യിസ്രെയേൽ

യിസ്രെയേൽ (Jezreel)

പേരിനർത്ഥം — ദൈവം വിതയ്ക്കും

ഗിൽബോവാ പർവ്വതത്തിനടുത്തു യിസ്സാഖാറിന്റെ അതിർത്തിയിലെ ഒരു പട്ടണം. (യോശു, 19:18). ഗിൽബോവാ യുദ്ധത്തിനു മുമ്പു യിസായേല്യർ യിസ്രെയേലിൽ പാളയമിറങ്ങി. (1ശമൂ, 29:1). ശൗൽ ഗൃഹത്തോടു ഇവിടത്തെ ജനങ്ങൾ വിശ്വസ്തത പുലർത്തി. ശൗൽ രാജാവിന്റെ മകൻ ഈശ്-ബോശത്തിന്റെ അല്പകാലഭരണത്തിനു ഈ പ്രദേശവും വിധേയമായിരുന്നു. (2ശമൂ, 2:9). യിസ്രായേൽ രാജാവായ ആഹാബിനു യിസ്രെയേലിൽ ഒരു അരമന ഉണ്ടായിരുന്നു. (1രാജാ, 21:1). ആഹാബിന്റെ പുത്രനായ യോരാം അവിടെ പാർത്തു. (2രാജാ, 8:29). തന്റെ മുന്തിരിത്തോട്ടം ആഹാബ് രാജാവിനു നല്കാത്തതുകൊണ്ടു പട്ടണത്തിനു പുറത്തുവെച്ചു കല്ലെറിഞ്ഞു കൊല്ലപ്പെട്ട നാബോത്ത് യിസ്രെയേല്യനായിരുന്നു. (1രാജാ, 21:1). ആഹാബിന്റെ എഴുപതു പുത്രന്മാരുടെയും തല ഒരു കുട്ടയിലാക്കി യിസ്രെയേലിൽ തന്റെ അടുക്കലെത്തിക്കുവാൻ യേഹൂ കല്പിച്ചു. (2രാജാ, 10:1-11). യിസ്രെയേലിലെ കൊട്ടാരത്തിന്റെ കിളിവാതിലിലൂടെ ഈസേബലിനെ തള്ളിയിട്ടുകൊന്നു; അവിടെവച്ചു അവളുടെ മാംസം നായ്ക്കൾ തിന്നു. (2രാജാ, 9:30-35). ഏലീയാ പ്രവാചകനും ആഹാബും ഇവിടെവച്ചാണ് തമ്മിൽ എതിരിട്ടത്. (1രാജാ, 21:17). ശലോമോൻ രാജാവിന്റെ പന്ത്രണ്ടു ഭക്ഷ്യജില്ലകളിലൊന്നിൽ ഈ സ്ഥലം ഉൾപ്പെട്ടിരുന്നു. (1രാജാ, 4:12). 

യെഹൂദാമലനാട്ടിലെ ഒരു പട്ടണത്തിനും യിസ്രെയേൽ എന്നു പേരുണ്ട്: (യോശു, 15:56). ദാവീദിന്റെ ഭാര്യമാരിൽ ഒരാളായ അഹീനോവം യിസ്രെയേൽക്കാരത്തി ആയിരുന്നു. (1ശമൂ, 25:43; 27:3).

Leave a Reply

Your email address will not be published. Required fields are marked *