യൂദാ

യുദാ എഴുതിയ ലേഖനം (Book of Jude)

പുതിയനിയമത്തിലെ ഇരുപത്താറാമത്തെ പുസ്തകം; സാർവ്വത്രിക ലേഖനങ്ങളിൽ ഒടുവിലത്തേതും. വിശ്വാസികളുടെ ഇടയിൽ നുഴഞ്ഞുകയറിയ ദുരുപദേഷ്ടാക്കന്മാരെ കുറിച്ചാണ് ഈ ചെറിയ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. (യൂദാ, 1:4-6). പത്രൊസിന്റെ രണ്ടാം ലേഖനത്തിലെ പ്രമേയവും ഇതുതന്നെ. (2:1-3:3). വിശ്വാസത്തിന്റെ പോരാട്ടത്തിൽ വ്യാജോപദേശത്തെ തുറന്നുകാണിക്കുകയും തെറ്റിനെ നിഷേധിക്കുകയും ചെയ്യേണ്ടതു ആവശ്യമാണ്. വ്യാജോപദേഷ്ടാക്കന്മാരുടെ പ്രവർത്തനത്തെക്കുറിച്ചു വിശ്വാസികൾ ഭയപ്പെടേണ്ടതില്ല. വിശ്വാസത്തിൽ ഉറച്ചും ആത്മാവിന്റെ ശക്തിയിൽ പ്രാർത്ഥിച്ചും ദൈവിക സ്നേഹത്തിന്റെ കൂട്ടായ്മയിൽ വർദ്ധന പ്രാപിച്ചും സ്വയം സൂക്ഷിച്ചു മുന്നോട്ടു പോകേണ്ടതാണ്. (20,21). സ്വന്തജനത്തെ വീഴാതവണ്ണം സൂക്ഷിച്ചു തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിർത്തുവാൻ ശക്തിയുള്ള ഏകദൈവത്തിനു സ്തുതി പാടിക്കൊണ്ടു ഈ ചെറുലേഖനം അവസാനിക്കുന്നു. (24,25).

ഗ്രന്ഥകർത്താവ്: യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ എന്നു ലേഖകൻ സ്വയം പരിചയപ്പെടുത്തുന്നു. (യൂദാ, 1:1). യാക്കോബ് യേശുവിന്റെ സഹോദരന്മാരിൽ ഒരാളാണ്; തന്മൂലം യൂദായും യേശുവിന്റെ സഹോദരനത്രേ. യൂദാ എന്ന പേരിൽ യേശുവിനു ഒരു സഹോദരൻ ഉണ്ടായിരുന്നതായി സുവിശേഷങ്ങളിൽ മതിയായ തെളിവുകളുണ്ട്. (മത്താ, 13:55; മർക്കൊ, 6:3). പുതിയനിയമത്തിൽ പ്രസ്താവിച്ചിട്ടുള്ള മറ്റു യൂദാമാരിൽ നിന്നു വ്യത്യസ്തനാണു് ഈ യൂദാ. പിതാവിന്റെ പേരിനെയല്ല, മറിച്ചു സഹോദരന്റെ പേരിനെയാണു വ്യാവർത്തക ലക്ഷണമായി ഉപയോഗിക്കുന്നത്. അതിനുകാരണം വായനക്കാർക്കു സുപരിചിതൻ തന്റെ സഹോദരനായ യാക്കോബ് എന്നതു തന്നെ. യൂദാ അപ്പൊസ്തലൻ ആയിരുന്നില്ല. യേശുവിന്റെ ഇളയ സഹോദരന്മാരിലൊരുവൻ എന്നതൊഴികെ യൂദായുടെ ജീവിതത്തെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ല. യേശുവിന്റെ പുനരുത്ഥാനത്തിനു മുമ്പു യൂദാ കർത്താവിൽ വിശ്വസിച്ചിരുന്നില്ല. (യോഹ, 7:3-8). പുനരുത്ഥാന ശേഷം ക്രിസ്തുവിൽ വിശ്വസിക്കുകയും മാളികമുറിയിൽ മറ്റു ശിഷ്യന്മാരോടൊപ്പം സമ്മേളിക്കുകയും ചെയ്തു. (പ്രവൃ, 1:14). 

പത്രൊസിന്റെ രണ്ടാം ലേഖനത്തിന് ഉള്ളതിനെക്കാൾ പ്രബലമായ ബാഹ്യതെളിവുകൾ യൂദായുടെ ലേഖനത്തിനുണ്ട്. ഹെർമ്മാസ്, പോളിക്കാർപ്പു, അത്തനഗൊറസ്, അന്ത്യാക്ക്യയിലെ തെയോഫിലസ്, തെർത്തുല്യൻ, അലക്സാണ്ട്രിയയിലെ ക്ലെമെന്റ്, യൂസിബിയസ് എന്നിവർ യൂദായുടെ ലേഖനത്തെ അംഗീകരിക്കുന്നു. ഈ ലേഖനത്തിലെ അപ്പോക്രിഫയിൽ നിന്നുള്ള ഉദ്ധരണി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. അലക്സാണ്ട്രിയയിലെ ക്ലെമെന്റ് തെർത്തുല്യൻ, ജെറോം, അഗസ്റ്റിൻ തുടങ്ങിയ സഭാപിതാക്കന്മാർ അപ്പോക്രിഫാ പുസ്തകങ്ങൾളിൽ നിന്നാണ് യൂദാ ഉദ്ധരിച്ചതെന്നു വിശ്വസിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഈ ലേഖനം അംഗീകരിക്കുന്നതിനു പലരും വൈമനസ്യം കാട്ടി. യൂദായിലെ ഒമ്പതാം വാക്യം മോശെയുടെ സ്വർഗ്ഗാരോഹണം എന്ന ഗ്രന്ഥത്തിൽ നിന്നും 14-ഉം 15-ഉം വാക്യങ്ങൾ ഹാനോക്കിന്റെ പുസ്തകത്തിൽ നിന്നും ഉള്ള ഉദ്ധരണികളാണ്. അകാനോനിക ഗ്രന്ഥത്തെ സത്യമെന്നു അംഗീകരിച്ചു കൊണ്ടല്ല യൂദാ ഉദ്ധരിച്ചത്. ഉദ്ധൃത്രപ്രവചനം ദൈവത്തിൽ നിന്നുള്ളതായി അംഗീകരിച്ചു എന്നുമാത്രം. ഉദ്ധരണിയുടെ സ്വീകാരം മൂലഗ്രന്ഥത്തിന്റെ സ്വീകാരത്തെ വ്യഞ്ജിപ്പിക്കുന്നില്ല.

എഴുതിയ കാലം: ലേഖനത്തിന്റെ രചനാകാലം എ.ഡി. 81-നു ശേഷമാകാൻ ഇടയില്ല. ഡൊമീഷ്യൻ റോമൻ ചക്രവർത്തിയായി സിംഹാസനാരോഹണം ചെയ്തതു എ.ഡി. 81-ലാണ്. ഹെജെസിപ്പെസ് എന്ന ചരിത്രകാരൻ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ദാവീദിന്റെ സന്തതികളായി യേശുക്രിസ്തുവിന്റെ സഹോദരനായ യൂദയുടെ രണ്ടു ചെറുമക്കളെ ക്രിസ്ത്യാനികളെന്നു കുറ്റം ചുമത്തി ഡൊമീഷ്യന്റെ മുമ്പിൽ ഹാജരാക്കി. അവർ നിരുപദ്രവകാരികളായ കർഷകർ എന്നു കണ്ടിട്ടു ചക്രവർത്തി അവരെ വെറുതെ വിട്ടു. അപ്പോൾ യൂദാ ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തെ നിശ്ചയമായും രാജസന്നിധിയിൽ കൊണ്ടുവരുമായിരുന്നു. അതിൽ നിന്നും യൂദായുടെ ലേഖനം എ.ഡി. 81-നു മുമ്പു എഴുതപ്പെട്ടു എന്നതു വ്യക്തമാണ്. പത്രോസിന്റെ രണ്ടാം ലേഖനത്തിനു മുമ്പു ഇതു എഴുതപ്പെട്ടുവെങ്കിൽ എ.ഡി. 64 ആയിരിക്കണം രചനാകാലം. സാൻ, തീസ്സൻ ആദിയായവരുടെ അഭിപ്രായമനുസരിച്ചു എ.ഡി. 75 ആയിരിക്കണം രചനാകാലം. 

അനുവാചകർ: പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർ ആണ് അനുവാചകർ. (വാ.1). നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നെ ആത്മികവർദ്ധന വരുത്തിയും…… നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ (വാ.20,21) എന്നു ഉപദേശിക്കുന്നതിൽ നിന്നും അനുവാചകർ ക്രിസ്ത്യാനികളാണെന്നു മനസ്സിലാക്കാം. പഴയനിയമ പുരുഷന്മാരുടെ പരാമർശവും ദൃഷ്ടാന്തങ്ങളും പലസ്തീനു ചുറ്റുമുള്ള യെഹൂദാ ക്രിസ്ത്യാനികൾക്കു വേണ്ടിയാണ് ഇതെഴുതിയതെന്നു ചിന്തിക്കുവാൻ പഴുതു നല്കുന്നു. 

ഉദ്ദേശ്യം: നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു ഒരു പ്രബന്ധം എഴുതുവാനാണ് യൂദാ ഉദ്യമിച്ചത്. പക്ഷേ ക്രിസ്ത്യാനികളുടെ ഇടയിൽ നുഴഞ്ഞുകയറിയ ജ്ഞാനവാദം കാരണമായി അപ്പൊസ്തലിക വിശ്വാസത്തെ ഉറപ്പിക്കുവാൻ വേണ്ടി പ്രതിവാദപരമായി എഴുതുവാൻ യൂദാ പ്രേരിതനായി. (വാ.3). ദുരുപദേഷ്ടാക്കന്മാർ ദൈവകൃപയെ ദുഷ്ക്കാമവൃത്തിക്കു ഹേതുവാക്കുകയും ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുകയും ചെയ്യുന്നു. (വാ, 4). 

പ്രധാന വാക്യങ്ങൾ: 1. “പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.” യൂദാ 1:3.

2. “നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.” യൂദാ 1:17,18.

3. “വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” യൂദാ 1:24.

ഉള്ളടക്കം: 1. വന്ദനം: വാ.1,2.

2. ലേഖനത്തിന്റെ ഉദ്ദേശ്യം: വാ.3,4. 

3. വിശ്വാസത്യാഗത്തിന്റെ ദൃഷ്ടാന്തങ്ങൾ: വാ.5-7.

4. ദുരുപദേഷ്ടാക്കന്മാരും ദുരുപദേശവും: വാ.8-13.

5. ദൈവം ദുഷ്ടന്മാരെ ന്യായം വിധിക്കുന്നു: വാ.14-19.

6. വിശ്വാസിയുടെ കർത്തവ്യങ്ങൾ: വാ.20-23.

7. ആശീർവാദം: വാ.24,25.

Leave a Reply

Your email address will not be published.