മുതിർന്നവരെ മാതൃകയാക്കിയ മകൻ

മുതിർന്നവരെ മാതൃകയാക്കിയ മകൻ

മക്കളുടെ വഴിപിഴച്ച ജീവിതത്തെക്കുറിച്ചു പ്രലപിക്കുന്ന മാതാപിതാക്കൾ ഏറെയാണ്. വലിയ പ്രതീക്ഷകളോടെ വളർത്തിക്കൊണ്ടുവരുന്ന തങ്ങളുടെ മക്കൾ വഷളത്തത്തിൽ വീണുപോകുമ്പോൾ ഇന്നത്തെ സാമൂഹ്യസാംസ്കാരിക വ്യവസ്ഥിതികളെയാണ് പല മാതാപിതാക്കളും പഴിചാരുന്നത്. തങ്ങളുടെ കണ്മണികളെ ദുർമ്മാർഗ്ഗത്തിൽനിന്ന് സന്മാർഗ്ഗത്തിലേക്കും ദൈവഭയത്തിലേക്കും കൊണ്ടുവരുവാനായി മാതാപിതാക്കൾ നേർച്ചകാഴ്ചകളും ഉപവാസ പ്രാർത്ഥനകളുമൊക്കെ നടത്താറുണ്ട്. എന്നാൽ മക്കളെ ദൈവസന്നിധിയിലേക്കു തിരിക്കുവാനുള്ള പ്രയത്നം ആരംഭിക്കേണ്ടത് തങ്ങളുടെ മക്കളുടെ കൗമാരത്തിലല്ല, പിന്നെയോ അവരുടെ ശൈശവംമുതൽ ആയിരിക്കണമെന്ന് പൗലൊസ് തന്റെ ആത്മീയ മകനായ തിമൊഥയൊസിനെക്കുറിച്ചുള്ള പരാമർശത്തിലൂടെ വ്യക്തമാക്കുന്നു. അവനിലുള്ള ആത്മാർത്ഥവിശ്വാസം ആദ്യം അവന്റെ വലിയമ്മയായ ലോവീസിലും അവന്റെ അമ്മയായ യുനീക്കയിലും ഉണ്ടായിരുന്നതായി പൗലൊസ് ചുണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണ്. (2തിമൊ, 1:5). എന്തെന്നാൽ, ദൈവസന്നിധിയിൽ ലോവീസിനുണ്ടായിരുന്ന ഭക്തിയും വിശ്വാസവും അവളുടെ മകളായ യുനീക്കയെ ദൈവഭയത്തിലും ഭക്തിയിലും വളർത്തിയെടുക്കുവാൻ മുഖാന്തരമൊരുക്കി. ശൈശവംമുതൽ അവന്റെ അമ്മയിലും വലിയമ്മയിലും വിളങ്ങിയിരുന്ന ദൈവഭയവും ഭക്തിയും തിമൊഥയൊസിനെ ഒരു ദൈവപൈതലാക്കി മാറ്റുവാനും യേശുക്രിസ്തുവിനെ കണ്ടെത്തുവാനും മുഖാന്തരമൊരുക്കി. എന്നാൽ ഇന്ന് മക്കൾക്ക് സമുന്നതമായ ഒരു ഭാവി കെട്ടിപ്പടുക്കുവാനുള്ള വ്യഗ്രതയിൽ സദാസമയം അവർ പഠിച്ചുകൊണ്ടിരിക്കുവാൻ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തുന്നതിനാൽ, ട്യൂഷനുകളും കോച്ചിംഗ് ക്ലാസ്സുകളും ഒന്നൊന്നായി ക്രമീകരിക്കുമ്പോൾ അവർക്ക് ആത്മീയ ശുശ്രൂഷകളിൽ പങ്കെടുക്കുവാനോ അവരിൽ ആത്മീയ അഭിരുചി വളർത്തിയെടുക്കുവാനോ സാധിക്കുന്നില്ല. തദ്ഫലമായി ഇങ്ങനെ വളരുന്ന കുട്ടികൾ ദൈവത്തെ അറിയുവാനോ ആശ്രയിക്കുവാനോ മാതൃകയില്ലാതെ, തരംകിട്ടുമ്പോൾ വഷളത്തത്തിലേക്കു വഴുതിവീഴുന്നു. അപ്പോൾ മക്കളോട് ദൈവത്തെക്കുറിച്ച് പറയുകയും അവർക്കുവേണ്ടി ദൈവസന്നിധിയിൽ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുവാൻ മാതാപിതാക്കൾ തത്രപ്പെടുന്നു. അവരാകട്ടെ ശൈശവംമുതൽ തങ്ങൾ കാണുകയും കേൾക്കുകയും ചെയ്യാത്ത കാര്യങ്ങൾ പൊടുന്നനവേ ഉൾക്കൊള്ളുവാൻ കഴിയാത്തവരായി നാശത്തിന്റെ അഗാധതയിലേക്കു താഴ്ന്നുപോകുന്നു. “ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്കുക; വാർദ്ധക്യത്തിലും അവൻ അതിൽനിന്നു വിട്ടുമാറുകയില്ല.” (സദൃ, 22:6) എന്ന തിരുവചനം പ്രാവർത്തികമാക്കി, ദൈവഭയത്തിലും ഭക്തിയിലും ജീവിക്കുന്ന മാതാപിതാക്കൾക്കു മാത്രമേ ലോവീസിനെയും യുനീക്കയെയുംപോലെ ദൈവസന്നിധിയിൽ ആഹ്ലാദിക്കുവാൻ കഴിയൂ.

Leave a Reply

Your email address will not be published.