യെരീഹോ

യെരീഹോ (Jericho)

പേരിനർത്ഥം — ചന്ദ്രനഗരം

യെരീഹോവിന്റെ അപരനാമമാണ് ഈന്തനഗരം. (ആവ, 34:3). യോർദ്ദാനു പടിഞ്ഞാറ് യിസ്രായേൽമക്കൾ ആദ്യം ആക്രമിച്ചു കീഴടക്കിയ കനാന്യപട്ടണം. (സംഖ്യാ, 22:1; യോശു, 6:1, 24, 25). ചാവുകടലിനു 11 കി.മീറ്റർ വടക്കും യോർദ്ദാനു 8 കി.മീറ്റർ പടിഞ്ഞാറുമായി യെരീഹോ സ്ഥിതിചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നു 240 മീറ്റർ താഴെയായി കിടക്കുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയാണിവിടെ. വേനല്ക്കാലത്തു അതിയായ ഉഷ്ണം അനുഭവപ്പെടുന്നു. മഞ്ഞുകാലത്തു പലസ്തീനിലെ മലമ്പ്രദേശത്തനുഭവപ്പെടുന്ന ശൈത്യത്തിൽ നിന്നു രക്ഷ നേടുന്നതിനു ആളുകൾ യെരീഹോവിലെത്താറുണ്ട്. പ്രാചീനകാലത്തു ഈന്തപ്പന ഇവിടെ സമൃദ്ധിയായി വളർന്നിരുന്നു. അനേകം അരുവികൾ യെരീഹോവിനെ സസ്യനിബിഡമാക്കുന്നു. 

മുന്നു യെരീഹോകളുണ്ട്: 1. പഴയനിയമ പട്ടണമായ യെരീഹോ. ആധുനിക യെരീഹോവിനു 1.5 കി.മീറ്റർ വടക്കു പടിഞ്ഞാറുള്ള തേൽ എസ്-സുൽത്താനിൽ (Tell-es-Sultan ) സ്ഥിതി ചെയ്തിരുന്നു. തേൽ എസ്-സുൽത്താൻ യെരുശലേമിനു 24 കി.മീറ്റർ വടക്കു കിഴക്കാണ്. 2. പുതിയനിയമ യെരീഹോ. അടുത്തു തന്നെ കുറേക്കൂടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. 3. അറബികൾ എർ റിഹാ (Er Riha) എന്നു വിളിക്കുന്ന ആധുനിക യെരീഹോ. 

യോർദ്ദാന്റെ കടവിനടുത്തു തന്ത്രപ്രധാനമായ സ്ഥാനത്തു സ്ഥിതിചെയ്തിരുന്ന യെരീഹോ പ്രാചീന കാലത്തു കിഴക്കു നിന്നുള്ള വാണിജ്യ മാർഗ്ഗങ്ങളെ നിയന്ത്രിച്ചിരുന്നു. നദി കടന്നു കഴിഞ്ഞാൽ പാതകളിൽ ഒന്നു വടക്കോട്ടു ബേഥേൽ, ശെഖേം എന്നിവിടങ്ങളിലേക്കും മറ്റൊന്നു പടിഞ്ഞാറോട്ടു യെരുശലേമിലേക്കും മൂന്നാമതൊന്നു തെക്കോട്ടു ഹെബ്രോനിലേക്കും പോകുന്നു. യിസ്രായേൽജനം യെരീഹോവിൽ പ്രവേശിക്കുന്നതോടു കൂടിയാണ് യെരീഹോ തിരുവെഴുത്തുകളിൽ സ്ഥാനം പിടിക്കുന്നത്. (സംഖ്യാ, 22:1). അക്കാലത്തു യോർദ്ദാൻ താഴ്വരയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണമായിരുന്നു അത്. യെരീഹോ പട്ടണത്തെ ഒറ്റുനോക്കുവാൻ യോശുവ ശിത്തീമിൽ നിന്നു രണ്ടുപേരെ അയച്ചു. ഇരുവരെയും രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചു. (യോശു, 2:4). ഇതിനു പ്രതിഫലമായി യെരീഹോ നശിപ്പിച്ചപ്പോൾ അവളെ സംരക്ഷിച്ചു. (യോശു, 6:25). യോശുവയുടെ കീഴിലുള്ള സൈന്യം ദിവസം ഒരു പ്രാവശ്യം വീതം മതിലിനെ ചുറ്റി നടന്നു. ഏഴാം ദിവസം അവർ ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു. ജനം കാഹളനാദം കേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു. ജനം പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു. (യോശു, 6:20). പട്ടണം യഹോവയ്ക്ക് ശപഥാർപ്പിതമായിരുന്നു. (യോശു, 6:17, 19). രാഹാബും കുടുംബവും മാത്രം സംരക്ഷിക്കപ്പെട്ടു. (യോശു, 6:22,23, 25). യെരീഹോ പണിയുവാൻ ഒരുവൻ തുനിയുകയാണെങ്കിൽ അതിന്റെ അടിസ്ഥാനം ഇടുമ്പോൾ മൂത്തമകനും കതകു തൊടുക്കുമ്പോൾ ഇളയമകനും മരിക്കുമെന്നു യോശുവ ശപിച്ചു. 

ദേശം വിഭജിച്ചപ്പോൾ യെരീഹോ ബെന്യാമീൻ ഗോത്രത്തിനു ലഭിച്ചു. (യോശു, 18:21). ഏറെക്കാലം കഴിഞ്ഞശേഷമാണ് യെരീഹോ വീണ്ടും ചരിത്രത്തിൽ രംഗപ്രവേശം ചെയ്യുന്നത്. അമ്മോന്യ രാജാവായ ഹാനൂന്റെ അടുക്കൽ ദാവീദ് അയച്ച ഭൃത്യന്മാരെ ഹാനൂൻ പിടിച്ചു താടി പാതി ചിരെപ്പിച്ചു അപമാനിച്ചയച്ചു. അപമാനിതരായ ഭൃത്യന്മാരെ താടി വളരുംവരെ യെരീഹോവിൽ താമസിപ്പാൻ ആളയച്ചു പറഞ്ഞു. (2ശമൂ, 10:5). ആഹാബ് രാജാവിന്റെ കാലത്ത് ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു. അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ ഹീയേലിന്റെ മൂത്തമകനായ അബീറാമും പടിവാതിൽ വച്ചപ്പോൾ ഇളയമകനായ ഗെശൂബും നഷ്ടപ്പെട്ടു. (1രാജാ, 16:34). അതുവരെയും യെരീഹോ പണിയുവാൻ ആരും ശ്രമിച്ചിരുന്നില്ലെന്നു വ്യക്തമാണ്. പ്രവാചകഗണം യെരീഹോവിൽ പാർത്തുവന്നു. എലീശയുടെ ശുശ്രുഷയോടുള്ള ബന്ധത്തിൽ യെരീഹോ തുടർന്നും അറിയപ്പെട്ടു. എലീശ ഉപ്പിട്ടു വെള്ളം പഥ്യമാക്കിയത് യെരീഹോവിലായിരുന്നു. (2രാജാ, 2:19). യെരീഹോ സഭൂമിയിൽ വച്ചു സിദെക്കീയാരാജാവ് കല്ദയരുടെ കയ്യിൽ അകപ്പെട്ടു. (2രാജാ, 25:5; യിരെ, 39:5). സെരൂബ്ബാബേലിന്റെ നേതൃത്വത്തിൽ മടങ്ങിവന്ന യെരീഹോ നിവാസികൾ 345 പേരായിരുന്നു. (എസ്രാ, 2:34; നെഹെ, 7:36). ആട്ടിൻ വാതിലിനപ്പുറമുള്ള യെരൂശലേം മതിൽ പണിയുവാൻ നെഹെമ്യാവിനെ യെരീഹോക്കാർ സഹായിച്ചു. (നെഹെ, 3:2).

യേശുവിന്റെ കാലത്തു യെരീഹോ പ്രധാന പട്ടണമായിരുന്നു. യോർദ്ദാൻ കടവുകളിൽ നിന്നും യെരുശലേമിലേക്കുള്ള പാത യെരീഹോവിലുടെ കടന്നു പോയിരുന്നതു കൊണ്ടു ഗലീലയിൽ നിന്നും യെരുശലേമിലേക്കു പോകുന്ന തീർത്ഥാടകർ അവിടെ താവളമടിക്കാറുണ്ടായിരുന്നു. യേശു പല തവണ അതുവഴി കടന്നു പോയിട്ടുണ്ട്. യേശുവിന്റെ സ്നാനം, പരീക്ഷ എന്നിവയുടെ സ്ഥാനങ്ങൾ യെരീഹോവിനടുത്തു തന്നേ. യെരീഹോ പട്ടണത്തിനു സമീപം വച്ചു യേശു കുരുടനായ ബർത്തിമായിക്കും (മർക്കൊ, 10:46-52), മറ്റു രണ്ടു കുരുടന്മാർക്കും (മത്താ, 20:29-34) സൗഖ്യം നല്കി. സക്കായിയുടെ മാനസാന്തരവും ഇവിടെ വച്ചു സംഭവിച്ചു. (ലൂക്കൊ, 19:1-10). നല്ല ശമര്യാക്കാരന്റെ ഉപമയിലെ യാത്രക്കാരൻ കള്ളന്മാരുടെ കൈയിലകപ്പെട്ടതു യെരൂശലേമിൽ നിന്നും യെരീഹോവിലേക്കു പോകുമ്പോഴായിരുന്നു. (ലൂക്കൊ, 10:29-37). 

ലോകത്തിലെ ഏറ്റവും പ്രാചീന നഗരമാണ് യെരീഹോ. ബി.സി. ഒമ്പതാം സഹസ്രാബ്ദം മുതൽ നിരന്തരം ജനവാസമുള്ള പട്ടണമാണിത്. പഴയനിയമ യെരീഹോ ആയ തേൽ എസ്-സുൽത്താനിൽ അനേകം ഖനനങ്ങൾ നടന്നിട്ടുണ്ട്. സെല്ലിനും (Sellin), വാറ്റ്സിംഗറും (Watzinger) കൂടിയാണ് ഇവിടെ പുരാവസ്തു ഗവേഷണം ആരംഭിച്ചത് (എ.ഡി. 1908-1910). ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്ര വിദഗ്ദ്ധനായ ജോൺ ഗാർസ്റ്റാംഗ് 1929-36-ൽ ഇവിടെ ഖനനം നടത്തി. നവീന ശിലായുഗത്തിലാണ് യെരീഹോവിൽ കുടിപാർപ്പു ആരംഭിച്ചതെന്നു അദ്ദേഹം പ്രസ്താവിച്ചു. അവസാനത്തെ ഉൽഖനനശ്രമം ഡാ. കത്ലിൻ കൈനിയൊന്റെ നേതൃത്വത്തിലായിരുന്നു (1952-1957). പ്രാചീന നഗരമതിൽ മണ്ണുകൊണ്ടു ബലമായി നിർമ്മിച്ചതായിരുന്നു. വീടുകളുടെ നിർമ്മാണം ഇഷ്ടികയും കല്ലും കൊണ്ടായിരുന്നു. ചുവന്ന ഞാങ്ങണ ഉപയോഗിച്ചു തറ മൂടിയിരുന്നു. കളിമണ്ണിൽ രൂപം കൊടുത്ത ഏഴു ശിരസ്സുകളുടെ പ്രതിമാരൂപങ്ങൾ കിട്ടിയിട്ടുണ്ട്. അവയ്ക്ക് 7000 വർഷത്തോളം പഴക്കമുണ്ട്. കക്കകൊണ്ടാണ് കണ്ണുണ്ടാക്കിയിട്ടുള്ളത്. ഇവ പൂജാവസ്തുക്കളാണെന്നത് വ്യക്തമാണ്. യോശുവയുടെ കാലത്തുണ്ടായ നഗരനാശം പ്രത്യേകം ശ്രദ്ധേയമാണ്. ഗാർസ്റ്റാംഗിന്റെ ഖനനവും കെനിയോന്റെ റിപ്പോർട്ടും വാദപ്രതിവാദങ്ങൾക്കു കാരണമായി. യോശുവയുടെ കാലത്തെ യെരീഹോവിനു ഇരട്ട മതിലുണ്ടായിരുന്നതായി ഗാർസ്റ്റാംഗ് കണ്ടെത്തി. അകത്തെ മതിലിനു 3.5 മീറ്ററും പുറത്തേതിനു 1.75 മീറ്ററും കനം ഉണ്ടായിരുന്ന പട്ടണം ദഹിപ്പിച്ചതിന്റെ അടയാളങ്ങളുണ്ട്. എന്നാൽ കെനിയോന്റെ വെളിപ്പെടുത്തലനുസരിച്ചു യോശുവയുടെ കാലത്തെ നഗരാവശിഷ്ടം ഒന്നും നിലവിലില്ല. മണ്ണൊലിപ്പു നിമിത്തം ബി.സി. മൂന്നാം സഹസ്രാബ്ദാനന്തരമുള്ള ശേഷിപ്പുകളെല്ലാം നഷ്ടപ്പെട്ടു. ഗാർസ്റ്റാംഗ് കണ്ടെത്തിയ ഇരട്ടമതിലുകൾ മൂന്നാം സഹസ്രാബ്ദത്തിലേതാണ്. ഒരു ചെറിയ കോട്ടയായിരുന്നു അക്കാലത്തെ യെരീഹോ എന്നു ഇന്നു മിക്കപേരും കരുതുന്നു. പുതിയനിയമ യെരീഹോയെ (തുലൂൽ അബു എൽ-അലയിക്) 1952-ൽ ഖനനം ചെയ്തു. ഈ പട്ടണത്തിന്റെ പണി മുഴുവൻ മഹാനായ ഹെരോദാവിന്റേതാണ്. ഹേമന്തഗൃഹമായി ഹെരോദാവ് ഇവിടെ കൊട്ടാരം പണികഴിപ്പിച്ചു. ബി.സി. 4-ൽ ഇവിടെ വച്ചു ഹെരോദാവു മരിച്ചു. റോമൻ മാതൃകയിലായിരുന്നു പട്ടണത്തിന്റെ സംവിധാനം. 1949-ൽ പട്ടണം ജോർഡാന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *