പിൻ (20:26) എന്നാണ് യഹോവ ആവശ്യപ്പെടുന്ന്ത്. നാദാബ്, അബീഹു (10:1-7), ദൈവദൂഷകൻ (24:10-23) എന്നിവരുടെ പാപത്തിനു നല്കിയ ശിക്ഷയിൽ യഹോവയുടെ വിശുദ്ധി വെളിപ്പെട്ടു. വഴിപാടുകൾ, ഭോജ്യങ്ങൾ, ശുദ്ധീകരണം, പരിശുദ്ധി, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവയുടെ പ്രമാണങ്ങൾ യഹോവയുടെ വിശുദ്ധിക്കനുസൃതമാണ്. ജനത്തിനും യഹോവയ്ക്കും മദ്ധ്യേ നില്ക്കുന്നവരാണ് പുരോഹിതന്മാർ. ലേവ്യപൗരോഹിത്യം ശ്രഷ്ഠമഹാപുരോഹിതനായ യേശുക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നു. യാഗപീഠത്തിലെ രക്തം ഒഴിച്ചുകൂടാനാവാത്തതാണ്. ലേവ്യയാഗങ്ങളെയും, പഴയനിയമത്തെ തന്നെയും പൂർത്തിയാക്കുവാനും നിറവേറ്റാനുമായി വരുന്ന ഏകനെ ചൂണ്ടിക്കാണിക്കുയായിരുന്നു വീണ്ടെടുപ്പിന്റെ രക്തം. നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തയാഗമായും പുരോഹിതനായും സ്വന്തപുത്രനെ നല്കിയ ദൈവത്തിന്റെ മുമ്പിൽ വിശുദ്ധജീവിതം നയിക്കുവാനുള്ള നമ്മുടെ കടപ്പാടിനെ ലേവ്യപുസ്തകം വ്യക്തമാക്കുന്നു. 

Leave a Reply

Your email address will not be published.