രാജ്യവിഭജനം

രാജ്യവിഭജനം

ദാവീദിന് ശേഷം ദൈവത്താൽ നിയോഗിക്കപ്പെട്ട രാജാവായിരുന്നു ശലോമോന്‍. ശലോമോന്‍ രാജാവിന്‍റെ ഭരണകാലം യിസ്രായേലിന്‍റെ സുവർണ്ണകാലഘട്ടം എന്നറിയപ്പെട്ടിരുന്നു എങ്കിലും യിസ്രായേലിനു പൊതുവേ അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ യിസ്രായേല്‍ ജനത്തിന് ശലോമോന്‍ പൊതുവേ സമ്മതനല്ലായിരുന്നു. ശലോമോന്‍ പൊതുവേ ആര്‍ഭാടപ്രിയനും സ്ത്രീലമ്പടനും ആയിരുന്നു. ഇത് ശലോമോനെ വിഗ്രഹാരാധയിലേക്ക് നയിച്ചു. തനിക്ക് രണ്ടു പ്രാവശ്യം പ്രത്യക്ഷനായ യഹോവയെ വിട്ടു അന്യദേവന്‍മാരെ സേവിക്കുകയും യഹോവയിങ്കല്‍ നിന്ന് തന്‍റെ ഹൃദയം തിരിക്കുകയും യഹോവ കല്പിച്ചത് ചെയ്യാതിരിക്കുകയും ചെയ്തതുകൊണ്ട് ദൈവം അവനോട് കോപിച്ചു ഇപ്രകാരം കല്പിച്ചു. “എന്‍റെ നിയമവും ഞാന്‍ നിന്നോട് കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്‍റെ മേല്‍ ഇരിക്കകൊണ്ട് ഞാന്‍ രാജത്വം നിങ്കല്‍ നിന്ന് നിശ്ചയമായി പറിച്ചു നിന്‍റെ ദാസന് കൊടുക്കും.എങ്കിലും നിന്‍റെ അപ്പനായ ദാവീദിന്‍ നിമിത്തം നിന്‍റെ ജീവകാലത്ത് അതു ചെയ്കയില്ല; എന്നാല്‍ നിന്‍റെ കയ്യില്‍ നിന്നും അതിനെ പറിച്ചുകളയും. ഏങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്‍റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരുശലേമിന്‍നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്‍റെ മകന് കൊടുക്കും.” (1രാജ.11:13). “ഞാന്‍ രാജത്വം നിന്‍റെ പക്കല്‍ നിന്നു നിശ്ചയമായി പറിച്ചു നിന്‍റെ ദാസന്നു കൊടുക്കും. എന്നാല്‍ നിന്‍റെ അപ്പനായ ദാവീദിന്‍ നിമിത്തം ഞാന്‍ നിന്‍റെ ജീവകാലത്തു അതു ചെയ്കയില്ല. എന്നാല്‍ നിന്‍റെ മകന്‍റെ കയ്യില്‍ നിന്നു അതിനെ പറിച്ചുകളയും.” (1രാജ.11:12).

ദാസനു പത്തു ഗോത്രം: ദൈവം രാജത്വം ശലോമോനില്‍ നിന്നു പറിച്ചു ശലോമോന്‍റെ ദാസന് കൊടുക്കും എന്ന് അരുളിച്ചെയ്തത്  നിവര്‍‍ത്തിച്ചു വിധം: സെരേദയില്‍‍ നിന്നുള്ള എഫ്രയീമ്യയനായ നെബോത്തിന് യൊരോബെയാം എന്ന് പേരുള്ള ഒരുവന്‍ ശലോമോന് ദാസനായി ഉണ്ടായിരുന്നു. ഒരിക്കല്‍ യൊരോബെയാം യെരുശലേമില്‍ നിന്നു വരുമ്പോൾ ശീലോന്യനായ അഹിയാ എന്ന പ്രവാചകന്‍ വഴിയില്‍ വച്ചു അവനെ കണ്ടു; ഈ പ്രവാചകന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ഇവര്‍ രണ്ടുപേരും ഒരു വയലില്‍ തനിച്ചായിരുന്നു. പ്രവാചകന്‍ താന്‍ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി; യൊരോബായാമിനോട് പറഞ്ഞതെന്തന്നാല്‍: പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക. ഇതാ ഞാന്‍ രാജത്വം ശലോമോന്‍റെ കയ്യില്‍‍ നിന്നും പറിച്ചുകീറി പത്തു ഗോത്രം നിനക്കു തരുന്നു. (1രാജ.11:26,29-32). ഈ വാര്‍ത്ത കേട്ട ശലോമോന്‍ രാജാവ് യൊരോബയാമിനെ കൊല്ലുവാന്‍ അന്വേഷിച്ചു. എന്നാല്‍ യൊരോബയാം മിസ്രയീമ്യയില്‍ ശീശക്ക് രാജാവിന്‍റെ അടുക്കല്‍ ഓടിപ്പോയി ശലോമോന്‍റെ മരണം വരെ പാര്‍ത്തു(1രാജ.11:40).

പുത്രനു  ഒരു ഗോത്രം: രാജ്യ വിഭജനത്തോടുള്ള ബന്ധത്തില്‍ ദൈവം ശലോമോനോട് ഇപ്രകാരം പറഞ്ഞു: “പത്ത് ഗോത്രം ഞാന്‍ നിന്‍റെ കയ്യില്‍ നിന്ന് പറിച്ച് നിന്‍റെ ദാസന് കൊടുക്കുമ്പോൾ ഒരു ഗോത്രം മാത്രം നിന്‍റെ മകന് ശേഷിപ്പിച്ചിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ തിരഞ്ഞെടുത്തവനും എന്‍റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്‍റെ ദാസന്‍ ദാവീദിന്‍ നിമിത്തവും എന്‍റെ നാമം സ്ഥാപിക്കേണ്ടുന്നതിന് ഞാന്‍ തിരഞ്ഞെടുത്ത യെരുശലേം നഗരത്തില്‍ എന്‍റെ മുമ്പാകെ എന്‍റെ ദാസനായ ദാവീദിന്നു എന്നേയ്ക്കും ഒരു ദീപം ഉണ്ടായിരിക്കേണ്ടുന്നതിനും വേണ്ടി ഞാന്‍ നിന്‍റെ മകന് ഒരു ഗോത്രത്തെ കൊടുക്കും.” (1രാജ.11:13,34)

ശലോമോൻ നാല്പതു കൊല്ലം ഭരിച്ചു. ശലോമോൻ്റെ മരണശേഷം യഹോവയുടെ കല്പനപോലെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ഒന്ന്; യെഹൂദാ (ദാവീദിന്‍ ഗൃഹം), രണ്ട്; യിസ്രായേല്‍ (യിസ്രായേല്‍ ഗൃഹം). യെഹൂദ ഭരിച്ചിരുന്നവരെ യെഹൂദ രാജാക്കന്‍മാര്‍ എന്നും അവരുടെ പ്രവൃത്തികള്‍ എഴുതിയ പുസ്തകത്തെ യെഹൂദ രാജാക്കന്‍മാരുടെ വൃത്താന്ത പുസ്തകം എന്നും; യിസ്രായേല്‍ ഭരിച്ചിരുന്നവരെ യിസ്രയേല്‍ രാജാക്കന്‍മാര്‍ എന്നും അവരുടെ പ്രവൃത്തികള്‍ എഴുതിയ പുസ്തകത്തെ യിസ്രായേല്‍ രാജാക്കന്‍മാരുടെ വൃത്താന്ത പുസ്തകമെന്നും പറയുന്നു.

Leave a Reply

Your email address will not be published.