മെസൊപ്പൊത്താമ്യ

മെസൊപ്പൊത്താമ്യ (Mesopotamia)

പേരിനർത്ഥം — നദികൾക്കിടയിൽ

യൂഫ്രട്ടീസ്, ടൈഗ്രീസ് നദികൾക്കിടയിലുള്ള പ്രദേശം. എബ്രായയിൽ അരാം, അരാംനഹറയീം, പദ്ദൻ-അരാം എന്നിങ്ങനെ വിളിക്കുന്നു. ആധുനിക ഇറാക്കാണ് മെസൊപ്പൊത്താമ്യ. അബ്രാഹാമിന്റെ ദാസൻ യിസ്ഹാക്കിനു ഒരു ഭാര്യയെ എടുക്കാൻ വേണ്ടി മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു. (ഉല്പ, 24:10). ഈ സ്ഥലം ഖാബൂർ (Khabur) നദിയുടെ പരിസരത്താണ്. യിസ്രായേൽ മക്കളെ ശപിക്കാനായി മോവാബ് രാജാവായ ബാലാക്കു കൂലിക്കു വിളിച്ചുകൊണ്ടുവന്ന ബിലെയാം മെസൊപ്പൊത്താമ്യയിലെ പെയോർ നിവാസിയാണ്. (ആവ, 23:4; സംഖ്യാ, 22:5). ന്യായാധിപന്മാരുടെ കാലത്ത് യിസ്രായേൽ മക്കളെ ഞെരുക്കിയ കൂശൻ രിശാഥയീം മെസൊപ്പൊത്താമ്യയിലെ രാജാവായിരുന്നു. (ന്യായാ, 3:8, 10). ഇവിടെ മെസൊപ്പൊത്താമ്യ യൂഫ്രട്ടീസിനു കിഴക്കുള്ള പ്രദേശമാണ്. 

അമ്മോന്യ രാജാവായ നാഹാശിന്റെ മരണശേഷം പുത്രനായ ഹാനൂൻ രാജാവായി. നാഹാശ് ദാവീദിനോടു ദയ കാണിച്ചിരുന്നു. അതിനാൽ നാഹാശിന്റെ മരണത്തിൽ ഹാനൂനോടു ആശ്വാസവാക്കു പറയുവാൻ ദാവീദ് ദൂതന്മാരെ അയച്ചു. പ്രഭുക്കന്മാരുടെ വാക്കുകേട്ട് ഹാനൂൻ ദൂതന്മാരെ അപമാനിച്ചു വിട്ടയച്ചു. ദാവീദ് തങ്ങളെ വെറുത്തു എന്നു മനസ്സിലാക്കിയ അമ്മോന്യർ മെസൊപ്പൊത്താമ്യയിൽ നിന്നും മയഖയോടു ചേർന്ന അരാമിൽ നിന്നും സോബയിൽ നിന്നും രഥങ്ങളെയും അശ്വസൈന്യത്തെയും കൂലിക്കു വാങ്ങി. (1ദിന, 19:1-6). കൂലിക്കെടുത്ത പടയാളികളെ മുഴുവനായി അരാമ്യർ എന്നു പറയുന്നു. (1ദിന, 19:12). അരാമ്യരുടെ പൂർവ്വികൻ അരാം ആണ്. (ഉല്പ, 10:22,23; 1ദിന, 1:17). ബെഥൂവേലിനെയും ലാബാനെയും അരാമ്യർ എന്നുവിളിച്ചു. (ഉല്പ, 25:20; 31:20). മോശെ യാക്കോബിനെ “ദേശാന്തരിയായോരു അരാമ്യൻ ” എന്നു പറഞ്ഞു. (ആവ, 26:5). പദ്ദൻ-അരാമിൽ പാർത്തതിനാലാണ് യാക്കോബിനെ ഇപ്രകാരം പറഞ്ഞത്. പദൻ-അരാം ഹാരാനുമായി ബന്ധപ്പെട്ട സ്ഥലമാണ്. (ഉല്പ, 28:10; 29:4). അതിനാൽ പദ്ദൻ-അരാം അരാംനഹരയീമിലാണ്. ഈ പ്രദേശത്തെ പ്രധാന പട്ടണങ്ങൾ ഹാരാനും (ബാലിഖ് നദീതീരത്തു) ഖാബൂർ നദീതീരത്ത ഗോസാനും (2രാജാ, 17:6-ഇന്നത്തെ തേൽ ഹാലാഫ് ) അത്രേ. ബാലിഖ്, ഖാബൂർ എന്നിവ യൂഫ്രട്ടീസിന്റെ പോഷകനദികളാണ്. 

മെസൊപ്പൊത്താമ്യയിലെ യെഹൂദന്മാർ പെന്തെകൊസ്തു നാളിൽ യെരുശലേമിൽ വന്നിട്ടുണ്ടായിരുന്നു. (പ്രവൃ, 2:19). അബ്രാഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ എന്നു സ്തെഫാനൊസ് പറയുന്നിടത്തു മെസൊപ്പൊത്താമ്യ ദക്ഷിണ ഇറാക്കാണ്. (പ്രവൃ, 7:2). ഊർ ദക്ഷിണ മെസൊപ്പൊത്താമ്യയിലാണ്. (ഉല്പ, 11:31). ഊർ ഉൾപ്പെടുന്ന ദക്ഷിണ മെസൊപ്പൊത്താമ്യയെ സുമർ (Sumer) എന്നു വിളിച്ചിരുന്നു. മെസൊപ്പൊത്താമ്യയുടെ മദ്ധ്യഭാഗം അക്കാദ് (പില്ക്കാലത്തു ബാബിലോണിയ) എന്നും ഉത്തരഭാഗം അശ്ശൂർ എന്നും അറിയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *