രെഹബെയാം

രെഹബെയാം (Rehoboam)

പേരിനർത്ഥം — ജനസംവർദ്ധകൻ  . 

ശലോമോൻ രാജാവിനു അമ്മോന്യ സ്ത്രീയായ നയമായിൽ ജനിച്ച പുത്രൻ. (1രാജാ, 14:21). അവിഭക്ത യിസ്രായേലിന്റെ ഒടുവിലത്തെ രാജാവും വിഭക്ത യിസായേലിൽ ദക്ഷിണ രാജ്യമായ യെഹൂദയിലെ ഒന്നാമത്തെ രാജാവും. രെഹബെയാമിനെ സംബന്ധിക്കുന്ന കാര്യങ്ങൾ 1രാജാക്കന്മാർ 12 അ; 14:21-31; 2ദിനവൃത്താന്തം 9:31-12:16 എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

രെഹബെയാമിനെ രാജാവാക്കാൻ യിസ്രായേല്യർ ശൈഖമിൽ വന്നു. ശലോമോൻ ഏർപ്പെടുത്തിയ ഊഴിയവേലയും അമിത നികുതിയും കുറച്ചാൽ രെഹബെയാമിനെ സേവിക്കാമെന്നു ജനം പറഞ്ഞു. രെഹബയാം വൃദ്ധന്മാരുടെ ആലോചനയ്ക്ക് ചെവികൊടുത്തില്ല. മൂന്നു ദിവസത്ത ആലോചനയ്ക്കുശേഷം യൗവ്വനക്കാരുടെ ഉപദേശം അനുസരിച്ചു ഊഴിയവേലയും നികുതിഭാരവും താൻ കൂട്ടുമെന്നു രെഹബെയാം പറഞ്ഞു. ഇതു രാജ്യത്തിന്റെ വിഭജനത്തിനു കാരണമായി. ജനത്തെ ശാന്തമാക്കുവാൻ ഊഴിയവേലയ്ക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു. എന്നാൽ പൂർവ്വമർദ്ദന ഭരണത്തോടു ബന്ധപ്പെട്ടവനാകയാൽ ജനം അവനെ കല്ലെറിഞ്ഞു കൊന്നു. (1രാജാ, 12:18). രെഹബെയാം യെരൂശലേമിലേക്കോടി. യെഹൂദാഗോത്രവും ബെന്യാമീൻ ഗോത്രവും അദ്ദേഹത്തെ രാജാവായി അംഗീകരിച്ചു. മറ്റു പത്തു ഗോത്രങ്ങൾ യൊരോബെയാമിന്റെ പിന്നിൽ യിസ്രായേൽ രാജ്യമായി തീർന്നു. മത്സരികളെ കീഴടക്കുവാൻ രെഹബെയാം ഒരു വലിയ സൈന്യം രൂപീകരിച്ചു. എന്നാൽ ഇതു ദൈവിഹിതമാണെന്നു പറഞ്ഞു ദൈവപുരുഷനായ ശമയ്യാവു രെഹബെയാമിനെ പിന്തിരിപ്പിച്ചു. (1രാജാ, 12:22-24). 

യെഹൂദയെ ശക്തമാക്കുന്നതിനായി ബേത്ലേഹം, ഏതാം, തെക്കോവ, ബേത്ത്-സൂർ, സോഖോ, ഗത്ത്, ലാഖീശ് തുടങ്ങിയവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു. കോട്ടകളെ ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി. (2ദിന, 11:11). ഉത്തര രാജ്യത്തിലുള്ള പുരോഹിതന്മാരും ലേവ്യരും യെഹൂദയിൽ വന്നു. (2ദിന, 11:13-17). രാജാവും പ്രജകളും കുറച്ചുകാലം യഹോവയുടെ വഴിയിൽ നടന്നു. ക്രമേണ അവർ ജാതികളുടെ സകലമ്ലേച്ചതകളും അനുകരിച്ചു. പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാ പ്രതിഷ്ഠകളും ഉണ്ടാക്കി; പുരുഷ മൈഥുനക്കാർ രംഗപ്രവേശം ചെയ്തു. (1രാജാ, 14:22-24). തൽഫലമായി മിസ്രയീം രാജാവായ ശീശക് ദേശത്തെ ആക്രമിച്ചു. ദൈവാലത്തിലെയും രാജധാനിയിലെയും ഭണ്ഡാരം മുഴുവൻ അവൻ കവർന്നു; ശലോമോൻ നിർമ്മിച്ച പൊൻ പരിചകളും എടുത്തുകൊണ്ടുപോയി. (1രാജാ, 14:25,26). രെഹബയയാമിന്റെ പ്രതാപം നഷ്ടപ്പെട്ടു. അവനു 8 ഭാര്യമാരും 60 വെപ്പാട്ടികളും ഉണ്ടായിരുന്നു. പതിനേഴു വർഷത്ത ഭരണശേഷം (ബി.സി. 931-913) അവൻ മരിച്ചു; പുത്രനായ അബീയാം അവനു പകരം രാജാവായി.

Leave a Reply

Your email address will not be published.