മാനസാന്തരം

മാനസാന്തരം (repentance)

“നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.” (2കൊരി, 7:9)

മാനസാന്തരം എന്ന പദത്തിനു മനസ്സിന്റെ മാറ്റം എന്നർത്ഥം . രക്ഷാനുഭവത്തിന്റെ ആദ്യപടിയാണ് മാനസാന്തരം. മാനസാന്തരം എന്ന പദം കേൾക്കുമ്പോൾ ഒരു സാധാരണ വിശ്വാസിയുടെ മനസ്സിൽ തെളിഞ്ഞു വരുന്നത് പാപത്തെക്കുറിച്ചുള്ള ദുഃഖം, പാപത്തെ വിട്ടുതിരിഞ്ഞതായുള്ള മനംമാറ്റത്തിന്റെ വാഗ്ദാനങ്ങൾ, ഒരിക്കലും പാപത്തിൽ വീഴുകയില്ലെന്നുള്ള ഏറ്റുപറച്ചിൽ എന്നിവയാണ്. സ്വന്തം പാപത്തെ ദൈവത്തിന്റെ വിശുദ്ധിയുടെ വെളിച്ചത്തിൽ കാണുകയും പാപത്തിന്റെ നേർക്കുള്ള സ്വന്തം മനോഭാവം മാറ്റുകയും ചെയ്യുന്നതിന്റെ ഫലമാണ് പാപത്തെക്കുറിച്ചുള്ള ദുഃഖം. മാനസാന്തരത്തിനു രണ്ടു ഘടകങ്ങളുണ്ട്: ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥമായുള്ള അറിവും പാപത്തെയോർത്തുള്ള ദുഃഖവും. പരിശുദ്ധനായ ദൈവത്തിൻ്റെ മുഖപ്രകാശത്തിലല്ലാതെ പാപിക്കു തൻ്റെ പാപം വെളിപ്പെടുകയില്ല. ഇയ്യോബ് പറയുന്നു; “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോ, 42:5,6). യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ കാട്ടത്തിമേൽ കയറി ക്രിസ്തുവിനെ കണ്ട ചുങ്കക്കാരിൽ പ്രമാണിയായ സക്കായിയുടെ അവസ്ഥ യഥാർത്ഥ മാനസാന്തരത്തിൻ്റെ മറ്റൊരുദാഹരണമാണ്. (ലൂക്കൊ, 19:1-10). ദുഃഖവും മാനസാന്തരവും ഒന്നല്ല എന്നു 2കൊരിന്ത്യർ 7:10 വ്യക്തമാക്കുന്നു. ദുഃഖം അതിന്റെ പ്രവൃത്തി തികയ്ക്കുമ്പോൾ ഉണ്ടാകുന്ന ഫലമാണ് മാനസാന്തരം. മാനസാന്തരത്തിന്റെ ഫലമാണ് രക്ഷ. ദുഃഖം, മാനസാന്തരം, രക്ഷ എന്നിങ്ങനെ ഒരനുക്രമ വികാസം ഈ പ്രക്രിയയിൽ കാണാം. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മനസ്സിലുണ്ടാകുന്ന പൂർണ്ണമായ പരിവർത്തനവും ഭാവവ്യതിയാനവുമാണ് മാനസാന്തരം. 

പ്രയോഗങ്ങൾ: അനുതപിക്കുക എന്നർത്ഥമുള്ള നാഹം (נָחַם – nacham) എന്ന എബായധാതുവിന്റെ പ്രയോഗം പഴയനിയമത്തിൽ 100-ലേറെ പ്രാവശ്യം ഉണ്ട്. ദൈവത്തിനു മനുഷ്യരോടുള്ള ഇടപെടലിൽ ഉണ്ടാകുന്ന സുചിന്തിതമായ മാറ്റം അതു വിവക്ഷിക്കുന്നു. (1ശമൂ, 15:11, 35; യോനാ, 3:8,9,10). നിഷേധാത്മകമായി അതു തന്റെ പ്രഖ്യാപിത നിർണ്ണയത്തിൽ നിന്നു ദൈവം വ്യതിചലിക്കുന്നതല്ലെന്നതിനെ വ്യക്തമാക്കുന്നു. “യിസായേലിന്റെ മഹത്വമായവൻ ഭോഷ്ക്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല എന്നു പറഞ്ഞു. (1ശമൂ, 15:29. ഒ.നോ: സങ്കീ, 110:4; യിരെ, 4:28). അഞ്ചു സ്ഥാനങ്ങളിൽ ‘നാഹം’ മനുഷ്യന്റെ അനുതാപത്തെക്കുറിക്കുന്നു. ഇയ്യോബ് 42:6; യിരെമ്യാവ് 8:6; 31:19 എന്നിവിടങ്ങളിലെ നാഹം ധാതുവിന്റെ രൂപങ്ങൾ പുതിയനിയമത്തിലെ മാനസാന്തരത്തിന്റെ ആശയം വെളിവാക്കുന്നു; എന്നാൽ മറ്റു ഭാഗങ്ങളിൽ പ്രസ്തുത ആശയം പ്രകടമല്ല. ഈ ആശയം പ്രകടമാക്കുന്ന എബ്രായപ്രയോഗം ഷൂബ് (שׁוּב – shuwb) 1000-ത്തോളം

പ്രാവശ്യമുണ്ട്. അതിന് പിന്തിരിയുക, ദൈവത്തിങ്കലേക്കു തിരിയുക എന്നീ അർത്ഥങ്ങളുണ്ട്. അനുതാപത്തെ തുടർന്ന് മടങ്ങിവരുന്നു അഥവാ യഥാസ്ഥാനപ്പെടുന്നു. യഥാസ്ഥാനപ്പെടുത്തൽ ദൈവത്തിന്റെ കൃപാദാനമാണ്. “ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.” (സങ്കീ, 30:3,7,19. ഒ.നോ: യിരെ, 31:18, 20). അനുതാപത്തിനും മാനസാന്തരത്തിനുമുള്ള പഴയനിയമ ആഹ്വാനത്തിനു മാതൃക യെശയ്യാവ് 55:6,7-ൽ കാണാം: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ. അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” പുതിയനിയമത്തിൽ മെറ്റനോയിയ (μετάνοια – metanoia, നാമം) 24 പ്രാവശ്യവും മെറ്റനൊയെയോ ((μετανοέω – metanoeo, ക്രിയ ) 34 പ്രാവശ്യവും ഉണ്ട്. അപൂർവ്വമായി മെറ്റലൊമായി (μεταμέλλομαι – metamellomai) എന്ന പദവും 6 പ്രാവശ്യമുണ്ട്. പശ്ചാത്തപിക്കുക, അനുതപിക്കുക എന്നീ അർത്ഥങ്ങളിലാണ് മെറ്റമെലാമായി പ്രയോഗിച്ചിരിക്കുന്നത്. തിരിയുക എന്നയർത്ഥത്തിൽ എപിസ്ട്രെഫൊ (ἐπιστρέφω – epistrepho) 39 പ്രാവശ്യമുണ്ട്. മാനസാന്തരം (മെറ്റനൊയിയ) തിരിയുക (എപിസ്ട്രെഫൊ) എന്നിവയെ വ്യക്തമായി വിവേചിച്ചിട്ടുണ്ട്. “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞു കൊൾവിൻ.” (പ്രവൃ, 3:19). “ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.” (പ്രവൃ, 26:20). അതുപോലെ തന്നെ മാനസാന്തരവും വിശ്വാസവും വിഭിന്നങ്ങളാണ്: “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 20:21). 

മാനസാന്തരത്തിന്റെ പ്രാധാന്യം: പഴയനിയമ പ്രവാചകന്മാരും ന്യായപ്രമാണവും മാനസാന്തരസന്ദേശം നൽകി: “നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ടു ഈ ന്യായപ്രമാണ പുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മയ്ക്കായിട്ടു വീണ്ടും പ്രസാദിക്കും.” (ആവ, 30:10). “അതുകൊണ്ടു യിസ്രായേൽ ഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തരും അവനവന്റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു: അകൃത്യം നിങ്ങൾക്കു നാശകരമായി ഭാവിക്കാതെയിരിക്കേണ്ടതിന്നു നിങ്ങൾ മനംതിരിഞ്ഞു നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിൻ.” (യെഹെ, 18:30. ഒ.നോ: 2രാജാ, 17:13; യിരെ, 8:6; യെഹ, 14:6; 18:30).

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചു. (മത്താ, 3:2; മർക്കൊ, 1:15).

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്ന ആഹ്വാനത്തോടെ യേശു പരസ്യശുശ്രൂഷ ആരംഭിച്ചു. (മത്താ, 4:17). 

യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരും പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു. (മർക്കൊ, 6:12; പ്രവൃ, 2:38; 3:19; 8:22;13:24; 17:30; 20:21; 26:20). 

അവന്റെ (ക്രിസ്തുവിന്റെ) നാമത്തിൽ മാനസാന്തരവും പാപമോചനവും യെരുശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കണമെന്നു പുനരുത്ഥാനാനന്തരം ക്രിസ്തു ശിഷ്യന്മാർക്കു നിയോഗം നൽകി. (ലൂക്കൊ, 24:47). 

നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നു പതാസ് അപ്പൊസ്തലൻ പെന്തക്കോസ്തിനുശേഷം പ്രസംഗിച്ചു. (പ്രവൃ, 2:38).

അറിവില്ലായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്നു ദൈവം കല്പിക്കുന്നതായി പൗലൊസ് പറഞ്ഞു. (പ്രവൃ, 17:30).

പൗലൊസ് അപ്പൊസ്തലൻ ആദ്യം ദമസ്ക്കൊസിലും യെരൂശലേമിലും യെഹൂദ്യദേശക്കും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട ദൈവത്തിങ്കലേക്ക് തിരിഞ്ഞു മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യണം എന്നു പ്രസംഗിച്ചു. (പ്രവൃ, 26:20). 

മാനസാന്തരം ദൈവഹിതവും ദൈവികവെളിപ്പാടുമാണ്. “ആരും നശിച്ചുപോകാത എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നത യുള്ളൂ.” (2പത്രൊ, 2:8, 10). 

രക്ഷയിൽ പ്രധാനസ്ഥാനം മാനസാന്തരത്തിനാണ്. മാനസാന്തരം കൂടാതെ രക്ഷയില്ല. “അല്ലല്ല മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും.” (ലൂക്കൊ, 13:3). 

മാനസാന്തരം എന്താണ്?: മനസ്സിനെയും ചിന്തയെയും ഇച്ഛാശക്തിയെയും ബാധിക്കുന്ന ഒന്നാണ് മാനസാന്തരം. പാപത്തെ ഓർത്ത് ദുഃഖിക്കുകയും പാപത്തെ വിട്ടൊഴിഞ്ഞു ദൈവത്തിങ്കലേക്കു തിരികയുമാണ് മാനസാന്തരത്തിന്റെ പ്രധാന അംശങ്ങൾ. 1. മാനസാന്തരം ബുദ്ധിയെ സ്പർശിക്കുന്നു: “എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു : മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേലചെയ്തു എന്നു പറഞ്ഞു . എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി. രണ്ടാമത്തവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെതന്നെ പറഞ്ഞപ്പോൾ ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും.” (മത്താ, 21:28-30). ഇവിടെ അനുതാപത്തിനു ഉപയോഗിച്ചിരിക്കുന്ന മൂലപദത്തിന്റെ അർത്ഥം ചിന്തമാറ്റുക എന്നത്രേ. പാപം, ദൈവം, സ്വയം എന്നിവയെ സംബന്ധിച്ചുള്ള വീക്ഷണത്തിലെ മാറ്റമാണിത്. പാപത്തെ വ്യക്തിപരമായ കുറ്റമായും ദൈവം നീതി ആവശ്യപ്പെടുന്നതായും സ്വയത്തെ മലിനവും നിസ്സഹായവും ആയും തിരിച്ചറിയുന്നു. ഇതിനെ പാപത്തിന്റെ പരിജ്ഞാനം എന്നു തിരുവെഴുത്തുകളിൽ പറയുന്നു. (റോമ, 3:20; ഇയ്യോ, 42:5; സങ്കീ, 51:3; ലൂക്കൊ, 15:17; റോമ, 1:32.  

മാനസാന്തരം വികാരത്തെ സ്പർശിക്കുന്നു: പാപത്തോടുള്ള വെറുപ്പും; പാപത്തെക്കുറിച്ചുള്ള ദുഃഖവും ഉളവാകുന്നു. പാപത്തോടുള്ള വെറുപ്പ്: “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിൻ; അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു. (സങ്കീ, 97:10). അനുതപിക്കുന്ന പാപി പാപത്തെ വെറുക്കുകയും താൻ അനുതപിക്കുന്ന പാപപ്രവൃത്തികളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. മാനസാന്തരത്തിന്റെ ഒരു പ്രധാന ഘടകമാണ് പാപത്തോടുള്ള വെറുപ്പ്. പാപത്തോടുള്ള വീക്ഷണത്തിൽ മനസ്സുമാറ്റത്തിന് വിധേയമാവുന്നു. പാപത്തെ ഓർത്തുളള ദുഃഖം: കൊരിന്ത്യർ 2 7:7 അവന്റെ വരവിനാൽ മാത്രമല്ല, അവന്നു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോടു അറിയിച്ചതിനാൽ തന്നേ. അതുകൊണ്ടു ഞാൻ അധികമായി സന്തോഷിച്ചു. “ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാൻ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയനേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ടു മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചതു.” (2കൊരി, 7:8-10). പാപത്തിന്റെ നേർക്കുള്ള വെറുപ്പും ദുഃഖവും പരസ്പരപൂരകങ്ങളാണ്. ഇവയിൽ ഒന്നിന്റെ അഭാവത്തിൽ മറ്റേതില്ല. ഒരു വ്യക്തി ഏതു പാപത്തെ ഓർത്തു ദുഃഖിക്കുന്നുവോ ആ പാപത്തിന്റെ ഫലത്തെ ഓർത്തുള്ള ദുഃഖമാണ് അനുതാപം. പാപത്തെത്തന്നെ നിരാകരിക്കുന്നതാണ് മാനസാന്തരം. 

മാനസാന്തരം ഇച്ഛാശക്തിയെ സ്പർശിക്കുന്നു: പാപത്തെ സംബന്ധിച്ചും, ദൈവഹിതത്തെ സംബന്ധിച്ചും ഒരു പുതിയ നിർണ്ണയം (ഇച്ഛ) മാനസാന്തരത്തിൽ സംഭവിക്കുന്നു. “ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ മകൻ എന്ന പേരിന് ഞാൻ യോഗ്യനല്ല. നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തുനിന്നു തന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്ത് കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” (ലൂക്കൊ, 15:18-20).  

മാനസാന്തരത്തിന്റെ ബാഹ്യ ലക്ഷണങ്ങൾ: പാപം ഏറ്റുപറയുന്നു: ദൈവത്തോട്; “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു. എന്റെ അകൃത്യം മറച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.” (സങ്കീ, 32:5). “ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു, എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു). (സങ്കീ, 38:18). “മകൻ അവനോടു: അപ്പാ ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.” (ലൂക്കൊ, 15:21). എല്ലാ പാപവും ദൈവത്തിന്നെതിരെയാണ് ചെയ്യുന്നത്. ദൈവഹിതത്തെയും ദൈവത്തിന്റെ കല്പനകളെയും ലംഘിക്കുകയാണ് പാപം. മനുഷ്യനോട്: നമ്മുടെ പാപം മനുഷ്യനെയും വ്രണപ്പെടുത്തുന്നതാണ്. അതിനാൽ മനുഷ്യനോടും പാപം ഏറ്റുപറയേണ്ടതു ആവശ്യമാണ്. “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (യാക്കോ, 5:16). “ആകയാൽ നിന്റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മ വന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക. പിന്നെ വന്നു നിന്റെ വഴിപാട് കഴിക്ക.” (മത്താ, 5:23,24). മനുഷ്യർ തമ്മിലും നിരപ്പു പ്രാപിക്കേണ്ടതാവശ്യമാണ്. വ്യക്തിയോടു ചെയ്യുന്ന തെറ്റ് ദൈവത്തോടു ഏറ്റുപറയുമ്പോൾ പാപക്ഷമ ലഭിക്കും. എന്നാൽ ആ വ്യക്തിയോടു നിരന്നു കഴിഞ്ഞാൽ മാത്രമേ അതിന്റെ ഭൗതികഫലത്തിൽ നിന്നു മോചനം ലഭിക്കുകയുള്ളൂ. പാപം ഉപേക്ഷിക്കുന്നു: “തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.” (സദൃ, 28:13). “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” (യെശ, 55:7).

മാനസാന്തരത്തിനുളള മാർഗ്ഗം: മാനസാന്തരം ദൈവദത്തമാണ്. ഒരു വ്യക്തിക്ക് സ്വയമായി മാനസാന്തരം ഹൃദയത്തിൽ ഉളവാക്കാൻ സാദ്ധ്യമല്ല. മാനസാന്തരം ദൈവത്തിന്റെ കൃപാദാനമാണ്. ദൈവാത്മാവ് മനുഷ്യാത്മാവിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് മനുഷ്യാത്മാവ് മാറ്റത്തിനായി ഒരുങ്ങുന്നത്. ദൈവമാണ് മാനസാന്തരം നൽകുന്നത്.”അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു, അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നൽകിയല്ലോ എന്നുപറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.” (പ്രവൃ, 11:18). 

ദൈവവചനശ്രവണത്തിലൂടെ: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ. ഇതുകേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. പത്രൊസ് അവരോടു നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്ഥാനം ഏല്പിൻ. എന്നാൽ പരിശുദ്ധാത്മാവ് എന്നദാനം ലഭിക്കും. അവന്റെ വാക്ക് കൈക്കൊണ്ടവർ സ്ഥാനം ഏറ്റു.” (പ്രവൃ, 2:36-38, 41). മാനസാന്തരത്തിന് ആഹ്വാനം ചെയ്യുന്ന സുവിശേഷം വ്യക്തിയിൽ മാനസാന്തരം ഉളവാക്കുന്നു. നീനെവേയിലെ ജനങ്ങൾ യോനാ പ്രസംഗിച്ച ദൈവവചനം കേട്ടു മാനസാന്തരപ്പെട്ടതോർക്കുക. (യോനാ, 3:5-10). വ്യക്തിയുടെ മാനസാന്തരത്തിന്നായി ദൈവം ഉപയോഗിക്കുന്ന ഉപകരണമാണ് സുവിശേഷം. സുവിശേഷം പ്രസംഗിക്കേണ്ടത് പരിശുദ്ധാത്മശക്തിയിലാണ്. (1തെസ്സ, 1:5, 9). 

ദൈവത്തിന്റെ നന്മ, ദയ, ക്ഷമ എന്നിവയിലൂടെ: “അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?” (റോമ, 2:4). ദൈവം ദയാലുവായി എല്ലാവർക്കും നന്മ ചെയ്യുന്നത് അവരെ പാപത്തിൽ നിന്നും പിന്തിരിപ്പിച്ച് നീതിയിലേക്കു നടത്തുന്നതിനാണ്. (ലൂക്കൊ, 6:35; എഫെ, 4:32; 1പത്രൊ, 2:3). 

ശാസനയിലൂടെയും ശിക്ഷയിലൂടെയും: “എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.” (വെളി, 3:19. ഒ.നോ: എബ്രാ, 12:6, 10,11). 

ദൈവത്തിന്റെ പരിശുദ്ധിയുടെ സാക്ഷാൽക്കാരത്തിലൂടെ: ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ബോധം ലഭിക്കുമ്പോൾ പാപത്തെക്കുറിച്ചു ബോധം വരികയും അനുതപിക്കയും ചെയ്യും. “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളൂ. ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. ആകയാൽ ഞാൻ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോ, 42:5,6). “അപ്പോൾ ഞാൻ; എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു. ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളാരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.” (യെശ, 6:35).  

മാനസാന്തരത്തിന്റെ ഫലങ്ങൾ: സ്വർഗ്ഗത്തിൽ സന്തോഷം; “അങ്ങനെ തന്നെ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊൻപതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കൊ, 15:7, 10). പാപക്ഷമ ലഭിക്കുന്നു: “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.” (യെശ, 55:7). പരിശുദ്ധാത്മാവു ലഭിക്കുന്നു: “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). 

യഥാർത്ഥ വിശ്വാസമാണ് മാനസാന്തരത്തിന്റെ അടിസ്ഥാനം. വിശ്വാസത്തോടൊപ്പം മാനസാന്തരം സംഭവിക്കുന്നു. പാപം ചെയ്തശേഷം അതിനെക്കുറിച്ചുള്ള മനസ്സാക്ഷിക്കുത്തു മൂലം ഹൃദയത്തിലുണ്ടാകുന്ന ദുഃഖമാണ് അനുതാപം അഥവാ പശ്ചാത്താപം. സകല മനുഷ്യർക്കും പൊതുവേ അനുഭവപ്പെടുന്നതാണിത്. രക്ഷയ്ക്കായുള്ള അനുതാപം സുവിശേഷം കേൾക്കുന്നതിലൂടെയാണ് ലഭിക്കുന്നത്. അനുതാപത്തോടുകൂടെ യേശുവിലുള്ള വിശ്വാസത്തിൽ പാപം വിട്ടൊഴിഞ്ഞു ജീവിക്കാനുള്ള ആഗ്രഹത്തോടുകുടെ ദൈവത്തിങ്കലേക്കു തിരിയുന്ന തിരിവാണ് മാനസാന്തരം. “എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (സെഖ, 1:3). സകല ഭൂസീമാവാസികളുമായുളേളാരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ?” (യെശ, 45:22). വിശ്വാസിയും മാനസാന്തരപ്പെടേണ്ടതാണ്: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സുപുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമ, 12:2). “ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്. ദൈവഹിത്രപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷക്കായി ഉളവാക്കുന്നു; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.” (2കൊരി, 7:9,10). അവിശ്വസ്തസഭകളും മാനസാന്തരപ്പെടേണ്ടതാണ്: “നീ ഏതിൽ നിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽ നിന്നു നീക്കുകയും ചെയ്യും.” (വെളി, 2:5).

Leave a Reply

Your email address will not be published. Required fields are marked *