യാക്കോബ്

യാക്കോബ് (James)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനും സെബെദിയുടെ മകനും: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: “സെബെദിയുടെ മകൻ യാക്കോബ്.” (മത്താ, 10:2; മർക്കൊ, 3:17; ലൂക്കൊ, 6:14; പ്രവൃ, 1:13).

പേരിനർത്ഥം — ഉപായി

സെബദിയുടെ മകനായ യാക്കോബ്. പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരുവനായ യാക്കോബാണ് സെബദിയുടെയും (മത്താ,4:21, മർക്കൊ, 1:19, ലൂക്കോ, 5:10), ശലോമയുടെയും മകനും യോഹന്നാൻ അപ്പൊസ്തലൻ ജ്യേഷ്ഠസഹോദരനുമാണ്. (മർക്കൊ, 5:37). ഗലീലക്കടലീലെ അത്ഭുതകരമായ മീൻപിടുത്തത്തിനു ശേഷമാണ് പത്രൊസ്, അന്ത്രെയാസ്, യാക്കോബ് യോഹന്നാൻ എന്നിവരെ യേശു വിളിക്കുന്നത്. (ലൂക്കോ, 1:1-11). എന്നാൽ മത്തായിയിലും മർക്കൊസിലും ഗലീലക്കടൽത്തീരത്ത് വല നന്നാക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് യേശു യാക്കോബിനെ യോഹന്നാനേയും വിളിച്ചെതെന്നാണ് കാണുന്നത്. (മത്താ, 4:21-22, മർക്കൊ, 1:19-20). സെബദിയുടെ മക്കൾ ശിമോൻ പത്രോസിനോടും അന്ത്രെയാസിനോടും യാക്കോബും അവന്റെ സഹോദരനും മത്സ്യബന്ധനത്തിൽ കൂട്ടാളികളായിരുന്നു. (ലൂക്കൊ, 5:10). യേശു വിളിച്ച ഉടൻ തന്നെ അവർ ഇരുവരും യേശുവിനെ അനുഗമിച്ചു. (മത്താ, 4:21, മർക്കൊ, 1:19). പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരുവനായി യേശു യാക്കോബിനെയും സ്വീകരിച്ചു. (മത്താ, 10:2, മർക്കൊ, 3:14, ലൂക്കൊ, 6:13, അപ്പൊ, 1:13). പത്രൊസ് , യാക്കോബ്, യോഹന്നാൻ എന്നീ മൂന്നു ശിഷ്യന്മാർക്കും യേശുവിനോടു കൂടുതൽ അടുപ്പമുണ്ടായിരുന്നു. ശിഷ്യന്മാരുടെ ഗണത്തിൽ ഒരു അന്തർമണ്ഡലമായി ഇവർ വർത്തിച്ചു. മൂന്നു പ്രത്യേക സന്ദർഭങ്ങളിൽ ഇവർ മൂന്നു പേരെയും ക്രിസ്തു കുട്ടിക്കൊണ്ടുപോയി .ഒന്ന്; മറുരൂപമലയിൽ: (മത്താ,17:1, മർക്കോ, 9:2, ലൂക്കൊ, 9:28). രണ്ട്; യായീറൊസിന്റെ മകളെ ഉയിർപ്പിക്കുമ്പോൾ: (മർക്കൊ, 5:37, ലൂക്കൊ,6:51 3). മൂന്ന്; ഗെത്ത്ശെമന തോട്ടത്തിൽ: (മർക്കൊ, 14:33, മത്താ, 26:37).

യെരൂശലേമിന്റെ പതനത്തെക്കുറിച്ചു വിശദമാക്കുന്ന സമയത്തു ഈ മൂന്നുശിഷ്യന്മാരും ഒപ്പം അന്ത്രെയാസും ഉണ്ടായിരുന്നു. (മർക്കൊ, 13:3). യേശു രാജത്വം പ്രാപിക്കുമ്പോൾ യാക്കോബിനും യോഹന്നാനും വലത്തും ഇടത്തും ഇരിക്കുവാനുള്ള അനുവാദം നല്കണമെന്നു അവരുടെ മാതാവ് യേശുവിനോടപേക്ഷിച്ചു.ആ അപേക്ഷ മക്കളും ആവർത്തിച്ചു. (മത്താ, 20:20-23, മർക്കൊ, 10:35). അപ്പൊസ്തലന്മാരിൽ ആദ്യ രക്തസാക്ഷി യാക്കോബാണ്; ഹെരോദാ അഗ്രിപ്പാ ഒന്നാമന്റെ കല്പനയാൽ എ.ഡി. 44-ൽ യാക്കോബ് വാൾകൊണ്ടു കൊല്ലപ്പെട്ടു. (അപ്പൊ, 12:1-2). ദ്രുതഗതിയും പ്രചണ്ഡസ്വഭാവവുമാണ് യാക്കോബിനും യോഹന്നാനും. അതിനാലാകണം യേശു അവർക്കു ബൊവനേർഗ്ഗെസ് (ഇടിമക്കൾ) എന്നു പേരിട്ടത്. (മർക്കൊ, 3:17). ശമര്യയിലെ ഒരു ഗ്രാമക്കാർ ക്രിസ്തുവിനെ സ്വീകരിക്കുവാൻ കൂട്ടാക്കാത്തതു കൊണ്ടു ആകാശത്തുനിന്നു അഗ്നി ഇറക്കി അവരെ നശിപ്പിക്കുവാൻ ഇവർ ആഗ്രഹിച്ചു. (ലൂക്കൊ,9:52-54).

One thought on “യാക്കോബ്”

Leave a Reply

Your email address will not be published. Required fields are marked *