മനുഷ്യരെക്കാളധികം ദൈവത്തെ അനുസരിക്കുന്നവർ

മനുഷ്യരെക്കാളധികം ദൈവത്തെ അനുസരിക്കുന്നവർ

മനുഷ്യരെ അനുസരിക്കുന്നില്ലെങ്കിൽ മരണമാണ് മുമ്പിലുള്ളതെന്ന ഭീഷണി മുഴങ്ങുമ്പോഴും അതിനെ അവഗണിച്ച്, തങ്ങളെ വിളിച്ച അത്യുന്നതനായ ദൈവത്തെ മാത്രമേ അനുസരിക്കുകയുള്ളുവെന്ന് സ്വന്തം ജീവൻ പണയംവച്ചുകൊണ്ടു പ്രഖ്യാപിക്കുന്ന സാധാരണക്കാരായ അനേകരെ തിരുവചനത്തിൽ കാണുവാൻ കഴിയും. അങ്ങനെയുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ദൈവം തന്റെ ദൗത്യത്തിനായി ഉപയോഗിച്ച് മഹത്ത്വമുള്ള അസാധാരണക്കാരായി തീർക്കുന്നതെന്ന് തിരുവചനത്തിലെ അസംഖ്യങ്ങളായ സംഭവങ്ങൾ തെളിയിക്കുന്നു. സുന്ദരം എന്ന ദൈവാലയഗോപുരത്തിലിരുന്നു ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന മുടന്തനായ മനുഷ്യനെ പത്രൊസ് സൗഖ്യമാക്കിയതിനെത്തുടർന്ന്, ശലോമോന്റേത് എന്നു പേരുള്ള ദൈവാലയമണ്ഡപത്തിൽ പത്രൊസിന്റെയും യോഹന്നാന്റെയും ചുറ്റും ജനം ഓടിക്കൂടി. അതറിഞ്ഞ് പുരോഹിതന്മാരും സദൂക്യരും പടനായകനും അവരെ പിടിച്ച് തടവിലാക്കി. അടുത്തദിവസം കയ്യഫാവും മറ്റു മഹാപുരോഹിതന്മാരും പ്രമാണികളും ശാസ്ത്രിമാരും മൂപ്പന്മാരും അടങ്ങുന്ന സന്നിദ്രിസംഘം അവരെ വിചാരണ ചെയ്തു. ഇതേ സന്നിദിസംഘമായിരുന്നു ജനവികാരം ഇളക്കിവിട്ട് യേശുവിനെ ക്രൂശിക്കുവാൻ പീലാത്തോസിന്റെ മേൽ സമ്മർദ്ദം ചെലുത്തിയത്. “എന്ത് അധികാരത്തിൽ അഥവാ ഏതു നാമത്തിൽ നിങ്ങൾ ഇതു ചെയ്തു?” (പ്രവൃ, 4:7) എന്നുള്ള സന്നിദ്രിസംഘത്തിന്റെ ചോദ്യത്തിന് പത്രൊസിൽനിന്ന്, “നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽത്തന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു എന്ന് നിങ്ങൾ എല്ലാവരും, യിസ്രായേൽ ജനമൊക്കെയും അറിഞ്ഞുകൊള്ളുവിൻ” (പ്രവൃ, 4:10) എന്ന പരിശുദ്ധാത്മനിറവിലുള്ള മറുപടിയാണ് അവർക്കു ലഭിച്ചത്. അത് അവരെ അമ്പരപ്പിച്ചു. കയ്യഫാവിന്റെ അരമനയിൽവച്ച് യേശുവിനെ അറിയുകയില്ല എന്ന് മൂന്നു പ്രാവശ്യം തള്ളിപ്പറയുകയും പ്രാകുകയും ആണയിടുകയും ചെയ്ത പത്രൊസിന്റെ ഈ ശക്തമായി പ്രഖ്യാപനത്തെ നിഷേധിക്കുവാൻ അവർക്കു കഴിവുണ്ടായിരുന്നില്ല. കാരണം അമ്മയുടെ ഗർഭാശയംമുതൽ മുടന്തനും 40 വയസ്സുള്ളവനും, പത്രൊസ് സൗഖ്യമാക്കിയവനുമായ ആ മനുഷ്യനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിക്കുവാനായി ദിനംപ്രതി ഇരുത്തിയിരുന്നതിനാൽ, (പ്രവൃ, 3:2) അവൻ എല്ലാവർക്കും സുപരിചിതനായിരുന്നു. അവന്റെ സൗഖ്യത്തെ ആർക്കും നിഷേധിക്കുവാൻ കഴിയാത്തതുകൊണ്ട് യേശുവിന്റെ നാമത്തിൽ യാതൊന്നും സംസാരിക്കരുത്; ഉപദേശിക്കുകയുമരുത് (പ്രവൃ, 4:18) എന്ന് അവരെ താക്കീതു ചെയ്തു. യെഹൂദാസഭയുടെയും സമൂഹത്തിന്റെയും സമുന്നത സമിതിയായ സന്നിദ്രിസംഘത്തിന്റെ കല്പന ലംഘിച്ചാൽ അവരുടെ ജീവൻ അപകടത്തിലാകുമെന്ന് പത്രൊസിനും യോഹന്നാനും അറിയാമായിരുന്നു. എന്നാൽ അവർ ദൈവത്തെക്കാളധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിക്കുവിൻ എന്നു പറഞ്ഞുകൊണ്ട്, “ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്ന കാര്യങ്ങൾ പ്രസ്താവിക്കാതിരിക്കുവാൻ കഴിയുന്നതല്ല” എന്നു യാതൊരു ഭയവും കൂടാതെ നടത്തിയ പ്രഖ്യാപനമാണ് അന്നുമുതൽ യേശു അവരെ അത്യധികമായി ഉപയോഗിക്കുവാൻ മുഖാന്തരമൊരുക്കിയത്. യേശുവിന്റെ വിളികേട്ടിറങ്ങിത്തിരിക്കുന്നരെ തന്റെ അത്ഭുതങ്ങളാലും അടയാളങ്ങളാലും യേശു ഉപയോഗിക്കുവാൻ തുടങ്ങുമ്പോൾ, ഇതുപോലെയുള്ള ഭീഷണികൾ അവർക്ക് എപ്പോഴും അഭിമുഖീകരിക്കേണ്ടിവരും. പത്രൊസിനെയും യോഹന്നാനെയും പോലെ പരിശുദ്ധാത്മനിറവിൽ, ധൈര്യത്തോടെ, ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ? എന്നു ചോദിച്ചുകൊണ്ട്, ലാഭമായതിനെ ചേതമെന്നെണ്ണി, മുമ്പോട്ടു വരുന്നവരെ മാത്രമേ യേശുവിനു കൂടുതലായി ഉപയോഗിക്കുവാൻ സാദ്ധ്യമാകൂ.

Leave a Reply

Your email address will not be published.