യഹോവേ ഓർക്കണമെ!

യഹോവേ ഓർക്കണമെ!

മരണത്തിൽനിന്നു രക്ഷപ്പെടുവാനുള്ള മനുഷ്യന്റെ പരിശ്രമങ്ങൾ പരാജയപ്പെടുമ്പോൾ അവൻ നിസ്സഹായനായി ”ദൈവമെ, എന്നെ ഓർക്കണമെ” എന്നു നിലവിളിക്കാറുണ്ട്. ദൈവത്തിൽനിന്ന് അനുയോജ്യമായ മറുപടി ലഭിക്കാതെ വരുമ്പോൾ ദൈവത്തിനും രക്ഷിക്കുവാൻ കഴിവില്ലെന്നു ലോകം വിധിക്കും. എന്നാൽ ‘യഹോവെ, എന്നെ ഓർക്കേണമെ’ എന്ന് മരണത്തിന്റെ താഴ്വരയിൽ നിന്നുയരുന്ന അസംഖ്യം നിലവിളികൾക്കു മുമ്പിൽ ദൈവം എന്തുകൊണ്ടാണ് പലപ്പോഴും മൗനം അവലംബിക്കുന്നതെന്ന് യെഹൂദായുടെ പതിമൂന്നാമത്തെ രാജാവായ ഹിസ്കീയാവിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. തന്റെ വാഴ്ചയുടെ പതിന്നാലാം വർഷത്തിൽ, അവന് 39 വയസ്സു മാത്രം പ്രായമുള്ളപ്പോൾ, രോഗബാധിതനായ ഹിസ്കീയാവിന്റെ അടുക്കൽ യെശയ്യാ പ്രവാചകൻ ചെന്ന്, അവന്റെ രോഗം സൗഖ്യമാകുകയില്ലെന്നും അവൻ മരിച്ചുപോകുമെന്നും അവന്റെ ഗൃഹകാര്യങ്ങൾ ക്രമപ്പെടുത്തിക്കൊള്ളണം എന്നുമുള്ള ദൈവത്തിന്റെ അരുളപ്പാട് അവനെ അറിയിച്ചു. അപ്പോൾ ഹിസ്കീയാവ് അത്യധികം കരഞ്ഞുകൊണ്ട് താൻ വിശ്വസ്തതയോടും ഏകാഗ്ര ഹൃദയത്തോടും ദൈവത്തിനു പ്രസാദകരമായതു ചെയ്തുവെന്നത് ഓർക്കണമേ എന്നു പ്രാർത്ഥിച്ചു. (യെശ, 38:3). അപ്പോൾ ഹിസ്കീയാവിനെക്കുറിച്ച് ദൈവത്തിന് ഓർക്കുവാനുണ്ടായിരുന്നത് എന്തായിരുന്നു? അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ, ഒന്നാം മാസം ഒന്നാം തീയതിതന്നെ, തന്റെ പിതാവിന്റെ കാലംമുതൽ അടച്ചിട്ടിരുന്ന ദൈവാലയം തുറന്ന് അറ്റകുറ്റപ്പണികൾ തീർക്കുകയും ആലയം ശുദ്ധീകരിക്കുവാനുള്ള നടപടികൾ ആ രംഭിക്കുകയും 16 ദിവസംകൊണ്ട് അതു പൂർത്തിയാക്കിയശേഷം ദീർഘകാലമായി മുടങ്ങിക്കിടന്നിരുന്ന ആരാധന പുനരാരംഭിക്കുകയും ചെയ്തു. മാത്രമല്ല, യിസായേലിലുണ്ടായിരുന്ന 10 ഗോത്രങ്ങളിലെയും ജനങ്ങളെക്കൂടി യെരുശലേമിൽ കൂട്ടിവരുത്തി അതിവിപുലമായി പെസഹ ആചരിച്ചു. അങ്ങനെ ശലോമോനുശേഷം നടന്നിട്ടുള്ളതിൽ അതിശ്രേഷ്ഠവും ബൃഹത്തും ദൈവത്തിനു പ്രസാദകരവുമായ പെസഹ ഹിസ്കീയാവ് ആചരിച്ചു. പിന്നീട് യിസായേലിലും യെഹൂദായിലും ഉണ്ടായിരുന്ന എല്ലാ വിഗ്രഹങ്ങളും പൂജാഗിരികളും ബലിപീഠങ്ങളും തകർത്ത് യഹോവയോടു മാത്രമുള്ള ആരാധന ഉറപ്പുവരുത്തി. ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി പുരോഹിതന്മാരെയും ലേവ്യരെയും മുമ്പുണ്ടായിരുന്നതു പോലെ ഗണങ്ങളായി വേർതിരിക്കുകയും ദൈവാലയത്തിന്റെ ആവശ്യങ്ങൾക്കായി ദശാംശം ദൈവാലയത്തിലേക്കു കൊണ്ടുവരുവാൻ കല്പിക്കുകയും ചെയ്തു. ആപത്തിന്റെയും അനർത്ഥങ്ങളുടെയും കഷ്ടനഷ്ടങ്ങളുടെയും മുമ്പിൽ അവൻ ദൈവത്തെ മാത്രം മുറു കെപ്പിടിച്ചു. (2ദിന, 29:3-31:21).. താൻ വിശ്വസ്തതയോടും പരമാർത്ഥത നിറഞ്ഞ ഹൃദയത്താടും ദൈവസന്നിധിയിൽ നന്മയായതു ചെയ്തു. “അയ്യോ, യഹോവേ, ഞാൻ ……….. പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ”(യെശ, 38:3) എന്ന് ഹിസ്കീയാവ് പ്രാർത്ഥിച്ചപ്പോൾ തനിക്കുവേണ്ടി ചെയ്ത, അതിമഹത്തായ കാര്യങ്ങൾ ഓർത്ത നീതിയുടെ ന്യായാധിപതിയായ ദൈവം “ഞാൻ നിന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഇതാ, ഞാൻ നിന്റെ ആയുസ്സിനോടുകൂടി 15 വർഷം കൂട്ടും” (യെശ, 38:15) എന്ന മറുപടി ഉടനേ തന്റെ പ്രവാചകനിലൂടെ അവനെ അറിയിച്ചു. മരണത്തിന്റെ താഴ്വാരങ്ങളിൽനിന്ന് ‘ദൈവമേ, എന്നെ ഓർക്കണമേ’ എന്നു നിലവിളിക്കുന്ന അനേകർക്ക് ദൈവത്തിൽനിന്നു മറുപടി ലഭിക്കാത്തത് ഒരുപക്ഷെ ദൈവത്തെ മറന്നു ജീവിച്ച അവരുടെ പാപം നിറഞ്ഞ കഴിഞ്ഞകാലജീവിതം ദൈവം ഓർക്കുന്നതു കൊണ്ടായിരിക്കും. എന്നാൽ വിശ്വസ്തതയോടും വിശുദ്ധിയോടും പരമാർത്ഥതയോടും ജീവിക്കുന്ന ഏവരും, ‘ദൈവമേ, ഓർക്കണമേ’ എന്നു നിലവിളിക്കുന്ന മാത്രയിൽത്തന്നെ ദൈവം ഉത്തരമരുളുമെന്ന് ഹിസ്കീയാവിന്റെ ജീവിതം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *