യോഹന്നാൻ

യോഹന്നാൻ എഴുതിയ സുവിശേഷം (Gospel of John)

നാലു സുവിശേഷങ്ങളിൽ ആദ്യത്തെ മൂന്നും ‘സമവീക്ഷണ സുവിശേഷങ്ങൾ’ എന്ന പേരിലറിയപ്പെടുന്നു. അവയിൽ നിന്നു വ്യത്യസ്തമാണ് യോഹന്നാൻ സുവിശേഷം. പുതിയനിയമത്തിലെ പ്രൗഢവും ഗഹനവുമായ ഗ്രന്ഥമാണിത്. 

ഗ്രന്ഥകർത്താവ്: പാരമ്പര്യമനുസരിച്ചു അപ്പൊസ്തലനായ യോഹന്നാനാണ് ഇതിന്റെ കർത്താവ്. എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏഷ്യാമൈനറിൽ വച്ചു സുവിശേഷം എഴുതി എന്നാണ് പെതുവെ കരുതപ്പെടുന്നത്. യൂസീബിയസ്, ഓറിജൻ, അലക്സാണ്ട്രിയയിലെ ക്ലെമന്റു, തെർത്തുല്യൻ, ഇറേന്യൂസ്, മുറട്ടോറിയൻ കാനോന്റെ എഴുത്തുകാരൻ, തിയോഫിലസ് എന്നിവർ ഈ അഭിപ്രായമുള്ളവരാണ്. ഇവരിൽ ഇറേന്യൂസ് പോളിക്കാർപ്പിന്റെ ശിഷ്യനായിരുന്നു; പോളിക്കാർപ്പു യോഹന്നാൻ അപ്പൊസ്തലന്റെയും. തന്മൂലം പരമ്പരാഗതമായ വിശ്വാസം അവഗണിക്കപ്പെടാവുന്നതല്ല. യവനസഭാപിതാവായ ഇറേന്യൂസ് വളരെയധികം സഞ്ചരിച്ചിട്ടുള്ള ആളാണ്. അതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായം ആദിമസഭയുടെ മുഴുവൻ ധാരണയുടെ പരിച്ഛദമാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ശിഷ്യന്മാരിലൊരാളായ യോഹന്നാൻ സുവിശേഷങ്ങളിൽ നാലാം പുസ്തകം എഴുതി എന്നു മുററ്റോറിയൻ കാനോൻ രേഖപ്പെടുത്തുന്നു. രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടു കൂടി ക്രൈസ്തവലോകം യോഹന്നാൻ സുവിശേഷം അറിയുകയും വായിക്കുകയും ചെയ്തുവെന്നു മേല്പറഞ്ഞ സാക്ഷ്യങ്ങൾ തെളിയിക്കുന്നു. 

ജസ്റ്റിൻ മാർട്ടിയർ യോഹന്നാൻ 3:3-5-ൽ നിന്നും ഉദ്ധരിക്കുന്നു. സുവിശേഷത്തിൽ നിന്നുള്ള അനേകം പ്രയോങ്ങൾ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വചനത്തെക്കുറിച്ചുള്ള ഉപദേശം നാലാം സുവിശേഷവുമായുള്ള പരിചയത്തിനു തെളിവാണ്. അദ്ദേഹത്തിന്റെ ശിഷ്യനായ താസ്യൻ തന്റെ സുവിശേഷ പൊരുത്തത്തിൽ യോഹന്നാൻ സുവിശേഷത്തെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എ.ഡി. 110-ഓടു കൂടി രക്തസാക്ഷിയായി തീർന്ന ഇഗ്നാത്യൂസ് യോഹന്നാന്റെ സുവിശേഷത്തെ ഇടയ്ക്കിടെ പരാമർശിച്ചിട്ടുണ്ട്. എഫെസൊസിലുള്ള മൂപ്പന്മാരുടെ സാക്ഷ്യവും വിലയേറിയതാണ്. (യോഹ, 21:24). നാലാം സുവിശേഷത്തിന്റെ കാലവും കർതൃത്വവും സംബന്ധിച്ചുള്ള പാരമ്പര്യത്തിനു ഉപോദ്ബലകമായി ഈ സുവിശേഷത്തിന്റെ ഒരു പ്രാചീനരേഖാശകലം മദ്ധ്യ ഈജിപ്റ്റിൽ നിന്നും കിട്ടിയിട്ടുണ്ട്. 

ആന്തരിക തെളിവുകളും ഈ വിശ്വാസത്തിനു അനുകൂലമാണ്. ഇതിന്റെ എഴുത്തുകാരൻ ഒരു യെഹൂദനാണ്. പഴയനിയമവുമായുള്ള പരിചയം, ആചാരമര്യാദകൾ, മതവിശ്വാസങ്ങൾ എന്നിവയെക്കുറിച്ചുള്ള അഗാധമായി അറിവു എന്നിവ അതു വ്യക്തമാക്കുന്നു. (യോഹ, 2:13, 17, 23; 4:9, 25; 5:1; 6:4, 15; 7:2, 27, 37, 38, 42; 10:22,23, 34,35; 11:38, 44, 49; 12:40). പലസ്തീനിലെ പ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിവു പ്രദർശിപ്പിക്കയാൽ അദ്ദേഹം ഒരു പലസ്തീന്യൻ യെഹൂദനായിരിക്കണം. (1:28; 2:1, 12, 14, 20; 3:23; 4:11, 20; 5:2; 8:2, 20; 10:22, 23; 11:1, 18, 54; 12:21; 18:1, 20; 19:17). ഒരു ദൃക്സാക്ഷി എന്ന നിലയിൽ സംഭവങ്ങളുടെ സ്ഥലവും സമയവും വ്യക്തമായി രേഖപ്പെടുത്തുന്നു. (1:29, 35, 39; 2:1; 3:24; 4:6, 40, 52,53; 6:22; 7:14; 11:6; 12:1; 13:1,2; 19:14, 31; 20:1, 19, 26). കുരുടനായി ജനിച്ച മനുഷ്യന്റെ അയൽക്കാർ പറഞ്ഞവാക്കു അദ്ദേഹം ഓർക്കുന്നു. (9:8-10). യേശുവിന്റെ വിലാപ്പുറത്തുനിന്നും രക്തവും വെള്ളവും ഒഴുകിയത് യോഹന്നാൻ കണ്ടു. (19:33-35). 

മഹാപുരോഹിതന്റെ ഭൃത്യന്റെ പേരു അദ്ദേഹത്തിനു ഓർമ്മയുണ്ട്. (18:10). മഹാപുരോഹിതനു പരിചയമുള്ളവൻ ആയിരുന്നു അദ്ദേഹം. (യോഹ, 18:15). മറ്റു ശിഷ്യന്മാരുടെ പ്രവർത്തനങ്ങളും വാക്കുകളും വികാരങ്ങളും വ്യക്തമായി അറിയാവുന്ന എഴുത്തുകാരൻ തീർച്ചയായും യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരിക്കണം. (1:35-42; 2:17, 22; 4:27; 6:19; 12:16; 13:22-28; 18:15,16; 20:2; 21:20-23). യുക്തിപൂർവ്വമായ ഒരു നിർദ്ധാരണത്തിലൂടെ പന്ത്രണ്ടുപേരിൽ യോഹന്നാൻ ആണ് എഴുത്തുകാരൻ എന്നു മനസ്സിലാക്കാം. പേരു പറയാതെ ‘യേശു സ്നേഹിച്ച ശിഷ്യൻ’ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. മറ്റു ശിഷ്യന്മാരെ അദ്ദേഹം പേരു പറയുന്നു: ശിമോൻ പത്രൊസ് (1:40); അന്ത്രയാസ് (1:40); ഫിലിപ്പോസ് (1:43-46); നഥനയേൽ (1:45-49); തോമസ് (14:5); ഈസ്ക്കര്യോത്താവല്ലാത്ത യൂദാ (14:22); യൂദാ ഈസ്ക്കര്യോത്താ (13:2). മത്തായി മറ്റൊരു സുവിശേഷം എഴുതിയതുകൊണ്ടു ഇതെഴുതുവാൻ വഴിയില്ല. അപ്രധാന അപ്പൊസ്തലന്മാരെ ഒഴിവാക്കിയാൽ ശേഷിക്കുന്നവർ സെബെദിമക്കളായ യാക്കോബും യോഹന്നാനും ആണ്. യാക്കോബ് വളരെ മുമ്പു വധിക്കപ്പെട്ടു. (പ്രവൃ, 12). അതിനാൽ യോഹന്നാൻ തന്നെയാണ് ഈ സുവിശേഷത്തിന്റെ രചയിതാവ്. 

എഴുതിയ സ്ഥലവും കാലവും: സമവീക്ഷണ സുവിശേഷങ്ങൾക്കു ശേഷമാണു യോഹന്നാൻ സുവിശേഷം എഴുതപ്പെട്ടത്. യോഹന്നാൻ ‘എല്ലാവർക്കും ഒടുവിലായി എഴുതി’ എന്നു അലക്സാണ്ട്രിയയിലെ ക്ലെമന്റ് പ്രസ്താവിക്കുന്നു. മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സുവിശേഷങ്ങൾക്കു ശേഷമാണു യോഹന്നാന്റെ സുവിശേഷത്തെ ഐറീനിയസ് ചേർത്തിരിക്കുന്നത്. ഈ സുവിശേഷത്തിന്റെ കാലവും കർത്തൃത്വവും സംബന്ധിച്ചുള്ള പാരമ്പര്യത്തിനു ഉപോദ്ബലകമായി സുവിശേഷത്തിന്റെ ഒരു പ്രാചീന രേഖാഖണ്ഡം ലഭിച്ചിട്ടുണ്ട്. മദ്ധ്യ ഈജിപ്റ്റിലെ ക്രൈസ്തവ സമൂഹമായിരുന്നു അതിന്റെ ഉറവിടം. എ.ഡി. 2-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പ്രസ്തുത പ്രദേശത്തു പ്രചരിച്ചിരുന്ന കോഡക്സിന്റെ ഭാഗമാണു ഈ പാപ്പിറസ് ഖണ്ഡം. മാഞ്ചസ്റ്ററിലുള്ള ജോൺ ഐലൻഡ്സ് ഗ്രന്ഥശാലയിൽ അതിനെ സൂക്ഷിച്ചിട്ടുണ്ട്. ഒരു വശത്തു മൂന്നു വാക്യവും (18:31-33) മറുവശത്തു രണ്ടുവാക്യവും (18:37-38) ആയി അഞ്ചു വാക്യങ്ങളുണ്ട്. ഇതുവരെ ലഭിച്ചിട്ടുള്ള പുതിയ നിയമത്തിന്റെ ഏറ്റവും പ്രാചീനമായ കൈയെഴുത്തു പ്രതിയാണു അത്. രണ്ടാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ഈ സുവിശേഷം മദ്ധ്യ ഈജിപ്റ്റിൽ പ്രചരിച്ചിരുന്നുവെങ്കിൽ അതിനും വളരെ മുമ്പുതന്നെ അതു എഴുതപ്പെട്ടിരിക്കണം. എഫെസൊസിൽ നിന്നും മദ്ധ്യ ഈജിപറ്റിലേക്കു ദീർഘദൂരമുണ്ട്. യോഹന്നാൻ സുവിശേഷം എ.ഡി. 90-നും 100-നും മദ്ധ്യ എഴുതി എന്ന പരമ്പരാഗതമായ വിശ്വാസത്തെ ഇതു സ്ഥിരീകരിക്കുന്നു. 

ഉദ്ദേശ്യം: ഒരു പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയാണു യോഹന്നാൻ സുവിശേഷം എഴുതിയത്. “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു. എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:30-31). യേശു സാക്ഷാൽ ദൈവമല്ലെന്നും ക്രിസ്തു ജഡത്തിൽ വന്നില്ലെന്നും ഉള്ള ദുരുപദേശങ്ങൾ വിശ്വാസത്തിനു വിഘ്നകാരണമായിത്തീർന്നു. ഈ അപകടം മുന്നിൽ കണ്ടുകൊണ്ടു സത്യവിശ്വാസത്തിൽ സഭയെ ഉറപ്പിക്കുവാൻ വേണ്ടിയാണ് അപ്പൊസ്തലൻ സുവിശേഷം രചിച്ചത്. ഇറേന്യൂസ് ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്: (പാഷണ്ഡതകൾക്കെതിരെ III 9.1). സ്നാനസമയത്തു ക്രിസ്തു പ്രാവിന്റെ രൂപത്തിൽ യേശുവിൽ ആവസിച്ചു. പീഡാനുഭവത്തിനു മുമ്പായി യേശുവിനെ വിട്ടു ക്രിസ്തു പോയി. കഷ്ടം അനുഭവിക്കുകയും മരിച്ചു ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തത് ക്രിസ്തുവല്ല യേശുവായിരുന്നു. ഇപ്രകാരമായിരുന്നു സെറിന്തസ് പഠിപ്പിച്ചത്. പ്രസ്തുത ഉപദേശത്തെ നിരാകരിച്ചു കൊണ്ടു യേശുക്രിസ്തു ഏകനാണെന്നും വെള്ളത്താൽ (സ്നാനം) മാത്രമല്ല രക്തത്താലും (കഷ്ടാനുഭവവും മരണവും) വന്നവനാണെന്നും (യോഹ, 19:34-37; 1യോഹ, 5:6) യോഹന്നാൻ വ്യക്തമാക്കി. തുടക്കം മുതൽ തന്നെ യേശുവിനെ ദൈവമായി അവതരിപ്പിക്കുന്നു. പുതിയനിയമസഭ മുഴുവൻ ഈ സുവിശേഷത്തിന്റെ വീക്ഷണവ്യാപ്തിയിലുണ്ട്.

പ്രധാന വാക്യങ്ങൾ: 1. “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” യോഹന്നാൻ 1:1.

2. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” യോഹന്നാൻ 1:12,13.

3. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” യോഹന്നാൻ 3:16.

4. “ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.” യോഹന്നാൻ 10:28.

5. ‘യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.” യോഹന്നാൻ 11:25,26.

6. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശീഷ്യന്മാർ എന്നു എല്ലാവരും അറിയും.” യോഹന്നാൻ 13:35.

7. “യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” യോഹന്നാൻ 14:9.

ബാഹ്യരേഖ: I. ആമുഖം: 1:1-51.

1. വചനം, ജഡധാരണം: 1:1-18.

2. യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ: 1:19-36.

3. ആദ്യശിഷ്യന്മാർ: 1:37-51.

II. യേശുവിന്റെ പരസ്യശുശ്രൂഷ: 2:1-12:50.

1. കാനായിലെ കല്യാണം, ദൈവാലയശുദ്ധീകരണം: 2:1-25.

2. നിക്കോദേമൊസിനു ഉപദേശം നല്കുന്നു: 3:1-21.

3. സ്നാനം കഴിപ്പിക്കൽ – യേശുവും യോഹന്നാൻ സ്നാപകനും: 3:22-4:3.

4. ശമര്യാസ്ത്രീയും ജീവജലവും, രാജമൃത്യന്റെ മകനെ സൗഖ്യമാക്കുന്നു: 4:4-54.

5. ബേഥെസ്ദാ കുളക്കരയിലെ രോഗിയെ സൗഖ്യമാക്കുന്നു, പരീശന്മാർ കുറ്റപ്പെടുത്തുന്നു; പിതാവിനെയും പുത്രനെയും കുറിച്ചു ഉപദേശം നല്കുന്നു; 5:1-47.

6. അയ്യായിരം പേരെ പോഷിപ്പിക്കുന്നു, യേശു വെള്ളത്തിന്മീതെ നടക്കുന്നു; യേശു ജീവന്റെ അപ്പം: 6:1:71.

7. കൂടാരപ്പെരുനാൾ; യേശുവിനോടുള്ള എതിർപ്പു വർദ്ധിക്കുന്നു: 7:1-52.

8. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ: 7:53-8:11.

9. യേശു ലോകത്തിന്റെ വെളിച്ചം: 8:12-30.

10. യെഹൂദന്മാരുമായി വാദപ്രതിവാദം: 8:31-59.

11. കുരുടനെ സൗഖ്യമാക്കുന്നതും തുടർന്നുള്ള ഉപദേശവും: 9:1-41.

12. നല്ല ഇടയനെക്കുറിച്ചുള്ള ഭാഷണം: 10:1-42.

13. ലാസറിനെ ഉയിർപ്പിക്കുന്നു; എതിർപ്പു വർദ്ധിക്കുന്നു: 11:1-57.

14. ബേഥാന്യയിലെ പന്തി, പരസ്യശുശ്രൂഷയുടെ സമാപനം: 12:1-50.

III. യേശുവിന്റെ സ്വകാര്യ ശുശ്രൂഷ: 13:1-17:26.

1. അന്ത്യഅത്താഴം: 13:1-38.

2. യേശു വഴിയും സത്യവും ജീവനും: 14:1-31.

3. യേശു സാക്ഷാൽ മുന്തിരിവള്ളി: 15:1-27.

4. ശിഷ്യന്മാരോടുള്ള അന്ത്യഭാഷണം: 16:1-33.

5. ക്രിസ്തു സ്വജനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു: 17:1-26.

IV. വിസ്താരവും കൂശീകരണവും: 18:1-19:42.

1. യേശുവിനെ ഒറ്റിക്കൊടുക്കുന്നു: 18:1-11.

2. യേശുവിന്റെ വിസ്താരം: 18:12-19:16. 

3. ക്രൂശീകരണം: 19:17-42.

V. പുനരുത്ഥാനവും പ്രത്യക്ഷതകളും: 20:1-21-25.

വിഷയാപഗ്രഥനം: ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത സംഭവങ്ങൾ മാത്രമാണ് യോഹന്നാൻ തന്റെ സുവിശേഷത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സംഭവങ്ങൾക്കു ഉചിതമായ വ്യാഖ്യാനവും നല്കുന്നുണ്ട്. ചരിത്രവും ദൈവശാസ്ത്രവും തമ്മിലുള്ള മിളനമാണ് യോഹന്നാൻ സുവിശേഷം. വചനത്തിന്റെ ജഡധാരണത്തോടു കൂടിയാണു് (1:1-18) സുവിശേഷം ആരംഭിക്കുന്നത്. തുടർന്നു യേശുവിന്റെ ശുശ്രൂഷയിലേക്കു നേരിട്ടു പ്രവേശിക്കുന്നു. സ്താനം, ആദ്യശിഷ്യന്മാരുടെ വിളി (1:19-51) യോർദ്ദാനിൽ നിന്നു ഗലീലയിലേക്കുള്ള വരവ് (1:43) എന്നിവ വ്യക്തമാക്കുന്നു. സമവീക്ഷണ സുവിശേഷങ്ങളിലെപ്പോലെ യേശുവിന്റെ വേല ഗലീലയിൽ മാത്രമായി ഒതുങ്ങി നില്ക്കുന്നില്ല. ഗലീലയിലെ ചുരുക്കം ചില സംഭവങ്ങൾ മാത്രമെ വിവരിക്കുന്നുള്ളു. (1:43-2:12; 4:43-54; 6:1-7:9). ഒരിക്കൽ രംഗം ശമര്യയിലേക്കു മാറുന്നു: (4:1-42). യോഹന്നാൻ വിവരിക്കുന്ന സംഭവങ്ങളിൽ അധികവും യെരുശലേമിൽ ഏതെങ്കിലും ഉത്സവത്തോടു ബന്ധപ്പെട്ടവയാണ്. (2:13; 5:1; 6:4; 7:2; 10;22; 11:55). ഇവയിൽ ഒടുവിലത്തെ സംഭവമാണ് ലാസറിന്റെ ഉയിർപ്പിക്കൽ. യേശുവിനെ ഒടുക്കിക്കളയുവാൻ യെഹൂദ പ്രമാണിമാരെ പ്രകോപിപ്പിച്ചത് ഈ സംഭവമാണ്. (11:45). ബേഥാന്യയിൽ വച്ചുള്ള ക്രിസ്തുവിന്റെ അഭിഷേകം (12:1-11), ജൈത്രപ്രവേശം (12:12-19), അന്ത്യഅത്താഴം (13), ബന്ധനം (18:1-12), വിസ്താരങ്ങൾ, പത്രൊസിന്റെ തള്ളിപ്പറയൽ (18:13-19:16), ക്രൂശീകരണം, ഉയിർത്തെഴുന്നേല്പ് (അ.20,21) എന്നീ സംഭവങ്ങളെ അപ്പൊസ്തലൻ അനുക്രമം രേഖപ്പെടുത്തുന്നു. ഈ ഭാഗത്തും സമവീക്ഷണ സുവിശേഷങ്ങളിൽ ഇല്ലാത്ത അധികം കാര്യങ്ങളുണ്ട്; പ്രത്യേകിച്ചും അന്ത്യപ്രഭാഷണങ്ങളും, പ്രാർത്ഥനയും (അ.14-17) പീലാത്തോസിന്റെ മുമ്പിലുള്ള വിചാരണയുടെ വിശദാംശങ്ങൾ (18:28-19:16) പുനരുത്ഥാന പ്രത്യക്ഷതകൾ എന്നിവ. 

യേശുവിന്റെ ജനനം, വംശാവലി, സ്നാനം, പരീക്ഷ, രൂപാന്തരം, കർത്തൃമേശാസ്ഥാപനം, ഗെത്ത്ശെമന തോട്ടത്തിലെ വ്യഥ, സ്വർഗ്ഗാരോഹണം ഇവ യോഹന്നാൻ ഒഴിവാക്കി. ഗലീലയിലെ കാനായിലെ കല്യാണം (2:1-11), നിക്കോദേമൊസുമായുള്ള സംഭാഷണം (3:1-15), ശമര്യാ സ്തീയുമായുള്ള സംഭാഷണം (അ.4), വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്തീ (7:53-8:11), പിറവിക്കുരുടനു കാഴ്ച നല്കിയതു് (അ.9), ലാസറിനെ ഉയിർപ്പിച്ചത് (അ.11), യവനന്മാരുമായുള്ള കൂടിക്കാഴ്ച (12:20,21), ശിഷ്യന്മാരുടെ പാദം കഴുകിയത് (13:1-17), 14-16 അദ്ധ്യായങ്ങളിലെ പ്രഭാഷണങ്ങൾ, മഹാപൗരോഹിത്യ പ്രാർത്ഥന (അ.17) എന്നിവ ഈ സുവിശേഷത്തിൽ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

യോഹന്നാൻ സുവിശേഷത്തിലെ രണ്ടു ഭാഗങ്ങൾ 7:53-8:11-ഉം, 5:3,4-ലെ വലയിതഭാഗവും മൗലികമായ പാഠത്തിൽ ഇല്ലാത്തവയാണെന്നു കരുതപ്പെടുന്നു. ഈ രണ്ടു ഭാഗങ്ങളും വലയങ്ങൾക്കുള്ളിലാണ് സത്യവേദപുസ്തകത്തിൽ ചേർത്തിരിക്കുന്നത്. കാനോനിക സുവിശേഷങ്ങൾക്കു വെളിയിൽ സംരക്ഷിക്കപ്പെട്ടിരുന്ന വൃത്താന്തം (7:53-8:11) അനന്തരകാല കൈയെഴുത്തു പ്രതികളിൽ കടന്നുകൂടുകയും സുവിശേഷത്തിന്റെ ഭാഗമായി തീരുകയും ചെയ്തു എന്നാണു പൊതുവെയുള്ള ധാരണ. 5:3,4-ലെ വലയിത ഭാഗം നല്ല കൈയെഴുത്തു പ്രതികളിൽ കാണപ്പെടുന്നില്ല. 21-ാം അദ്ധ്യായം എഴുത്തുകാരൻ പിന്നീടു കൂട്ടിച്ചേർത്തതാകണം. മറ്റൊരാൾ കൂട്ടിച്ചേർത്തതാണെന്നും വന്നുകൂടായ്കയില്ല. 20:31-ാം വാക്യം സുവിശേഷത്തിന്റെ സമാപനവാക്യത്തിന്റെ സ്വരത്തിലുള്ളതാണ്. ഇരുപതു വരെയുള്ള അദ്ധ്യായങ്ങൾക്കും ഇരുപത്തൊന്നാം അദ്ധ്യായത്തിനും തമ്മിൽ ശൈലീപരമായ വ്യത്യാസങ്ങൾ ഉള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ഒരു നിർണ്ണായക വാദമായി ഇതിനെ കണക്കാക്കാനില്ല.

യോഹന്നാൻ സുവിശേഷത്തിന്റെ യവനപശ്ചാത്തലത്തെ കുറിച്ചുള്ള ധാരണ മുമ്പു പ്രബലമായിരുന്നു. എന്നാൽ ഇന്നു ആ ധാരണ മാറുകയും സുവിശേഷത്തിന്റെ യെഹൂദ്യ പശ്ചാത്തലം തെളിയിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നാലു സുവിശേഷങ്ങളുടെയും അരാമ്യ പശ്ചാത്തലത്തിനു മതിയായ തെളിവുകളുണ്ട്. യേശുവിന്റെ മാതൃഭാഷ അരാമ്യയായിരുന്നു. യോഹന്നാൻ സുവിശേഷത്തിന്റെ അരാമ്യഭാഷാ പശ്ചാത്തലം സുവ്യക്തമാണ്. എന്നാൽ അരാമ്യ ഭാഷയിലാണ് സുവിശേഷം എഴുതപ്പെട്ടത് എന്നതിനു തെളിവുകളില്ല. യോഹന്നാൻ സുവിശേഷത്തിലെ ചിന്ത യെഹൂദ്യം തന്നെയാണ്. പഴയനിയമ ഉദ്ധരണികൾ കുറവാണെങ്കിൽ തന്നെയും സുവിശേഷത്തിലെ പ്രധാന ആശയങ്ങളെല്ലാം പഴയനിയമത്തിൽ നിന്നാദാനം ചെയ്തതാണ്. വചനം, ജീവൻ, വെളിച്ചം, ഇടയൻ, ആത്മാവു, അപ്പം, മുന്തിരിവള്ളി, സ്നേഹം, സാക്ഷ്യം എന്നിവ നോക്കുക. എല്ലാറ്റിലുമുപരിയായി യേശുവിനെ പഴയനിയമത്തിന്റെ നിറവേറലായാണ് ചിത്രീകരിച്ചിരിക്കുന്നത്. യോഹന്നാൻ സുവിശേഷത്തിൽ കുംറാൻ ഗ്രന്ഥങ്ങളുടെ പ്രഭാവവും വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. വെളിച്ചം, ഇരുട്ടു എന്നിവയുടെ ദ്വന്ദ്വപ്രകൃതി, മശീഹാപ്രതീക്ഷ എന്നിവ കുംറാൻ ഗ്രന്ഥങ്ങളിൽ നിന്നു ലഭിച്ചതാണെന്നു കരുതുന്നവരുണ്ട്. എന്നാൽ ഈ ആശയങ്ങളുടെ അടിവേരുകൾ പഴയനിയ മത്തിൽത്തന്നെ ദൃശ്യമാണ്. അതിനാൽ യോഹന്നാൻ സുവിശേഷത്തിൽ കുംറാൻ സ്വാധീനം അന്വേഷിക്കുന്നതിനു ന്യായീകരണമില്ല. 

സവിശേഷതകൾ: 1. യോഹന്നാൻ സുവിശേഷം ആത്മീയ സുവിശേഷമാണ്. തന്മൂലം സമവീക്ഷണസുവിശേഷങ്ങളിൽ കാണുന്ന അധിക കാര്യങ്ങളും ഇതിൽ ഒഴിവാക്കിയിരിക്കുന്നു. യേശു ക്രിസ്തുവിന്റെ മഹിമയെ കേന്ദ്രീകരിച്ചുള്ള ധാരാളം കാര്യങ്ങൾ ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്: (യോഹ, 2:11; 3:16; 4:25,26, 29, 42; 5:17,18; 6:40; 7:37,38; 8:36, 46, 51; 9:38; 10:30; 11:40; 13:3; 14:6; 17:3, 5; 20:28). ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള അത്ഭുതങ്ങളും പ്രസ്തുത ഉദ്ദേശ്യത്തിനു ഇണങ്ങുന്ന വിധത്തിലുള്ളവയാണ്. യോഹന്നാൻ രേഖപ്പെടുത്തിയ എട്ടത്ഭുതങ്ങളിൽ രണ്ടെണ്ണം മാത്രമേ മറ്റു സുവിശേഷങ്ങളിൽ കാണപ്പെടുന്നുള്ളൂ: അയ്യായിരം പേരെ പോഷിപ്പിച്ചതും (6:4-14), യേശു വെള്ളത്തിന്മീതെ നടന്നതും. (6:19-21). അത്ഭുതം എന്ന വാക്കിനു പകരം ‘അടയാളം’ ആണ് ഉപയോഗിക്കുന്നത്. ദൈവത്തെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം അത്ഭുതങ്ങളല്ല, അടയാള പ്രവൃത്തികളാണ്. 

2. മറ്റു സുവിശേഷങ്ങളിൽ രാജ്യത്തിനാണു പ്രാധാന്യം; യോഹന്നാൻ സുവിശേഷത്തിലാകട്ടെ രാജാവിനും.’ഞാൻ ആകുന്നു’ എന്ന ക്രിസ്തുവിന്റെ അധികാര സൂചകമായ പ്രസ്താവനകൾ അതിനു തെളിവാണ്. (6:35; 8:12; 10:9,11; 11:25; 14:6; 15:5). 

3. യേശുവിന്റെ യെഹൂദ്യയിലെ പ്രവർത്തനം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് യോഹന്നാനാണ്. മറ്റു സുവിശേഷങ്ങളിൽ യേശുവിന്റെ ഒന്നര വർഷത്തോളമുള്ള പ്രവർത്തനത്തിന്റെ വിവരണമേ ഉള്ളൂ. നാലു പെസഹകളെക്കുറിച്ചുള്ള വിവരണം യോഹന്നാൻ സുവിശേ ഷത്തിലുണ്ട്. (2;13; 5:1; 6:4; 13:1; 18:26). യേശുക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷ മുന്നിലധികം വർഷം നീണ്ടുനിന്നുവെന്നും ഇതിൽ നിന്നും മനസ്സിലാക്കാം.

4. ഉപമാരൂപത്തിലല്ലാത്ത ഉപദേശമാണ് അധികവും. 

5. സംഭവങ്ങളുടെ സ്ഥലകാലബന്ധം വിശദമാക്കുന്നു. 

6. യേശുക്രിസ്തുവിന്റെ ജീവിതാന്ത്യത്തിലെ ഒരു ദിവസത്തിലെ സംഭവങ്ങളും ഭാഷണങ്ങളും അതിദീർഘമായി വർണ്ണിക്കുന്നു. (അ. 13-19).

7. പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെക്കുറിച്ചു രേഖപ്പെടുത്തുന്നു. കാര്യസ്ഥൻ എന്ന പദമാണ് പരിശുദ്ധാത്മാവിനെ കുറിക്കുവാൻ ഉപയോഗിക്കുന്നത്. (14:16,17, 26; 15:26; 16:13, 14).

8. സത്യത്തിനു പ്രാമുഖ്യം നല്കുന്നു. യേശു സത്യമാണ്. പരിശുദ്ധാത്മാവ് സത്യത്തിന്റെ ആത്മാവാണ്. ദൈവവചനം സത്യമാണ്. സത്യം ശിഷ്യന്മാരെ സ്വതന്ത്രരാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. (8:32; 15:3). സാത്താന്റെ സ്വരൂപം, പ്രവൃത്തി എന്നിവയുടെ വിപര്യായമാണിത്. (8:44-47).

Leave a Reply

Your email address will not be published.